Translate

Friday, March 21, 2014

സലോമീ മാപ്പ് !

തൊടുപുഴയില്‍ സലോമി എന്നൊരു നിരപരാധിയായ വീട്ടമ്മ ആത്മഹത്യ ചെയ്തത് പത്രങ്ങളിലൂടെ വായിച്ചു. ജാതിമത ഭേദമില്ലാതെ കേരള ജനതയെ ആ വാര്‍ത്ത ഞെട്ടിച്ചുവെന്നും മനസ്സിലായി. വിദേശ മലയാളികളായ ഞങ്ങളും ആ കുടുംബത്തിന്‍റെ വേദനയില്‍ പങ്കു ചേരുന്നു. ഒരു ചെറിയ ക്ലാസ്സ് ടെസ്റ്റിന്‍റെ കാര്യത്തിലാണെങ്കില്‍ പോലും വിവാദം ഉണ്ടാക്കാവുന്നതോ, ഏതെങ്കിലും മതത്തെ മുറിപ്പെടുത്തുന്നതോ ആയ ഒരു ചോദ്യം ആയിരിക്കരുതായിരുന്നു അദ്ദേഹം തിരഞ്ഞെടുത്തത്. മറ്റൊരു ലേഖനത്തില്‍ നിന്നെടുത്തതാണ് എന്നത് ഒരു ന്യായീകരണമായി എനിക്ക് തോന്നുന്നില്ല, കാരണം ആ ലേഖനത്തിലെ സന്ദര്‍ഭം ചോദ്യത്തില്‍ ഉണ്ടായിരുന്നില്ല. അത് ചൂണ്ടിക്കാണിച്ചപ്പോഴും അത് തിരുത്താന്‍ അദ്ദേഹം തയ്യാറായില്ല എന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. എന്തായാലും, അദ്ദേഹത്തിന്‍റെ കൈപ്പത്തി വെട്ടി മാറ്റാന്‍ മാത്രം വലിയൊരു അപരാധമാണ് അദ്ദേഹം ചെയ്തതെന്ന് എനിക്ക് തോന്നുന്നില്ല. അതും തെറ്റ് തന്നെ. ഇതിനേക്കാളൊക്കെ വലിയ തെറ്റ് ചെയ്തത് കോളേജ് മാനെജ്മെന്റാണെന്നു പറയാതെ വയ്യ.

കുറെ വൈദികരും ഒരു വലിയ വൈദികനും ചേര്‍ന്ന് അദ്ദേഹത്തിന്‍റെ കുടുംബത്തെ വെട്ടി നിരത്തിയതിന്‍റെ നാള്‍വഴി കേരളം ഇന്ന് ചര്‍ച്ച ചെയ്യുന്നു. ക്രിസ്ത്യാനികള്‍ എന്ന് പറയാന്‍ അവര്‍ ലജ്ജ്ജിക്കണം. അദ്ദേഹം ഒരു ഇടതുപക്ഷ ചായ്‌വ് ഉള്ള ആളായിരുന്നു, പരമോപരി മാനേജ്മെന്റിനെ തൊഴുതു ജീവിക്കുന്ന ഒരാളുമായിരുന്നില്ല. മാനേജ്മെന്‍റ് അക്ഷരംപ്രതി പ്രതികാരം ചെയ്തു. അതാണ്‌ അവിടെ നടന്നത്. ഒരു തെറ്റും ചെയ്യാത്ത അദ്ദേഹത്തിന്‍റെ മകനെ പൊലീസ് അറസ്റ്റു ചെയ്തു, അദ്ദേഹത്തെ ജോലിയില്‍ നിന്നും പിരിച്ച് വിട്ടു. അതിനെതിരെ നടന്ന പ്രതിക്ഷേധങ്ങളെ മെത്രാന്‍ അവഗണിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യ തൊഴിലുറപ്പ് പദ്ധതിയില്‍ അംഗമാകാന്‍ തയ്യാറെടുക്കുന്നത് വാര്‍ഡ്‌ കൂട്ടായ്മ കണ്ടില്ല, രണ്ടു രൂപയുടെ റേഷനരി ആ വീട്ടില്‍ വേവുന്നത്‌ അയല്‍ക്കാരും കണ്ടില്ല. അദ്ദേഹത്തിന്‍റെ പേരിലുള്ള കേസ് കോടതി തീര്പ്പാക്കി, പക്ഷെ മെത്രാന്‍റെ കോടതി വിചാരണ തുടങ്ങിയതെ ഉണ്ടായിരുന്നുള്ളൂ. ദൈനംദിന ചിലവുകളും കുട്ടികളുടെ പഠനവും അവതാളത്തിലായപ്പോള്‍  പ്രൊഫ. ജൊസഫ് എങ്ങിനെയും കേസ് തീര്‍ക്കാന്‍ ആഗ്രഹിച്ചു; പരസ്പരം ഉള്ള എല്ലാ കേസുകളും പിന്‍വലിക്കാന്‍ തീരുമാനവുമായി.

അങ്ങിനെ കേസ് ഒത്തു തീര്‍പ്പായാല്‍ സഭക്ക് പിന്നീട് പ്രശ്നങ്ങള്‍ ഉണ്ടാകാമെന്ന് ഒരു വക്കീല്‍ ഉപദേശിച്ചിടത്തു തുടങ്ങുന്നു മൂന്നാം രംഗം. ഇതുപോലെ നിസ്വാര്‍ത്ഥ സേവനം വാഗ്ദാനം ചെയ്യുന്ന വക്കീലന്മാര്‍ മിക്ക രൂപതകളിലും കാണണം, ഏതായാലും ഞങ്ങടെ കാഞ്ഞിരപ്പള്ളിയിലുണ്ട്. am്‍ത്ഥയിരിക്കാംവാക്കുകള്‍ സഭ ഒത്തു തീര്‍പ്പില്‍ നിന്ന് തലയൂരാനായി അടുത്ത ശ്രമം. കൂട്ടത്തില്‍ ജോലി ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് ഔദ്യോഗിക യാത്രായപ്പ് നല്‍കിയ ആ ദിവസം, സര്‍ക്കാരില്‍ നിന്ന് ഭര്‍ത്താവിനു കിട്ടേണ്ട ഒരു നയാപൈസാ പോലും മാനെജ്മെന്റ് അവര്‍ക്ക് കിട്ടാന്‍ സഹായിക്കില്ലായെന്ന് സലോമിയെന്ന ഭാര്യ തിരിച്ചറിയുന്നു. അവള്‍ക്കു മറ്റൊന്നും ആലോചിക്കാനുണ്ടായിരുന്നില്ല, ആശുപത്രിയില്‍ നിന്ന് വന്നതേ നേരെ കുളിമുറിയില്‍ കയറി ആത്മഹത്യ ചെയ്തു. പീലാത്തോസ് കൈ കഴുകിയതുപോലെ ചില പ്രസ്താവനകള്‍ അരമനയില്‍ നിന്നും പത്രങ്ങളിലേക്ക് ഊര്‍ന്നിറങ്ങി. ട്രൈബൂണലിന്‍റെ തീരുമാനം വരണമത്രേ. അതവിടെ നില്‍ക്കട്ടെ, കാലം അവര്‍ക്ക് സമ്മാനവും നല്‍കട്ടെ.

സീറോ മലബാര്‍ സഭ ലോകമെമ്പാടും ഓടി നടന്ന് ഇടവകകളും രൂപതകളും സ്ഥാപിക്കുമ്പോള്‍ എന്താ കുഴപ്പമെന്ന് ചോദിക്കുന്ന കുഞ്ഞാടുകളും കുഞ്ഞാടികളും അറിയുക, നിങ്ങളുടെ മുഖം അച്ചന്‍റെയോ മേത്രാന്‍റെയോ നേരെ തിരിഞ്ഞാല്‍ അതിനു നിങ്ങള്‍ വലിയ വില കൊടുക്കേണ്ടി വരുമെന്ന്. നിസ്സാര കാര്യത്തിനാണ് അമേരിക്കയില്‍ ഒരാളുടെ വിവാഹ കുറി തടഞ്ഞത്; എന്തുകൊണ്ടോ വക്കീല്‍ നോട്ടിസ് വന്നപ്പോള്‍ അത് കൊടുത്തു പ്രശ്നം തിര്ത്തു. വികാരിയച്ചനെ ബഹുമാനിക്കാഞ്ഞതിനാണ് പഴയിടത്ത് കപ്യാരെ പിരിച്ച് വിട്ടത്. KCRM ല്‍ അംഗത്വം എടുത്തതിനു മാപ്പപേക്ഷ കൊടുത്ത് കാരണവര്‍ക്ക്‌ അന്ത്യകൂദാശ തരപ്പെടുത്തേണ്ടി വന്നത് മണ്ണക്കനാട്ട് ഒരു കത്തോലിക്കന്. ഒരു കുര്യന്‍ സാറിന് പാലാ രൂപതയില്‍ ശവക്കോട്ട നിഷേധിച്ചതും ഇങ്ങിനെയൊക്കെയുള്ള കാരണങ്ങളാല്‍. ഇത്തരം നിരവധി പകപോക്കലുകളുടെ കഥകള്‍ ഓരോ ഇടവകക്കാര്‍ക്കും പറയാനുണ്ട്. ഒന്നും ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ ബലിപീഠത്തില്‍ കയറിനിന്ന് രണ്ടു കീറു കീറിയെങ്കിലും ഇവര്‍ പക തിര്‍ക്കും. എല്ലാ കുടുംബാംഗങ്ങളുടെയും ആത്മീയ-സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ അരമനകളിലെ കംപ്യുട്ടറുകളിലുണ്ട്; അത് നോക്കി ഓരോ അത്മായന്റെയും ഗതി നിശ്ചയിച്ചും തുടങ്ങിയിരിക്കുന്നു.

കലിയുഗം എന്ന് പറയുന്നത് ഒരു സാങ്കല്‍പ്പിക സമയക്രമം ആണെന്നാണ്‌ ഞാന്‍ ധരിച്ചു വെച്ചിരുന്നത്. ഇപ്പോള്‍ മനസ്സിലായി, ഇത് പോലെ അന്ധകാരത്തില്‍ ഒരു അഭിഷിക്ത വര്‍ഗ്ഗം അരങ്ങു വാഴണമെങ്കില്‍ ഇത്ര മേല്‍ അടഞ്ഞ കണ്ണുള്ള ഒരു ഭക്ത വര്‍ഗ്ഗവും ഇത് പോലെ വിവരമില്ലാത്ത ഒരു ഭരണ വര്‍ഗ്ഗവും ഉണ്ടായേ തീരൂ എന്നും അത് കലിയുഗത്തിലെ സംഭവിക്കൂവെന്നും. ഇപ്പോള്‍ കേരളത്തിലുള്ള മെത്രാന്മാര്‍ക്ക് എന്നെങ്കിലും വിവരം ഉണ്ടാകും എന്ന പ്രതീക്ഷ എനിക്കില്ല. ഇക്കാര്യത്തില്‍ ഞാന്‍ ഓപ്ടിമിസ്റ്റ് അല്ല, ഇത് പ്രപഞ്ചത്തിന്‍റെ ഒരു വികൃതിയായി ഞാന്‍ ഉള്‍ക്കൊള്ളുന്നു. മെത്രാന്മാരുടെ തന്തക്കും തള്ളക്കും മറ്റുള്ളവര്‍ വിളിക്കുന്നതും, തെരുവ് പട്ടികള്‍ക്ക് ഇവരേക്കാള്‍ സ്നേഹവും നന്ദിയുമുണ്ടെന്ന് പൊതുജനം പറയുന്നത് കേള്‍ക്കേണ്ടി വരുന്നുവെന്നത് നമ്മുടെ വിധിയായി നമുക്കെടുക്കാം. ഇത്രയുമല്ല തൊടുപുഴയില്‍ നിന്ന് കേട്ടതെന്നുള്ളതാണ് വാസ്തവം. ക്ഷമ....സ്നേഹം...അനുരജ്ഞനം ... എത്ര നല്ല വാക്കുകള്‍! ഈ നോയമ്പ് തീരുവോളം നമുക്കത് പറഞ്ഞുകൊണ്ടേയിരിക്കാം.......   

1 comment:

  1. രോഷൻ പറഞ്ഞതെത്രയോ ശരി ! മനനമുള്ള ഏതു മനസിനും മനസിലാകില്ലേ ഈ ആട്ടിൻ തോലിട്ട ചെന്നായ്ക്കളെ ?
    ഇന്നോളം മശിഹാ മൊഴിഞ്ഞത് മനസിലേറ്റാൻ കഴിയാതെപോയ അല്പബുദ്ധികളായ പുരോഹിത//പാസ്ടർ തൊഴിലാളികളെ നിങ്ങള്ക്ക് ഹാ കഷ്ടം ! ക്രിസ്തുവിന്റെ "കുരുടന്മാരായ വഴികാട്ടികളേ",പണി നിര്ത്തൂ നാവടക്കൂ.. ലോകമേ ,ഗീത പാടൂ ..അതൊരു മതഗ്രന്ധമല്ല ; മറിച്ചു, മനസിന്റെ അറകളിലേക്കു നമ്മെ നയിക്കുന്ന മഹാശസ്ത്രഗുരുവചനമാണൂ !
    ഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ ഞാൻ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ ! "ഞാൻ മുന്തിരിവള്ളിയും നിങ്ങൾ കൊമ്പുകളൂമാകുന്നു", "ഞാനും പിതാവും ഒന്നാകുന്നു","ശത്രുവിനെ സ്നേഹിക്കൂ" ക്രിസ്തുവിന്റെ ഈ മൂന്നു മൊഴികളുടെ സത്തയിലെത്താൻ കഴിവുള്ള ഒരു മെത്രാനൊ പാസ്ടരോ ഉണ്ടോ നമ്മുടെ ഇടയിൽ? ഇല്ലേ ഇല്ല ! ഭാരതതീയരേ ,നമ്മുടെ വേദാന്തമതം കരുപ്പിടിപ്പിച്ച വേദവ്യാസനെയും നമ്മുടെ ഗുരുവായ ക്രിസ്തുവിനെയും കണ്ടെത്തൂ..അന്വേഷിപ്പീൻ എന്നാൽ നിങ്ങൾ കണ്ടെത്തും .. മനസിന്റെ ഉള്ളറവാതിലിൽ മുട്ടൂ...അത് തുറക്കപ്പെടും ; എങ്കിൽ നിങ്ങൾ നിങ്ങളിലെ ദൈവത്തെ കണ്ടനുഭാവിക്കും,നിങ്ങൾ ആ ആനന്ദമാാകും നിശ്ചയം !

    ReplyDelete