Translate

Thursday, July 18, 2013

പണം കൈപ്പറ്റിചെയ്യുന്ന സേവനം ശുശ്രൂഷയല്ല



ഒരു ആത്മീയ ഗ്രന്ഥത്തിന്റെ വില്പനയ്ക്ക്‌വേണ്ടി കോട്ടയം പ്രദേശത്തുള്ള മിക്കവാറും കത്തോലിക്ക പള്ളികളിലും മഠങ്ങളിലും കത്തോലിക്ക സ്ഥാപനങ്ങളിലും കയറി ഇറങ്ങുവാന്‍ എനിക്കിടയായി. അങ്ങനെയാണ് കോട്ടയത്ത് ഒരു കോണ്‍ഗ്രിഗേഷന്‍ നടത്തുന്ന ആശുപത്രിയോടു ചേര്‍ന്നുള്ള മഠത്തിന്റെ പാര്‍ലറില്‍ എത്തിയത്. മണി അടിച്ചു വളരെ കഴിഞ്ഞപ്പോള്‍ പ്രായംചെന്ന ഒരു കന്യാസ്ത്രിയമ്മ ഇറങ്ങിവന്നു കാര്യം തിരക്കി ഞാന്‍ പറഞ്ഞു; മദറിനെ ഒന്നു കാണണം. അവര്‍ അകത്തേക്കുപോയിട്ട് തിരിച്ചു വന്നില്ല. കുറേ കഴിഞ്ഞ് പ്രായമായ മറ്റൊരു കന്യാസ്ത്രി ഇറങ്ങിവന്നു. ഞാന്‍ പത്രം വായിച്ചിരിക്കുന്നതുകണ്ട് കാര്യം തിരക്കി. അവരോടും കാര്യം പറഞ്ഞു. എന്റെ പേരു ചോദിച്ചു വിശേഷങ്ങള്‍ അന്വേഷിച്ചുവന്നപ്പോള്‍ ഞങ്ങള്‍ 1982-86 കാലഘട്ടങ്ങളില്‍ പല കരിസ്മാറ്റിക്ക് പ്രാര്‍ത്ഥനായോഗങ്ങളിലും ഒരുമിച്ചു പങ്കെടുത്തിട്ടുള്ളവരും കണ്ടിട്ടുള്ളവരുമാണെന്നും മനസിലായി.
സിസ്റ്റര്‍ അവരുടെ സ്വകാര്യ വിഷയത്തിലേക്കുവന്നു.പെട്ടെന്നു തിരികെ പോകേണ്ടതിനാല്‍ ഞാന്‍ തിരക്കി,
“മദര്‍ ഇവിടെ ഉണ്ടോ?”
“മോനെ, ഇവിടെ ഉണ്ട് എവിടെ ആണെന്നറിഞ്ഞുകൂടാ ഇപ്പോവരും.”
അവര്‍ പറഞ്ഞു തുടങ്ങി..
“മോന് ഒരു ചായ തരാന്‍കൂടി എനിക്കു നിവര്‍ത്തിയില്ല. മഠത്തില്‍ ഭക്ഷണമൊന്നും ഉണ്ടാക്കുന്നില്ല.” അവര്‍ സ്വരം താഴ്ത്തി പറഞ്ഞു; “ആശുപത്രി കാന്റീനില്‍ നിന്നാണ് ഞങ്ങള്‍ ഭക്ഷണം കൊണ്ടുവരുന്നത്. എല്ലാവരും ആശുപത്രിയിലെ ജോലിക്കാരാ. ഇരുപത്തിനാലു മണിക്കൂറും ഞങ്ങള്‍ക്ക് ഡ്യൂട്ടിയാണ് തീരെ വയ്യാത്ത ഞങ്ങള്‍ രണ്ടു മൂന്നുപേര്‍ മാത്രമാണ് ഇവിടെ ഇപ്പോള്‍ ഉള്ളത്. അല്പസ്വല്പ്പം ആകാമെങ്കില്‍ അവരൊക്കെ ആശുപത്രിയില്‍ ജോലിചെയ്യണം.”
ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒന്നും രണ്ടും മിനിറ്റുനേരം പാര്‍ലറില്‍വന്ന് പത്രം ഓടിച്ചുവായിച്ച് ഒടിപ്പോകുന്ന ചെറുതും വലുതുമായ കന്യാസ്ത്രികളെ കണ്ടു.
ഞാന്‍ ചിന്തിക്കുകയായിരുന്നു; ദൈവമേ, ഇവരുടെ ഒക്കെ ജീവിതം അങ്ങുകാണുന്നില്ലേ! ദൈവത്തിന്റെ മുന്തിരിത്തോട്ടത്തിലെ വേലയ്‌ക്കെന്നു പറഞ്ഞ് വീട്ടില്‍ നിന്നും പോന്നിട്ട് അവരെ മുന്തിരിങ്ങാ പിഴിയുന്നതുപോലെ പിഴിഞ്ഞ് നീരെടുക്കുന്ന സഭാകാരികള്‍.
ദൈവജനത്തെ വിശ്വാസത്തില്‍ ഉറപ്പിക്കുവാനും സഭയെ വളര്‍ത്താനുമാണ് സന്യാസ സന്യാസിനീസഭകള്‍ കത്തോലിക്കാ സഭയില്‍ ആരംഭിച്ചത്. വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹ്യ സേവന രംഗങ്ങളും സുവിശേഷ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കരുതുകയും അവിടങ്ങളില്‍ വലിയ വളര്‍ച്ച സാധിച്ചതും സമര്‍പ്പിതരുടെ പ്രവര്‍ത്തനഫലമാണെന്നത് നേരാണ്. ഇടവകകളില്‍ സേവനം ചെയ്യുന്ന കന്യാസ്ത്രികള്‍ കുട്ടികളില്‍ വിശ്വാസം കരുപിടിപ്പിക്കുന്നതിനും വളര്‍ത്തുന്നതിനുമുള്ള വലിയ ശുശ്രൂഷ ഇന്നും ചെയ്തുകൊണ്ടിരിക്കുന്നു.
ഇന്ന് കഥമാറി വിദ്യാഭ്യാസ, ആരോഗ്യ സേവന മേഖലകളില്‍ ചെറുതായി സേവനം ചെയ്തു തുടങ്ങിയ സന്യാസി സന്യാസിനി വിഭാഗങ്ങള്‍ ഇന്ന് സമ്പത്തുവാരിക്കൂട്ടുന്നതില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നു.സന്യാസത്തിന്റെ ഉടുപ്പും തലമുണ്ടും പണം ഉണ്ടാക്കുന്നതിനായി നീക്കിവെച്ചിരിക്കുന്നു. കേരളത്തിലെ തീരപ്രദേശങ്ങളില്‍ ഒരു ചൊല്ലുണ്ട് ''കന്നിനെ കയം കാണിക്കരുത്”കന്ന് എന്നു വിളിക്കുന്ന പോത്ത് വെള്ളത്തില്‍ കിടക്കാന്‍ ആഗ്രഹിക്കുന്നതാണ്;ആഴമുള്ള ആറ്റില്‍ ഇറങ്ങിയാല്‍ കരയ്ക്കു കയറില്ല എന്നാണ് ഈ ചൊല്ലിന്റെ അര്‍ത്ഥം,സേവനത്തിന്റെ പേരില്‍ ആരംഭിച്ച് ഇപ്പോള്‍ പണാര്‍ത്തിയിലെത്തി നില്ക്കുന്നു കര്‍ത്താവിന്റെ മണവാട്ടിമാര്‍.
അനുസരണം, ദാരിദ്രം, ബ്രഹ്മചര്യം എന്ന മൂന്നു വൃതങ്ങള്‍ ആത്മനാ സ്വീകരിച്ചുകൊണ്ട് ഇറങ്ങിതിരിച്ചവര്‍ ഇന്ന് വൃതങ്ങളെ മറ്റാര്‍ക്കോ വേണ്ടി മാറ്റിവെച്ചിട്ടാണ് സമ്പത്തിന്റെ അഗാധതയില്‍ നീന്തിതുടിക്കുന്നത്. ഓരോ മഠങ്ങളും സ്ഥിതിചെയ്യുന്ന പ്രദേശത്തെ മെത്രാന്റെ നിയന്ത്രണത്തിലായിരിക്കണം എന്നൊക്കെയാണ് നിയമം. ഇതൊക്കെ അവര്‍ ശ്രദ്ധിക്കുന്നേയില്ല. കത്തോലിക്ക വിദ്യാലയങ്ങള്‍ തലവരി വാങ്ങരുതെന്ന് സീറോമലബാര്‍ സഭാതലവന്‍ ആയിരുന്ന കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തില്‍ സര്‍ക്കുലര്‍ ഇറക്കിയിട്ട് ആരും അനുസരിച്ചിരുന്നില്ല. സമ്പത്തിന്റെ കുന്നുകൂടലില്‍ അനുസരണവും,ദാരിദ്രവും ഒഴിഞ്ഞുപോയി. പിന്നെ ബ്രഹ്മചര്യ കാര്യത്തില്‍ ചില നീക്കുപോക്കുകളും നടത്തിയിരിക്കുന്നു.
ബ്രഹ്മചാരികളായ ഇവര്‍ നടത്തുന്ന ഹൈടെക്ക് വിദ്യാലയങ്ങളിലും ആശുപത്രികളിലും ദൈവജനത്തിന് കടന്നു ചെല്ലാനാകാതായി തീര്‍ന്നിരിക്കുന്നു. ലോകോത്തര നിലവാരത്തിലുള്ള ഇത്തരം സ്ഥാപനങ്ങളില്‍ പ്രവേശിക്കണമെങ്കില്‍ ലക്ഷങ്ങളുമായിട്ടുവേണം കടന്നുചെല്ലാന്‍. ബ്രഹ്മചാരികള്‍ എന്നാല്‍ ബ്രഹ്മത്തില്‍ ചരിക്കുക, അതായത് സൃഷ്ടാവിനു ചുറ്റും കറങ്ങുക എന്നാണല്ലോ. ഇന്നവര്‍ പണം എന്ന ദൈവത്തിനു മുന്നില്‍ കുമ്പിട്ടു ചലിക്കുന്നു. വിദ്യാഭ്യാസ, ആതുര സേവന മേഖലകളെ വ്യവസായവല്‍ക്കരിച്ച് സന്യാസത്തെ അവര്‍ കച്ചവടം ചെയ്തിരിക്കുകയാണ്. ലോകോത്തര നിലവാരമുള്ള ആശുപത്രിയും വിദ്യാഭ്യാസസ്ഥാപനങ്ങളും നടത്തേണ്ടത് ഇന്‍ഡ്യയിലെ ക്രൈസ്തവരുടെ ചുമതലയിലാണോ എന്ന് ഒരു വട്ടം കൂടി ചിന്തിക്കേണ്ടതുണ്ട്. ഇവിടുത്തെ സാധാരണക്കാരന്റെ കൂടെയായിക്കണം ക്രൈസ്തവ നേതൃത്വം. നമ്മുടെ സന്യാസ സന്യാസിനികള്‍ക്കു വഴിതെറ്റിയോ? കേരളത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഡെങ്കിപനിയും മറ്റും മൂലം കഴിഞ്ഞമാസം നാല്പതോളം പേര്‍ മരിച്ചു എന്നാണ് കണക്ക് ലക്ഷകണക്കിനു പേരാണ് പനിച്ചുകൊണ്ട് കഴിഞ്ഞത്. ഏതെങ്കിലും കത്തോലിക്കാ ആശുപത്രി ഇത്തരക്കാരെ ചികിത്സിച്ചതായി അറിവില്ല ചെന്നവരെയൊക്കെ അവര്‍ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് പറഞ്ഞുവിട്ടു. പണം ലഭിക്കുന്ന കൂടുതല്‍ ടെസ്റ്റുകള്‍ ഇത്തരക്കാരുടെമേല്‍ നടത്താനാവില്ലല്ലോ!
ആതുരസേവനം മിഷന്‍ പ്രവര്‍ത്തനമായി ഏറ്റെടുത്തവര്‍ ഇന്ന് ആശുപത്രിയെ സമ്പന്നരുടെ സുഖചികിത്സാകേന്ദ്രം മാത്രമാക്കി തീര്‍ത്തിരിക്കുന്നു. അവിടെ ലഭിക്കുന്ന കോടിക്കണക്കിനു രൂപ അവരുടെ കോണ്‍ഗ്രിഗേഷന്റെ സമ്പന്നതയ്ക്കു മാത്രമായി വിനിയോഗിക്കുകയാണ്. അവരുടെ ആശുപത്രിയുടെയും സ്‌കൂളിന്റെയും കെട്ടിടം നീട്ടിക്കൊണ്ടിരിക്കുന്നു. ദൈവജനത്തിന്റെ വളര്‍ച്ചയ്ക്കുവേണ്ടി പ്രവര്‍ത്തനം തുടങ്ങിയവര്‍ ഇന്ന് സ്വന്തം വളര്‍ച്ചയ്ക്ക് വേണ്ടി മാത്രം പ്രവര്‍ത്തിക്കുന്നു.കൂടുതല്‍ കെട്ടിടങ്ങള്‍ കെട്ടി സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിച്ച് കൂടുതല്‍ പണം നേടുന്നു. വിദേശ മലയാളികള്‍ക്കുവേണ്ടി ആയിരങ്ങളുടെ ഡീലക്‌സ് മുറികളുള്ള ആശുപത്രിയും സ്‌കൂളും ഉണ്ടാക്കിക്കോ പാവപ്പെട്ടവനെ മറക്കരുതെന്നാണ് പറയുന്നത്.
എല്ലാം ഒരു കുടക്കീഴില്‍ എന്ന പരസ്യം പോലെ ജനനവും ചികിത്സയും മരണവും മോര്‍ച്ചറിയും ഇന്ന് ഒരാശുപത്രിയില്‍ തന്നെയുണ്ട്. അവിടെ കുറിക്കുന്ന മരുന്നുകള്‍ അവരുടെ ആശുപത്രി ഫാര്‍മസിയില്‍ മാത്രമേ ലഭിക്കു. അതേ മരുന്ന് പുറത്തെ കടകളില്‍ നിന്നും ലഭിച്ചാല്‍ വിലകേട്ടാല്‍ അത്ഭുതപ്പെടും ആശുപത്രി ഫാര്‍മസിയില്‍ പുറത്തുള്ളതിലും ഇരട്ടിവില. ഇവര്‍ ആര്‍ക്കുവേണ്ടി, എന്തിനുവേണ്ടി പണം ഉണ്ടാക്കുന്നു; ഞാന്‍ ഇതിനുവേണ്ടിയാണോ വിളിക്കപ്പെട്ടിരിക്കുന്നതെന്ന് ചിന്തിക്കാന്‍ ഇടകൊടുക്കാതെയാണ് സിസ്റ്റര്‍മാര്‍ക്ക് ടൈംടേബിള്‍ കൊടുത്തിരിക്കുന്നത്. പട്ടണത്തിലൂടെ ഒന്നിറങ്ങിനടന്ന് കടയില്‍ നിന്നും ഒരു മസാലദോശ വാങ്ങികഴിക്കുവാനുള്ള സ്വാതന്ത്രവും പണവും അവര്‍ക്കു ലഭ്യമല്ല. വൈദികര്‍ നടത്തുന്ന സ്‌കൂളുകളിലും ആശുപത്രികളിലും കര്‍ത്താവിന്റെ സേവകര്‍ യജമാനന്മാരെ പോലെയാണ് വാഴുന്നത്. അവരുടെ ആഹാര നീഹാരശയ്യാദികള്‍ ഹൈടെക്ക് ആണ്.
ഇംഗ്ലീഷ് മരുന്നുകള്‍ വലിയ ലാഭം എടുക്കാതെ വില്പന നടത്തുന്ന പല ഏജന്‍സികളും ഇന്ന് രംഗത്തുണ്ട്. നീതിമെഡിക്കല്‍ സ്റ്റോര്‍, സേവന മെഡിക്കല്‍ ഇങ്ങനെ പലപേരില്‍ അവര്‍ മരുന്നു വിതരണം ചെയ്യുന്നുണ്ട്. വളരെ അധികം പേര്‍ അവിടെ ജോലിചെയ്യുന്നു എല്ലാ ചിലവും കഴിഞ്ഞിട്ടും അവര്‍ക്ക് ലാഭമുണ്ട്. നോക്കു കര്‍ത്താവിന്റെ മണവാട്ടികളായ കന്യാസ്ത്രികളുടെ കടയില്‍ ഇരട്ടി ലാഭത്തില്‍ മരുന്നു വില്പന. ഇവര്‍ എന്തു സന്ദേശമാണ് സമൂഹത്തിന് കൊടുക്കുന്നത്. ഗ്രാമീണരുടെ ഇടയിലെ ഒരു ചൊല്ലുപോലെ 'കൗപീനത്തിനു തീപിടിച്ചതുപോലെ'ഇവര്‍ ഓടുന്നത് ആര്‍ക്ക്‌വേണ്ടി, എന്തിനുവേണ്ടി?
ഒന്നോര്‍ക്കണം മിഷന്‍ പ്രവര്‍ത്തനം ലക്ഷ്യമിട്ട് ആരംഭിച്ച നിങ്ങളുടെ ആശുപത്രികളും പള്ളികൂടങ്ങളും പണക്കാര്‍ക്കു വേണ്ടിമാത്രം ആകുന്നതോടെ നിങ്ങള്‍ സമൂഹത്തില്‍ നിന്നകലുകയാണ്. കര്‍ത്താവ് ആര്‍ക്കുവേണ്ടി മരിച്ചുവോ അവര്‍ നിങ്ങളില്‍ നിന്നകലുകയാണെന്ന് നിങ്ങള്‍ അറിയുന്നുണ്ടോ? ഈ അകല്‍ച്ചയില്‍ നിന്നും എന്താണുണ്ടാകുന്നതെന്നും നിങ്ങള്‍ അറിയണം. അവര്‍ നിങ്ങളുടെ സ്വൈര്യവിഹാരത്തിന് എന്നും തടസ്സം ഉണ്ടാക്കികൊണ്ടിരിക്കും.ദൈവം അവരുടെ കൂടെയാണ്.
പതിനായിരക്കണക്കിനു രൂപയുടെ പരസ്യശമ്പളവും, ചെയ്യുന്ന ഓപ്പറേഷനും പരിശോധനയ്ക്കുമുള്ള പീസ് വര്‍ക്ക് തുകയും, ബ്ലാക്ക്മണിയായി ലക്ഷങ്ങളും കൊടുത്താണ് നിങ്ങളുടെ ഹൈട്ടെക്ക് ആശുപത്രികളില്‍ ഡോക്ടര്‍മാരെ നിയമിച്ചിരിക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. സമൂഹത്തില്‍ കള്ളപണം പെരുകുന്ന ക്രിമിനല്‍ കുറ്റമാണ് നിങ്ങള്‍ ചെയ്യുന്നത്. ക്രൈസ്തവമൂല്യങ്ങള്‍ക്കും രാജ്യനിയമങ്ങള്‍ക്കും വിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ സമര്‍പ്പിതരായ കത്തോലിക്കാ സന്യാസി സന്യാസിനികളാണ് തുടങ്ങിവെയ്ക്കുന്നതെന്ന് ഞങ്ങള്‍ അറിയുന്നു. നിങ്ങള്‍ നടത്തുന്ന വലിയ പള്ളികൂടത്തിലും ആശുപത്രിയിലും ജോലിചെയ്യുന്നവര്‍ക്ക് ചെറിയ ശബളം മാത്രം കൊടുത്ത് അതുവഴിയും പണം ഉണ്ടാക്കുന്നു.
ഒന്നു ചോദിക്കട്ടെ! അനുദിനവും നിങ്ങള്‍ എന്താണു പ്രാര്‍ത്ഥിക്കുന്നത്.മനുഷ്യരുടെ രോഗശാന്തിക്കുവേണ്ടി നിങ്ങള്‍ പ്രാര്‍ത്ഥിക്കാറുണ്ടോ? പണമുള്ള എല്ലാ രോഗികളും നിങ്ങളുടെ ആശുപത്രിയിലേക്ക് വരണമെന്നാണ് നിങ്ങള്‍ പ്രാര്‍ത്ഥിക്കുന്നതെന്നു പറഞ്ഞാല്‍ നിങ്ങള്‍ക്കു നിഷേധിക്കാനാകുമോ? ഏറ്റെടുത്തമിഷന്‍ പ്രവര്‍ത്തനത്തില്‍ നിന്നും നിങ്ങള്‍ പിന്മാറി സമ്പന്നര്‍ക്കുവേണ്ടി പ്രവര്‍ത്തനം ചുരുക്കുമ്പോള്‍ ദൈവത്തിന്റെ പദ്ധതിയെ ആണ് നിങ്ങള്‍ അട്ടിമറിക്കുന്നത്. ഉന്നത നിലവാരമുള്ള സ്ഥാപനം വഴി സമ്പന്നരുടെ ഇടയിലുള്ള നിങ്ങളുടെ പ്രശസ്തികൊണ്ട് ദൈവത്തിന്റെ മുന്നില്‍ നിങ്ങള്‍ മലിനപ്പെട്ടിരിക്കുന്നു.
ചരിത്ര പാതകളില്‍ ദൈവീകപദ്ധതിയെ പിന്തുടരാതിരുന്നപ്പോഴൊക്കെ മനുഷ്യന്‍ സാംസ്‌ക്കാരിക പ്രലോഭനങ്ങളുടെ ഇരകളാകുകയും അടിമകളായി മാറുകയും ചെയ്ത്ട്ടുണ്ടെന്ന് ജീവകാരുണ്യ പ്രവര്‍ത്തന കാര്യാലയത്തിന്റെ പൊതു സമ്മേളനത്തില്‍വെച്ച് കഴിഞ്ഞ ജനുവരിയില്‍ ബനഡിക്റ്റ് പതിനാറാമന്‍ പാപ്പ പ്രസ്താവിച്ചിരുന്നു.നിയന്ത്രണങ്ങളില്ലാത്ത മുതലാളിത്തത്തെ വളര്‍ത്തുന്ന സമീപകാല പ്രത്യയ ശാസ്ത്രങ്ങള്‍ സമൂഹ്യ പ്രതിസന്ധികള്‍ക്കും അസമത്വത്തിനും ദുരിതങ്ങള്‍ക്കും കാരണമാകുകയാണു ചെയ്യുന്നതെന്നും പാപ്പ ചൂണ്ടിക്കാട്ടി. മനുഷ്യനെ സംബന്ധിച്ച ക്രൈസ്തവ ദര്‍ശനത്തെയാണു വിശ്വാസികള്‍ സ്വീകരിക്കേണ്ടതെന്നും മനുഷ്യന്റെ അന്തസിനോടും സമുന്നതമായ വിളിയോടും സമ്മതം പറയാന്‍ ക്രൈസ്തവര്‍ തയ്യാറാക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഈ രചന അവസാനിപ്പിക്കുകയാണ് ബഹുമാനപ്പെട്ട സന്യാസി സന്യാസിനികളേ നിങ്ങള്‍ക്കു വഴിതെറ്റിയോ? നിങ്ങള്‍ തെരഞ്ഞെടുത്തിരിക്കുന്നത് ഒരു പ്രഫഷനല്ല; ദൈവത്തോടു ചേര്‍ന്നുള്ള ഒരു വലിയ ശുശ്രൂഷയാണ്. മെതിക്കുന്ന കാളയുടെ വായ്മൂടിക്കെട്ടരുതെന്നാണ് പ്രവാചകന്‍ പറഞ്ഞിട്ടുള്ളത്. മെതിക്കുന്ന കാളയ്ക്ക് കളത്തില്‍ നിന്നും വൈക്കോല്‍ ഭക്ഷിക്കാം. കര്‍ത്താവിന്റെ മുന്തിരിതോട്ടത്തിലെ വേലക്കാര്‍ക്കനുവദിച്ചിരിക്കുന്നത് തോട്ടത്തില്‍ നിന്നും ഭക്ഷണം മാത്രമാണെന്ന് മറക്കരുത്.
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍,
പനച്ചിക്കാട്,കുഴിമറ്റം പി.ഒ - 686533,

1 comment:

  1. ഡൊമിനിക് സാവിയോ രചിച്ചു,ശ്രീ ചാക്കോ കളരിക്കൽ പോസ്റ്റ്‌ ചെയ്ത "പണം കൈപ്പറ്റിചെയ്യുന്ന സേവനം ശുശ്രൂഷയല്ല" എന്ന ലേഖനം സത്യത്തിന്റെ ശംഖൊലിയായി ഞാൻ കരുതുന്നു. ദാരിദ്ര്യംകൊണ്ട് പെണ്മക്കളെ സന്യാസിനികളാക്കാൻ വീട്ടിൽനിന്നും പറഞ്ഞയയ്ക്കുന്ന ഓരോ അപ്പനുമമ്മയും മനസിരുത്തി വായിച്ചു മനസിലാകേണ്ട സത്തയാണിതിൽ ഉടനീളം ..."അഭയകൾ" പെരുകാതിരിക്കാനും ഇത് സഹായകമാകും ! മനുഷ്യനു ദൈവഭക്തിയുടെ പേരിൽ വരാവുന്ന പുരോഹിതചതികളിൽനിന്നും പെണ്മക്കളെ രക്ഷിക്കാനും ഉതകും നിശ്ചയം.

    ReplyDelete