Translate

Saturday, October 19, 2019

കെസിആർഎം നോർത് അമേരിക്ക: ഇരുപതാമത് ടെലികോൺഫെറൻസ് റിപ്പോർട്ട്




ചാക്കോ കളരിക്കൽ 

കെസിആർഎം നോർത് അമേരിക്ക ഒക്ടോബർ 09, 2019 ബുധനാഴ്ച്ച നടത്തിയ ഇരുപതാമത്‌ ടെലികോൺഫെറൻസിൻറെ റിപ്പോർട്ട് ചുവടെ കൊടുക്കുന്നു. രണ്ടരമണിക്കൂറോളം നീണ്ടുനിന്ന ആ ടെലികോൺഫെറൻസ് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തു. അമേരിക്കയിൽനിന്നും കാനഡയിൽനിന്നുമായി അനേകർ അതിൽ പങ്കെടുത്തു. ഇപ്രാവശ്യത്തെ മുഖ്യ പ്രഭാഷകൻ ന്യൂയോർക്കിൽ നിന്നുള്ള ശ്രീ ജോസഫ് പടന്നമാക്കൽ ആയിരുന്നു. വിഷയം: "പുരോഹിത മേധാവിത്വവും കന്ന്യാസ്ത്രി ജീവിതവും”

മൗനപ്രാർത്ഥനയോടെയാണ് ടെലികോൺഫെറൻസ് ആരംഭിച്ചത്. പ്രഭാഷണത്തിൻറെ ആരംഭത്തിൽ തന്നെ, ശ്രീ പടന്നമാക്കൽ നാമാരും സഭാ വിരോധികളോ സഭയെ നശിപ്പിക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവരോ അല്ലെന്നും യഥാർത്ഥ സഭാനവീകരണമാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും വ്യക്തമാക്കുകയുണ്ടായി. അദ്ദേഹത്തിൻറെ ആശയഗംഭീരമായ അവതരണം emalayaalee പോലുള്ള മാധ്യമങ്ങളിൽ ടെലികോൺഫെറൻസിൻറെ പിറ്റേദിവസം തന്നെ പ്രസിദ്ധീകരിച്ചിട്ടുള്ളതിനാൽ നിങ്ങൾക്കെല്ലാവർക്കും വായിച്ചറിയുവാനായി അതിൻറെ ലിങ്ക് ഇവിടെ കൊടുക്കുന്നു:

 https://www.emalayalee.com/varthaFull.php?newsId=196374

വിഷയാവതരണത്തിനുശേഷം സുദീർഘവും വളരെ സജീവവുമായ ചർച്ച നടക്കുകയുണ്ടായി. ചർച്ചയിലെ പ്രധാനപ്പെട്ട പോയിൻറുകൾ:

സെമിനാരി/കന്ന്യാസ്ത്രി പരിശീലനങ്ങൾ കാലോചിതമായി പരിഷ്ക്കരിക്കണം.

കന്ന്യാസ്ത്രി സഭകളിലെ ആഭ്യന്തരഭരണകാര്യങ്ങളിൽ പുരോഹിതാധിപത്യം ഉണ്ടാകാൻ പാടില്ല.

കന്ന്യാസ്ത്രികൾ പുരോഹിതരുടെയും സഭാധികാരികളുടെയും അടിമകളായിരിക്കാൻ പാടില്ല.

അനുസരണം എന്ന വൃതത്തിൻറെ മറവിൽ കന്ന്യാസ്ത്രികളെ പീഡിപ്പിക്കാൻ പാടില്ല.

കന്ന്യാസ്ത്രികളെയും കൂദാശകൾ പാരികർമ്മം ചെയ്യാൻ അനുവദിക്കണം, പ്രത്യേകിച്ച് കുമ്പസാരം എന്ന കൂദാശ.

മഹാഭൂരിപക്ഷം കന്ന്യാസ്ത്രികളും വലിയ സേവനമാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതിനെ ആദരവോടെ കാണുന്നു.

പുരുഷമേധാവിത്വം കന്ന്യാസ്ത്രികളുടെ ജീവിതം ദുരിതപൂർണമാക്കുന്നു.

കന്ന്യാസ്ത്രികളുടെ എണ്ണം കുത്തനെ കുറയുന്നു. ആ വിടവ് എങ്ങനെ നികത്തുമെന്ന ആശങ്കയും പ്രകടിപ്പിക്കുകയുണ്ടായി.

മെത്രാന്മാരും പുരോഹിതരും കന്ന്യാസ്ത്രികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നുണ്ടെന്ന് മാർപാപ്പ അടുത്ത നാളിൽ പറയുകയുണ്ടായി. ദേവദാസികളായ കന്ന്യാസ്ത്രികളെ തേവടിശ്ശികളാക്കുന്നത് കുറ്റകൃത്യവും നിന്ദ്യാർഹ്യവുമാണ്.

കന്ന്യാസ്ത്രികൾ സത്യത്തിനും നീതിക്കുംവേണ്ടി നിലകൊള്ളണം. ആദർശധീരതയുള്ള കന്ന്യാസ്ത്രികളുടെ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണം.

പുരുഷമേധാവിത്വം നിറഞ്ഞുനിൽക്കുന്ന ബൈബിൾ കാലാനുസൃതമായി മാറ്റിയെഴുതണം.

കർത്താവിൻറെ കല്പനകളെ പാലിക്കുകയും അനീതിക്കെതിരായി ശബ്ധിക്കുകയും ചെയ്യണം.

ഒക്ടോബർ 12, 2019-ൽ വഞ്ചി സ്‌ക്വയറിൽ നടക്കുന്ന 'Justice for Sr. Lucy' എന്ന സമരസമ്മേളനത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള പ്രമേയം പാസ്സാക്കി. പ്രമേയം പ്രസിദ്ധീകരിക്കാൻ ചാക്കോ കളരിക്കലിനെ കോൺഫറൻസ് ചുമതലപ്പെടുത്തി.

ഓഗസ്റ്റ് 10, 2019-ൽ ഷിക്കാഗോയിൽ വെച്ചുനടത്തിയ KCRMNA ദേശീയ സമ്മേളനത്തിൻറെ ചുരുക്കമായ ഒരു വിവരണം സംഘടനാസെക്രട്ടറി ജയിംസ് കുരീക്കാട്ടിൽ കോൺഫെറൻസിൽ സംബന്ധിച്ചവർക്ക് നൽകുകയുണ്ടായി. അമേരിക്കയിലെ വിവിധ സിറ്റികളിൽനിന്നുമുള്ളവർ ആ സമ്മേളനത്തിൽ പങ്കെടുത്തു. പരസ്പരബന്ധം ഊഷ്മളമാകാൻ ഈ ഒരുമിച്ചുകൂടൽ കാരണമായി. കാര്യമാത്രപ്രസക്തമായ പ്രഭാഷണങ്ങളും ചർച്ചകളുംകൊണ്ട് സമ്മേളനം ഗംഭീരമായിരുന്നു. ഈടുറ്റ ലേഖനങ്ങൾകൊണ്ട് നിറഞ്ഞ Souvenir-ൻറെ പ്രകാശനവും നാല്

വിശിഷ്ട വ്യക്തികൾക്ക് പ്ലാക്ക് നല്കിയും പൊന്നാടയണിച്ചുകൊണ്ടുമുള്ള ആദരിക്കലും സമ്മേളനത്തെ വർണാഭമാക്കി. ഷിക്കാഗോ സമ്മേളനം എല്ലാംകൊണ്ടും വളരെ വിജയകരമായിരുന്നുയെന്നും ഭാവിയിൽ ഇതിലും വിപുലമായ സമ്മേളനം നടത്താൻ സാധിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെടുകയുണ്ടായി. Souvenir-ൻറെ PDF അറ്റാച്ച് ചെയ്യുന്നു.

സത്യജ്വാലയെ സാമ്പത്തികമായി സഹായിക്കുന്നതിനുള്ള ചില മാർഗരേഖകളും കോൺഫെറൻസിൽ ചർച്ചചെയ്യപ്പെടുകയുണ്ടായി.

വിഷയാവതാരകാൻ ശ്രീ പടന്നമാക്കലിനും ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും മോഡറേറ്റർ ശ്രീ എ സി ജോർജ് നന്ദി രേഖപ്പെടുത്തിക്കൊണ്ട് യോഗം അവസാനിപ്പിച്ചു.

അടുത്ത ടെലികോൺഫെറൻസ് നവംബർ 06, 2019 ബുധനാഴ്ച നടത്തുന്നതാണ്. വിഷയാവതാരകൻ: ഡോ ജോസഫ് വർഗീസ് (ഇപ്പൻ)

ചാക്കോ കളരിക്കൽ

(KCRMNA പ്രസിഡണ്ട്)

No comments:

Post a Comment