Translate

Tuesday, May 2, 2017

ശുശ്രൂഷയുടെ സുവിശേഷം

ജോസഫ് പുലിക്കുന്നേൽ 

1981 മേയിൽ ഓശാന മാസികയിൽ പ്രസിദ്ധീകരിച്ച ഈ ലേഖനം ഇന്ന്‌ വളരെ പ്രസക്തമായി തോന്നുന്നതിനാൽ പുനഃപ്രസിദ്ധീകരിക്കുന്നു

ഓരോ സമൂഹത്തിനും  അതിന്റേതായ ഭരണവ്യവസ്ഥകളുണ്ട്. ഒറ്റയ്‌ക്കൊറ്റയ്ക്കായി ആദിമകാലത്ത് ജീവിച്ചിരുന്ന ജനങ്ങള്‍ സമൂഹമായി ജീവിക്കാന്‍ തുടങ്ങിയപ്പോള്‍ ആ സമൂഹജീവിതത്തില്‍ പരസ്പസംഘര്‍ഷം ഉണ്ടാകാതിരിക്കുന്നതിനായി അധികാരപരമായ ചില സംവിധാനങ്ങള്‍ കാലക്രമത്തില്‍ രൂപം കൊണ്ടു. വ്യക്തിബന്ധങ്ങളെ ചില നാട്ടുനടപ്പുകള്‍ കൊണ്ട് നിയന്ത്രിച്ചുപോന്നു. ഈ നാട്ടുനടപ്പുകള്‍ അല്ലെങ്കില്‍ സമൂഹാംഗീകാരമുള്ള നിയമങ്ങള്‍ സമൂഹത്തില്‍ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനും അവയെ നടപ്പിലാക്കുന്നതിനും അതതു സമൂഹങ്ങളില്‍ അധികാരസ്ഥാനങ്ങള്‍ ഉണ്ടായി. ഈ നിയമങ്ങളും അധികാരങ്ങളും വിവിധ ദേശങ്ങളില്‍ വൈവിധ്യമുള്ളവയായിരുന്നു. ഗ്രീസില്‍, ‘ജെറുഷ്യ’ എന്ന ജനപ്രധാനികളുടെ സംഘവും റോമില്‍ ‘സെനറ്റ്’ എന്ന പേരില്‍ ഉള്ള ഒരു ജനപ്രതിനിധിസംഘവും സമൂഹത്തില്‍ അധികാരം ഭരിക്കുന്നവരായിത്തീര്‍ന്നു. ഇന്‍ഡ്യയില്‍ തറക്കൂട്ടങ്ങളും പൂര്‍വ്വകാലപഞ്ചായത്തുകളും ഇതിന് ഉദാഹരണങ്ങളാണ്. പിന്നീട് രാജവ്യവസ്ഥിതിയും ചിലയിടങ്ങളില്‍ സ്ഥാപിതമായി. ഏതായാലും അതതു  സമൂഹങ്ങളുടെ അടിസ്ഥാനസ്വഭാവം അനുസരിച്ചായിരുന്നു ഇത്തരം  ഭരണസംവിധാനങ്ങളുടെ ക്രോഡീകരണം. ഇത് ഒരു ദിവസംകൊണ്ടോ ഒരു നിയമംകൊണ്ടോ സ്ഥാപിക്കപ്പെട്ടവയായിരുന്നില്ല. നൂറ്റാണ്ടുകള്‍കൊണ്ട് രൂപംകൊണ്ടവയായിരുന്നു അവ.
ക്രിസ്തു ഒരു യഹൂദനായിരുന്നു. പഴയനിയമത്തില്‍ യഹുദരുടെ സാമൂഹ്യജീവിതത്തിന്റെ വികാസത്തെക്കുറിച്ചുള്ള വിവരണം കാണാം. ആദിമ കാലത്ത് ഗോത്രവ്യവസ്ഥിതിയും പിന്നീട് ന്യായാധിപന്മാരുടെ ഭരണവും തുടര്‍ന്ന് രാജഭരണവും ഇസ്രായേല്യര്‍ സ്വീകരിച്ചിരുന്നു. ഈജിപ്തിലെ പ്രവാസകാലത്ത് ഇസ്രായേല്‍ സമൂഹത്തിന്റെ സാമൂഹ്യഘടന പൂര്‍ണ്ണമായും നഷ്ടപ്പെട്ടു. ഈജിപ്തിന്റെ അടിമത്തത്തില്‍നിന്നും രക്ഷപ്പെട്ട് പാലസ്തീനില്‍ എത്തിയ യഹൂദര്‍ക്ക് പുതിയ ഒരു സമൂഹഘടനയുടെ സൃഷ്ടി ആവശ്യമായിത്തീര്‍ന്നു. ഈജിപ്തില്‍നിന്നും ഇസ്രായേല്യരെ വിമോചിപ്പിച്ച മോശയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന ഏറ്റവും വലിയ പ്രശ്‌നം വിമോചിതജനതയ്ക്ക് ഒരു പുതിയ സാമൂഹ്യഘടനയും ഭരണസമ്പ്രദായവും സൃഷ്ടിക്കുക എന്നതായിരുന്നു. മോശയുടെ കാലത്ത് ഇസ്രായേലിയ സമൂഹത്തില്‍ അധികാരസ്ഥരായിരുന്നവരെ മൂപ്പന്മാര്‍ (elders) എന്നാണ് വിവരിക്കപ്പെട്ടിരിക്കുന്നത്. മോശയോടെ യഹോവാ അരുളിച്ചെയ്യുന്നത് ഈജിപ്തില്‍ ചെന്ന് ഇസ്രായേല്‍ മൂപ്പന്മാരെ വിളിച്ചുകൂട്ടി തന്റെ കല്പന അറിയിക്കണമെന്നാണ്. (പുറ. 3:13) മോശ ദൈവത്താല്‍ നിയോഗിക്കപ്പെട്ട ആളായിരുന്നുവെങ്കിലും ദൈവാഭീഷ്ടം ഇസ്രായേലിലെ ജനങ്ങളെ അറിയിച്ചത് മൂപ്പന്മാരിലൂടെയായിരുന്നു. (പുറ:12:21, 17:5, 18:12, 24:1) ഇസ്രായേല്‍ സമൂഹത്തിന്റെ ഭരണകര്‍ത്താക്കള്‍ മൂപ്പന്മാരിയിരുന്നുവെന്ന് പഴയനിയമത്തില്‍ വളരെ വ്യക്തമാണ്. (നടപടി 4:8) പഴയനിയമത്തില്‍ മോശയ്ക്കുമുന്‍പ് ഇസ്രായേലിയര്‍ക്ക് പുരോഹിതന്മാര്‍ എന്ന ഒരു വിഭാഗം ഉണ്ടായിരുന്നില്ല. ദൈവത്തിന് ബലിയര്‍പ്പിച്ചിരുന്നത് ഓരോ ഗോത്രത്തിന്റെയും തലവന്മാരായിരുന്നു. മോശയുടെ കാലത്താണ് പുരോഹിതപ്രധാനമായ ഒരു സമൂഹം കെട്ടിപ്പടുക്കപ്പെട്ടത്. തന്റെ സഹോദരനായ അഹറോനെ മഹാപുരോഹിതനായി നിയമിച്ചു മഹാപുരോഹിതത്വം ലേവീഗോത്രത്തില്‍ നിക്ഷിപ്തമാക്കി. ദൈവപ്രീണനത്തിനായുള്ള ബലിസംവിധാനങ്ങളും മോശെ നിര്‍ദ്ദേശിച്ചു. എന്നാല്‍ കാലക്രമത്തില്‍ പുരോഹിതന്റെ പ്രാധാന്യം കാണെക്കാണെ കുറഞ്ഞുവരുന്നതായി പഴയനിയമത്തില്‍ കാണാം. ഇസ്രായേല്‍ ജനതയ്ക്ക് എല്ലാംകൂടി ഒരു മഹാപുരോഹിതനേ ഉണ്ടായിരുന്നുള്ളൂ. മനുഷ്യപാപത്തിനുവേണ്ടിയുള്ള ബലിയര്‍പ്പണവും ജെറുസേലം ദേവാലയത്തില്‍ മാത്രമാണ് നടന്നിരുന്നത്. യഹൂദര്‍ ദേവാലയമായി കരുതിയിരുന്നത്. ജെറുസലേം ദൈവാലയം മാത്രമായിരുന്നു. മറ്റു പ്രാര്‍ത്ഥനാസമ്മേളനസ്ഥലങ്ങള്‍ കേവലം സിനഗോഗുകള്‍ മാത്രമായിരുന്നു. ഈ സിനഗോഗുകളില്‍ ബലി അര്‍പ്പിക്കപ്പെട്ടിരുന്നില്ല. ക്രിസ്തുസംഭവകാലത്ത് സിനഗോഗുകളില്‍ നേതൃത്വം നല്‍കിയിരുന്നവര്‍ മൂപ്പന്മാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. ( മാത്യു 21:23, ലൂക്കാ 22:26, മാത്യു 26:47, 27:1 നടപടി 6:12) അന്ന് ഇസ്രായേല്‍ സിനഗോഗുകളുടെ ഭരണം ഈ മൂപ്പന്മാരിലായിരുന്നു അര്‍പ്പിതമായിരുന്നത്. ക്രിസ്തു പുരോഹിതാധിപത്യമുള്ള ഒരു സമൂഹത്തെ സ്ഥാപിക്കുക ഉണ്ടായതായി ഒരു തെളിവുമില്ല. മൂപ്പന്‍ (elder) എന്ന പദത്തിന് പുരോഹിതന്‍ എന്ന അര്‍ത്ഥം ഒരിക്കലും ഉണ്ടായിരുന്നുമില്ല. പുതിയനിയമത്തില്‍ ഒരിടത്തും അപ്പസ്‌തോലന്മാര്‍ സ്വയം പുരോഹിതരെന്ന് വിവരിച്ചിട്ടുമില്ല. പത്രോസ് തന്നെക്കുറിച്ചു പറയുന്നത് മൂപ്പന്‍ എന്നാണ്. (1 പത്രോസ് 5:11) ആദിമസഭ അന്ന് യഹൂദസമുദായത്തില്‍ നിലവിലുണ്ടായിരുന്ന ഘടനയെയാണ് സ്വീകരിച്ചത്. അന്ന് നിലവിലുണ്ടായിരുന്ന യഹൂദസമൂഹഘടന അനുസരിച്ച് മൂപ്പന്മാര്‍ പ്രമുഖരായിരുന്നു. അതുകൊണ്ടാണ് ആദിമസഭയില്‍ മൂപ്പന്മാര്‍ പ്രധാനരായിത്തീര്‍ന്നത്.
ലൂക്കാ 20:1 ല്‍ ഇങ്ങനെ കാണുന്നു. “One day as he was teaching the people in the temple and preaching the gospel the chief priests and the scribes with the elders came up and said to him” ഈ വാചകത്തിലുള്ള elders എന്ന പദം ”പ്രമാണി” എന്നാണ് പി. ഒ.സി.യും സാന്‍ജോസും തര്‍ജ്ജമ ചെയ്തിട്ടുള്ളത്. മാണിക്കത്തനാര്‍ മൂപ്പനെന്നും, ഇവിടെ പുരോഹിതരും മൂപ്പന്മാരും വ്യത്യസ്തരായാണ് പരിഗണിക്കപ്പട്ടുപോന്നത്. പത്രോസ് 1:5 ല്‍ പത്രോസ് സ്വയം മൂപ്പനെന്നു വിവരിക്കുമ്പോള്‍ പുരോഹിതസ്ഥാനത്തെ നിരാകരിക്കുകയാണ് ചെയ്തത്.
ആദിമക്രൈസ്തവ സമൂഹത്തില്‍ ക്രിസ്തുവിനെ മഹാപുരോഹിതനായി ആണ് കണക്കാക്കപ്പെട്ടിരുന്നത്. (എബ്രായ 7:12) വിശുദ്ധ പൗലോസ് എബ്രായര്‍ക്ക് എഴുതിയ ലേഖനത്തില്‍ ഉടനീളം ക്രിസ്തുവിന്റെ പ്രധാന പൗരോഹിത്യത്തെക്കുറിച്ചുള്ള വിവരണമാണ്. ”നടപടി” യിലോ ”ലേഖന” ങ്ങളിലോ ഒന്നും ശിഷ്യന്മാര്‍ ബലിയര്‍പ്പിച്ചതായോ സൂചനപോലുമില്ല. നിര്‍ഭാഗ്യവശാന്‍ പല മലയാളം തര്‍ജ്ജമകളിലും മൂപ്പന്‍ എന്ന പദത്തിന് വൈദികന്‍ എന്ന് തെറ്റായി തര്‍ജ്ജമ ചെയ്തു എന്നത് ഖേദകരമാണ്. ഉദാ: തോമസ് മൂത്തേടന്‍.
യഹൂദസമൂഹം തിരഞ്ഞെടുക്കപ്പെട്ട സമൂഹമാണെന്ന് സ്വയം വിശ്വസിച്ചിരുന്നു. തന്മൂലം മറ്റുള്ളവരെ തങ്ങളുടെ വിശ്വാസങ്ങളേക്കുറിച്ച് പ്രഖ്യാപിച്ചും പ്രചാരണം നടത്തിയും തങ്ങളുടെ ജാതിയിലേയ്ക്ക് ചേര്‍ക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. എന്നാല്‍ ക്രിസ്തു സംഭവത്തിനുശേഷം ഒരു പുതിയ സന്ദേശം ശിഷ്യന്മാര്‍ക്ക് പ്രചരിപ്പിക്കേണ്ടിവന്നു. ഈ സന്ദേശത്തെ അവികലമായി പ്രചരിപ്പിക്കുക എന്നുള്ളതായിരുന്നു അവരുടെ കടമ. ആദിമസഭയില്‍ അപ്പസ്‌തോലന്മാര്‍ പ്രധാനമായി കരുതിയത് അവികലമായ വചനപ്രബോധനമായിരുന്നു. എന്നാല്‍ ചിലര്‍ യഥാര്‍ത്ഥമായ സുവിശേഷപ്രബോധനങ്ങളെ ഉപേക്ഷിച്ച് മറ്റു പലതും പഠിപ്പിക്കുവാന്‍ തുടങ്ങി. ”ക്രിസ്തുവിന്റെ കൃപയില്‍ നിങ്ങളെ വിളിച്ചവനെ നിങ്ങള്‍ ഇത്ര പെട്ടെന്ന് ഉപേക്ഷിക്കുകയും വ്യത്യസ്തമായ ഒരു സുവിശേഷത്തിലേയ്ക്കു തിരിയുകയും ചെയ്യുന്നതില്‍ എനിക്ക് ആശ്ചര്യം തോന്നുന്നു. വാസ്തവത്തില്‍ മറ്റൊരു സുവിശേഷമില്ല: എന്നാല്‍, നിങ്ങളെ ഉപദ്രവിക്കാനും ക്രിസ്തുവിന്റെ സുവിശേഷത്തെ ദുഷിപ്പിക്കാനും ആഗ്രഹിക്കുന്ന കുറെ ആളുകളുണ്ട്. ഞങ്ങള്‍ നിങ്ങളോട് പ്രസംഗിച്ചതില്‍ നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍ നിന്ന് ഒരു മാലാഖ തന്നയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങള്‍ നേരത്തേ നിങ്ങളോടും പറഞ്ഞ പ്രകാരം തന്നെ ഇപ്പോഴും ഞാന്‍ പറയുന്നു. നിങ്ങള്‍ സ്വീകരിച്ചിട്ടുള്ളതല്ലാതെ മറ്റൊരു സുവിശേഷം ആരെങ്കിലും നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനകാട്ടെ!” (ഗലാ:1:6-9) ഇത്തരുണത്തിലാണ് വചനപ്രബോധനത്തിന് മേലന്വേഷണം നടത്തുവാന്‍ ആളുകളെ നിയമിക്കേണ്ടി വന്നത്.
തീത്തോസിന്റെ ലേഖനത്തില്‍ 3:1-ല്‍ എപ്പിസ്‌കോപ്പോസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ലിഡല്‍ ആന്‍ഡ് സ്‌കോട്‌സ് (Liddel and Scotts) A Greek English Lexican. (19th edition 1968 Page 657) എപ്പിസ്‌കോപ്പോസ് എന്ന പദത്തിന് കൊടുത്ത അര്‍ത്ഥം One who watch over, overseer, Guardian, എന്നിങ്ങനെയാണ്. അതായത് കാര്യവിചാരിപ്പുകാരന്‍ എന്ന്. സഭകളിലെ പ്രബോധനങ്ങള്‍ അവികലമാണോ എന്ന് അന്വേഷിക്കുന്നതിന് നിയോഗിക്കപ്പെട്ടവരെപ്പറ്റി ആണ് ഈ പരാമര്‍ശം. അല്ലെങ്കില്‍ മൂപ്പന്‍, യഹൂദാ സമൂഹത്തില്‍ അനുഷ്ഠിച്ചിരുന്ന കടമകള്‍, ക്രൈസ്തവ സഭാസമൂഹത്തില്‍ നിര്‍വഹിക്കുന്ന ആളെ ആണ് എപ്പിസ്‌കോപ്പോയ് എന്ന പദംകൊണ്ട് ഉദ്ദേശിച്ചിരിക്കുന്നത്. നിര്‍ഭാഗ്യവശാന്‍ പല മലയാളം തര്‍ജ്ജമകളിലും അര്‍ത്ഥഭേദം വരുത്തിയാണ് തീത്തോസിന്റെയും തീമോത്തിയോസിന്റെയും ലേഖനങ്ങള്‍ ചേര്‍ത്തിരിക്കുന്നത്. പി. ഒ.സി.യും സാന്‍ജോസും മൂത്തേടനും അതിനെ ”മെത്രാന’ ന്നും മാണിക്കത്തനാര്‍ ”ഒരു പുരോഹിത’ നെന്നും ഈ പദത്തിന് തര്‍ജ്ജമ കൊടുത്തിട്ടുണ്ട്. ഈ നാലു തര്‍ജ്ജമയും തെറ്റും വഴി തെറ്റിക്കുന്നതും ആണ് എന്നാണ് എന്റെ വിനീതമായ അഭിപ്രായം. എപ്പിസ്‌കോപ്പാസ് എന്ന പദത്തിന് പുരോഹിതന്‍ (Priest) എന്ന് അര്‍ത്ഥം ഇല്ലതന്നെ. എന്ന പദത്തിന് ഹീബ്രുവില്‍ Kohn എന്നും ഗ്രീക്കില്‍  Hierues എന്നും ആണ് പദം. അപ്പോള്‍ എപ്പിസ്‌കോപ്പോസ് എന്ന പദത്തിന് പുരോഹിതന്‍ എന്നോ പുരോഹിതശ്രഷേഠസ്ഥാനീയനായ മെത്രാന്‍ എന്നോ അര്‍ത്ഥം കല്പിക്കുക സാദ്ധ്യമല്ല. അതുപോലെ തന്നെ തെത്തൂസ് 1-ല്‍ elder എന്ന പദമാണ് ഉപയോഗിച്ചിരുന്നത്. ഇതേ പദം തന്നയാണ് പത്രോസ് 1:5-ല്‍  ഉപയോഗിച്ചിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ ഈ പദത്തിന് മാണിക്കത്തനാര്‍ പുരോഹിതന്നെന്നും സാന്‍ജോസ് സഭാപ്രമാണി എന്നും പി.ഓ.സി സഭാശ്രേഷ്ഠന്‍ എന്നും മൂത്തേടന്‍ പുരോഹിതന്‍ എന്നും തര്‍ജ്ജമ ചെയ്തിരിക്കുന്നു. ഇവിടെ പുരോഹിതപദം പൂര്‍ണ്ണമായും വര്‍ജ്ജിക്കേണ്ടതായിരുന്നു.
അതുപോലെതന്നെ 1 തിമോത്തി: 3:8-ല്‍ ഡയക്കോനാസ് എന്ന പദമാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പദത്തിന്റെ അര്‍ത്ഥം ശുശ്രൂഷകന്‍ എന്നാണ്. ആദിമകാലത്ത് വചനപ്രബോധനങ്ങള്‍ക്ക് മേലന്വേഷണം നടത്തുകയും വചനപ്രബോധനം നടത്തുകയും ചെയ്യുന്നവരായിരുന്നു മേലന്വേഷകന്‍. എന്നാല്‍ ഓരോ സഭാസമൂഹത്തിനെയും ശുശ്രൂഷിക്കുന്നതിനുവേണ്ടിയിട്ടുള്ളവരും ആ സമൂഹത്തില്‍ ഉണ്ടായിരുന്നു. വചനപ്രബോധനത്തെ സഭയുടെ ഭൗതികകാര്യവിചാരത്തില്‍ നിന്ന് വേര്‍തിരിച്ചെടുത്തത് ശ്‌ളീഹന്മാര്‍ തന്നെയാണ്. (നടപടി 6:1-4)
മെത്രാന്‍, ഡീക്കന്‍ മുതലായ പദങ്ങള്‍ക്ക് ഇന്ന് നിയമപരമായ ചില അര്‍ത്ഥങ്ങളുണ്ട്. ഈ സ്ഥാനങ്ങള്‍ ആദിമസഭയില്‍ ഉണ്ടായിരുന്നവയല്ല. തിഡോഷ്യസ് ചക്രവര്‍ത്തിയുടെ കാലത്ത് റോമാസാമ്രാജ്യത്തെ പ്രൊവിന്‍സുകള്‍ എന്നും ഡയോസിസുകള്‍ എന്നും വിഭജിക്കുകയുണ്ടായി. ആദിമസഭയില്‍ ഭൂമിശാസ്ത്രപരമായ ഭരണവിഭജനം ഉണ്ടായിരുന്നില്ല. വിശ്വാസികളുടെ ഓരോ കൂട്ടങ്ങളും പ്രാദേശിക സഭകളായി പ്രവര്‍ത്തിച്ചു വന്നു. ഭൂമിശാസ്ത്രപരമായ സഭാഭരണ വിഭജനം റോമാസാമ്രാജ്യത്തില്‍ നിന്നും കടമെടുത്തതാണ്. സഭാഭരണരംഗത്ത് ഭൂമിശാസ്ത്രപരമായ വിഭജനം വന്നതോടുകൂടിയാണ് മെത്രാന്‍സ്ഥാനം കോണ്‍സ്റ്റെന്റൈന്‍ ചക്രവര്‍ത്തിക്കുശേഷം ഒരു ഭരണാധികാര സ്ഥാനം കൂടിയായിത്തീര്‍ന്നു. മഹാനായ ഗ്രിഗറി (590-604) മാര്‍പ്പാപ്പായുടെ കാലം മുതല്‍ ഫ്രാന്‍സിലെ പെപ്പിന്‍ ചക്രവര്‍ത്തിയുടെ കാലംവരെ തന്ത്രപരമായ കരുനീക്കങ്ങള്‍ മൂലം റോമന്‍ ബിഷപ്പ് രാജാധികാരം കൈയടക്കി. അങ്ങനെയാണ് രാജാധികാരം പ്രഭാവത്തോടു കൂടിയ മെത്രാന്മാര്‍ സഭയില്‍ സ്ഥാനം പിടിച്ചത്.
ഓരോ സമൂഹസമ്പ്രദായത്തിലും ഓരോ സ്ഥാനങ്ങള്‍ക്കും അതിന്റെ നിയതാര്‍ത്ഥങ്ങളുണ്ട്. ആദിമക്രിസ്തുസഭയില്‍ എപ്പിസ്‌കോപ്പോസ് എന്ന പദം കൊണ്ട് ഉദ്ദേശിച്ചിരുന്ന സ്ഥാനത്തെയല്ല ഇന്നത്തെ മെത്രാന്‍പദം കൊണ്ട് സൂചിതമാകുന്നത്.  ഇന്നു കാണുന്ന രാജകീയ മെത്രാന്‍സ്ഥാനം 1 തിമോത്തി 3-ാം ലേഖനത്തില്‍ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതിനേക്കാള്‍ എത്രയോ വിപുലവും ശക്തവുമാണ്. മെത്രാന്‍ പദം ഇന്നു നമുക്കു നല്കുന്ന അര്‍ത്ഥബോധം ആദിമ സഭയിലെ എപ്പിസ്‌കോപ്പസ് പദം ഒരിക്കലും ഉദ്ദേശിച്ചിരുന്നതല്ല. ക്രിസ്തു താന്‍ സ്ഥാപിച്ച കൂട്ടായ്മയില്‍ ഉണ്ടാവണമെന്ന് ഉദ്ദേശിച്ചിരുന്ന അധികാരം പുറജാതിക്കാരുടെ (റോമാക്കാരുടെ) അധികാരസ്ഥാനമായിരുന്നില്ല എന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ വളരെ വ്യക്തമാണ്. ഒന്നാമനാകാന്‍ ആഗ്രഹിക്കുന്ന ആള്‍ ദാസനായിരിക്കണം എന്നുള്ള ക്രിസ്തുവിന്റെ കല്പന (മത്തായി 20:25-28) (മര്‍ക്കോസ് 10:42-45) യുടെ നിഷേധമാണ് ഇന്നു കാണുന്ന രാജകീയ മെത്രാന്‍ സ്ഥാനം. റോമന്‍ സാമ്രാജ്യത്തിലെ പ്രാദേശിക പ്രഭുക്കന്മാരുടെ അധികാരങ്ങളെ സഭാ കൂട്ടായ്മയിലേയ്ക്ക് നിവേശിപ്പിച്ച് കെട്ടിപ്പടുത്ത മെത്രാന്‍ സ്ഥാനം സുവിശേഷാനുസരണം ഉള്ളതാണ് എന്നു പറയാന്‍ വിഷമമുണ്ട്. എപ്പിസ്‌കോപ്പോസ് എന്ന പദം കൊണ്ട് ഉദ്ദേശിക്കപ്പെട്ടിരിക്കുന്ന പ്രബോധനത്തിനുള്ള മേലന്വേഷണസ്ഥാനം, ഭരണാധികാപരമായ മേലന്വഷണമായി ഇന്നു മാറിയിരിക്കുന്നു. അതുകൊണ്ട് എപ്പിസ്‌കോപ്പോസ് എന്ന പദത്തിന് പുരോഹിതന്‍ എന്നും മെത്രാനെന്നുമുള്ള തര്‍ജ്ജമ സുവിശേഷം വിഭാവന ചെയ്യുന്ന അര്‍ത്ഥം ദ്യോതിപ്പിക്കുന്നില്ല.നിര്‍ഭാഗ്യവശാല്‍ പല തര്‍ജ്ജമകളും മേലന്വേഷണ പദത്തിന് മെത്രാന്‍, പുരോഹിതന്‍ മുതലായ പദങ്ങള്‍ ഉപയോഗിക്കുന്നതുകൊണ്ട് സുവിശേഷാധിഷ്ഠിതമായ അര്‍ത്ഥകല്‍പ്പനകള്‍ക്കുപകരം ആധുനികമായ സഭാഘടനകള്‍ക്കുള്ള സാധൂകരണം നേടുകയാണ് ചെയ്യുന്നത് എന്നു പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു. 1: തിമോ: 3:8 വാക്യത്തില്‍ ഉപയോഗിച്ചിരിക്കുന്ന ഗ്രീക്കുപദം ഡയക്കോണിയോസ് എന്നാണ് ഇതിനര്‍ത്ഥം ശുശ്രൂഷകന്‍ എന്നാണ്. ഇതേ പദം റോമ: 16:1-ലും പൗലോസ് ഉപയോഗിക്കുന്നത്. പി. ഓ.സി.യുടെ വിവര്‍ത്തനത്തില്‍ ഈ രണ്ടു സ്ഥലങ്ങളിലും ശുശ്രൂഷകന്‍ എന്നാണ് തര്‍ജ്ജമ ചെയ്തിരിക്കുന്നത് എന്നു കാണാം. ”കെങ്കറെയിലെ സഭയില്‍ ശുശ്രൂഷികയായ നമ്മുടെ സഹോദരി ഫോയ്‌ബെയെ നിങ്ങള്‍ക്കു ഞാന്‍ ഭരമേല്പിക്കുന്നു.” (പി.ഓ.സി. റോമ:16:1) പുതിയ ഉടമ്പടിയുടെ ശുശ്രൂഷകന്‍ പി.ഓ.സി.യുടെ വിവര്‍ത്തനത്തിലെ ഡീക്കന്‍ എന്ന പദവി മൂത്തേടന്റെ വിവര്‍ത്തനത്തിലെ 6-ാം പട്ടക്കാരന്‍ എന്ന പദവും ഇന്ന് സഭാഘടനയിലുള്ള നിയതമായ അര്‍ത്ഥത്തോടുകൂടിയ സ്ഥാനമാണ്. തന്മൂലം പൗലോസ് ഉപയോഗിച്ച ശുശ്രൂഷകന്‍ എന്ന പൊതു അര്‍ത്ഥത്തെ ആധുനിക സഭാഘടനയിലെ ഒരു സ്ഥാനമായി ഈ തര്‍ജ്ജമകളില്‍ സങ്കുചിതപ്പെടുത്തുന്നു. ക്രിസ്തുവിന്റെ സുവിശേഷം ശുശ്രൂഷയുടെ സുവിശേഷമാണ്. മാനുഷികമായ അധികാരത്തിന്റെ സുവിശേഷമല്ല. ക്രിസ്തു തന്നെ പറയുന്നു. മനുഷ്യപുത്രന്‍ ശുശ്രൂഷിക്കപ്പെടുവാനല്ല ശുശ്രൂഷിക്കുവാനാണ് ആഗതനായത്. അപ്പോള്‍ ആദിമ സഭയിലെ ശുശ്രൂഷകന്‍ അധികാരമില്ലാത്തവനും ക്രിസ്തുവിലുള്ള സ്‌നേഹകടകമള്‍ മാത്രം നിര്‍വ്വഹിക്കാന്‍ തയ്യാറുള്ളവനുമാണ്. സുവിശേഷത്തിലൊരിടത്തും 1-ഉം 2-ഉം -6ഉം പട്ടത്തെക്കുറിച്ചൊന്നും ഒരിടത്തും കാണുന്നില്ല. ഇവയെല്ലാം നൂറ്റാണ്ടുകള്‍ക്കുശേഷം ഉരുത്തിരിഞ്ഞ ഘടനാപരമായ വ്യവസ്ഥയാണ്.
http://www.josephpulikunnel.com/a250416.html

No comments:

Post a Comment