Translate

Thursday, February 26, 2015

മഠത്തിൽനിന്നു മടങ്ങിയ 'മറിയ'മാർ !

സന്ന്യാസം വിട്ട നിരവധിയാളുകള്‍ അവരുടെ പരിദേവനങ്ങള്‍ അല്മായാശബ്ദത്തിന് അയച്ചു തന്നിട്ടുണ്ട്. ഹൃദയഭേദകമായ സഹനത്തിന്റെ കഥകളാണ് മിക്കതും.  അതില്‍ ഒരെണ്ണം കൂടി ഞങ്ങള്‍ ഇവിടെയിപ്പോള്‍ പ്രസിദ്ധീകരിക്കുന്നു. ബാക്കിയുള്ളവ, കൊച്ചി സമ്മേളനത്തിന് ശേഷം ഒന്നൊന്നായി ഈ ബ്ലോഗ്ഗില്‍ വരും. സന്ന്യാസം വിട്ട നിരപരാധികളായ മനുഷ്യര്‍ നേരിട്ടുകൊണ്ടിരിക്കുന്ന നീറുന്ന  പ്രശ്നങ്ങള്‍ വായനക്കാരില്‍ എത്തിക്കുകയും കൊച്ചി സമ്മേളനം എത്രമേല്‍ അത്യാവശ്യമാണെന്ന് സഹസഭാംഗങ്ങളെ ബോദ്ധ്യപ്പെടുത്തുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഏതാനും ചില കുറിപ്പുകള്‍ ഈ അവസരത്തില്‍ പ്രസിദ്ധീകരിച്ചത്. 

സഭാധികാരികളുടെ സഹകരണത്തോടെ ഇവരുടെയെല്ലാം പ്രശ്നങ്ങള്‍ ഒന്നൊഴിയാതെ പരിഹരിക്കപ്പെടണം എന്നതാണ് KCRM ന്‍റെ നിലപാടെന്ന് ഭാരവാഹികള്‍ അറിയിക്കുന്നു -എഡിറ്റര്‍ 

സിസ്റ്റർ മരിയാ തോമസ്

'മൊട്ടേച്ചി മഠംചാടി, അറിഞ്ഞില്ലേ?' 'കത്തനാരുടെകൂടെ ഒളിച്ചോടിയതാകും.'

 മഠത്തിൽനിന്നു തിരിച്ചുപോരേണ്ടിവരുന്നവർക്ക് ദൈവത്തിന്റെ സ്വന്തം നാട്ടിൽ ലഭിക്കുന്ന സ്വീകരണവും പ്രതികരണവും മേൽപറഞ്ഞതിലും മ്ലേച്ഛമായ ഭാഷയിലാണെന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. ലോകത്തിന് ഏറ്റവും അധികം കന്യാസ്ത്രീകളെ 'സംഭാവന' ചെയ്യുന്ന കൊച്ചുകേരളത്തിൽ, അവരിൽ ഒരാൾക്കു മഠം വിട്ടു പോരേണ്ട സാഹചര്യമുണ്ടായാൽ, ലോകത്തിൽ മറ്റൊരിടത്തും ലഭിക്കാത്ത അവജ്ഞയും തിരസ്‌കാരവും ഏറ്റുവാങ്ങേണ്ടിവരുന്നു. അതിനാൽ, ഇവരിൽ അധികംപേർക്കും മറ്റു സംസ്ഥാനങ്ങളിലോ മറ്റു രാജ്യങ്ങളിലോ അഭയം പ്രാപിക്കേണ്ടിവരുന്നു. ‘Ex-nuns belong to none’ എന്ന അനുഭവം ഇവർക്കെല്ലാവർക്കും നേരിടേണ്ടിവരുന്നു. ഇത് ആഴമായ പഠനവും പരിഹാരവും അർഹിക്കുന്ന ഒരു മാനുഷികപ്രശ്‌നമാണ്. 

ഇത്തരുണത്തിൽ, മുഖ്യമായും പുരുഷന്മാരുടെ നേതൃത്വത്തിലുള്ള കെ.സി.ആർ.എം. എന്ന പ്രസ്ഥാനം, തമ്മിൽ ബന്ധമില്ലാതെ ചിതറിക്കപ്പെട്ടുപോയ ഈ അസംഘടിതജനവിഭാഗത്തിന്റെ ദാരുണസ്ഥിതി ഗൗരവപൂർവ്വം കണ്ടറിഞ്ഞ് അവരെ ഒന്നിച്ചുകൂട്ടുവാൻ ഒരു മഹാസമ്മേളനം സംഘടിപ്പിച്ചിരിക്കുന്നു എന്നതിൽ വലുതായ സന്തോഷമുണ്ട്. അതു തീർച്ചയായും, തിരിച്ചുവരുന്ന വൈദികരോടും കന്യാസ്ത്രീകളോടും ജനങ്ങൾക്കിപ്പോഴുള്ള നിഷേധാത്മക മനോഭാവത്തിലും അവരോടുള്ള പെരുമാറ്റത്തിലും ഒരു മാറ്റത്തിനു നാന്ദികുറിക്കും. തിരിച്ചുവരുന്നവരുടെ ഉലയുന്ന ജീവിതത്തെ പിടിച്ചുനിർത്താൻ അത് ഒരു ആലംബമാകുകയും ചെയ്യും. അവഗണനമൂലം ഒറ്റപ്പെട്ടും ക്ലേശിച്ചും ജീവിക്കുന്നതുകൊണ്ടാകാം, ഇങ്ങനെയൊരു സംരംഭത്തെക്കുറിച്ച് ആ  വിഭാഗത്തിൽപ്പെട്ട ആർക്കും ഇതുവരെ ചിന്തിക്കാൻ കഴിയാതെ പോയത്.  അതുകൊണ്ടുതന്നെ അവർക്കെല്ലാംവേണ്ടി ഇങ്ങനെയൊരു സംരംഭത്തിനു തയ്യാറായ കെ.സി.ആർ.എം. എന്ന പ്രസ്ഥാനത്തിനും അതിന്റെ സാരഥികൾക്കും ഞാൻ അഭിവാദ്യങ്ങൾ അർപ്പിക്കുന്നു.

കത്തോലിക്കാ പെൺകുട്ടികൾ 18 വയസ്സെങ്കിലും ആയിട്ടേ കന്യാസ്ത്രീമഠത്തിൽ ചേരാവൂ എന്നൊരു നിർദ്ദേശം വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ ആയിരുന്ന ജസ്റ്റീസ് ഡി ശ്രീദേവി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, ഞങ്ങളിലേറെപ്പേരും 15-ാം വയസ്സിൽ മഠത്തിൽ ചേർന്നവരാണ്. ദൈവവിളി ക്യാമ്പിലെ വാഗ്ദാനങ്ങൾക്കുമുമ്പിൽ, 10-ഉം 12-ഉം വരെ മക്കളുള്ള, സാമ്പത്തികമായും വിദ്യാഭ്യാസപരമായും പിന്നോക്കാവസ്ഥയിലുള്ള കുടുംബങ്ങളിലെ പെൺകുട്ടികളും ആൺകുട്ടികളും വീണുപോകുന്നതിൽ അത്ഭുതമില്ലായിരുന്നു. 'ക്രിസ്തുവിന്റെ മണവാട്ടി', 'യേശുവിന്റെ പ്രതിനിധി' എന്നിങ്ങനെ ദിവ്യപരിവേഷംചാർത്തിയ വിശേഷണങ്ങളും എഴുന്നള്ളിപ്പുകളും അവർക്ക് പ്രചോദനമായിരുന്നു. പക്ഷേ, തിരിച്ചറിവു വന്നപ്പോഴേക്കും അവരുടെ നല്ല പ്രായം മഠത്തിലും സെമിനാരിയിലുമായി കൊഴിഞ്ഞുപോയിരുന്നു. അമ്മയാകാതെ 'മദർ' ആയും, എല്ലാവർക്കും 'സിസ്റ്റർ' ആയും അച്ഛനാകാതെ 'അച്ച'നും 'ഫാദറും' ആയും മാറേണ്ടിവന്നവരുടെ കദനകഥ പുറംലോകത്തെ അറിയിക്കാനുള്ള സാഹചര്യം കുറവാണെന്നുമാത്രം; പ്രത്യേകിച്ച് കന്യാസ്ത്രീകൾക്ക്. മഠങ്ങളുടെ വാട്ടർടാങ്കുകളിൽ കാണപ്പെടുന്ന മൃതദേഹങ്ങളും ആത്മഹത്യാക്കുറിപ്പില്ലാത്ത കന്യാസ്ത്രീ ആത്മഹത്യകളുമെല്ലാം അതിനുള്ളിൽ വീർപ്പുമുട്ടി കഴിഞ്ഞവരുടേതുതന്നെ. 

വ്രതവാഗ്ദാനം (നിത്യവ്രതം) കഴിഞ്ഞ് വർഷങ്ങൾ പിന്നിടുമ്പോഴെങ്കിലും ജീവിതത്തിന് എന്താണ് അർത്ഥമെന്ന് ഒരിക്കലെങ്കിലും ചോദിക്കാത്തവർ ഉണ്ടാകാറില്ല. മനുഷ്യസഹജമായ ശാരീരിക-മാനസിക വാസനകളെയും ഉണർവ്വുകളെയും മരവിപ്പിച്ചു തളർത്തിയിടുന്നതിലൂടെ എന്തർത്ഥമാണു ജീവിതത്തിനു കൈവരുക? അത് ജീവിതത്തിനർത്ഥം നൽകേണ്ട മനുഷ്യന്റെ സൃഷ്ട്യുന്മുഖതയെത്തന്നെ ഇല്ലായ്മ ചെയ്യുകയല്ലേ ചെയ്യുന്നത്? മറ്റാരൊക്കെയോ ഉണ്ടാക്കിവച്ച സഭാനിയമങ്ങൾക്കും ചട്ടങ്ങൾക്കുമനുസരിച്ചു ചലിക്കുന്ന പാവയായി ജീവിക്കുകയെന്നാൽ, ജീവിതത്തിന് അർത്ഥം നൽകാനുള്ള എല്ലാ സാധ്യതകളും ചോർന്നുപോകുകയാണ്. അതുകൊണ്ട്, എത്ര കഠിനമായ ക്ലേശങ്ങൾ സഹിക്കേണ്ടിവരുമ്പോഴും, എത്ര തിരസ്‌കാരം ഏറ്റുവാങ്ങേണ്ടിവരുമ്പോഴും, തിരിച്ചുപോന്നതിന്റെ പേരിൽ ആരും പരിതപിക്കുന്നുണ്ടാവില്ല. എങ്കിലും, ക്ലേശങ്ങൾ ക്ലേശങ്ങൾതന്നെ; തിരസ്‌കാരം തിരസ്‌കാരംതന്നെ; അതിന്റെ വേദനയും വേദനതന്നെ. മനുഷ്യർ കണ്ണു തുറന്ന് അനുഭാവപൂർവ്വം ~ഒന്നുനോക്കാൻ തയ്യാറായാൽ; കാര്യങ്ങൾ മനസ്സിലാക്കാൻ തയ്യാറായാൽ, ഈ വേദന ഒഴിവാക്കാനാകും.

മഠം വിട്ടുപോരുന്ന സ്ത്രീകൾ നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങൾ പട്ടം ഉപേക്ഷിച്ചുപോരുന്ന പുരുഷന്മാരുടേതിനേക്കാൾ ദയനീയമാണെന്നു പറയാം. മിക്കവർക്കും ഒരു ജോലി ലഭിക്കാനാവശ്യമായ വിദ്യാഭ്യാസയോഗ്യത ഉണ്ടാവില്ല. അതുകൊണ്ട് പുറത്തുവരുന്നവർക്ക് ഒരു വരുമാനമാർഗ്ഗം കണ്ടെത്താനാകാതെ വലയേണ്ടിവരുന്നു. സ്ത്രീസഹജമായ പരിമിതികൾമൂലം ജോലി തേടി അലയാൻ അവർക്കെളുപ്പവുമല്ല. പലരും മഠം വിട്ടുപോരാത്തതിനുള്ള പ്രധാന കാരണവും മറ്റൊന്നല്ല. തിരിച്ചുവരുന്ന വൈദികരെക്കാൾ, തിരിച്ചുവരുന്ന കന്യാസ്ത്രീകൾ സ്വന്തം വീട്ടിൽ തിരസ്‌കരിക്കപ്പെടുന്നു എന്നതും ഒരു യാഥാർത്ഥ്യമാണ്. ഇക്കാലത്ത് വൈദികർക്കും കുടുംബസ്വത്തിന്റെ ഒരു ഓഹരി മാറ്റിവയ്ക്കാറുണ്ട്. എന്നാൽ, കന്യാസ്ത്രീകളാകുന്ന കുടുംബാംഗത്തിനുവേണ്ടി അങ്ങനെയൊരു പതിവില്ല. പത്രമേനി സ്ത്രീധനംപോലെ കണക്കാക്കി, കുടുംബത്തിൽനിന്നുള്ള എല്ലാ അവകാശങ്ങളിൽനിന്നും അവരെ മാറ്റിനിർത്തുകയാണ്. അല്ലെങ്കിൽത്തന്നെ, മാർത്തോമ്മാ ക്രിസ്ത്യാനിക്കുടുംബങ്ങളുടെ സൽപ്പേരിനും കുലീനതയ്ക്കും കോട്ടം വരുത്തുന്നവരെന്ന നിലയിലാണ് തിരിച്ചുവരുന്ന കന്യാസ്ത്രീകളെ മറ്റു കുടുംബാംഗങ്ങൾ കാണുന്നത്.  അതു വലിയ ഒതപ്പാണത്രെ! അരമനക്കോടതികളിലും കുടുംബക്കോടതികളിലും എത്തുന്ന വിവാഹമോചനക്കേസുകളും സഭയ്ക്കുള്ളിൽ നടക്കുന്ന ലൈംഗികാതിക്രമങ്ങളും അധികാരമോഹംകൊണ്ടുള്ള സഭയിലെ രാഷ്ട്രീയക്കളികളുമൊന്നും ഈ ഒതപ്പിൽപ്പെടില്ല പോലും!

മറ്റൊന്ന്, തിരിച്ചുവരുന്ന വൈദികന് ഒരു ഇണയെ കണ്ടെത്താനായില്ലെങ്കിൽത്തന്നെ, ഒറ്റയ്ക്കു സ്വതന്ത്രജീവിതം നയിക്കാൻ തിരിച്ചുവരുന്ന ഒരു കന്യാസ്ത്രീയെക്കാൾ എളുപ്പമാണ് എന്നതാണ്. ഇന്നത്തെ ഭാരതസമൂഹത്തിൽ ഒരു സ്ത്രീയെ സംബന്ധിച്ച് ഒരു പുരുഷതുണയില്ലാതെ ജീവിക്കുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ, തിരിച്ചുവരുന്ന കന്യാസ്ത്രീകൾക്കെതിരെ നിലനിൽക്കുന്ന മുൻവിധിമൂലം, അവർക്ക് ഒരു ഇണയെ കണ്ടെത്തുകയെന്നത് ദുഷ്‌കരമാണിപ്പോൾ. തിരിച്ചുവരുന്ന വൈദികർക്ക് അത്രയും സ്വീകാര്യതക്കുറവില്ല. ചുരുക്കത്തിൽ, സ്ത്രീ എന്ന നിലയിലും 'മഠംചാടി' എന്ന നിലയിലുമുള്ള ഇരട്ടഭാരമാണ്, തിരിച്ചുവരുന്ന ഒരു കന്യാസ്ത്രീ ചുമക്കേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യമെന്ന മൂല്യത്തിനായി എന്തും സഹിക്കാൻ തയ്യാറാകുന്ന വളരെ കുറച്ചു ധൈര്യശാലികൾക്കുമാത്രമേ മഠംവിട്ടുപുറത്തുവരാൻ കഴിയുന്നുള്ളൂ. സ്വാതന്ത്ര്യം കാംക്ഷിക്കുകയും സാധാരണ ജീവിതം കൊതിക്കുകയും ചെയ്യുന്ന വളരെയേറെ കന്യാസ്ത്രീകളെ ഈ ലേഖികയ്ക്കുതന്നെ നേരിട്ടറിയാം. അവരെല്ലാം ബുദ്ധിമുട്ടുകളോർത്തും ധൈര്യക്കുറവുകൊണ്ടും, 'നല്ലപ്രായം കഴിഞ്ഞു, ഇനി ഇങ്ങനെയെങ്കിലുമങ്ങു കഴിച്ചുകൂട്ടിയാൽമതി' എന്നു തീരുമാനിച്ച് സഹിച്ചു ജീവിക്കുന്നു. അല്പമെങ്കിലും അനുകൂലസാഹചര്യമുണ്ടായിരുന്നെങ്കിൽ, അവരിലേറെയും മഠംവിട്ടു പുറത്തുവന്നേനെ, സ്വതന്ത്രവായു ശ്വസിച്ചേനെ.

കത്തോലിക്കാസഭയിലും സമൂഹത്തിലും, ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലെങ്കിലും, ഇവരോടുള്ള മനോഭാവത്തിലും സമീപനത്തിനും മാറ്റം വരേണ്ടതുണ്ട്; വരുത്തേണ്ടതുണ്ട്. മാറ്റം സംഭവിക്കുന്നില്ലെങ്കിൽ, മഠങ്ങൾക്കുള്ളിൽ ഇനിയും ലൈംഗികാതിക്രമങ്ങളും 'അഭയ'കളും ആത്മഹത്യകളും അനാഥഗർഭങ്ങളും ഗർഭച്ഛിദ്രങ്ങളും വർദ്ധിക്കുകയേയുള്ളൂ. 

ഫ്രാൻസീസ് മാർപാപ്പാ സ്ഥാനമേറ്റതുമുതൽ മാറ്റത്തിന്റേതായ ഒരു കാറ്റു വീശിത്തുടങ്ങിയിരിക്കുന്നതായി നാമെല്ലാം കാണുന്നു. അങ്ങേയറ്റം ഉദാരവും പുരോഗമനപരവുമായ അദ്ദേഹത്തിന്റെ വാക്കുകളും പ്രവൃത്തികളും, തിരിച്ചുവരുന്ന വൈദികരുടെയും കന്യാസ്ത്രീകളുടെയും പ്രശ്‌നത്തിലും നമുക്കു പ്രത്യാശ നൽകാൻ പോരുന്നതാണെന്നു തോന്നുന്നു. ഇക്കാര്യം അദ്ദേഹത്തിന്റെ സത്വരശ്രദ്ധയിൽകൊണ്ടുവരാൻ, മാറ്റം ആഗ്രഹിക്കുന്ന നമുക്കെല്ലാം ഉത്തരവാദിത്വമുണ്ട്. ഫെബ്രു.28-ലെ സമ്മേളനം ആ ദിശയിലുള്ള ഒരു പ്രവർത്തനത്തിനും നാന്ദികുറിക്കും എന്നു പ്രതീക്ഷിക്കുന്നു.

ഏതാനും നിർദ്ദേശങ്ങൾ:
1. മഠമോ ആശ്രമമോ പള്ളിയോ വിട്ടുപോരാൻ താൽപര്യപ്പെടുന്ന വൈദികർക്കും സന്ന്യസ്തർക്കും അതിനുള്ള ഔദ്യോഗിക അനുമതി (Dispensation)  കാലതാമസം കൂടാതെ നൽകാൻ സഭ തയ്യാറാകണം. കൂദാശാനിഷേധം, പള്ളിയിൽനിന്നു പുറത്താക്കൽ മുതലായ ശിക്ഷാനപടികൾ പാടേ നിർത്തലാക്കണം. 
2. Canon Law-യിലെ 'സന്ന്യാസസഭ വിടുന്ന കന്യാസ്ത്രീകൾ യാതൊരുവിധ അവകാശവാദങ്ങളും ഉന്നയിക്കാൻ പാടുള്ളതല്ല' (‘Nuns who leave the congregation make no claims whatsoever’) എന്ന വകുപ്പ് തിരുത്തണം.
3. മാർപാപ്പയ്ക്ക് ഇവ ഉൾപ്പെടുത്തി ഒരു നിവേദനം നൽകണം.
4. കുടുംബസ്വത്തിലുള്ള അവകാശം ഉറപ്പുവരുത്താനുള്ള നിയമഭേദഗതി കൊണ്ടുവരണം. 
5. തിരിച്ചുവരുന്നവരും കെ.സി.ആർ.എം-ഉം ചേർന്നുള്ള ഒരു അസ്സോസിയേഷൻ ഉണ്ടാകണം. അതിന്റെ നേതൃത്വത്തിൽ തിരിച്ചുവരുന്നവർക്കായി താൽക്കാലിക ഷെൽട്ടറുകളും ഒരു പുനരധിവാസകേന്ദ്രവും ഉണ്ടാകണം.

ആവൃതിയുടെ ഇരുളിൽനിന്നു പുറത്തിറങ്ങി നിലാവിൽ അഴിച്ചുവിട്ട കോഴിയെപ്പോലെ പതറിനിൽക്കുന്നവർക്കും, ആ അന്ധകാരത്തിൽത്തന്നെ കഴിയുന്നവർക്കും പ്രത്യാശയുടെ ഒരു സൂര്യോദയമാകട്ടെ, ഫെബ്രു.28-ലെ കൊച്ചി സമ്മേളനം!

ഫോൺ:9656210408

No comments:

Post a Comment