Translate

Sunday, July 21, 2013

മെത്രാന്മാര്ക്ക് ഇരിപ്പുറയ്ക്കുന്നില്ല...

ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ ഒരു പ്രമുഖ വാര്‍ത്താചാനലായ ഇന്ത്യ  വിഷനില്‍ വന്ന ഒരു വാര്‍ത്താവലോകനം കേട്ട്  വാസ്തവത്തില്‍ ഞെട്ടിപ്പോയി. ചിന്തിക്കുന്ന അത്മായരുടെ വിചാരങ്ങളും വികാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു വേദിയായതു കൊണ്ട് അത്മായാശബ്ദം വായനക്കാരുമായി ഈ അവലോകനം  ഞാന്‍ പങ്കുവെയ്ക്കട്ടെ. പാലായുടെ പ്രിയ മെത്രാന്‍ മാര്‍ കല്ലറങ്ങാട്ടിന്‍റെ നേതൃത്വത്തിലുള്ള സീറോ മലബാര്‍ ഡോക്ട്രൈനല്‍ കമ്മിഷന്‍ പുറത്തിറക്കിയ വിശ്വാസ സംരക്ഷണ രേഖയുടെ വിശദാംശങ്ങളാണ് ചാനല്‍ പുറത്തു വിട്ടത്. വിശ്വാസ ജീവിതത്തിലെ വ്യതിചലനങ്ങളും പരിഹാര മാര്ഗ്ഗങ്ങളുമാണ് രേഖയുടെ കാതല്‍. വിശ്വാസ ജീവിതത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ സമഗ്രമായി പരാമര്‍ശിക്കുന്ന,  മെത്രാന്‍ സിനഡില്‍ അവതരിപ്പിച്ച പ്രസ്തുത  രേഖയിലുളള, ക്രിസ്തുവിനെ ഭാരതീയനാക്കുകയല്ല പകരം ഭാരതത്തെ ക്രിസ്തീയമാക്കുകയാണ് നമ്മുടെ വലിയ ലക്ഷ്യമെന്നുള്ള പ്രഖ്യാപനമാണ് ചാനല്‍ ഹൈലൈറ്റ് ചെയ്തത്. അതിനനുകൂലമായിരിക്കണം നാം ചെയ്യുന്നതെല്ലാമെന്നും രേഖ ആവശ്യപ്പെടുന്നുവെന്ന്  ചാനല്‍ പറഞ്ഞു.

കത്തോലിക്കാ പ്രസ്ഥാനങ്ങളില്‍ നിന്നും വിശ്വാസികളെ വ്യതിചലിപ്പിക്കുന്ന പ്രസ്ഥാനങ്ങളെ പേരെടുത്തു പരാമര്‍ശിച്ചിരിക്കുന്ന ഈ രേഖയുടെ പശ്ചാത്തലത്തില്‍  ലഭിച്ച സീറോ  മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്‍റെ വിശദീകരണവും ലൈവായി  ചാനല്‍ പ്രദര്‍ശിപ്പിച്ചു. അതില്‍ അദ്ദേഹം പറയുന്നു, ‘സമയങ്ങള്‍ ശരിയാണോ, സാഹചര്യം നല്ലതാണോ, കല്യാണം എപ്പോ നടത്താന്‍ പറ്റും തുടങ്ങിയ വളരെ അന്ധവിശ്വാസ പരമായ കാര്യങ്ങളില്‍ വിശ്വാസികള്‍ വ്യാപകമായി ഏര്‍പ്പെടുന്നു.’ ഇടവകകളിലെ അജപാലന  കാര്യങ്ങളില്‍ സംഭവിക്കുന്ന നിര്‍ജ്ജിവത്വമാണ് വിഘടന ചിന്തകളിലേക്ക് വിശ്വാസികളെ  നയിക്കുന്ന പ്രധാന കാരണം എന്ന് രേഖ വിലയിരുത്തുന്നു. ഇതൊഴിവാക്കാന്‍ മുതിര്‍ന്നവരുടെ മതബോധനം കാര്യക്ഷമമാക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നു. സഭയുടെ സ്വത്തുക്കള്‍ മുഴുവന്‍ സ്ഥാവര  സ്വത്തുക്കള്‍ രൂപീകരിക്കുന്നതിന് വിനിയോഗിക്കാതെ ഇരുപത്തഞ്ചു ശതമാനം എങ്കിലും വിശ്വാസ സംരക്ഷണത്തിനു വേണ്ടി ഉപയോഗിക്കണമെന്നും രേഖ ശുപാര്‍ശ ചെയ്യുന്നുണ്ട്. ആദ്ധ്യാത്മികത അന്വേഷിച്ചു വിശ്വാസികള്‍ ധ്യാനകേന്ദ്രങ്ങളെ സമീപിക്കുന്നതും രേഖ ഗൌരവമായി കാണുന്നു.

ഇന്ത്യ വിഷന്‍റെ ഈ വാര്‍ത്താക്കുറിപ്പിന്‍റെ ക്ലിപ്പ് ഫെയിസ്  ബുക്കില്‍ വന്നതും കാണാന്‍ ഇടയായി. ഞങ്ങളുടെ ലക്‌ഷ്യം ഭാരതീയരെ  മുഴുവന്‍ ക്രിസ്ത്യാനികളാക്കുകയാണെന്ന് അസന്നിഗ്ദമായി പ്രഖ്യാപിച്ച ഈ കുറിപ്പിനെ വിമര്‍ശിച്ചു കൊണ്ട് അനേകരാണ് കുറിപ്പെഴുതിയത്. അതില്‍ സഭ്യമായ  വാക്കുകള്‍ മാത്രം ഉള്ള ഏതാനും കുറിപ്പുകള്‍ ഇതാ:

"കത്തോലിക്ക സഭയുടെ പ്രഖ്യാപിത ലക്ഷ്യം ഭാരതത്തിന്‍റെ ക്രിസ്തീയവത്കരണം. മറ്റുമതവിശ്വാസികളെ വർഗ്ഗീയവാദികൾ എന്ന് മുദ്രചാർത്തി ആട്ടിൻതോലണിഞ്ഞ് നടക്കുന്ന വർഗ്ഗത്തിന്‍റെ തനിനിറം കാണുക !!!”

"വര്ഗ്ഗീയതയില്ലാത്ത നമ്മുടെ നാട്ടില്‍ വര്ഗ്ഗീയത വളര്‍ത്തുന്ന ഇത്തരം തെമ്മാടികളെ തല്ലിക്കൊല്ലണം”

"നാളെ തന്നെ ഭാരതം ക്രിസ്തുവിനെ ഏല്‍പ്പിക്കാം .... എന്നിട്ട് അങ്ങേര്‍ക്കു പകരം നമ്മള്‍ ഹിന്ദുക്കള്‍ എല്ലാവര്ക്കും കുരിശില്‍ കയറി ക്കിടക്കാം.”

People who are obsessed with such Utopian Dreams would need to understand that Bharat Dharma is Sanatana – meaning eternal. We sympathize those men born in this great land who insisted of upholding its culture and tradition have fallen prey to crooked intentions of the propagators of Semetic Religion.”

ഒരു വലിയ വര്ഗ്ഗീയ വിപ്ലവത്തിന് വഴിമരുന്നിട്ടിട്ട് മാറി നിന്ന് ചിരിക്കുന്ന പിതാക്കന്മാരും കമ്മിഷനംഗങ്ങളും ഈ വാര്‍ത്ത കേള്‍ക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മിഷനറിവൈദികരുടെ ദയനീയ സ്ഥിതികൂടി കണക്കിലെടുത്തിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. 79 വയസ്സുള്ള എന്‍റെ സ്വന്തം ജേഷ്ഠസഹോദരന്‍ ഒറിസ്സായിലെ യാതൊരു സൌകര്യങ്ങളുമില്ലാത്ത ഒരു ഉള്ഗ്രാമത്തില്‍ പ്രവൃത്തിക്കുന്ന SVD വൈദികനാണ്. ഫോണ്‍, വൈദ്യുതി, പോസ്റ്റ്‌ ഓഫിസ് മുതലായ യാതൊരു സൌകര്യങ്ങളും അവിടില്ല. ഊണും ഉറക്കവും ഉപേക്ഷിച്ച് അവിടെ പാവങ്ങളുടെ ഉന്നമനത്തിനു വേണ്ടി അവര്‍ പ്രവര്‍ത്തിക്കുന്നു. ഫ്രാന്‍സിസ് മാര്‍പ്പാപ്പാ പറഞ്ഞതുപോലെ അവര്‍ യേശുവിനു സാക്ഷ്യം വഹിക്കുകയാണ് ചെയ്യുന്നത്, അല്ലാതെ മത പരിവര്‍ത്തനം നടത്തുകയല്ല. മറ്റു മതസ്ഥര്‍ക്ക് രക്ഷയില്ലെന്നു കരുതരുത് എന്ന് മാര്‍പ്പാപ്പാ തന്നെ അടുത്തയിടെ നടത്തിയ പ്രസ്ഥാവനയെങ്കിലും കല്ലറങ്ങാട്ട്  കേട്ടിരിക്കേണ്ടതായിരുന്നു. മാത്രമല്ല, യേശു പഠിപ്പിച്ച മൂല്യങ്ങള്‍ അതിന്‍റെ തനിമയില്‍ പ്രഘോഷിക്കുന്നത് തന്നെയാണ് ഭാരതീയ ആദ്ധ്യാത്മികത. ഒരു രാജ്യം പോയിട്ട് ഒരു ഇടവക പോലും ഈ രീതിയില്‍ പരിവര്‍ത്തനം ചെയ്യാന്‍ ഇവര്‍ക്ക് സാധിക്കില്ലെന്നത് മറ്റൊരു വസ്തുത. ഇവിടെ നാലുനേരവും മൂക്ക് മുട്ടെ ആഹാരവും കഴിച്ചു കാറിലും വിമാനത്തിലും കറങ്ങി നടക്കുന്ന മേലാളന്മാര്‍ ദരിദ്രരുടെയിടയില്‍ പ്രവൃത്തിക്കുന്ന അനേകം പേര്‍ വടക്കെ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രവൃത്തിക്കുന്നുണ്ടെന്ന്  ഓര്‍ത്തിരുന്നെങ്കില്‍ ഇത് പറയില്ലായിരുന്നു. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് കാണ്ടമാലില്‍ ക്രിസ്ത്യാനികളുടെ നേരെ അക്രമം അരങ്ങേറിയപ്പോഴും ഇതേപോലുള്ള ചില പ്രസ്താവനകളാണ് അക്രമികള്‍ക്ക് പ്രചോദനമായത്. കേരളത്തില്‍ തന്നെ  നിലക്കല്‍ പ്രശ്നം ഉരുത്തിരിഞ്ഞപ്പോള്‍ അതെങ്ങിനെയാണ് പരിഹരിച്ചതെന്നും  ഇവര്‍ ഓര്‍മ്മിക്കേണ്ടതായിരുന്നു.

വിശ്വാസ വര്‍ഷത്തിന്‍റെ  മറവില്‍  ഇപ്പോള്‍ കേരളാ  രൂപതകളില്‍ വ്യാപകമായി മാതാപിതാക്കന്മാര്‍ക്കു പ്രത്യേക ക്ലാസ്സുകള്‍ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഫലം മോശമായതിന് പൂവില്‍ മരുന്നു കുത്തിവെയ്ക്കുന്ന സമ്പ്രദായം ആദ്യം കേള്‍ക്കുകയാണ്. വിശ്വാസ ജീവിതത്തില്‍  വന്‍ തകര്‍ച്ച അനുഭവപ്പെടുന്നുവെന്നതും, വിശ്വാസികള്‍ വ്യാപകമായി മറ്റു മാര്‍ഗ്ഗങ്ങള്‍ അന്വേഷിക്കുന്നുവെന്നതും, ഇടവകകളിലെ അജപാലന പ്രവൃത്തികള്‍ തൃപ്തികരമല്ലെന്നുമുള്ള നിഗമനങ്ങള്‍ ശരിയാണ്. അതിനു വിശ്വാസികളെയാണോ വിശ്വാസികള്‍ക്ക് ദുര്‍മാതൃക കാട്ടുന്ന മെത്രാന്മാരെയാണോ ചികിത്സിക്കേണ്ടത്? എത്രയോ കാലങ്ങളായി അത്മായര്‍ പറയുന്നു, ഇടവകയുടെ വരുമാനം ഇടവകയിലെ വിശ്വാസികളുടെ ഉന്നമനത്തിനായി ചിലവഴിക്കണമെന്ന്. ഇരുപത്തഞ്ചു ശതമാനം മാറ്റി വെച്ചാല്‍ അതിനു പരിഹാരമാകുമോ?

കേരളത്തിലെ സീറോ മലബാര്‍ സഭയെ നയിക്കുന്ന  പിതാക്കന്മാര്‍ ഇവിടെ ഒരു വലിയ ധ്രുവീകരണത്തിന് വഴിമരുന്നിട്ടു കഴിഞ്ഞു. ചങ്ങനാശ്ശേരിയില്‍ പ്രകടനം നടത്താന്‍ എത്തിയ അത്മായരെ രൂപതയുടെ നിര്‍ദ്ദേശ പ്രകാരം പൊലീസ് തടഞ്ഞുവെന്ന് അന്ന് പലരും എഴുതി. അത് തന്നെയാണ് NSS ഉം SNDP യുമൊക്കെ ഇപ്പോള്‍ പറയുന്നത്. ന്യൂനപക്ഷം ഭരണം കൈയ്യടക്കിയിരിക്കുന്നു. ഇതിന്‍റെയൊക്കെ പ്രത്യഘാതങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കുന്നത് ബുള്ളറ്റ് പ്രൂഫ്‌ കാറില്‍ പായുന്ന മെത്രാന്മാരല്ല, സാധാരണക്കാരായ ആടുകളാണ്. ഇത്തരം ഒരു പ്രസ്താവന ലോകത്ത് ഒരിടത്ത് നടത്താന്‍ മെത്രാന്മാര്‍  തുനിയുന്നുവെങ്കില്‍ അത്  കേരളത്തില്‍ മാത്രമായിരിക്കും. ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും കേരളിയര്‍ക്ക് ഇവിടെ ഒരു സംസ്കാരമുണ്ട്. അതിനും ഒരു പരിധി കാണുമെന്നു കരുതിയാല്‍ നന്ന്. 

Friday, July 19, 2013

ലളിതജീവിതം ആദ്ധ്യാത്മികതയിലൂടെ


ശ്രീ മറ്റപ്പള്ളിയും സാക്കും ധ്യാനത്തിന്റെ ആവശ്യകതയെപ്പറ്റി അല്മായശബ്ദത്തിൽ പലപ്പോഴും എഴുതാറുണ്ട്. വിശ്വതത്ത്വചിന്തകരും ഇങ്ങനെ തന്നെയായിരുന്നു പറഞ്ഞിരുന്നത്. പതിനെട്ടാംനൂറ്റാണ്ടിലെ തത്ത്വചിന്തകനായ തോറോ, ബൈബിളിലെ മാർത്തായുടെയും മേരിയുടെയും കഥയെ സംഗ്രഹിച്ചിരിക്കുന്നതും മഹത്തായ ഈ ആശയത്തെ കേന്ദ്രീകരിച്ചാണ്. യേശു ഈ സഹോദരികളുടെ ഭവനത്തിൽ വന്നപ്പോൾ മാർത്താ അവനായി ഭക്ഷണം പാകം ചെയ്യുകയും വീട്ടുജോലികൾ ചെയ്യുകയുമായിരുന്നു.  ഒന്നും സഹായിക്കാതെ, ജോലി ഒന്നും ചെയ്യാതെ നടക്കുന്ന അവളുടെ സഹോദരി  മേരിയിൽ മാർത്താ അതൃപ്തയായിരുന്നു. എന്നാൽ മേരി അഥിതിയായി വന്നിരിക്കുന്ന യേശുവിനെ ശ്രദ്ധിച്ചുകൊണ്ടിരുന്നു. മാർത്താക്ക് പിന്നീട് സ്വയം നിയന്ത്രിക്കാൻ സാധിച്ചില്ല. മേരിയിൽ അമർഷം പൂണ്ട് വികാരങ്ങൾ അമർത്തിപ്പിടിച്ചുകൊണ്ട് വിരുന്നിനായി വന്ന യേശുവിനോട് അവൾ ഇങ്ങനെ പരാതിപ്പെട്ടു. "നാഥാ അവൾ ഒരു ജോലിയും ഇവിടെ ചെയ്തില്ല. ക്ഷണിക്കപ്പെട്ട വിരുന്നുകാരനായ അങ്ങയെ മാത്രം ശ്രദ്ധിച്ചുകൊണ്ടിരിക്കുന്നു. എന്നാൽ യേശുവിന്റെ മറുപടി മാർത്തായെ അതിശയിപ്പിച്ചു. മാർത്തായുടെ വാദഗതികൾക്കൊന്നും യേശു വിലകൽപ്പിച്ചില്ല. യേശു പറഞ്ഞു, " മാർത്താ മാർത്താ   നൂറായിരം കാര്യങ്ങളുമായി നിന്റെ മനസ് പതറിയിരിക്കുന്നു. നിനക്ക് ആവശ്യമായത് ഒന്നു മാത്രം. മേരി നന്മയുടെ ഭാഗം തെരഞ്ഞെടുത്തു. എനിക്ക് അവളിൽനിന്ന് അത് എടുക്കപ്പെടാൻ സാധിക്കുകയില്ല."
 
 
ഇവിടെ മാർത്തായെ കർമ്മനിരതയായും മേരിയെ ധ്യാനിക്കുന്നവളായും കാണുന്നു. യേശു അന്ന് മാർത്തായോട് പറഞ്ഞത്  അധ്യാത്മിക ധ്യാനത്തെപ്പറ്റിയായിരുന്നു. തത്ത്വചിന്തകനായ തോറോ മേരിയുടെ നന്മയെ എതിർക്കുന്നില്ല. അതെസമയം  കർമ്മത്തിൽ വിശ്വസിച്ചിരുന്ന മാർത്തായുടെ നന്മകളെയും കണ്ടെത്തുന്നുണ്ട്.  ഇവിടെ കർമ്മവും ധ്യാനവും എന്നീ  തത്ത്വചിന്തകളിൽ ചിന്താകുഴപ്പം ഉണ്ടാക്കുന്നുണ്ട്. ബൌദ്ധികതലങ്ങളിൽ ഉയരാനും ആത്മാവിനെ സമ്പുഷ്ടമാക്കുവാനും ധ്യാനം ഊർജം നൽകുമെന്ന് യേശു പഠിപ്പിച്ചെന്നും അനുമാനിക്കണം.

ലളിതജീവിതമെന്ന് പറയുന്നത് കിഴക്കിന്റെ തത്വമാണ്. ഇതൊന്നും പടിഞ്ഞാറുള്ളവർക്ക് മനസിലാവുകയില്ല. യോഗായും ചെറിയ മുറിയിൽ ഒതുങ്ങി താമസിക്കലും ദീപം അണച്ച് ഏകാന്തമായ ധ്യാനവും പ്രാർഥനയും ലളിതമായ ഭക്ഷണവും നല്ല സംസാരവും ഭാരതസംസ്ക്കാരത്തിൽനിന്ന് ഉടലെടുത്തതാണ്.  ഊർജം ലാഭിക്കാൻ ചൂടുവെള്ളത്തിനുപകരം തണുപ്പുവെള്ളത്തിൽ കുളിക്കുക, ലളിതമായ വസ്ത്രധാരണം, വാഹനങ്ങൾക്ക് പകരം കാൽനട യാത്രകൾ എന്നീ ജീവിതരീതികൾ തീർച്ചയായും പിന്നീട് ദരിദ്രനായി മറ്റുള്ളവരോട് ഇരക്കുന്നതിലും ഭേദമാണ്. വെള്ളം ഇല്ല, ഇലക്ട്രിസിറ്റിയില്ലായെന്ന് പിന്നീട് പരാതിയും വരുകയില്ല. ഒരുവന്റെ കടക്കാരനായാൽ നാം അവൻറെ അടിമയാവുകയാണ്. ഇന്നത്തെ തലമുറക്ക്‌ ലോകമഹായുദ്ധങ്ങളിൽ നമ്മുടെ പൂർവികർ അനുഭവിച്ച ദുരിതങ്ങളെപ്പറ്റിയും കെടുതികളെപ്പറ്റിയും വിവരിച്ചാൽ   മനസിലാവുകയില്ല.

അഴിമതി നിറഞ്ഞ രാഷ്ട്രീയക്കാരെ നോക്കൂ? ഭൂരിഭാഗവും ബുദ്ധിഹീനരാണ്. ഇന്ന് ഏറ്റവും സുഖസൗകര്യങ്ങളോടെയും  ആർഭാടങ്ങളോടെയും ജീവിക്കുന്നത് ഇവരും അഭിഷിക്ത ലോകവുമാണ്. ധനികന് ലളിതമായോ ആഡംബരമായോ   ഇഷ്ടമുള്ളത് തെരഞ്ഞെടുത്തു ജീവിക്കാൻ സാധിക്കും. എന്നാൽ  ദരിദ്രന് ലളിതജീവിതം മാത്രമേ സാധിക്കുകയുള്ളൂ. ധനികന് രണ്ടും സാധിക്കുമെങ്കിലും നന്മ അവിടെ ഉണ്ടായിരിക്കണമെന്നില്ല. പിശുക്കനായ ഒരു ധനികൻ ആർക്കും ഒന്നും കൊടുക്കാതെ സ്വത്തുക്കൾ മരവിപ്പിച്ചെങ്കിൽ അവിടെ എന്ത് നന്മ?

ആഡബരത്തോടെ ജീവിക്കുന്ന ഒരു ധനികനെ എങ്ങനെ പിന്തിരിപ്പിക്കും? കുടിലിൽ ഭക്ഷണം ഉണ്ടാക്കുന്ന ദരിദ്രരിൽ പലരും ധനികരേക്കാളും സന്തോഷമായി കഴിയുന്നത്‌ കാണാം. ഒരുവന്റെ മനസാണ് നന്മയോ തിന്മയോ എന്ന് തീരുമാനിക്കുന്നത്. ലളിതമായ ജീവിതം, നല്ല കുടുംബം, വൃത്തിയായ ഒരു വീട്, ജീവിക്കാൻ ജോലി, പെൻഷൻ പറ്റുമ്പോൾ സേവിംഗ്, ഇതൊക്കെ സാമാന്യജനത്തിന് ഇന്നാവശ്യമാണ്. കാട്ടിലെ മുനിയെപ്പോലെ ലളിതമായി കൗപീനം ധരിച്ച് ഇന്നു നടന്നാൽ കുടുംബത്തിലുള്ള മറ്റ് അംഗങ്ങൾ ഭ്രാന്താശുപത്രിയിൽ പ്രവേശിപ്പിക്കുമെന്നും തീർച്ചയാണ്. ടെൻഷൻ ഇല്ലാത്ത, പ്രശ്നങ്ങളില്ലാത്ത സാധാരണജീവിതം ഒരുവൻ നയിക്കുന്നുവെങ്കിൽ അവൻ ഭാഗ്യവാൻ.

ആഡംബരത്തിലും ലളിതജീവിതത്തിലും അതിനിടക്കുള്ള ജീവിതത്തിലും നന്മ ചെയ്യുന്നവന്റെ ജീവിതം ഉത്തമം തന്നെയാണ്. ലോകത്തിലെ ധനികനായ ബിൽഗേറ്റ്സ് ഇന്ന് ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് കോടി കണക്കിന് ഡോളർ ചിലവാക്കുന്നു. അയാളുടെ സ്വർഗത്തിലേക്കുള്ള വഴികൾ ഇടുങ്ങിയതെന്ന് പറഞ്ഞിട്ടുണ്ടെങ്കിൽ സ്രഷ്ടാവിനെ സൃഷ്ടിച്ചവന് തെറ്റുപറ്റിയെന്ന് ഞാൻ പറയും. ധനികന്റെയും ദരിദ്രന്റെയും സുഖദുഃഖങ്ങൾ ഭൌതികസ്വത്തുക്കളിൽ മാത്രം ഒതുങ്ങി നിൽക്കുന്നതല്ല. ദരിദ്രന്റെ കുടിലിലെ പിച്ചക്കാശിൽ ധനികന്റെ കൂമ്പാരംപോലുള്ള സ്വത്തിനെക്കാൾ സന്തോഷം ചിലപ്പോൾ കാണും. യേശു പറഞ്ഞ വിധവയുടെ കൊച്ചുകാശിന്റെ ഉപമയും അതുതന്നെയായിരുന്നു.
 
 
ഗാന്ധിജി നയിച്ചത് ഒരു സന്യാസജീവിതമായിരുന്നു. ആത്മം തേടി സന്യസ്തം സ്വീകരിക്കുന്ന ഒരുവൻ ആദ്യം ആഡംബരത്തെ ത്യജിക്കണം. സന്യസ്തനായവന് അവിടെ സന്തോഷം ലഭിക്കുന്നു. ലളിതമായ ജീവിതം ഒരുവനെ നിർബന്ധിച്ച് ചെയ്യിപ്പിക്കുവാനുള്ളതല്ല. ലളിതജീവിതം ഒരുവൻ സ്വയം തെരഞ്ഞെടുത്തില്ലെങ്കിൽ അവൻ സന്തോഷത്തെ കണ്ടെത്തുകയില്ല. പകരം ദു:ഖം നല്കും. സ്വയം എളിമയുടെ വഴികൾ തെളിയിച്ച ഗാന്ധിജിക്ക് ആ മാർഗം തുടരാൻ മറ്റുള്ളവരെ   നിർബന്ധിച്ചത് അദ്ദേഹത്തിന് പറ്റിയ തെറ്റായിരുന്നു.
 
 
ഗാന്ധിജി തന്റെ തെറ്റുകൾ സമ്മതിച്ചുകൊണ്ട് കസ്തൂർബായോട് താൻ നീതി പുലർത്തിയില്ലായെന്നും ആത്മകഥയിൽ  എഴുതിയിട്ടുണ്ട്‌. ഗാന്ധിജി കസ്തൂർബായെ വിപ്ലവാശയങ്ങൾ എന്നും അടിച്ചേൽപ്പിക്കുകയായിരുന്നു. "ബ്രഹ്മചര്യം, ലളിതമായ ജീവിതം, സാമൂഹിക വിരുദ്ധമായ തീണ്ടലും തൊടീലും ഇല്ലാതാക്കുക എന്നീ വിപ്ലാശയങ്ങളെ കസ്തൂർബായിൽ  പ്രായോഗികമാക്കിയ ക്രൂരനായ ഒരു ഭർത്താവായിരുന്നു താനെന്ന്" ഗാന്ധിജി ആത്മകഥയിൽ പറഞ്ഞിട്ടുണ്ട്. "ഞാൻ അവളുടെ ഗുരുവായിരുന്നു.  അന്ധമായ എന്റെ സ്നേഹം മൂലം ഞാൻ അവളെ പീഡിപ്പിച്ചിട്ടുണ്ട്. അവൾക്ക് ലഭിച്ച സമ്മാനങ്ങളും ആഭരണങ്ങളും ബലമായി വാങ്ങി കഴുത്തിൽ ഒന്നും അണിയിക്കാതെ അവളെ  നടത്തി. എനിക്കുവേണ്ടി ത്യജിച്ച ആഭരണങ്ങളെല്ലാം അവളുടെ പ്രിയപ്പെട്ട മാതാപിതാക്കൾ അവൾക്ക് സമ്മാനിച്ചതായിരുന്നു. "

"എന്റെയൊപ്പം സഞ്ചരിച്ചിരുന്ന മറ്റു ശിക്ഷ്യരെയും ബ്രഹ്മചര്യം കല്പ്പിക്കുകയും അവരുടെ ഭാര്യമാരുടെ ആഭരണങ്ങൾ ഉപേക്ഷിക്കുവാൻ പ്രേരിപ്പിക്കുകയും ചെയ്തു. "ആരോ ഒരിക്കൽ കസ്തൂർബാക്ക്‌ ഒരു നെക്കലസ് സമ്മാനിച്ചപ്പോൾ ഗാന്ധിജി ചോദിച്ചു "നിനക്ക് ലഭിച്ച ഈ സമ്മാനം എന്റെ സേവനത്തിനോ നിന്റെ സേവനത്തിനോ?" കസ്തൂർബാ പരിശുദ്ധിയുടെ ഭാഷയിൽതന്നെ  മറുപടി പറഞ്ഞു. "അങ്ങ് പറഞ്ഞത് ഞാൻ സമ്മതിക്കുന്നു. എന്നാൽ അങ്ങ് എനിക്കായി ചെയ്ത സേവനങ്ങളെപ്പോലെ തുല്യമായി ഞാനും അങ്ങേക്ക് ചെയ്തിട്ടുണ്ട്. രാത്രിയും പകലുമില്ലാതെ എന്റെ വിയർപ്പുകളും ഇവിടെ ഒഴുക്കിയിട്ടുണ്ട്‌. അതൊന്നും സേവനമല്ലയോ?  അങ്ങ് എന്നെ ബലമായി എന്റെ മനസ് കാണാതെ ഇഷ്ടപ്പെടാത്ത ജോലികളൊക്കെ ചെയ്യിപ്പിച്ചു. എന്റെ കണ്ണുനീരിന് ഒട്ടും വില കൽപ്പിച്ചില്ല. തീണ്ടലും തൊടീലും ഉള്ളവരെ സേവിച്ച് ഞാൻ അവർക്കും അടിമയായി. അങ്ങയുടെ ആജ്ഞ അനുസരിച്ച് ഉത്തമഭാര്യയായി തന്നെ ഞാൻ ജീവിച്ചു."  കസ്തൂർബായുടെ   ഭാര്യാധർമ്മത്തിന്റെ ഈ വാക്കുകൾ ഭാരതസ്ത്രീയെന്ന നിലയിൽ ചരിത്രത്തിന്റെ സുവർണ്ണലിപികളിൽ ചേർത്തു കഴിഞ്ഞു.

 
 
പാശ്ചാത്യരാജ്യങ്ങളിലും അമേരിക്കയിലും ചെറുപ്പക്കാർ ആവശ്യമില്ലാതെ തുണിത്തരങ്ങൾ, ഇലക്ട്രോണിക്സ്  സാധനങ്ങൾ അങ്ങനെ എല്ലാം വാരിക്കൂട്ടി മേടിക്കും. ഇങ്ങനെ ഉപഭോക്താക്കളുടെ ആവശ്യമില്ലാത്ത ഉപഭോഗവസ്തുക്കൾ (Materialistic consumption of want and buy) രാജ്യത്തിന്റെ ഉൽപ്പാദനം വർദ്ധിപ്പിക്കുകയും ഉല്പ്പന്നങ്ങളുടെ വില കുറയ്ക്കുകയും ചെയ്യും. സാധാരണക്കാരന് തന്മൂലം വിലകൂടിയ വസ്തുക്കൾ വിലകുറച്ച് മാർക്കറ്റിൽനിന്ന് വാങ്ങുവാനും സാധിക്കും. എങ്കിലും ഒരു വ്യക്തിയെ ഇത് സ്വയം നാശത്തിലേക്ക് നയിക്കും. സ്റ്റീരിയോ, ടെലിവിഷൻ, കമ്പ്യൂട്ടർ അങ്ങനെ കിട്ടാവുന്നത് മുഴുവൻ വാങ്ങിക്കൂട്ടി ക്രെഡിറ്റ് കാർഡുകൾ നിറക്കും. താങ്ങാനാവാത്ത വലിയ വീടുകളും ആർഭാടമേറിയ കാറുകളും മേടിച്ച്  നിസ്വാൻ  ആകേണ്ട എല്ലാ വഴികളും തുറന്നിടും. ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെടും. പിന്നീട് മിതമായ തൊഴിലില്ലാ വേതനംകൊണ്ട് ജീവിക്കണം. പണമില്ലാതെ വരുമ്പോൾ കുടുംബത്തെ പോറ്റാൻ  നിവൃത്തിയില്ലാതെ  അസമാധാനമായി, പിന്നീട് വിവാഹമോചനമായി. കടം എടുത്ത പണം തിരികെ കൊടുക്കാൻ ആവാതെ പാപ്പരായി (Bankruptcy) പ്രഖ്യാപിക്കുകയും അങ്ങനെ മാനസികമായി തകരുകയും ചെയ്യും. ഓരോ ബില്ലുകൾ വരുമ്പോഴും സ്വയം തലമുടി പറിച്ച് അലറാൻ തുടങ്ങും. തൊഴിലില്ലാതെ വന്നാലും ഇലക്ട്രിസിറ്റി, വെള്ളം, മോർട്ട്ഗേജ് എന്നീ തുകകൾ അടച്ചേ മതിയാവൂ.

ചുരുക്കത്തിൽ, ലളിത ജീവിതമെന്തെന്നാൽ ആർഭാടമായ ഉപഭോഗവസ്തുക്കളിൽനിന്നും സ്വതന്ത്രമാവുകയെന്നതാണ്. ലളിതജീവിതത്തിൽ സത്യത്തിൽ അടിയുറച്ച് വിശ്വസിക്കണം. ഭൂമിയേയും ഭൂമിയിലുള്ള ജീവജാലങ്ങളെയും സ്നേഹിക്കുക, ആദ്ധ്യാത്മികമായി മനസിനെ പവിത്രീകരിക്കുക, സദാചാര തത്ത്വങ്ങളിൽ ഉറച്ചു വിശ്വസീക്കുക എന്നിവകളും ലളിതജീവിതത്തിന്റെ അനുഷ്ഠാന ഘടകങ്ങളാണ്. ബാഹ്യമായ ജീവിതം ലളിതമായിരിക്കുന്നതുപൊലെ മനസും ധന്യമായിരിക്കണം. പരീസ്ഥിതിയെപ്പറ്റി പരിപൂർണ്ണമായി ബോധവാന്മാരായിരിക്കണം. ജീവിതം മനുഷ്യത്വത്തിന്റെ അളവുകോലുകൾകൊണ്ട് അളക്കണം. ഫ്രാൻസീസ് അസ്സീസിയുടെയും ഗാന്ധിജിയുടെയും തോറോയുടെയും സന്ദേശങ്ങൾ ലളിതജീവിതത്തിന് വഴി തെളിയിക്കും. താത്ത്വികമായ ലളിതജീവിതത്തിൽ ലോകത്തിലെ വിഭവങ്ങൾ  തുല്യമായി പങ്കുവെക്കാനും സാധിക്കും. ഉപഭോഗവസ്തുക്കളുടെ ദുർവിനിയോഗം പ്രകൃതിയേയും നശിപ്പിക്കും. ഈ ഭൂമി നമ്മുടെ കുഞ്ഞുങ്ങൾക്കും അവരുടെ കുഞ്ഞുങ്ങൾക്കും വേണ്ടിയുള്ളതാണ്. ലളിതജീവിതം നടപ്പിലാക്കണമെങ്കിൽ ഉല്പ്പാദനമേഖലകളിലും സമൂലമായ മാറ്റം വരണം. മനുഷ്യന്റെ ആവശ്യങ്ങൾ മാത്രം നിറവേറ്റുന്ന ഒരു സാമ്പത്തികവിപ്ലവം വന്നാലെ ലളിത ജീവിതമെന്ന ധനതത്ത്വശാസ്ത്രം സഫലമാവുകയുള്ളൂ.

Thursday, July 18, 2013

പണം കൈപ്പറ്റിചെയ്യുന്ന സേവനം ശുശ്രൂഷയല്ല



ഒരു ആത്മീയ ഗ്രന്ഥത്തിന്റെ വില്പനയ്ക്ക്‌വേണ്ടി കോട്ടയം പ്രദേശത്തുള്ള മിക്കവാറും കത്തോലിക്ക പള്ളികളിലും മഠങ്ങളിലും കത്തോലിക്ക സ്ഥാപനങ്ങളിലും കയറി ഇറങ്ങുവാന്‍ എനിക്കിടയായി. അങ്ങനെയാണ് കോട്ടയത്ത് ഒരു കോണ്‍ഗ്രിഗേഷന്‍ നടത്തുന്ന ആശുപത്രിയോടു ചേര്‍ന്നുള്ള മഠത്തിന്റെ പാര്‍ലറില്‍ എത്തിയത്. മണി അടിച്ചു വളരെ കഴിഞ്ഞപ്പോള്‍ പ്രായംചെന്ന ഒരു കന്യാസ്ത്രിയമ്മ ഇറങ്ങിവന്നു കാര്യം തിരക്കി ഞാന്‍ പറഞ്ഞു; മദറിനെ ഒന്നു കാണണം. അവര്‍ അകത്തേക്കുപോയിട്ട് തിരിച്ചു വന്നില്ല. കുറേ കഴിഞ്ഞ് പ്രായമായ മറ്റൊരു കന്യാസ്ത്രി ഇറങ്ങിവന്നു. ഞാന്‍ പത്രം വായിച്ചിരിക്കുന്നതുകണ്ട് കാര്യം തിരക്കി. അവരോടും കാര്യം പറഞ്ഞു. എന്റെ പേരു ചോദിച്ചു വിശേഷങ്ങള്‍ അന്വേഷിച്ചുവന്നപ്പോള്‍ ഞങ്ങള്‍ 1982-86 കാലഘട്ടങ്ങളില്‍ പല കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനായോഗങ്ങളിലും ഒരുമിച്ചു പങ്കെടുത്തിട്ടുള്ളവരും കണ്ടിട്ടുള്ളവരുമാണെന്നും മനസിലായി.
സിസ്റ്റര്‍ അവരുടെ സ്വകാര്യ വിഷയത്തിലേക്കുവന്നു.പെട്ടെന്നു തിരികെ പോകേണ്ടതിനാല്‍ ഞാന്‍ തിരക്കി,
“മദര്‍ ഇവിടെ ഉണ്ടോ?”
“മോനെ, ഇവിടെ ഉണ്ട് എവിടെ ആണെന്നറിഞ്ഞുകൂടാ ഇപ്പോവരും.”
അവര്‍ പറഞ്ഞു തുടങ്ങി..
“മോന് ഒരു ചായ തരാന്‍കൂടി എനിക്കു നിവര്‍ത്തിയില്ല. മഠത്തില്‍ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.” അവര്‍ സ്വരം താഴ്ത്തി പറഞ്ഞു; “ആശുപത്രി കാന്റീനില്‍ നിന്നാണ് ഞങ്ങള്‍ ഭക്ഷണം കൊണ്ടുവരുന്നത്. എല്ലാവരും ആശുപത്രിയിലെ ജോലിക്കാരാ. ഇരുപത്തിനാലു മണിക്കൂറും ഞങ്ങള്‍ക്ക് ഡ്യൂട്ടിയാണ് തീരെ വയ്യാത്ത ഞങ്ങള്‍ രണ്ടു മൂന്നുപേര്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്. അല്പസ്വല്പ്പം ആകാമെങ്കില്‍ അവരൊക്കെ ആശുപത്രിയില്‍ ജോലിചെയ്യണം.”
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒന്നും രണ്ടും മിനിറ്റുനേരം പാര്‍ലറില്‍വന്ന് പത്രം ഓടിച്ചുവായിച്ച് ഒടിപ്പോകുന്ന ചെറുതും വലുതുമായ കന്യാസ്ത്രികളെ കണ്ടു.
ഞാന്‍ ചിന്തിക്കുകയായിരുന്നു; ദൈവമേ, ഇവരുടെ ഒക്കെ ജീവിതം അങ്ങുകാണുന്നില്ലേ! ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ വേലയ്‌ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോന്നിട്ട് അവരെ മുന്തിരിങ്ങാ പിഴിയുന്നതുപോലെ പിഴിഞ്ഞ് നീരെടുക്കുന്ന സഭാകാരികള്‍.
ദൈവജനത്തെ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും സഭയെ വളര്‍ത്താനുമാണ് സന്യാസ സന്യാസിനീസഭകള്‍ കത്തോലിക്കാ സഭയില്‍ ആരംഭിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവന രംഗങ്ങളും സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതുകയും അവിടങ്ങളില്‍ വലിയ വളര്‍ച്ച സാധിച്ചതും സമര്‍പ്പിതരുടെ പ്രവര്‍ത്തനഫലമാണെന്നത് നേരാണ്. ഇടവകകളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രികള്‍ കുട്ടികളില്‍ വിശ്വാസം കരുപിടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള വലിയ ശുശ്രൂഷ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു.
ഇന്ന് കഥമാറി വിദ്യാഭ്യാസ, ആരോഗ്യ സേവന മേഖലകളില്‍ ചെറുതായി സേവനം ചെയ്തു തുടങ്ങിയ സന്യാസി സന്യാസിനി വിഭാഗങ്ങള്‍ ഇന്ന് സമ്പത്തുവാരിക്കൂട്ടുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു.സന്യാസത്തിന്റെ ഉടുപ്പും തലമുണ്ടും പണം ഉണ്ടാക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഒരു ചൊല്ലുണ്ട് ''കന്നിനെ കയം കാണിക്കരുത്”കന്ന് എന്നു വിളിക്കുന്ന പോത്ത് വെള്ളത്തില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നതാണ്;ആഴമുള്ള ആറ്റില്‍ ഇറങ്ങിയാല്‍ കരയ്ക്കു കയറില്ല എന്നാണ് ഈ ചൊല്ലിന്റെ അര്‍ത്ഥം,സേവനത്തിന്റെ പേരില്‍ ആരംഭിച്ച് ഇപ്പോള്‍ പണാര്‍ത്തിയിലെത്തി നില്ക്കുന്നു കര്‍ത്താവിന്റെ മണവാട്ടിമാര്‍.
അനുസരണം, ദാരിദ്രം, ബ്രഹ്മചര്യം എന്ന മൂന്നു വൃതങ്ങള്‍ ആത്മനാ സ്വീകരിച്ചുകൊണ്ട് ഇറങ്ങിതിരിച്ചവര്‍ ഇന്ന് വൃതങ്ങളെ മറ്റാര്‍ക്കോ വേണ്ടി മാറ്റിവെച്ചിട്ടാണ് സമ്പത്തിന്റെ അഗാധതയില്‍ നീന്തിതുടിക്കുന്നത്. ഓരോ മഠങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്തെ മെത്രാന്റെ നിയന്ത്രണത്തിലായിരിക്കണം എന്നൊക്കെയാണ് നിയമം. ഇതൊക്കെ അവര്‍ ശ്രദ്ധിക്കുന്നേയില്ല. കത്തോലിക്ക വിദ്യാലയങ്ങള്‍ തലവരി വാങ്ങരുതെന്ന് സീറോമലബാര്‍ സഭാതലവന്‍ ആയിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ട് ആരും അനുസരിച്ചിരുന്നില്ല. സമ്പത്തിന്റെ കുന്നുകൂടലില്‍ അനുസരണവും,ദാരിദ്രവും ഒഴിഞ്ഞുപോയി. പിന്നെ ബ്രഹ്മചര്യ കാര്യത്തില്‍ ചില നീക്കുപോക്കുകളും നടത്തിയിരിക്കുന്നു.
ബ്രഹ്മചാരികളായ ഇവര്‍ നടത്തുന്ന ഹൈടെക്ക് വിദ്യാലയങ്ങളിലും ആശുപത്രികളിലും ദൈവജനത്തിന് കടന്നു ചെല്ലാനാകാതായി തീര്‍ന്നിരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ലക്ഷങ്ങളുമായിട്ടുവേണം കടന്നുചെല്ലാന്‍. ബ്രഹ്മചാരികള്‍ എന്നാല്‍ ബ്രഹ്മത്തില്‍ ചരിക്കുക, അതായത് സൃഷ്ടാവിനു ചുറ്റും കറങ്ങുക എന്നാണല്ലോ. ഇന്നവര്‍ പണം എന്ന ദൈവത്തിനു മുന്നില്‍ കുമ്പിട്ടു ചലിക്കുന്നു. വിദ്യാഭ്യാസ, ആതുര സേവന മേഖലകളെ വ്യവസായവല്‍ക്കരിച്ച് സന്യാസത്തെ അവര്‍ കച്ചവടം ചെയ്തിരിക്കുകയാണ്. ലോകോത്തര നിലവാരമുള്ള ആശുപത്രിയും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തേണ്ടത് ഇന്‍ഡ്യയിലെ ക്രൈസ്തവരുടെ ചുമതലയിലാണോ എന്ന് ഒരു വട്ടം കൂടി ചിന്തിക്കേണ്ടതുണ്ട്. ഇവിടുത്തെ സാധാരണക്കാരന്റെ കൂടെയായിക്കണം ക്രൈസ്തവ നേതൃത്വം. നമ്മുടെ സന്യാസ സന്യാസിനികള്‍ക്കു വഴിതെറ്റിയോ? കേരളത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഡെങ്കിപനിയും മറ്റും മൂലം കഴിഞ്ഞമാസം നാല്പതോളം പേര്‍ മരിച്ചു എന്നാണ് കണക്ക് ലക്ഷകണക്കിനു പേരാണ് പനിച്ചുകൊണ്ട് കഴിഞ്ഞത്. ഏതെങ്കിലും കത്തോലിക്കാ ആശുപത്രി ഇത്തരക്കാരെ ചികിത്സിച്ചതായി അറിവില്ല ചെന്നവരെയൊക്കെ അവര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പണം ലഭിക്കുന്ന കൂടുതല്‍ ടെസ്റ്റുകള്‍ ഇത്തരക്കാരുടെമേല്‍ നടത്താനാവില്ലല്ലോ!
ആതുരസേവനം മിഷന്‍ പ്രവര്‍ത്തനമായി ഏറ്റെടുത്തവര്‍ ഇന്ന് ആശുപത്രിയെ സമ്പന്നരുടെ സുഖചികിത്സാകേന്ദ്രം മാത്രമാക്കി തീര്‍ത്തിരിക്കുന്നു. അവിടെ ലഭിക്കുന്ന കോടിക്കണക്കിനു രൂപ അവരുടെ കോണ്‍ഗ്രിഗേഷന്റെ സമ്പന്നതയ്ക്കു മാത്രമായി വിനിയോഗിക്കുകയാണ്. അവരുടെ ആശുപത്രിയുടെയും സ്‌കൂളിന്റെയും കെട്ടിടം നീട്ടിക്കൊണ്ടിരിക്കുന്നു. ദൈവജനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയവര്‍ ഇന്ന് സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു.കൂടുതല്‍ കെട്ടിടങ്ങള്‍ കെട്ടി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പണം നേടുന്നു. വിദേശ മലയാളികള്‍ക്കുവേണ്ടി ആയിരങ്ങളുടെ ഡീലക്‌സ് മുറികളുള്ള ആശുപത്രിയും സ്‌കൂളും ഉണ്ടാക്കിക്കോ പാവപ്പെട്ടവനെ മറക്കരുതെന്നാണ് പറയുന്നത്.
എല്ലാം ഒരു കുടക്കീഴില്‍ എന്ന പരസ്യം പോലെ ജനനവും ചികിത്സയും മരണവും മോര്‍ച്ചറിയും ഇന്ന് ഒരാശുപത്രിയില്‍ തന്നെയുണ്ട്. അവിടെ കുറിക്കുന്ന മരുന്നുകള്‍ അവരുടെ ആശുപത്രി ഫാര്‍മസിയില്‍ മാത്രമേ ലഭിക്കു. അതേ മരുന്ന് പുറത്തെ കടകളില്‍ നിന്നും ലഭിച്ചാല്‍ വിലകേട്ടാല്‍ അത്ഭുതപ്പെടും ആശുപത്രി ഫാര്‍മസിയില്‍ പുറത്തുള്ളതിലും ഇരട്ടിവില. ഇവര്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി പണം ഉണ്ടാക്കുന്നു; ഞാന്‍ ഇതിനുവേണ്ടിയാണോ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാന്‍ ഇടകൊടുക്കാതെയാണ് സിസ്റ്റര്‍മാര്‍ക്ക് ടൈംടേബിള്‍ കൊടുത്തിരിക്കുന്നത്. പട്ടണത്തിലൂടെ ഒന്നിറങ്ങിനടന്ന് കടയില്‍ നിന്നും ഒരു മസാലദോശ വാങ്ങികഴിക്കുവാനുള്ള സ്വാതന്ത്രവും പണവും അവര്‍ക്കു ലഭ്യമല്ല. വൈദികര്‍ നടത്തുന്ന സ്‌കൂളുകളിലും ആശുപത്രികളിലും കര്‍ത്താവിന്റെ സേവകര്‍ യജമാനന്മാരെ പോലെയാണ് വാഴുന്നത്. അവരുടെ ആഹാര നീഹാരശയ്യാദികള്‍ ഹൈടെക്ക് ആണ്.
ഇംഗ്ലീഷ് മരുന്നുകള്‍ വലിയ ലാഭം എടുക്കാതെ വില്പന നടത്തുന്ന പല ഏജന്‍സികളും ഇന്ന് രംഗത്തുണ്ട്. നീതിമെഡിക്കല്‍ സ്റ്റോര്‍, സേവന മെഡിക്കല്‍ ഇങ്ങനെ പലപേരില്‍ അവര്‍ മരുന്നു വിതരണം ചെയ്യുന്നുണ്ട്. വളരെ അധികം പേര്‍ അവിടെ ജോലിചെയ്യുന്നു എല്ലാ ചിലവും കഴിഞ്ഞിട്ടും അവര്‍ക്ക് ലാഭമുണ്ട്. നോക്കു കര്‍ത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രികളുടെ കടയില്‍ ഇരട്ടി ലാഭത്തില്‍ മരുന്നു വില്പന. ഇവര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത്. ഗ്രാമീണരുടെ ഇടയിലെ ഒരു ചൊല്ലുപോലെ 'കൗപീനത്തിനു തീപിടിച്ചതുപോലെ'ഇവര്‍ ഓടുന്നത് ആര്‍ക്ക്‌വേണ്ടി, എന്തിനുവേണ്ടി?
ഒന്നോര്‍ക്കണം മിഷന്‍ പ്രവര്‍ത്തനം ലക്ഷ്യമിട്ട് ആരംഭിച്ച നിങ്ങളുടെ ആശുപത്രികളും പള്ളികൂടങ്ങളും പണക്കാര്‍ക്കു വേണ്ടിമാത്രം ആകുന്നതോടെ നിങ്ങള്‍ സമൂഹത്തില്‍ നിന്നകലുകയാണ്. കര്‍ത്താവ് ആര്‍ക്കുവേണ്ടി മരിച്ചുവോ അവര്‍ നിങ്ങളില്‍ നിന്നകലുകയാണെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? ഈ അകല്‍ച്ചയില്‍ നിന്നും എന്താണുണ്ടാകുന്നതെന്നും നിങ്ങള്‍ അറിയണം. അവര്‍ നിങ്ങളുടെ സ്വൈര്യവിഹാരത്തിന് എന്നും തടസ്സം ഉണ്ടാക്കികൊണ്ടിരിക്കും.ദൈവം അവരുടെ കൂടെയാണ്.
പതിനായിരക്കണക്കിനു രൂപയുടെ പരസ്യശമ്പളവും, ചെയ്യുന്ന ഓപ്പറേഷനും പരിശോധനയ്ക്കുമുള്ള പീസ് വര്‍ക്ക് തുകയും, ബ്ലാക്ക്മണിയായി ലക്ഷങ്ങളും കൊടുത്താണ് നിങ്ങളുടെ ഹൈട്ടെക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. സമൂഹത്തില്‍ കള്ളപണം പെരുകുന്ന ക്രിമിനല്‍ കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്. ക്രൈസ്തവമൂല്യങ്ങള്‍ക്കും രാജ്യനിയമങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിതരായ കത്തോലിക്കാ സന്യാസി സന്യാസിനികളാണ് തുടങ്ങിവെയ്ക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. നിങ്ങള്‍ നടത്തുന്ന വലിയ പള്ളികൂടത്തിലും ആശുപത്രിയിലും ജോലിചെയ്യുന്നവര്‍ക്ക് ചെറിയ ശബളം മാത്രം കൊടുത്ത് അതുവഴിയും പണം ഉണ്ടാക്കുന്നു.
ഒന്നു ചോദിക്കട്ടെ! അനുദിനവും നിങ്ങള്‍ എന്താണു പ്രാര്‍ത്ഥിക്കുന്നത്.മനുഷ്യരുടെ രോഗശാന്തിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? പണമുള്ള എല്ലാ രോഗികളും നിങ്ങളുടെ ആശുപത്രിയിലേക്ക് വരണമെന്നാണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കു നിഷേധിക്കാനാകുമോ? ഏറ്റെടുത്തമിഷന്‍ പ്രവര്‍ത്തനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറി സമ്പന്നര്‍ക്കുവേണ്ടി പ്രവര്‍ത്തനം ചുരുക്കുമ്പോള്‍ ദൈവത്തിന്റെ പദ്ധതിയെ ആണ് നിങ്ങള്‍ അട്ടിമറിക്കുന്നത്. ഉന്നത നിലവാരമുള്ള സ്ഥാപനം വഴി സമ്പന്നരുടെ ഇടയിലുള്ള നിങ്ങളുടെ പ്രശസ്തികൊണ്ട് ദൈവത്തിന്റെ മുന്നില്‍ നിങ്ങള്‍ മലിനപ്പെട്ടിരിക്കുന്നു.
ചരിത്ര പാതകളില്‍ ദൈവീകപദ്ധതിയെ പിന്തുടരാതിരുന്നപ്പോഴൊക്കെ മനുഷ്യന്‍ സാംസ്‌ക്കാരിക പ്രലോഭനങ്ങളുടെ ഇരകളാകുകയും അടിമകളായി മാറുകയും ചെയ്ത്ട്ടുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തന കാര്യാലയത്തിന്റെ പൊതു സമ്മേളനത്തില്‍വെച്ച് കഴിഞ്ഞ ജനുവരിയില്‍ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പ്രസ്താവിച്ചിരുന്നു.നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തത്തെ വളര്‍ത്തുന്ന സമീപകാല പ്രത്യയ ശാസ്ത്രങ്ങള്‍ സമൂഹ്യ പ്രതിസന്ധികള്‍ക്കും അസമത്വത്തിനും ദുരിതങ്ങള്‍ക്കും കാരണമാകുകയാണു ചെയ്യുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. മനുഷ്യനെ സംബന്ധിച്ച ക്രൈസ്തവ ദര്‍ശനത്തെയാണു വിശ്വാസികള്‍ സ്വീകരിക്കേണ്ടതെന്നും മനുഷ്യന്റെ അന്തസിനോടും സമുന്നതമായ വിളിയോടും സമ്മതം പറയാന്‍ ക്രൈസ്തവര്‍ തയ്യാറാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഈ രചന അവസാനിപ്പിക്കുകയാണ് ബഹുമാനപ്പെട്ട സന്യാസി സന്യാസിനികളേ നിങ്ങള്‍ക്കു വഴിതെറ്റിയോ? നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു പ്രഫഷനല്ല; ദൈവത്തോടു ചേര്‍ന്നുള്ള ഒരു വലിയ ശുശ്രൂഷയാണ്. മെതിക്കുന്ന കാളയുടെ വായ്മൂടിക്കെട്ടരുതെന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. മെതിക്കുന്ന കാളയ്ക്ക് കളത്തില്‍ നിന്നും വൈക്കോല്‍ ഭക്ഷിക്കാം. കര്‍ത്താവിന്റെ മുന്തിരിതോട്ടത്തിലെ വേലക്കാര്‍ക്കനുവദിച്ചിരിക്കുന്നത് തോട്ടത്തില്‍ നിന്നും ഭക്ഷണം മാത്രമാണെന്ന് മറക്കരുത്.
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
പനച്ചിക്കാട്,കുഴിമറ്റം പി.ഒ - 686533,

Wednesday, July 17, 2013

ഒരു കുരിശു വരുത്തിയ വിന

‘കൊണ്ടവനും കണ്ടവനും അവിടെ നില്‍ക്ക്, കേട്ട ഞാന്‍ പറയാം’. ഇത് മലയാളത്തിലെ ഒരു പൊതുമൊഴി. ഏതാണ്ട് ഇതുപോലെതന്നെയല്ലേ കത്തോലിക്കാ സഭയുടെ ചരിത്രവ്യാഖ്യാനങ്ങളെന്ന് ആര്‍ക്കെങ്കിലും സംശയം തോന്നിയാല്‍  അതില്‍ ഒട്ടും അതിശയിക്കേണ്ട. വലിയ കുഴപ്പങ്ങളൊന്നുമില്ലാതെ, കിട്ടിയ ചരിത്രവും വിശ്വസിച്ചു സന്തോഷത്തോടെ  വിശ്വാസികള്‍ കഴിഞ്ഞു പോന്നപ്പോഴാണ് മാര്‍ത്തോമ്മാ കുരിശിന്‍റെ വരവ്. കാഞ്ഞിരപ്പള്ളിയില്‍ ജനിച്ച്, ചങ്ങനാശ്ശേരിയിലൂടെ കത്തിക്കയറി വന്ന മാനിക്കേയന്‍ കുരിശു മെത്രാന്മാര്‍ക്ക് വിഴുങ്ങാനും വയ്യാ തുപ്പാനും വയ്യായെന്ന അവസ്ഥയിലാകാനും വലിയ താമസം ഉണ്ടായില്ല. കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായി എറണാകുളം നഗരത്തിലൂടെ നൂറ്റമ്പതോളം വൈദികര്‍ പരസ്യമായി പ്രകടനം നടത്തി സഭാമക്കളുടെ പ്രതിക്ഷേധം അറിയിച്ചു. പഴയ അനുഭവം വെച്ച് കവടി നിരത്തിയ പിതാക്കന്മാര്‍ പെട്ടെന്ന് തന്നെ ഇത് കെട്ടടങ്ങുമെന്നു കരുതി. മാര്‍ത്തോമ്മാ കുരിശു സ്ഥാപിക്കാന്‍ അനുവദിക്കാത്തതുകൊണ്ട്  വെഞ്ചരിക്കാതെ പള്ളിക്കെട്ടിടങ്ങള്‍ കിടന്നു; ക്രൂശിത രൂപം മാറ്റാന്‍ അനുവദിക്കാതെ പ്രതിഷേധിച്ച വിശ്വാസികള്‍ നിരവധി ഇടവകകളില്‍ ഉണ്ടായിരുന്നു. സ്വന്തം രൂപതയില്‍ ഇത് അനുവദിക്കില്ലായെന്നു സധൈര്യം പ്രഖ്യാപിച്ച മെത്രാന്‍വരെ ഇവിടെയുണ്ടായിയെന്നത് വിധിവൈപരിത്യം എന്നേ പറയേണ്ടൂ. അനേകം വര്‍ഷങ്ങളായി  ഹൃദയത്തില്‍ കൊത്തി വെച്ചിരുന്ന ക്രൂശിതരൂപം വളരെ വേദനയോടെയാണ് ഓരോ അത്മായനും അടര്‍ത്തിയെടുത്തു മാറ്റിയത്. എങ്കിലും, ഇന്നും ഒരത്മായന്‍റെ ഉള്ളിലും മാര്‍ത്തോമ്മാക്കുരിശു സ്ഥാനം പിടിച്ചിട്ടില്ലെന്നത് മറ്റൊരു പരമാര്‍ത്ഥം.

മെത്രാന്മാര്‍ അന്ന് കാണിച്ച അവിവേകത്തിന് വളരെ വലിയ ഒരു വില കൊടുക്കേണ്ടിവന്നുവെന്നത് ചരിത്രം രേഖപ്പെടുത്താന്‍ പോകുന്ന ഒരു സത്യമാണെന്ന് നിസ്സംശയം പറയാന്‍ സാധിക്കും. ആദ്യത്തെ കുഴപ്പം മാര്‍ത്തോമ്മാ കുരിശെന്ന പേരില്‍ വില്‍ക്കപ്പെടുന്ന മാനിക്കേയന്‍ കള്ളക്കുരിശിന്‍റെ സമ്പൂര്‍ണ്ണ ചരിത്രം  പണ്ഡിതര്‍ തെളിവു സഹിതം വെളിച്ചത്തു കൊണ്ടുവന്നുവെന്നതാണ്. മാര്‍ത്തോമ്മാക്കുരിശും മാര്‍ത്തോമ്മായുമായി എന്തെങ്കിലും ബന്ധം ഉണ്ടായിരുന്നിരിക്കാതിരിക്കില്ലാ എന്നേ ഇതിന്‍റെ ഉപജ്ഞാതാക്കള്‍ പോലും ഇപ്പോള്‍ പറയുന്നുള്ളൂവെന്നത് മറ്റൊരു കാര്യം. AD 52 ലാണ് തോമ്മാസ്ലീഹാ ഇവിടെ വന്നതെങ്കില്‍ അന്നദ്ദേഹത്തിന് കുറഞ്ഞത്‌ എഴുപതു വയസ്സെങ്കിലും കാണുമായിരുന്നിരിക്കണം. ഭാര്യയും പ്രായ പൂര്‍ത്തിയായ മക്കളുമുള്ള മുക്കുവരായിരുന്നു യേശുവിന്‍റെ ശിക്ഷ്യരായി വന്നത് എന്നത് സത്യമാണെങ്കില്‍ തോമ്മാസ്ലീഹാ യേശുവിന്‍റെ കൂടെ കൂടുമ്പോള്‍ കുറഞ്ഞത്‌ അമ്പത് വയസ്സെങ്കിലും കാണണം.  യേശുവിന്‍റെ വിലാവില്‍ തൊട്ടേ വിശ്വസിക്കൂയെന്നു പറഞ്ഞത് പക്വത വന്ന ഒരു മദ്ധ്യ വയസ്കനായിരിക്കാനേ സാദ്ധ്യതയുള്ളൂ. യേശു മരിച്ചു കഴിഞ്ഞ് ഇരുപതു വര്‍ഷങ്ങള്‍ കൂടി കഴിഞ്ഞാണ് സഭാ ചരിത്ര പ്രകാരം തോമ്മാസ്ലീഹാ ഭാരതത്തില്‍ എത്തിയത്. അതുകൊണ്ടാണ് ഇവിടെ അദ്ദേഹം വന്നെങ്കില്‍ അന്നദ്ദേഹത്തിന് എഴുപതു വയസ്സെങ്കിലും കാണുമായിരിക്കണം എന്ന് അനുമാനിച്ചത്. ഏതായാലും AD 72 ല്‍ മൈലാപ്പൂരില്‍ വെച്ചു വധിക്കപ്പെട്ടത് ഒരു പടുവൃദ്ധനല്ല. എങ്കില്‍ അങ്ങേയറ്റം പതിനഞ്ചു വര്‍ഷങ്ങളെ എല്ലായിടത്തുമായി അദ്ദേഹം ചിലവിട്ടിരിക്കാനും ഇടയുള്ളൂ. ആ സമയത്തിനിടക്ക് ഒരു കൊട്ടാരം പണിയാന്‍ കോണ്ട്രാക്ട് ഒപ്പിടുക മാത്രമല്ല വിവിധ ദേശങ്ങള്‍ താണ്ടി അനേകരെ മാനസാന്തരപ്പെടുത്തുകയും, ഏഴര പള്ളികള്‍ സ്ഥാപിക്കുകയും, മാര്‍ത്തോമ്മാക്കുരിശു കൊത്തുകയും ചെയ്തുവെന്ന് പറഞ്ഞാല്‍ അതില്‍ അതിശയോക്തിയുണ്ട്. ഏതായാലും, ഈ ഏഴര പള്ളികളില്‍ ഒന്നിന്‍റെയെങ്കിലും അയലത്തുനിന്നു പോലും നാം ഇപ്പോള്‍ പൂജിക്കുന്ന തരം ഒരു മാര്‍ത്തോമ്മാ കുരിശു കണ്ടെടുത്തിട്ടില്ല.  

മാര്‍ത്തോമ്മാസ്ലീഹയുമായി ബന്ധപ്പെട്ടതാണ് മാര്‍ത്തോമ്മാക്കുരിശിന്‍റെ ചരിത്രം എന്ന് സഭ പഠിപ്പിച്ചതുകൊണ്ട് ഇതിനെപ്പറ്റി ഗവേഷണം നടത്തിയവര്‍ പുതിയ ഒരു ചോദ്യം വിശ്വാസികളുടെ ഇടയിലേക്ക് എത്തിച്ചു.അത് മാര്‍ത്തോമ്മാസ്ലീഹാ ഭാരതത്തില്‍ വന്നിരുന്നുവോയെന്നതായിരുന്നു. പണ്ട് പലരും ഇതില്‍ സംശയം പ്രകടിപ്പിച്ചതേയുള്ളൂ. പക്ഷേ, ഇന്ന് ആ ചോദ്യം വളരെ വ്യാപകമായി വിശകലനം ചെയ്യപ്പെടുന്നു. ഇത് മാര്‍ത്തോമ്മാക്കുരിശു വരുത്തിയ ഏറ്റവും വലിയ വിനയായി. മാര്‍ത്തോമ്മാസ്ലീഹാ ഭാരതത്തില്‍ വന്നില്ലായെന്നു തറപ്പിച്ചു പറയാന്‍ ഒരു പണ്ഡിതനും തയ്യാറായിട്ടില്ല, പക്ഷേ തോമ്മാസ്ലീഹായുമായി ബന്ധപ്പെടുത്തി പറയുന്ന ഭൂരിഭാഗം കഥകളും അസംബന്ധമെന്ന് അവര്‍ ആണയിട്ടു പറയുന്നു. അദ്ദേഹത്തിന്‍റെ ഭാരത സന്ദര്‍ശനവുമായി ബന്ധപ്പെട്ടു യാതൊരു ചരിത്രരേഖകളും ലോകത്തൊരിടത്തും ലഭ്യമല്ലായെന്നത് തന്നെയാണ് പ്രധാന കാര്യം. സഭയുമായി ബന്ധപ്പെട്ട ചരിത്രരേഖകളുടെ വിപുലമായ ശേഖരമുള്ള വത്തിക്കാനിലെ രേഖകള്‍ അദ്ദേഹം അഫ്ഗാനിസ്ഥാന്‍ വരെ വന്നതായേ പറയുന്നുള്ളൂ. അതുകൊണ്ടാണ് അദ്ദേഹം ഭാരതത്തില്‍ വന്നിട്ടില്ലായെന്നു പറയാന്‍ ഒരു മാര്‍പ്പാപ്പാ തന്നെ ധൈര്യം കാണിച്ചത്.  ബ്രാഹ്മണര്‍ ശ്രദ്ധേയമായ ഒരു സമൂഹമായി രൂപപ്പെട്ടിരുന്നില്ലാത്ത ഒരു കാലഘട്ടത്തില്‍ അദ്ദേഹം ബ്രാഹ്മണരെ ജ്ഞാനസ്നാനം ചെയ്തുവെന്ന് പറയുന്നതിലും അവര്‍ സംഘം ചേര്‍ന്ന് അദ്ദേഹത്തെ വധിച്ചുവെന്ന് പറയുന്നതിലും അതിശയോക്തിയുണ്ട്. സിറിയക് പുല്ലാപ്പിള്ളി എന്ന ചരിത്ര പണ്ഡിതന്‍ ബ്രാഹ്മണര്‍ കേരളത്തില്‍ വന്നതിനെപ്പറ്റിയുള്ള അനേകം നിഗമനങ്ങള്‍ വിശകലനം ചെയ്തിട്ട് പറഞ്ഞത്, ഒന്നാം നൂറ്റാണ്ടില്‍ നമ്പൂതിരി ബ്രാഹ്മണര്‍ കേരളത്തില്‍ ഉണ്ടായിരുന്നിരിക്കാം എന്ന് മാത്രമാണ്. അവര്‍ വ്യാപകമായി പുരോഹിതരായും സമുദായ പ്രമാണികളായും  രംഗപ്രവേശം ചെയ്തത് ഏതാണ്ട് എട്ടാം നൂറ്റാണ്ടു മുതലാണെന്നും അദ്ദേഹം പ്രസ്താവിക്കുന്നു. 
 
യേശുവിനു മുമ്പ് കേട്ടിട്ടേയില്ലാത്ത, എങ്ങിനെ ചെയ്യണമെന്നു ആര്‍ക്കും യേശു പരിശീലനം കൊടുത്തിട്ടേയില്ലാത്ത ജ്ഞാനസ്നാനം, ക്രിസ്ത്യാനിയാവാനുള്ള ഒരു ചടങ്ങായി തോമ്മാസ്ലീഹാ വ്യാഖ്യാനിച്ചിരുന്നോയെന്നു തീര്‍ച്ചയില്ല. തോമ്മാസ്ലീഹാ യേശുവിന്‍റെ ജ്ഞാനസ്നാനത്തെപ്പറ്റി അറിഞ്ഞിരുന്നുവെന്നും നമുക്കുറപ്പില്ല. യേശുവിന്‍റെ ജീവിതത്തില്‍ നടന്ന എല്ലാ സുപ്രധാന കാര്യങ്ങളും എല്ലാ ശിക്ഷ്യന്മാരും അറിഞ്ഞിട്ടില്ലെന്നതിനു ബൈബിള്‍ സാക്ഷി. കിഴക്ക് നിന്ന് ജ്ഞാനികള്‍ ബേതലഹേമില്‍ വന്നത് നാല് സുവിശേഷകരില്‍ മത്തായി മാത്രമേ അറിഞ്ഞിട്ടുള്ളൂ. ഇത്, ഒരുദാഹരണം മാത്രം. ക്രിസ്ത്യാനിയെന്ന പേരില്‍ ഒരു മതമോ സമുദായമോ രൂപം കൊണ്ടത്‌ ഏതാനും നൂറ്റാണ്ടുകള്‍ കൂടി കഴിഞ്ഞാണെന്നാണ് ചരിത്രം എന്നതുകൂടി കൂട്ടി വായിക്കുക. ഒരു പക്ഷേ, അതിലും വിചിത്രമാണ് പള്ളികളുടെ കാര്യം. ആരാണ് പള്ളികള്‍ എന്ന ആശയം അദ്ദേഹത്തിനു കൊടുത്തതെന്നതിനെപ്പറ്റി ആരും മിണ്ടുന്നില്ല. ഐതിഹ്യമനുസരിച്ച് അദ്ദേഹം ഒരു ശില്പ്പിയായിരുന്നു, ബൈബിള്‍ പറയുന്നത് അദ്ദേഹം മുക്കുവനായിരുന്നു എന്നും. ഈ രണ്ടു പേരും ഒന്ന് തന്നെയായിരുന്നോയെന്നും സംശയം. അദ്ദേഹത്തെ കൊട്ടാരം പണിയാന്‍ ചുമതലപ്പെടുത്തിയ രാജാവിനെ കൊട്ടാരത്തിനു പകരം ഒരു പള്ളി പണിതാണ് അദ്ദേഹം സാന്ത്വനപ്പെടുത്തിയതെന്ന് ഒരു  ഐതിഹ്യവും പറയുന്നില്ല. എങ്കിലും, കേരളത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ശ്രദ്ധ പള്ളി പണിയുന്നതിലും പതിച്ചത്രേ. ഈ പള്ളികളില്‍ അദ്ദേഹം കുര്‍ബാനയും ചൊല്ലിയെന്ന് ആരും അവകാശപ്പെട്ടിട്ടില്ലായെന്നത് ഏതായാലും ആശ്വാസകരം. ആ പള്ളികള്‍ എങ്ങിനെ ഉപയോഗിക്കപ്പെട്ടുവെന്നതിനും കൃത്യമായ മറുപടി ഇല്ല. ഇന്ന് നാം പള്ളികളില്‍ ആചരിക്കുന്ന ഒരു ചടങ്ങും അന്ന് ഉണ്ടായിരുന്നില്ലായെന്നത് പറയേണ്ടതില്ലല്ലോ. കുറഞ്ഞൊരു കാലം കൊണ്ട് മദ്ധ്യപൂര്‍വ്വ ദേശത്തുനിന്നും ഈജിപ്തിലൂടെ, പിന്നെ അഫ്ഗാനിസ്ഥാനിലൂടെ, അവിടെനിന്നും ഭാരതത്തിലെ കാട്ടിലും നാട്ടിലും കൂടെ ആയിരക്കണക്കിന് മൈലുകള്‍ നടന്ന് അവരവരുടെ ഭാഷകളില്‍ സുവിശേഷം പ്രസംഗിക്കുകയും കുറെ പള്ളികള്‍ സ്ഥാപിക്കുകയും ചെയ്ത തോമ്മാ സ്ലീഹായെ ഒരു മഹാത്ഭുതമായി കാണാന്‍ ചിന്തിക്കുന്നവര്‍ തയ്യാറാകുന്നില്ല. വചനം പഠിപ്പിച്ചു പോയതല്ലാതെ വചനം വിശ്വസിച്ചവര്‍ എങ്ങിനെ ഇപ്പോള്‍ ജീവിക്കുന്നുവെന്നു തോമ്മാസ്ലീഹാ തിരിഞ്ഞു നോക്കിയിട്ടില്ല, പൌലോസിനെയോ മറ്റുള്ളവരേയോപോലെ. ഐതിഹ്യങ്ങള്‍ വാരിക്കൂട്ടിയവര്‍ക്ക് ഇവിടെയും പിഴച്ചു. 

ിiടാരംപനിയാന്‍nുuെന്നും്‍ക്കോ  അദ്ദേഹത്തിന്‍റെ മരണത്തെ ചൂഴ്ന്നും ഏറെ ദുരൂഹതകളുണ്ട്. മാര്‍ക്കോ പോളോയുടെ സഞ്ചാരക്കുറിപ്പുകളില്‍ മാര്‍ത്തോമ്മാ സ്ലീഹാ കൊല്ലപ്പെട്ടതുകൊണ്ട് ചുവന്ന മണ്ണെന്ന പേര് വീണ ഒരു സ്ഥലത്തെപ്പറ്റി കൊടുങ്ങല്ലൂരുമായി ബന്ധപ്പെടുത്തി പറയുന്നുണ്ട്. 1341 ലുണ്ടായ മഹാപ്രളയത്തില്‍ കൊടുങ്ങല്ലൂരെ ഏറെ ചരിത്രവും നാമാവശേഷമായതിനാല്‍ ആ സൂചനയുടെ പിന്നാലെ പോകാന്‍ നമുക്കിന്നു കഴിയുന്നില്ല. സീറോ മലബാര്‍ സഭ ഔദ്യോഗികമായി പ്രഖ്യാപിച്ച മൈലാപ്പൂരാണ് അദ്ദേഹം മരിച്ചതെന്ന വാദം വത്തിക്കാന്‍ ഒരിക്കലും അംഗീകരിക്കുമെന്നു തോന്നുന്നില്ല. അദ്ദേഹത്തിന്‍റെ തിരുശേഷിപ്പുകള്‍ ഒരു അജ്ഞാത വ്യാപാരി വഴി എഡെസ്സായില്‍ എത്തിയെന്നും അവിടെ സംസ്കരിക്കപ്പെട്ടുവെന്നും, പിന്നീട് മൂന്നാം നൂറ്റാണ്ടില്‍ മെസ്സപ്പോട്ടേമിയായിലും ഇറ്റലിയിലും എത്തിയെന്നും ചില ചരിത്രകാരന്മാര്‍ ഐതിഹ്യങ്ങളെ ആസ്പദമാക്കി പറയുന്നുണ്ട്. അദ്ദേഹത്തിന്‍റെതെന്നു പറഞ്ഞ് നിരവധി ദേവാലയങ്ങളില്‍ പ്രതിഷ്ടിച്ചിട്ടുള്ള തിരുശേഷിപ്പുകള്‍ റോമിന്‍റെ ചരിത്രം അനുസരിച്ച് അഫ്ഗാനിസ്ഥാനിലെങ്ങോവെച്ച് മരിച്ച അപ്പസ്തോലന്‍റെയാണോ, അതോ മൈലാപ്പൂരില്‍ വെച്ച് മരിച്ച അപ്പസ്തോലന്‍റെയാണോ എന്ന് ആര്‍ക്കും വ്യക്തമല്ല. ഐതിഹ്യപ്രകാരം തോമ്മാ സ്ലീഹയുടെ ഭൌതിക അവശിഷ്ടങ്ങള്‍ ഇവിടെനിന്നു മാറ്റപ്പെട്ടുവെങ്കില്‍ മൈലാപ്പൂരില്‍ ഇപ്പോള്‍ അവശേഷിക്കുന്നതെന്ത്?

തോമ്മാസ്ലീഹായുടെ ചരിത്രത്തിലെ നിഗൂഡത അവിടെയും അവസാനിക്കുന്നില്ല. ഈജിപ്തിലെ നാഗ് ഹമാദിയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട തോമ്മായുടെ സുവിശേഷം എങ്ങിനെ അവിടെയെത്തി എന്നുള്ളതിനും ഉത്തരം കണ്ടെത്തേണ്ടതുണ്ട്. യേശു പറഞ്ഞത്, ദിദിമസ്  ജൂദാസ് തോമസ്‌ രേഖപ്പെടുത്തിയത് എന്ന് പറഞ്ഞുകൊണ്ടാണ് ആ സുവിശേഷം ആരംഭിക്കുന്നത് തന്നെ. ഭാരതത്തില്‍ ക്രൈസ്തവരുടെ ആരംഭത്തെയും വളര്ച്ചയെയും പറ്റി ഐതിഹ്യങ്ങളല്ലാതെ യാതൊരു രേഖയുമില്ല. മൂന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ബര്‍ഡെയിസാന്‍ എന്ന ക്രിസ്ത്യന്‍ പണ്ഡിതന്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ചു പറഞ്ഞാല്‍ തോമ്മാ സ്ലീഹായാണ് തങ്ങളെ മാനസാന്തരപ്പെടുത്തിയതെന്നും, അതിനു തെളിവുകളുണ്ടെന്നും  അവകാശപ്പെടുന്ന ക്രിസ്ത്യന്‍ കൂട്ടായ്മകള്‍ ഭാരതത്തില്‍ രണ്ടാം നൂറ്റാണ്ടില്‍ തന്നെ ഉണ്ടായിരുന്നു. അക്കാലത്ത് റോമിലേക്ക് ഇവിടെ നിന്ന് ക്രിസ്ത്യന്‍ ജ്ഞാനികള്‍ പോയിരുന്നുവെന്നതിന് ഏതായാലും തെളിവുകളുണ്ട്. ഗുരുവിനെ സംശയിച്ച തോമസ്‌, ഇപ്പോള്‍ സംശയിക്കപ്പെടുന്നുവെന്നത് ഒരു പക്ഷേ വിധിഹിതമായിരിക്കാം.


തോമ്മാസ്ലീഹാ കേരളത്തില്‍ വന്നിരിക്കാമെന്നും അദ്ദേഹത്തിലൂടെ ക്രിസ്ത്യാനികള്‍ ഇവിടെ ഉണ്ടായിയെന്നും ഐതിഹ്യങ്ങളുടെ പിന്‍ബലത്തില്‍ നമുക്ക് അനുമാനിക്കാന്‍ അവകാശമുണ്ട്. ഒന്നാം നൂറ്റാണ്ടില്‍ ഭാരതത്തില്‍ യേശുവിനെ മറ്റാരും പരിചയപ്പെടുത്തിയതായി സൂചനകള്‍ ഇല്ലെന്നത് കണക്കിലെടുത്ത്, അതിനപ്പുറത്തേക്ക് ചരിത്രം രചിക്കാന്‍ ശ്രമിച്ചവരാണ് ഈ ചിന്താക്കുഴപ്പം ഇവിടെ സൃഷ്ടിച്ചതെന്ന് പറയാതെ വയ്യാ. ഈ ജ്ഞാനികള്‍ മനസ്സിലാക്കേണ്ടത്, തോമ്മാസ്ലീഹാ പ്രസംഗിച്ചത് ഗലീലിയനായ യേശുവിന്‍റെ വചനങ്ങളായിരുന്നെന്നും ആ വചനങ്ങളിലാണ് അല്ലാതെ തോമ്മാസ്ലീഹായിലോ പാരമ്പര്യങ്ങളിലോ അവയെ ചുറ്റിപ്പറ്റിയുള്ള ഐതിഹ്യങ്ങളിലോയല്ല ഒരു ക്രിസ്ത്യാനിയുടെ നിലനില്പ്പെന്നുമാണ്. ഒരു തെളിവുകളും അവശേഷിപ്പിക്കാതെ കടന്നുപോയ രണ്ടു നൂറ്റാണ്ടുകളെയും വെല്ലുവിളിച്ചുകൊണ്ട് തോമ്മാസ്ലീഹാ വീട്ടിന് മുമ്പിലൂടെ പോയപ്പോള്‍ ഞങ്ങള്‍ കുരിശു വരയ്ക്കുകയായിരുന്നുവെന്നുപോലും അവകാശപ്പെടുന്ന കുടുംബക്കാര്‍ ഇവിടുണ്ട്. അവരിലെ ജ്ഞാനികളായിരിക്കണം ഭാരത ക്രിസ്ത്യാനിയുടെ ചരിത്രത്തില്‍ ഇത്രയും ഐതിഹ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. ക്ഷമിക്കാനല്ലാതെ നമുക്കെന്തു ചെയ്യാന്‍ സാധിക്കും?   

Tuesday, July 16, 2013

കാനാ, സമ്മേളനവും സെമിനാറും ഷിക്കാഗോയില്‍


ഷിക്കാഗോ: ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ നേതൃത്ത്തില്‍ ഒരു മുഴുദിന സമ്മേളനവും സെമിനാറും ഓഗസ്റ്റ് 3 ശനിയാഴ്ച ചിക്കാഗോയില്‍ വച്ച് നടത്തപ്പെടുന്നതാണ്. ബെല്‍വുഡ് സീറോ മലബാര്‍ കത്തീഡ്രല്‍ ഹാളില്‍ വച്ച് നടത്തപ്പെടുന്ന പ്രസ്തുത സമ്മേളനത്തില്‍ ആഗോള കാത്തോലിക്കാ സഭയ്‌ക്കൊപ്പം സീറോ മലബാര്‍ സഭയും, ക്‌നാനായ സമുദായവും അഭിമുഖീകരിയ്ക്കുന്ന വിവിധ പ്രതിസന്ധികളെക്കുറിച്ച് ആഴത്തില്‍ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്. അമേരിക്കയിലെ വിവിധ നഗരങ്ങളില്‍ നിന്നുമെത്തുന്ന സംഘടനയുടെ പ്രതിനിധികള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കുമൊപ്പം സീറോ മലബാര്‍ സഭയുടെ അദ്ധ്യാത്മിക നേതൃത്വത്തിലും ആത്മായ നേതൃത്വത്തിലും ഉള്‍പ്പെടുന്ന നിരവധി പ്രമുഖ വ്യക്തികള്‍ സമ്മേളനത്തില്‍ പങ്കെടുക്കും.രാവിലെ 9.30ന് വിശ്വാസവും പാരമ്പര്യവും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തപ്പെടുന്ന സെമിനാറുകൂടി സമ്മേളനം ആരംഭിയ്ക്കും. പ്രമുഖ സഭാ ചരിത്ര പണ്ഡിതനും എഴുത്തുകാരനുമായ ചാക്കോ കളരിക്കല്‍ സമ്മേളനം ഉത്ഘാടനം ചെയ്യും. പ്രശസ്ത ദൈവശാസ്ത്ര പണ്ഡിതനും, ജേര്‍ണലിസ്റ്റുമായ ഡോ.ജെയിംസ് കോട്ടൂര്‍ സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്തും. തുടര്‍ന്ന് ശ്രോതാക്കളുടെ സംശയങ്ങള്‍ക്ക് ഇരുവരും മറുപടി നല്‍കും.ലഞ്ചിന് ശേഷം നടത്തപ്പെടുന്ന തുറന്ന ചര്‍ച്ചയില്‍ അമേരിക്കയിലെ ക്‌നാനായ കാത്തലിക്ക് മിഷനുകളിലെ അംഗത്വത്തെ ചൊല്ലി തുടരുന്ന തര്‍ക്കത്തെക്കുറിച്ചും, ഈ വിഷയത്തില്‍ വത്തിക്കാന്‍ അധികൃതരും, സെന്റ് തോമസ് സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്തും സ്വീകരിച്ചിട്ടുള്ള ഉറച്ച തത്വാധിഷ്ഠിത നിലപാട് നടപ്പില്‍ വരുത്തുവാന്‍ വേണ്ടിയ ക്രിയാത്മക മാര്‍ഗ്ഗങ്ങളെക്കുറിച്ചും പ്രതിനിധികള്‍ ഗൗരവകരമായി ചര്‍ച്ച ചെയ്യും. കത്തോലിക്കാ സഭ നിലകൊള്ളുന്ന അടിസ്ഥാന തത്വങ്ങളായ സത്യം, സ്‌നേഹം, നീതി, സമത്വം, സാഹോദര്യം എന്നിവയുടെ സാക്ഷാത്ക്കാരത്തിനായി കാനാ എക്കാലവും നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ആഗോള സഭയിലും, പൊതുസമൂഹത്തിലും, ക്‌നാനായ സമുദായത്തിലും വര്‍ദ്ധിച്ചു വരുന്ന സ്വീകാര്യതയുടെയും അംഗീകാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഈ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. ദേശീയ തലത്തിലേയ്ക്ക് വ്യാപിപ്പിയ്ക്കപ്പെടുന്ന സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാപ്തരായ പുതിയ നേതൃത്വത്തേയും ഈ സമ്മേളനത്തില്‍ തിരഞ്ഞെടുക്കും.

'സഭയുടെ നവീകരണം കാലഘട്ടത്തിന്റെ ആവശ്യം' എന്നു പ്രഖ്യാപിച്ച ഫ്രാന്‍സീസ് പാപ്പായുടെ ആഹ്വാനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിയ്ക്കാനും സഭയും സമുദായവും തമ്മിലുള്ള അനന്തരം മനസ്സിലാക്കി വിശ്വാസ സമൂഹത്തിന്റെ ആത്മീയ വളര്‍ച്ചയിലേയ്ക്ക് നയിക്കുന്ന അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ഈ സെമിനാറും സമ്മേളനവും വന്‍വിജയമാക്കി തീര്‍ക്കുവാന്‍ വടക്കെ അമേരിക്കയിലും കാനാഡായിലുമുള്ള എല്ലാ ക്‌നാനായ സഹോദരങ്ങളേയും ക്രിസ്തുമത വിശ്വാസികളേയും, അഭ്യുദയകാംക്ഷികളേയും സാദരം ക്ഷണിച്ചു കൊള്ളുന്നതായും കാനാ പ്രസിഡന്റ്
സാലു കാലായില്‍ അറിയിച്ചു.

ആര്‍ഭാടം

ഈശ്വരപ്രസാദം എല്ലായിടത്തുമുണ്ട്. തുറന്ന അസ്തിത്വമാണ് നമ്മുടേതെങ്കിൽ, ആത്മസുഖത്തോടെ ജീവിക്കാൻ അതുമതി. അതിനായി പ്രത്യേക കര്മ്മങ്ങളോ അനുഷ്ടാനങ്ങളോ അനുവര്‍ത്തിക്കേണ്ടതില്ല; സഹായത്തിന് ആരെയും ബുദ്ധിമുട്ടിക്കേണ്ടതില്ല; അരൂപികളെ ഉണർത്തേണ്ടതില്ല. വെറുതേ സൂര്യപ്രകാശവും വായുവും കൊണ്ട് മാത്രം ജീവിച്ചുപോകുന്ന ജൈവാസ്തിത്വങ്ങൾ ധാരാളമുണ്ട്. സ്ഥൂലോര്‍ജ്ജത്തില്‍ നിന്ന് സൂക്ഷ്മോര്‍ജ്ജം വേര്‍തിരിച്ചെടുക്കാനും സൂക്ഷ്മോര്‍ജ്ജത്തെ സ്ഥൂലോര്‍ജ്ജമാക്കി ആവശ്യാനുസരണം മാറ്റാനും കെല്‍പ്പുള്ള സൂക്ഷ്മ ചക്രാകള്‍ ഓരോ മനുഷ്യരിലുമുണ്ട്. യോഗയില്‍ ഇതിനായുള്ള പ്രത്യേക മുറകളുമുണ്ട്. യാതൊരു ഖരഭക്ഷണവും കൂടാതെ അനേകം വര്‍ഷങ്ങള്‍ ജീവിച്ച മനുഷ്യരെപ്പറ്റി കേട്ടിട്ടുണ്ട്. (കാണുക: Autobiography of a Yogi – Sri Yogananda Paramahansa). നമുക്ക് ചുറ്റുമുള്ള ഐശ്വരീയമായ ഊർജ്ജത്തെ സ്വീകരിക്കാന്‍ കഴിഞ്ഞാല്‍, ആർക്കും ആരോഗ്യത്തോടെ തുടരാനാവും. മനസ്സിന്റെ സഹായത്തോടെ ഒരു പാറക്കഷണത്തില്‍ നിന്നോ ഒരു പുൽ നാളത്തില്‍നിന്നോ പോലും നമ്മിലേയ്ക്ക് ഊര്ജ്ജത്തെ ആവാഹിക്കാന്‍ കഴിയും. നാം ഇപ്പോള്‍ കഴിക്കുന്നത്‌ തന്നെ ആവശ്യമായതിന്റെ ഏതാണ്ട് മൂന്നിരട്ടിയാണ്. 

'ഉന്നതങ്ങളിലേയ്ക്കു മിഴികളെ ഉയര്ത്തുക', ആരാധനക്രമത്തിൽ ആവർത്തിച്ചുകേള്ക്കുന്ന ഒരാഹ്വാനമാണ്. നിന്നെ ഉയര്ത്തുക എന്നല്ല, നീ താഴെത്തന്നെ നിന്നിട്ട്, നിന്റെ മിഴികളെ ഉയർത്തുക എന്നാണ് - അതായത്, നമ്മുടെ കാലുകൾ  നിലത്തുറച്ചിരിക്കണം, എന്നാൽ കാഴ്ച മുകളിലേയ്ക്ക് ആയിരിക്കണം. ജീവതൃഷ്ണയെന്നാൽ ഉള്ളിൽ നിന്ന് വളരാനുള്ള അവേശമാണെന്നുള്ള ഉൾക്കാഴ്ച ആദ്യം കണ്ടെത്തിയത് ചാർൾസ് ഡാർവിൻ ആണ്. ഏകകോശജീവി സ്വയം വിഭജിച്ച്‌ വിഭജിച്ചാണ് ബഹുകോശ ജീവികൾ ഉണ്ടായതെന്നും ആ പരിണാമത്തിന്റെ ഇങ്ങേയറ്റത്താണ് മനുഷ്യന്‍ എന്നും തെളിയിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പരിണാമ ചങ്ങലയിലെ ഒരു കണ്ണിയായി മനുഷ്യന്‍ ഇപ്പോഴും വളര്ന്നുകൊണ്ടേയിരിക്കുന്നു, . ആ വളര്ച്ച മുരടിക്കുന്നിടത്താണ് ആർഭാടത്തിന്റെ തുടക്കം എന്ന് ഞാന്‍ കരുതുന്നു.


ആവശ്യത്തെയും അത്യാവശ്യത്തെയും അനാവശ്യത്തെയും വേര്‍തിരിക്കാനുള്ള ശേഷി നഷ്ടപ്പെടുമ്പോൾ ആണ് ആര്‍ഭാടം നിത്യജീവിത്തില്‍ സ്ഥാനം പിടിക്കുന്നത്. നിലനില്‍പ്പിന് അത്യാവശ്യമില്ലാത്ത സാഹചര്യങ്ങളുടെയും വസ്തുക്കളുടെയും സമാഹരണമാണ് ആര്‍ഭാടം എന്ന് പറയുന്നതില്‍ തെറ്റില്ല. ഇത് വിശദീകരണം ആവശ്യമില്ലാത്ത നിത്യാനുഭവമാണ്. മാനസ്സികമായി വാസ്തവത്തിൽ, ഏച്ചുവച്ച് പിടിപ്പിക്കുന്നവയുടെ അടിയിലാണ് കഴിയുന്നതെങ്കിലും, എല്ലാറ്റിനും മുകളിലാണെന്ന് താനെന്ന് അന്യരെക്കൊണ്ട് വിശ്വസിപ്പിക്കാൻ താത്പര്യമുള്ളവരല്ലേ അധികവും? ഈഗോ സാക്ഷാത്ക്കാരം പോലെ തന്നെ പോസിറ്റിവ് തിങ്കിംഗ് എന്ന സവിശേഷത ദുര്‍വ്യാഖ്യാനം ചെയ്താലും ആര്‍ഭാടത്തില്‍ ചെന്നെത്തും. വിഖ്യാതരായ പല ഇന്ത്യൻ യോഗികളും ഇന്ന് ആ വഴിയിലാണ്.

ജീവിതത്തെപ്പറ്റി നമ്മൾ എപ്പോഴും മറന്നുപോകുന്ന ഒരു സത്യമുണ്ട്. അതായത്, അതിന്റെ തൊണ്ണൂറു ശതമാനവും വിചാരങ്ങളും വികാരങ്ങളും മാത്രമാണെന്നത്. ചുറ്റുപാടുകളെപ്പറ്റിയും മനുഷ്യരെപ്പറ്റിയുമുള്ള നമ്മുടെ വിചാരണകളിലും അവയോടു തോന്നുന്ന വികാരങ്ങളിലും മുഴുകിപ്പോകുന്ന നമ്മൾ, ജീവിതത്തിന്റെ ശരിക്കുമുള്ള കാതലിനെ മറന്നുപോകുന്നു. ആ കാതലാകട്ടെ, ജീവിതത്തിന്റെ ഈ നിമിഷത്തിൽ ഉള്ളിൽ സൌഖ്യം അനുഭവിക്കുക എന്നതാണ്. ആ സൌഖ്യം കിട്ടാത്തവരാണ് ആഡംഭരവസ്തുക്കൾ സ്വന്തമാക്കുന്നതിലൂടെ അവനവന് പുറത്തുള്ള സന്തോഷത്തെ കണ്ടെത്താനും അത് കഴിവതും നീട്ടികൊണ്ടുപോകാനും ശ്രമിക്കുന്നത്. വാസ്തവത്തില്‍, വസ്തുക്കളായാലും പണമായാലും അനുഭൂതികളായാലും, ആവശ്യമില്ലാത്തവ സ്വസ്വത്തായി ശേഖരിക്കുന്നതിലൂടെ, അവ അപരനും കൂടി അവകാശപ്പെട്ടതാണെന്ന അടിസ്ഥാന പ്രപഞ്ച സത്യം ആര്‍ഭാടത്തില്‍ മുഴുകുന്നവര്‍ മറക്കുന്നു. ഈ സത്യം പങ്കുവെയ്ക്കാനാണ്, തന്റെ മെതിയടികൾ കഴുകുവാൻ ഗംഗയില്‍ നിന്നും ഒരു കപ്പു വെള്ളം മാത്രം ഗാന്ധിജി എടുത്തത്. നാം കരുതുന്നതുപോലെ ആര്‍ഭാടം തരുന്ന സന്തോഷം സ്ഥിരമല്ലാത്തതിനാൽ പുതിയ സന്തോഷത്തിനായി വീണ്ടും പുതിയവയെ തേടേണ്ടിവരുന്നു. ഈ പ്രവണതയെ പറ്റുന്നിടത്തോളം ചൂഷണം ചെയ്യുകയാണ് വ്യവസായത്തിന്റെയും കമ്പോളത്തിന്റെയും പണി. പണം കടമെടുത്തും കബളിപ്പിച്ചെടുത്തും ആക്രമിച്ച്‌ കൈവശപ്പെടുത്തിയും ആഡംഭരവസ്തുക്കൾ സ്വന്തമാക്കാനുള്ള തന്ത്രങ്ങൾ മെനയുന്നവരുടെ കഥകൾ മാത്രമേ ഇന്ന് ഭാരതത്തിൽ കേൾക്കാനുള്ളൂ. അക്കൂടെ പാറയട്ടെ, വിശ്വാസികൾ ദാനധർമ്മങ്ങളായി കൊടുക്കുന്നവ സ്വന്തയാവശ്യങ്ങൾക്കായി മാറ്റി വെയ്ക്കുന്ന പാതിരിമാരും മെത്രാന്മാരും, മനുഷ്യനെ സംരക്ഷിക്കാനുള്ള ദൈവത്തിന്‍റെ ശേഷിയെ സംശയിക്കുക മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും അധർമ്മം ചെയ്യുകയുമാണ്. സര്‍ക്കാരിന് കൊടുക്കേണ്ട നികുതി വെട്ടിക്കുന്നത് ഉള്‍പ്പെടെ അന്യായ മാര്‍ഗ്ഗങ്ങളിലൂടെ പണം സമ്പാദിച്ച് ആര്‍ഭാടങ്ങള്‍ക്കു വേണ്ടി ആരു ചിലവാക്കിയാലും അതിന്റെ ഏതു ഘട്ടത്തിലാണെങ്കിലും അതിനെ പ്രോത്സാഹിപ്പിക്കുന്നവരും ഇതില്‍ പങ്കാളികളാവുന്നു.

തന്നിൽ കാതലായിട്ടുള്ളതെന്തെന്നും കാതലല്ലാത്തതെന്തൊക്കെയെന്നും തിരിച്ചറിയുകയാണ് ധ്യാനം. കാതലല്ലാത്തത് കാതലാണെന്ന മിഥ്യാധാരണയാണ് എല്ലാ രോഗത്തിന്റെയും പിന്നിലുള്ളത്. രോഗമിലലാത്ത അവസ്ഥയാണ് യോഗം - ജീവിതത്തിന്റെ സമരസം മുറിയാതെ നില്ക്കുന്ന അവസ്ഥ. സുഖകരമായ ലയമാണ് യോഗം എന്ന് പറയാം. ശ്രുതിലയം, രസലയം, താളലയം എന്നിങ്ങനെ പോകുന്നു ലയങ്ങൾ. ശുദ്ധവായു നിരന്തരമായി ലഭിക്കുന്നിടത്ത് ധ്യാനനിഷ്ഠനാകുമ്പോൾ മനസ്സിനുണ്ടാകുന്ന ശാന്തിക്ക് നിർവാസനാലയം എന്ന് പറയും. അങ്ങനെയൊന്ന് എത്രപേർക്കറിയാം? സ്വജീവിതത്തിൽ എല്ലാ വിഷയത്തിലും സുവ്യക്തമായ കാഴ്ചപ്പാട് പുലര്ത്തുന്ന വ്യക്തിയെയാണ് ഭാരതീയ ദർശനങ്ങൾ ആരോഗ്യവാനായി കണക്കാക്കുന്നത്. അത് സാദ്ധ്യമാകുന്നത് തന്റെ വിചാരങ്ങളെയും വികാരങ്ങളെയും അവയുടെ ഉത്ഭവസ്ഥാനത്ത് വച്ചുതന്നെ അരിച്ചുപെറുക്കി സംശുദ്ധമാക്കാൻ ശ്രദ്ധിക്കുന്നവന് മാത്രമാണ്. പ്രശാന്തചിത്തതയാണ് അത്തരക്കാരുടെ ലക്ഷണം.  അവരാണ് ശരീരത്തിൽ ദൃഢതയും (യോഗം) മനസ്സിൽ സ്വസ്ഥതയും അനുഭവിക്കുന്നവർ. സ്വന്തം ശരീരകൂറിനിണങ്ങുന്നവ മാത്രം കഴിച്ചും പ്രകൃതിയോടിണങ്ങി പണിയെടുത്തും ഉത്സാഹത്തോടെ ജീവിക്കുന്നവര്ക്ക് ആർഭാടക്കാര്യങ്ങളിൽ രോഗസദൃശമായ അഭിവാഞ്ചയുണ്ടാവുക സാദ്ധ്യമല്ല.

ആർഭാടഭ്രാന്തുള്ളവർക്ക് അതേപ്പറ്റി കേട്ടാൽ കലികയറും. ഒരു കല്യാണാർഭാടത്തിന്റെ കാര്യം സൂചിപ്പിച്ചെഴുതിയതിന് എന്നെ തല്ലാൻ വന്നവരുണ്ട്. തല്ലു കഴിഞ്ഞും ആർഭാടം കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല എന്നത് ഒരു തമാശയായി തുടരുന്നു. ഏറ്റവും വട്ടുപിടിച്ച ആർഭാടക്കാർ നാട്ടിൽ മാളികകൾ പണിയുന്ന മലയാളികളാണ് - നാടനും പ്രവാസിയും. രണ്ടാമത്തെ കൂട്ടർ, ഒരിക്കലും സ്ഥിരതാമസത്തിന് ഉപയോഗിക്കില്ല എന്നറിഞ്ഞുകൊണ്ടുതന്നെ, പടച്ചുവയ്ക്കുന്ന സൌധങ്ങൾ കണ്ടാൽ ഒരു ഗെയ്റ്റ് പുതുക്കിപ്പണിയാൻ പതിനെട്ടു ലക്ഷം എറിഞ്ഞുകളഞ്ഞ കമ്യൂണിസ്റ്റ് മന്ത്രി തോറ്റുപോകും. ഈ നിര്‍മ്മാണ ഭ്രമം കേരളീയരില്‍ ഏറെക്കൂടുതലാണെന്നു പറയാതെ വയ്യ. മകളുടെ കല്യാണസാരിക്ക് അമ്പതിനായിരം കൊടുത്തു എന്ന് പതുക്കെ പറഞ്ഞ് കോൾമയിർ കൊള്ളുന്ന തറവാടിത്തള്ളമാരുടെയെണ്ണം കൂടിവരുന്നു. കോടികളുടെ വജ്രവും സ്വർണവും ശരീരത്തിൽ തൂക്കി ഒരു ബൊമ്മപൊലെ ഇത്തരക്കാരുടെ പെണ്മക്കൾ അൾത്താരക്ക് മുന്നിൽ നിൽക്കുമ്പോൾ ആശീർവദിക്കാൻ നില്ക്കുന്ന മെത്രാനും രോമാഞ്ചം ഉണ്ടാവുമായിരിക്കും. അല്ലെങ്കിൽ പിന്നെ, ഇവിടുത്തെ ആഡംബരം മറു ലോകത്ത് പാരയായിരിക്കുമെന്ന സത്യം പറഞ്ഞുകൊടുക്കാന്‍ ഇവർ മടിക്കുന്നതെന്തിനാണെന്നു മനസ്സിലാകുന്നില്ല.

ആഡംഭരം ഭ്രാന്തിന്റെ ലക്ഷണമാണെന്നും സഭാമക്കൾ അതിനുവേണ്ട ചികിത്സ ചെയ്യണമെന്നും പറയാൻ പോപ്‌ ഫ്രാൻസിസ് ധൈര്യം കാണിക്കുന്നുണ്ട്. സഭക്ക് യേശുവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ അതിന്റെ എല്ലാ പ്രകടനങ്ങളിലും ആഡംഭരം സഭയിൽ നിന്ന് അപ്രത്യക്ഷമായേ ഒക്കൂ. സ്വന്തം തനിമ മറച്ചുവെച്ച് വേറെന്തോ ആയിത്തിരാന്‍, അല്ലെങ്കില്‍ മറ്റാരെയോ അനുകരിക്കാന്‍, വിഫലശ്രമം നടത്തുന്നവര്‍ക്ക് ജീവിതം നാടകമാണ്. യാഥാർഥ്യത്തെ അഭിമുഖീകരിക്കാന്‍ അത്തരം ഭീരുക്കൾക്ക് എങ്ങനെ കഴിയും?

Monday, July 15, 2013

സഭാനവീകരണത്തിനായി ഒരു ഫേസ്ബുക്ക്


Cover Photo




കാർട്ടൂണുകൾ പുസ്തകം വായിക്കുന്ന ഫലം ചെയ്യും. അല്മായശബ്ദത്തിലെ ഒരു സുഹൃത്തിന്റെ സഭാനവീകരണം ആസ്പദമാക്കിയ ഒരു ഫേസ് ബുക്കിലേക്ക് ഒന്ന് ബ്രൌസ് ചെയ്തപ്പോൾ  ആകർഷണീയങ്ങളായ പല ലേഖനങ്ങളും വായിക്കുവാൻ സാധിച്ചു. അതിനുള്ളിൽ  അറിവ്  നല്കും. അനേക കാർട്ടൂണുകളും ഉണ്ടെന്നുള്ളതാണ്  ഈ സൈബർ പേജിന്റെ പ്രത്യേകത. കാർട്ടൂണുകളിൽ ഒളിഞ്ഞിരിക്കുന്ന നർമ്മരസങ്ങൾ മനസിന്‌ കുളിർമ്മ നല്കുന്നു. കാർട്ടൂണുകൾ ജന്മനാ ചിലർക്ക് ലഭിക്കുന്ന കലയാണ്‌. ഏത് ശാസ്ത്രങ്ങളെയും കാർട്ടൂണുകളായി ചിത്രീകരിക്കുവാൻ ഈ കലക്ക്  സാധിക്കും. അനേക ഗ്രാഫിക്ക് നോവലുകളുമുണ്ട്. ഒരു കാലത്ത് അരവിന്ദന്റെ മനോരമയിൽ വന്നുകൊണ്ടിരുന്ന ചെറിയ മനുഷ്യരും വലിയ ലോകവുമെന്ന കാർട്ടൂണ്‍ പരമ്പര അന്നത്തെ ചെറുപ്പക്കാരുടെ ഒരു ഹരമായിരുന്നു. ബൌദ്ധിക തലങ്ങളിൽ വളരെയേറെ ഉയർന്ന മത നവീകരണങ്ങളുടെ കാർട്ടൂണ്‍ ശേഖരം തന്നെ ഈ ഫേസ് ബുക്കിൽ കാണാം.

ബാലപീഡകരായ പുരോഹിതരെ ആടുകളായി നയിച്ചുകൊണ്ട് കാർട്ടൂണിലെ മാർപ്പാപ്പാ ചോദിക്കുകയാണ്, " എന്തേ ഈ ആടുകളെ മേയ്ക്കാൻ ഞാൻ പോകണോ"? സൈബർ ലോകത്തിൽക്കൂടി സഭാനവീകരണം തേടി താളുകൾ മറിച്ച് ഒന്ന് ഒടിച്ചുപോയപ്പോൾ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലെ ഫേസ് വിഭവങ്ങൾ  വളരെ രസകരവും വിജ്ഞാനപ്രദവുമായി തോന്നി. ഇതിനുള്ളിലെ  ലേഖനങ്ങളെല്ലാം  താല്പര്യപൂർവ്വം വായിച്ചു. സഭയുടെ നവീകരണ ചിന്താഗതികളോടെയുള്ള ഈടുറ്റ ലേഖനങ്ങൾ   ബുക്കിൽ നിറയേയുണ്ട്. ആരോ ഭാവനാസമ്പന്നരായവർ ഈ സൈബർബുക്കിനെ ചിത്രങ്ങൾസഹിതം മനോഹരമാക്കിയിട്ടുണ്ട്. അജ്ഞാതരായ ഇതിന്റെ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ.



ഏറ്റവും എന്നെ ആകർഷിച്ചത് ഇതിലെ കാർട്ടൂണുകളാണ്. ഈ ഫേസ്ബുക്കിലുള്ള ഒരു കാർട്ടൂണ്‍ ഞാൻ വായനക്കാർക്കായി കടം എടുത്തത് ഇതേ പൊസ്റ്റിനോടുകൂടി    ചേർത്തിട്ടുണ്ട്. അറക്കൽ, ആലഞ്ചേരി പ്രഭുക്കളെപ്പോലുള്ളവരാണ്  കാർട്ടൂണിലുള്ളിലുള്ള പടങ്ങളിലെ വില്ലന്മാരെന്നും തോന്നിപ്പോയി. ചില  കാർട്ടൂണുകൾ മനസ് നിറയെ ചിരിപ്പിക്കും. കൂന്തൽ തൊപ്പിയും ധരിച്ച്, കൈകളിൽ അംശവടിയും പിടിച്ച് സ്വർണ്ണകുരിശും അണിഞ്ഞ്  രാജകീയ വേഷങ്ങളോടെയുള്ള  അഭിഷിക്തർ മഹാമുക്കവനെ  ചോദ്യം ചെയ്യലാണ്‌ മുകളിൽ  കാണിച്ചിരിക്കുന്ന  കാർട്ടൂണിൽകൂടി കാണുന്നത്.  തെരഞ്ഞെടുക്കപ്പെട്ട പത്രോസിന്റെ  പിൻഗാമിയോട്  രാജഗാംഭീര്യത്തോടെ അഭിഷിക്തർ ചോദിക്കുകയാണ്, "എന്തേ നിങ്ങളുടെ കഥ? നിങ്ങൾ തന്നെ ഹോട്ടൽ ബില്ലുകൾ കൊടുക്കുന്നുവോ? വെറും അലവലാതി അല്മേനികൾ  സഞ്ചരിക്കുന്ന ബസുകളിൽ യാത്ര ചെയ്തിരുന്ന നിങ്ങൾ ആര്? ഹേ മരകുരിശുകാരാ നിങ്ങൾ എന്തേ സ്വർണ്ണ കുരിശ് ധരിക്കാത്തത്?"

മഹാമുക്കവന്റെ മറുപടി ഇങ്ങനെയായിരുന്നു. " ഒരു പക്ഷെ ഞാൻ മനസിലാക്കിയത് തെറ്റായിരിക്കാം. പ്രിയപ്പെട്ടവരേ, സ്വയം പ്രഭുക്കളെന്ന് അഭിമാനിക്കുന്നവരേ, അറിയുക, ഞാൻ ഗലീലിയോയിലെ പാവപ്പെട്ട ഒരു മുക്കവന്റെ പിൻഗാമിയാണ്‌. എന്റെ  മുൻഗാമിയുടെ തൊഴിൽ വലകൾ നന്നാക്കുകയും  മത്സ്യം പിടിക്കുകയും ആയിരുന്നു. ഞാൻ വിചാരിക്കുന്നതും ചിന്തിക്കുന്നതും എളിയവനായ മുക്കവകുടിലിൽ പിറന്നവന്റെ പിൻഗാമിയായിട്ടാണ്.  ഞാൻ ഒരിക്കലും റോമാ  ചക്രവർത്തിയുടെ തുടർച്ചയല്ല. സീസറും കോണ്‍സ്റ്റാനും പത്രോസ് മുക്കവന്റെ കുടിലിൽ വന്നിട്ടില്ല."

ഇനി അല്മേനികൾക്കും നിങ്ങളോട് ചോദ്യങ്ങൾ ചോദിക്കാനുണ്ട്. "അഭിഷിക്തരെ,  ക്രിസ്തുവിനെ ക്രൂശിച്ചവരുടെ പാതകളാണ് നിങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത്. പാപത്തിന്റെ ഫലം നിങ്ങൾക്ക് ലഭിക്കും. നിങ്ങളുടെ കൊട്ടാരങ്ങളും വിലകൂടിയ കാറുകളും ഇടുങ്ങിയ വാതിലുകളിൽ ഒതുങ്ങുകയില്ല. കൂടാരപണിക്കാരനായ പൌലോസിനുപോലും നിങ്ങൾ  പണുതുണ്ടാക്കിയ  ഗോപുരങ്ങളും കത്തീഡ്രലുകളും നന്നാക്കുവാനോ പുതിയതായി പണിയുവാനൊ സാധിക്കുകയില്ല. പിശാച് നിങ്ങൾക്ക് നേരെ അട്ടഹസിക്കുന്നത് കാണുന്നില്ലേ? ഭൂമിയിൽ നിങ്ങൾ പിതാക്കന്മാരും  തിരുമെനിമാരുമോ? ഞങ്ങൾക്ക് ചിരിവരുന്നു.   ക്രിസ്തുവചനങ്ങളെ ധിക്കരിക്കുന്ന നിങ്ങൾക്ക് എന്തു   ശിക്ഷ  നടപ്പിലാക്കിയാൽ നീതിയുടെ പടവുകൾ കടക്കുവാൻ സാധീക്കും.  പൗലോസിന്റെ  കൂടാരവും  നിങ്ങൾ തകർത്ത് സഭയെ മാമ്മോന്റെ സൃഷ്ടിയാക്കി.  മരുഭൂമിയിലെ സ്നാപകന്റെ ശബ്ദം നിങ്ങൾ  കേള്ക്കുന്നില്ലേ? അവന്റെ വാറുകൾ അഴിക്കുവാൻ നിങ്ങൾ  യോഗ്യരോ? അവനെക്കാളും ബലവാനേറിയവനോ? അവന്റെ ഊടുവഴികൾ നയിച്ച മരുഭൂമിയിലെ സ്നാപകന്റെ ശബ്ദവും നിങ്ങൾ ധിക്കരിച്ചില്ലേ?  കാട്ടരുവിയിലെയും കാട്ടാറിലെയും  വെള്ളത്തിനുപകരം നിങ്ങൾ കുടിക്കുന്നത് ക്രിസ്തുവിന്റെ മുന്തിരിച്ചാറോ, ലഹരി വീഞ്ഞോ? നിങ്ങളുടെ തൊപ്പിയിൽ കാണുന്ന മയിലുകളും ക്ലാവർകുരിശും ശാത്താന്റെ വഴികാട്ടികളായി നിങ്ങളെ നയിക്കുന്നു. കഷ്ടംതന്നെ" 

വായിക്കാൻ സമയക്കുറവുള്ളവരും മടിയുള്ളവരും ഈ ബുക്കിലെ കാർട്ടൂണ്‍ മാത്രം കണ്ണോടിച്ചാലും സമകാലിക സഭയെപ്പറ്റി വിലയിരുത്തുവാൻ സാധിക്കും. അജ്ഞത മനുഷ്യനെ വിവേകമില്ലാത്തതാക്കുന്നു. വായനയുടെ അഭാവം അല്മേനിയെ രണ്ടാംക്ലാസ് നിലവാരത്തിലേക്ക് തരംതാഴ്ത്തി. സഭയെ നയിക്കുന്നവർക്ക്   മന്ദബുദ്ധികളുടെ ഒരു ലോകത്തെയാണ്  ആവശ്യവും. ഞായറാഴ്ചയിലെ പള്ളിയിലെ അച്ചന്റെ പ്രസംഗത്തിൽ സകല വിജ്ഞാനവും അടങ്ങിയിട്ടുണ്ടെന്നും ഒരു ധ്യാനം കൂടിയാൽ  ജ്ഞാനം പൂർണ്ണമായി എന്നും മിക്ക ഭക്തരും വിചാരിക്കുന്നു. എത്ര ഉന്നതമായ ഡിഗ്രിയുണ്ടെങ്കിലും ഒരു പുരോഹിതനെ കാണുമ്പോൾ കുഞ്ഞാടായി വായും പൊത്തി നില്ക്കും. പള്ളിയുടെ ഒരു കൈക്കാരൻസ്ഥാനം കിട്ടിയാൽ എതോ മഹത്തായത്‌ താൻ നേടിയെന്നാണ് കുഞ്ഞാടിന്റെ വിചാരം.

ഈ ഫേസ്ബുക്കിൽ പുരോഹിതരുടെ  ലൈംഗിക  പീഡനങ്ങളെപ്പറ്റിയുള്ള അർത്ഥവത്തായ   കാർട്ടൂണ്‍ വീഡിയോകളും കാണാം. ജുഗുപ്സാവഹമായ സഭയുടെ ഈ പോക്കിനെ സംബന്ധിച്ച ഏകദേശമായ ഒരു രൂപം ലഭിക്കും. "പുരോഹിതനെ കാണുമ്പോൾ "ഞാൻ കുഞ്ഞുങ്ങളെ മണക്കുന്നു" എന്നുപറഞ്ഞ്  പകച്ചു നിലക്കുന്ന മാർപാപ്പായുടെ  കാർട്ടൂണ്‍ കണ്ടാൽ കുറ്റബൊധമുള്ളവൻ ഒന്ന് ചൂളാതെയിരിക്കുകയില്ല. പ്രേ ബോയ്‌ എന്ന കാർട്ടൂണിൽ സഭയുടെ ഗർഭനിരോധക ഉറകളും ഗുളികകളുമാണ് ചിത്രീകരിച്ചിരിക്കുന്നത്.



നവ വധുവുമായി ചുറ്റി കറങ്ങിയ ഒരു പുരോഹിതനെ പുറത്താക്കണമെന്ന വാർത്തയും ഈ ബുക്കിൽ നിന്ന് വായിച്ചു. അല്മായശബ്ദത്തിൽ പല വിഷയങ്ങളും ചർച്ചാ വിഷയങ്ങളായി അവതരിപ്പിക്കുന്നതുകൊണ്ട് ഇത്തരം വാർത്തകൾ പോസ്റ്റ്‌ ചെയ്യുവാൻ സാധിക്കാതെ വരുന്നു. അങ്ങനെയുള്ള കുറവുകൾ ഈ  ഫേസ് ബുക്ക്  പരിഹരിക്കുന്നുണ്ട്. വിജ്ഞാനപ്രദമായ പല കാര്യങ്ങളും വായിക്കുവാൻ സാധിക്കുന്നു.

"എന്തോന്ന്, ഞാൻ കുഞ്ഞുങ്ങളെ മണക്കുന്നു' എന്നുള്ള ബനഡിക്റ്റ് മാർപാപ്പായുടെ    ക്രോധത്തോടെയുള്ള പല്ലിറുമ്മലും പുരോഹിതൻ കുർബാനപണം പിരിക്കുന്ന ഒരു കൈയിലെ  പാത്രത്തിൽ കുഞ്ഞും മറ്റേ കൈയിലെ പാത്രത്തിൽ പണവും ഇടുന്ന കാർട്ടൂണും കാണുമ്പോൾ  കാർട്ടൂണ്‍കലയെ അഭിനന്ദിച്ചുപൊവുകയാണ്. ആകെക്കൂടി കാർട്ടൂണ്‍പടങ്ങൾ കാണുമ്പോൾ ഒരു സീരിയലുപോലെയോ അറിവിനെ തേടുന്നവർക്ക് ഒരു ഡോക്കുമെന്ററി പോലെയോ അനുഭവപ്പെടും. തകർന്ന പള്ളിഗോപുരങ്ങളുടെ കഷണങ്ങളെ ചുറ്റികകൊണ്ടും ഗ്ലൂകൊണ്ടും കൂട്ടിയോജിപ്പിക്കുന്ന ഫ്രാൻസീസ് മാർപാപ്പയുടെ കാർട്ടൂണും ചിന്തനീയമാണ്. ബാലപീഡവൈദികരെ മാർപാപ്പാ വടികൊണ്ട് തല്ലി ഓടിക്കുന്ന രംഗങ്ങളും ഉണ്ട്.

തന്മയത്വമായി വരച്ച കാർട്ടൂണുകളും വിജ്ഞാന പ്രദമായ ലേഖനങ്ങളും നിറച്ച് ഒരു ഫേസ്ബുക്ക് തയ്യാറാക്കിയ ഇതിലെ ശിൽപ്പികളെ എത്ര പുകഴ്ത്തിയാലും  മതിയാവുകയില്ല. ഒരിക്കൽ താഴെയുള്ള ലിങ്കിലേക്ക് പ്രവേശിക്കുന്നവർ,  വായനയിൽ താൽപ്പര്യമുള്ളവർ ഈ ബുക്കിന്റെ സ്ഥിര വായനക്കാർ  ആയിരിക്കുമെന്നതിലും  സംശയമില്ല. സമയക്കുറവുള്ളവർ കാർട്ടൂണുകളിലെ വിഭവങ്ങളിൽക്കൂടി സഭയുടെ തനിനിറവും മനസിലാക്കും. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌താൽ നിങ്ങളെ സ്വാഗതം  ചെയ്യുന്ന ഫേസ്ബുക്കിലേക്ക് കടന്നുവരാം. സഭയെ സ്നേഹിക്കുന്നവർ കണ്ണോടിച്ച് ഈ ബുക്കിനെ  ഒന്ന് ലൈക്ക് ചെയ്യൂ. ഞാനും സമയമുള്ളപ്പോൾ വായനക്കാരനായി അവിടെ കാണും.



Kerala Catholic Reformation: