ഫാ.കെ.പി.ഷിബു
ചെറുപ്രായത്തിൽ ഉത്കൃഷ്ടമൂല്യങ്ങളിൽ ആകൃഷ്ടരായി വൈദികവൃത്തിയിലേക്കും സന്ന്യാസത്തിലേക്കും ഇറങ്ങിത്തിരിച്ചവരിൽ ചിലർ, അതിനുള്ളിലെ മൂല്യശോഷണവും സമ്പത്തിനും ലൈംഗികതയ്ക്കും വേണ്ടിയുള്ള മനുഷ്യ ചൂഷണവും അധികാര പൊളിറ്റ്കിസും കണ്ട് മനം മടുത്ത് ആ ചട്ടക്കൂടുകളിൽനിന്നും പുറത്ത് വരുന്നു. വാസ്തവത്തിൽ, ഇതു വളരെ സ്വാഭാവികമായി നടക്കുന്ന ഒരു കാര്യമാണ്. ഇഷ്ടപ്പെട്ടു സ്വീകരിച്ച ഒരു ജോലി തനിക്കു ചേരുന്നതല്ലെന്നു തോന്നുമ്പോൾ ഉപേക്ഷിക്കുന്നുപോലെ കരുതാനേയുള്ളൂ. എന്നാൽ വൈദികവൃത്തിയോ സന്ന്യാസജീവിതമോ വേണ്ടെന്നുവച്ചു തിരിച്ചുപോരുന്നത് അതിൽത്തന്നെ എന്തോ വലിയ അപരാധമാണെന്ന മട്ടിലാണ് സഭയും സമുദായവും അവരോട് പ്രതികരിക്കുന്നത്. സമൂഹം അവരെ വേട്ടയാടി അവരുടെ നാട്ടിൽനിന്നുതന്നെ ഉച്ചാടനം ചെയ്യാൻ ശ്രമിക്കുന്നതാണ് നാം കണ്ടുവരുന്നത്.
സഭ, ചെറുപ്രായത്തിൽത്തന്നെ കുട്ടികളെ വേദപാഠം പഠിപ്പിച്ചുതുടങ്ങുന്നു. കൂദാശാജീവിതവും കുർബാനയും പരമപ്രധാനമാണ് എന്നു പഠിപ്പിക്കുന്നു. ഇങ്ങനെ സഭാജീവിതം നയിക്കുന്നവർ നല്ലവരും ദൈവമക്കളുമാണെന്നും സഭയ്ക്കു പുറത്തുള്ളവർ വിജാതീയരാണെന്നും അവർക്കു നിത്യരക്ഷ ഇല്ലെന്നും പഠിപ്പിക്കുന്നു. രക്ഷ പ്രാപിക്കണമെങ്കിൽ കത്തോലിക്കാസഭയിൽ കൂദാശകളെല്ലാം സ്വീകരിച്ച് സഭാനിയമങ്ങൾ പാലിച്ച് ജീവിക്കണമെന്ന് നിഷ്‌കർഷിക്കുകയും ചെയ്യുന്നു. ഈ പ്രബോധനത്തിന്റെ അനന്തരഫലമായിട്ടാണ് പൗരോഹിത്യവും സന്ന്യാസവും വിട്ടുപോരുന്നവരെ സഭാസമൂഹം ഒറ്റപ്പെടുത്തുന്നത്. അവരുടെ ചിന്ത ഇവർ സഭയ്ക്കും ദൈവത്തിനുമെതിരെ പ്രവർത്തിക്കുന്നവരാണെന്നാണ്. ഇവരുമായി സഹവസിക്കുന്നതും സമ്പർക്കം പുലർത്തുന്നതും ദൈവഹിതത്തിനെതിരും സഭയ്ക്കു മാനഹാനിയു ണ്ടാക്കുന്നതുമാണെന്നാണ്. ഇത്തരക്കാരുടെ ചിന്താമണ്ഡലത്തിൽ മാറ്റമുണ്ടാകണമെങ്കിൽ സഭയുടെ പ്രബോധനങ്ങളും പഠനങ്ങളും മാറ്റേണ്ടതുണ്ട്. സഭയ്ക്കു പുറത്തും രക്ഷയുണ്ട് എന്ന നഗ്നസത്യം ഫ്രാൻസീസ് മാർപ്പാപ്പാ അംഗീകരിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, പ്രാദേശികസഭകളുടെ തലവന്മാരും അംഗങ്ങളും അതംഗീകരിക്കാൻ തയ്യാറാകുന്നില്ല.
മറ്റു മതസ്ഥരെ കത്തോലിക്കരാക്കിയാൽമാത്രമേ അവർ രക്ഷപ്പെടുകയുള്ളൂ എന്ന തത്വശാസ്ത്രം വച്ചുപുലർത്തുന്നതുകൊണ്ടാണ്, ലോകത്തിന്റെ ഏതു കോണിലേക്കും ആളുകളെ അയയ്ക്കാൻ കഴിയുംവിധം, മനുഷ്യപ്രകൃതിക്ക് എതിരായ ബ്രഹ്മചര്യം വൈദികരുടെയും സിസ്റ്റേഴ്‌സിന്റെയും മേൽ അടിച്ചേൽപ്പിക്കുന്നത്. ഈ 'ബ്രഹ്മചാരി'കളായ വൈദികർക്കും സിസ്റ്റേഴ്‌സിനും സ്വന്തം നിലയിൽ വ്യക്തമായി അറിവുള്ള ഒരു സത്യമാണ്, ബ്രഹ്മചര്യം കാത്തുസൂക്ഷിക്കുവാൻ പൊതുവേ ആർക്കും സാധിക്കുകയില്ല എന്നത്. കാരണം, മാർപ്പാപ്പ ഉൾപ്പെടെയുള്ള കത്തോലിക്കാ വൈദികരും സന്യസ്തരും ജീവിതത്തിലൊരിക്കലെങ്കിലും സ്വയംഭോഗത്തിലോ, പരസംഗത്തിലോ ഏർപ്പെട്ടവരായിരിക്കും. തങ്ങളുടെമേൽ സഭയുടെ കിരാതമായ അധികാരമുപയോഗിച്ച് അടിച്ചേൽപ്പിച്ചതാണ് ബ്രഹ്മചര്യം എന്ന് ഇവർക്കെല്ലാം വ്യ ക്തമായി അറിയാവുന്ന സത്യമാണ്.
പൂജാരിക്ക് ബ്രഹ്മചര്യം ആവശ്യമില്ല. കാരണം, പഴയനിയമകാലത്ത് പുരോഹിതർ വിവാഹിതരായിരുന്നു. ആദിമസഭയിലും അപ്പസ്‌തോലന്മാരുൾപ്പെടെയുള്ളവർ വിവാഹിതരായിരുന്നു. എ.ഡി. 1079-ൽ മാത്രമാണ് സഭ പുരോഹിതർക്കു വിവാഹം വിലക്കിയത്. കേരളസഭയിലെ കത്തനാരന്മാർ, 1599-ലെ ഉദയംപേരൂർ സൂനഹദോസുവരെ വിവാഹിതരായിരുന്നു. യേശുവിന്റെ അപ്പസ്‌തോലന്മാർ ആവിഷ്‌കരിച്ച ഈ കുടുംബസ്ഥ ആധ്യാത്മിക ശുശ്രൂഷാപാരമ്പര്യം ഇന്നത്തെ സഭയിൽ പുനഃസ്ഥാപിക്കേണ്ടതുണ്ട്. അങ്ങിനെ വന്നാൽ, പുരോഹിതർക്കും സിസ്റ്റേഴ്‌സിനും സാമൂഹികജീവിതം എന്താണെന്ന് വ്യക്തമായി മനസ്സിലാകുകയും ചെയ്യും. ഈ അറിവ് മറ്റുള്ളവരെ ഉൾക്കൊള്ളാനും സഹവർത്തിത്വത്തോടെ കഴിയുവാനും അവർക്ക് അവസരമൊരുക്കും. നിലവിലുള്ള വൈദികവൃത്തിയിൽനിന്നും സന്യസ്തജീവിതത്തിൽനിന്നും വേർപിരിഞ്ഞുപോരുന്നവരെ സഹർഷം സ്വീകരിക്കുവാൻ വിശ്വാസിസമൂഹത്തിനു സാധിക്കുകയും ചെയ്യും.
ഇപ്പോൾ ഈ വിഭാഗം നേരിടുന്നത് സാമൂഹികതിരസ്‌കരണം മാത്രമല്ല, സ്വന്തം വീട്ടുകാരിൽനിന്നും ബന്ധുമിത്രാദികളിൽനിന്നുമുള്ള തിരസ്‌കരണംകൂടിയാണ്. അതിനു പിന്നിലുള്ളത്, കുടുംബത്തിനു പേരുദോഷം വരുത്തിയവർ എന്ന ചിന്തയും അതിന്റെ പേരിലുള്ള ദുരഭിമാനവും മാത്രമല്ല, നഗ്നമായ സാമ്പത്തിക താല്പര്യംകൂടിയാണ്. ഒരു വ്യക്തി സന്ന്യാസം സ്വീകരിക്കുമ്പോൾ മറ്റു കുടുംബാംഗങ്ങൾ വിചാരിക്കുന്നത് തങ്ങൾ രക്ഷപ്പെട്ടു എന്നാണ്, ആ കുടുംബാംഗത്തിന്റെ ഓഹരികൂടി തങ്ങൾക്കു വീതിച്ചെടുക്കാമല്ലോ എന്നാണ്. ഈ വികല മനഃസ്ഥിതിക്ക് അടിസ്ഥാനമായിരിക്കുന്നത് സമൂഹത്തിൽ ഇന്നു പുലരുന്ന, 'പുരോഹിതർക്കും സന്യസ്തർക്കും എന്തിനാണ് സ്വത്ത്' എന്ന ചിന്തയാണ്. സാമ്പത്തികദുരയുടെ അടിസ്ഥാനത്തിലുള്ള ഈ കുടുംബവ്യവസ്ഥിതിക്കു മാറ്റം സംഭവിക്കണമെങ്കിൽ, അതിനനുസൃതമായുള്ള നിയമനിർമ്മാണം ഉണ്ടാകണം. ആ നിയമത്തിൽ, മാതാപിതാക്കൾക്ക് ലഭിച്ച പിതൃസ്വത്തിൽ അവർ ജീവിച്ചിരിക്കുമ്പോൾപ്പോലും എല്ലാ കുടുംബാംഗങ്ങൾക്കും തുല്യാവകാശം ഉണ്ടായിരിക്കുമെന്നും, ആ സ്വത്ത് ക്രയവിക്രയം ചെയ്യണമെങ്കിൽ എല്ലാവരുടെയും സമ്മതം എഴുതി മേടിക്കണമെന്നും വ്യക്തമായി വ്യവസ്ഥ ചെയ്യപ്പെടണം. ഇത് ഈ വിഭാഗം നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധിക്കും സാമൂഹികതിരസ്‌കരണത്തിനും കുടുംബവഴക്കുകൾക്കും ഒരു പരിധിവരെ പരിഹാരമാകും.
ഇനിയുമുണ്ട്, പരിഹരിക്കേണ്ട പ്രശ്‌നങ്ങൾ. സഭാധികാരം ധരിച്ചുവശായിരിക്കുന്നത്, സഭ നടത്തുന്ന വിദ്യാഭ്യാസവും ആതുരശുശ്രൂഷയും മതപരമായ ജോലികളും സാമൂഹികപ്രവർ ത്തനങ്ങളുമെല്ലാം സമർപ്പിത ജീവിതാവസ്ഥയുടെ ഭാഗമാണെന്നാണ്;അതിനൊന്നും പ്രതിഫലം നൽകേണ്ടതില്ലെന്നാണ്. സഭ ഈ സ്ഥാപനങ്ങൾ നടത്തുന്നത് സൗജന്യമായിട്ടല്ല എന്നതുകൊണ്ടുതന്നെ, അങ്ങനെ കരുതുന്നതിൽ ഒരു ന്യായവുമില്ല എന്ന് ആർക്കും കാണാൻ കഴിയും.
ജയിൽപ്പുള്ളികൾക്കുപോലും അവർ ചെയ്യുന്ന സേവനത്തിന്റെ കൂലി ജയിൽവാസം കഴിഞ്ഞുപോരുമ്പോൾ ലഭിക്കും. എന്നാൽ, സഭയിൽ നിരവധി വർഷം സേവനംചെയ്തു ചോരയും നീരും വറ്റി ചണ്ടിയായി തിരിച്ചുപോരുന്ന വൈദികരെയും കന്യാസ്ത്രീകളെയും ഒരു പൈസ പോലും നൽകാതെ ക്രൂരമായി പറഞ്ഞുവിടുകയാണ്, സഭ. ഇനി അതെങ്ങാനും സൂചിപ്പിച്ചു സംസാരിച്ചാൽ, പരിഹാസവും ആക്രോശവും നടത്തി അവഹേളിച്ചുവിടും. സ്‌നേഹപ്രവാചകനായ യേശുവിന്റെ പേരിലുള്ള സഭയിലാണ് മനുഷ്യത്വരഹിതമായ ഈ ക്രൂരത നടമാടുന്നത് എന്നോർക്കുക. ഇങ്ങനെ, ദയാരഹിതമായി മനുഷ്യചൂഷണം നടത്തുന്ന സഭാധികാരികളെയാണ്, 'റവ. ഫാദ'റെന്നും 'റവ.സിസ്റ്റ'റെന്നും 'അച്ച'നെന്നുമൊക്കെ അതീവബഹുമാനത്തോടെ വിശ്വാസിസമൂഹം വിളിച്ചാദരിക്കുന്നത്! സഭയുടെ ഇത്തരം സംഘടിത ക്രൂരതയ്‌ക്കെതിരെ ചെറുവിരൽ അനക്കാൻ പോലും ഇവിടുത്തെ സർക്കാരോ പൊളിറ്റിക്കൽ പാർട്ടികളോ സാഹിത്യകാരന്മാരോ മാധ്യമങ്ങളോ തയ്യാറാകുന്നില്ല. തങ്ങളുടെ ചെയ്തികളൊന്നും ആരും ചോദ്യംചെയ്യുകയില്ല എന്ന സഭാധികാരികളുടെ ഹുങ്കാണ് ഇതിന്റെ അനന്തരഫലം. ഈ സാഹചര്യമാണ് മതത്തെ മതമാഫിയയാക്കി മാറ്റി ദുഷിച്ച മത-സാമൂഹിക വ്യവസ്ഥിതികൾക്കു ജന്മം നൽകുന്നത്.
കേരളകത്തോലിക്കാസഭയിൽ വളർന്നുവന്നിരിക്കുന്ന ഈ ദുരവസ്ഥയെ സൃഷ്ടിപരമായി നേരിടാനാണ് ഫെബ്രുവരി 28-ന് കൊച്ചിയിൽ ‘KCRM Priests & Ex Priests - Nuns Association’ -നു തുടക്കംകുറിക്കുന്നത്. കാലഘട്ടം ആവശ്യപ്പെടുന്ന ഈ മഹാസംരംഭത്തെ വിജയത്തിലെത്തിക്കുവാൻ ഏതറ്റംവരെയും പോകുവാനും എത്ര ക്ലേശം സഹിക്കുവാനും ഞങ്ങൾക്ക് മടിയില്ല എന്നും ഇവിടെ വ്യക്തമാക്കുന്നു. ഇത്തരുണത്തിൽ എല്ലാവരോടുമായി എനിക്ക് അഭ്യർത്ഥിക്കാനുള്ളത്, ഈ സാമൂഹികപരിഷ്‌കരണമുന്നേറ്റത്തിൽ എല്ലാ നല്ല വ്യക്തികളും, സ്വത ന്ത്ര പ്രസ്ഥാനങ്ങളും അണിചേരണമെന്നാണ്.
നല്ലൊരു നാളെ പടുത്തുയർത്തുന്നതിനായി നമുക്കു കൈകൾ കോർക്കാം. മതത്തിന്റെ പേരിലുള്ള മനുഷ്യക്കച്ചവടത്തിന് അറുതിവരുത്താം.
ഫോൺ: 9446128322
"കണ്ണ് തുറക്കാത്ത (മനുഷ്യ) ദൈവങ്ങളേ,കരയാനറിയാത്ത ചിരിക്കാനറിയാത്ത കളിമണ്‍ പ്രതിമകളെ, മറക്കൂ നിങ്ങളീ ദേവദാസരെ;
ReplyDeleteമറക്കൂ മറക്കൂ " പഴയ സിനിമാഗാനം അറിയാതോര്‍ത്തുപോയി !
സഭയുടെ ആത്മീകച്ചതിക്കുഴിയില്‍ വീണു തകര്‍ന്നുപോയ ഈ ദേവദാസരെ(കര്‍ത്താവിന്റെ എക്സ് മണവാട്ടിമാരെ, എക്സ് റെവ് ഫാദരന്മാരെ) കരുണയില്ലാത്ത സഭാമേലാലന്മാരെ (മെത്രാന്മാരെ ഭോഗങ്ങളില്‍ മതിവരാത്ത ശപിക്കപ്പെട്ട പൌരോഹിതമേ,) നിങ്ങള്ക്ക് മറക്കുവാനാകുമോ? പുതിയപുതിയ പള്ളികള്‍ വീണ്ടും പണിതുയര്‍ത്തി നാടാകെ സിമിന്റാലയങ്ങള്‍ കൊണ്ട് വഴിയോരക്കാശ്ച്ചകള്‍ ഒരുക്കാതെ ആ പണം ഈ സാധുക്കളുടെ പുനരധിവാസത്തിനായി ഇനിയെങ്കിലും ചിലവാക്കാന്‍ മനസ്സില്‍ "കരുണ" എള്ളോളമെങ്കിലും ഉള്ളവരാകൂ.. ക്രിസ്തുവിന്റെ "നല്ലശമരായനെ" നിങ്ങള്‍ ഒരിക്കല്‍ പോലും പരിചയപ്പെട്ടിട്ടില്ലേ ? ഹാ കഷ്ടം ! നിങ്ങള്ക്ക് "നിത്യജീവന്‍" അകലെ അകലെ അകലെ ....