(ക്‌നാനായ ശുദ്ധരക്തപ്രശ്‌നം)
സത്യജ്വാല മെയ് ലക്കത്തിലെ കവര്‍ ഫീച്ചറില്‍നിന്ന്
കോട്ടയം, അടിച്ചിറയില്‍ പ്രവര്ത്തിക്കുന്ന 'സ്‌നേഹവാണി മതസൗഹാര്‍ദ്ദകേന്ദ്രം' ഡയറക്ടറും, 'സ്‌നേഹവാണി' ത്രൈമാസികം എഡിറ്ററുമാണ് റവ.ഡോ.ജെയിംസ് ഗുരദാസ് CMI. KCNS-ന്റെ ഉഴവൂര്‍ പരിപാടിയില്‍ അദ്ദേഹം നടത്തിയ മുഖ്യപ്രഭാഷണത്തിന്റെ സംഗ്രഹമാണു താഴെ - എഡിറ്റര്‍, സത്യജ്വാല
പ്രിയപ്പെട്ട സഹോദരീസഹോദരങ്ങളേ,
ഈ പ്രഭാഷണത്തില്‍ ഏറ്റവും അവസാനം പറയാനായി ഞാന്‍ മാറ്റിവച്ചിരുന്ന കാര്യം ആദ്യമേതന്നെ നിങ്ങളോടു പറയുകയാണ്. അതിന്റെ സന്ദര്‍ഭം എനിക്കുമുമ്പേ സംസാരിച്ച ശ്രീ പി.സി.ജോര്‍ജ് ചോദിച്ച ഒരു ചോദ്യമാണ്. അദ്ദേഹം ചോദിച്ചു, ഈ ക്‌നാനായ രൂപത ഒരു ക്രൈസ്തവ
സഭയാണോ? ഞാന്‍ ഉറപ്പിച്ചു പറയുന്നു-അല്ലാ. ഒരു യേശുശിഷ്യനെന്ന നിലയില്‍ ഞാന്‍ പറയുന്നു, ഈ രൂപത അസത്യത്തിന്റെ സന്തതിയാണ്, വഞ്ചനയുടെ സന്തതിയാണ് എന്ന്.
എന്തുകൊണ്ട് എന്നു നിങ്ങള്‍ ചോദിച്ചേക്കാം. മാക്കില്‍ മെത്രാനാണല്ലോ ഈ രൂപത 10-ാം പീയൂസ് മാര്‍പാപ്പയോടു ചോദിച്ചു വാങ്ങിയത്. ബഹു. പി.സി. ജോര്‍ജ് ഇവിടെ പറഞ്ഞതുപോലെ ഇങ്ങനെയൊരു രൂപത അനുവദിച്ചതിന്റെ പേരില്‍ അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ക്കിടയില്‍ അദ്ദേഹത്തിനെതിരെ കുറ്റാരോപണമുണ്ടായി. വാസ്തവത്തില്‍ 10-ാം പീയൂസ് മാര്‍പാപ്പായെ തെറ്റിദ്ധരിപ്പിച്ചു നേടിയ ഒരു രൂപതയാണിത്. വടക്കുഭാഗത്തുള്ളവര്‍ക്ക് ഒരു രൂപതയുള്ളതു
പോലെ തെക്കുഭാഗത്തുള്ളവര്‍ക്കും ഒരു രൂപത വേണമെന്ന്, ആരു കേട്ടാലും ന്യായമെന്നു തോന്നുന്ന ഒരു വാദം മുന്നോട്ടുവയ്ക്കുകയാണുണ്ടായത്. അങ്ങനെ, മാര്‍പാപ്പായെ തെറ്റിദ്ധരിപ്പിച്ചാണ് അദ്ദേഹം ഈ രൂപത നേടിയത്. അദ്ദേഹംതന്നെ, എഴുതിയിട്ടുണ്ടല്ലോ, ''രൂപത ക്‌നാനായക്കാര്‍ക്ക് എന്നു പറഞ്ഞാല്‍ അതു ജാതീയമായിപ്പോകും, നമുക്കു രൂപത ലഭിക്കുകയില്ല. അതുകൊണ്ടാണ് തെക്കുംഭാഗര്‍ക്ക് എന്നു പറഞ്ഞത്'' എന്ന്. മറ്റൊന്നുകൂടി അദ്ദേഹം എഴുതിവച്ചിട്ടുണ്ട്, ''തൃശൂര്‍ മെത്രാന്‍ നമ്മോടൊപ്പം വരാമെന്ന് ഏറ്റിരുന്നതാണ്. എന്നാല്‍ ദൈവകൃപയാല്‍ എത്തിപ്പെടാന്‍ സാധിച്ചില്ല. അദ്ദേഹം വന്നിരുന്നെങ്കില്‍ നമുക്കു രൂപത ലഭിക്കാന്‍ പ്രയാസമായേനെ'' എന്ന്. അദ്ദേഹത്തിന്റെ മനഃസാക്ഷിയില്‍നിന്നു പറഞ്ഞ ഈ വാക്കുകളില്‍നിന്നുതന്നെ, 10-ാം പീയൂസ് മാര്‍പാപ്പായെ തന്റെ വക്രബുദ്ധികൊണ്ട് തെറ്റിദ്ധരിപ്പിച്ചും കബളിപ്പിച്ചും നേടിയതാണ് കോട്ടയം രൂപത എന്നു തെളിയുന്നുണ്ട്.
ഇവിടെയിരിക്കുന്നവര്‍ തീര്‍ച്ചയായും സുബോധമുള്ളവരാണ്, പ്രബുദ്ധരാണ്, ബുദ്ധിക്കു പ്രകാശം ലഭിച്ചവരാ ണ്. കാരണം, അസത്യം അസത്യമാണെന്നും അജ്ഞത അജ്ഞതയാണെന്നും മൂഢത്വം മൂഢത്വമാണെന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞവരാണു നിങ്ങള്‍. ആയിരം
വട്ടം ആവര്‍ത്തിച്ചാലും അസത്യം സത്യമാവില്ല; ആയിരംവട്ടം അനുഷ്ഠിച്ചാലും ദുരാചാരം സദാചാരമാവില്ല; ആയിരം ലക്ഷം വര്‍ഷം വിശ്വസിച്ചാലും അന്ധവിശ്വാസം സത്യവിശ്വാസമാവില്ല.
ഇനി നമുക്കു നമ്മുടെ വിഷയത്തിലേക്കു വരാം. കുടുംബനവീകരണമാണ് നമ്മുടെ വിഷയം. നവീകരണലക്ഷ്യത്തോടെ വന്നുചേര്‍ന്നിരിക്കുന്ന നാം നമ്മെത്തന്നെയാണ് ആദ്യം നവീകരിക്കേണ്ടത്. മനസ്സു നന്നായാല്‍ മനുഷ്യന്‍ നന്നാകും. മനുഷ്യന്‍ നന്നായാല്‍ കുടുംബവും നാടും രാജ്യവും ലോകവും നന്നാകും. ഇനി ആലോചിക്കേണ്ടത് നമ്മെത്തന്നെ നവീകരിക്കാന്‍ നാം എന്തു മാനദണ്ഡമാണ് ഏത് അളവുകോലാണ്, ഏത് ആദര്‍ശമാണ് ആശയമാണ്, സ്വീകരിക്കേണ്ടതെന്നാണ്. നാമെല്ലാം യേശുശിഷ്യരാണെന്നു സ്വയം പ്രഖ്യാപിക്കുന്നവരാണ്, യേശുവിനെ ഗുരുവായി, പരമഗുരുവായി സ്വീക
രിച്ചിട്ടുള്ളവരാണ്. കര്‍ത്താവ് എന്ന വാക്കിനും പരമഗുരു എന്നാണര്‍ത്ഥം. അപ്പോള്‍ നമ്മുടെ ഗുരുവും കര്‍ത്താവുമായ യേശുവിന്റെ പ്രബോധനമനുസരിച്ചാണ്, സന്ദേശമനുസരിച്ചാണ് നാം ജീവിക്കേണ്ടത് എന്നുവരുന്നു. ഇനി, എന്തായിരുന്നു യേശുവിന്റെ അടിസ്ഥാന സന്ദേശം, മൗലികപ്രബോധനം എന്നു നോക്കാം. ദൈവം ഏകനും സര്‍വ്വമനുഷ്യരുടെയും പിതാവുമാകുന്നു എന്ന ദര്‍ശനമാണത്. ക്രൈസ്തവമതത്തിന്റെ അടിസ്ഥാനതത്ത്വവും പ്രമാണവുമാണത്. അതനുസരിച്ചു ജീവിക്കുക എന്നതിനാണ് പ്രാധാന്യമുള്ളത്. ബാക്കി ആചാരാനുഷ്ഠാനങ്ങളെല്ലാം അപ്രധാനങ്ങളാണ്.
യേശുവിന്റെ ഈ അടിസ്ഥാന പ്രബോധനം ഉള്‍ക്കൊണ്ടുകൊണ്ട് ഒന്നു ജീവിച്ചുനോക്കൂ; ദൈവം എന്റെയും സകല മനുഷ്യരുടെയും പിതാവാണെന്നും സര്‍വ്വരും എന്റെ സഹോദരരാണെന്നുമുള്ളബോധത്തോടെ ജീവിച്ചുനോക്കൂ. സര്‍വ്വസാഹോദര്യഭാവത്തില്‍ ജീവിച്ചുനോക്കൂ. അപ്പോള്‍ നാമോരോരുത്തരും നവീകരിക്കപ്പെടും സമൂഹം നവീകരിക്കപ്പെടും.
'ദൈവം എന്റെ പിതാവാണ്, സര്‍വ്വരും എന്റെ സഹോദരങ്ങളാണ്' എന്ന സന്ദേശമാണ് യേശുവിന്റെ സുവിശേഷം, അഥവാ സദ്‌വാര്‍ത്ത. ഈ സദ്‌വാര്‍ത്ത ലോകം മുഴുവന്‍ എത്തിക്കാനാണ് യേശു ശിഷ്യരെ ചുമതലപ്പെടുത്തിയത്. ലോകം മുഴുവന്‍ എന്നു പറയുമ്പോള്‍, യഹൂദരെന്നോ ഗ്രീക്കുകാരെന്നോ സ്വതന്ത്രരെന്നോ അടിമയെന്നോ പുറജാതികളെന്നോ സ്ത്രീകളെന്നോ പുരുഷന്മാരെന്നോ വേര്‍തിരിവില്ലാതെ, എല്ലാവരിലും ഏക ദൈവത്വത്തിന്റെയും സര്‍വ്വസാഹോദര്യത്തിന്റേയുമായ ഈ സദ്‌വാര്‍ത്ത എത്തിക്കണമെന്നുതന്നെയാണ് യേശു ഉദ്ദേശിച്ചത്. അങ്ങനെ സര്‍വ്വരെയും ഉള്‍ക്കൊണ്ടുകൊണ്ട് സര്‍വ്വരിലേക്കും യേശുസന്ദേശം എത്തിക്കാന്‍ തയ്യാറാകുമ്പോഴാണ് സഭ (Catholic) കാതോലികം - സാര്‍വ്വത്രികം, സാര്‍വജനീനം - ആകുന്നത്.
സഭയുടെ അടിസ്ഥാനസ്വഭാവങ്ങള്‍ ഏകം, പരിശുദ്ധം, ശ്ലൈഹികം, സാര്‍വ്വത്രികം എന്നിവയാണ്. ഈ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍, ഇന്നത്തെ സഭ യേശുവിന്റെ സഭയാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാമാണ് സഭയുടെ സ്വഭാവങ്ങളെന്നു പറയുകയും അതിനെതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍ അതു കാതോലികമാകുന്നതെങ്ങനെ? പ്രിയപ്പെട്ടവരേ, കാതോലികമല്ലാത്ത സഭ, സാര്‍വ്വത്രികമല്ലാത്ത സഭ, എല്ലാ മനുഷ്യരെയും ഉള്‍ക്കൊള്ളാത്ത സഭ യേശുവിന്റെ സഭയാകുമോ എന്നു നിങ്ങള്‍തന്നെ പറയുവിന്‍. മറ്റൊരു രൂപതയില്‍നിന്ന് ഒരു വിവാഹംചെയ്താല്‍ ആ ജീവിതപങ്കാളിയെ ഉള്‍ക്കൊള്ളാതെ പുറംതള്ളുന്ന കോട്ടയം രൂപതയെ യേശുവിന്റെ സഭയുടെ ഭാഗമായി അംഗീകരിക്കാനാകുമോ, സ്‌നേഹിതരേ. മാമ്മോദീസാ മുങ്ങി ക്രൈസ്തവനാകാനാഗ്രഹിക്കുന്ന ഒരുവനോട്, 'ഇതു കോട്ടയം രൂപതയില്‍പ്പെട്ട ഒരിടവകയാണ്, ഇവിടെ പ്രവേശനമില്ല, എന്നു പറയുന്ന പുരോഹിതനെ യേശുവിന്റെ സഭയുടെ അംഗമായും ആ ഇടവകയെ സഭയുടെ ഭാഗമായും കാണാനാകുമോ എന്നു ചിന്തിക്കൂ, സഹോദരരേ.
നോക്കൂ, എത്ര ഭീകരമാണീ അവസ്ഥ! ഇന്നത്തെ നിലയില്‍ കോട്ടയം രൂപത ചെയ്യുന്നത് ദൈവനിന്ദയാണ്; ദൈവമക്കളില്‍ ഭിന്നിപ്പുണ്ടാക്കി പരമപിതാവായ ദൈവത്തെ നിന്ദിക്കലാണ്. ഇതു ഗുരുനിന്ദയാണ്, പരമഗുരുവായ യേശുവിന്റെ പ്രമാണങ്ങളെ ലംഘിച്ച് അവിടുത്തെ നിന്ദിക്കുകയാണു ചെയ്യുന്നത്. ഇത് സഭാനിന്ദയാണ്; സഭാസങ്കല്പത്തെ മുഴുവന്‍ തള്ളിക്കളഞ്ഞ് സഭയെ നിന്ദിക്കുകയാണതു ചെയ്യുന്നത്. ഇതു മാനവനിന്ദയുമാണ്; സമുദായഭ്രഷ്ടിലൂടെ മനുഷ്യാവകാശങ്ങളെ ലംഘിക്കുന്നതുവഴി മാനവികതയെ നിന്ദിക്കുകയാണ് ഈ രൂപത ചെയ്യുന്നത്; സംശയം വേണ്ട. അജ്ഞതയുടെ ഫമാണിത്. അജ്ഞതയെ സംരക്ഷിക്കുവാന്‍ തത്രപ്പെടുന്നവര്‍ അര്‍ത്ഥശൂന്യമായ പാരമ്പര്യങ്ങള്‍ നിലനിര്‍ത്താന്‍ നോക്കും. വാസ്തവത്തില്‍ സ്വയം അവഹേളിക്കലാണിത്. മലര്‍ന്നു കിടന്നു തുപ്പുന്നതിനു തുല്യമാണിത്.
യേശുവിന്റെ നാമത്തില്‍ ഇത്ര ക്രൂരമായ നിയമങ്ങളും ആചാരങ്ങളും കൊണ്ടുനടക്കുന്ന ഈ സഭയെ നമുക്കെങ്ങനെ ന്യായീകരിക്കാന്‍ സാധിക്കും? ഈ സഭ എത്ര ക്രൂരമാണെന്നു നിങ്ങള്‍ക്കു ഞാന്‍ പറഞ്ഞുതരേണ്ടതില്ല. കൈപ്പുഴ സ്‌കൂളില്‍ അധ്യാപകനായിരുന്ന എന്റെ ഒരു സുഹൃത്ത് എബ്രഹാം സാറിനെ ഇവിടെയിരിക്കുന്ന പലരും അറിയും. അദ്ദേഹം മരിച്ചപ്പോള്‍, അദ്ദേഹത്തിന്റ ഭാര്യ സെലിനെ അടക്കിയിരുന്ന ഏറ്റുമാനൂരിലെ കുടുംബക്കല്ലറയില്‍ അടക്കാന്‍, അദ്ദേഹം ഒരു കാഞ്ഞിരപ്പള്ളി രൂപതക്കാരിയെ രണ്ടാം വിവാഹം കഴിച്ചതിന്റെപേരില്‍, കോട്ടയം രൂപത സമ്മതിച്ചില്ല. ഈ നടപടി എത്ര നിഷ്ഠൂരവും മനുഷ്യത്വഹീനവുമായിപ്പോയി എന്നോര്‍ത്തു നോക്കുക. ഇത്തരം അവസരങ്ങളിലാണ് നാം പിണറായിയുടെ 'നികൃഷ്ടജീവി' പ്രയോഗം നടത്തേണ്ടത്. അത്ര നികൃഷ്ടവും സംസ്‌കാരശൂന്യവുമായിരിക്കുന്നു, ഈ വ്യവസ്ഥിതി.
ഞാന്‍ അവസാനിപ്പിക്കട്ടെ. ഇവിടെ വന്ന് നിങ്ങളോടെല്ലാം സംസാരിക്കാന്‍ അവസരം കിട്ടിയതില്‍ സന്തോഷിക്കുന്നു. നമുക്കൊരുമിച്ച് യേശുവിന്റെ അതിരില്ലാത്ത സ്‌നേഹസന്ദേശം പ്രചരിപ്പിക്കാം. ദൈവം ഏകനാണ്, മനുഷരെല്ലാം സഹോദരരാണ് എന്ന കാഴ്ചപ്പാടില്‍ ജീവിക്കാം. ഈ സന്ദേശം നമ്മുടെ മക്കള്‍ക്കു പകര്‍ന്നുകൊടുക്കുകയും ചെയ്യാം. അതിനായി, ഒരു മിനിറ്റ് എണീറ്റ് നിന്ന് ഞാന്‍ ചൊല്ലിത്തരുന്ന ഈ പ്രതിജ്ഞാവചനങ്ങള്‍ ഏറ്റു ചൊല്ലണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.
''സര്‍വ്വജ്ഞനായിരിക്കുന്ന ദൈവത്തെയും എന്റെ ഗുരുവും കര്‍ത്താവുമായിരിക്കുന്ന യേശുവിനെയും ഇവിടെ സന്നിഹിതനായിരിക്കുന്ന എല്ലാവരെയും സാക്ഷികളാക്കി എന്റെ നെഞ്ചില്‍ കൈവച്ചുകൊണ്ട് ഞാന്‍ പ്രതിജ്ഞ ചെയ്യുന്നു:
സര്‍വ്വത്തിന്റെയും സ്രഷ്ടാവും പരിപാലകനുമായ ദൈവം സര്‍വ്വമനുഷ്യരുടെയും പിതാവാകുന്നു. സര്‍വ്വമനുഷ്യരുടെയും മാതാവുമാകുന്നു. സര്‍വ്വമനുഷ്യരും എന്റെ സഹോദരങ്ങളാകുന്നു. ജാതിയുടെയോ മതത്തിന്റെയോ സമുദായത്തിന്റെയോ ശരീരനിറത്തിന്റെയോ സമ്പത്തിന്റെയോ ഭാഷയുടെയോ വിദ്യാഭ്യാസ
ത്തിന്റെയോ ഒക്കെ പേരില്‍ യാതൊരു മനുഷ്യനോടും ഞാന്‍ ഒരു വിധത്തിലുമുള്ള വിവേചനവും കാട്ടുകയില്ല. വിവേചനം കാട്ടുന്ന സര്‍വ്വരെയും സര്‍വ്വ ശക്തിയോടുംകൂടി ഞാന്‍ എതിര്‍ക്കുന്നതായിരിക്കും. പിതാവും മാതാവുമായ ദൈവമേ, എന്റെ പരമഗുരുവായ യേശുവേ, ഈ പ്രതിജ്ഞ നിറവേറ്റാന്‍ എന്നെ അനുഗ്രഹിക്കണമേ! ഫോണ്‍: 9447567486
"ശുദ്ധരക്തമെന്ന സാത്താന്‍റെ കല്പനയും, ഗതികിട്ടാതലുയുന്ന ക്നനായ അജഗണവും"
ReplyDeleteപാലാക്കാരി ഒരു പെന്മാഹിമ, സ്വിറ്റ്സര്‍ലന്‍ഡില്‍ കുറേക്കാലം കര്‍ത്താവിന്‍റെ മണവാട്ടിയായി കത്തോലിക്കാ സഭയെ സേവിച്ചു മടുത്തപ്പോള്‍, ജീവിതം വാടാറാകും മുന്‍പേ ഒരുമനുഷ്യന്റെ മണവാട്ടിയാകാന്‍ കൊതിമൂത്ത് socallled കപടകന്യകാത്ത്വം വെടിഞ്ഞു, ഒരു കുഞ്ഞിന്റെ അമ്മയാകാന്‍ / കന്യാമറിയത്തെപ്പോലെ മുലയൂട്ടി മാതാവാകാന്‍, കഴിഞ്ഞയാഴ്ച എന്റെ ഒരു സ്നേഹിതറെ അനുജന്റെ മണവാട്ടിയായി ലോഹ ഊരി സാരിയിലായി ! ഇന്നലെ ആ യുവമിഥുനങ്ങള്‍ എന്റെ വീട്ടില്‍ വിരുന്നുവരികയുണ്ടായി ... എന്റെ നൂറ്റിനാല്പത് ക്രിസ്ത്യന്‍ സോങ്ങ്സ് (സാമസന്ഗീതവും)mp3 യും, അപ്രിയയാഗങ്ങളുടെ (കവിതാസമാഹാരം) സമ്മാനമായി അവര്‍ക്ക്കൊടുത്തതിനു ശേഷം, ഉഴവൂരെ ക്നാനായഅടിമകളുടെ സംഗമത്തില്‍ ഞാന്‍ അവതരിപ്പിച്ച " ഘര്‍വാപസിയും, രക്ഷപെടാനുള്ള ഏക മാര്‍ഗമായി, ഹിന്ദുക്കളുമായുള്ള നമ്മുടെ മിശ്ര വിവാഹവും" പുതുമണവാട്ടിയോടു അവതരിപ്പിച്ചു ! ആ പഴയ കന്യാസ്ത്രീ അതുകേട്ടു പൊട്ടിച്ചിരിച്ചു എന്റെ ആശയം സമ്മതിച്ചു ! കപടവേഷധാരികളായ ഈ വിവരദോഷി പാതിരിപ്പടയുടെ അടിമത്ത്വത്തില്‍ നിന്നും രക്ഷപെടാന്‍ നമ്മുടെ പിതാകന്മാരുടെ പൂര്‍വമതമായിരുന്ന ഹിന്ദുമതത്തിലെ പ്രജകളുമായി നമ്മുടെ വരുംതലമുറ വിവാഹജീവിതം തുടങ്ങുക ! അതോടെ കത്തനാരും അവന്റെ കൂദാശത്തട്ടിപ്പും, നമുക്കും കാലത്തിനും അകലെ അകലെ അകലെ ...അങ്ങിനെ ഇന്നത്തെ കള്ളപ്പാതിരി അധ്വാനിക്കുന്നവും ഭാരം ചുമക്കുന്നവനുമായി, കര്‍ത്താവിനു പ്രിയനുമാകും !