Translate

Wednesday, February 25, 2015

സഭാമതിലുകൾക്ക് പുറത്ത് സാമൂഹികഭ്രഷ്ടിനാൽ ഏകനായി - ഡോ.ജെ.ജെ. പള്ളത്ത്

KCRM, മുന്‍ സന്ന്യസ്തര്‍ക്ക് വേണ്ടി ഏറണാകുളത്ത് വിളിച്ചു കൂട്ടിയ ദേശീയ സമ്മേളനം വളരെ വളരെ വൈകിപ്പോയി എന്നാണ് ലോകമാസകലവുമുള്ള മുന്‍ സന്ന്യസ്ഥരും അഭ്യുദയ കാംക്ഷികളും KCRM ഭാരവാഹികള്‍ക്ക് പിന്തുണയും ആശംസകളും നേര്‍ന്നുകൊണ്ട് നല്‍കിയ കുറിപ്പുകളില്‍നിന്ന് മനസ്സിലാക്കുന്നത്. അളകളില്‍ ഇനിയും ഏറെപ്പേര്‍ കുടുങ്ങിക്കിടക്കുന്നു എന്നുറപ്പ്. ഇതാ മറ്റൊരു വൈദികന്‍ പറയുന്നത് കേള്‍ക്കൂ. ആദ്യമായി പുറം ലോകം ഈ വൈദികന്റെ കഥ കേള്‍ക്കുന്നു, അത്മായാ ശബ്ദത്തിലൂടെ.  ഈ വൈദികനെ പുറത്താക്കിയത് അനീതിയാണെന്ന് പരസ്യമായി പറഞ്ഞ നിരവധി പ്രമുഖര്‍ അന്നുമുണ്ടായിരുന്നു. വായിക്കുക   - എഡിറ്റര്‍ 

രണ്ടായിരമാണ്ടിൽ ഈശോസഭയിൽ നിന്നും പൊടുന്നനെ പുറത്താക്കുമ്പോൾ എനിക്ക് 53 വയസ്സായിരുന്നു. ജീവിക്കാൻ സമ്പത്തോ, പോകാനൊരിടമൊ ഇല്ലാത്ത ഞാൻ സത്യത്തിൽ ആത്മഹത്യ ചെയ്യേണ്ടതാണ്. എന്നെ രക്ഷിച്ചത് എന്റെ സാമൂഹിക ബന്ധങ്ങളാണ്.  
ഈശോസഭ അംഗമെന്ന നിലയിൽ എനിക്ക് കിട്ടിയ സമസ്ത സുരക്ഷിതത്വത്തിന് വെളിയിൽ ജീവിക്കാൻ പഠിക്കുകയായിരുന്നു എന്റെ ആദ്യത്തെ വെല്ലുവിളി. ലോകമെമ്പാടും പ്രധാനപ്പെട്ട പട്ടണങ്ങളിലും നഗരങ്ങളിലും സ്ഥാപനങ്ങളുള്ള ഈശോ സഭാംഗമായിരുന്ന ഞാൻ അന്നുവരെ ഹോട്ടലിൽ താമസിച്ച അനുഭവമേ ഉണ്ടായിരുന്നില്ല. ഇനി ഈശോസഭ ഭവനങ്ങൾ ഇല്ലാത്ത സ്ഥലത്ത് എത്തിപ്പെട്ടാൽ, ഏതെങ്കിലും പള്ളിയിലൊ കോൺവെന്റിലൊ ചെന്ന്, 'വൈദികനാണ് താമസസൗകര്യം വേണം' എന്നുപറഞ്ഞാൽ രാജകീയ സ്വീകരണം ലഭിക്കുമായിരുന്നു. അതെല്ലാം, എന്നെ പുറത്താക്കിയ ഔദ്യോഗിക അറിയിപ്പോടെ ഒരാഴ്ചയ്ക്കകം അവസാനിച്ചുവെന്ന് മാത്രമല്ല, അവരെല്ലാം എനിക്കെതിരെ സാമൂഹിക ഭ്രഷ്ട് ഉൽപാദിപ്പിക്കുന്ന മുന്നണി പോരാളികളുമായി മാറി. 
ബ്രഹ്മചര്യ പൗരോഹിത്യവും സാമൂഹിക ഭ്രഷ്ട് ഉൽപാദനവും ഞാനോർക്കുന്നു, പട്ടുവം ദീനസേവനസഭ ആസ്ഥാനത്ത് ഉണ്ടായ ഒരു തിക്താനുഭവം. എന്നെ പുറത്താക്കിയ ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുന്നതിനുമുമ്പ് ഞാൻ നിത്യസന്ദർശകനായ ഈ സ്ഥലത്ത് സാധാരണപോകുന്നതുപോലെ പോകാനിടയായി. അവിടുത്തെ ഉന്നതർ എന്റെ പുറത്താക്കൽ അറിഞ്ഞിരുന്നെങ്കിലും സാധാരണ കന്യാസ്ത്രീകൾ കാര്യം അറിഞ്ഞിരുന്നില്ല; സാധാരണപോലെ അവർ എന്നെ സ്വീകരണമുറിയിൽ ഹൃദ്യമായി സ്വീകരിച്ച് ചായയെല്ലാം തന്ന് സംസാരിച്ചിരിക്കുമ്പോഴാണ് അസിസ്റ്റന്റെ് പ്രൊവിൻഷ്യാൾ അതിലെ കടന്നുപോയത്. എന്നെ കണ്ട മാത്രയിൽ അവർ ആ പാവം കന്യാസ്ത്രീകളോട് പൊട്ടിത്തെറിച്ചു: "സഭയിൽ നിന്നും പുറത്താക്കിയ ആളുമായാണൊ നിങ്ങൾ ഇങ്ങനെ...'' അതൊരു വല്ലാത്ത അനുഭവമായിരുന്നു. എന്നോടു സംസാരിച്ചുകൊണ്ടിരുന്ന ആറേഴു  കന്യാസ്ത്രീകൾ എന്നെ രൂക്ഷമായി നോക്കി സ്ഥലം വിട്ടു. സമാനമായിരുന്നു, സമീപനം എല്ലാ സന്യസ്ഥ സ്ഥാപനങ്ങളിലും പള്ളികളിലും. 
ബന്ധുക്കളിൽ എന്റെ ഏറ്റവും വലിയ ശത്രു നോബർട്ടായിൻ പുരോഹിതനായ എന്റെ മൂത്ത സഹോദരീ പുത്രനാണ്. അവൻ പുരോഹിതനാവണമെന്ന് പറഞ്ഞപ്പോൾ പൗരോഹിത്യ ജീവിതത്തിന്റെ പൊള്ളത്തരം അതിനകം മനസ്സിലാക്കിയ ഞാൻ അവനെ നിരുത്സാഹപ്പെടുത്തി, അതവനും എന്റെ സഹോദരി അടക്കം പല ബന്ധുക്കളും തെറ്റിദ്ധരിച്ചിരുന്നു. എന്റെ പുറത്താക്കലിനുശേഷം ഞങ്ങൾ ഒരുമിച്ചുവന്ന പല സന്ദർഭങ്ങളിലും എന്നെ ഈ പുരോഹിതൻ അവഹേളിച്ചിട്ടുണ്ട്. അതിലൊന്ന്, ഈ  അനന്തരവന്റെ സഹോദരി പുത്രിയുടെ (എന്റെ ഗ്രാന്റ് നീസ്സ്) വിവാഹ വേളയാണ്. വിവാഹത്തിന് പെണ്ണ് പള്ളിയിലേക്ക് പുറപ്പെടുന്നതിനു മുമ്പുള്ള പ്രാർത്ഥന നയിച്ചത് എന്റെ ഈ അനന്തരവനാണ്. എന്നെ പ്രാർത്ഥനക്ക് കൂട്ടിയാൽ അത് വൈവാഹിക ജീവിതത്തെ ബാധിക്കും വിധം ദൈവകോപമുണ്ടാക്കും, അതുകാരണം പങ്കെടുപ്പിക്കരുതെന്ന് ബന്ധപ്പെട്ടവരെ പറഞ്ഞു ധരിപ്പിച്ചു. പ്രാർത്ഥനക്ക് സമയമായപ്പോൾ എന്തോ കാര്യമായി പറയുവാനുണ്ടെന്ന ഭാവേന ഒരാളെന്നെ അവിടെനിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയി, തിരിച്ചെത്തിയപ്പോഴേക്കും പ്രാർത്ഥന കഴിഞ്ഞിരുന്നു. ബന്ധപ്പെട്ടവർ, എന്റെ മാറ്റിനിർത്തൽ ആസൂത്രണം ചെയ്തവരടക്കം, എന്റെ അസാന്നിദ്ധ്യത്തിൽ 'ദുഃഖം' പ്രകടിപ്പിച്ചു. 
സമാനമായ ഒരു അനുഭവം എന്റെ മറ്റൊരു അനന്തരവന്റെ വൈദികപട്ട സ്വീകരണ വേളയിലും ഉണ്ടായി. വൈദികാർത്ഥിയുടെ പിതാവ് എന്റെ അപ്പന്റെ ജ്യേഷ്ഠന്റെ മകനാണ്. അതായത് ഫസ്റ്റ് കസിൻ. ചടങ്ങിൽ എന്റെ സാന്നിധ്യം ഉറപ്പാക്കാൻ  അദ്ദേഹവും കുടുംബവും, വൈദികാർത്ഥിയടക്കം, മാസങ്ങൾക്ക് മുമ്പ് എന്നെ ക്ഷണിച്ചു, കൂടെക്കൂടെ ഓർമ്മിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് ഞാൻ ചടങ്ങിന് നേരത്തെ എത്തിയപ്പോൾ ഇത്ര താൽപര്യമെടുത്ത് ക്ഷണിച്ചവരടക്കം എന്നെ കണ്ട ഭാവംപോലും കാണിച്ചില്ല. വൈദികാർത്ഥിയുടെ അമ്മ വഴിക്കുള്ള ഒരു സന്യാസി വൈദികനാണ് വില്ലനെന്ന് പിന്നീടാണ് മനസ്സിലായത്. വൈദികവൃത്തിയിൽ നിന്നും പുറത്താക്കിയ വ്യക്തിയുടെ ചടങ്ങിലുള്ള പങ്കാളിത്തം പട്ടം ഏൽക്കുന്ന ആൾക്ക് അതേ അവസ്ഥ തന്നെ ഉണ്ടാക്കുമെന്ന് അയാൾ പറഞ്ഞുപരത്തി. ഇത്തരം അന്ധവിശ്വാസങ്ങൾ അതേപടി സ്വീകരിക്കാനുള്ള ബുദ്ധിയും മനുഷ്യത്വവുമൊക്കെ നമ്മുടെ കുഞ്ഞാടുകൾക്കുണ്ടാകാവൂ എന്ന് പൗരോഹിത്യ നേതൃത്വം നേരത്തെതന്നെ ഉറപ്പാക്കിയിട്ടുണ്ടല്ലൊ. 
ഞാൻ ഈശോസഭ വിട്ടുപോന്നതിൽ എന്റെ രണ്ട് സഹോദരിമാർക്കും അത്ര വലിയ ദുഃഖമൊന്നുമുണ്ടായിരുന്നില്ലെന്നു മാത്രമല്ല, എന്റെ പോരാട്ടത്തിന് വൈകാരിക പിന്തുണയടക്കം സാമ്പത്തിക സഹായവും ഇവരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നു. ഞാൻ വിവാഹിതനായപ്പോഴാണ് ഇവരുടെ വിധം മാറിയത്. സന്യാസസഭ വിടുന്നത് അത്രവലിയ പ്രശ്‌നമല്ല, സഭ വിട്ടതിനുശേഷം വിവാഹം കഴിച്ചതാണ് ഏറ്റവും വലിയ പാതകം എന്ന കാര്യം അവർ മറച്ചുവച്ചില്ല. എന്റെ ഇളയ സഹോദരി ഒരിക്കൽ എന്നോട് പറഞ്ഞു: "നമ്മുടെ മരിച്ചുപോയ മാതാപിതാക്കൾ ചേട്ടായി കാരണം നിത്യനരകത്തിൽ പോയല്ലൊ!'' എന്ന്. അത്യാവശ്യം വിദ്യാഭ്യാസവും ദക്ഷിണ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച് പൊതു വിവരമുണ്ടെന്ന് കരുതാവുന്ന, 65 വയസ്സുകാരിയായ ഒരു സിറിയൻ ക്രിസ്ത്യൻ സ്ത്രീയുടെ പാപബോധമാണ് ഇതിലൂടെ പ്രകടിപ്പിക്കപ്പെട്ടത്. ഒരു ഗ്രാമീണ വിശ്വാസിയിൽ ബ്രഹ്മചര്യ പൗരോഹിത്യം ജനിപ്പിക്കുന്ന വികലമായ  പാപബോധത്തിന്റെ അളവ് ഇതിൽനിന്നും മനസ്സിലാക്കാം. 
എന്റെ  വേറൊരു അനന്തരവന് ഞാൻ കൊടുത്ത സ്ഥലത്ത് തറവാട് വീട് പൊളിച്ച് പുതിയവീട് വെച്ചപ്പോൾ എന്നെ അറിയിക്കുകയൊ അതിലെ കയറിക്കൂടൽ ചടങ്ങിന് എന്നെ ക്ഷണിക്കുകയൊ ചെയ്തില്ല.     അതിന് കാരണം എന്റെ സാന്നിദ്ധ്യം പുതിയ വീടിന് ദൈവശാപമുണ്ടാകുമെന്ന് ചില പുരോഹിതർ ഗുണദോഷിച്ചതുകൊണ്ടാണെന്ന്  എനിക്ക് പിന്നീട് അറിയാൻ കഴിഞ്ഞു. 
സർക്കാരിന്റെ എച്ച്.ഐ.വി./എയ്ഡ്‌സ് പ്രതിരോധ പ്രവർത്തന പദ്ധതി നടപ്പാക്കുന്ന സമയത്താണ് ഞാൻ ഈശോസഭയിൽനിന്നും പുറത്താകുന്നത്. ആ പരിപാടി തുടർന്നപ്പോൾ മാനന്തവാടി വികാരി ജനറൽ എന്റെ  ഇടവകയിൽപോയി മാതൃസംഘടനയുടെ രൂപത മീറ്റിങ്ങിൽ എന്റെ  ബന്ധുക്കൾ അടങ്ങിയ സദസ്സിനോട് എന്റെ പേരെടുത്ത് പറഞ്ഞ് ഇങ്ങനെ പ്രസംഗിച്ചു: ''ഈശോസഭയിൽനിന്നും പുറത്താക്കിയ ഈ ഇടവകക്കാരനായ പള്ളത്തച്ചൻ കണ്ണൂരിൽ വേശ്യാലയം നടത്തി ഉപജീവനം കഴിക്കുന്നു, ഇത്രയും ഹീനമായ ഒരു പണി ചെയ്യുന്നതിനുപകരം അയാൾക്ക് ഇരന്നു ജീവിച്ചുകൂടെ!..."എന്നൊക്കെ. നിങ്ങൾ ഒന്ന് ആലോചിച്ചുനോക്കൂ,  ഇയാളുടെ ഹൃദയകാഠിന്യം പൈശാചികതയുടെ ഏത് അളവുകോൽ വെച്ചാണ് അളക്കേണ്ടത്? എന്റെ ബന്ധുക്കളെ അങ്ങേയറ്റം അവഹേളിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം. ശാരീരിക ക്രൂരതക്ക് കഴിവില്ലാത്തതിനാൽ അത് ഒഴിവാക്കി മാനസിക ക്രൂരത ജീവിതശൈലിയാക്കിയ ബ്രഹ്മചാരിപൗരോഹിത്യ സന്യസ്ഥ സമൂഹത്തിനും അവർ നേതൃത്വം കൊടുക്കുന്ന വിശ്വാസ സമൂഹത്തിനും മാത്രമെ ഇതു സാധിക്കുകയുള്ളൂ. കൈവെട്ടുകേസിൽ പ്രൊഫസർ ജോസഫിനോടു കാണിച്ച ഹൃദയകാഠിന്യം മറ്റേത് മത നേതൃത്വത്തിനാണ് കാണിക്കാൻ കഴിയുക! 
പുറത്താക്കിയ മറ്റാരെക്കവിഞ്ഞും പിന്തുണ  സാമൂഹിക പ്രതിബദ്ധതയുള്ള  ഒരു ചെറിയ വിഭാഗം ഇതര സന്യസ്ഥ-പുരോഹിത സമൂഹത്തിൽ നിന്നും എനിക്ക് ലഭിച്ചൂവെന്ന് വേണം പറയാൻ. എന്നാൽ, ഞാൻ  വിവാഹിതനായി എന്നറിഞ്ഞപ്പോൾ അവരെല്ലാം പിൻമാറിയെന്നുമാത്രമല്ല, എന്റെ നീക്കങ്ങളെ ഔദ്യോഗിക നേതൃത്വത്തിനെ അറിയിക്കാൻ മുൻസൗഹൃദം ഉപയോഗിക്കുകയും ചെയ്തുവെന്നതാണ് ദഃഖകരമായ സത്യം; ഇവിടേയും വില്ലൻ ബ്രഹ്മചര്യം തന്നെ. 
പൗരോഹിത്യ ബ്രഹ്മചര്യത്തിന്റെ പൊള്ളത്തരം 
പൗരോഹിത്യ ബ്രഹ്മചര്യമുള്ള എല്ലാ മതങ്ങളുടേയും പ്രധാന ലക്ഷ്യം ഒരു ചെറുവിഭാഗമായ ഇവരുടെ ബ്രഹ്മചര്യ മഹത്വം പൊക്കിപ്പറഞ്ഞ് ബഹുഭൂരിപക്ഷം വിശ്വാസികളിൽ ലൈംഗിക കുറ്റബോധം ജനിപ്പിക്കലാണ്. ലൈംഗിക നിഷേധത്തിന്റെ ചിഹ്നമായ ളോഹ ഇട്ട ശരീരം കാണുമ്പോഴൊക്കെ വിശ്വാസികളിൽ ലൈംഗികതയെക്കുറിച്ചുള്ള കുറ്റബോധം ഉണരുന്നു. ഇരുപത്തഞ്ചുവർഷം 'പിടിച്ചുനിന്ന'തിന്റെ,  അമ്പതുവർഷം 'പിടിച്ചുനിന്ന'തിന്റെ,  ആഘോഷം പലതട്ട് ജൂബിലികളായി ആവർത്തിച്ച് ആഘോഷിക്കുന്നതിന്റെ രഹസ്യം ഇതാണ്. ബ്രഹ്മചര്യം ഏതാണ്ട് അമാനുഷികമാണ്, സാധാരണ വിശ്വാസികൾക്ക് അപ്രാപ്യമാണ,് എന്നൊക്കെ ധ്വനിപ്പിക്കുന്ന  സംസാരവും ശരീരഭാഷയുമാണ് ഇവരുടേത്. ലൈംഗികത ഏതെങ്കിലും തരത്തിൽ പ്രകടിപ്പിക്കാത്ത ഒരു ജീവിയുമില്ല. ഈ സ്വയം പ്രഖ്യാപിത ബ്രഹ്മചാരികളിൽ നല്ലൊരു ശതമാനം സ്വലിംഗരതി ആഭിമുഖ്യമുള്ളവരാണ്. ഇവർക്ക് ബ്രഹ്മചര്യം ഒരു പ്രശ്‌നമേയല്ല, അതിലൊരു ത്യാഗവുമില്ല, അക്കാരണത്താൽ, ഇത്രമാത്രം ആഘോഷിക്കേണ്ടുന്ന ഒരു 'പിടിച്ചുനിൽക്കലുമില്ല'. ഇവരുടെ ലൈംഗിക ആവശ്യങ്ങൾ സ്വലിംഗലൈംഗികതയിലൂടെ അൽത്താര ബാലന്മാരടക്കം മറ്റ് കുട്ടികളേയും ലൈംഗിക തൊഴിലാളികളേയും ഉപയോഗിച്ച് നിറവേറ്റുന്നു. സർക്കാരിന്റെ എച്ച്.ഐ.വി./എയ്ഡ്‌സ് പ്രതിരോധ പ്രവർത്തന പദ്ധതി നടപ്പാക്കുമ്പോൾ പുരുഷലൈംഗിക തൊഴിലാളികൾ പുരോഹിതരായ അവരുടെ കക്ഷികളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെ; ''അച്ചന്മാരാണ് 'പരിപാടി' കഴിഞ്ഞാൽ പൈസപോലും തരാതെ സേവനത്തിന്റെ പേരുപറഞ്ഞ് ഓസുന്നത്.'' ലൈംഗിക പീഡനനിയമം ശക്തമായി നടപ്പാക്കുന്ന പാശ്ചാത്യ രാജ്യങ്ങളിൽ എത്രയൊ ബ്രഹ്മചാരി പുരോഹിതരാണ് കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരിൽ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്! 
പുറത്താക്കപ്പെടുന്നവരുടെ സാമ്പത്തിക പരാധീനതകൾ
വൈദിക-സന്യസ്ഥ ജീവിതത്തോട് വിവിധ കാരണങ്ങളാൽ വിട പറയുന്നവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം സമ്പത്തുമായി ബന്ധപ്പെട്ടുള്ള ബന്ധുക്കളുടെ ക്രൂരതയാണ്. എന്റെ കാര്യത്തിലും സ്ഥിതി വ്യത്യസ്തമല്ല. മാനന്തവാടി-വാണാസുരം കോട്ട പി.ഡബ്ല്യു.ഡി. റോഡിന് ഇരുവശത്തുമായി പത്തേക്കറോളം അധികം വരുന്ന, കോടിക്കണക്കിനു രൂപ വിലമതിക്കുന്ന, എന്റെ വസ്തുവിഹിതം എന്റെ ഏക ജ്യേഷ്ഠപുത്രന് മാതാപിതാക്കളെ പരിചരിച്ചതിന് പ്രതിഫലമായി എഴുതിക്കൊടുത്തുകഴിഞ്ഞപ്പോഴാണ് എന്നെ പുറത്താക്കുന്നത്. ഈ വസ്തുവിൽ നിന്നും ഒറ്റപ്പെട്ടുകിടക്കുന്ന 90 സെന്റ് സ്ഥലം എഴുതിത്തരാൻ പറഞ്ഞപ്പോൾ എന്റെ എല്ലാമായി കരുതിയിരുന്ന അനന്തരവൻ അതിന് വിസമ്മതിച്ചു. ഇപ്പോൾ ഞങ്ങൾ കണ്ടാൽ മിണ്ടാത്തത്ര അകന്നു. വിളിച്ചാൽ ഫോണെടുക്കാറില്ല, അറിയിക്കാതെ ചെന്നാൽ കണ്ടുമുട്ടുമ്പോൾ മുങ്ങും. എന്നിരുന്നാലും സാമ്പത്തിക സുരക്ഷയുടെ കാര്യത്തിൽ ഞാൻ ഒരു ഭാഗ്യവാനാണ്. എന്റെ സുഹൃത്തുക്കളായ സാംസ്‌ക്കാരിക നേതാക്കൾ അത്യാവശ്യഘട്ടങ്ങളിൽ സാമ്പത്തികമായിപോലും സഹായിച്ചതുകാരണം. എന്നാൽ, നിസ്സാര കാരണങ്ങൾക്ക് 'പിടിക്കപ്പെട്ട്' പുറത്താക്കപ്പെട്ട നിരവധി പുരോഹിതർ സാമൂഹിക ഒറ്റപ്പെടലും സാമ്പത്തിക ഞെരുക്കവും മൂലം വിഷമിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. സുരക്ഷിതത്വത്തിന്റെ കാസ പിടിച്ച് കുർബാന എഴുന്നള്ളിച്ച കൈകൾകൊണ്ട് ഇന്നും അരക്ഷിതത്വത്തിന്റെ റബർ വെട്ടി ഉപജീവനം കഴിക്കുന്ന 60 വയസ്സിനു മുകളിലുള്ള ഒന്ന് രണ്ട് പേരെയെങ്കിലും എനിക്കറിയാം. ഒരിക്കൽ പുറത്താക്കിയാൽ അവരുടെ ജീവിതത്തിനും അവർ നൽകിയ സംഭാവനക്കും യാതൊരു പരിഗണനയും കൊടുക്കാത്ത ലോകത്തിലെതന്നെ ഏക 'അൽഷേമിയസ്' പ്രസ്ഥാനമാണ് ബ്രഹ്മചര്യപൗരോഹിത്യസമൂഹം.
 സാമൂഹികഭ്രഷ്ട് കുറച്ച ഇടപെടലുകൾ
എന്നോടൊത്ത് പരസ്യമായി നിലപാടെടുത്ത കുറേപേരുണ്ട്.  വി.ആർ. കൃഷ്ണയ്യർ, ഗ്രോ വാസു, പി. ഗോവിന്ദപിള്ള, ഡോ. ബാബുപോൾ ഐ.എ.എസ്., ഡോ. മൈക്കിൾ തരകൻ തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. പിന്തുണക്കായി ഞാൻ സമീപിച്ച നിരവധി സാംസ്‌ക്കാരിക നേതാക്കളിൽ സുകുമാർ അഴീക്കോടും ഉണ്ടായിരുന്നു. ആദ്യം എന്റെ സമരത്തെ അനുകൂലിച്ച് അദ്ദേഹം ഒരു കത്ത് തന്നിരുന്നു. എന്നാൽ, ഫാദർ എ. അടപ്പൂരും, ജോൺ ഓച്ചന്തുരത്തും പോയി കണ്ടപ്പോൾ അദ്ദേഹം നിലപാട് മാറ്റി, തന്ന കത്ത് പിൻവലിച്ചു. എന്നാൽ ഇവരെപ്പോലെ പല പ്രഗത്ഭരും പോയി കെഞ്ചിപ്പറഞ്ഞിട്ടും വി.ആർ. കൃഷ്ണയ്യർ അദ്ദേഹത്തിന്റെ നിലപാട് മാറ്റിയില്ല. അദ്ദേഹം എന്റെ പുറത്താക്കലിനെ ഒരു മാനുഷിക പ്രശ്‌നമായി കണ്ടുകൊണ്ടാണ് പിന്തുണച്ചത്. എന്റെ പോരാട്ട കേന്ദ്രമായിരുന്ന കോഴിക്കോട് നിവാസികളായ, എം.ജി.എസ്. നാരായണനും അജിതയുമടക്കം  സമ്മർദ്ദങ്ങൾക്ക് വഴങ്ങി നിലപാട് മാറ്റിയപ്പോഴും വാസുവേട്ടൻ എന്നെ അചഞ്ചലമായി പിന്തുണച്ചു. അങ്ങനെ കേരളത്തിലെ പല സാംസ്‌ക്കാരിക നേതാക്കളെയും അടുത്തറിയാനും ഒപ്പം എന്നോടുള്ള സാമൂഹിക ഭ്രഷ്ട് കുറക്കാനും എന്റെ പോരാട്ടം സഹായകമായി.  
  പതിറ്റാണ്ടിലേറെ സാമൂഹിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരുന്ന ബാബുപോൾ സാർ 2013-ൽ എഴുതിയ 'ഫ്രാൻസിസ് വീണ്ടും വരുന്നു,' എന്ന പുസ്തകത്തിന്റെ 158-ാം പേജിൽ എന്നെക്കുറിച്ച് എഴുതിയത് ഇങ്ങനെയാണ്:''നാടോടി വിജ്ഞാനീയത്തിൽ അറിയപ്പെടുന്ന രണ്ടോ മൂന്നോ പേരിൽ ഒരാളായ പള്ളത്ത് ഈശോസഭാംഗമാണ്... തെയ്യത്തിൽ ഡോക്‌ട്രേറ്റ് എടുത്ത പള്ളത്തച്ചൻ തെയ്യം സഭയിൽ കെട്ടിയാടുന്നതിന്റെ നിബന്ധനകൾ മറന്ന് പുറത്തുപോയി എന്നത് മറ്റൊരു കാര്യം.'' ഈ വാചകത്തിലെ കുത്ത് ഞാൻ കാണാതിരിക്കുന്നില്ല, അതു ഞാൻ അംഗീകരിക്കുന്നുമില്ല, എന്നിരുന്നാലും,  ഇതിൽ നിഴലിക്കുന്ന വാത്സല്യവും അംഗീകാരവും സാമൂഹിക ഭ്രഷ്ട് കുറക്കാൻ വളരെയേറെ സഹായിച്ചു; അതുപോലെ, 2004-ൽ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ വന്ന താഹ മാടായിയുടെ മുഖാമുഖവും. കെ.സി.ആർ.എം. പോലുള്ള സംഘടനകളുടെ ആദരിക്കലും സഹായകമായിട്ടുണ്ട്.  
  അന്തരിച്ച ഫാ. സുക്കോൾ,  മുൻ പ്രൊവിൻഷ്യൽ ഫാ. ജോസഫ് പുളിക്കൽ, ഫാ. കൊട്ടുകാപ്പള്ളി തുടങ്ങിയ ഈശോസഭാംഗങ്ങൾ തുടക്കം മുതൽ അനുകൂലമായെടുത്ത നിലപാട് എനിക്ക് സാമൂഹിക അംഗീകാരം നൽകി. ഈ അടുത്തകാലത്ത്,  കോഴിക്കോട് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ, ഈശോസഭ  പ്രൊവിൻഷ്യൽ ഫാ. ജോസഫ് കല്ലേപ്പിള്ളിൽ, ഇപ്പോഴത്തെ പ്രൊവിൻഷ്യൽ ഫാ. എം.കെ. ജോർജ്ജ് തുടങ്ങിയവരുടെ മൃദുസമീപനം സഹായകമായി. ഇവരിലൊക്കെ ഞാൻ ഒരു ഹൃദയാദ്രതാമയമായ ആത്മീയത കാണുന്നുണ്ട്. കൂടുതൽ പേർ ഈ ദിശയിൽ സഞ്ചരിച്ച് പുറത്താക്കപ്പെടുന്നവരോടുള്ള സാമൂഹികഭ്രഷ്ട് ഒഴിവാക്കി സഭയെ ഒന്നിനൊന്ന് മാനവീകരിക്കട്ടെ എന്ന് ആശിക്കുന്നു.  
                                          

ഡോ.ജെ.ജെ. പള്ളത്ത് (9447482210)    

1 comment:

  1. പുരോഹിതരാൽ പീഡിതനായ ഫാദർ ഡോ. പള്ളത്തിന്റെ ഈ ലേഖനം ഏവരും വായിക്കേണ്ടതാണ്. ക്രിസ്തീയ ചൈതന്യം നശിപ്പിക്കുന്ന പുരോഹിതരുടെ പൊള്ളയായ ജീവിതരീതികൾ പച്ചയായ സത്യത്തിൽക്കൂടി, ഒരു സാമൂഹിക കാഴ്ച്ചപ്പാടിലൂടെ സവസ്തരം ഇതിൽ വിവരിച്ചിട്ടുണ്ട്.

    കന്യാസ്ത്രികളുടെയും പുരോഹിതരുടെയും ഞെട്ടിക്കുന്ന ലേഖനങ്ങൾ ഇതിനകം ഈ ബ്ലോഗ് പ്രസിദ്ധീകരിച്ചു കഴിഞ്ഞു. മഠങ്ങളും സെമിനാരികളും ലോകം മുഴുവൻ അടച്ചു പൂട്ടുന്നു. നമ്മുടെ കൊച്ചു കേരളത്തിൽ വിളവുകൾ ധാരാളം ഉണ്ടെങ്കിലും പിള്ളേരെ കൊയ്യാൻ വിടുന്നത് ആസാമിലും മലയിടുക്കുകളിലുമായിരിക്കും. അടിമ പ്പണിക്കായി കൊച്ചു പിള്ളേരെ തട്ടി ക്കൊണ്ടു പോവാൻ വരുന്ന ഈ പുരോഹിത കന്യാസ്ത്രികളെ ഭവനങ്ങൾ സന്ദർശിക്കാൻ അനുവദിക്കുന്നതും അപകടകരമായി തോന്നുന്നു. ഡോക്ടർ പള്ളത്തിന്റെ പൌരാഹിത്യ കഥ തികച്ചും പരിതാപകരമാണ്.

    മാതാപിതാകളെ അറിയുക ; നിങ്ങളുടെ കുഞ്ഞിന്റെ പുഞ്ചിരിയും ശൈശവവും കുഞ്ഞിന്റെ വളർച്ചയും കുഞ്ഞിനെ പാലൂട്ടിയതും ഓർമ്മിക്കുന്നില്ലേ. കുഞ്ഞ് വളർന്നു കഴിഞ്ഞാലും അവൾ അല്ലെങ്കിൽ അവന്റെ കണ്ണുനീർ നിങ്ങൾക്ക് സഹിക്കാൻ സാധിക്കുമോ. നിങ്ങൾ ഓമനിച്ചു വളർത്തിയ ആ കുട്ടിയ്ക്ക് ഇന്ന് കരയാൻ പോലും അവകാശമില്ല. ദീർഘമായി ശ്വസിക്കാൻ പോലും കഴിയാതെ കുഞ്ഞ് ശവപ്പെട്ടിയ്ക്കുള്ളിൽ ആണിയടിച്ചതു പോലെയാണ് ജീവിക്കുന്നത്. അവരുടെ ജീവിതം നിങ്ങളുടെ വീട്ടിൽ കൂട്ടിനകത്ത് വളർത്തുന്ന പട്ടിക്കുട്ടിയെക്കാളും കഷ്ടമെന്നും ഓർക്കണം.

    പ്രകൃതി നിയമം അനുസരിച്ച് അവളുടെ അല്ലെങ്കിൽ അവന്റെ ലൈംഗികവികാരങ്ങളെ അടിച്ചമർത്താനുള്ളതല്ല. അവൾ പ്രസവിച്ചു കുട്ടികളെ വളർത്തട്ടെ. അവൻ കുട്ടിയുടെ അച്ഛനാകണം. കുടുംബം പുലർത്താൻ ഒന്നിച്ച് അദ്ധ്വാനിക്കണം. സ്നേഹം അവിടെ പടുത്തുയർത്തുകയാണ്. കർത്താവ് ആരുടേയും മണവാളനല്ല. പുരോഹിതൻ എത്ര നാടകം കളിച്ചാലും അൾത്താരയിൽ കുമ്പിട്ടാലു കുമ്പസാരക്കൂട്ടിൽ ഇരുന്നാലും ക്രിസ്തുവാകില്ല. ഇടയനായ പള്ളീലച്ചന്റെ കുഞ്ഞാടുകൾ കട്ടൻ കപ്പയുടെ കയ്പ്പുള്ള ഇലകളും തിന്നും. ശർദ്ദിക്കും. ചിന്തിക്കാൻ കഴിവില്ലാത്ത ആ മിണ്ടാപ്രാണികൾക്ക് അത്രയുമേ കഴിവുള്ളൂ. . ഇടയാൻ കയ്പ്പുള്ള പാവയ്ക്കാ നീര് അരച്ചു കൊടുത്താലും കുഞ്ഞാട് കുടിക്കും. സർവ്വതും ക്രൂശിതനായ ക്രിസ്തുവിനുവേണ്ടി സഹിക്കാനും പറയും. ഇടയന്റെ കാലുകൊണ്ടുള്ള തൊഴി കിട്ടിയാലും ഇടയൻ പറയുന്നതേ കുഞ്ഞാടനുസരിക്കൂള്ളൂ. ചെവി കൊള്ളൂകയുള്ളൂ. അത്തരത്തിലുള്ള സാമൂഹിക കെട്ടുറപ്പിൽനിന്ന് പിന്നീടവർക്ക് മോചനം ലഭിക്കില്ല.

    ആത്മീയ ജോലിക്കായി പറഞ്ഞുവിടുന്ന കുട്ടികളുടെ മാതാപിതാക്കളോടായി ഒരഭ്യർത്ഥനയുണ്ട്. പ്രേരണകൾക്ക് കീഴ്പ്പെട്ട് മഠത്തിൽ പോവണമെന്ന് പെണ്മക്കൾ ആവശ്യപ്പെടുന്നുവെങ്കിൽ നിങ്ങളവരെ കശാപ്പുശാലയിൽ അയയ്ക്കുന്നതിന് മുമ്പ് കുട്ടി എന്തെങ്കിലും പ്രൊഫഷണൽ വിദ്യാഭ്യാസം നേടിയ ശേഷം അനുവദിക്കുക. കന്യാസ്ത്രികൾ ഇടയ്ക്കു വെച്ച് അവരെ പുറത്താക്കിയാലും ജീവിക്കാനുള്ള തൊഴിലുമായിട്ടു തന്നെ മടങ്ങി വരണം.. സന്യസ്ഥം വിട്ട് മടങ്ങി വരുന്ന പുരോഹിത കന്യാസ്ത്രികൾക്ക് നഷ്ടപരിഹാരം കൊടുക്കാൻ നിയമ വ്യവസ്ഥകൾ ഉണ്ടാവേണ്ടതായും ഉണ്ട്.

    വേദ പാഠം പഠിക്കുന്നതിനു മുമ്പ് കുഞ്ഞു പ്രായത്തിൽ തന്നെ പരിണാമ തത്ത്വങ്ങളും, സ്പോടന തത്ത്വങ്ങളും മനസിലാക്കാൻ ശ്രമിക്കണം. 'പഴയ നിയമത്തിലെ 'ഉല്പ്പത്തി ' പുസ്തകം പര സഹായം കൂടാതെ പഠിച്ചു മനസിലാക്കണം. അതെല്ലാം പൊള്ളയായ കഥകളെന്ന് യുക്തിബോധം തെളിയുന്ന കാലങ്ങളിൽ മനസിലാകും.
    ദൈവവിളിയെന്നു പറഞ്ഞ് കുട്ടികളെ മയക്കാൻ പുരോഹിതർക്ക് നല്ല കഴിവുണ്ട്. മാതാപിതാക്കൾ എതിർത്താൽ, അനുവദിച്ചില്ലെങ്കിൽ, പുരോഹിതന്റെ പിന്നീടുള്ള ഭീഷണി ദൈവ വിളിയെ തടഞ്ഞതിന് അവർ നരകത്തിൽ പോകുമെന്നായിരിക്കാം.. അങ്ങനെ ഭയപ്പെടുത്തുന്ന പുരോഹിതനോട് "ഗോ റ്റൂ ഹെൽ" എന്നു പറയൂ.

    കൊച്ചുപ്രായത്തിൽ കുഞ്ഞുങ്ങൾ നല്ലവണ്ണം ഡ്രസ്സ് ചെയ്ത് നടക്കണം. പെണ്‍പിള്ളേരെങ്കിൽ കണ്ണെഴുതി പൊട്ടുതൊട്ടും. അമ്മയോടും അച്ഛനോടും ചിലപ്പോൾ വഴക്കടിക്കണം. അവരുടെ ചൂടുള്ള അടിയും രസം തന്നെയാരീക്കും. കൂട്ടുകാരുമൊത്ത് തത്തിക്കളിക്കണം. ഒന്നിച്ച് സ്കൂളിൽ പോവണം. പകരം കുട്ടികൾ കന്യാസ്ത്രികളുടെയും പുരോഹിതരുടെയും നിന്ദ്യതയിൽ ശേഷകാലം ജീവിക്കേണ്ടി വരുന്നു. മഠത്തിന്റെയും സെമിനാരിയുടെയും മതിൽക്കെട്ടിൽ ജീവിക്കുന്ന കുട്ടികൾക്ക് അമ്മയെയും അച്ഛനെയും കെട്ടി പിടിക്കാൻ സാധിക്കുമോ?. സുപ്രാഭാതത്തിലും കിടക്കുന്ന വേളയിലും ഗുഡ് മോർണിൻഗ്, ഗുഡ് നൈറ്റ് പറയാൻ ആഗ്രഹിക്കില്ലേ. കർത്താവിന്റെ മണവാട്ടികൾക്ക് എന്നും കണ്ണൂകൾ സ്വർഗം തേടി ആകാശത്തിലേക്ക് നീട്ടിക്കൊണ്ടിരിക്കണം.

    ReplyDelete