Translate

Tuesday, March 4, 2014

എഴുത്തുകാരെ ക്ഷണിക്കുന്നു

മൂന്നാം റ്റെലെ-കോണ്‍ഫറന്സിന്റെ റിപ്പോർട്ടിൽ സക്കറിയാസ് സാർ പറയുന്നതിൽ വളരെ കാര്യമുണ്ട്. സഭയിലെ പൊതുവായ സംഭവങ്ങളും പ്രക്രിയകളും വ്യക്തിപരമായ അനുഭവങ്ങളും ആശയങ്ങളും വാർത്തയായും നിർദ്ദേശങ്ങളായും വിമർശങ്ങളായും എഴുതി പ്രസിദ്ധീകരിക്കാനുള്ള വേദികളാണ് അല്മായശബ്ദമെന്ന (www.almayasabdam.blogspot.com) സമൂഹബ്ളോഗും സത്യജ്വാലയെന്ന മാസികയും. ഇവ രണ്ടിനും വളരെയധികം വായനക്കാരുണ്ടെങ്കിലും, അതിലെഴുതുന്നവർ വിരളമാണ്. അമേരിക്കയിലും യൂറോപ്പിലും മറ്റു രാജ്യങ്ങളിലുമുള്ള സാമൂഹിക പ്രതിപത്തിയുള്ള ആർക്കും (അവർ സഭാംഗങ്ങളോ വിശ്വാസികൾപോലുമോ ആയിരിക്കണമെന്നില്ല) ഇവ രണ്ടിലും നേരിട്ടോ അഡ്മിന്സ്ട്രെറ്റർ അല്ലെങ്കിൽ എഡിറ്റർ വഴിയോ കുറിപ്പുകളും ലേഖനങ്ങളും കമന്റുകളും പോസ്റ്റ്‌ ചെയ്യാം. ഏതെങ്കിലും ഭാഷയിൽ കൈക്കുറിപ്പായി അയച്ചുതന്നാലും മതി. ധാരാളം വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ക്രിയാത്മകമായി സമ്മേളിക്കുമ്പോഴാണല്ലോ പുതിയ കാൽവയ്പ്പുകൾ സാദ്ധ്യമാകുന്നത്. ഒന്നര സഹസ്രാബ്ദങ്ങളെങ്കിലും പഴകി തുരുമ്പിച്ച ചിന്തകളാണ് ഇന്നും നമ്മുടെ പുരോഹിതഗണവും അവരെ അനുസരിക്കുന്ന അല്ലെങ്കിൽ അവർ അടിമകളാക്കിയിരിക്കുന്ന വിശ്വാസികൾ എന്ന കൂട്ടവും ഇന്നും വച്ചുപുലർത്തുന്നത്. അതുകൊണ്ടാണ് ഈ നൂറ്റാണ്ടിലെ സാമാന്യ മനുഷ്യർക്ക്‌ അവയൊന്നും ആകർഷകമായി തോന്നാത്തത്. ഒരുകാലത്ത് പ്രാകൃത മതങ്ങളിൽ നിലനിന്നിരുന്ന അന്ധവിശാസങ്ങൾതന്നെ മാറ്റമില്ലാതെ ഇന്നും ക്രിസ്ത്യാനികൾ കൊണ്ടുനടക്കുന്നു എന്നത് ലജ്ജാകരമല്ലേ? അത് മാറേണ്ടതുണ്ട് എന്നു കാണിക്കാനാണ് നമ്മുടെ പോപ്പുതന്നെ പറഞ്ഞത്, താൻ ഒരു കത്തോലിക്കാ ദൈവത്തിലല്ല വിശ്വസിക്കുന്നത് എന്ന്. മനുഷ്യബന്ധിതമായതെല്ലാം നന്മ / തിന്മ, യജമാനൻ / അടിമ, ഉയർന്നവർ / താഴ്ന്നവർ, സ്ത്രീ / പുരുഷൻ, ക്രൈസ്തവർ / അന്യ മതസ്ഥർ, രക്തമിശ്രിതം / രക്തശുദ്ധി, തിരഞ്ഞെടുക്കപ്പെട്ടവർ / തഴയപ്പെട്ടവർ, സ്വദേശം / പരദേശം, സ്വർഗ്ഗം / നരകം, പ്രകൃതി / ദൈവം എന്നിങ്ങനെ വേർതിരിച്ചു കാണാൻ പ്രേരിപ്പിക്കുന്നത് ഈ പറഞ്ഞ കത്തോലിക്കാ ദൈവത്തിലുള്ള വിശ്വാസമാണ്. എല്ലാത്തിനെയും രണ്ടായി വെട്ടിമുറിക്കുന്ന ഈ ഏർപ്പാട് മനുഷ്യത്വരഹിതമാണെന്നാണ്‌ പോപ്പ് ഫ്രാന്സിസിനോടൊപ്പം നമ്മളും ചിന്തിക്കാൻ പഠിക്കേണ്ടത്. ഈ ചിന്താരീതി യുക്തിസഹമാണെന്നു തിരിച്ചറിയാതെ ഒരു സംസ്കൃതിയും മഹത്വമുള്ളതായി തുടരുകയില്ല. ഈ വിധത്തിൽ മതേതരവും ദേശാന്തരവുമായ മനുഷ്യത്വത്തിലേയ്ക്കുയരാൻ സഹായിക്കുന്ന കാഴ്ചപ്പാടുകളെ പ്രോത്സാഹിപ്പിക്കാൻ ഇഷ്ടപ്പെടുന്നവർ മുന്നോട്ടു വരുമെന്ന പ്രതീക്ഷയോടെ, അല്മായശബ്ദം.  

1 comment:

  1. അല്മായശബ്ദത്തിന്റെ ഈ സ്വാഗതക്കുറിപ്പ്‌ വായിക്കുന്ന എല്ലാസുമനസുകളും ഇതു ഹൃദയത്തിൽ ഏറ്റുവാങ്ങേണ്ടത് കാലത്തിനു അനിവാര്യമാണ് ! ഉണരൂ സ്നേഹിതരെ ...കണ്ടില്ലേ മാതാ അമ്രിതാനന്ദാ ?

    ReplyDelete