Translate

Saturday, February 28, 2015

എറണാകുളം സമ്മേളനത്തിൽ കേട്ടത്

കൊച്ചിയില്‍ KCRM ന്‍റെ നേതൃത്വത്തില്‍ 2015 ഫെബ്രുവരി 28ന് നടന്ന  കത്തോലിക്കാസഭാ 
 മുന്‍ സന്ന്യസ്തരുടെയും വൈദികരുടെയും 
ദേശീയ സമ്മേളനത്തിൽ കേട്ടത് 



"വടക്കോട്ട്‌ പോകുന്ന വണ്ടിയിൽ കയറാനുള്ളയാൾ അറിയാതെ തെക്കോട്ട്‌ പോകുന്ന വണ്ടിയിൽ കയറിയിട്ട് തെറ്റ് മനസ്സിലായപ്പോൾ വണ്ടിയുടെ ഇടനാഴിയിലൂടെ വടക്കോട്ട്‌ ഓടുന്നതുപോലെയുള്ള പാഴ് വേലയാണ്  സന്യാസജീവിതം മടുത്തവർ സഭക്കുള്ളിൽ അനുഭവിക്കുന്നത്." ശ്രീ മാണി പറമ്പേട്ട്


"ദൈവമുണ്ടോ എന്ന ചോദ്യം പോലും അനുവദനീയമാകുമ്പോൾ മാത്രമേ സഭയിൽ വ്യക്തിസ്വാതന്ത്ര്യം ഉണ്ടെന്നു പറയാനൊക്കൂ. അന്ധമായ വിശ്വാസത്തിലും അനുസരണയിലും ഉറപ്പിച്ചതാണ് സഭയുടെ അസ്ഥിവാരമെങ്കിൽ അത് ബലഹീനമാണ്.
ഈ മീറ്റിങ്ങിന്റെ ഉദ്ദേശ്യങ്ങളിൽ ഒന്ന് - സഭയിൽ പുനർചിന്തനത്തിനുള്ള പ്രേരണയാകുക; രണ്ട്  - നമ്മൾ ചര്ച്ച ചെയ്യുന്ന പ്രശ്നത്തെക്കുറിച്ച് സമൂഹത്തെ ബോധവത്ക്കരിക്കുക.
അധർമത്തിന്റെ പക്ഷത്തുനിന്നുകൊണ്ട് ജയിക്കുന്നതിലും എത്രയോ വലിയ നേട്ടമാണ് ധർമത്തിന്റെ പക്ഷത്തു നിന്നുകൊണ്ട് തോല്ക്കുന്നത് എന്നല്ലേ ശ്രീ നാരായണഗുരു പറഞ്ഞിട്ടുള്ളത്. " ഡോ കെ.പി. മത്തായി

" പോയവരും നില്ക്കുന്നവരും ഒരേ ലക്ഷ്യത്തിനായി നിലകൊള്ളുന്നു - യേശുവിന്റെ സന്ദേശത്തിന്റെ വാഹകരാകുക." -  ഫാ. ജോണ്‍ കൊച്ചുമുട്ടം

I'm in my eighties. I'm still a questioning, doubting and searching atheist. The only thing I know now is (like Socrates) that I don't know anything. Dr. James Kottoor

"I've no bitterness against consecrated life. I only seek justice from my Order, from the society and from the Pope. I want to go back to my convent." Sr. Anitha (who had been recently deported from her convent in Italy and was rejected by her own congregation in India.)

KCRM കൊച്ചി സമ്മേളനം ചരിത്രത്തിന്‍റെ നിറുകയില്‍ !!!


കൊച്ചിയില്‍ KCRM ന്‍റെ നേതൃത്വത്തില്‍ 2015 ഫെബ്രുവരി 28ന് നടന്ന  മുന്‍ കത്തോലിക്കാ സഭാ സന്ന്യസ്ഥരുടെ ദേശീയ സമ്മേളനത്തിന് തിരി തെളിയുന്നു.



വിദേശങ്ങളില്‍ നിന്നും ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുമായി അനേകര്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു.

വിശദമായ റിപ്പോര്‍ട്ടും കൂടുതല്‍ ചിത്രങ്ങളും വരും ദിവസങ്ങളില്‍ 

Friday, February 27, 2015

കേരളത്തിലെ മെത്രാന്മാർ ഇഷ്ടപ്പെടാത്ത വചനങ്ങൾ

അല്മായശബ്ദം: നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍


നാളെ നടത്തപ്പെടുന്ന മുൻ സന്ന്യസ്തരുടെ സമ്മേളനത്തിൻറെ പശ്ചാത്തലത്തിലാണ് പഴയൊരു പോസ്റ്റും കമന്റുകളും
 പുനപ്രസിദ്ധീ കരിക്കുന്നത്

നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍


സ്ത്രീ വിവേചനത്തെപ്പറ്റി KCRM-ന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട സെമിനാറില്‍ നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള രണ്ടു പ്രശ്‌നങ്ങള്‍ അവതരിപ്പിക്കപ്പെടുകയുണ്ടായി. ഒന്ന്: വേണ്ടതിലേറെ സ്വത്തുണ്ടായിട്ടും മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ വാര്‍ധക്യത്തില്‍ അനുഭവിക്കേണ്ടിവരുന്ന അനാഥാവസ്ഥയും അതിനെ ചൂഷണം ചെയ്ത് സ്വത്തു കൈക്കലാക്കാന്‍ ചിലര്‍ നടത്തിക്കൊണ്ടിരിക്കുന്ന കുത്സിതശ്രമങ്ങളും. രണ്ട്: വീട്ടിലെ സാമ്പത്തികബുദ്ധിമുട്ടുകള്‍ മനസ്സിലാക്കി മഠങ്ങളിലെത്തിയിട്ടുള്ളവര്‍ക്ക് എത്ര ആഗ്രഹമുണ്ടെങ്കിലും അവിടെനിന്നു പുറത്തുവരാന്‍ അനുവദിക്കാത്ത നമ്മുടെ മനോഭാവം. ഈ പ്രശ്‌നങ്ങള്‍ക്കുള്ള മൂലകാരണമെന്തെന്നും ക്രിസ്തീയപരിഹാരമെന്തെന്നും മനസ്സിലാക്കി സൃഷ്ടിപരമായ ഒരു കര്‍മ്മപരിപാടി അടിയന്തിരമായി ആവിഷ്‌കരിക്കേണ്ടതുണ്ട് എന്നാണ് എന്റെ അഭിപ്രായം.


ഇത്തരുണത്തില്‍ രണ്ടു ചോദ്യങ്ങള്‍ വളരെ പ്രസക്തമാണ്. എന്താണ് ക്രിസ്തീയത? ഈ പ്രശ്‌നങ്ങള്‍ക്കുള്ള ക്രിസ്തീയപരിഹാരം എന്താണ്?


അസഹിഷ്ണുവും പ്രതികാരദാഹിയുമായ യാഹ്‌വേയുടെ സ്ഥാനത്ത് ദുഷ്ടര്‍ക്കും ശിഷ്ടര്‍ക്കും ഒരുപോലെ മഴനല്കുന്ന, മനുഷ്യര്‍ അജ്ഞതമൂലം ചെയ്യുന്ന, തെറ്റുകളെല്ലാം നിരുപാധികം പൊറുക്കുന്ന, പിതാവായ ദൈവത്തെ പ്രതിഷ്ഠിക്കുകയായിരുന്നു യേശു ചെയ്തത്. ഒപ്പം ജാതിമതഭേദമെന്യേ എല്ലാ മനുഷ്യര്‍ക്കും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന രണ്ടു പ്രമാണങ്ങളില്‍ പത്തു പ്രമാണങ്ങളെ സംഗ്രഹിക്കുകയും ചെയ്തു. ദൈവപരിപാലനയില്‍ വിശ്വാസമര്‍പ്പിക്കുക എന്നും തന്നെപ്പോലെ തന്റെ അയല്‍ക്കാരനെ സ്‌നേഹിക്കുക എന്നുമുള്ള യേശുവിന്റെ അടിസ്ഥാന വിശ്വാസപ്രമാണത്തിന് അദ്ദേഹത്തിന്റെ പേരില്‍ ഉള്ള സഭകളൊന്നുംതന്നെ ഊന്നല്‍ കൊടുക്കുന്നതായി നാം കാണുന്നില്ല. നാം മറക്കരുതാത്തത് ഇതു മാത്രമാണ്: മുകളില്‍ പറഞ്ഞതുള്‍പ്പെടെ ലോകത്തിലുള്ള സകല പ്രശ്‌നങ്ങളുടെയും മൂലകാരണം ഈ യഥാര്‍ഥ ക്രിസ്തീയതയുടെ അഭാവമാണ്. ഈ ക്രിസ്തീയത ഉള്‍ക്കൊള്ളാനായാല്‍ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള ക്രിസ്തീയപരിഹാരം അനായാസം കണ്ടെത്താനാവും.


(വര്‍ഷങ്ങള്‍ക്കുമുമ്പ് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടപ്പിലാക്കിയിരുന്ന ബാലോല്‍സവങ്ങളിലെ സഹവാസ ക്യാമ്പുകള്‍ ഓര്‍മ്മവരുന്നു. ഒരു ഗ്രാമത്തിലെ കുറെ കുട്ടികള്‍ മറ്റൊരു ഗ്രാമത്തിലെ കുറെ കുട്ടികളെ സ്വന്തം വീടുകളില്‍ അതിഥികളായി സ്വീകരിച്ചുകൊണ്ടു നടത്തിയിരുന്ന ആ പരിശീലന പരിപാടികള്‍ ഉളവാക്കിയ സാംസ്‌കാരികോദ്ഗ്രഥനംഅതില്‍ പങ്കെടുത്തിട്ടുള്ളവര്‍ക്കാര്‍ക്കും വിസ്മരിക്കാനാവുമെന്നു തോന്നുന്നില്ല. അതിനു സമാനമായ അനുഭവമായിരിക്കും താഴെപ്പറയുന്നതുപോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ക്കുണ്ടാവുക.)

ആദ്യം പറഞ്ഞ രണ്ടു പ്രശ്‌നങ്ങളും നമുക്കൊന്നു കൂട്ടിവായിച്ചു നോക്കാം. മക്കളുടെ ശുശ്രൂഷയും പരിചരണവും തീവ്രമായി ആഗ്രഹിക്കുന്ന മക്കളില്ലാത്ത വൃദ്ധദമ്പതികള്‍ക്ക് മഠം വിടാനാഗ്രഹിക്കുന്ന കന്യാസ്ത്രീകളെ ദത്തെടുത്തുകൂടേ? മാതാപിതാക്കളൊന്നും കൂടെയില്ലാതെ വലിയ വീടുകളില്‍ താമസിക്കുന്ന യുവാക്കളോ മധ്യവയ്‌സ്‌കരോ ആയ ദമ്പതികള്‍ക്ക് സ്വന്തം വീടുകളിലേക്ക് അനാഥാവസ്ഥയിലുള്ള വൃദ്ധദമ്പതികളെ ദത്തെടുത്തുകൂടേ? വൃദ്ധരുമായുള്ള സഹവാസം വഴി അവരുടെ മക്കള്‍ക്ക് എന്തെന്തു സാംസ്‌കാരികപൈതൃകങ്ങളാണ് ലഭ്യമാകാനിടയുള്ളത്? ഇങ്ങനെയൊന്നും ചിന്തിക്കാന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്? യഥാര്‍ഥമായ ക്രിസ്തീയത പ്രചരിപ്പിക്കാന്‍ ഇങ്ങനെയുള്ള കൂട്ടായ്മകള്‍ക്കു സാധിക്കുന്നതുപോലെ മറ്റൊന്നിനും സാധിക്കുകയില്ല എന്നതല്ലേ വസ്തുത?

4 comments:

  1. "ഇങ്ങനെയൊന്നും ചിന്തിക്കാന്‍ നമുക്ക് എന്തുകൊണ്ടാണ് കഴിയാത്തത്?"

    ചിന്തിക്കാന്‍ കഴിയും, എന്നാല്‍ അതിനനുസരണം പ്രവര്‍ത്തിക്കാനാണ് കഴിയാത്തത്. നമ്മുടെ നാട്ടില്‍ എന്തെങ്കിലും നടക്കണമെങ്കില്‍ ഒരു ദുരന്തം അനിവാര്യമാണെന്ന ശൈലിക്ക് ഒരു മാറ്റം പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന് ഒരു ഫലിതസാമ്രാട്ട് കൊടുത്ത ഉത്തരം ഇങ്ങനെ: പ്രതീക്ഷിക്കാം. നടക്കുന്നതെല്ലാം ദുരന്തം മാത്രമാകാം. നമ്മുടെ നാട്ടില്‍ എന്നിടത്തു കത്തോലിക്കാ സഭ എന്ന് മാറ്റിപ്പറഞ്ഞാലും അതില്‍ കാര്യമുണ്ട് എന്ന് അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. വന്നു വന്ന് രാജ്യത്ത് ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടത്തുന്നത് അധികാരശ്രേണിയുടെ തലപ്പത്തുള്ളവരാണെന്നതുപോലെ തന്നെയല്ലേ സഭയിലെ ഇപ്പോഴത്തെ സ്ഥിതിയും?

    എന്നുവച്ച്, ഒന്നും സാദ്ധ്യമല്ലെന്നാണോ? ഒരിക്കലുമല്ല. ആരോരുമില്ലാത്ത വൃദ്ധരെ പരിപാലിക്കാന്‍ മഠം വിട്ടുപോരാന്‍ ആഗ്രഹിക്കുന്ന സ്ത്രീകളെ സജ്ജമാക്കുന്ന ഒരു പദ്ധതി ചിന്തനീയമാണ്. അതിനായി സ്ഥലവും പണവും നല്‍കാന്‍ ആളുണ്ടാവുകയും പഞ്ചായത്തുകള്‍ ഇക്കാര്യത്തില്‍ സജീവമാകുകയും ചെയ്യുമെങ്കില്‍ വളരെയധികം ആളുകളുടെ ജീവിതം സുരക്ഷിതവും അര്‍ത്ഥവത്തുമാക്കാന്‍ കെ.സി.ആര്‍.എം. പോലുള്ള ഒരു ചെറിയ പ്രസ്ഥാനത്തിനു പോലും ഒരു തുടക്കം കുറിക്കാം. ഈ ശുഭപ്രതീക്ഷ കെട്ടണഞ്ഞു പോകാതിരിക്കട്ടെ.

  2. പൂച്ചക്കാര് മണികെട്ടും
    ശ്രീ.ജോസാന്റണിയുടെ ചിന്തകളെ ക്രിയാത്മകം എന്നുതന്നെ വിശേഷിപ്പിക്കാന്‍ സന്തോഷമുണ്ട്. 'ചൊല്ലിക്കൊട്,തല്ലിക്കൊട്,തള്ളിക്കള' എന്ന പ്രമാണം അനുസരിച്ച് കുറച്ചുകാലമായി അത്മായശബ്ദത്തിലൂടെ, ഇന്ന് നടമാടുന്ന നിരവധി അപ്രിയ സത്യങ്ങള്‍ വെളിപ്പെടുത്തുകയുണ്ടായി. വളരെപ്പേര്‍ അവ മനസ്സിലാക്കുകയും പ്രതികരിക്കുകയും ചെയ്തു. അധികമായാല്‍ അമൃത് പോലും വിഷമായി ഭവിക്കും എന്നാണല്ലോ. അതുകൊണ്ട് രണ്ടാം ഘട്ടത്തിലേക്ക് പ്രവേശിക്കാനുള്ള ഒരാഹ്വാനം പോലെ ജോസാന്റണിയുടെ ചിന്തകളെ കാണണം.
    'തല്ലിക്കൊട് 'എന്നാല്‍ ക്രിയാത്മക മാതൃക എന്ന് മനസ്സിലാക്കിയാല്‍ ഈ നൂതന ചിന്തകള്‍ നമ്മുടെ തലയിലും കൂടുകൂട്ടും. വെറുതെയിരുന്ന് കുറ്റം പറയുന്നതുപോലെ എളുപ്പമല്ല ഇത്തരം കാര്യങ്ങല്‍ നടപ്പാക്കുന്നത്.
    സമൂഹത്തില്‍ ദൂരവ്യാപകമായ അനുരണനങ്ങള്‍ സൃഷ്ടിക്കാവുന്ന ഇത്തരം സംരംഭങ്ങളുടെ പ്രയോക്താക്കളായി മാറാന്‍ KCRM ന് കഴിയട്ടെ
  3. In my panchaayath, I'm ready to give the needed land for a building for this purpose,when the auspicious time arrives. Until then I'd prefer to remain anonymous.
  4. എനിക്കു മനസ്സിലായിടത്തോളം ജോസാന്റണിയുടെ കുറിപ്പ് നല്ല ക്രിസ്ത്യാനികള്‍ക്ക് വ്യക്തിതലത്തില്‍ ഏറ്റെടുത്തു ചെയ്യാവുന്ന ചില കാര്യങ്ങളെപ്പറ്റിയായിരുന്നു. അതിനെ സംഘടനാതലത്തില്‍ ഏറ്റെടുത്തു നടപ്പിലാക്കേണ്ട പ്രശ്‌നപരിഹാരമായി കണ്ടു നടത്തിയ കമന്റുകള്‍ തെറ്റിദ്ധാരണാജനകമല്ലേ? കരിസ്മാറ്റിക് ധ്യാനങ്ങളുടെ സ്വാധീനത്തില്‍ വ്യക്തിപരമായി ദരിദ്രരും അവഗണിതരുമായ മാറാരോഗികളെയോ മനോരോഗികളെയോ സ്വന്തം വീട്ടില്‍ പാര്‍പ്പിച്ചുകൊണ്ട് അനേകം അല്മായര്‍ ശുശ്രൂഷാമനോഭാവത്തോടെ തുടങ്ങിയ നിരവധി സംരംഭങ്ങള്‍ കേരളത്തിലിന്നുണ്ട്. പാലായിലെ മരിയസദന്‍ ഒരു ഉത്തമോദാഹരണമാണ്. അതിനെക്കാള്‍ പരസ്പരസഹായ സ്വഭാവമുള്ളതും സഹാനുഭൂതിയും നീതിബോധവും ഉള്ള ആര്‍ക്കും അനായാസം നടപ്പിലാക്കാവുന്നതുമായ ഒരു സംരംഭമാണ് ജോസാന്റണി വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തില്‍ ഇന്ന് എത്രയോ വീടുകള്‍ മക്കള്‍ വിദേശത്തായതിനാല്‍ അടച്ചു പൂട്ടപ്പെട്ടും തങ്ങളര്‍ഹിക്കുന്ന ശുശ്രൂഷ കിട്ടാതെ കഴിയുന്ന വൃദ്ധദമ്പതികള്‍ മാത്രം താമസിക്കുന്ന നിലയിലുമുണ്ടെന്ന് കണ്ണു തുറന്നു നോക്കിയാല്‍ ആര്‍ക്കും കാണാനാവും. പല വീടുകളിലെയും വൃദ്ധമാതാപിതാക്കള്‍ നിവൃത്തികേടിന്റെ പേരില്‍ മാത്രം വിദേശങ്ങളില്‍, അവിടുത്തെ കാലാവസ്ഥയും സാംസ്‌കാരികപശ്ചാത്തലവും ഒന്നും ഉള്‍ക്കൊള്ളാനാവാതെയാണ് കഴിയുന്നത്. ഇതെല്ലാം വലിയ ഗവേഷണമൊന്നും നടത്താതെതന്നെ നമുക്കു മനസ്സിലാക്കാന്‍ കഴിയും. ഇതിന്റെയെല്ലാം കാരണം യേശു സംഗ്രഹിച്ചു പറഞ്ഞ രണ്ടു കല്പനകള്‍ ഗ്രഹിക്കാന്‍ ഇവിടുത്തെ ക്രിസ്തീയനാമധാരികള്‍ക്കൊന്നും കഴിയാത്തതാണെന്ന് എത്ര വ്യക്തമായാണ് ജോസാന്റണി എഴുതിയിരിക്കുന്നത്. ഇതൊക്കെ കണ്ടിട്ടും കാണാതെയും കേട്ടിട്ടും കേള്‍ക്കാതെയും പോകുന്നതിനെയും അക്രൈസ്തവത്വം എന്നല്ലേ വിളിക്കേണ്ടത്?

Thursday, February 26, 2015

ക്രൈസ്തവര്‍ക്ക് നേരെ കൂടുതല്‍ കൈയ്യേറ്റങ്ങള്‍!

ജയ്പ്പൂരില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത ക്രൈസ്തവരെ പൊലീസും ജനങ്ങളും ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിച്ചു - കൂടുതല്‍ വായിക്കുക 

മാഗ്ലൂര്‍ ഉള്‍പ്പെടെ മൂന്നിടങ്ങളില്‍ കൂടി ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ക്ക് നേരെ ആക്രമണം - കൂടുതല്‍ വായിക്കുക

പത്തനംതിട്ടയില്‍ പള്ളി സെമിത്തേരി അക്രമികള്‍ തകര്‍ത്തു - കൂടുതല്‍ വായിക്കുക 

എല്ലാ സഭാ സംബന്ധമായ വാര്‍ത്തകളും ഒരിടത്ത് - Church Citizens' Voice 

മഠത്തിൽനിന്നു മടങ്ങിയ 'മറിയ'മാർ !

സന്ന്യാസം വിട്ട നിരവധിയാളുകള്‍ അവരുടെ പരിദേവനങ്ങള്‍ അല്മായാശബ്ദത്തിന് അയച്ചു തന്നിട്ടുണ്ട്. ഹൃദയഭേദകമായ സഹനത്തിന്റെ കഥകളാണ് മിക്കതും.  അതില്‍ ഒരെണ്ണം കൂടി ഞങ്ങള്‍ ഇവിടെയിപ്പോള്‍ പ്രസിദ്ധീകരിക്കുന്നു. ബാക്കിയുള്ളവ, കൊച്ചി സമ്മേളനത്തിന് ശേഷം ഒന്നൊന്നായി ഈ ബ്ലോഗ്ഗില്‍ വരും. സന്ന്യാസം വിട്ട നിരപരാധികളായ മനുഷ്യര്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീറുന്ന  പ്രശ്നങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയും കൊച്ചി സമ്മേളനം എത്രമേല്‍ അത്യാവശ്യമാണെന്ന് സഹസഭാംഗങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഏതാനും ചില കുറിപ്പുകള്‍ ഈ അവസരത്തില്‍ പ്രസിദ്ധീകരിച്ചത്. 

സഭാധികാരികളുടെ സഹകരണത്തോടെ ഇവരുടെയെല്ലാം പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പരിഹരിക്കപ്പെടണം എന്നതാണ് KCRM ന്‍റെ നിലപാടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു -എഡിറ്റര്‍ 

സിസ്റ്റർ മരിയാ തോമസ്

'മൊട്ടേച്ചി മഠംചാടി, അറിഞ്ഞില്ലേ?' 'കത്തനാരുടെകൂടെ ഒളിച്ചോടിയതാകും.'

 മഠത്തിൽനിന്നു തിരിച്ചുപോരേണ്ടിവരുന്നവർക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലഭിക്കുന്ന സ്വീകരണവും പ്രതികരണവും മേൽപറഞ്ഞതിലും മ്ലേച്ഛമായ ഭാഷയിലാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ലോകത്തിന് ഏറ്റവും അധികം കന്യാസ്ത്രീകളെ 'സംഭാവന' ചെയ്യുന്ന കൊച്ചുകേരളത്തിൽ, അവരിൽ ഒരാൾക്കു മഠം വിട്ടു പോരേണ്ട സാഹചര്യമുണ്ടായാൽ, ലോകത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത അവജ്ഞയും തിരസ്‌കാരവും ഏറ്റുവാങ്ങേണ്ടിവരുന്നു. അതിനാൽ, ഇവരിൽ അധികംപേർക്കും മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ അഭയം പ്രാപിക്കേണ്ടിവരുന്നു. ‘Ex-nuns belong to none’ എന്ന അനുഭവം ഇവർക്കെല്ലാവർക്കും നേരിടേണ്ടിവരുന്നു. ഇത് ആഴമായ പഠനവും പരിഹാരവും അർഹിക്കുന്ന ഒരു മാനുഷികപ്രശ്‌നമാണ്. 

ഇത്തരുണത്തിൽ, മുഖ്യമായും പുരുഷന്മാരുടെ നേതൃത്വത്തിലുള്ള കെ.സി.ആർ.എം. എന്ന പ്രസ്ഥാനം, തമ്മിൽ ബന്ധമില്ലാതെ ചിതറിക്കപ്പെട്ടുപോയ ഈ അസംഘടിതജനവിഭാഗത്തിന്റെ ദാരുണസ്ഥിതി ഗൗരവപൂർവ്വം കണ്ടറിഞ്ഞ് അവരെ ഒന്നിച്ചുകൂട്ടുവാൻ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നു എന്നതിൽ വലുതായ സന്തോഷമുണ്ട്. അതു തീർച്ചയായും, തിരിച്ചുവരുന്ന വൈദികരോടും കന്യാസ്ത്രീകളോടും ജനങ്ങൾക്കിപ്പോഴുള്ള നിഷേധാത്മക മനോഭാവത്തിലും അവരോടുള്ള പെരുമാറ്റത്തിലും ഒരു മാറ്റത്തിനു നാന്ദികുറിക്കും. തിരിച്ചുവരുന്നവരുടെ ഉലയുന്ന ജീവിതത്തെ പിടിച്ചുനിർത്താൻ അത് ഒരു ആലംബമാകുകയും ചെയ്യും. അവഗണനമൂലം ഒറ്റപ്പെട്ടും ക്ലേശിച്ചും ജീവിക്കുന്നതുകൊണ്ടാകാം, ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ആ  വിഭാഗത്തിൽപ്പെട്ട ആർക്കും ഇതുവരെ ചിന്തിക്കാൻ കഴിയാതെ പോയത്.  അതുകൊണ്ടുതന്നെ അവർക്കെല്ലാംവേണ്ടി ഇങ്ങനെയൊരു സംരംഭത്തിനു തയ്യാറായ കെ.സി.ആർ.എം. എന്ന പ്രസ്ഥാനത്തിനും അതിന്റെ സാരഥികൾക്കും ഞാൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കത്തോലിക്കാ പെൺകുട്ടികൾ 18 വയസ്സെങ്കിലും ആയിട്ടേ കന്യാസ്ത്രീമഠത്തിൽ ചേരാവൂ എന്നൊരു നിർദ്ദേശം വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയിരുന്ന ജസ്റ്റീസ് ഡി ശ്രീദേവി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഞങ്ങളിലേറെപ്പേരും 15-ാം വയസ്സിൽ മഠത്തിൽ ചേർന്നവരാണ്. ദൈവവിളി ക്യാമ്പിലെ വാഗ്ദാനങ്ങൾക്കുമുമ്പിൽ, 10-ഉം 12-ഉം വരെ മക്കളുള്ള, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ പെൺകുട്ടികളും ആൺകുട്ടികളും വീണുപോകുന്നതിൽ അത്ഭുതമില്ലായിരുന്നു. 'ക്രിസ്തുവിന്റെ മണവാട്ടി', 'യേശുവിന്റെ പ്രതിനിധി' എന്നിങ്ങനെ ദിവ്യപരിവേഷംചാർത്തിയ വിശേഷണങ്ങളും എഴുന്നള്ളിപ്പുകളും അവർക്ക് പ്രചോദനമായിരുന്നു. പക്ഷേ, തിരിച്ചറിവു വന്നപ്പോഴേക്കും അവരുടെ നല്ല പ്രായം മഠത്തിലും സെമിനാരിയിലുമായി കൊഴിഞ്ഞുപോയിരുന്നു. അമ്മയാകാതെ 'മദർ' ആയും, എല്ലാവർക്കും 'സിസ്റ്റർ' ആയും അച്ഛനാകാതെ 'അച്ച'നും 'ഫാദറും' ആയും മാറേണ്ടിവന്നവരുടെ കദനകഥ പുറംലോകത്തെ അറിയിക്കാനുള്ള സാഹചര്യം കുറവാണെന്നുമാത്രം; പ്രത്യേകിച്ച് കന്യാസ്ത്രീകൾക്ക്. മഠങ്ങളുടെ വാട്ടർടാങ്കുകളിൽ കാണപ്പെടുന്ന മൃതദേഹങ്ങളും ആത്മഹത്യാക്കുറിപ്പില്ലാത്ത കന്യാസ്ത്രീ ആത്മഹത്യകളുമെല്ലാം അതിനുള്ളിൽ വീർപ്പുമുട്ടി കഴിഞ്ഞവരുടേതുതന്നെ. 

വ്രതവാഗ്ദാനം (നിത്യവ്രതം) കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴെങ്കിലും ജീവിതത്തിന് എന്താണ് അർത്ഥമെന്ന് ഒരിക്കലെങ്കിലും ചോദിക്കാത്തവർ ഉണ്ടാകാറില്ല. മനുഷ്യസഹജമായ ശാരീരിക-മാനസിക വാസനകളെയും ഉണർവ്വുകളെയും മരവിപ്പിച്ചു തളർത്തിയിടുന്നതിലൂടെ എന്തർത്ഥമാണു ജീവിതത്തിനു കൈവരുക? അത് ജീവിതത്തിനർത്ഥം നൽകേണ്ട മനുഷ്യന്റെ സൃഷ്ട്യുന്മുഖതയെത്തന്നെ ഇല്ലായ്മ ചെയ്യുകയല്ലേ ചെയ്യുന്നത്? മറ്റാരൊക്കെയോ ഉണ്ടാക്കിവച്ച സഭാനിയമങ്ങൾക്കും ചട്ടങ്ങൾക്കുമനുസരിച്ചു ചലിക്കുന്ന പാവയായി ജീവിക്കുകയെന്നാൽ, ജീവിതത്തിന് അർത്ഥം നൽകാനുള്ള എല്ലാ സാധ്യതകളും ചോർന്നുപോകുകയാണ്. അതുകൊണ്ട്, എത്ര കഠിനമായ ക്ലേശങ്ങൾ സഹിക്കേണ്ടിവരുമ്പോഴും, എത്ര തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമ്പോഴും, തിരിച്ചുപോന്നതിന്റെ പേരിൽ ആരും പരിതപിക്കുന്നുണ്ടാവില്ല. എങ്കിലും, ക്ലേശങ്ങൾ ക്ലേശങ്ങൾതന്നെ; തിരസ്‌കാരം തിരസ്‌കാരംതന്നെ; അതിന്റെ വേദനയും വേദനതന്നെ. മനുഷ്യർ കണ്ണു തുറന്ന് അനുഭാവപൂർവ്വം ~ഒന്നുനോക്കാൻ തയ്യാറായാൽ; കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറായാൽ, ഈ വേദന ഒഴിവാക്കാനാകും.

മഠം വിട്ടുപോരുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ പട്ടം ഉപേക്ഷിച്ചുപോരുന്ന പുരുഷന്മാരുടേതിനേക്കാൾ ദയനീയമാണെന്നു പറയാം. മിക്കവർക്കും ഒരു ജോലി ലഭിക്കാനാവശ്യമായ വിദ്യാഭ്യാസയോഗ്യത ഉണ്ടാവില്ല. അതുകൊണ്ട് പുറത്തുവരുന്നവർക്ക് ഒരു വരുമാനമാർഗ്ഗം കണ്ടെത്താനാകാതെ വലയേണ്ടിവരുന്നു. സ്ത്രീസഹജമായ പരിമിതികൾമൂലം ജോലി തേടി അലയാൻ അവർക്കെളുപ്പവുമല്ല. പലരും മഠം വിട്ടുപോരാത്തതിനുള്ള പ്രധാന കാരണവും മറ്റൊന്നല്ല. തിരിച്ചുവരുന്ന വൈദികരെക്കാൾ, തിരിച്ചുവരുന്ന കന്യാസ്ത്രീകൾ സ്വന്തം വീട്ടിൽ തിരസ്‌കരിക്കപ്പെടുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇക്കാലത്ത് വൈദികർക്കും കുടുംബസ്വത്തിന്റെ ഒരു ഓഹരി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ, കന്യാസ്ത്രീകളാകുന്ന കുടുംബാംഗത്തിനുവേണ്ടി അങ്ങനെയൊരു പതിവില്ല. പത്രമേനി സ്ത്രീധനംപോലെ കണക്കാക്കി, കുടുംബത്തിൽനിന്നുള്ള എല്ലാ അവകാശങ്ങളിൽനിന്നും അവരെ മാറ്റിനിർത്തുകയാണ്. അല്ലെങ്കിൽത്തന്നെ, മാർത്തോമ്മാ ക്രിസ്ത്യാനിക്കുടുംബങ്ങളുടെ സൽപ്പേരിനും കുലീനതയ്ക്കും കോട്ടം വരുത്തുന്നവരെന്ന നിലയിലാണ് തിരിച്ചുവരുന്ന കന്യാസ്ത്രീകളെ മറ്റു കുടുംബാംഗങ്ങൾ കാണുന്നത്.  അതു വലിയ ഒതപ്പാണത്രെ! അരമനക്കോടതികളിലും കുടുംബക്കോടതികളിലും എത്തുന്ന വിവാഹമോചനക്കേസുകളും സഭയ്ക്കുള്ളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളും അധികാരമോഹംകൊണ്ടുള്ള സഭയിലെ രാഷ്ട്രീയക്കളികളുമൊന്നും ഈ ഒതപ്പിൽപ്പെടില്ല പോലും!

മറ്റൊന്ന്, തിരിച്ചുവരുന്ന വൈദികന് ഒരു ഇണയെ കണ്ടെത്താനായില്ലെങ്കിൽത്തന്നെ, ഒറ്റയ്ക്കു സ്വതന്ത്രജീവിതം നയിക്കാൻ തിരിച്ചുവരുന്ന ഒരു കന്യാസ്ത്രീയെക്കാൾ എളുപ്പമാണ് എന്നതാണ്. ഇന്നത്തെ ഭാരതസമൂഹത്തിൽ ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പുരുഷതുണയില്ലാതെ ജീവിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, തിരിച്ചുവരുന്ന കന്യാസ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മുൻവിധിമൂലം, അവർക്ക് ഒരു ഇണയെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണിപ്പോൾ. തിരിച്ചുവരുന്ന വൈദികർക്ക് അത്രയും സ്വീകാര്യതക്കുറവില്ല. ചുരുക്കത്തിൽ, സ്ത്രീ എന്ന നിലയിലും 'മഠംചാടി' എന്ന നിലയിലുമുള്ള ഇരട്ടഭാരമാണ്, തിരിച്ചുവരുന്ന ഒരു കന്യാസ്ത്രീ ചുമക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യമെന്ന മൂല്യത്തിനായി എന്തും സഹിക്കാൻ തയ്യാറാകുന്ന വളരെ കുറച്ചു ധൈര്യശാലികൾക്കുമാത്രമേ മഠംവിട്ടുപുറത്തുവരാൻ കഴിയുന്നുള്ളൂ. സ്വാതന്ത്ര്യം കാംക്ഷിക്കുകയും സാധാരണ ജീവിതം കൊതിക്കുകയും ചെയ്യുന്ന വളരെയേറെ കന്യാസ്ത്രീകളെ ഈ ലേഖികയ്ക്കുതന്നെ നേരിട്ടറിയാം. അവരെല്ലാം ബുദ്ധിമുട്ടുകളോർത്തും ധൈര്യക്കുറവുകൊണ്ടും, 'നല്ലപ്രായം കഴിഞ്ഞു, ഇനി ഇങ്ങനെയെങ്കിലുമങ്ങു കഴിച്ചുകൂട്ടിയാൽമതി' എന്നു തീരുമാനിച്ച് സഹിച്ചു ജീവിക്കുന്നു. അല്പമെങ്കിലും അനുകൂലസാഹചര്യമുണ്ടായിരുന്നെങ്കിൽ, അവരിലേറെയും മഠംവിട്ടു പുറത്തുവന്നേനെ, സ്വതന്ത്രവായു ശ്വസിച്ചേനെ.

കത്തോലിക്കാസഭയിലും സമൂഹത്തിലും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും, ഇവരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം വരേണ്ടതുണ്ട്; വരുത്തേണ്ടതുണ്ട്. മാറ്റം സംഭവിക്കുന്നില്ലെങ്കിൽ, മഠങ്ങൾക്കുള്ളിൽ ഇനിയും ലൈംഗികാതിക്രമങ്ങളും 'അഭയ'കളും ആത്മഹത്യകളും അനാഥഗർഭങ്ങളും ഗർഭച്ഛിദ്രങ്ങളും വർദ്ധിക്കുകയേയുള്ളൂ. 

ഫ്രാൻസീസ് മാർപാപ്പാ സ്ഥാനമേറ്റതുമുതൽ മാറ്റത്തിന്റേതായ ഒരു കാറ്റു വീശിത്തുടങ്ങിയിരിക്കുന്നതായി നാമെല്ലാം കാണുന്നു. അങ്ങേയറ്റം ഉദാരവും പുരോഗമനപരവുമായ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും, തിരിച്ചുവരുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും പ്രശ്‌നത്തിലും നമുക്കു പ്രത്യാശ നൽകാൻ പോരുന്നതാണെന്നു തോന്നുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സത്വരശ്രദ്ധയിൽകൊണ്ടുവരാൻ, മാറ്റം ആഗ്രഹിക്കുന്ന നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ഫെബ്രു.28-ലെ സമ്മേളനം ആ ദിശയിലുള്ള ഒരു പ്രവർത്തനത്തിനും നാന്ദികുറിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഏതാനും നിർദ്ദേശങ്ങൾ:
1. മഠമോ ആശ്രമമോ പള്ളിയോ വിട്ടുപോരാൻ താൽപര്യപ്പെടുന്ന വൈദികർക്കും സന്ന്യസ്തർക്കും അതിനുള്ള ഔദ്യോഗിക അനുമതി (Dispensation)  കാലതാമസം കൂടാതെ നൽകാൻ സഭ തയ്യാറാകണം. കൂദാശാനിഷേധം, പള്ളിയിൽനിന്നു പുറത്താക്കൽ മുതലായ ശിക്ഷാനപടികൾ പാടേ നിർത്തലാക്കണം. 
2. Canon Law-യിലെ 'സന്ന്യാസസഭ വിടുന്ന കന്യാസ്ത്രീകൾ യാതൊരുവിധ അവകാശവാദങ്ങളും ഉന്നയിക്കാൻ പാടുള്ളതല്ല' (‘Nuns who leave the congregation make no claims whatsoever’) എന്ന വകുപ്പ് തിരുത്തണം.
3. മാർപാപ്പയ്ക്ക് ഇവ ഉൾപ്പെടുത്തി ഒരു നിവേദനം നൽകണം.
4. കുടുംബസ്വത്തിലുള്ള അവകാശം ഉറപ്പുവരുത്താനുള്ള നിയമഭേദഗതി കൊണ്ടുവരണം. 
5. തിരിച്ചുവരുന്നവരും കെ.സി.ആർ.എം-ഉം ചേർന്നുള്ള ഒരു അസ്സോസിയേഷൻ ഉണ്ടാകണം. അതിന്റെ നേതൃത്വത്തിൽ തിരിച്ചുവരുന്നവർക്കായി താൽക്കാലിക ഷെൽട്ടറുകളും ഒരു പുനരധിവാസകേന്ദ്രവും ഉണ്ടാകണം.

ആവൃതിയുടെ ഇരുളിൽനിന്നു പുറത്തിറങ്ങി നിലാവിൽ അഴിച്ചുവിട്ട കോഴിയെപ്പോലെ പതറിനിൽക്കുന്നവർക്കും, ആ അന്ധകാരത്തിൽത്തന്നെ കഴിയുന്നവർക്കും പ്രത്യാശയുടെ ഒരു സൂര്യോദയമാകട്ടെ, ഫെബ്രു.28-ലെ കൊച്ചി സമ്മേളനം!

ഫോൺ:9656210408

കൊച്ചി സമ്മേളനം അരങ്ങൊരുങ്ങുന്നു.....

സീറോ മലബാര്‍ സഭാംഗങ്ങളുടെ  മേല്‍ സമ്പൂര്‍ണ്ണ അധികാരം സ്ഥാപിച്ചെടുത്ത് സഭയെ ഒരു വലിയ വ്യവസായമായി വളര്‍ത്തിയെടുത്ത മെത്രാധിപത്യത്തിനെതിരെയുള്ള ഒരു മഹാവിപ്ലവത്തിന്‍റെ തുടക്കമായാണ് KCRM കൊച്ചിയില്‍ നടത്തുന്ന  മുന്‍ സഭാ സന്ന്യസ്ഥരുടെ ദേശീയ കൂട്ടായ്മ വിലയിരുത്തപ്പെടുന്നത്. സ്വദേശത്തുനിന്നും വിദേശത്തുനിന്നുമായി അനേകം സഭാംഗങ്ങള്‍ നല്‍കിയ പിന്തുണയും  സഭക്കുള്ളില്‍ നിന്നുള്ള നിരവധി സന്ന്യസ്ഥരുടെ പിന്തുണയും ഒത്തു ചേര്‍ന്നതാണ് ഈ സമ്മേളനം ഇത്രയേറെ ജനശ്രദ്ധ ആകര്‍ഷിക്കാന്‍ കാരണം.

എന്തുകൊണ്ട് ഇങ്ങിനെയൊരു സമ്മേളനം

കത്തോലിക്കാസഭയിലെ സ്ഥാപനവൽക്കരണത്തിന്‍റെ ഫലമായുണ്ടായ 'ആത്മീയ മേധാക്ഷയത്താലും' വ്യക്തിപരമായ കാരണങ്ങളാലും സന്യാസം വിട്ടിറങ്ങിയ ബഹുമാന്യ പുരോഹിതരേയും കന്യാസ്ത്രീകളേയും സമൂഹം ഒറ്റപ്പെടുത്തുകയും അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നു. സ്വന്തം കുടുംബങ്ങളിൽനിന്നുപോലും അവർ തിരസ്‌ക്കരിക്കപ്പെടുന്നു. അവരുടെ കുടുംബവിഹിതം മറ്റുള്ളവർ തട്ടിയെടുക്കുന്നു. ഭൂരിപക്ഷംപേരും  സ്വന്തം നാടുവിട്ട് പോകേണ്ടിവരുന്നു. ദുരിതപൂർണ്ണമായ ഇവരുടെ ജീവിതത്തെക്കുറിച്ച് കെ. സി. ആർ. എം. പഠനം നടത്തിയപ്പോൾ, കാലങ്ങളോളം സഭയ്ക്കും സമൂഹത്തിനും വേണ്ടി സമർപ്പിത ജീവിതം നയിച്ച ഈ ബഹുമാന്യരിൽ ഭൂരിപക്ഷവും സഭയ്ക്കുള്ളിൽ തുടരുന്ന പുരോഹിത-സന്യാസിനിമാരേക്കാൾ ആത്മീയചൈതന്യവും സമർപ്പണ മനോഭാവമുള്ളവരാണെന്നും കാണുവാൻകഴിഞ്ഞു. ഇവരുടെ സേവനം സമൂഹത്തിന് മുതൽകൂട്ടാകുമെന്നും കെ. സി. ആർ. എം. കരുതുന്നു. രാജ്യത്തെ ഏതൊരു പൗരനും ഇന്ത്യൻ ഭരണഘടനയനുസരിച്ച് മാന്യമായ ഏതൊരു തൊഴിലും ജീവിതാന്തസും സ്വീകരിക്കുന്നതിന് അവകാശമുണ്ട്. ബഹുമാന്യരായ ഇവരെ കാലങ്ങളായി സമൂഹത്തിൽ ഒറ്റപ്പെടുത്തി പീഡിപ്പിക്കുന്നതിനും അപകീർത്തിപ്പെടുത്തുന്നതിനും പിന്നിൽ സഭാനേതൃത്വത്തിന്‍റെ ആസൂത്രിത നീക്കമാണെന്ന് കാണുവാൻകഴിഞ്ഞു. ഇവരുടെ ക്ഷേമം ഉറപ്പാക്കുകയാണ് സമ്മേളനത്തിന്‍റെ ലക്‌ഷ്യം.

സമ്മേളനത്തിനുള്ള ക്രമീകരണങ്ങള്‍

സമ്മേളനത്തിന്‍റെ സംഘാടക സമിതി ചെയര്‍മാന്‍ ശ്രി. റെജി ഞള്ളാനി ഉള്‍പ്പെടെയുള്ള സ്വാഗത സംഘം ഇന്ന് മുതല്‍ എറണാകുളത്ത് ക്യാമ്പ് ചെയ്ത് തയ്യാറെടുപ്പുകള്‍ നടത്തുന്നു.

സമ്മേളന സമയം

2015 ഫെബ്രുവരി 28 (ശനിയാഴ്ച) 9 AM മുതല്‍ 4 PM വരെ. 

സമ്മേളന സ്ഥലത്തേക്ക് എത്തിച്ചേരാനുള്ള വഴി  

സ്ഥലം: എറണാകുളം, പാലാരിവട്ടം  SNDP യോഗം ഓഡിറ്റോറിയം -
(പാലാരിവട്ടം ജംഗ്ഷനിൽനിന്നും തമ്മനം റോഡിൽ കയറി, വലതുവശത്തുള്ള ക്ഷേത്രത്തിന്‍റെ നേരെ എതിർവശത്തുള്ള ചെറിയ ടാർ റോഡില്‍ 50 മീറ്റർ മാറി). 

ട്രെയിനിൽ എറണാകുളം നോർത്തിൽ വരുന്നവർ, അവിടെനിന്നു കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക. 

ട്രെയിനിൽ എറണാകുളം സൗത്തിൽ വരുന്നവർ അവിടെനിന്നു ജോസ്ജംഗ്ഷനിലെത്തി കാക്കനാട് വഴിയുള്ള ബസ്സിൽ കയറി പാലാരിവട്ടം ജംഗ്ഷനിൽ ഇറങ്ങുക

ബസ്സിൽ വൈറ്റില ഹബ് ബസ്സ്റ്റാന്റിൽ എത്തുന്നവർ, ഇടപ്പള്ളി-ആലുവാ ബസ്സിൽ കയറി ബൈപ്പാസുവഴി പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി,  എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക. 

ബസ്സിൽ ആലുവാ-ഇടപ്പള്ളി ബൈപ്പാസുവഴി  വരുന്നവർ, ഇടപ്പള്ളി ടോൾ കഴിഞ്ഞ്  പൈപ്പുലൈൻ ജംഗ്ഷനിൽ ഇറങ്ങി, എറണാകുളം വഴിക്കുള്ള ബസ്സിൽ കയറി  പാലാരിവട്ടം ജംഗ്ഷനിൽ  ഇറങ്ങുക.

 ബസ്സിൽ ആലുവ ഹൈവേയിലൂടെ വരുന്നവർ നേരേ പാലാരിവട്ടം ജംഗ്ഷനിലിറങ്ങുക.

കൂടുതൽ വിവരങ്ങൾക്ക്: 

റെജി ഞള്ളാനി-9447105070,  കെ.കെ. ജോസ് കണ്ടത്തിൽ-8547573730, 
ഫാ. ഷിബു കെ.പി-9446128322, കെ.ജോർജ്ജ് ജോസഫ്- 9496313963
www.almayasabdam.blogspot.com, www.almayasabdam.com എന്നീ സൈറ്റുകളിലും വിശദാംശങ്ങള്‍ ലഭ്യമാണ്.

പരിപാടികള്‍

പരിപാടികളുടെ കൃത്യമായ  വിശദാംശങ്ങള്‍, ഡെലിഗേറ്റ്സ്  ഫയലില്‍, പങ്കെടുക്കുന്ന എല്ലാവര്‍ക്കും ലഭിക്കും. മുന്‍  സന്ന്യസ്ഥരുടെ ദേശീയ സംഘടനക്കു രൂപം കൊടുക്കുക, സഭയില്‍ നിന്നും സമൂഹത്തില്‍ നിന്നും പലരും സഹിക്കേണ്ടി വന്ന അനുഭവങ്ങള്‍ പങ്കുവെയ്ക്കുക, അവരുടെ ക്ഷേമത്തിന് വേണ്ടിയ പദ്ധതികള്‍ക്ക് രൂപം കൊടുക്കുക. സഭക്ക് മികച്ച സംഭാവന നല്‍കിയവരെ ആദരിക്കുക, തുടങ്ങിയവ പരിപാടികളിലെ മുഖ്യ ഇനങ്ങള്‍ ആയിരിക്കും. ഒപ്പം വിഷിഷ്ടാതിഥികളുടെ ലഘു പ്രഭാഷണങ്ങളും ഉണ്ടായിരിക്കും.

ഒരു കൈ സഹായിക്കൂ

KCRM ന്‍റെ നേതൃത്വത്തില്‍ നടക്കുന്ന ഈ മുന്നേറ്റം അവിസ്മരണിയമാക്കാന്‍ സുമനസ്സുകളായ എല്ലാവരും സഹകരിക്കണമെന്ന്  സംഘാടകര്‍ അഭ്യര്ത്ഥി്ക്കുന്നു. KCRM ന്റെ് ബാങ്ക് അക്കൌണ്ട് വിശദാംശങ്ങള്‍  SBT, Pala Branch.  A/c No. 67117548175, IFSC Code: SBTR 000012   Name of A/C: Kerala Catholic Church Reformation Movement വിശദാംശങ്ങള്ക്ക്   ബന്ധപ്പെടുക: - റെജി ഞള്ളാനി - +(91) 9447105070, കെ. കെ. ജോസ് കണ്ടത്തില്‍ - +(91) 8547573730, ജോര്ജ്ജ്  മൂലേച്ചാലില്‍ - +(91) 9497088904

പങ്കെടുക്കൂ

കത്തോലിക്കാ സഭാംഗങ്ങളായ ആര്‍ക്കും ഈ സമ്മേളനത്തില്‍ പങ്കെടുക്കാം. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും ആരുടെ ഭാഗത്തുനിന്നുണ്ടാകുന്നതും ചെറുതല്ല എന്നോര്‍ക്കുക. പങ്കെടുക്കുന്ന ഓരോരുത്തരും അവരുടെ സഹകരണം വഴി പകര്‍ന്നു നല്‍കുന്ന ആവേശമാണ് അത്മായരെ അവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി അടരാടാന്‍ പ്രേരിപ്പിക്കുന്നതെന്ന് ഓര്മ്മിക്കുക. എല്ലാവരെയും KCRM സമ്മേളന നഗറിലേക്ക് സ്വാഗതം ചെയ്യുന്നു.

പൊതുപരിഗണനയ്ക്കായി കെ. സി. ആർ. എം. മുന്നോട്ടു വയ്ക്കുന്ന നിർദ്ദേശങ്ങൾ


1 പൗരോഹിത്യവും സന്യാസവും വിട്ടുപോന്നവർക്ക് സമൂഹത്തിന്‍റെ ആദരവും ബഹുമാനവും നൽകി അവരുടെ കഴിവുകൾ സമൂഹത്തിന് പ്രയോജനപ്പെടുത്തണം.

2 സെമിനാരികളിലേയ്ക്കും മഠങ്ങളിലേയ്ക്കും പോകുന്നവരുടെ കുടുംബവിഹിതം അവരുടെ കാലശേഷം മാത്രമേ സ്വന്തക്കാരോ ബന്ധുക്കളോ സഭാനേതൃത്വമോ കൈപ്പറ്റുവാൻ പാടുള്ളൂ.

3 പുരോഹിതരുടേയും കന്യാസ്ത്രീകളുടേയും സേവന വേതന വ്യവസ്തകൾക്ക് ലേബർ ആക്ട് ബാധകമാക്കുകയും മാന്യമായ ശമ്പളം നല്കുകയും വേണം.  സെമിനാരി ജീവിതവും തുടർന്നുള്ള സേവന കാലാവധിയും പരിഗണിച്ച് അർഹമായ തുക പിരിഞ്ഞുപോകുന്നവർക്ക് നൽകണം.

4 ഔദ്യോഗികമായി പിരിഞ്ഞുപോന്നുവെങ്കിലും താത്പര്യമുള്ള വിവാഹിതരും അവിവാഹിതരുമായിട്ടുള്ള വൈദികർക്ക് തുടർന്നും രൂപതകൾക്കു കീഴിലുള്ള പള്ളികളുമായി ചേർന്ന് കൂദാശകർമ്മങ്ങൾ നടത്തുവാൻ അനുവാദം നൽകണം. 
5 സർക്കാർ ശമ്പളം ലഭിക്കുന്ന പുരോഹിത/സന്യസ്തർക്ക്കിട്ടുന്ന ശമ്പളത്തിൽ 50% ബാങ്കിൽ നിക്ഷേപിക്കുക. ഇടയ്ക്കുവെച്ച് പിരിഞ്ഞു പോകുന്നവർക്ക് ജീവനാംശം നൽകാൻ ആ സമ്പാദ്യം ഉപയോഗപ്പെടുത്തേണ്ടതാണ്. ശ്രമ്പളമെന്നത് ജോലി ചെയ്യുന്നയാളിന്‍റെ കുടുംബത്തെ പോറ്റാനുമുപയോഗപ്പെടുത്തുക എന്ന  മാനദണ്ഡം പരിഗണിച്ചാണ് നിശ്ചയിച്ചിരിക്കുന്നത്. അതായത് 6 പേർക്കായി (ഭാര്യഭർത്താവ്കുട്ടികൾമാതാപിതാക്കൾ) ലഭിക്കുന്ന പണംഒരു വ്യക്തി ഒറ്റയ്ക്ക് കൈപ്പറ്റുകയും അതു അയാളുടേതു പോലുമല്ലാതിരിക്കുകയും ചെയ്യുന്ന സാമൂഹിക അനീതി കത്തോലിക്കാ സ്ഥാപനങ്ങളിലുണ്ട്.

6 തിരിച്ചറിവാകുന്നതിനു മുൻപ് ചെറിയ പ്രായത്തിൽ കുട്ടികളെ സെമിനാരികളിലും മഠങ്ങളിലും ചേർക്കുന്നത് നിർത്തലാക്കണം.   ഗ്രാഡ്യുവേഷനു ശേഷം മാത്രം വൈദിക സന്യാസ പരിശീലനത്തിനായി യുവതി യുവാക്കളെ തെരഞ്ഞെടുക്കുക. മുതിർന്ന ശേഷമാണ് പട്ടം/വൃതംഎപ്പോൾ വേണമെങ്കിലും പുറത്തുപോകാം എന്നൊക്കെയുള്ള മുടന്തൻ ന്യായമൊക്കെ മാറ്റി വെക്കുക. ചാപ്പകുത്തി മാറ്റി നിർത്തുന്ന ഇപ്പോഴത്തെ പരിപാടി നിർത്തുക തന്നെ വേണം. നമ്മൾ മക്കളെ വിവാഹം കഴിപ്പിക്കുന്നത് 25 വയസിനടുത്താണല്ലോ! ഉത്തരവാദിത്വം എറ്റെടുക്കാൻ പ്രാപ്തിയും തിരിച്ചറിവും ഉണ്ടാകണമെന്ന വിവേകപൂർണ്ണമായ ഈ നിലപാട് എന്തുകൊണ്ട് അതിനേക്കാൾ ''ശ്രേഷ്ടമായ''പൗരോഹിത്യത്തിലും സന്യാസത്തിലും പാലിക്കപ്പെടുന്നില്ലചുരുങ്ങിയ വർഷത്തെ പരിശീലനംകൊണ്ട് സഭാശുശ്രൂഷകരെ സജ്ജരാക്കുകയും ചെയ്യാം. സാമ്പത്തിക ലാഭമുണ്ടാകുംസാമൂഹിക ബോധമുള്ള പുരോഹിതരെയും സന്യാസിസന്യാസിനികളെയും സമൂഹത്തിനു ലഭിക്കുകയും ചെയ്യും. സൂത്രത്തിൽ ഉപരിപഠനം നടത്താനായി അച്ചൻ വേഷം കെട്ടുന്നവരുടെ നുഴഞ്ഞു കയറ്റവും നിലയ്ക്കും. 

7 പുരോഹിതർക്കും കന്യാസ്ത്രീകൾക്കും സന്യാസത്തിൽ തുടരുന്നതിനുള്ള പ്രാഥമികവൃതം അഞ്ച് വർഷമായി നിശ്ചയിക്കുകയും തുടരുവാനാഗ്രഹിക്കുന്നവർക്ക് പിന്നീട് നീട്ടിനൽകുകയും ചെയ്യണം. നിർബന്ധിത സന്യാസജീവിതം അപകടകരമാണ്.

8 പിന്നാക്ക കുടുംബങ്ങളിൽ നിന്നാണ് കൂടുതൽ കുട്ടികൾക്കും 'ദൈവവിളിവരുന്നത്. എഞ്ചിനീയറോ ഡോക്ടറോ ആകാൻ കഴിവുള്ള  മക്കളെ  സെമിനാരിയിലോ മഠത്തിലോ ചേർക്കാൻ മാതാപിതാക്കൾ താല്പര്യം കാണിക്കുന്നില്ല   എന്നുള്ളത് വസ്തുതയാണ്. ചുരുക്കത്തിൽ 'തിരികിട'കളാണ് പലപ്പോഴും ഈ അന്തസിൽ എത്തിപ്പെടുന്നത്. ഇവർ പിന്നീട് തരികിടകളാകുന്നതിൽ അത്ഭുതപ്പെടാനില്ല.

9 അടുത്ത കാലത്തായി പുരോഹിതരിലും സന്യാസിസന്യാസിനികളിലും മാനസിക പിരിമുറുക്കം വർദ്ധിച്ചു വരുന്നതായും പലതും അവിഹിതബന്ധത്തിലും അതിക്രമങ്ങളിലും കൊലപാതകത്തിലുംവരെ ചെന്നെത്തുന്നതായും കാണുന്നു. പല സംഭവങ്ങളും പാശ്ചാത്യ സഭകളെ കടത്തിവെട്ടുന്ന തരത്തിലുമാണെന്നിരിക്കെപഴയ കാലത്തെ ചൈതന്യത്തിലേയ്ക്ക് തിരിച്ചു പോക്കിനാവശ്യമായ ചർച്ചകളും നടപടികളും പ്രോത്സാഹനങ്ങളും സഭാ നേദൃത്വത്തിൽനിന്നും വിശ്വാസ സമുഹത്തിൽ നിന്നും ഉണ്ടാകണം.

10 പുറത്തു വന്നിട്ടുള്ളതും വരാനാഗ്രഹിക്കുന്നവരുമായ നിരവധി പുരോഹിതർക്കും കന്യസ്ത്രീകൾക്കും തലചായ്ക്കാൻ ഇടമില്ലാത്ത അവസ്ഥയുണ്ട് മുള്ളുകൾക്കിടയിൽ വീണ വിത്തുപോലെസ്വന്തം കുടുംബങ്ങളിൽ പോലും കയറുവാൻ കഴിയാത്തയാതൊരുവിധ സംരക്ഷണവും ലഭിക്കാത്തസാമ്പത്തിക ക്ലേശത്തിൽ നട്ടം തിരുയുന്നജോലിയൊന്നും ലഭിക്കാത്തവരും കുടുംബമില്ലാത്തവരുമാണ് നല്ലൊരു പങ്കും. പുതിയ ജോലി നേടുന്നതിനും മനസ്സിനെ ഒന്നു ശാന്തമാക്കുന്നതിനുമായി ഒരു ഇടത്താവളം അവർക്കു ഉണ്ടാക്കുകയെന്നത് നമ്മുടെ സമൂഹിക പ്രതിബദ്ധതയായിക്കാണണം. 

റജി ഞള്ളാനി – ഓര്‍ഗനൈസര്‍

ഫോ: 9447105070