Translate

Wednesday, February 13, 2019

രണ്ടു പുരോഹിതർ - Joseph Tj

ഞാൻ, രണ്ടു പുരോഹിതരെ, ഇവിടെ രേഖപ്പെടുത്തുന്നു.
പുരോഹിതരിലും മനുഷ്യരുണ്ടെന്ന എന്റെ ബോധ്യത്തിന് അടിവരയിട്ട്, പലപ്പോഴും, പുരോഹിത ഗർവിനും, വ്യാപകമായി കേൾക്കുന്ന ക്ലെറിക്കലിസത്തിനുമെതിരെ, കലാപക്കൊടി മനസ്സിനുള്ളിൽ ഉയരുമ്പോൾ, ഞാനിവരെ അനുസ്മരിക്കും.
2007 ആഗസ്റ്റ് മാസം എന്റെ സഹോദരി നിര്യാതയായി. മരണസമയത്ത് ഞാനുണ്ടായിരുന്നില്ല. പിറ്റെ ദിവസം രാവിലെ 11.00 മണിക്കാണ് സംസ്കാര ശുശ്രൂഷ.അമ്മ മരിച്ചിട്ട്, ഒരു വർഷമേആയിട്ടുള്ളു.അമ്മയെ അടക്കിയ കല്ലറയിൽ പെങ്ങളേയും അടക്കാൻ തീരുമാനമായി.
രാവിലെ ഞാൻ ചെന്ന് കല്ലറയുടെ കാര്യത്തിന് അച്ചനെ കണ്ടു;പരിചയപ്പെട്ടു. അമച്വർ കുഴിവെട്ടുകാരനേയുള്ളൂ പള്ളിക്ക്, അയാളാവട്ടെ വേളാങ്കണ്ണിക്കു പോയിരിക്കുന്നു. എന്റെ ബാല്യകാല സുഹൃത്തുക്കളാണ് കൈക്കാരൻ, കപ്യാർ ഇവരൊക്കെ, അച്ചൻ അവരോടു പറഞ്ഞു "നിങ്ങൾ തുടങ്ങിക്കോ, ഞങ്ങളിപ്പം വന്നേക്കാം." തുടർന്ന് എന്നോടായി, "രാവിലെ ഒന്നും കഴിച്ചു കാണില്ലല്ലോ, ഒരേത്തപ്പഴം പുഴുങ്ങിയതും കടും കാപ്പിയും, ചേട്ടനിവിടിരുന്ന് കഴിക്ക്, ഞാനൊന്ന് കല്ലറയ്ക്കരികെ പോയിട്ടു വന്നേക്കാം."
ഇതും പറഞ്ഞ് അദ്ദേഹമിറങ്ങിപ്പോയി. കട്ടനും കുടിച്ച് കല്ലറയ്ക്കടുത്തു ചെല്ലുമ്പോൾ, ഞാൻ കാണുന്നത്, ജോസിനോടൊപ്പം കമ്പിപ്പാരയെടുത്ത്കല്ലറ സ്ലാബെടുത്തു
മാറ്റുന്ന അച്ചനെയാണ്.തുടർന്ന്, അച്ചനുൾപ്പടെ, ഞങ്ങൾ, മററാരേയും വിളിച്ചു വരുത്താതെ തന്നെ ഒരൊന്നര മണിക്കൂർ അദ്ധ്വാനിച്ച്, കുഴിയിലെ മണ്ണു നീക്കം ചെയ്ത്, കുറെ അകലെ കിടന്നിരുന്ന പുതിയ മണൽ കല്ലറയ്ക്കടുത്തു കൊണ്ടു വന്നിട്ട്, കല്ലറ സജ്ജമാക്കി.
ഒരു കാര്യമോർക്കേണ്ടത്,അവിടങ്ങളിലൊക്കെ ആറടി താഴ്ച എന്നു പറഞ്ഞാൽ ആറടി തന്നെയാണ്. അത്രയും ബുദ്ധിമുട്ടിയതിന്റെ നീരസമല്ല പ്രത്യുത അദ്ധ്വാനം പങ്കുവയ്ക്കാൻ തനിയ്ക്കൊരവസരം കിട്ടിയതിന്റെ സന്തോഷമേ, ആ ചെറുപ്പക്കാരൻ വൈദികനിലുണ്ടായിരുന്നുള്ളു. അച്ചനെ സംബന്ധിച്ച് ഇതൊക്കെ സ്ഥിരമേർപ്പാടാണെന്നാണ്, ജോസ് പിന്നീടെന്നോടു പറഞ്ഞത്. അവരുടെ മുത്താണത്രേ ആ അച്ചൻ. പിന്നീട് രണ്ടു വട്ടം മാത്രം കണ്ട അദേഹമെനിയ്ക്കൊരപരിചിതനായി ഇപ്പോഴും തുടരുന്നു എന്റെയാണ് പിഴ!
(2)
ഒരു ദിവസം കാലത്ത്, ഒരുൾവിളിയാലെന്ന വണ്ണം ഇന്നൊന്നു പള്ളീൽ പോയേക്കാമെന്നു വിചാരിച്ചു.
വികാരിയച്ചനും കപ്യാരും വേദപാഠാധ്യാപകരുമായി ടൂറു പോയതിനാൽ, കുർബാനവേറൊരച്ചൻ, - നമ്മുടെ പരിചയക്കാരൻ- ആണ് ചൊല്ലിയത്. കുർബാനകഴിഞ്ഞ്, പുറത്തിറങ്ങി, രണ്ടു മൂന്നടുപ്പക്കാരുമായി കുറച്ചു കുശുമ്പും പരദൂഷണവും(അതില്ലെങ്കിൽ, പിന്നെന്തിനു രാവിലെ മഞ്ഞുകൊള്ളണം ?) പറഞ്ഞു പിരിയാൻനേരത്ത്, ളോഹരഹിതനായി അച്ചൻ മുന്നിൽ,  എങ്ങോട്ടോ യാത്രയുണ്ട്, 8.30 ന്ഏതോ ട്രെയിൻ പിടിക്കണം, കാപ്പി കുടിക്കുന്നില്ല. സ്കൂട്ടറിൽ, സ്റ്റേഷനിൽ ഒന്നാക്കിത്തരാമല്ലോ, എന്നോട് ഇത്രയും പറഞ്ഞു നിൽക്കുന്ന നേരം കൊണ്ട്, ഒരു പൊതു സുഹൃത്ത് കാറുമായി വരുന്നു. ഇടവകക്കാരിൽ ഒരാൾ, ഏതു നിമിഷവും മരിക്കാമെന്ന അവസ്ഥയിൽ, വൈദികനും വൈദികശുശ്രൂഷയും ലഭ്യമല്ലാത്ത ഒരു സൂപ്പർ സ്പെഷ്യാൽററിയിൽ കിടക്കുന്നു. ഉറപ്പായും അന്ത്യം നിശ്ചയം. രോഗീലേപനമുൾപ്പടെ എല്ലാം കൊടുക്കണം. ളോഹ, ഊറാല, പിന്നെ കപ്യാരുടെ അഭാവത്തിൽ അയാളുടെ എമർജൻസി കിറ്റ് ......എല്ലാം ശരിയാക്കാനെടുത്തത് രണ്ടു മിനിട്ട്. ഞങ്ങൾ ആശുപത്രിയിൽ എത്തി, രോഗിയുടെ നില അത്യന്തം ഗുരുതരമാണ്.lCU വിൽ നിന്ന് മരണാസന്നരുടെ മുറിയിലേക്ക് ("അറിയിക്കേണ്ടവരെ ഒക്കെ അറിയിച്ചോളൂ,...") ആളെ മാറ്റിയിരിക്കുന്നു. കണ്ണുകൾ ഉൾപ്പടെ മുഖമൊന്നടങ്കം മിക്കവാറുമൊക്കെ മൂടിക്കെട്ടിയിട്ടുണ്ട്. കർട്ടൻ കൊണ്ടു മറച്ച അടുത്ത ബെഢിലുമുണ്ട്, ഒരു മരണാസന്നൻ, കരഞ്ഞു കലങ്ങിയ കണ്ണുകളോടെ, അയാളുടെ ഭാര്യ മാത്രമുണ്ട്, അരികിൽ.
അവരുടെ സഹോദരൻ, എന്തു ചെയ്യേണ്ടൂ എന്നറിയാതെ പുറത്തെ വരാന്തയിലുമുണ്ട്. ഞങ്ങളുടെ 'സ്വന്തം' രോഗിക്ക് ആത്മത്തിനു വേണ്ടതെല്ലാം കൊടുത്ത് ഞങ്ങൾ പുറത്തിറങ്ങി, അയാളോട് വിവരങ്ങൾ അന്വേഷിച്ചു. എറണാകുളത്ത് ബന്ധുക്കളായി ആരും തന്നെയില്ല. രോഗിയുടെ മക്കൾ രണ്ടു പേരുള്ളത്, ബാംഗ്ലൂരിലും ചെന്നൈയിലുമായി പനത്തിലാണ്. ഇന്നു രണ്ടു പേരുമെത്തും. പെങ്ങൾക്ക് കടുത്ത ആസ്മാ രോഗവുമുണ്ട്. നാലു ദിവസമായി ഡോക്ടർമാർ അദ്ദേഹത്തെ കൈയൊഴിഞ്ഞിരിക്കുന്നു, പക്ഷേ.... 
ഞങ്ങൾ അയാളോട് യാത്ര പറഞ്ഞ്, ഞങ്ങളുടെ രോഗിയുടെ, അവസ്ഥയെക്കുറിച്ച് ചിന്തിച്ചു കൊണ്ട് വരാന്തയിലൂടെ തിരിച്ചു നടന്നു. പിന്നിൽ നടന്ന എന്റെ കൈയിൽ ആരോ വന്നു പിടിച്ചു, ഞാൻ നോക്കിയപ്പോൾ, അയാളാണ്, രണ്ടാമത്തെ രോഗിയുടെ അളിയൻ. അയാൾ ഒട്ടൊരു ശങ്കയോടെ എന്നോടിങ്ങനെ പറഞ്ഞു '' പെങ്ങൾ ചോദിക്കുന്നു, ആ അച്ചനോടൊരു ഉപകാരം ചെയ്യാമോന്ന് ചോദിക്കാമോ എന്ന്" ഞാനതിശയിച്ചു പോയി. കാര്യം തിരക്കിയപ്പോൾ, വളരെ ലളിതമായ ഒരാവശ്യം. അവർ, കത്തോലിക്കരാണ്,
ഇന്ന രൂപതക്കാരാണ്. പക്ഷേ തെളിവൊന്നുമില്ല. ആവശ്യം മരിയ്‌ക്കാറായ ആ പാവം മനുഷ്യന് കുർബാനയും രോഗീലേപനവുംകൊടുക്കാൻ, കൂടെയുള്ള അച്ചനോടൊന്നു പറയാമോ! 
എന്നെ കാണാത്തതുകൊണ്ട്, മുൻപൻമാർ രണ്ടും തിരിച്ചു വന്നു. ഞാൻ അച്ചനോടീക്കാര്യം പറഞ്ഞു. വളരെ പെട്ടെന്നു തന്നെ, ഞങ്ങൾ രണ്ടു കപ്യാർമാരുടേയും ഒരു ഡ്യൂട്ടി നഴ്സിന്റെയും സഹായത്തോടു കൂടി, അച്ചൻവേണ്ടതു ചെയ്തു. ആ സ്ത്രീക്ക് വിശ്വസിക്കാൻ പറ്റിയില്ല ഇങ്ങനെയൊന്നു നടക്കുമെന്ന്.
അച്ചനൊരച്ചൻ തന്നെയോ എന്ന സംശയമവർക്കുണ്ടായോ എന്നു പോലും എനിക്കു തോന്നി. ആ പാവം സ്ത്രീ ധരിച്ചിരുന്നത് ഒന്നാമത് രൂപത മാറിയാൽ കത്തോലിക്കാ identity നഷ്ടപ്പെടുമെന്നും അച്ചൻ ആത്മ സ്ഥിതി രജിസ്ട്രർ വല്ലതും ചോദിച്ചേക്കുമോ എന്നും രണ്ടാമത്, ഒരു ധ്യാനഗുരു പേടിപ്പിച്ചതിൻ പ്രകാരം എന്തോ മാരക പാപത്തിന്റെ ഫലമായാണ് കെട്ട്യോനീ മാരക ദീനം പിടിപെട്ടതെന്നും, ആ മാരകത്തിൽ അബോധാവസ്ഥയിൽ കിടക്കുന്ന അയാൾക്ക്, last unction ഉൾപ്പടെയുള്ളകൂദാശകൾ തലക്ക് സ്ഥിരതയുള്ള ഒരച്ചനും കൊടുക്കില്ലഎന്നുമായിരുന്നു. അവരച്ചന് അവരുടെ മനസ്സിന് ആശ്വാസം പകർന്നതിന്ഒരുപാടു നന്ദി പറഞ്ഞെങ്കിലും, ഭർത്താവിന്റെ മോക്ഷപ്രാപ്തിയെ സംബന്ധിച്ച് (ധ്യാനഗുരുവിന്റെ മാരകത്തിന്റെ കാര്യത്തിൽ )അവർ വലിയ ബന്ധനത്തിലായിരുന്നു. ഒരു പത്തു മിനിറ്റുകൂടി അവരോടൊപ്പമിരുന്ന് അച്ചൻ അതുമഴിച്ചെടുത്തപ്പോൾ, കണ്ണുനീർ തുടച്ച് അവരുടെ മുഖം പ്രസാദവത്തായി തീർന്നു. തിരികെപ്പോരുമ്പോൾ, രോഗീലേപനവും, സാധിക്കുമെങ്കിൽ കുർബാനയും, മരിയ്ക്കാറായ ഒരപരിചിതന്, അയാൾ വിശ്വാസിയാണെന്ന് തോന്നുന്ന പക്ഷം കൊടുക്കുന്നതിൽ, കാനൻ നിയമ തടസ്സം വല്ലതുമുണ്ടോ എന്നാരാഞ്ഞു. അച്ചൻ പറഞ്ഞത് അവ ലഭിക്കുക എന്നത് വിശ്വാസിയുടെ അവകാശമാണ്, പിന്നെ താൻ, റവ.ഡോ. ഒന്നുമല്ലാത്ത സ്ഥിതിക്ക്, ഇനി വല്ല തടസ്സങ്ങളുമുണ്ടെങ്കിൽ തന്നെ , തന്നെ അതൊന്നും ബാധിക്കുവാനേ പോവുന്നില്ല എന്നായിരുന്നു. "ജോസു ചേട്ടൻ ആ ചേച്ചിയുടെ മുഖത്തെ പ്രസാദം കണ്ടില്ലെ? അതൊക്കെപ്പോരെ നമുക്ക്?"

No comments:

Post a Comment