Translate

Wednesday, March 19, 2014

ആദ്ധ്യാത്മികതയും അധികാരവും

മതസംവിധാനങ്ങളെല്ലാംതന്നെ, ആദ്ധ്യാത്മികതയുടെപേരില്‍ അധികാരം ഭരിക്കുന്നവയായിരിക്കുന്നു. `നിങ്ങളുടെയിടയില്‍ അധികാരികളുണ്ടായിരിക്കരുത്‌'എന്നു പറഞ്ഞ്‌ അധികാരത്തെ പടിക്കുപുറത്താക്കിയ യേശുവിന്റെ പേരിലുള്ള സഭകളിലാണ്‌ ഇത്‌ ഏറെ പ്രകടമായിക്കാണുന്നത്‌ എന്നത്‌ ഒരു വിരോധാഭാസമാണ്‌. ആദ്ധ്യാത്മികവും ഭൗതികവുമായ സമസ്‌താധികാരവും സ്വയം ഏറ്റെടുത്ത്‌, അതുറപ്പിക്കാന്‍ ബൈബിള്‍ മാറ്റിവച്ച്‌ കാനോന്‍നിയമം നിര്‍മ്മിച്ച്‌, ചക്രവര്‍ത്തി/രാജാസംവിധാനം ഇന്നും നിലനിര്‍ത്തിവാഴുന്ന കത്തോലിക്കാസഭാധികാരം, ഈ വൈരുദ്ധ്യത്തിനു മകുടംചൂടി നില്‍ക്കുന്നു. സ്വര്‍ണ്ണവര്‍ണ്ണാഭമായ വിശുദ്ധയങ്കികള്‍ക്കും മുതലായവന്‍ കിരീടത്തിനും ചെങ്കോലിനും ചുറ്റും ഉണ്ടെന്നു തോന്നിച്ചിരുന്ന ദൈവികപരിവേഷത്തില്‍ കണ്ണഞ്ചി, കൈകള്‍കൂപ്പി നില്‍ക്കുകയായിരുന്നു, നൂറ്റാണ്ടുകളായി വിശ്വാസികള്‍. ഇന്നു കണ്ണുതുറന്നു നോക്കുമ്പോള്‍ അവര്‍ കാണുന്നത്‌, മനുഷ്യര്‍ എന്ന നിലയിലുള്ള തങ്ങളുടെ എല്ലാ അവകാശങ്ങളും അന്തസ്സും ചോര്‍ന്നുപോയിരിക്കുന്നതും മത-സാമുദായിക-രാഷ്‌ട്രീയമേലാളന്മാരില്‍ അതെല്ലാം കുമിഞ്ഞുകൂടിയിരിക്കുന്നതുമാണ്‌. ക്രിസ്‌തുമതം പ്രോത്സാഹിപ്പിച്ച പാശ്ചാത്യ കൊളോണിയലിസം പടിയിറങ്ങിയതുമുതലാണെന്നു തോന്നുന്നു, വിശുദ്ധപരിമളം പരത്തിനിന്ന കുന്തിരിക്കപ്പുകമറ മാഞ്ഞ്‌, ഈ രാജകീയസഭയുടെ തനിരൂപം ക്രൈസ്‌തവര്‍ കണ്ടുതുടങ്ങിയത്‌. ഇന്നാകട്ടെ, തുറന്ന കണ്ണുള്ള ആര്‍ക്കും അതു നേര്‍ക്കാഴ്‌ചയാണ്‌. അധികാരഭരണത്തിലും പ്രൗഢിയിലും സമ്പത്തിലും ശ്രദ്ധയൂന്നുന്ന ഇന്നത്തെ കത്തോലിക്കാസഭയുടെ പൈതൃകം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടേതാണെന്നും യേശുവിന്റേതല്ലെന്നും അവരെല്ലാം മനസിലാക്കിക്കഴിഞ്ഞിട്ടുണ്ട്. കോണ്‍സ്റ്റന്റൈനില്‍നിന്ന്‌ യേശുവിലേക്ക്‌ സഭയെ നയിക്കേണ്ടതിന്റെ ആവശ്യകതയിലേക്കു വിരല്‍ചൂണ്ടുന്ന ക്രൈസ്‌തവ പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും മുളച്ചുപൊങ്ങിയതിന്റെയും ശക്തിപ്രാപിച്ചതിന്റെയും പശ്ചാത്തലമിതാണ്‌. അവരുടെയെല്ലാം ആദ്ധ്യാത്മികനിലവിളികള്‍ക്കുള്ള ദൈവിക മറുപടിയായിട്ടാവണം, കാലം ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പായെ നമുക്കു സമ്മാനിച്ചിരിക്കുന്നതെന്നും കരുതേണ്ടിയിരിക്കുന്നു. ആദ്ധ്യാത്മികതയില്‍നിന്നു ഭൗതികതയിലേക്കു മാര്‍ച്ചുചെയ്‌തുകൊണ്ടിരിക്കുന്ന കത്തോലിക്കാസഭയോട്‌, `എബൗട്ടേണ്‍' എന്നു പറഞ്ഞു തിരിച്ചു മാര്‍ച്ചുചെയ്യിക്കാനുള്ള മാര്‍പ്പാപ്പായുടെ പരിശ്രമങ്ങളെ പിന്തുണയ്‌ക്കാന്‍ ഇന്നത്തെ കത്തോലിക്കാസമൂഹത്തിനു കഴിഞ്ഞാല്‍, അതു ലോകചരിത്രത്തെയാകെ മാറ്റിമറിക്കാന്‍പോരുന്ന ഒരു ആദ്ധ്യാത്മികനവോത്ഥാനത്തിനുതന്നെ കളമൊരുക്കലാകും. ആ നവോത്ഥാനമാകട്ടെ, കണ്ണുതുറന്നു കിട്ടുമ്പോഴത്തെ കാഴ്‌ച മുഴുവന്‍ ശരീരത്തിന്റേതുമായിത്തീരുന്നതുപോലെ, (മത്താ.6:22-23). ജീവിതത്തിന്റെ സമസ്‌തമേഖലകളെയും മാനുഷികഭാവത്തിന്റെ പ്രകാശംകൊണ്ടു നിറയ്‌ക്കുകയും ലോകത്തെ വിപ്ലവാത്മകമായി പരിവര്‍ത്തിപ്പിക്കുകയും ചെയ്യും.

`സഭാശുശ്രൂഷകര്‍ എല്ലാറ്റിനുമുപരി കരുണയുടെ ശുശ്രൂഷകരായിരിക്കണ'മെന്നും, `സുവിശേഷത്തിന്റെ ശുശ്രൂഷകര്‍ മനുഷ്യഹൃദയങ്ങളെ ഊഷ്‌മളമാക്കുന്നവരും അവരുടെ ഇരുണ്ട രാത്രികളില്‍ അവര്‍ക്കൊപ്പം നടക്കുന്നവരുമായിരിക്കണ'മെന്നും, `ദൈവജനത്തിനു വേണ്ടത്‌ ഇടയന്മാരെയാണെ'ന്നും `ഉദ്യോഗസ്ഥമേധാവികളെപ്പോലെയും സര്‍ക്കാരധികാരികളെപ്പോലെയും പെരുമാറുന്ന പുരോഹിതരെയല്ലെ'ന്നും പറയുന്ന ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ അതിലൂടെയെല്ലാം യഥാര്‍ത്ഥ അധികാരത്തെ പുതിയനിയമവെളിച്ചത്തില്‍ നിര്‍വ്വചിക്കുകയാണ്‌. ഈ പ്രസ്‌താവനകള്‍ക്ക്‌ ആദ്യമാര്‍പ്പാപ്പായായി വിവരിക്കപ്പെടുന്ന പത്രോസ്‌ മറ്റു സഭാമൂപ്പര്‍ക്കു നല്‍കുന്ന ഉപദേശവുമായി ഏറെ സാമ്യമുണ്ട്‌. പത്രോസ്‌ പറഞ്ഞു: ``നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്ന ദൈവത്തിന്റെ ആട്ടിന്‍പറ്റത്തെ മേയ്‌ക്കുക. നിര്‍ബന്ധംകൊണ്ടല്ല സന്മനസ്സോടെ; നിന്ദ്യമായ ലാഭേച്ഛയോടെയല്ല, താല്‌പര്യത്തോടെ അതുചെയ്യുക. അതു നിങ്ങളെ ഭരമേല്‍പ്പിച്ചിരിക്കുന്നവരുടെമേല്‍ അധികാരഗര്‍വ്വോടെയല്ല, അജഗണത്തിനു മാതൃകയാകത്തക്കവണ്ണം ആയിരിക്കണം'' (1 പത്രോസ്‌ 5:2-3). `നല്ല ഇടയന്‍ ആടുകള്‍ക്കുവേണ്ടി ജീവന്‍ ത്യജിക്കുന്നു' എന്ന യേശുവചസ്സില്‍ ഊന്നിക്കൊണ്ടുള്ളതാണ്‌ പത്രോസിന്റെയും ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പായുടെയും പ്രബോധനങ്ങള്‍ എന്നു കാണാന്‍ പ്രയാസമില്ല.


അധികാരത്തിന്റെ സ്വഭാവമെന്ത്‌ എന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടനല്‍കാത്ത വിധത്തില്‍ ശിഷ്യരെ യേശു പഠിപ്പിക്കുകയുണ്ടായി. മനുഷ്യരുടെമേല്‍ ആധിപത്യം ചെലുത്തിക്കൊണ്ടുള്ള റോമന്‍ ഭരണാധികാരികളുടെ രീതി ചൂണ്ടിക്കാട്ടിക്കൊണ്ട്,``വിജാതീയരുടെ രാജാക്കന്മാര്‍ അവരുടെമേല്‍ ആധിപത്യം ചെലുത്തുന്നു; അവരുടെമേല്‍ അധികാരം നടത്തുന്നവരെ ഉപകാരികള്‍ എന്നു വിളിക്കുകയുംചെയ്യുന്നു. നിങ്ങളോ അങ്ങനെയല്ല. നിങ്ങളില്‍ ഏറ്റം വലിയവന്‍ ഏറ്റം ചെറിയവനെപ്പോലെയും നായകന്‍ സേവകനെപ്പോലെയും ആയിരിക്കണം'' (ലൂക്കോ. 22:25-26) എന്നും, ``നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും അടിമയാകണം. കാരണം, മനുഷ്യപുത്രന്‍പോലും വന്നിരിക്കുന്നത്‌ സേവിക്കപ്പെടാനല്ല, സേവിക്കാനാണ്‌; അനേകര്‍ക്കുവേണ്ടി സ്വജീവന്‍ വീണ്ടെടുപ്പുവിലയായി നല്‍കാനാണ്‌'' (മര്‍ക്കോ. 10:44-45) എന്നും അവിടുന്നു പറയുമ്പോള്‍, യഥാര്‍ത്ഥ അധികാരത്തിന്റെ സ്വരൂപം എന്തെന്നു വളരെ വ്യക്തമാണ്‌. ശിഷ്യരുടെ മുമ്പില്‍ മുട്ടുകുത്തി പാദങ്ങള്‍ കഴുകിത്തുടച്ച്‌, അതെങ്ങനെയെന്ന്‌ യേശു സ്വയം കാണിച്ചുതരികയും ചെയ്‌തു.
ഇതെല്ലാമായിട്ടും, യേശുവിനു നല്‍കപ്പെട്ട `സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വ അധികാരങ്ങളും' തങ്ങള്‍ക്കു യേശു നല്‍കിയിട്ടുണ്ടെന്നും, തങ്ങള്‍ക്ക്‌ ഭൂമിയില്‍ എന്തും കെട്ടുകയും അഴിക്കുകയും ചെയ്യാനുള്ള അധികാരമുണ്ടെന്നും ബൈബിള്‍ വാക്യങ്ങള്‍വച്ചു (മത്താ.28:19;യോഹ 20:21; മത്താ 18;18 മുതലായവ) വ്യാഖ്യാനിച്ച്‌, പാടില്ലെന്നു യേശു വിലക്കിയ അതേ റോമന്‍ വിജാതീയ ആധിപത്യ ഘടന യേശുവിന്റെ സഭയില്‍ത്തന്നെ സ്ഥാപിക്കാന്‍ പൗരോഹിത്യത്തിനു കഴിഞ്ഞു. യേശുവിന്റെ പരസ്‌നേഹത്തിന്റെയും സേവനത്തിന്റെയും ശുശ്രൂഷയുടെയുമായ ആദ്ധ്യാത്മികാധികാര സഭാസംവിധാനത്തെ, കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി പ്രതിനിധാനംചെയ്‌ത സ്വയംസ്‌നേഹത്തിന്റെയും മേല്‍ക്കോയ്‌മയുടെയും ഭരണത്തിന്റെയുമായ ഭൗതികാധികാരസംവിധാനമാക്കി കീഴ്‌മേല്‍ മറിക്കാന്‍ ഇടയിലൂടെ കയറിക്കൂടിയ പൗരോഹിത്യത്തിനു കഴിഞ്ഞു.


അധികാരമെന്നാല്‍... 
യേശു തന്റെ ജീവിതത്തിലൊരിക്കല്‍പ്പോലും ലൗകികാധികാരം പ്രയോഗിച്ചിട്ടില്ല എന്നതില്‍നിന്നുതന്നെ, `സ്വര്‍ഗ്ഗത്തിലും ഭൂമിയിലുമുള്ള സര്‍വ്വാധികാര'ത്തില്‍ ലൗകികാധികാരം ഉള്‍പ്പെടുന്നില്ല എന്നും അങ്ങനെയൊരധികാരത്തിന്‌ അസ്‌തിത്വമില്ലെന്നും കാണാവുന്നതാണ്‌. അതായത്‌, മനുഷ്യന്റെ സ്വകാര്യമാത്രപരമായ (ഭൗതികമായ) താല്‌പര്യങ്ങള്‍ക്കുവേണ്ടി മനുഷ്യന്‍തന്നെയുണ്ടാക്കുന്ന നിയമവ്യവസ്ഥകളെ ആശ്രയിച്ച്‌ കൃത്രിമവും ക്ഷണികവുമായി നിലനില്‍ക്കുന്ന ഒരധികാരത്തെയും, ആത്യന്തികമായ അര്‍ത്ഥത്തില്‍ അധികാരമായി പരിഗണിക്കാനാവില്ല. ഇതിനര്‍ത്ഥം ആദ്ധ്യാത്മികാധികാരമല്ലാതെ മറ്റൊരധികാരത്തിനും അസ്‌തിത്വമില്ല എന്നുതന്നെയാണ്‌.
ആദ്ധ്യാത്മികാധികാരമാര്‍ജ്ജിക്കാന്‍, ആദ്ധ്യാത്മികനായിത്തീരുക എന്നതല്ലാതെ മറ്റൊരു മാര്‍ഗ്ഗവുമില്ല എന്നതാണ്‌ മനുഷ്യന്റെ മുമ്പിലുള്ള വെല്ലുവിളി. സ്വയം ശൂന്യവല്‍ക്കരിക്കാതെ-ആത്മാവില്‍ ദാരിദ്ര്യം വരിക്കാതെ-ആദ്ധ്യാത്മികനാകാനാവില്ലതാനും. വൈയക്തികംമാത്രമായ എല്ലാ മോഹങ്ങളില്‍നിന്നും ആസക്തികളില്‍നിന്നും സാമ്പത്തിക-അധികാരവാഞ്‌ഛകളില്‍നിന്നും വിടുതല്‍പ്രാപിക്കാനും, മറ്റുള്ളവരുടെ അഭ്യുദയം കാംക്ഷിക്കാനും കഴിയുമ്പോള്‍ മാത്രമാണ്‌, അതായത്‌ സ്വകാര്യമാത്രപരതയില്‍നിന്ന്‌ പരാര്‍ത്ഥതാഭാവത്തിലേക്കു മനസ്സ്‌ വിടര്‍ത്തുമ്പോള്‍മാത്രമാണ്‌, ഒരാള്‍ ആദ്ധ്യാത്മികനായിത്തീരുന്നത്‌. മറ്റു വാക്കുകളില്‍, ആദ്ധ്യാത്മികവളര്‍ച്ചയെന്നാല്‍ മഹത്വത്തിന്റെ പടികള്‍ ചവിട്ടിക്കയറുക എന്നതാണ്‌. മഹാത്മാക്കള്‍ എപ്പോഴും മനുഷ്യസേവനത്തിലും ശുശ്രൂഷയിലുമാണ്‌ വ്യാപൃതരായിരിക്കുന്നത്‌ എന്ന്‌ എല്ലാവര്‍ക്കും അറിയാം. അവര്‍ ഒരിക്കലും സ്വന്തം കാര്യത്തിനുവേണ്ടിയോ സ്വന്തം വിഭാഗത്തിനുവേണ്ടിയോമാത്രം നിലകൊള്ളുകയില്ല. മറിച്ച്‌, മനുഷ്യരാശിയുടെ അഭ്യുന്നതി ലക്ഷ്യംവച്ചുള്ള മൂല്യാധിഷ്‌ഠിതമായ ഒരു ധാര്‍മ്മികസമീപനമായിരിക്കും അവര്‍ എപ്പോഴും പുലര്‍ത്തുക. ആദ്ധ്യാത്മികതയിലുറവുപൊട്ടുന്ന ഈ ധാര്‍മ്മികത അതില്‍ത്തന്നെ അധികാരമാണ്‌ എന്നതാണു വസ്‌തുത. അവരറിയാതെതന്നെ, മറ്റുള്ളവരുടെ ഹൃദയങ്ങളെ ഭരിക്കുന്നവരായിത്തീരുന്നു, അവര്‍. ബാഹ്യമായ നിയമങ്ങള്‍ക്കുപകരം, സാര്‍വ്വലൗകികമായ സ്‌നേഹത്തിന്റെ നിയമങ്ങള്‍ തങ്ങളുടെ ജീവിതംകൊണ്ട്‌ അവര്‍ മനുഷ്യഹൃദയങ്ങളില്‍ എഴുതിച്ചേര്‍ക്കുകയാണ്‌. നിയമപിന്‍ബലമില്ലെങ്കിലും അവരുടെ വാക്കുകള്‍ ജനങ്ങള്‍ സ്വീകരിച്ചനുസരിക്കും. ഫ്രാന്‍സീസ്‌ അസ്സീസി മുതല്‍ ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാവരെയുള്ള ആദ്ധ്യാത്മികമനുഷ്യരുടെ വാക്കുകള്‍ മനുഷ്യര്‍ കാലദേശഭേദമില്ലാതെ ചെവിയോര്‍ക്കുന്നത്‌ അതുകൊണ്ടാണ്‌. ആദ്ധ്യാത്മികരായിത്തീര്‍ന്ന യേശുവിന്റെ ശിഷ്യര്‍ക്കു ലഭ്യമായതും ഈ അധികാരത്തിലേക്കാണ്‌.


`അധികാര'മെന്ന ഈ വാക്കിന്റെ ബിബ്ലിക്കല്‍ അര്‍ത്ഥത്തെ `ശുശ്രൂഷിക്കാനുള്ള യോഗ്യത' എന്നു വ്യവഹരിക്കാമെന്നുതോന്നുന്നു. ഈ യോഗ്യതയുടെ അടിസ്ഥാനത്തിലായിരുന്നല്ലോ ആദിമസഭയില്‍ ആദ്ധ്യാത്മിക ശുശ്രൂഷികളെയും ഭൗതിക ശുശ്രൂഷികളെയും വിശ്വാസിസമൂഹം തിരഞ്ഞെടുത്തിരുന്നത്‌ (അപ്പോ.പ്രവ. 1:5-26, 6:2-4). അതനുസരിച്ച്‌ സഭ ആകമാനം ഒരു ശുശ്രൂഷാസംവിധാനമായിരുന്നുവെന്നുകാണാം. ആദ്ധ്യാത്മികവും ഭൗതികവുമായ ശുശ്രൂഷകള്‍ പരസ്‌പരപൂരകമായി പുലര്‍ന്നിരുന്ന ഒരു സംവിധാനം.


അതിന്റെ സ്ഥാനത്താണിന്ന്‌ തമ്മിലടിക്കുന്ന അധികാരസിംഹാസനങ്ങളും ഭൗതികാധികാരഘടനകളും മനുഷ്യന്റെ ശിരസ്സിനുമേല്‍, അവനെ ചവിട്ടുമെതിച്ചുകൊണ്ട്‌ വ്യവസ്ഥാപിതമായിരിക്കുന്നത്‌; ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ പറയുന്നതുപോലെ, `നിസ്സാരകാര്യങ്ങളിലും ഇടുങ്ങിയ മനസ്സിന്റെ നിയമങ്ങളിലും കെട്ടിപ്പിണഞ്ഞുകിടക്കുന്നത്‌; `സഭയുടെ ധാര്‍മ്മികപഠനങ്ങളെ സംബന്ധിച്ച്‌ പരസ്‌പരബന്ധമറ്റ എണ്ണമറ്റ സിദ്ധാന്തങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടിച്ചേല്‍പ്പിക്കേണ്ടതുണ്ട്‌ എന്ന ചിന്ത ഒഴിയാബാധയായി'രിക്കുന്നത്‌. ഇങ്ങനെ ഇനിയും മുന്നോട്ടുപോയാല്‍, `സഭയുടെ ധാര്‍മ്മികബോധം ചീട്ടുകൊട്ടാരംപോലെ തകര്‍ന്നടിയും' എന്നു മാര്‍പ്പാപ്പാ താക്കീതു നല്‍കുന്നു.


ഇന്നത്തെ സഭാവഴക്കുകളെ നിരീക്ഷിച്ചാല്‍, അതിന്റെയെല്ലാം പിന്നില്‍ നൈമിഷികമായ ഭൗതികാധികാരദുരയും സാമ്പത്തികലാക്കുമാണുള്ളതെന്നു കണ്ടെത്തുവാന്‍ സുബോധമുള്ളവര്‍ക്കാര്‍ക്കും പ്രയാസമുണ്ടാവില്ല. `അവസാനക്കാരനാകുക' എന്ന യേശുവിന്റെ ഉപദേശം സ്വീകരിക്കാനുള്ള വൈമുഖ്യമാണ്‌ കത്തോലിക്കാസഭയുടെ റീത്തുവഴക്കുകള്‍ക്കും മൂലകാരണം. സഭൈക്യത്തിനുവേണ്ടിയുള്ള എക്യുമെനിക്കല്‍ നീക്കങ്ങളൊക്കെയും ഫലംകായ്‌ക്കാത്ത അത്തിമരമായി എന്നും നിലകൊള്ളുന്നതിന്റെ കാരണവും മറ്റൊന്നല്ല. ന്യൂനപക്ഷാവകാശമെന്ന വാദമുയര്‍ത്തി മറ്റു സമുദായങ്ങളുടെ വെറുപ്പു സമ്പാദിക്കേണ്ടിവരുന്നതിന്റെ പിന്നിലും ആദ്ധ്യാത്മികതയെന്ന ധാര്‍മ്മികാധികാരത്തിന്റെ അഭാവമാണ്‌ സുമനസ്‌കര്‍ക്കു കാണാന്‍ കഴിയുക. അതുപോലെതന്നെ, വിശ്വാസിസമൂഹത്തെ ചൊല്‍പ്പടിയില്‍ നിര്‍ത്താനുദ്ദേശിച്ചുളള സഭയുടെ എല്ലാ നിയമങ്ങളും സംവിധാനങ്ങളും രൂപംകൊണ്ടിട്ടുളളതും, അവസാനക്കാരനാകാന്‍ വിസമ്മതിക്കുകയും, `വിരുന്നുകളില്‍ മുഖ്യസ്ഥാനവും സിനഗോഗുകളില്‍ ഏറ്റം മികച്ച ഇരിപ്പിടവും ചന്തസ്ഥലങ്ങളില്‍ അഭിവാദനവും മനുഷ്യരില്‍നിന്നു `ഗുരോ' എന്ന സംബോധനയും' മോഹിക്കുകയുംചെയ്യുന്ന, പൗരോഹിത്യത്തിന്റെ ഭൗതികദുരാശകളുടെ സംഘടിത ആവിഷ്‌കാരമായാണ്‌... `പൗരോഹിത്യവാഴ്‌ചയെ നിര്‍മ്മാര്‍ജനംചെയ്യാന്‍ ഞാനാഗ്രഹിക്കുന്നു' എന്നു ഫ്രാന്‍സീസ്‌ മാര്‍പ്പാപ്പാ പറയുമ്പോള്‍, സഭയെ ആദ്ധ്യാത്മികശുശ്രൂഷകര്‍ ധാര്‍മ്മികമായി നയിക്കുന്ന ഒന്നാക്കി മാറ്റാന്‍ അദ്ദേഹം വെമ്പുന്നു എന്നുവേണം നാം മനസിലാക്കാന്‍. 
കേവലം യുക്തിപരമായി ചിന്തിച്ചാല്‍ത്തന്നെ, പിതാവായ ദൈവത്തിന്റെ മക്കളെന്ന നിലയില്‍, ആര്‍ക്കും മറ്റാരുടെയുംമേല്‍ അധികാരം ഭരിക്കാനുള്ള അവകാശമില്ല എന്നു കാണാവുന്നതാണ്‌. അതുപോലെതന്നെ, സൃഷ്‌ടികളായതിനാല്‍ ആര്‍ക്കും സ്വയം അഹങ്കരിക്കാനോ മറ്റുള്ളവരോട്‌ അസൂയപ്പെടാനോ ക്ഷോഭിക്കുവാനോ വിദ്വേഷം വച്ചുപുലര്‍ത്താനോ ഉളള അവകാശവുമില്ല. ഇതില്‍നിന്നും യജമാനത്വഭാവമോ ഒന്നാമന്‍ എന്ന ഭാവ മോ വച്ചുപുലര്‍ത്താന്‍ ഒരു മനുഷ്യനും അധികാരമില്ല എന്നുവരുന്നു. എന്നാല്‍, ആദ്ധ്യാത്മികതയില്‍ സ്‌നേഹത്തിന്റേതായ അധികാരമുണ്ട്‌. അത്‌ സത്യം പ്രബോധിപ്പിക്കാനും നന്മ ചെയ്യാനുമുള്ള ധാര്‍മ്മികാധികാരമാണ്‌. നന്മപ്രവൃത്തികളെല്ലാം ശുശ്രൂഷാപരമായതിനാല്‍ അധികാരം ശുശ്രൂഷാപരമാണ്‌ എന്നു സിദ്ധിക്കുകയും ചെയ്യുന്നു.


ജോർജ് മൂലേചാലിൽ  -  എഡിറ്റര്‍

1 comment:

  1. അദ്ധ്യാത്മികതയുടെ ചിന്തകളും അധികാരവും വിഷയമായ ഈ ലേഖനം ശ്രീ ജോർജ് നല്ലവണ്ണം അവതരിപ്പിച്ചിട്ടുണ്ട്. അധികാരമില്ലാത്ത പുരോഹിതരെ സാധാരണ നല്ലവരായി കാണുന്നു. വിശ്വാസികൾ പാലുകൊടുത്തു വളർത്തുന്ന ഈ പാമ്പിൻകുഞ്ഞുങ്ങൾക്ക് അധികാരം കിട്ടികഴിഞ്ഞാൽ മനുഷ്യത്വമില്ലാത്ത പിശാചുക്കളായി മാറും. സകല ആത്മീയചിന്തകളും കാറ്റിൽ പറത്തും. രാഷ്ട്രീയത്തിലായാലും ഇതു തന്നെയാണ് ഗതി. ആദർശധീരൻ വി.എം.സുധീരനെ തന്നെ നോക്കൂ. ഇതിനകം അദ്ദേഹം കാണാവുന്ന ബിഷപ്പുമാരെ കണ്ടുകഴിഞ്ഞു. അക്കൂടെ കുപ്രസിദ്ധരായ തൃശ്ശൂർ, ഇടുക്കി, കാഞ്ഞിരപ്പള്ളി ബിഷപ്പുമാരുടെ കൈകൾ മുത്തൽ പൂർത്തിയാക്കി. ഒരു ദേശീയപാർട്ടിയുടെ സമുന്നതനായ നേതാവിനുപോലും ബിഷപ്പുമാരുടെ കൈമുത്തിക്കൊണ്ടേ ഭരിക്കാൻ സാധിക്കുള്ളൂ.

    ഭവനത്തിൽ പ്രവേശിച്ചാലും, കാറിനുള്ളിൽ കയറിയാലും ടോയിലറ്റിനുള്ളിലായാലും ബിഷപ്പാണെങ്കിൽ വാതിൽ തുറന്നുകൊടുക്കാൻ സേവകരുമുണ്ട്. ഉണ്ണിക്കുട വയറൻ തിരുമേനിയുടെ ഇഷ്ടത്തിന് ഭക്ഷണം വെച്ചുകൊടുക്കാനും വെളമ്പാനും കൈകഴുകുമ്പോൾ വെള്ളമൊഴിച്ചു കൊടുക്കാനും ചുറ്റുമെന്നും പരിവാരങ്ങളും വേണം. 'ഞങ്ങൾ മാത്രം ശരി, നിങ്ങൾ തെറ്റ്, പാപി'യെന്നു പറഞ്ഞ് നടക്കും. കാലത്തിന്റെ പരിവർത്തനം ഇവർ അറിയുന്നില്ല. പുരോഹിതനായി പട്ടം കിട്ടികഴിഞ്ഞ്‌ പിന്നീടധികം ഇവരുടെ ബുദ്ധി വികസി ക്കുകയുമില്ല.

    താമസിക്കുന്ന കൊട്ടാരവും കാറുമൊക്കെ വിയർക്കാതെ ഓസിനുകിട്ടിയതെന്ന് ചിന്തിച്ചു മനസിലാക്കാനും കഴിവില്ല. വിശ്വാസികളിൽനിന്നും സർവ്വതും കൊള്ളചെയ്ത് സ്വന്തമാക്കിയശേഷം അണ്ടർഗ്രൌണ്ട് നേതാവിനെപ്പോലെ അധികാരമത്ത് ഇവരുടെ തലയിൽ പിടിച്ചിരിക്കുകയാണ്. ഭക്തിയെന്ന മയക്കുമരുന്നിനടിമപ്പെട്ടവരെ മയക്കിക്കെടത്തി പണം അപഹരിക്കുന്നത് കുഞ്ഞാടുകളറിയുന്നില്ല.

    യൂറോപ്പിലുള്ള ബിഷപ്പുമാർ സ്വയം കാറോടിച്ചു പോവുന്നതും ഭക്ഷണം പാകം ചെയ്യുന്നതുമായ കഥകളും ഇവർക്കറിയാം. ഫ്രാൻസീസ് മാർപാപ്പാ അച്ചനായിരുന്നപ്പോൾമുതൽ ജീവിച്ചിരുന്നതും ഇങ്ങനെയായിരുന്നു. പാപ്പയെപോലെ ജീവിക്കാൻ വിശ്വാസികളോട് പറയുകയും സ്വയം ആദർശവാനായി ജീവിക്കാതെ അല്മായർ ലളിതമായി ജീവിക്കാൻ ഇടയലേഖനമിറക്കുകയും ചെയ്യും.

    പത്തു പ്രമാണങ്ങൾ മുഴുവനായി ലംഘിക്കുന്നവരും ഈ ആഡംബര വാണിജ്യപ്രഭുക്കക്കൾ തന്നെ. കക്കരുത്, കള്ളം പറയരുത്, കള്ള സാക്ഷി പറയരുതെന്നു പറയും. അതില്ലാതെ ഇവരെങ്ങനെ ജീവിക്കും. ബിംബമായ മോതിരം മറ്റുള്ളവരെ മുത്തിക്കുക, അന്യപെണ്ണുങ്ങളുമൊത്ത് ശ്രിങ്കാര ഭാവത്തിൽ ഫോട്ടോകളിൽ പോസ്സു ചെയ്യുക അങ്ങനെയങ്ങനെ അഭിഷിക്തർക്ക് മോശയുടെ പ്രമാണങ്ങൾ പുല്ലായി മാറി.

    ബ്രിട്ടീഷുകാർ നടപ്പാക്കിയ യജമാന-ദാസഭാവമള്ള പ്രദേശം കേരളംമാത്രമേ കാണുകയുള്ളൂ. അധികാരം വെടിഞ്ഞ ചിത്തിരതിരുന്നാൾ മഹാരാജാവ് കാറിൽ പോവുന്നത് തിരുവനന്തപുരത്ത് പഠിക്കുന്ന കാലങ്ങളിൽ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹമന്ന് വഴിപോക്കനെയോ യാചകനെയൊ കണ്ടാൽ തല കുമ്പിട്ട് ചിരിച്ചുകൊണ്ട് കൈകൂപ്പി അഭിവാദനം ചെയ്യുന്നത് ഞാനിന്നും ഓർക്കുന്നു. വഴിയരികിൽനിന്ന എന്നെയും അദ്ദേഹം കൈകൂപ്പി നമസ്ക്കരിച്ചിട്ടുണ്ട്. അത്തരം വിനയം അഭിഷിക്ത ലോകത്ത് കാണുകയില്ല.

    പലരും സെമിനാരിയിൽ ചേരുന്നത് ആത്മീയത തേടിയല്ല. സൗജന്യവിദ്യാഭ്യാസവും ഭക്ഷണവും കിട്ടും. നാട്ടിൽ തൊഴിലില്ലാതെ തെണ്ടിനടക്കുകയും വേണ്ട. ഒരു സുപ്രഭാതത്തിൽ അവരിലൊരാൾ ബിഷപ്പാകും. 'മാർ' എന്ന് പേരിന്റെ കൂടെ രണ്ടക്കവും ചേർത്താൽ അഹങ്കാരിയായ ഒരു മനുഷ്യനവിടെ പുതിയതായി അവതരിക്കുകയാണ്.

    ഒരു തലമുറയ്ക്കു മുമ്പ് അല്മേനികളേക്കാൾ ബോധവും വിദ്യാഭ്യാസവും പുരോഹിതർക്കുണ്ടായിരുന്നു. കാലം മാറിപോയി. സാങ്കേതിക വിദ്യയുടെ വളർച്ചയോടെ അല്മെനിയെന്ന പുഴുക്കളും ഇല്ലാതെയായി. പുരോഹിതരുടെയും അഭിഷിക്തരുടെയും അറിവൊക്കെ വെറും തമാശപോലെയായി. ഇടയ ലേഖനമെല്ലാം ചവറ്റു കടലാസുകളുമായി മാറിക്കഴിഞ്ഞു.

    യേശു പറഞ്ഞത് എന്താണെന്ന് അഭിഷിക്തരെ പഠിപ്പിക്കാൻ അല്മേനികളെ ചുമതലപ്പെടുത്തണം. ക്ലാസുകൾ നല്കുന്നതും ആവശ്യമാണ്. പരിശീലനത്തിൽക്കൂടി അഹങ്കാരവും ധിക്കാരവും ഇല്ലാതാക്കണം. വിശ്വാസത്തിൽ അല്മെനിക്കും സ്വതന്ത്ര തീരുമാനമെടുക്കാൻ അധികാരം കൊടുക്കണം. അഭിഷിക്തരുടെ കഴിവുകളെ രാഷ്ട്രീയത്തിലും മരാമത്തുപണിയിലും ഉപയോഗപ്പെടുത്താതെ സഭയ്ക്കുള്ളിലെ ആത്മീയതയിൽ പ്രയോജനപ്പെടുത്തണം. വിമർശനങ്ങളെ സ്വീകരിക്കാൻ കഴിവുള്ളവരാക്കണം. പരസ്പരബഹുമാനം, നീതി, സത്യം, ഇതെല്ലാമാണ് സഭയ്ക്ക് വേണ്ടത്. അക്രമം, അഴിമതികൾ എന്നീ സാമൂഹികദ്രോഹങ്ങളെ ബോധവൽക്കരിക്കണമെങ്കിൽ അല്മെനികൾതന്നെ ‌ അഭിഷിക്തർക്ക് പരിശീലനം കൊടുത്തേതീരൂ.

    ReplyDelete