Translate

Saturday, October 12, 2019

സിസ്റ്റർ ലൂസി കളപ്പുര സഫീറയോ നവോത്ഥാന നായികയോ?


 
ചാക്കോ കളരിക്കൽ

വിവിധ സന്ന്യാസിനീ മഠങ്ങളിലെ കന്ന്യാസ്ത്രികൾ മാനന്തവാടി ദ്വാരകയിൽ കൂടിയ 'സമർപിത സമ്മേളന'ത്തിൽ സിസ്റ്റർ ലൂസി കളപ്പുര ആധുനിക ലോകത്തെ/കാലത്തെ സഫീറയാണെന്ന് സിസ്റ്ററിൻറെ പേരുപറയാതെ പറഞ്ഞുവെച്ചത് നാമെല്ലാവരും കേട്ടതാണ്. അനനിയാസ്-സഫീറ ദമ്പതികളുടെ പറമ്പ് വിറ്റുവരവ് മുഴുവൻ ദൈവത്തിനുവേണ്ടി പത്രോസിൻറെ മുമ്പിൽ  സമർപ്പിക്കാതിരുന്ന സഫീറയെപ്പോലെ സിസ്റ്റർ ലൂസി പരിപൂർണമായി തൻറെ ജീവിതം ദൈവത്തിന് സമർപ്പിച്ചിട്ടില്ലെന്നും അത് മാധ്യമങ്ങൾക്കോ പൊതുജനത്തിനോ മനസ്സിലാക്കാൻ സാധിക്കുകയില്ലെന്നും ആ പ്രതിഭാസത്തിൻറെ പേര് "സഫീറസിൻഡ്രം" എന്നാണെന്നും വ്യാഖ്യാനിക്കുന്നത് നാം കേട്ടതാണ്. സഭയെ ഒന്നടങ്കം അപമാനിക്കാൻ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന സഫീറയാണെത്രെ, സിസ്റ്റർ ലൂസി കളപ്പുര! സമകാലിക സഭാരാഷ്രീയചുറ്റുപാടിൽ സിസ്റ്റർ ലൂസി സഫീറയാണോ അതോ കേരളത്തിലെ സന്ന്യാസിനീസമൂഹത്തിൻറെ നവോത്ഥാന നായികയാണോ എന്ന വിഷയം വിശകലനം ചെയ്യപ്പെടേണ്ടതാണ്. കാരണം, സിസ്റ്റർ ലൂസിയുടെ സമരം ചരിത്ര പ്രാധാന്യമുള്ള ഒരു സമരമാണ്; നാടിൻറെ ചരിത്രം മാറ്റിമറിക്കുന്ന ഒന്നാണ്.

ഫ്രാങ്കോ മെത്രാൻറെ ലൈംഗീകാതിക്രമങ്ങൾക്ക് നീതി ലഭിക്കാതെ അളമുട്ടിയപ്പോൾ  കുറവിലങ്ങാട്ടെ കന്ന്യാസ്ത്രികൾ  വഞ്ചിസ്‌ക്വയറിൽ സമരം നടത്തി. സഹസഹോദരികളുടെ ആ  സമരത്തിന്  ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവിടെ പോയി പ്രസംഗിച്ചതു മുതലാണ്, മുൻകാലങ്ങളിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും, FCC സഭാനേതൃത്വം പുത്തൻ നടപടികളിൽകൂടി സിസ്റ്റർ ലൂസിയെ പീഡിപ്പിക്കാൻ ആരംഭിച്ചത്.  അടുത്ത കാലത്ത് FCC സഭയിൽനിന്നും സിസ്റ്ററെ പുറത്താക്കിയ കത്തും സിസ്റ്റർക്ക് നല്‌കുകയുണ്ടായി. ഒരു ഹൈസ്‌കൂൾ അധ്യാപികയും നാല്പതു വർഷത്തോളം FCC സന്ന്യാസ സമൂഹാംഗവും ആയിരുന്ന ലൂസി സിസ്റ്റർ ചെയ്ത തെറ്റുകൾ 'സ്നേഹമഴയിൽ എന്ന കവിതാസമാഹാരം എഴുതി അച്ചടിപ്പിച്ചു, 'ദേവാലയം' എന്ന ഭക്തഗാനങ്ങൾ സീഡിയാക്കി, കാർ ഓടിക്കാൻ പഠിച്ച്‌ ലൈസൻസ് എടുത്തു, ഒരു ആൾട്ടോ കാറുവാങ്ങി, ക്രൈസ്തവേതര മാധ്യമങ്ങളിൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു, വഞ്ചിസ്‌ക്വയറിൽ പോയി കന്ന്യാസ്ത്രികളുടെ സമരത്തിൽ പങ്കെടുത്തു, കന്ന്യാസ്ത്രി-ഫ്രാങ്കോ സമരത്തോടനുബന്ധിച്ചുള്ള ടിവി ചാനൽ ചർച്ചകളിൽ പങ്കെടുത്തു, അതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാധ്യമങ്ങളിൽ എഴുതി, ചൂരിദാർ ധരിച്ചു എന്നുതുടങ്ങിയവകളാണ്.

പ്രാധമിക പരിശോധനയിൽ കഴമ്പില്ലാത്തെ ആരോപണങ്ങൾ. അതിന് FCC-യിൽനിന്ന് പുറംതള്ളുന്ന അവസാനത്തെ ശിക്ഷാനടപടി ആവശ്യമോ? ബലാൽസംഗമല്ല, ഉഭയസമ്മതപ്രകാരം ഒരു കന്ന്യാസ്ത്രിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ടു എന്ന സംശയത്തിൻറെ ആനുകൂല്യത്തോടെ ചിന്തിച്ചാലും, ഒരു മെത്രാനായ  ഫ്രാങ്കോ ചെയ്ത ലൈംഗിക പാപം അതി കഠിനമാണ്. ഫ്രാങ്കോ ഇന്നും മെത്രാനും പുരോഹിതനുമാണ്. ഹൈമനോപ്ലാസ്റ്റി (Hymenoplasty) ചെയ്യേണ്ടിവന്ന സ്റ്റെഫി ഇന്നും നല്ല നിലയിലുള്ള കന്ന്യാസ്ത്രിയാണ്. റോബിൻ വടക്കുംഞ്ചേരിയുടെ ദിവ്യഗർഭകേസ് തേച്ചുമായിച്ചു കളയാൻ കൂട്ടുനിന്ന കന്ന്യാസ്ത്രികളും ഇന്നും സഭയിലെ നല്ല കന്ന്യാസ്ത്രികളാണ്. അഭയാകേസിൽ മൊഴിമാറ്റിപ്പറഞ്ഞ കന്ന്യാസ്ത്രികളും സഭയ്ക്ക് വേണ്ടപ്പെട്ടവരാണ്. അപ്പോൾ ലൂസി സിസ്റ്ററെ FCC സഭയിൽനിന്നും പുറത്താക്കാൻ എടുത്ത തീരുമാനം അനീതിയാണെന്നു പറയാതിരിക്കാൻ വയ്യ.

സഭയിൽ ഇന്ന് സ്ത്രീപുരുഷ വിവേചനം ഭീകരാവസ്ഥയിലാണ്. വേട്ടക്കാരൻറെ കൂടെയാണ് സഭ എന്നും. ലൂസിയെപ്പോലുള്ള കന്ന്യാസ്ത്രികളെ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്ന മുറയാണ് മഠങ്ങളിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. അനീതിക്കെതിരെ മിണ്ടാതിരുന്നോണം. അതല്ലായെങ്കിൽ അനുസരണവൃതം തെറ്റിച്ചു എന്ന കാരണംചുമത്തി പുനരധിവാസം പോലുമില്ലാതെ പെരുവഴിയിലേയ്ക്ക് ഇറക്കിവിടും (ആലുവയിൽ നടന്ന സംഭവം ഓർമിക്കുക). 600 വർഷങ്ങൾക്കു മുൻപ് റോമാസഭ അഴിമതിയിൽ മുങ്ങിക്കിടന്നപ്പോൾ സഹികെട്ട് വിയെന്നായിലെ വി. കാതറിൻ അന്നത്തെ മാർപാപ്പ ഗ്രിഗരി പതിനൊന്നാമന്‌ എഴുതിയതിപ്രകാരമാണ്: "റോമൻ കാര്യാലയത്തിൻറെ പാപത്തൻറെ ദുർഗന്ധം മൂലം ലോകം ഓക്കാനിക്കുകയും സ്വർഗത്തിന് ദീനമുണ്ടാകുകയും ചെയ്യുന്നു." സീറോമലബാർ സഭാധികാരം ചീഞ്ഞഴിഞ്ഞ് ദുർഗന്ധം വമിക്കുകയാണിന്ന്!

ലൂസി സിസ്റ്ററിൻറെ സഹനസമരം ഒറ്റപ്പെട്ട സംഭവമായി നാം കാണരുത്. അതൊരു ഐതിഹാസിക സമരമാണ്. കാലത്തിനുമുമ്പേ സംഭവിക്കുന്ന കോളിളക്കമാണത്. സാമൂഹ്യ പരിവർത്തനത്തിനുള്ള ഒരു വിളിയാണത്. കാലോചിതമായ സഭാപരിഷ്‌കരണത്തിനും മാറ്റത്തിനുംവേണ്ടിയുള്ള ഒരു യഥാർത്ഥ വിപ്ലവമാണത്. കന്ന്യാസ്ത്രി മഠങ്ങളുടെ ഗുണപരമായ പരിണാമത്തിനുള്ള മുറവിളിയാണത്. മാധ്യമശ്രദ്ധ പണ്ടേ അത് പിടിച്ചുപറ്റി. ഈ സമരം ചരിത്രം മാറ്റിമറിക്കും. ബുദ്ധിജീവികൾക്ക് കാര്യത്തിൻറെ ഗൗരവം മനസ്സിലായിത്തുടങ്ങി. എന്നാൽ സാധാരണക്കാരുടെ അറിവില്ലായ്‌മയും അജ്ഞതയുമാണ് അവരെ സംശയക്കുരുക്കിൽ തളച്ചിടുന്നത്. ജനങ്ങൾ അറിവുള്ളവരായാൽ സഭ നവീകരിക്കപ്പെടും. മലീമസമായ മതമാഫിയായെ എതിർക്കാനുള്ള പഠിപ്പും ആർജവവും നാം സംഭരിച്ചേ തീരൂ.

പീഡനം ഏറ്റുവാങ്ങി ഒറ്റപ്പെട്ട് മുൻപോട്ടുപോകുന്ന ലൂസി സിസ്റ്റർ ചെയ്യുന്ന ഈ വലിയ ത്യാഗത്തിൻറെ ആശയഗൗരവം നാം തിരിച്ചറിയണം. യഹൂദ പുരോഹിതരാൽ പരിഹാസ്യനാക്കപ്പെട്ട യേശുവിനെപ്പോലെ ആധുനിക പുരോഹിതരാൽ സഫീറസിൻഡ്രം ബാധിച്ചവളെന്ന പരിഹാസം ഏറ്റുവാങ്ങിയ ലൂസി സിസ്റ്റർ നയിക്കുന്ന ഈ പ്രത്യക്ഷസമരം ആധുനിക നവോത്ഥാനത്തിൻറെ തറക്കല്ലാകുമെന്നതിന് സംശയം വേണ്ട. അതുകൊണ്ട് സിസ്റ്റർ ലൂസിയും മറ്റ് കന്ന്യാസ്ത്രികളും നടത്തിക്കൊണ്ടിരിക്കുന്ന സമരത്തിൻറെ അർത്ഥവ്യാപ്തി മനസ്സിലാക്കി അവരെ പ്രോത്സാഹിപ്പിക്കുകയും അവരുടെ ഈ പോരാട്ടത്തിൽ അവരോടൊപ്പം നിന്ന് വിജയിപ്പിക്കുകയും ചെയ്യേണ്ടത് വിശ്വാസികളുടെ കടമയാണ്. അത്  സഭയിൽ വിപ്ലവകരമായ ചലനങ്ങൾക്കും മാറ്റങ്ങൾക്കും പരിവർത്തനങ്ങൾക്കും കാരണമാകും. തീർച്ച.

No comments:

Post a Comment