Translate

Friday, March 14, 2014

ആനിക്കുഴിയിലോരാന വീണേ

ച്ചേ .. കഷ്ടം! ആനിക്കുഴിക്കാട്ടില്‍ മെത്രാന് ഇതിന്‍റെ ആവശ്യമില്ലായിരുന്നു. ഫ്രാന്‍സിസ് ജോര്‍ജ്ജിനെ സ്ഥാനാര്‍ഥിയാക്കിയില്ലെങ്കില്‍ UDF നെ ഒലത്തുമെന്നും പറഞ്ഞു നടന്ന മെത്രാന്‍റെ പിറകെ നടന്ന കമ്മ്യുണിസ്റ്റ്കാര്‍ക്ക് പോലും നാണം വന്നു, പി.റ്റി. തോമസിന്‍റെ ആട്ടു കേട്ട്. അപ്പോഴും മേത്രാനോര്ത്തത് വിശ്വാസികള്‍ ആനിക്കുഴിക്കാട്ടില്‍ തന്നെ കാണുമെന്ന്. എന്നാലും ഒരു മെത്രാനല്ലെയെന്നോര്‍ത്തു സുധീരന്‍ ഒന്ന് അയഞ്ഞന്നെയുള്ളൂ. അല്ല, കുര്‍ബാന ചൊല്ലുമ്പോള്‍ പോലും പി.റ്റി. തോമസിനെ ഒതുക്കാന്‍ എന്ത് മാര്‍ഗ്ഗമെന്ന് ആലോചിക്കുന്ന ഇയ്യാളെയൊക്കെ മെത്രാനെന്നു എങ്ങിനെ വിളിക്കും? ഈ സമയം അറക്കല്‍ പിതാവ് ഹൈറെഞ്ചിലെ അണക്കരയിലിരുന്ന് ഉള്ളുരുകി പ്രാര്‍ഥിക്കുകയായിരുന്നെന്നാ കേട്ടത്. മോഡിയും വിളിച്ചില്ല, ആം ആദ്മിയും വിളിച്ചില്ല, സുധീരനും വിളിച്ചില്ല.
എന്തു വന്നാലും കൂടെ നില്‍ക്കുന്ന ഭക്തസ്ത്രീകല് ഉള്ളപ്പോള്‍ ആരെ ഭയപ്പെടാന്‍? എങ്കിലും കാണാതായ മലേഷ്യന്‍ വിമാനം കണ്ടുപിടിക്കാന്‍ വട്ടായിക്കോ നായ്ക്കംപറമ്പനോ കഴിയും എന്ന് ഞാന്‍ കരുതി. ഈ മയക്കുവെടി ധ്യാനം വെറും തട്ടിപ്പാണെന്നു പറഞ്ഞു ‘വനിത’ ഒരു ഫീച്ചര്‍ തന്നെ പ്രസിദ്ധീകരിച്ചു, കഴിഞ്ഞ ആഴ്ച. അവരാരാ മക്കള്‍? മോനിക്കായുടെ സ്ഥലം കട്ട സംഭവം ഒരു സ്ത്രീയെകൊണ്ട് ഭണ്ടാരത്തില്‍ സ്വര്‍ണ്ണ മാലയും വളയും ഇടിപ്പിച്ചു നിര്‍ത്തി. ഇട്ട ആള്‍ക്ക് ബോധം വിണപ്പോള്‍ തിരിച്ചു ചോദിച്ചാല്‍ കൊടുക്കേണ്ടതാണെന്നും എഴുതി. വരികള്‍ക്കിടയിലൂടെ വായിക്കാന്‍ സീറോ മലബാര്‍കാര്‍ പഠിച്ചു വരുന്നതേയുള്ളൂ മനോരമേ. വട്ടായി ചെയ്യുന്നതും കൂട്ടായി ചെയ്യുന്നതും എല്ലാം കൂട്ടി, ഇതിലെ ചിത്രങ്ങള്‍ മോഡലുകളെ വെച്ച് എടുത്തതാണെന്ന് പറഞ്ഞ് വാലും തലയുമില്ലാത്ത കുറെ കഥകളും  നിരത്തിയിട്ട് മനോരമ ഒറ്റ വെടി. തൃശ്ശൂര്‍ കത്തിദ്രല്‍ പള്ളിയുടെ മുമ്പില്‍ ജനനം മുതല്‍ മരണം വരെയുള്ള കര്‍മ്മങ്ങളുടെ ഫീസ് നിരക്ക് കാണിച്ചുകൊണ്ടുള്ള ബോര്‍ഡിന്‍റെ ഫോട്ടോ പോലും അവര്‍ ഇട്ടില്ല.
ഏതായാലും താമരശ്ശേരി, ഒരു ജാലിയന്‍വാലാബാഗ് കഴിഞ്ഞപ്പോള്‍ ഒതുങ്ങിയ ലക്ഷണമുണ്ട്. അല്ലായിരുന്നെങ്കില്‍ നികൃഷ്ടജീവിയെന്നത് പോലെ മെത്രാന്മാര്‍ക്ക് പര്യായമായി മറ്റൊരു പദം കൂടി നിഘണ്ടുവില്‍ ഉണ്ടായേനെ.  പാര്‍ട്ടി സെക്രട്ടറിക്ക് അരമനയില്‍ കൊടുത്ത പ്രഭാത വിരുന്ന് ഫലം ചെയ്തില്ല. കുറഞ്ഞൊരു കാലം കൊണ്ട് വിശ്വാസികളെ പശ്ചിമഘട്ടം വികസന സമിതി ഒന്ന്, പശ്ചിമഘട്ടം വികസന സമിതി രണ്ട് എന്ന് തരം തിരിക്കാന്‍ മെത്രാന്മാര്‍ക്ക് കഴിഞ്ഞു. അവസാനം ഇലക്ഷന്‍ വിഷയം മെത്രാന്‍ഘട്ടത്തെപ്പറ്റി ആവുകയും ചെയ്തു. ഇപ്പോഴും വീറും വാശിയും വിടാതെ ഒരു അച്ചന്‍ ഇല്ലെന്നും പറയാന്‍ പറ്റില്ല. ആ അച്ചന്‍റെ വീറും വാശിയും കണ്ടപ്പോള്‍ എനിക്കൊരു സംശയം, എവിടെയോ ഒരു സഹായ മെത്രാന്‍ പദവി ഉരുത്തിരിയുന്നതുപോലെ ഒരു തോന്നല്‍. അച്ചന്മാര്‍ എല്ലാവരും മോശക്കാര്‍ ആണെന്ന് കരുതരുത്. കര്‍ത്താവിന്‍റെതായി ഫെയിസ് ബുക്കില്‍ വന്ന ഒരു ഫോട്ടോ തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുത്തിയവരാണ് അവര്‍. ഏതായാലും മെത്രാന്മാര്‍ ഒരു കാര്യം നേടി, സ്വന്തം വില കുത്തനെ ഇടിക്കാന്‍ ഈ സമരം ഉപകാരപ്പെട്ടു. ആട്ടുമ്മുട്ടന്മാര്‍ ഇടി തുടങ്ങിയപ്പോള്‍ രക്തം കുടിക്കാന്‍ എന്നപോലെ ഇടക്ക് വന്ന ഇന്‍ഫാം പ്രവചിക്കപ്പെട്ടതുപോലെ തന്നെ ജന്മലക്‌ഷ്യം പ്രവര്‍ത്തിയിലൂടെ പരസ്യപ്പെടുത്തി.
അല്ല, ആലഞ്ചേരി പിതാവ് ഒന്ന് വിരമിക്കാന്‍ തീരുമാനിച്ചാലത്തെ സ്ഥിതി ഒന്നാലോചിച്ചു നോക്കിയേ. സഭക്ക് ചെയ്ത സേവനമായി പറയാന്‍ എന്തുണ്ട്? അങ്കമാലിയിലെ നേഴ്സ് സമരം ഒത്തു തീര്‍പ്പാക്കാന്‍ സഹായിച്ചു എന്നൊരു പൊതുനന്മ ചെയ്തിട്ടുണ്ട്. പിന്നത്തെ എല്ലാം ഉപദേശങ്ങളില്‍ ഒതുങ്ങിയതെയുള്ളൂ. ചെയ്തിട്ടുള്ളതില്‍ ഏറെയും വിഡ്ഢിത്തരങ്ങള്‍. ലാളിത്യം പറയുകയും ധാരളിത്വത്ത്വത്തിനു തലവെച്ചു കൊടുക്കുകയും ഒരു പോലെ ചെയ്തിട്ടുള്ള വേറൊരാളെ നമുക്ക് കാണിക്കാന്‍ ഇല്ല. കുടുംബ സര്‍വ്വേ എടുക്കണമെന്ന് മാര്‍പ്പാപ്പാ പറഞ്ഞപ്പോള്‍ ഇവിടുത്തെ വിശ്വാസികളില്‍ ഏറെയും വിദ്യാഭ്യാസം ഇല്ലാത്തവരാണെന്നു മാര്‍പ്പാപ്പയോട് പറഞ്ഞതും ഇവിടുത്തെ മെത്രാന്മാര്‍, ആത്മസ്ഥിതി വിവരം ഒരു ദളിതനെപ്പോലും വിടാതെ എടുത്തതും ഇവിടുത്തെ മെത്രാന്മാര്‍. ഇതിനെല്ലാം ചൂട്ടു പിടിച്ചതും നമ്മുടെ മേജര്‍. 

No comments:

Post a Comment