Translate

Monday, February 25, 2019

ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സ്വന്തം സന്യാസ സഭ

https://www.azhimukham.com/kerala-franciscan-clarist-congregation-statement-against-sr-lisy-vadakkel-who-gave-evidence-in-bishop-franco-mulakkal-accused-nun-rape-case/?fbclid=IwAR2hSUXuc4ZdNsihukEuUHl1pRW7AFhHCCyUVPjcxq4vNL6-TivGDRLN20k

 വഴി മാറി നടക്കുന്നു,14 വര്‍ഷമായി അനധികൃതമായി മഠത്തില്‍ താമസിക്കുന്നു; ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ മൊഴി നല്‍കിയ കന്യാസ്ത്രീയെ തള്ളിപ്പറഞ്ഞ് സ്വന്തം സന്യാസ സഭ


കന്യാസ്ത്രീ പീഡനക്കേസില്‍ മൊഴി നല്‍കിയതിനു മഠത്തില്‍ തടങ്കലില്‍ ആക്കിയിരുന്ന എഫ് സി സി അംഗം സി. ലിസി വടക്കേലിനെ കോടതി ഇടപെട്ടാണ് മോചിപ്പിക്കുന്നത്

കന്യാസ്ത്രീ പീഡനക്കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ മൊഴി നല്‍കിയതിന്റെ പേരില്‍ തടങ്കലില്‍ പാര്‍പ്പിച്ചെന്ന പരാതി ഉയര്‍ത്തിയ സി. ലിസി കുര്യന്‍ വടക്കേലിന്റെ വാക്കുകളെ തളളിയും സിസ്റ്റര്‍ക്കെതിരേ ആരോപണങ്ങളുയര്‍ത്തിയും ഫ്രാന്‍സിസ്‌കന്‍ ക്ലാരിസറ്റ് കോണ്‍ഗ്രിഗേഷന്റെ (എഫ്‌സിസി) വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഇറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
സി. ലിസി കഴിഞ്ഞ പതിനാല് വര്‍ഷത്തിലധികമായി മൂവാറ്റുപുഴയില്‍ എഫ് സി സി വിജയവാഡ പ്രൊവിന്‍സിന്റെ ഉടമസ്ഥതയിലുള്ള ഗസ്റ്റ് ഹൗസില്‍ അനധികൃതമായി കഴിഞ്ഞു വരികയായിരുന്നുവെന്നാണ്. സി. ലിസിയെ വീട്ടു തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്ന തരത്തില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും എഫ്‌സിസി പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ പറയുന്നു. സി. ലിസിക്കെതിരേ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തിയാണ് എഫ് സിസി കോണ്‍ഗ്രിഗേഷന്‍ തങ്ങളെ സ്വയം ന്യായീകരിക്കുന്നത്.എഫ് സി സി കോണ്‍ഗ്രിഗേഷന്‍ അധികൃതര്‍ അറിയാതെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ സി. ലിസി മൊഴി നല്‍കിയതെന്നും സിസ്റ്ററുടെ സ്ഥലം മാറ്റത്തിനു പിന്നില്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതുമായി യാതൊരു ബന്ധവുമില്ലെന്നും സി. അല്‍ഫോന്‍സ വാദിക്കുന്നു.
‘വഴി മാറി നടക്കുന്ന സഹോദരി’ എന്നാണ് സി. ലിസിയെ എഫ് സിസി വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ കുറ്റപ്പെടുത്തുന്നത്. വിജയവാഡ പ്രോവിന്‍സിന് കേരളത്തില്‍ യാതൊരു പ്രവര്‍ത്തനങ്ങളും ഇല്ലെന്നിരിക്കെ, കേരളത്തിലെ ഗസ്റ്റ് ഹൗസില്‍ താമസിച്ചുകൊണ്ടു് സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുകയായിരുന്നു. സി. ലിസി കന്യാസ്ത്രീ പീഡനക്കേസിലെ പരാതിക്കാരിയും ഒപ്പം നില്‍ക്കുന്നവരും ആയ കന്യാസ്ത്രീകള്‍ താമസിക്കുന്ന കുറവിലങ്ങാട് മഠവുമായി അടുപ്പം സ്ഥാപിക്കുകയും ചെയ്തു. ഇതിനു പിന്നാലെയാണ് ബിഷപ്പ് ഫ്രാങ്കോയ്‌ക്കെതിരേ രഹസ്യ മൊഴി നല്‍കിയതെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ ആരോപണം ഉന്നയിക്കുന്നു.
മൊഴി നല്‍കിയത് കോണ്‍വെന്റിനു പുറത്ത് രഹസ്യമായി ആയിരുന്നതിനാല്‍ ഇത് സംബന്ധിച്ച് പ്രൊവിന്‍ഷ്യല്‍ സുപ്പീരിയറായ തനിക്കോ മറ്റ് അധികാരികള്‍ക്കോ അറിവുണ്ടായിരുന്നില്ല. സ്ഥലം മാറ്റത്തിന്റെ അറിയിപ്പ് നല്‍കിയ ജനുവരി 24 ന് ശേഷമാണ് ബിഷപ്പ് ഫ്രാങ്കോ കേസുമായി ബന്ധപ്പെട്ട് താന്‍ മൊഴി നല്‍കിയിട്ടുണ്ടെന്ന വിവരം സി. ലിസി തന്നെ അറിയിക്കുന്നതെന്നാണു് സി. അല്‍ഫോന്‍സ പറയുന്നത്. ബിഷപ്പിനെതിരേ മൊഴി നല്‍കുന്നതിനു മുമ്പ് തന്നെ സ്ഥലം മാറ്റം അറിയിപ്പ് നല്‍കിയിരുന്നതുകൊണ്ട് സി. ലിസി ഇപ്പോള്‍ ഉയര്‍ത്തുന്നതുപോലെ ബിഷപ്പിനെതിരേ മൊഴി നല്‍കിയതാണ് സ്ഥലംമാറ്റത്തിന് കാരണമെന്നത് തെറ്റായ ആരോപണം മാത്രമാണെന്നും പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ വാദിക്കുന്നു. ഒരു എഫ് സി സി സഭാംഗത്തിന് സ്വാഭാവികമായി നല്‍കുന്ന സ്ഥലംമാറ്റം എന്നതിനൊപ്പം അല്‍പ്പം വഴിമാറി നടന്നിരുന്ന ഒരു സഹോദരിക്ക് നല്‍കിയ തിരുത്തലും ആയിരുന്നു എഫ് സി സി സഭയുടെ ജനറല്‍ സിനാക്‌സിസിന്റെ തീരുമാനം.
അതനുസരിച്ച് സി. ലിസിക്ക് 2019 ഫെബ്രുവരി 12ല്‍ നല്‍കിയ പുതിയ നിയമനം വിജയവാഡയിലേക്ക് സി. ലിസിയെ മാറ്റിയ നടപടിയെ ന്യായീകരിക്കുന്നു. വിജയവാഡയില്‍ തന്നെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നും ജീവന്‍ തന്നെ അപകടത്തിലായ സാഹചര്യത്തില്‍ സ്വയം രക്ഷപ്പെട്ട് കേരളത്തിലേക്ക് പോരുകയായിരുന്നുവെന്ന സി. ലിസിയുടെ പരാതിയെ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ തള്ളിക്കളയുന്നത് ഇപ്രകാരമാണ്; വിജയവാഡയിലേക്കുള്ള നിയമനത്തിനു മുന്നു ദിവസങ്ങള്‍ക്ക് ശേഷം അമ്മയുടെ ഓപ്പറേഷന്‍ സംബന്ധിച്ച് നാട്ടിലേക്ക് പോകണമെന്ന് പറഞ്ഞ സി. ലിസിക്ക് ഫെബ്രുവരി 16 ശനിയാഴ്ച്ച യാത്ര തിരിക്കുന്നതിനായി ടിക്കറ്റ് ബുക്ക് ചെയ്തു നല്‍കിയിരുന്നു. എന്നാല്‍ ഫെബ്രുവരി 15 ആം തീയതി അധികാരികളെ അറിയിക്കാതെ യാത്രയ്ക്ക് തയ്യാറായ സി. ലിസിയെ തനിച്ചയക്കാതിരിക്കാന്‍ ഞാനും നാട്ടിലേക്ക് സിസ്റ്ററിനൊപ്പം വന്നു.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്റെ മദര്‍ ജനറലുമായി സി. ലിസി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നവെന്ന ആരോപണവും വിജയവാഡ പ്രൊവിന്‍ഷ്യല്‍ സുപ്പീരിയര്‍ സി. അല്‍ഫോന്‍സ ഉയര്‍ത്തുന്നുണ്ട്. മദര്‍ ജനറലുമായി വാക്കേറ്റം നടത്തുകയും അവിടെ നിന്നും പിണങ്ങിപ്പോരുകയും ചെയ്ത സി. ലിസിയെ അമ്മ ചികിത്സയില്‍ ഇരിക്കുന്ന ആശുപത്രിയിലേക്ക് കൊണ്ടു ചെന്നാക്കിത് താനാണെന്നും ഇതിന്റെ പിറ്റേദിവസം സി. ലിസി മൂവാറ്റുപുഴയിലെ ഗസ്റ്റ് ഹൗസില്‍ എത്തിയിരുന്നുവെന്നും സി. അല്‍ഫോന്‍സ പറയുന്നു.
സി. ലിസിയുടെ സഹോദരങ്ങള്‍ തങ്ങളുടെ ഗസ്റ്റ് ഹൗൗസില്‍ എത്തി ഭീഷണിപ്പെടുത്തിയെന്നാണ് മറ്റൊരു ആരോപണം. ഫെബ്രുവരി 18ന് രാവിലെ സി. ലിസിയുടെ സഹോദരങ്ങള്‍ മൂവാറ്റുപുഴയിലുള്ള എഫ് സി സി യുടടെ ഗസ്റ്റ് ഹൗസില്‍ വന്ന്; ബിഷപ്പ് ഫ്രാങ്കോയെക്കെതിരേ മൊഴി നല്‍കിയാല്‍ സ്ഥലം മാറ്റുമോ എന്നു ചോദിച്ച് ഭീഷണിപ്പെടുത്തുകയും ബഹളമുണ്ടാക്കുകയും ചെയ്തു. അന്ന് ഉച്ചയ്ക്ക് പൊലീസ് എത്തി ലിസിയെ കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു. സി. അല്‍ഫോന്‍സ പറയുന്നു.
വിജയവാഡയില്‍ കഴിഞ്ഞിരുന്ന സിസ്റ്ററിനെ കേരളത്തിലെ വീട്ടില്‍ കൊണ്ടുപോയി വിടുകയും അതിനുശേഷം തിരികെ വന്നപ്പോള്‍ മൂവാറ്റുപുഴയില്‍ എഴുപത് കഴിഞ്ഞ രണ്ട് കന്യാസ്ത്രീകള്‍ തനിച്ച് താമസിക്കുന്നിടത്ത് തടങ്കലില്‍ വയ്ക്കുകയും ചെയ്തു എന്നുള്ള വാര്‍ത്ത സാക്ഷര കേരളം അര്‍ഹിക്കുന്ന അവഞ്ജയോടെ തള്ളിക്കളയുമെന്നും പറഞ്ഞാണ് സി. അല്‍ഫോന്‍സ തന്റെ പ്രസ്താവന അവസാനിപ്പിക്കുന്നത്.
ബിഷപ്പ് ഫ്രാങ്കോ പ്രതിയായ കന്യാസ്ത്രീ പീഡനക്കേസിലെ നിര്‍ണായക സാക്ഷിയാണ് സി. ലിസി. താന്‍ ബിഷപ്പിനെതിരേ മൊഴി നല്‍കിയതിനു പിന്നാലെ വിജയവാഡ പ്രോവിന്‍സിലേക്ക് മാറ്റുകയും മാനസികവും വൈകാരികവുമായ പീഡനമാണ് അവിടെ നിന്നും ഏറ്റുവാങ്ങേണ്ടി വന്നതെന്നും, യാതൊരു വിധ ബാഹ്യബന്ധങ്ങള്‍ക്കും അനുവദിക്കാാതെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നുവെന്നുമാണ് സി. ലിസി വെളിപ്പെടുത്തിയിരുന്നത്. രോഗാവസ്ഥയിലുള്ള അമ്മയെ പരിചരിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ പോലും കേള്‍ക്കാതെയാണ് വിജയവാഡയിലേക്ക് അയയ്ക്കുന്നതെന്നും അവിടെ നിന്നാല്‍ ജീവന്‍ പോലും അപകടത്തിലാകുമെന്നു തിരിച്ചറിഞ്ഞതോടെയാണ് സ്വയം രക്ഷപ്പെട്ട് കേരളത്തില്‍ എത്തിയതെന്നും സി. ലിസി പറയുന്നു.
ആശുപത്രിയില്‍ എത്തിയ തന്നോട് വിജയവാഡയിലേക്ക് തിരിച്ചു പോകണമെന്നു മഠം അധികൃതര്‍ ഭീഷണി മുഴക്കിയെന്നും സി. ലിസി പറയുന്നുണ്ട്. തന്റെ അവസ്ഥകള്‍ സി. ലിസി സഹോദരങ്ങളോട് പറഞ്ഞതനുസരിച്ചാണു് പൊലീസിനു മുന്‍പാകെ പ്രശ്‌നം എത്തുന്നത്. മൂവാറ്റുപുഴയിലെ ജ്യോതിര്‍ഭവനിലെത്തിയ പൊലീസ് സി. ലിസിയെ അവിടെ നിന്നും മോചിപ്പിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി. സിസ്റ്ററില്‍ നിന്നും ചോദിച്ചറിഞ്ഞ കാര്യങ്ങളില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ സി. ലിസിയെ വിജയവാഡയിലേക്ക് തിരിച്ചയക്കരുതെന്നും മൂവാറ്റുപുഴയിലെ ഹോമില്‍ തന്നെ താമസിക്കാന്‍ അനുവദിക്കണമെന്നും മജിസ്‌ട്രേറ്റ് ഉത്തരവിട്ടിരുന്നു. ആവശ്യമെങ്കില്‍ പൊലീസ് സംരക്ഷണം നല്‍കാനും ഉത്തരവില്‍ പറഞ്ഞിരുന്നു.
കന്യാസ്ത്രീ പീഢനക്കേസ് അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇതിന്റെ ഭാഗമായാണ് പരാതിക്കാരിക്കൊപ്പം നില്‍ക്കുന്ന അഞ്ചു കന്യാസ്ത്രീകളെയും രാജ്യത്തിന്റെ വിവിധഭാഗങ്ങളിലേക്ക് സ്ഥലംമാറ്റാന്‍ ശ്രമം നടത്തിയതെന്നും ആരോപണം നിലനില്‍ക്കുന്നുണ്ട്. അതിനോടൊപ്പമാണു് കേസിലെ പ്രധാന സാക്ഷികളിലൊരാളായ സി. ലിസിയെ സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്തു വന്നിരിക്കുന്നത്.
രാകേഷ് സനല്‍

രാകേഷ് സനല്‍

ന്യൂസ് എഡിറ്റര്‍, അഴിമുഖം

No comments:

Post a Comment