മംഗളം ദിനപത്രത്തിന്റെ മുഖപ്രസംഗം
21.03.2014
എവിടെപ്പോയി നമ്മുടെ ധാര്മികബോധം ?
മതനിന്ദ ആരോപിച്ചു മതതീവ്രവാദികള്‍ കൈവെട്ടിമാറ്റിയ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി ജീവനൊടുക്കിയതു കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലയ്ക്കുന്ന സംഭവമാണ്. പ്രഫ. ജോസഫിനോട് ആദ്യം ക്രൂരത കാട്ടിയതു മതാന്ധത ബാധിച്ച ഏതാനും പേരാണെങ്കില്‍ സലോമിയുടെ മരണത്തിന് ഉത്തരം പറയേണ്ട ബാധ്യത നമ്മുടെ രാഷ്ട്രീയ, സാമൂഹിക, മത നേതൃത്വങ്ങള്ക്കാണ്. ആരും ശ്രദ്ധിച്ചില്ല, ആ
കുടുംബം എങ്ങനെ ജീവിക്കുന്നുവെന്ന്. അവര്‍ അനുഭവിച്ച യാതനകളും മാനസികസമ്മര്ദങ്ങളും ആരും അറിഞ്ഞില്ല. അല്ലെങ്കില്‍ അറിയേണ്ടവര്‍ അറിഞ്ഞില്ലെന്നു നടിച്ചു. നിരാലംബയായ ഒരു വീട്ടമ്മയെ മരണത്തിലേക്കു തള്ളിവിട്ടത് ആരാണ്? പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാനുള്ള സാധ്യത മങ്ങിയതാണു സലോമിയെ ജീവനൊടുക്കാന്‍ പ്രേരിപ്പിച്ചതെന്നാണു പ്രഫ. ജോസഫിന്റെ സഹപ്രവര്ത്തകരും ബന്ധുക്കളും പറയുന്നത്. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന വാഗ്ദാനത്തില്നിന്നു കോളജ് അധികൃതര്‍ പിന്മാറിയതോടെയാണ് ആ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും തകര്ന്നത്.
തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം വിഭാഗം മേധാവിയായിരുന്ന മൂവാറ്റുപുഴ സ്വദേശി പ്രഫ. ടി.ജെ. ജോസഫ് തയാറാക്കിയ ചോദ്യപേപ്പറില്‍ പ്രവാചകനിന്ദ ഉണ്ടെന്ന് ആരോപിച്ച് അക്രമികള്‍ അദ്ദേഹത്തിന്റെ വലതു കൈ വെട്ടിമാറ്റിയത് 2010 ജൂലൈ നാലിനായിരുന്നു. മതനിന്ദ ആരോപിച്ചുള്ള കേസില്‍ അറസ്റ്റിലായി റിമാന്ഡിലായിരുന്ന ജോസഫ് പുറത്തിറങ്ങിയപ്പോഴായിരുന്നു ഇത്. കേരളം ഇതുവരെ കാണാത്ത തരത്തിലുള്ള മതതീവ്രവാദത്തിന് ഇരയായ ജോസഫിന് അടുത്ത ആഘാതമായിരുന്നു ജോലിയില്നിന്നുള്ള പിരിച്ചുവിടല്‍. വിവാദചോദ്യക്കടലാസ് തയാറാക്കിയതിന്റെ പേരിലാണു കോളജ് മാനേജ്മെന്റ് അദ്ദേഹത്തെ പിരിച്ചുവിട്ടത്. എന്നാല്‍, പ്രഫ. ജോസഫിന് എതിരേയുണ്ടായിരുന്ന കേസില്‍ കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയതോടെ ജോലി തിരിച്ചു ലഭിക്കുമെന്നു പ്രതീക്ഷയുണ്ടായി. കോളജ് മാനേജ്മെന്റില്‍നിന്ന് ഇതുസംബന്ധിച്ച ഉറപ്പ് അദ്ദേഹത്തിനു ലഭിച്ചിരുന്നതായാണ് അറിയുന്നത്. എന്നാല്‍, ഒന്നും നടപ്പായില്ല. ഈ
മാസം 31 നാണ് പ്രഫ. ജോസഫ് വിരമിക്കേണ്ടത്. അതിനു മുമ്പു ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളുമെല്ലാം നഷ്ടപ്പെടും.
ജോലി നഷ്ടപ്പെട്ടതു മുതല്‍ കടുത്ത സാമ്പത്തികപ്രതിസന്ധിയിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബം. രണ്ടു രൂപയ്ക്കു ലഭിക്കുന്ന അരികൊണ്ടാണ് അവര്‍ കഴിഞ്ഞിരുന്നതെന്നും തൊഴിലുറപ്പു പദ്ധതിക്കുപോകാന്‍ സലോമി തയാറായിരുന്നെന്നുമാണു ബന്ധുക്കള്‍ പറയുന്നത്. ജോസഫിന്റെ ചികിത്സയ്ക്കായി ലക്ഷങ്ങളാണു ചെലവഴിക്കേണ്ടി വന്നത്. സര്‍ക്കാര്‍ സഹായം വാഗ്ദാനം ചെയ്തെങ്കിലും അതും ലഭിച്ചില്ല. ജോസഫ് വെട്ടേറ്റു വീണപ്പോള്‍ അവിടേക്ക് ഒഴുകിയെത്തിയ സംഘടനകളെയും നേതാക്കളെയുമൊന്നും പിന്നീടു കണ്ടതുമില്ല. നിസഹായനായ ഒരു മനുഷ്യന്റെ കുടുംബത്തിന് ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ദുരന്തത്തില്നിന്നു സമൂഹത്തിനും ഒഴിഞ്ഞുമാറാനാവില്ല. എവിടെപ്പോയി നമ്മുടെ ധാര്മിക ബോധവും നീതിബോധവും?
കോടതി കുറ്റവിമുക്തനാക്കിയ സാഹചര്യത്തില്‍ പ്രഫ. ജോസഫിനു ജോലി തിരിച്ചുകിട്ടാന്‍ അവസരം ഒരുക്കേണ്ടിയിരുന്നു. സാങ്കേതികമായ തടസങ്ങള്‍ ഉന്നയിക്കാതെ, മനുഷ്യത്വപൂര്ണമായ സമീപനത്തിനു ബന്ധപ്പെട്ടവര്‍ തയാറായിരുന്നെങ്കില്‍ സലോമിയുടെ ജീവന് രക്ഷിക്കാമായിരുന്നു. പ്രഫ. ജോസഫ് അനുഭവിച്ച യാതനകള്‍ കണക്കിലെടുത്തെങ്കിലും അല്പം കാരുണ്യം ആകാമായിരുന്നു.
- See more at:
http://www.mangalam.com/print-edition/editorial/161918#sthash.iJpKhCjX.JZoXbnyA.dpuf
Shiju Varghese in Facebook
ReplyDeleteഒരു കുടുംബം നശിച്ചു മണ്ണടിയുന്നു.എല്ലാ ദൈവങ്ങളും ദൈവങ്ങളുടെ, ഇങ്ങു താഴെ ഭൂമിയിലുള്ള അളിയന്മാരും സന്തോഷിക്കട്ടെ. കൈ വെട്ടിയവരും, പിരിച്ചു വിട്ടു പീലാത്തോസിനെപ്പോലെ കൈ കഴുകിയ കോളേജ് മാനേജ്മെന്റും, പിരിച്ചു വിടാനും, ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ച് ഒരു കുടുംബത്തെ വഴിയാധാരമാക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ ളോഹയിട്ട, പൌരോഹിത്യത്തിന്‍റെ കറുത്ത ചെന്നായ്ക്കളും ഒന്നുചേര്‍ന്ന് ഭൂമിയില്‍ അസമാധാനത്തിന്‍റെ സന്ദേശം പരത്തുന്നു....
കൈ വെട്ടിയവരേക്കാള്‍, അതിനു ശേഷം അദ്ദേഹത്തെയും ആ കുടുംബത്തെയും ഒറ്റപ്പെടുത്തി ദ്രോഹിച്ച സ്വന്തം മതവും പുരോഹിതന്മാരും, ജോലി ചെയ്ത സ്ഥാപനവുമാണ് കൊടും കുറ്റവാളികള്‍.
"മനസ്സിലെ കറുപ്പിന് മേലെ വെള്ളയിട്ടു മറച്ച പൌരോഹിത്യമേ, ഏത് ജോര്‍ദ്ദാനില്‍ ഈ രക്തക്കറ നിങ്ങള്‍ കഴുകി തീര്‍ക്കും? ഈ രക്തം നിങ്ങളുടെയും നിങ്ങളുടെ തലമുറകളുടെയും മേല്‍ മരണത്തോളം ഒഴിയാതെ നില്‍ക്കും. ഈ കൊച്ചു കുടുംബം കരഞ്ഞുതീര്‍ത്ത കണ്ണുനീരിന്‍റെ വില, ഏത് വിശുദ്ധ കുര്‍ബാന കൊണ്ട് നിങ്ങള്‍ മായ്ച്ചു കളയും?
ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
ReplyDeleteഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !
ഇനി ഇറങ്ങിപോകാൻ
ReplyDeleteഇരുളൊന്നും ബാക്കിയില്ല
കയറിപറ്റാൻ വെളിച്ചകൂടും.
മുട്ടിനുമുട്ടിനു പകലും രാത്രിയും
തൂക്കിയിട്ട ഈ ഭൂമി പോര
രാത്രി നക്ഷത്രവും പകൽ പറവകളെയും
രാത്രി കൂരിരുട്ടും പകൽ പൊരിവെയിലും
രാത്രി അടക്കിപിടിച്ച തേങ്ങലുകളും
പകൽ തിരക്കിപ്പിടിച്ചോടലുകളും
രാത്രി തൂങ്ങിമരിച്ച പ്രേതങ്ങളും
പകൽ പലിശക്കാരന്റെ ദുർമുഖവും
രാത്രി അപഥ സഞ്ചാരക്കാരന്റെ കൗശലവും
പകൽ സുവിശേഷക്കാരന്റെ നിർമ്മലതയും
തൂക്കിയിട്ട് തൂക്കിയിട്ട് പൊളിഞ്ഞ് പാളീസായ
ഭൂമി... ചത്തൂടെടോ നിനക്ക്
അല്ലെവേണ്ട ഇനി ആകാശത്ത് താമസോക്കാം
അതാവുമ്പോ കരചെന്ന് കടലിലേക്കൊഴുക്കുന്ന
കണ്ണീരും കടൽ തീരത്തെക്കെറിയുന്ന
കാറ്റിൻ തലോടലും കാണണ്ടല്ലൊ
വെറുതെ ഓരോരോ യെടങ്ങേറുകൾ
ഇന്നലെകണ്ടില്ലെ ദൈവം
കടൽത്തീരത്തിരുന്നു അലറിക്കരയുമ്പോൾ
തിരകളെല്ലാം നിശബ്ദമായി
യെന്നിട്ടെന്തെണ്ടായ്
ദൈവത്തിന്റെ കരച്ചിലെല്ലാരും കേട്ടില്ലെ?
നാണങ്കെട്ടില്ലെ?..
ദൈവത്തിനെ തെറിവിളിച്ച
ആ ദുഷ്ടമ്മാരൊക്കെ മുടിഞ്ഞു
പോകത്തെള്ളന്നു സലോമി
കയറിൽ പ്രാണൻ കൊണ്ടെഴുതി
സലോമി.. സലോമി... യീ ഭൂമിവിട്ടാൽ
ഒരു നിലാവു കാണും
അവിടെ പ്രവാചകന്മാരില്ലാത്ത
അവരുടെ മുള്ളുമ്പൊ തെറിക്കുന്ന
വികാരമുള്ള അനുയായികളില്ലാത്ത
മാലാഖമാരും പിശാചുമില്ലാത്ത
എന്തിന് എന്തു കണ്ടാലും
നാണോം മാനോമില്ലാത്ത
ഞാമ്പോലുമില്ലാത്ത
ഒരു നിലാവാവായിരിക്കും.
ജയിച്ചവർക്കുള്ള ലഡ്ഡു
കൊള്ളക്കാരെടുക്കട്ടെ
വെളുത്ത കുപ്പായക്കാർ കൊണ്ടുപോട്ടെ
തോറ്റവർക്കുള്ള കുണുക്കിട്ട്
നമുക്ക് നിരന്തരം മരിച്ചുകൊണ്ട്
ഭക്തന്മാരായിരിക്കാം
യെന്നാലും..
ഈ ഭൂമി വല്ലാതെ
ചോർന്നൊലിക്കുന്നു
ഈ കവിത സാംവിദ് ആനന്ദിന്റെതായി ഫെയ്സ് ബുക്കില്‍ വന്നതാണ്.
Deleteഅതെ, എവിടെ ക്രിസ്ത്യാനികളുടെ ധാർമികത? മംഗളം പത്രം മാത്രമാണ് സലോമിയെപ്പറ്റി ഹൃദയത്തിൽ തട്ടി എന്തെങ്കിലും കുറിച്ചത്. താളുകൾ മുഴുവൻ ജനവഞ്ചകരുടെയും അക്കൂടെ മതമൂർഖന്മാരുടെയും പടങ്ങളും വാർത്തകളും കൊണ്ട് നിറക്കുന്ന ദീപികക്കും മനോരമക്കും എന്തെ ഒന്നും പറയാനില്ലാത്തത്? ആലഞ്ചേരിയൊ പുന്നക്കോട്ടിലോ മാടത്തിക്കണ്ടത്തിലോ മറ്റേതെങ്കിലും ആൾദൈവങ്ങളോ മുഖ്യമന്ത്രിയോ വിദ്യാഭ്യാസമന്ത്രിയൊ പോലും എന്തുകൊണ്ടാണ് ഒന്നും മിണ്ടാത്തത്? എല്ലാ വിഷയത്തിലും വിടുവായ് തുറകുന്ന അച്യുദാനന്ദൻ എവിടെപ്പോയി? എവിടെപ്പോയി കേരളത്തിന്റെ ധാർമികത? അപ്പോസ്തോലന്മാരുടെ കാലത്തു തന്നെ ഇവിടെ കുരുത്തെന്ന് എല്ലാവരും വീമ്പിളക്കുന്ന ക്രിസ്തീയതക്ക് എന്ത് പറ്റി? കുരുത്തത് ശരിയായിരിക്കാം, എന്നാൽ വളർന്നു പൊങ്ങിയത് വിഷവൃക്ഷങ്ങളാണ്. ഇനിയെങ്കിലും ഈ കാപട്യത്തിന്റെ ആഴം നമ്മൾ തിരിച്ചറിയണം. വിഷവൃക്ഷങ്ങളെ കടപുഴക്കി നിലംപതിപ്പിക്കണം.
ReplyDelete