Translate

Monday, March 3, 2014

മൂന്നാം ടെലെഫോണ്‍ കോണ്‍ഫറൻസ്‌

മൂന്നാമത്തെ ടെലെഫോണ്‍ കോണ്‍ഫറൻസ്‌ ഫെബ്രു. 28ന്, NY Time വൈകീട്ട് 9ന് ആരംഭിച്ചു. ഇന്ത്യയിൽ നിന്ന് ശ്രീ എം.എൽ. ജോർജ് , സക്കറിയാസ് നെടുങ്കനാൽ, ഇപ്പോൾ അവുധിയിൽ ഇന്ത്യയിൽ തങ്ങുന്ന കെ.സി. വർഗീസ്‌ എന്നിവരും USA യിൽ നിന്ന് ജേക്കബ്‌ (ചിക്കാഗോ), ജോഷി (ഡളസ്), ജോസ് കല്ലിടിക്കൽ, തോമസ്‌ തോമസ്‌, ജോസഫ് മാത്യു, ജെയിംസ്‌, ചാക്കോ കളരിക്കൽ തുടങ്ങിയവരും പങ്കെടുത്തു. കത്തോലിക്കാ സഭയുടെ ഭൌതിക കാര്യങ്ങളിൽ ജനാധിപത്യപരമായ കാര്യനിർവഹണത്തിനു പര്യാപ്തമായ ഒരു നിയമനിർമ്മാണം എന്നതായിരുന്നു ചർച്ചാവിഷയം. LAW REFORM COMMISSION CHAIRMAN ജസ്റ്റിസ് കൃഷ്ണയ്യർ രൂപംകൊടുത്ത കരട് നിയമം മോന്നോട്ടു കൊണ്ടുപോകാൻ മെത്രാന്മാർ സഹകരിക്കുന്നില്ലാത്ത അവസ്ഥയിൽ ഇനിയെങ്ങനെ മുന്നോട്ട് എന്ന് തീരുമാനമെടുക്കണം. സഭയിൽ വന്നുപിണഞ്ഞിരിക്കുന്ന ക്ളെർജി - നോണ്‍ ക്ളെർജി എന്ന വിഭജനമാണ് ഇന്ന് ഏറ്റവും കുഴപ്പം പിടിച്ച ഗുലുമാലായിത്തീർന്നിരിക്കുന്നത്. ആ വിഭജനം ഇല്ലാതാക്കാൻ ഇപ്പോഴത്തെ പോപ്പ് ചെയ്യുന്നതിനോട് നമ്മുടെ പഴഞ്ചൻ മെത്രാന്മാർ ഒരു തരത്തിലും സഹകരിക്കുന്നില്ല. അതു പക്ഷേ, അപ്പോസ്തലന്മാരുടെ നടപടികളും യേശുവിന്റെ മനസ്സിലിരിപ്പും മറിച്ചാണെന്നത് അവർക്ക് തിരിയാഞ്ഞിട്ടല്ല. പറഞ്ഞുവരുമ്പോൾ പൌരോഹിത്യം തന്നെ യേശുവിന്റെ ആശയങ്ങൾക്ക് എതിരായി സഭയിൽ വളർത്തിയെടുത്ത ഒരു പ്രസ്ഥാനമാണ്. ഇക്കാര്യവും ഇന്നുള്ള മിക്ക പുരോഹിതരും ദൈവദൂഷണമായിട്ടെ കാണൂ. അതുകൊണ്ട്, സഭയിൽ ഒരു തിരുത്തൽശക്തിയായി ഈ ആശയങ്ങൾ ഒരിക്കലും പ്രവർത്തിക്കുകയില്ല. ഒരുതരത്തിലുമുള്ള ജനപങ്കാളിത്തത്തിനും സഭയിലെ ക്ളെർജി വഴങ്ങില്ല എന്ന് ഈയിടെ നടന്ന മെത്രാൻ സിനഡു് എന്ന മാമാങ്കംതന്നെ തെളിവാണല്ലോ.

ഉരുത്തിരിഞ്ഞുവന്ന ഒരഭിപ്രായമായിരുന്നു, സഭയുടെ ഭാഷാപ്രയോഗങ്ങളിൽത്തന്നെ തിരുത്തലുകൾ കൊണ്ടുവരണം എന്നത്. ഉദാ. ശുശ്രൂഷാപൌരോഹിത്യം, സഭാപൌരന്മാർ എന്ന പദങ്ങളോ അതോ കാര്യക്കാർ, വിശ്വാസികൾ എന്നോ, അതുമല്ല, വെറുതേ മൊത്തത്തിൽ സഹോദരൻ സഹോദരി എന്നതു മതിയോ എന്നെല്ലാം അന്വേഷണങ്ങൾ ഉണ്ടായി. ഇവയ്ക്കാധാരമായി മത്തായി 20, 25 - 28, ലൂക്കാ 22, 24 എന്നിവ ഉദ്ധരിക്കപ്പെട്ടു. യേശുഭാഷ്യമനുസരിച്ചാണെങ്കിൽ എല്ലാവിധത്തിലുമുള്ള ദേശീയത, വംശീയത, സ്വകാര്യസ്വത്ത് അധികാരം എന്നതൊക്കെ സഭയിൽനിന്ന് അപ്രത്യക്ഷമാകണം എന്നുവരെ നിർദേശങ്ങൾ ഉണ്ടായി. നമ്മൾ ഒന്നും ചെയ്തില്ലെങ്കിലും സമൂഹം അങ്ങോട്ടാണ് നീങ്ങുന്നത്‌ എന്നൊരാൾ അഭിപ്രായം പറഞ്ഞു. 

8, 9 ഫെബ്രുവരിയിൽ ഏറണാകുളത്തു നടന്ന അല്മായ അസ്സംബ്ളി സഭയുടെ സ്വത്ത് കൈകാര്യം ചെയ്യുന്നതിനെപ്പറ്റി നടത്തിയ ചർച്ചയെ ശ്രീ എം എൽ  ജോർജ് അനുസ്മരിച്ചു. ആ സമയത്ത് പാലായിൽ നടന്ന മെത്രാന്മാരുടെ സിനഡ്, കുറേയധികം കാശ് പൊടിപൊടിച്ചതല്ലാതെ ഒന്നും നേടിയില്ല. അത് മുഴുവനും വെറുതേ കിട്ടിയതായിരുന്നതിനാൽ ആര് ആരോട് ചോദിക്കാൻ? സിനഡിൽ ഏതെങ്കിലും വിഷയം ചര്ച്ചക്കു വിഷയമായെങ്കിൽതന്നെ, അവരുടെ ഏകപക്ഷീയമായ തീരുമാനങ്ങൾ സഭയെ (വിശ്വാസികളെ) ബാധിക്കുകയില്ല എന്ന സത്യപ്രതിജ്ഞയും അദ്ദേഹം ഒര്മ്മിച്ചു.

വൈദികവിദ്യാർഥികളുടെ തിരഞ്ഞെടുപ്പ്, അവരുടെ വിദ്യാഭ്യാസം തുടങ്ങിയവ നമ്മുടെ പാരമ്പര്യത്തിനനുസരിച്ച് ഇടവകയുടെ ഉത്തരവാദിത്തമാകണം എന്ന് കെ സി വർഗീസ്‌ വാദിച്ചു. നവീകരണം grass root ൽ എത്തിക്കാൻ എന്താണ് ചെയ്യാനാവുക? മേൽപ്പറഞ്ഞ അടിസ്ഥാനബോധങ്ങളുള്ള കുറെപ്പേരുടെയെങ്കിലും ഒരു കൂട്ടായ്മ ഓരോ ഇടവകയിലും രൂപം കൊള്ളണം, മതത്തെയും ധാർമികതയെയും തമ്മിൽ ബന്ധിപ്പിക്കേണ്ടതില്ല. മതമല്ല മനുഷ്യനെ ധാർമ്മികനാക്കുന്നത്. അതുകൊണ്ട് മതനവീകരണമല്ല മതേതര സമൂഹമാണ് ആവശ്യം എന്ന് ജെയിംസ്‌. ഓരോ ചെറിയ കൂട്ടം പോലും തങ്ങളുടെ പേരിലും റീത്തിലും വേഷഭൂഷാദികളിലും മാമൂലുകളിലും കടിച്ചുതൂങ്ങി കഴിയുന്ന ഇന്നത്തെ അവസ്ഥയിൽനിന്നു ഈ പറഞ്ഞിടംവരെയെത്താൻ ഒരു നൂറ്റാണ്ടു മതിയാകുമോ എന്നതാണ് പ്രശ്നം.  

പുരോഹിതരുടെ പെരുമാറ്റം നാട്ടിലും വിദേശത്തും വഷളായിട്ടുണ്ട്. അവരിൽ ഭൂരിപക്ഷത്തിന്റെയും മേധാശക്തിതന്നെ സംശയാസ്പദമാണ്. പുതിയ പഠനങ്ങളോ ഗവേഷണങ്ങളോ നടത്താനോ, സുവിശേഷത്തെത്തന്നെ ഇന്നത്തെ കാലത്തിനനുസൃതമായി വ്യാഖ്യാനിക്കാനോ മാത്രം ബൗദ്ധികശേഷിയോ ഉത്സാഹമോ പ്രകടിപ്പിക്കുന്നവർ അവരുടെയിടയിലില്ല എന്നതാണ് സത്യം. അതുകൊണ്ടാണ്, കുറെ സ്ത്രീകളൊഴിച്ച് ഇന്നവരെ ബഹുമാനിക്കാൻ പോലും ആളില്ലാത്തത്. ഇന്ന് പൊതുവിലെടുത്താൽ, സഭാജീവിതം എന്നത് ഈ പറഞ്ഞ രീതിയിലുള്ള കുറേ പട്ടക്കാരുടെയും ഭക്തിഭ്രാന്തു പിടിച്ച കുറേ സ്ത്രീകളുടെയും അഴിഞ്ഞാട്ടമല്ലാതെ മറ്റെന്താണ് എന്ന് ചോദിച്ചുപോകുകയാണ്. 

വിദേശങ്ങളിലെ കാര്യം മാത്രമെടുത്താൽ, സീറോമലബാർ എന്ന ലെയ്ബലിൽ അവിടങ്ങളിൽ കളിച്ചുവയ്ക്കുന്ന രൂപതകളും ഇടവകകളും റദ്ദുചെയ്യിക്കേണ്ട ഗതികേടാണ് ഇപ്പോഴുള്ളത്. കാരണം, പുരോഹിതപ്പട അവിടെ വളര്ത്തുന്നത് കപടഭക്തിയും അന്ധവിശ്വാസവുമാണ്. ആദ്ധ്യാത്മീയത എന്താണെന്ന് അച്ചന്മാർക്കും മെത്രാന്മാർക്കും ഇന്നൊരു പിടിയുമില്ല്. ഇന്ന് നമ്മുടെ പള്ളികളിൽ നടക്കുന്നതും ഇടയലേഖനക്കാരും ബാലിശഭക്തരായ അച്ചന്മാരും പ്രോത്സാഹിപ്പിക്കുന്നതുമെല്ലാം തനി വിഗ്രഹാരാധനയാണ്. വന്നുവന്നിപ്പോൾ ഹിന്ദുക്കൾക്കു മാത്രമല്ല, 'നല്ല' കത്തോലിക്കർക്കും ദൈവത്തിലുള്ളതിലും വിശ്വാസം ജ്യോതിഷത്തിലാണ്. അസ്സാദ്ധ്യശക്തിയുള്ളവരെന്നു കരുതുന്ന കുറേ പുണ്യാളരെ വച്ചുള്ള വേണ്ടാതീനങ്ങൾ ജ്യോതിഷത്തിലും തരം താഴ്ന്ന പകിടകളിയാണ്. ഉറച്ചു കട്ടപിടിച്ചുപോയ ഇത്തരം അന്ധവിശ്വാസത്തിന്റെ മുന്നിൽ യുക്തിയോ യാഥാർത്ഥ്യബോധമോ ഒന്നും വിലപ്പോവില്ല. മുഴുക്കുടിയനോട് കുടിക്കരുതെന്നു പറയുന്നതുപോലെയാണത്. ക്രിസ്ത്യാനികളുടെ ഭക്തിയെന്നു പറയുന്നത് ഇവിടെയും വിദേശത്തും ചില വിഷയങ്ങളിൽ സ്പെഷ്ലിസ്റ്റുകളായ കുറെ പുണ്ണ്യാളന്മാരെ വച്ചുള്ള ചൂതുകളി മാത്രമായി മാറിയിരിക്കുകയാണ്. സെഹിയോനിൽ വട്ടായിയും കൂട്ടരും ചെയ്യുന്നതും കണ്‍വെൻനുകളിലും വച്ചനോത്സവങ്ങളിലും മറ്റും ഓരോരോ കിറുക്കന്മാർ കാട്ടിക്കൂട്ടുന്നതും ഒന്നുതന്നെ. അമേരിക്കയിലും യൂറോപ്പിലും മലയാളി മെത്രാന്മാരും അച്ചന്മാരും ചെന്ന് ഇതേ കളി തന്നെയാണ് നടത്തുന്നത്. വിശ്വാസവിഷയങ്ങളിലെന്നല്ല, ആദ്ധ്യാത്മീയതയെ സംബന്ധിക്കുന്ന ഒരു വിഷയത്തിലും എന്തെങ്കിലും കൂടുതലായി പഠിക്കാനോ പ്രബുദ്ധത നേടാനോ അവിടങ്ങളിൽ കഴിയുന്ന മലയാളികൾ താത്പര്യം കാണിക്കുന്നില്ല എന്നത് പരിതാപകരമാണ്. അമേരിക്കയിലേതിൽ നിന്ന് വ്യത്യസ്തമായി യൂറോപ്പിൽ, ചിന്തകരും എഴുത്തുകാരുമൊക്കെ എല്ലാ ആഴ്ചകളിലും മതത്തെയും സംസ്കാരത്തെയും സന്മാർഗ്ഗത്തെയും സ്പർശിക്കുന്ന വിഷയങ്ങളെടുത്തു ചർച്ചകളും സംവാദങ്ങളും നടത്താറുണ്ട്‌. എന്നാൽ ഞാൻ കണ്ടിട്ടുള്ളിടത്തോളം, ഒരു മലയാളിക്കും അവയിലൊന്നും താത്പര്യമോ അതിനാവശ്യമായ ഭാഷാജ്ഞാനമോ ഇല്ല. പള്ളികളിൽ പരിചയിച്ച കഴമ്പില്ലാത്ത കുറേ തഴക്കങ്ങൾ തുടർന്ന് കൊണ്ടുപോകുക എന്നത് മാത്രമാണ് മലയാളി വിശ്വാസികൾ ചെയ്യാറ്. കണ്ടില്ലേ, നാല്പതു വർഷം മറ്റൊരു നാട്ടിൽ (ജർമ്മനിയിൽ) താമസിച്ച്, ഒരാധുനിക സംസ്കാരത്തെ അടുത്തറിഞ്ഞ ശ്രീമതി മോണിക്ക തോമസ്‌ ഇവിടെ തിരിച്ചുവന്നിട്ട്‌ അച്ചന്മാരുടെ ഭക്തിക്കെണിയിൽപെട്ട് മൊത്തം സ്വത്ത് നഷ്ടപ്പെടുത്തിയത്? കരഞ്ഞു കാലുപിടിച്ചിട്ടും പൈശാചികമായ കൗശലത്തിൽ അത് തട്ടിയെടുത്ത മെത്രാനും അച്ചന്മാർക്കും അല്പമെങ്കിലും കരുണ അവരോടു തോന്നിയോ? കരുണയില്ലാത്തിടത്ത് ദൈവമെവിടെ? ഭക്തിയെവിടെ? അതുതന്നെ മതിയായ തെളിവല്ലേ, അവർ മനുഷ്യരെ പറ്റിക്കുകയാണെന്ന്. ഇവരൊക്കെ ദൈവവിശ്വാസികൾ പോലുമല്ല. അന്യദേശങ്ങളിലുള്ള മലയാളിപ്പെണ്ണുങ്ങളിൽ 99 ശതമാനവും ഭക്തിഭ്രാന്തിനടിമകളാണ് എന്ന് അവരുടെ കേട്ട്യോന്മാർ തന്നെ പറയുന്നു. മിക്ക ഭർത്താക്കന്മാരും കാവൽ നായ്ക്കളുടെ ജോലിയാണ് ചെയ്യാറ് പോലുംഉത്തരവാദിത്തങ്ങൾ ഒക്കെ മറന്ന്, അഞ്ചു മണിക്കൂർ വരെ നീണ്ട ടെലെഫോണ്‍ പ്രാർത്ഥനയും കൊന്തയും നടത്തുന്നവർ അവിടങ്ങളിൽ ഉണ്ട് പോലും! ഇതിന്റെയൊക്കെ പേരിൽ കുടുംബവഴക്കുകൾ നിത്യ സംഭവങ്ങളാണ്. എപ്പോഴെങ്കിലും തർക്കമുണ്ടായാൽ പൊലീസും സ്ത്രീപക്ഷത്താണ്. ഇതിനെയൊക്കെ പ്രോത്സാഹിപ്പിക്കാൻവേണ്ടി ക്കൂടെയാണ് മലയാളി അച്ചന്മാർ അങ്ങോട്ട്‌ കെട്ടിയെഴുന്നള്ളുന്നത്. കുടുംബിനികളെയുള്പ്പെടെ എല്ലാം അവരെയങ്ങ് ഏൽപ്പിച്ചാൽ മതി, ഒക്കെ ശരിയാക്കി അവർ കൈയിൽ തരും!  

അല്മായശബ്ദത്തിന്റെയും കേരളത്തിലെ കത്തോലിക്കാ നവീകരണ പ്രസ്ഥാനത്തിന്റെയും ഒരു പ്രധാന ജിഹ്വയായ 'സത്യജ്വാല' മാസിക സാമ്പത്തിക പ്രതിസന്ധിയിലാണെന്നും വിരലിലെണ്ണാൻമാത്രം ആളുകളുടെ സമയവും നിസ്വാർത്ഥ പ്രയത്നവും ആണതിനെ നിലനിര്ത്തുന്നതെന്നും അതിന്റെ സാമ്പത്തികബാദ്ധ്യതയിൽ പങ്കുചേരാൻ ഏവരും മുന്നോട്ടു വരണമെന്നും സക്കറിയാസ് ഓർമ്മിപ്പിച്ചു. ഇക്കാര്യം ഇതിനു മുമ്പും പല തവണ പലരോടും വ്യക്തിപരമായി പരാമർശിച്ചെങ്കിലും, ഒന്നുരണ്ടുപേരുടെ ചെറിയ സഹകരണമല്ലാതെ മറ്റാരും ഒന്നും ചെയ്തതായി അറിവില്ല. ആരെങ്കിലുമൊരാൾ മുൻകൈയെടുത്ത്, ഈ കോണ്‍ഫറൻസിൽ പങ്കെടുത്തവരെയെന്കിലും ഇതിന്റെ പേരിൽ സമീപിക്കാതെ, തുടർന്നും ഒന്നും സംഭവിക്കില്ല. പ്രിന്റെഡ്‌ മീഡിയയേക്കാൾ സോഷ്യൽ മീഡിയ ആണ് ഇനി നമ്മൾ ആശയവിനിമയത്തിന് തിരഞ്ഞെടുക്കേണ്ടത് എന്നൊരാൾ പ്രതിവചിച്ചു. എന്നാൽ അത് പറഞ്ഞതല്ലാതെ, കാര്യത്തോടടുക്കുമ്പോൾ, അല്മായ ശബ്ദത്തിലോ സത്യജ്വാലയിലോ ഒരു കമന്റായി പോലും എന്തെങ്കിലും എഴുതാൻ തയ്യാറാകുന്നവർ പോലും എത്ര വിരളമാണ്! പലരുടേയും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചാലല്ലേ ചര്ച്ചയും ഭാവിപരിപാടികൾക്കുള്ള തീരുമാനങ്ങളും സാദ്ധ്യമാകൂ. മലയാളികളുടെ പ്രാരംഭശൂരത്വം മാത്രം നമ്മെ എവിടെയെത്തിക്കാനാണ് എന്ന് ഓരോരുത്തരും ചിന്തിക്കണമെന്നും അതനുസരിച്ച് കർമനിരതരാകണമെന്നുമാണ് ഇത്തരുണത്തിൽ എനിക്ക് സംഗ്രഹിച്ചുപറയാനുള്ളത്. 

പൊതുവേ വിലയിരുത്തുമ്പോൾ ഈ മൂന്നാമത്തെ ടെലെഫോണ്‍ കോണ്‍ഫറൻസ്‌ അത്ര വിജയിച്ചില്ല എന്നാണ് എന്റെയഭിപ്രായം. ഈ റിപ്പോർട്ട് എഴുതാൻ ആരും നിയുക്തരായിരുന്നില്ല. എല്ലാം കഴിഞ്ഞ് ശ്രീ തോമസ്‌ തോമസ്‌ എന്നോടവശ്യപ്പെട്ടപ്പോൾ ഓർമ്മയിൽ നിന്ന് ഞാൻ ഏതാണ്ടൊന്നുണ്ടാക്കിയെടുത്തൂ എന്നേയുള്ളൂ. എത്ര നിസ്സാരമെങ്കിലും, അഭിപ്രായവ്യത്യാസമുള്ളവർ കമന്റെഴുതി വേണ്ട തിരുത്തലുകൾ വരുത്തണം എന്നഭ്യർത്ഥിക്കുന്നു.

സക്കറിയാസ് നെടുങ്കനാൽ 
Tel. 9961544169 / 04822271922

No comments:

Post a Comment