Translate

Tuesday, February 5, 2019

കോണ്‍സ്റ്റന്റൈന്‍ - കത്തോലിക്കാ സഭാസ്ഥാപകന്‍?


റ്റി.റ്റി. മാത്യു തകടിയേല്‍ ഫോണ്‍: 9497632219



യഹൂദമതവിഭാഗമായ ഇസ്രായേല്‍ജനതയുടെ ദൈവമായ  യഹോവകര്‍ക്കശക്കാരനും കോപിഷ്ടനും അസഹിഷ്ണുതയുള്ളവനുമായിരുന്നു. തനിക്കുവേണ്ടി കൊല്ലാനും ചാകാനും തയ്യാറുള്ള ജനതയായിരിക്കണം തന്റെ സ്വന്തമായ ഇസ്രായേല്‍ ജനമെന്ന് ശഠിച്ചിരുന്നു. തന്നെ കലവറകൂടാതെ സേവിക്കണം എന്നതായിരുന്നു പ്രധാന കല്പന. തന്നെയല്ലാതെ മറ്റൊരു ദൈവത്തെ സ്‌നേഹിക്കുകയോ സേവിക്കുകയോ ആരാധിക്കുകയോ ചെയ്യുന്നത് യഹോവായ്ക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഇസ്രായേലിന്റെയും അവരുടെ ദൈവമായ യഹോവയുടെയും ചരിത്രങ്ങളും മിത്തുകളുമൊക്കെ വെളിപ്പെടുത്തുന്നതിതാണ്.

ഈ മതസങ്കല്പത്തെയും ദൈവസങ്കല്പത്തെയും തിരുത്തിക്കുറിച്ചുകൊണ്ടാണ് യേശു യഹൂദരില്‍ ഒരുവനായിത്തന്നെ ജറൂശലേമില്‍ പ്രത്യക്ഷപ്പെട്ടത്. ദൈവം സ്‌നേഹമാണെന്നും മനുഷ്യര്‍ തമ്മില്‍ത്തമ്മില്‍ സ്‌നേഹിക്കണമെന്നും പരസ്‌നേഹത്തില്‍ക്കവിഞ്ഞ ഒരു ദൈവപ്രമാണത്തിനും പ്രസക്തിയില്ലെന്നും യേശു പ്രസംഗിച്ചു. പരസ്‌നേഹത്തെ ദൈവസ്‌നേഹത്തോളം ഉയര്‍ത്തിക്കാട്ടി. വിശന്ന്, ദാഹിച്ച്, നഗ്നനായി, പരദേശിയായി വന്നവര്‍ക്ക്  ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും നിങ്ങള്‍ കൊടുത്തപ്പോള്‍ അതൊക്കെ ദൈവത്തിനു നല്‍കിയതായി കണക്കാക്കും എന്ന ഒരു പുതിയ സുവിശേഷം യേശു അവതരിപ്പിച്ചു. സ്‌നേഹത്തിന് പരിധി വയ്ക്കാതെ ശത്രുക്കളെയും സ്‌നേഹിക്കുവാന്‍ നിര്‍ദ്ദേശിച്ചു. യഹൂദരുടെ പ്രധാന പ്രമാണമായ ശാബത്തിന് മങ്ങലേല്‍പ്പിച്ചുകൊണ്ട്,  'ശാബത്ത് മനുഷ്യനുവേണ്ടിയാണ്മനുഷ്യര്‍ ശാബത്തിനുവേണ്ടിയല്ല' എന്നു പറഞ്ഞു.’ 'നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ'’എന്നു പറഞ്ഞ് പാപത്തിന് പുതിയ പ്രമാണവ്യാഖ്യാനം കൊടുത്തു. ഇതൊക്കെ യഹോവയുടെ സ്വന്തം ജനം എന്നവകാശപ്പെട്ട് അഹങ്കരിച്ചിരുന്ന യഹൂദരായ ഇസ്രായേല്‍ ജനത്തിന്, പ്രത്യേകിച്ച് പുരോഹിതര്‍ക്ക,് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു.

അന്നത്തെ ജറുശലേമിന്റെ ഭരണാധികാരിയായിരുന്ന റോമന്‍ ചക്രവര്‍ത്തിയുടെ അനുമതിയോടെ യഹൂദനായ യേശുവിനെ യഹൂദപുരോഹിതര്‍തന്നെ കുരിശിലേറ്റി. ഇങ്ങനെ കുരിശിലേറ്റപ്പെട്ട യേശുവിന്റെ പേരില്‍,‘'ക്രിസ്ത്യാനികള്‍'’എന്ന ഒരു പുതിയ വിശ്വാസസമൂഹം രൂപപ്പെട്ടു. ആദിമകാലങ്ങളില്‍ യേശുവിന്റെ ഉപദേശങ്ങളില്‍ ഉറച്ചുനിന്ന ക്രിസ്ത്യാനികള്‍ റോമന്‍ ഭരണാധികാരികളില്‍നിന്നും യഹൂദ പുരോഹിതരില്‍നിന്നും ഏറെ പീഡനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരുന്നു. ഒട്ടേറെപ്പേര്‍ രക്തം ചിന്തി രക്തസാക്ഷികളായി. എന്നാല്‍ ക്രിസ്ത്യാനികളെ എത്ര കൊന്നൊടുക്കിയിട്ടും അവരുടെ വിശ്വാസത്തെ തകര്‍ക്കുവാന്‍  റോമന്‍ഭരണാ ധികാരികള്‍ക്ക് പറ്റാതെവന്നു. ക്രിസ്ത്യാനികളുടെ അഭൂതപൂര്‍വ്വമായ ഈ വളര്‍ച്ചയെ പീഡനങ്ങള്‍കൊണ്ട് ഇല്ലായ്മ ചെയ്യുവാന്‍ സാധ്യമല്ലെന്ന് തിരിച്ചറിഞ്ഞ അന്നത്തെ റോമന്‍ ചക്രവര്‍ത്തി കോണ്‍സ്റ്റന്റൈന്‍ തന്ത്രപൂര്‍വ്വം ഒരു അടവുനയമെടുത്തു. ഇന്ന് നമ്മുടെ നാട്ടില്‍ നടക്കുന്നതുപോലുള്ള ഒരു രാഷ്ട്രീയക്കളി - മതപ്രീണനനയം. ഒരു മത-രാഷ്ട്രീയക്കളി! അതനുസരിച്ച് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തീയസഭയുമായി ഒത്തുതീര്‍പ്പുണ്ടാക്കി; സഭയെ അംഗീകരിച്ചു.

എ.ഡി.313-ല്‍, മിലാന്‍വിളംബരപ്രകാരം, ക്രിസ്ത്യാനികള്‍ക്ക് രാജ്യത്ത് പൂര്‍ണ്ണ മതസ്വാതന്ത്ര്യം അനുവദിച്ചു. ക്രിസ്ത്യാനികളുടെ രക്ഷാകര്‍ത്തൃത്വം ചക്രവര്‍ത്തി ഏറ്റെടുത്തു. ലാറ്ററനിലെ ഫൗസ്റ്റ എന്ന കൊട്ടാരം റോമിലെ പ്രധാന സഭാ മൂപ്പന്‍ ആയിരുന്ന മെത്രാന് നല്‍കി ആദരിച്ചു. ഇവിടെ യേശു എതിര്‍ത്ത് തള്ളിപ്പറഞ്ഞ അധികാരവും സമ്പത്തും സഭാനേതൃത്വം ചക്രവര്‍ത്തിയില്‍നിന്ന് ദാനമായി ഏറ്റുവാങ്ങി. ഒരു പേഗന്‍ മതവിശ്വാസിയായിരുന്ന കോണ്‍സ്റ്റന്റൈന്‍ 314-ല്‍ തന്റെ സ്വന്തം ഭാര്യയെയും മകനെയും ഒരു അജ്ഞാതകേന്ദ്രത്തില്‍ വധിച്ചതായും ചരിത്രം പറയുന്നു. ക്രിസ്ത്യാനികളുടെ രക്ഷകനും നേതാവുമായി വന്നയാളിന്റെ സ്വഭാവഗുണങ്ങള്‍ ഇവിടെ സൂചിപ്പിച്ചെന്നുമാത്രം. ഇവിടെ ആത്മീയത എത്രമാത്രം പ്രസരിക്കും?

            എ.ഡി 325-ല്‍ നിക്യാ പട്ടണത്തില്‍വെച്ച്  കോണ്‍സ്റ്റന്‍ന്റൈനിന്റെ നിയന്ത്രണത്തിലും അദ്ധ്യക്ഷതയിലും ക്രിസ്ത്യാനികളുടേതായി ഒരു സൂനഹദോസ് നടന്നു. ഈ സൂനഹദോസില്‍ആരിയൂസ്തുടങ്ങിയ പല വേദപണ്ഡിതന്മാരുടെയും അനുയായികളും പങ്കെടുത്തിരുന്നു. അവര്‍ വിശ്വാസസംബന്ധമായ പല വിഷയങ്ങളിലും  ഭിന്നാഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇതൊന്നും സൂനഹദോസില്‍ അംഗീകരിക്കപ്പെട്ടില്ല. പഴയനിയമത്തിലെ ദൈവസങ്കല്പത്തെ തള്ളിപ്പറഞ്ഞ  മാര്‍സിയോണ്‍, മാനിക്കേയന്‍ അനുഷ്ഠാനകര്‍മ്മങ്ങള്‍ക്കും പ്രതിമാവണക്കത്തിനും എതിരുനിന്നിരുന്ന ജ്ഞാനവാദികള്‍ (gnostists) എന്നിവര്‍ക്കൊന്നും സൂനഹദോസില്‍ സ്ഥാനമില്ലായിരുന്നു.

            റോമന്‍ ചക്രവര്‍ത്തിയുടെ സ്വാധീനത്തില്‍ രൂപംകൊണ്ടതായിരുന്നു സൂനഹദോസ് തീരുമാനങ്ങള്‍ ഒക്കെത്തന്നെയും. അരിസ്റ്റോട്ടലിന്റെ  ഗ്രീക്ക് പേഗന്‍ ദൈവശാസ്ത്രവും റോമന്‍ അധികാരഘടനാസമ്പ്രദായവും കൂട്ടിക്കലര്‍ത്തിയ ഒരു മതസംഘടനയ്ക്കാണ് സൂനഹദോസ് രൂപംനല്‍കിയത്. ആദിമസഭയില്‍ ആഴ്ചയുടെ അവസാന ദിവസമായ ശനിയാഴ്ചയായിരുന്നു ശാബത്ത് ആചരിച്ചിരുന്നത്. അതു മാറ്റി റോമന്‍ ദേവന്റെ ദിവസമായ ഞായറാഴ്ച ശാബത്തു ദിവസമാക്കി മാറ്റി. യേശുവിന്റെ ജന്മദിനം സൂര്യദേവന്റെ ജന്മദിനമായ ഡിസംബര്‍ 25 ആക്കി മാറ്റി.

            ഇവിടെ ക്രൈസ്തവസഭ യേശുവിന്റെ ദര്‍ശനങ്ങളില്‍നിന്നും പഠനങ്ങളില്‍നിന്നും വിട്ടകന്ന്സ്ഥാപനവല്‍ക്കരിക്കപ്പെട്ട, ഘടനാപരമായി വ്യവസ്ഥാപിതമായ ഒരു മതസംഘടനയായി മാറുകയായിരുന്നു. 1700 കൊല്ലമായിട്ട് വലിയ വ്യത്യാസമൊന്നും കൂടാതെ, യേശുവിന് എതിര്‍സാക്ഷ്യമായി  ഈ സഭ ഇന്നും തുടരുകയാണ്.

രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും സംരക്ഷണത്തില്‍ പുരോഹിതാധിപത്യത്തിനുകീഴില്‍ കത്തോലിക്കാസഭ വളര്‍ന്നുകൊണ്ടേയിരുന്നു. ഈ വളര്‍ച്ച ആത്മീയനൈര്‍മ്മല്യത്തിന്റെയും ദൈവവരപ്രസാദ ത്തിന്റെയും ശക്തിയിലും പിന്‍ബലത്തിലുമായിരുന്നില്ല; മറിച്ച്, വാളിന്റെയും അധികാരത്തിന്റെയും ശക്തിയിലായിരുന്നുവെന്ന് ചരിത്രം സാക്ഷിക്കുന്നു. രാജകൊട്ടാരത്തില്‍ ചെങ്കോലും കിരീടവും ധരിച്ച്, സമ്പത്തിന്റെയും അധികാരത്തിന്റെയും പ്രൗഢിയില്‍ ഒരു രാജാവിനെപ്പോലെയോ ചക്രവര്‍ത്തിയെപ്പോലെയോ മതാനുയായികളെ നയിക്കുവാനും ഭരിക്കുവാനുമുള്ള അധികാരാവകാശങ്ങള്‍ റോമിലെ മാര്‍പ്പാപ്പാ എന്ന കത്തോലിക്കാ സഭാധികാരിക്ക്  കിട്ടിയത് യേശുവില്‍ നിന്നായിരുന്നില്ല; റോമന്‍ ചക്രവര്‍ത്തിയില്‍നിന്നായിരുന്നു.  യേശുവിന്റെ സഭയെ ചക്രവര്‍ത്തി ഒരു മതസ്വേച്ഛാധിപത്യ ഭൗതികസംവിധാനമായി മാറ്റുകയായിരുന്നു.

യേശുവചനങ്ങളുടെയും പുതിയ സുവിശേഷത്തിന്റെയും സന്ദേശങ്ങള്‍ക്ക് കടകവിരുദ്ധമായ പഴയനിയമനിലപാടുകളും അതിലെ യഹോവ എന്ന ദൈവസങ്കല്പവും നിലനിര്‍ത്തിക്കൊണ്ടുതന്നെയാണ് നിക്യാ കൗണ്‍സില്‍ കത്തോലിക്കാ സഭാവിശ്വാസത്തിന് രൂപംനല്‍കിയത്. ‘'ശുദ്ധമാന കത്തോലിക്കാസഭയില്‍ വിശ്വസിക്കുന്നേന്‍' എന്ന ദൃഢപ്രതിജ്ഞ സൂനഹദോസിലെ പ്രധാന പ്രമാണമാണ്. ഈ പ്രതിജ്ഞ എടുത്തതിനുശേഷമേ ആരെയും സഭാവിശ്വാസിയായി പ്രഖ്യാപിക്കുകയുള്ളു. സ്വന്തം നിലനില്പിനും അധികാരത്തിനും സമ്പത്തിനുമൊക്കെവേണ്ടി വെറും മനുഷ്യനായ ചക്രവര്‍ത്തിയും അന്നത്തെ പുരോഹിതരുംകൂടി അവരുടെ താല്പര്യങ്ങള്‍ക്കുവേണ്ടി രൂപംകൊടുത്ത ഒരു മതസംഘടനയെ, അതിന്റെ ഭാവിപ്രവര്‍ത്തനങ്ങള്‍ എന്തായിരിക്കുമെന്നറിയാതെയും ഭാവിയില്‍ അത് എന്തായിത്തീര്‍ന്നാലും അതില്‍ വിശ്വസിച്ചുപ്രവര്‍ത്തിച്ചുകൊള്ളാമെന്നു സമ്മതിച്ചുമുള്ള ഒരു വിശ്വാസപ്രമാണം അംഗീകരിക്കുന്നതിലെ ശരിയെന്താണ്? ഈ ചോദ്യത്തെ ശരിവയ്ക്കുന്ന ചരിത്രസത്യങ്ങളാണ് സഭയുടെപേരില്‍  പിന്നീട് എഴുതി ചേര്‍ക്കപ്പെട്ടിട്ടുള്ളത്.

17 ശതാബ്ദക്കാലമായി ലോകചരിത്രത്തില്‍ കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ ചെയ്തുകൂട്ടിയ ക്രൂരതകളും രക്തച്ചൊരിച്ചിലും മറ്റെല്ലാ മതങ്ങളെയും കടത്തിവെട്ടുന്നതായിരുന്നു. ചരിത്രം പഠിച്ചിട്ടുള്ളവര്‍ ആരുംതന്നെ ഇതിനെ എതിര്‍ക്കുന്നില്ല. മനഃസാക്ഷിയും ക്രൈസ്തവ ആത്മീയതയുമുള്ള മാര്‍പ്പാപ്പാമാര്‍ ഇതൊക്കെ അംഗീകരിച്ച് ലോകത്തോട് സഭയ്ക്കുവേണ്ടി മാപ്പു പറഞ്ഞിട്ടുള്ളതുമാണല്ലോ?

യേശുവിനെ ഉള്‍ക്കൊള്ളാതെ യേശുവില്‍നിന്ന് വിട്ടകന്നു പൊയ്‌ക്കൊണ്ടിരിക്കുന്ന സഭയെ വിശ്വസിക്കണമെന്നു പറയുന്നതുതന്നെ വിശ്വാസവഞ്ചനയാണ്. അതുകൊണ്ട് നിക്യാസൂനഹദോസില്‍ വിശ്വാസികളെ കബളിപ്പിച്ച്, അവരെ പിടിച്ചു നിര്‍ത്തുവാന്‍വേണ്ടി എഴുതിപ്പിടിപ്പിച്ചിരിക്കുന്ന, 'ശുദ്ധമാന കത്തോലി ക്കാസഭയിലും വിശ്വസിക്കുന്നേന്‍'’എന്ന വിശ്വാസപ്രമാണം തിരുത്തി വായിക്കേണ്ടിയിരിക്കുന്നു. അതിപ്രകാരമാകട്ടെ, ‘'യേശുവിലും യേശുവിന്റെ വചനങ്ങളിലും വിശ്വസിക്കുന്നേന്‍'. അങ്ങനെയെങ്കില്‍, ആ  വിശ്വാസപ്രമാണം കാലത്തെ അതിജീവിച്ച് ലോകാന്ത്യംവരെ പ്രശോഭിച്ച് നിലനില്ക്കും.

 ഏതൊരു മതമാകട്ടെ, രാഷ്ട്രീയപ്രത്യയശാസ്ത്രമാകട്ടെ, മറ്റേതെങ്കിലും സിദ്ധാന്തങ്ങളാകട്ടെ, അവയൊക്കെ ചരിത്രത്തില്‍ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് എന്തൊക്കെയാണ് എന്നതിന്റെ അടിസ്ഥാനത്തിലാണ് അവയെ വിലയിരുത്തേണ്ടതും  അംഗീകരിക്കേണ്ടതും. അങ്ങനെയെങ്കില്‍, കത്തോലിക്കാസഭയുടെ ഇന്നലെകളെ എങ്ങനെ വിലയിരുത്തണം? ശുദ്ധമാന കത്തോലിക്കാപള്ളിയെന്നും മുടിചൂടി നില്‍ക്കുന്ന സഭയെന്നും അതിനെ  വിശേഷിപ്പിക്കുവാന്‍ പറ്റുമോ? വിശുദ്ധവും ശ്രേഷ്ഠവുമായ അലങ്കാരവിശേഷണങ്ങള്‍ കൂട്ടിച്ചേര്‍ത്ത് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടേയിരുന്നാല്‍ ഒന്ന് ശ്രേഷ്ഠവും വിശുദ്ധവുമാകുമോ? കേവലം വാക്കുകള്‍ കൊണ്ടോ വിശേഷണങ്ങള്‍കൊണ്ടോമാത്രം ധന്യമാകേണ്ടതല്ല, യേശുവിന്റെ സഭയും അതിന്റെ പ്രവര്‍ത്തനങ്ങളും. കാരണം, യേശുവിന്റെ സന്ദേശംതന്നെയായിരുന്നു യേശുവിന്റെ ജീവിതവും.

മനുഷ്യസ്‌നേഹത്തില്‍ അധിഷ്ഠിതമായ ഒരു സ്‌നേഹക്കൂട്ടായ്മ - അതാണ് യേശു വിഭാവനംചെയ്ത സ്വര്‍ഗ്ഗരാജ്യം. അതു ഭൂമിയിലാണെന്നും യേശു പറയുന്നു. യേശുവിന്റെ ഈ സന്ദേശം ഉള്‍ക്കൊണ്ടുള്ള ഒരു വിശ്വാസിസമൂഹമായിരുന്നു ആദിമക്രൈസ്തവസഭ. ആചാരാനുഷ്ഠാനങ്ങളോ പൂജാദികര്‍മ്മങ്ങളോ കൂടാതെ, സത്യത്തിലും അരൂപിയിലും ദൈവത്തെ ആരാധിച്ചിരുന്ന ഒരു സഭ. അവിടെ സമ്പത്തോ അധികാരമോ അനുശാസനങ്ങളോ നിയമനിയന്ത്രണങ്ങളോ അതിനുവേണ്ടിയുള്ള  ഹൈരാര്‍ക്കി സിസ്റ്റമോ ഇല്ലായിരുന്നു. കാരണം, സ്‌നേഹബന്ധത്തില്‍ രൂപംകൊള്ളുന്ന സമൂഹത്തില്‍ നിയമനിയന്ത്രണങ്ങള്‍ ആവശ്യമില്ലാതെ വരുന്നു. തിന്മകളില്ലാത്ത, നന്മകള്‍മാത്രം കളിയാടുന്ന ഒരു സമൂഹം- 'സ്വര്‍ഗ്ഗം താണിറങ്ങിവന്നതോ' എന്ന് കവി പാടിപ്പോകുന്ന ഒരു സമൂഹം.

യഹൂദ മതസങ്കല്പത്തെയും ദൈവസങ്കല്പത്തെയും തിരുത്തിക്കുറിച്ച യേശുവിനെ, അന്നത്തെ റോമന്‍ ചക്രവര്‍ത്തിയുടെ പിന്‍തുണയോടെ  യാഥാസ്ഥിതിക പുരോഹിതര്‍ കുരിശിലേറ്റി. പിന്നീട് മൂന്നു നൂറ്റാണ്ടുകള്‍ക്കുശേഷം മറ്റൊരു റോമന്‍ ചക്രവര്‍ത്തിയായിരുന്ന കോണ്‍ന്റൈനിന്റെ പിന്തുണയോടെ ക്രൈസ്തവപുരോഹിതര്‍തന്നെ യേശുവിന്റെ ദര്‍ശനങ്ങളെ കുരിശിലേറ്റി. 1700 വര്‍ഷക്കാലമായി ഈ ക്രൈസ്തവ സഭ പുരോഹിതരുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്. ഈ അവസ്ഥയില്‍നിന്ന്  ഒരു വിമോചനം  ഇന്നത്തെ ഫ്രാന്‍സീസ് മാര്‍പ്പാപ്പായില്‍ക്കൂടി ഉയര്‍ന്നുവരുമെന്ന് പ്രതീക്ഷിക്കാം.

No comments:

Post a Comment