Translate

Friday, May 1, 2015

ഒരു കൊട്ട പ്രാര്‍ത്ഥന!

ചിരിക്കാത്തവരും ചിരിച്ചു പോകും, നൂറു ടണ്ണിന്‍റെ തമാശ കേട്ടാല്‍! നേപ്പാളിലുള്ളവര്‍ അന്തിയുറങ്ങാനും, അരവയറിനും വേണ്ടി നെട്ടോട്ടമോടുമ്പോള്‍ മതം വില്‍ക്കാനിറങ്ങിയ പ്രേഷിതരെ സമ്മതിക്കണം. ഈ ചെറുകിട വില്‍പ്പനക്കാരുടെ  അഭിപ്രായത്തില്‍, ഈ ഭൂകമ്പം ഉണ്ടായത് യേശുവിനെ രക്ഷകനായി ഏറ്റു പറയാതിരുന്നതുകൊണ്ടും വചനം ദിവസവും വായിക്കാത്തതുകൊണ്ടും ആണത്രേ  (കേരളത്തില്‍ ഭൂകമ്പം ഉണ്ടായിട്ടുമില്ല, ഒരു പള്ളിയുടെ ഓടും താഴെ വീണിട്ടുമില്ല). ഇതിന്‍റെ ശാസ്ത്രീയ വശം മാധ്യമങ്ങള്‍ വിചാരണ ചെയ്തുതുടങ്ങുന്നതിനു മുമ്പേ, ഒരു വിമാനത്തില്‍ നിറയെ ഒരു ലക്ഷം ബൈബിളാണ് നേപ്പാളിലെത്തിയത്. ഞങ്ങള്‍ തിന്നുന്നത് ബൈബിളല്ലെന്നു  നേപ്പാള്‍ പ്രധാനമന്ത്രിക്ക് പറയേണ്ടി വന്നു.  താലിബാന്‍ പോലും ഇങ്ങിനെ ചിന്തിച്ചിട്ടില്ല. ആ രാജ്യത്തേക്ക് മാര്‍പ്പാപ്പാ ഒരു ലക്ഷം പൌണ്ടയച്ചപ്പോള്‍, കാരിത്താസ് മൂന്ന് മില്ല്യന്‍ യുറോ അയക്കുന്നു. സുവര്‍ണ്ണ ക്ഷേത്രം ഒരു ലക്ഷം ഭക്ഷണ പൊതികള്‍  അയച്ചപ്പോള്‍ നമ്മുടെ  കര്‍ദ്ദിനാള്‍ ഒരു കൊട്ട പ്രാര്‍ത്ഥന അയച്ചു. ആരാ മിടുക്കരെന്നു നാട്ടുകാര്‍ പറയട്ടെ.
ഇവിടുള്ളവര്‍ക്ക് പിരിക്കാന്‍ അറിവില്ലാഞ്ഞിട്ടല്ല; തൃശ്ശൂരില്‍ (പനമുക്കില്‍) ആദ്യകുര്‍ബാന കൈക്കൊള്ളാന്‍ (2015 May 3നു നടക്കേണ്ട ചടങ്ങിന്) ഒരു കുട്ടി ഒരു ലക്ഷം രൂപായില്‍ കൂടിയ തുക കെട്ടിവെയ്ക്കണം എന്നു വികാരി പറഞ്ഞതായി കേസ് നടക്കുന്നു. കയ്യില്‍ ചുക്കിനി ഉണ്ടോ, പള്ളി നമ്മടെ വഴിയെ വരും. നടി അമലാ പോളിന്‍റെ ഒത്തുകല്യാണം പള്ളിയിലും, വിവാഹം അമ്പലത്തിലുമല്ലേ നടന്നത്? (ഇത് വെറും ഒരു സന്ദര്‍ശനം മാത്രമായിരുന്നൂവെന്നാണ് പള്ളിക്കാര്‍ പറയുന്നത്‌. ഇങ്ങിനത്തെ പള്ളി സന്ദര്‍ശനം നടത്താന്‍ ധൈര്യമുള്ള ക്രിസ്ത്യാനി കളുണ്ടാവില്ലെന്നാണ് ജനസംസാരം). ധൈര്യം കാണിക്കാന്‍  ഇതുപോലെ പെണ്ണിനേയുമായി വന്നവന്‍ കൊടുക്കാനുള്ള തുക മുഴുവന്‍ കൊടുക്കേണ്ടി വന്നു, കേറിയതുപോലെ പള്ളിയില്‍ നിന്നിറങ്ങാന്‍. ഇതും, തൃശ്ശൂര്‍ കത്തോലിക്കാ സഭയില്‍ ഇല്ലാത്ത വാര്‍ത്ത. പാവങ്ങള്‍ ഒരാഴ്ച കുത്തിയിരുന്ന്, സ്ത്രികളെ അറിയാത്ത അച്ചന്മാര്‍ പറയുന്ന യോഗാ രീതികളും കേട്ടു തല മരച്ചിരുന്ന് ഒരുക്കധ്യാനം കൂടിയാലെ ഒത്തു കല്യാണം നടക്കൂ.
അരീത്ര പള്ളിയില്‍ വെടിക്കൊട്ടപകടം ഉണ്ടായത്, ആരും വചനവുമായി ബന്ധിപ്പിച്ച് കണ്ടില്ലെന്നോര്‍ത്ത് സന്തോഷിക്കണ്ട; ഒരു പത്തുവര്‍ഷം കഴിഞ്ഞോട്ടെ, എവിടെയെങ്കിലും ഒരു ധ്യാനപ്രസംഗത്തില്‍ കേട്ടേക്കാം, കുമ്പസ്സാരിക്കാന്‍ മിനക്കെടാതിരുന്ന ഒരു പയ്യനെ പുണ്യവാന്‍ തെരഞ്ഞു പിടിച്ചു വെടിവെച്ചു കൊന്നുവെന്ന്. ബനഡിക്റ്റ് അച്ചനെപ്പോലും കഷണം കഷണമായി വിറ്റവരല്ലേ നമ്മള്‍? മുഴുവന്‍ കുര്‍ബാന കാണാതെ ഓടിച്ചെന്നു രാവിലത്തെ കാപ്പിക്ക് ചക്ക പറിക്കാന്‍ പ്ലാവില്‍ കയറി താഴെപ്പോയി ആളു ചത്ത കഥകള്‍ ഇപ്പോള്‍ കേള്‍ക്കാനില്ല. പകരം എന്തെങ്കിലും വേണ്ടേ? എന്തെല്ലാം എത്രകാലത്തേക്ക് ഒതുക്കും ജോര്‍ജ്ജു കര്‍ദ്ദിനാളേ? ഇപ്പോ കൈരളി ടി വി, നാളെ മറ്റുളളവരും വരും. തലയില്‍ മാതമല്ല മുഖത്തും തൊപ്പി ഉള്ളത് നല്ലതാ. 
ഒരു കാര്യം ഏതെല്ലാം വിധത്തില്‍ കാണാന്‍ കെല്‍പ്പുള്ളവരാണ് സീറോ മലബാറുകാരെന്നറിയാത്തവര്‍ എഡ്വിന്‍ അച്ചന്‍റെ കഥ കേട്ടാല്‍ മാത്രം മതി, സംഗതി മനസ്സിലാക്കാന്‍. ആരും കരഞ്ഞുപോകും. ഒരു ലോകം മുഴുവന്‍ നേരെ വന്നാലും യേശുവില്‍ വിശ്വസിച്ചു ബൈബിളും കെട്ടിപ്പിടിച്ചു നിന്നോ; നിങ്ങളെ ആരും ഒരു പോറല് പോലും എല്പ്പിക്കില്ലെന്നു നാഴികക്ക് നാല്‍പ്പതു വട്ടം പറഞ്ഞ ധ്യാന ഗുരുവാണ് ഒരാരോപണം വന്നപ്പോഴേ മുന്‍‌കൂര്‍ ജാമ്യത്തിന് അപേക്ഷിച്ചത്. അദ്ദേഹത്തിനെതിരെ കരുക്കള്‍ നീക്കിയവരുടെ പട്ടികയില്‍ നിരവധി വൈദികര്‍, ഒരു ബിഷപ്പ് തുടങ്ങി അനേകം അശുദ്ധാത്മാക്കള്‍ ഉണ്ടെന്നും എഡ്വിന്‍ പക്ഷം ആരോപിക്കുന്നു. 16 വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു സ്ത്രീ നടത്തിയ ഒരു പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിന്‍റെ പേരിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ കെട്ടിച്ചമച്ചതാണ് ഈ കേസ് എന്നാണ് എഡ്വിന്‍ ഭാഗത്തുള്ളവര്‍ പറഞ്ഞത്. പെണ്ണുങ്ങളുടെ കാര്യമായത് കൊണ്ട് പറയാന്‍ പറ്റില്ല. മഹാഭാരത യുദ്ധം ഉണ്ടാകാന്‍ കാരണം പാഞ്ചാലി ചെയ്ത ശപഥമാണെന്ന് ആര്‍ക്കാ അറിയാത്തത്? എന്നെ അപമാനിച്ചവന്‍റെ രക്തത്തില്‍ കൈമുക്കിയല്ലാതെ അഴിഞ്ഞ ഈ മുടി കെട്ടില്ലെന്നല്ലേ പാഞ്ചാലി ശപഥം ചെയ്തത്. അതിലും കടുത്ത ശപഥമായിരിക്കാം ഈ പറഞ്ഞ സ്ത്രീ ചെയ്തത്.
ആ സ്ത്രിയെ നാട്ടുകാരായി ആരും ഒന്നിനും വിലക്കരുത് പ്ലീസ്; അല്ലാതെ തന്നെ കുറെ ഡോസ് സഭയുടെ വീതം ഉണ്ടാകുമല്ലോ. ഈ സ്ത്രീക്കു ഭാവിയില്‍ നേരിടേണ്ടിവന്നേക്കാവുന്ന പ്രതിസന്ധികളെപ്പറ്റി ഓര്‍ക്കുമ്പോള്‍ ഞടുങ്ങി പോവുന്നു. കൊക്കനച്ചനെ കുടുക്കിയ പെണ്‍കുട്ടിയുടെ കൂട്ടർ സാത്താന്‍ മതക്കാരാണെന്നു വിശ്വസിക്കുന്ന ഭക്തസ്ത്രികള്‍ ഇന്നും അവിടുണ്ടെന്ന് ഓര്‍ക്കണം. പ്രൊഫ. ജോസഫ് എന്തെല്ലാം കേട്ടു. ഇടയ ലേഖനം വരെ അങ്ങേര്‍ക്കെതിരായി ഉണ്ടായില്ലേ? സി. അഭയയുടെ വീട്ടുകാര്‍ മാനസിക രോഗികളായിരുന്നല്ലോ. അച്ചന്മാരെ ക്വസ്റ്യന്‍ചെയ്ത ഒരു കന്യാസ്ത്രി പ്രഫഷണല്‍ പബ്ലിക് റെഡ് അലേര്‍ട്ട് ആണെന്ന് പിറ്റേന്ന് തന്നെ  കേള്‍ക്കേണ്ടി വന്ന സംഭവം ഒരു കന്യാസ്ത്രീ തന്നെ വിവരിക്കുന്നു. അച്ചന്മാരോട് കളിക്കുന്നത് സൂക്ഷിച്ചു വേണം എന്ന് സാരം.
അരീത്ര സെ. ജോര്‍ജ്ജ് പള്ളി വികാരിയച്ചന്‍റെ (വെടിക്കുന്നേലച്ചന്‍) വീട്ട്‌ പേരും വെടിയുമായി നന്നായി കലര്‍ന്നേനെ, പുണ്യവാന്‍ കനിഞ്ഞില്ലായിരുന്നെങ്കില്‍. പള്ളി ഒന്നാം പ്രതിയും, പാലം രണ്ടാം പ്രതിയും, ഗ്രൌണ്ട് മൂന്നാം പ്രതിയുമായി കേസ് തുടരാനാണ് സാദ്ധ്യത. കേരളമല്ലേ, ഇതിലും വലിയത് നടക്കും. അതുകൊണ്ടാ കേരളിയര്‍ പുറത്തു പോയാല്‍ സൂക്ഷിക്കണം എന്ന് പറയുന്നത്. തൃശ്ശൂര്‍ ചെന്നാല്‍ എല്ലാം ‘മ്മടെ പാലം കടന്നാല്‍ മ്മടെ റോഡായി’ എന്ന പരുവത്തിലാണല്ലോ. മലയാളി മെല്‍ബണില്‍ ചെന്നപ്പോഴും ‘മ്മടെ’ അതാവര്‍ത്തിച്ചു. അവിടെ അഞ്ചേക്കര്‍ സ്ഥലം സീറോ മലബാര്‍ രൂപത സഹായ വിലയ്ക്ക് ഒപ്പിച്ചു, അവിടെ പണിയാന്‍ പോകുന്ന പള്ളിയുടെ മന:പ്ലാനും തയ്യാറാക്കി. അവിടുത്തെ പഞ്ചായത്തില്‍ കാര്യം ബോധിപ്പിച്ചപ്പോഴാണ്, ആ സ്ഥലത്ത് പള്ളി പണിയാന്‍ അനുവാദം കിട്ടില്ലെന്ന് അറിയുന്നത്. അവിടം ഭരിക്കുന്നത്‌ കേരളാ കൊണ്ഗ്രസ്സുകാരല്ലെന്ന് മനസ്സിലാക്കാന്‍ കുറെ കാശ് കളയേണ്ടി വന്നു. സീറോ മലബാര്‍കാര്‍ക്ക് പള്ളി മാത്രമല്ല പാര്‍ക്കും പണിയാന്‍ അറിയാവുന്നതുകൊണ്ട്‌ സ്ഥലം വൃഥാവാവില്ല. അവിടെയും ഒരു എളിയ ക്യുരിയാ ഹൌസ് അണ്ടര്‍ ഗ്രൗണ്ടില്‍ പണിയാമല്ലോ. വായുവില്‍ കെട്ടിടം പണിയരുതെന്നല്ലേ നിയമമുള്ളൂ.  
പള്ളി പണിയാന്‍ സാര്‍വ്വദേശീയമായി നമ്മുടെ അജപാലകര്‍ ഇറക്കുന്ന ഒരു കാര്‍ഡ്‌ ഉണ്ട് – അത്ഭുത കാര്‍ഡ്. അവിടെ മദ്ധ്യസ്ഥനായി നിശ്ചയിച്ചിരിക്കുന്ന പുണ്യാത്മാവ് കാണിക്കുന്ന അത്ഭുതങ്ങള്‍ വിവരിക്കുന്ന പരിപാടി തുടങ്ങിയിട്ടേ പിരിവ് തുടങ്ങൂ. ഈ കാര്‍ഡ് (A Card) മെല്‍ബണില്‍ ഇനിയൊത്തിരി വില്‍ക്കാന്‍ ഇടയില്ല; മദ്ധ്യസ്ഥന്‍ തുടക്കത്തിലെ കാണിച്ച അത്ഭുതം അതി ഭയങ്കരമായിരുന്നല്ലോ. അത്ഭുതം ഇല്ലാതെ കത്തോലിക്കാ സഭ നിലനില്‍ക്കാന്‍ പോകുന്നില്ലെന്ന് ഏതാണ്ടെല്ലാവര്‍ക്കും അറിയാം. ക്നാനായ പ്രശ്നം നന്നായി മൂത്തുകൊണ്ടിരിക്കുന്നു. അവിടെ ഒന്നര അദ്ഭുതം എങ്കിലും വേണ്ടി വരും. അങ്ങാടിയത്തിന്‍റെ നിലപാട് സഭക്കുള്ളില്‍ വേര്‍തിരിവ് ഉണ്ടാക്കുമെന്ന് മാര്‍ ഭരണികുളങ്ങര. ഇത്രയും കേട്ടതേ, അച്ചനല്ലെങ്കിലും അജ്ഞനാണെങ്കിലും, ഡല്‍ഹിയില്‍ നിന്നൊരു കുര്യന്‍ കൊടുത്തില്ലേ പെട്ടക്കൊരെണ്ണം. അങ്ങേര് ഫരീദാബാദില്‍ ചെയ്യുന്നത് ഇത് തന്നെയല്ലേയെന്നാണ് കുര്യന്‍ ചോദിച്ചത്.
ഇതൊക്കെ കേട്ടിട്ട് ക്നാനായാക്കാര്‍ കുലുങ്ങുമെന്നു കരുതണ്ട. ഇതല്ല ബൈബിള്‍ പഠിപ്പിക്കുന്നതെന്ന് അവരോടു പറഞ്ഞിട്ടും കാര്യമില്ല.  ക്നായി തൊമ്മന്‍ നാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നപ്പോള്‍  വെടി വെച്ച് സ്വീകരിച്ചെന്നാണ് അവരുടെ തനതു നാടോടിപാട്ടുകളില്‍. വെടിമരുന്നു കണ്ടുപിടിച്ചത് എന്നാണെന്നൊന്നും അവരോടു ചോദിക്കരുത്. ക്നായി തൊമ്മന്‍ കുറെ വീട്ടുകാരുമായി ഇന്ത്യയില്‍ വന്നത്, മൂന്ന്, നാല്. എട്ട് ഇതില്‍ ഏതു നൂറ്റാണ്ടിലും ആവാം. ഇത്ര കൃത്യമായി ജന്മരഹസ്യം അറിയാവുന്നതുകൊണ്ടാണ് ശുദ്ധരക്തം ഒരിക്കലും അവര്‍ ഉപേക്ഷിക്കാത്തത്. തെകുംഭാഗരുടെ ഹവ്വയും വടക്കുംഭാഗരുടെ ഹവ്വയും ഇതേ തൊമ്മന്‍റെ ഭാര്യമാരായിരുന്നു എന്നും കഥകള്‍ പറയുന്നുണ്ട്. ചാഴികാടന്‍ എഴുതിയ ചരിത്രം അനുസരിച്ചാണെങ്കില്‍ ഇവിടെ വന്നു ക്രൈസ്തവ മതം സ്വീകരിച്ച യഹൂദരാണത്രേ ഈ തെക്കും ഭാഗര്‍. എന്തായാലും അവരുടെ ബുദ്ധി അപാരം! യേശുവിന്‍റെ ശിക്ഷ്യത്വം നേരിട്ട് സ്വീകരിച്ചിരുന്നെങ്കില്‍ ശുദ്ധരക്ത വാദം ഉപേക്ഷിച്ച യഹൂദ അപ്പസ്തോലന്മാരെപ്പോലെ യഹൂദപാരമ്പര്യം വിടേണ്ടി വന്നേനെ. പിന്നീട് സഭ ഭരിക്കാന്‍ കുറെ കൊഞ്ഞാണ്ടന്മാര്‍ വരുമെന്നും അവര്‍ മനസ്സിലാക്കിയില്ലേ? ഇവരുടെ പൂര്‍വ്വികര്‍ ബി സി യില്‍ തന്നെ ഇന്ത്യയില്‍ വന്നിരിക്കാന്‍ സാധ്യതയുണ്ട്. അവര്‍ തന്നെയായിരിക്കണം മൂന്ന് രാജാക്കന്മാരായി വേഷം മാറി സൂത്രത്തില്‍ ബേത്ലഹെമിന് പോയത്.
വടക്കുംഭാഗര്‍ ഒന്നൊഴിയാതെ ബ്രാഹ്മണരായിരുന്നുവെന്നും അവരുടെ മുമ്പില്‍ ഈ യഹൂദര്‍ ഓശ്ചാനിച്ച് നിന്നുട്ടുള്ളതാണെന്നും വടക്കും ഭാഗര്‍ക്ക് അറിയാന്മേലെന്നാ കോട്ടയംകാര്‍ വിചാരിക്കുന്നത്. കോട്ടയത്തെ ക്നാനായാ പള്ളിയില്‍ പാലിയിലും ഹീബ്രുവിലും എന്തൊക്കെയോ കൊത്തിവെച്ചിട്ടുണ്ടെന്നു തെക്കുംഭാഗര്‍ വാദിക്കുന്നു. ശ്ശെടാ പുകിലെ! തോമ്മാ സ്ലീഹാ ഇവിടെ വന്നപ്പോഴേ കൊത്തല്‍ തുടങ്ങിയതാ വടക്കുംഭാഗര്‍ക്ക് വേണ്ടി. തെക്കുംഭാഗര്‍ വെറും മൂന്നു ലക്ഷം, വടക്കുംഭാഗര്‍ നാല്പ്പത്തഞ്ചു ലക്ഷം (25 വര്‍ഷമായി മാറ്റമില്ലാത്ത കണക്കു പ്രകാരം). അപ്പോള്‍ ക്ഷമിക്കേണ്ടത്‌ വടക്കുംഭാഗര്‍. ചിക്കാഗോയിലും കോട്ടയത്തും ഓരോ സിനഗോഗുകള്‍ രൂപതാ ചിലവില്‍ പണിയിച്ചു കൊടുത്ത്, അങ്ങാടിയത്തിനെ മാര്‍പ്പാപ്പാ ആക്കി പ്രശ്നം തീര്‍ക്കുക.

ഉള്ളില്‍ വഴക്കാണെങ്കിലും പെണ്ണ്കേസ് വന്നാല്‍ എല്ലാ റിത്തും ഒരു ജാതി ഒരു മതം, അത് കോട്ടയത്താണെങ്കിലും, കോട്ടപ്പുറത്താണെങ്കിലും! 

No comments:

Post a Comment