തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ ഭാര്യ ജീവനൊടുക്കി.
Source:http://www.mangalam.com/print-edition/keralam/161654#sthash.8YU0Zx5D.dpuf
Story Dated: Thursday, March 20, 2014 01:13
മൂവാറ്റുപുഴ/കൊച്ചി: ചോദ്യക്കടലാസില്‍ പ്രവാചകനിന്ദയാരോപിച്ചു മതതീവ്രവാദികള്‍ കൈപ്പത്തി വെട്ടിമാറ്റിയ കോളജ് അധ്യാപകന്റെ ഭാര്യ ജീവനൊടുക്കി. തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകനായിരുന്ന മൂവാറ്റുപുഴ നിര്‍മലാ കോളജ് ജംഗ്‌ഷനില്‍ തെങ്ങനാകുന്നേല്‍ പ്രഫ. ടി.ജെ. ജോസഫിന്റെ ഭാര്യ സലോമി(49)യെ ഇന്നലെ ഉച്ചകഴിഞ്ഞു 2.30-നു വീട്ടിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കേരളത്തിന്റെ മനഃസാക്ഷിയെ പിടിച്ചുലച്ച കൈവെട്ട് കേസില്‍ പ്രധാന സാക്ഷികളിലൊരാളാണു സലോമി ജോസഫ്. ഈമാസം 31-നു വിരമിക്കേണ്ട ജോസഫിനെ ജോലിയില്‍ തിരികെ പ്രവേശിപ്പിക്കാമെന്ന ഉറപ്പ് കോളജ് മാനേജ്‌മെന്റ് ലംഘിച്ചതാണു സലോമിയുടെ മരണകാരണമെന്നു പോലീസ് ഇന്റലിജന്‍സ് വിഭാഗം സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കി. മതഭ്രാന്തന്മാര്‍ കണ്‍മുന്നിലിട്ടു ഭര്‍ത്താവിനെ വെട്ടിപ്പരുക്കേല്‍പ്പിച്ചപ്പോഴും പതറാതെ പിടിച്ചുനിന്ന സലോമി മരണത്തില്‍ അഭയം തേടിയെന്നതു വിധിവൈപരീത്യമായി.
ചോദ്യവിവാദത്തേത്തുടര്‍ന്നുണ്ടായ ഭീഷണികളും ഭര്‍ത്താവിനു നേരിട്ട ദുര്യോഗത്തിന്റെ ആഘാതവും പോലീസ് നടപടികളും കേസുമെല്ലാം മനഃസാന്നിധ്യത്തോടെ തരണം ചെയ്യാന്‍ ഈ വീട്ടമ്മയ്‌ക്കു കഴിഞ്ഞിരുന്നു. എന്നാല്‍, ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു മാന്യമായ വിരമിക്കല്‍ സാഹചര്യമൊരുക്കാമെന്നു സമ്മതിച്ച കോളജ് മാനേജ്‌മെന്റിന്റെ അപ്രതീക്ഷിതപിന്മാറ്റം ഈ കുടുംബത്തിനു കടുത്ത ആഘാതമായി. ഇതേത്തുടര്‍ന്നു സലോമി കടുത്ത മാനസികസംഘര്‍ഷത്തിലായിരുന്നു. ഒരുമാസമായി സലോമി മാനസികാസ്വാസ്‌ഥ്യം പ്രകടിപ്പിച്ചിരുന്നതായും വീടിനു പുറത്തിറങ്ങാന്‍പോലും വൈമനസ്യം കാട്ടിയിരുന്നതായും ബന്ധുക്കള്‍ പറഞ്ഞു. ഇതിനെല്ലാം പുറമേയായിരുന്നു കൈവെട്ട് സംഭവത്തിനു ദൃക്‌സാക്ഷിയായതിനേത്തുടര്‍ന്നു വിടാതെ പിടികൂടിയിരുന്ന തലവേദന. ഇന്നലെ രാവിലെ കടുത്ത തലവേദനയും മാനസികാസ്വാസ്‌ഥ്യവും പ്രകടിപ്പിച്ചതിനേത്തുടര്‍ന്ന് സലോമിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. ഡോക്‌ടറെ കണ്ട് ഉച്ചകഴിഞ്ഞു രണ്ടോടെ വീട്ടിലെത്തി. ഈ സമയം ഭര്‍ത്താവ് ജോസഫും സഹോദരി മേരിയും മാതാവ് ഏലിക്കുട്ടിയുമായിരുന്നു വീട്ടിലുണ്ടായിരുന്നത്. ആശുപത്രിയില്‍നിന്ന് എത്തിയയുടന്‍ സലോമി കുളിമുറിയില്‍ കയറി. ശബ്‌ദം കേട്ടു വീട്ടുകാര്‍ നോക്കിയപ്പോള്‍ കുളിമുറിയുടെ അഴിയില്‍ തോര്‍ത്തുമുണ്ടുപയോഗിച്ചു തൂങ്ങിനില്‍ക്കുന്നതാണു കണ്ടത്. ഉടന്‍ ബന്ധുക്കള്‍ കെട്ടഴിച്ചു മുറിയില്‍ കിടത്തി. ജോസഫിന്റെ വീടിനു കാവല്‍നിന്നിരുന്ന മൂന്നു പോലീസുകാരുടെ സഹായത്തോടെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തൊടുപുഴ ന്യൂമാന്‍സ് കോളജില്‍ മലയാളവിഭാഗം മേധാവിയായിരിക്കേ പ്രവാചകനെ നിന്ദിക്കുന്ന ചോദ്യക്കടലാസ് തയാറാക്കിയെന്നാരോപിച്ചു പോപ്പുലര്‍ഫ്രണ്ട് ജോസഫിനെതിരേ രംഗത്തുവന്നിരുന്നു. പ്രതിഷേധം ശക്‌തമായതിനേത്തുടര്‍ന്ന് അറസ്‌റ്റിലായ അധ്യാപകനെ കോടതി റിമാന്‍ഡ് ചെയ്‌തു. പിന്നീടു പുറത്തിറങ്ങിയ ജോസഫിന്റെ വലതുകൈ 2010 ജൂലൈ നാലിന് ഒരുസംഘം അക്രമികള്‍ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിമാറ്റി. വൃദ്ധമാതാവ്, സഹോദരി, ഭാര്യ, മക്കള്‍ എന്നിവര്‍ക്കൊപ്പം പള്ളിയില്‍നിന്നു മടങ്ങവേയായിരുന്നു ഈ കൊടുംക്രൂരത. ജോസഫിന്റെ ജീവന്‍ നിലനിര്‍ത്താന്‍ ചികിത്സയ്‌ക്കായി ലക്ഷങ്ങള്‍ ചെലവഴിക്കേണ്ടിവന്നു. സര്‍ക്കാര്‍ വാഗ്‌ദാനം ചെയ്‌ത സഹായം ലഭിച്ചില്ല. വിവാദചോദ്യക്കടലാസ് തയാറാക്കിയതിന്റെ പേരില്‍ കോളജ് മാനേജ്‌മെന്റ് ജോസഫിനെ പിരിച്ചുവിട്ടതോടെ കുടുംബം സാമ്പത്തികപ്രതിസന്ധിയിലായി.
കേസില്‍ ജോസഫിനെ കോടതി കുറ്റവിമുക്‌തനാക്കിയിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിച്ചില്ല. ഈമാസം 31-ന് വിരമിക്കുന്നതിനു മുമ്പ് ജോലിയില്‍ പ്രവേശിക്കാനായില്ലെങ്കില്‍ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും നഷ്‌ടപ്പെടും. ജോലിയില്‍നിന്നു പിരിച്ചുവിട്ടതിനെതിരേ ജോസഫ് നല്‍കിയ ഹര്‍ജിയില്‍ ഇനിയും തീര്‍പ്പായിട്ടില്ല. ഈ സാഹചര്യത്തില്‍ മക്കളുടെ ഭാവിയെക്കുറിച്ചു സലോമി ഏറെ ഉത്‌കണ്‌ഠാകുലയായിരുന്നെന്നു ബന്ധുക്കള്‍ പറഞ്ഞു. ജോസഫിനെ പുറത്താക്കിയതിനെതിരേ സഭാവിശ്വാസികള്‍ ഉള്‍പ്പെടെയുള്ള പൊതുസമൂഹം പരസ്യമായി രംഗത്തെത്തിയെങ്കിലും നടപടി പിന്‍വലിക്കാന്‍ മാനേജ്‌മെന്റ് തയാറായിരുന്നില്ല.
കേസില്‍ കുറ്റവിമുക്‌തനായതോടെ അദ്ദേഹം സഭാനേതൃത്വത്തെ സമീപിച്ച്, മാന്യമായി വിരമിക്കാന്‍ അവസരമൊരുക്കണമെന്നു പലവട്ടം അപേക്ഷിച്ചിരുന്നു. കോതമംഗലം ബിഷപ് ഉള്‍പ്പെടെയുള്ളവരുമായി നടത്തിയ ആശയവിനിമയത്തേത്തുടര്‍ന്ന് ജോസഫിനെ ജോലിയില്‍ തിരിച്ചെടുത്ത് ആനുകൂല്യങ്ങള്‍ കിട്ടത്തക്ക രീതിയില്‍ വിരമിക്കാന്‍ വഴിയൊരുക്കാമെന്നു ധാരണയായി. വിരമിക്കുന്നതിനു മൂന്നുദിവസം മുമ്പ്, 28-നു ജോലിയില്‍ പ്രവേശിപ്പിക്കാനായിരുന്നു ധാരണ. മാനേജ്‌മെന്റും ജോസഫും തമ്മിലുള്ള കേസുകള്‍ പരസ്‌പരം പിന്‍വലിക്കാനും തീരുമാനമായി. ബിഷപ്പിന്റെ അനുമതിയോടെയുള്ള ധാരണയില്‍ ജോസഫിന്റെ കുടുംബം ഏറെ പ്രതീക്ഷയിലായിരുന്നു. ധാരണപ്രകാരം ജോസഫ് അഭിഭാഷകന്റെ സഹായത്തോടെ കരാറും തയാറാക്കിയിരുന്നു. എന്നാല്‍, ധാരണയ്‌ക്കെതിരേ മാനേജ്‌മെന്റിന്റെ അഭിഭാഷകന്‍ നിലപാടെടുത്തതു കനത്ത ആഘാതമായി. ജോസഫിനെ തിരികെ പ്രവേശിപ്പിച്ചാല്‍ മാനേജ്‌മെന്റിനു കനത്ത തിരിച്ചടിയായിരിക്കുമെന്ന് അഭിഭാഷകന്‍ നിലപാടെടുത്തെന്നാണു ജോസഫിന്റെ സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ജോസഫിനു മാനേജ്‌മെന്റ് വന്‍തുക നഷ്‌ടപരിഹാരം നല്‍കേണ്ടിവരുമെന്നും അഭിഭാഷകന്‍ രൂപതാനേതൃത്വത്തെ അറിയിച്ചത്രേ. ഇതേത്തുടര്‍ന്ന് ബിഷപ് നിലപാടു മാറ്റിയെന്നും ജോസഫിന്റെ പുനഃപ്രവേശവും വിരമിക്കലും അനിശ്‌ചിതത്വത്തിലായെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു.
സലോമിയുടെ മൃതദേഹം മൂവാറ്റുപുഴ നിര്‍മല ആശുപത്രി മോര്‍ച്ചറിയില്‍. ഇന്ന് ഇന്‍ക്വസ്‌റ്റ് തയാറാക്കി പോസ്‌റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും. തൊടുപുഴ മുതലക്കോടം മുതുപ്ലാക്കല്‍ പരേതനായ സെബാസ്‌റ്റ്യന്റെ മകളാണു സലോമി. സഹോദരങ്ങള്‍: സാജു, സിമിലി, സോളി. മക്കള്‍: മിഥുന്‍ ജോസഫ് (തിരുവനന്തപുരം ഐ.എ.എസ്. അക്കാദമി വിദ്യാര്‍ഥി), ആമി ജോസഫ് (നഴ്‌സ്, ഡല്‍ഹി മെഡിസിറ്റി ആശുപത്രി). - See more at: http://www.mangalam.com/print-edition/keralam/161654#sthash.8YU0Zx5D.dpuf
From Facebook, Comment by Jacob Maliekal
ReplyDeleteഞാനും ജോസഫ് സാറും മൂവാറ്റുപുഴ നിർമല കോളേജിൽ സഹപ്രവർത്തകരായിരുന്നു. മാധ്യമ പ്രവർത്തകനായി ഞാൻ വഴി മാറിയപ്പോഴും കുട്ടികൾക്ക് ഏറെ പ്രിയങ്കരനായ അധ്യാപകനായി ടി ജെ ജോസഫ് തുടർന്നു. ചോദ്യകടലാസിന്റെ പേരിലാണ് വർഗീയ വാദികൾ അദ്ദേഹത്തിന്റെ കൈപത്തി വെട്ടി മാറ്റുന്നത് . പിന്നാലെ ജോലിയും പോയി . ജോസഫ് സാറിനെ അറെസ്റ്റ് ചെയ്യാൻ കഴിയാതിന്റെ ദേഷ്യം മകനെ നിയമ വിരുദ്ധമായി കസ്റ്റഡിയിൽ എടുത്തു മർദിച്ചപ്പോൾ ആണ് സലോമി ചേച്ചി ആദ്യം തകർന്നു പോയത്. കോളേജു അധ്യാപകനായ ഭർത്താവിനെ വർഗീയ വാദികളും പോലീസും വേട്ടയാടുകയായിരുന്നു. കണ്മുന്നിൽ വച്ച് ഭർത്താവിന്റെ കൈവെട്ടി നുറുക്കുന്നതും , നീണ്ട ആശുപത്രി വാസവും സഭയുടെ നിയന്ത്രണത്തിലുള്ള കോളേജിൽ നിന്നും അദ്ദേഹത്തെ പിരിച്ചു വിടുന്നതും സാധാരണ ക്കാരിയായ വീട്ടമ്മ എങ്ങനെ സഹിക്കും ?
ഈ മാർച്ച് 31 നു സർ വിരമിക്കേണ്ട ദിവസമായിരുന്നു. 28 നു വീണ്ടും ജോയിൻ ചെയ്തു 31 നു മാന്യമായി വിരമിക്കാൻ ഇതിനിടയിൽ അവസരമൊരുങ്ങി. അദ്ദേഹത്തിന്റെ ഭാര്യ സലോമി നീണ്ട മാനസിക സംഘർഷത്തിനു അയവു കിട്ടി.
ചിലരുടെ അവസാന ഘട്ടത്തിലെ ഇടപെടൽ മൂലം എല്ലാ ഒത്തു തീര്പ്പുകളും പാളുകയായിരുന്നു എന്നാണ് എന്റെ അടുത്ത സുഹൃത്ത് അയ കെ കെ സുനിൽ പറഞ്ഞത് . അവസാന കച്ചി തുരുമ്പും നഷ്ടമായതോടെ ആ വീട്ടമ്മ ഒരു മുഴം കയറിൽ ജീവിതം അവസാനിപ്പിച്ചു. ജോസഫ് സർ എന്നും ഒരു ഇടതു പക്ഷക്കാരൻ ആയിരുന്നു എന്നതിന് അപ്പുറം ലോജിക്കിൽ ചിന്തിക്കുന്ന ആളായിരുന്നു. ഈ ലോജികിനു കേരളത്തിൽ വലിയ പ്രസക്തി ഇല്ല. മതവും ജാതിയും കൊടികുത്തി വാഴുമ്പോൾ നമുക്ക് നമ്മെ തന്നെ നഷ്ടമാകും.
വർഗീയ വാദികൾ ആദ്യം ജോസഫ് സാറിന്റെ കൈപത്തി വെട്ടിമാറ്റി . ഇപ്പോൾ കുടുംബത്തെയും ഇല്ലാതാക്കി . വളരെ അപകട കരമായ വഴിയിലൂടെ ആണ് കേരളം നടക്കുന്നത് എന്ന് സലോമിചേച്ചിയുടെ മരണം ഓർമപ്പെടുത്തുന്നു.
ആത്മാവിനു വേണ്ടി പ്രാർത്ഥിക്കുന്നു ...
എല്ലാ ഈഗോ യും മുൻവിധികളും മാറ്റിവച്ചു ജോസഫ് സാറിനെ തിരിച്ചെടുക്കാൻ മൂവാറ്റുപുഴ നിർമല കോളേജു അധികൃതർ തയാറാകണം എന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. പത്തു ദിവസം മാത്രമാണ് മുന്നിലുള്ളത് .ഈ ആത്മാവിനെ ഓർത്തെങ്കിലും സാറിന് ജോലി തിരികെ നൽകണം . ഒരു ദിവസം എങ്കിലും ആ നല്ല അധ്യാപകൻ ക്ലാസ്സ് എടുക്കട്ടെ ,, ജോലി തിരിച്ചു നൽകാനായാൽ കേരളത്തിന് തെറ്റ് തിരുത്താനും നീതി നല്കാനും ഒരു അവസരം കൂടിയാകും.
by Jacob Maliekal
"ജോസഫിനു മാനേജ്‌മെന്റ് വന്‍തുക നഷ്‌ടപരിഹാരം നല്‍കേണ്ടിവരുമെന്നും അഭിഭാഷകന്‍ രൂപതാനേതൃത്വത്തെ അറിയിച്ചത്രേ. ഇതേത്തുടര്‍ന്ന് ബിഷപ് നിലപാടു മാറ്റിയെന്നും ജോസഫിന്റെ പുനഃപ്രവേശവും വിരമിക്കലും അനിശ്‌ചിതത്വത്തിലായെന്നും സഹപ്രവര്‍ത്തകര്‍ ആരോപിക്കുന്നു." മംഗളം വാർത്തയിൽ നിന്ന്.
ReplyDeleteഇപ്പോൾ പ്രവാചകന്റെ അംഗരക്ഷകന്മാർക്കും വിദ്യാഭ്യാസക്കച്ചവടക്കാരായ മെത്രാനും അയാളുടെ കൂട്ടാളികൾക്കും ഏതാണ്ടൊരു മനോസുഖം തോന്നുന്നുണ്ടായിരിക്കണം - തങ്ങളുടെ ദൌത്യം നിറവേറിയെന്നു ആദ്യത്തെ കൂട്ടർക്കും, തങ്ങളുടെ ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷിക്കപ്പെട്ടെന്ന് കോതമംഗലം മെത്രാനും. ഇത്തരം അനിശ്ചിതത്ത്വങ്ങൾ പൊന്തിവരുമ്പോൾ എന്ത്യേ episcopal collegiality പങ്കുവയ്ക്കുന്ന മറ്റു മെത്രാന്മാരും അവര്ക്ക് മുകളിലും അധികാരം വഹിക്കുന്നെന്നു കരുതി നടക്കുന്ന ആലഞ്ചെരിയുമൊന്നും പക്വമായ നിർദ്ദേശങ്ങൾ നൽകി ബന്ധപ്പെട്ട നടത്തിപ്പുകാരെ സുബുദ്ധിയിലേയ്ക്കു കൊണ്ടുവരാതിരുന്നത്? സേവകരും ശുശ്രൂഷികളുമെന്നു നടിക്കുകയും പരിധിയില്ലാത്ത രീതിയിൽ അധികാരം കൈയാളുകയും ചെയ്യുന്ന ഇത്തരം ദ്രോഹികളാണ് രാഷ്ട്രീയത്തിലെന്നപോലെ മതത്തിന്റെ പരിധികൾക്കപ്പുറത്തും അരാജകത്വം നടമാടാൻ ഇടവരുത്തുന്നത്. മാനുഷികമായ പരിഗണനകളല്ല, പണപരമായ ലാഭനഷ്ടങ്ങൾ മാത്രമാണ് ഇവരുടെ തലയിലുള്ളത്. പക്വതയില്ലാത്തവരുടെ കൈയിൽ അധികാരം എന്നും ഒരു ചൂഷണോപാധിയായിരിക്കും. സച്ചിദാനന്ദൻ എഴുതിയിട്ടുല്ലതുപോലെ, "അലിവില്ലാത്ത അധികാരത്തെ അനാഥത്വത്തിന്റെ ക്രോധംകൊണ്ട് ആഞ്ഞുവെട്ടുക"യായിരുന്നു സലോമി ചെയ്തത് എന്നല്ലാതെ ഇത്തരുണത്തിൽ എന്ത് പറയാൻ!
ഈ പാവം വീട്ടമ്മയുടെ ശവശരിരം , അവരുടെ ഭർത്താവിനെ ക്രുരമായി വെട്ടിയ മത മവ്വ്ലീക വാദികൾക്കും , മാനസികമായും , ഒധ്യോകികമായും പീഡിപിച്ച colleage ഭരണാധികാരികൾക്കും ഭക്ഷണമായി കൊടുക്കുക ... കൊന്നാൽ പാപം തിന്നാൽ തീരുമെല്ലൊ ?
ReplyDeleteഇന്നലെ കാലംചെയ്ത സലോമിയുടെ ദേഹവിയോഗത്തിൽ ദുരന്തദു:ഖം മനസ്സിൽ പേറുന്ന എല്ലാ സുമനസുകളുമേ കേൾക്കൂ...ളോഹയിടുന്ന ഒരുവനും ദയ, കരുണ. മനസാക്ഷി ഇവകളില്ല ! അവർ വെറും മനസുമാത്രം, ചൂഷകന്റെ മനസുമാത്രം ! ഇവരെ തിരിച്ചറിയാൻ നാം ഗീത പഠിച്ചേ തീരൂ ; ഭഗവതമെന്ന ജീവനശാസ്ത്ര പുസ്തകം ഹൃദിസ്തമാക്കുകയും വേണം ! ഇവിടടുത്തു കുന്നിക്കോട്ടു ആറ്റൂർ ദേവീക്ഷേത്രത്തിൽ കഴിഞ്ഞ ഒരാഴ്ച, ശ്രീമത് ഭാഗവത സപ്താഹയന്ജം കേൾക്കുവാൻ ഞാൻ പോയി. സ്വാമി ഉദിത് ചൈതന്യ എന്റെ മനസിന്റെ നൂറായിരം സംശയങ്ങൾക്കു നിവാരണം തന്നു ! ക്രിസ്തുവിനെ കൂടുതൽ തെളിവോടെ ഹൃദയസ്ഥനാക്കി ! കത്തനാർ പാസ്റ്റരെ "goodby...... " ഇതാണു രക്ഷ !
ReplyDelete