Translate

Thursday, May 21, 2015

പത്തംഗ മത്തങ്ങാക്കമ്മറ്റി!


ആലഞ്ചേരി പിതാവിന്റെ സപ്തതി സമുചിതമായി തന്നെ ആഘോഷിച്ചില്ലെന്ന്, ആർക്കും പറയാൻ സാധിക്കില്ല. കേക്കു മുറിക്കാൻ സാക്ഷാൽ മമ്മൂട്ടി തന്നെ വന്നില്ലേ? രണ്ടൂപേരും ഒരേ മേഖലയിൽ തൊഴിൽ ചെയ്യുന്നവരാണെന്നും, സഭയും സിനിമയും തമ്മിൽ യാതൊരു വ്യത്യാസവുമില്ലെന്നും, ഒന്നമ്മയുടെ കീഴിലാണെങ്കിൽ മറ്റേത് അച്ചന്റെ കീഴിലാണെന്ന വ്യത്യാസമേയുള്ളൂവെന്നും, ഒന്നു പുറം കാണിച്ചും മറ്റേത് അകം കാണിച്ചുമാണ് പണം ഉണ്ടാക്കുന്നതെന്നുമൊക്കെ വാദിക്കുന്നവരും കാണും. മനുഷ്യേനെന്താ പറയാൻ വയ്യാത്തെ? ക്രിസൊസ്റ്റോം തിരുമേനിയുടെ 98, മോഹൻലാൽ വട്ടയപ്പം മുറിച്ചാണ് ആഘോഷിച്ചതെന്നും ഓർക്കണം. വന്നു വന്നു പൗരോഹിത്യ രജത ജൂബിലിക്കു കലാഭവൻ മണിയും, കന്യാസ്ത്രികളുടെ ജൂബിലികൾക്ക് ഉർവ്വസിയും സിനഡിനു ഗ്രൂപ്പ് ഡാൻസുമൊക്കെ നിർബന്ധം എന്നു വന്നു കൂടായ്കയില്ല. എന്തൊക്കെയാണെങ്കിലും സിനിമായും സഭാക്രമങ്ങളും ഒരു ഫോർമുലായിൽ ആണ് ഉറപ്പിച്ചിരിക്കുന്നത്. രണ്ടിന്റെയും വ്യാജ സി ഡി യും ധാരാളം. ഒരു ധ്യാനത്തിന്റെ പരസ്യം അവസാനിക്കുന്നത്, 'രോഗശാന്തി പ്രാർഥനയും, ആന്തരിക സൗഖ്യ പ്രാർഥനയും, കുടുംബ നവീകരണ പ്രാർഥനയും, പരി. ആത്മ അഭിഷേക പ്രാർഥനകളും ഉണ്ടായിരിക്കുമെന്നു സംഘാടകർ പ്രത്യേകം അറിയിക്കുന്നു എന്നു കൂടി കാണിച്ചല്ലേ? സഭയും സിനിമയും തമ്മിലുള്ള പൊരുത്തങ്ങൾ ഒരിക്കലും തീരില്ല. 

നമ്മുടെ പണ്ടത്തെ ഹൈറേഞ്ച് സംരക്ഷണ സമിതിയെ ഓർമ്മിക്കുന്നുണ്ടായിരിക്കുമല്ലൊ. അതിന്റെ അമരക്കാരൻ അച്ചൻ കുറച്ചു നാൾ മുൻപ് ഈ സമിതി രാഷ്ട്രിയം ഉപേക്ഷിക്കുകയാണെന്നു പറഞ്ഞതായി ഞാനും പത്രങ്ങളിൽ വായിച്ചിരുന്നു. അവിടുത്തെ എം പി ഒരു മന്ത്രിയുടെ കോളറിനു കേറി പിടിച്ചെന്നു കേട്ടപ്പോഴെ കരുതിയതാ കോളറുള്ള ഉടുപ്പുകൾ ഇടുന്നവർ അടിയന്തിരമായി രാഷ്ട്രീയം വിടാൻ തയ്യാറായേക്കും എന്ന്. ഇപ്പോൾ കൊച്ചുപുരക്കൽ അച്ചൻ പറഞ്ഞെന്നു കേൾക്കുന്നു സമരം നിർത്താൻ പോകുന്നില്ലായെന്ന്; അത്തരം പ്രചാരണങ്ങൾ കരുതിക്കൂട്ടി ആരൊ ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞെന്നു കേട്ടു. ചിലരല്ലെങ്കിലും അങ്ങനെയാ. കൊള്ളാനുള്ളത് കൊണ്ടേ അടങ്ങൂ. 

സഭക്കു വേണ്ടിയും സമൂഹത്തിനു വേണ്ടിയും ഇങ്ങിനെ നാട്ടുകാരെ ഭരിച്ചാണെങ്കിലും നയിച്ചാണെങ്കിലും ജീവിക്കുന്ന വൈദികരുടെയും കന്യാസ്ത്രികളുടെയും കഥകൾ കേട്ടാൽ ആരും കരഞ്ഞുപോകും. അവസാനകാലം വെറും വെയിസ്റ്റ് പോലെയാണവർ പ്രീസ്റ്റ് ഹോമുകളിലും മഠങ്ങളിലുമൊക്കെ കഴിയുന്നത്. 'അപ്പനു കഞ്ഞി വേണോ പയറു വേണോ' എന്നൊക്കെ ചോദിച്ചു, മരിക്കാൻ കിടക്കുന്ന അപ്പനു ചുറ്റും മക്കളു നിൽക്കുന്നതു കണ്ടിട്ടില്ലെ? അതിവർക്കു വിധിച്ചിട്ടില്ല. രാത്രിയിൽ മരണപെട്ട ഒരു കന്യാസ്ത്രിയുടെ കഥ കേൾക്കാൻ ഇടയായി. കൂട്ടു കന്യാസ്ത്രികൾ കാണൂമ്പോൾ രക്തത്തിൽ കുളിച്ചു തറയിൽ കിടക്കുന്നു. അച്ചന്മാരും കന്യാസ്ത്രികളും കൂടുതൽ മരിക്കുന്നതു രാത്രികളിലാണൊ കർത്താവെ? അത്മായൻ സഭക്കു വെയിസ്റ്റ് ആകുമ്പോലെ ഇവരും സഭക്കു വെയിസ്റ്റ് ആകുന്നു. അത്മായനെ സഹായിക്കാൻ ആരെങ്കിലും കാണും, ഇവർക്ക് ആരും കാണില്ല. എഡ്വിൻ അച്ചനും ഒരു വെയിസ്റ്റ് ആയില്ലെ? സങ്കടം തോന്നുന്നു.

ഞാൻ ചിലപ്പോൾ കാഞ്ഞിരപ്പള്ളീ മെത്രാന്റെ കാര്യം ഓർക്കും. വെടീം പടക്കോം രണ്ടെണ്ണം കൂടുതൽ പൊട്ടിച്ചാ അങ്ങേര് അധികാരം ഏറ്റത്. ആദ്യം ദീപികയിൽ തൊട്ടു, അതു ശരിയായി. മെത്രാന്മാർ ഉണ്ടാക്കുന്ന ഏതു കമ്മറ്റിയിലും കറിയിൽ കരിയാപ്പില പോലെ അദ്ദേഹവും കാണും എന്ന സ്ഥിതിയായി. അങ്ങേരുടെ പേരിൽ സഭയിൽ രണ്ട് അത്മായ സംഘടനകൾ ഉണ്ട്. ഒന്നിൽ ഒരത്മായൻ മാത്രം; അതെനിക്കു കൃത്യം അറിയാം. ആ നിലക്ക് സഭയിൽ ദശാംശം പ്രത്യക്ഷപ്പെട്ടതിനു പിന്നിലും, താമരക്കുരിശിനു പിന്നിലും എല്ലാം അദ്ദേഹത്തിന്റെ കരസ്പർശം ആരെങ്കിലും കണ്ടെങ്കിൽ കുറ്റപ്പെടുത്താൻ പറ്റുമോ? റോമിലെ ക്യുരിയാ ഹൗസിനു പിന്നിലും അദ്ദെഹം സജീവമായി ഉണ്ടായിരുന്നിരിക്കണമല്ലോ! അദ്ദേഹം താമര കുരിശും പൊക്കിപ്പിടിച്ചോണ്ട് റോമിൽ നിൽക്കുന്ന ഫോട്ടോ കാണാത്തവരുണ്ടോ? അവിടുത്തെ സീറോ മലബാർ മലയാളീ ഹൗസിൽ എന്തൊ സംഭവിച്ചെന്നു ഇപ്പോ കേൾക്കുന്നു. മെൽബോണിലെ കത്തീദ്രൽ പള്ളിപോലെ അത് ആവിയായെന്നും കേൾക്കുന്നു. കേൾക്കാൻ ആരുടെയും അനുവാദം വേണ്ടല്ലൊ. കേട്ടെന്നു പറഞ്ഞതു കൊണ്ട് തൂക്കി കൊല്ലാനും പോകുന്നില്ലല്ലൊ. കാഞ്ഞിരപ്പള്ളിയിൽ കത്തീദ്രൽ പള്ളിയും പഴയ പള്ളിയും തമ്മിൽ തുരങ്കം പോലെ എന്തോ കൊണ്ട് ബന്ധിപ്പിക്കാൻ കുറെ കോടികൾ മുടക്കി; അതു പോയിയെന്നും പോയില്ലെന്നും പറയുന്നവരുണ്ട്. മോനിക്കായുടെ കണക്കിൽ വരവ് അഞ്ചെക്കർ പൊന്നിൻ പുരയിടം, സഭക്കുണ്ടായ നാണക്കേട് ഒരു പത്തേക്കർ കയത്തിൽ മുങ്ങിയാലും തീരുമൊ? കാഞ്ഞിരപ്പള്ളി കഥകൾ പറയുന്നവൻ മടുക്കും, അത്രേയുള്ളൂ. പറഞ്ഞത് കാക്കനാട് ഉണ്ടാക്കുന്ന കോർ കമ്മറ്റിയിൽ അറക്കൽ അദ്ദെഹം കൂടി ഉണ്ടെങ്കിൽ മെത്രാൻ-അത്മായാ യുദ്ധം എപ്പൊ തീർന്നെന്നു ചോദിച്ചാൽ മതി എന്നാണ്. 

മെത്രാൻ 75 ൽ വിരമിക്കണം. അതാണല്ലൊ കാനോൻ പറയുന്നത്. തന്റെ നാളുകൾ എണ്ണപ്പെട്ടുവെന്നും കാഞ്ഞിരപ്പള്ളീ മെത്രാൻ മുന്നെ കണ്ടു കാണണം. അതിനു തടയിടാൻ, 75 കഴിഞ്ഞ അച്ചന്മാർക്കു ഇപ്പോൾ പള്ളികൾ കൊടുത്തു തുടങ്ങി. ഇതിനു മുമ്പുള്ള അനുഭവം വെച്ചു നോക്കിയാൽ, ഒന്നും കാണാതെ അപ്പൻ ഇന്നേവരെ കുടിക്കാൻ പോയിട്ടില്ല. അധികാരം കിട്ടിയാൽ പിന്നെ പറിയത്തുമില്ല, കമ്പ്ലീറ്റ് നശിപ്പിച്ചിട്ടെ പോകൂ താനും. ഈ വർഗ്ഗത്തെ ആരു മേയിക്കും കർത്താവേ? സ്വന്തം പെങ്ങടെ മകനെ മെത്രാൻ ആക്കാൻ ശ്രമിച്ച അങ്ങാടിയത്തോ?

അത്മായശബ്ദം വായിക്കുന്നവരും ഫെയിസ് ബുക്കിൽ കറങ്ങുന്നവരും ഓർക്കുക, കൈരളീദുരന്തം ഉണ്ടായതിൽ പിന്നെ ചാനലുകാരെ നേരിടാൻ തേലക്കാട്ടച്ചനെ ഒറ്റക്കു വിടരുതെന്നു തീരുമാനമുണ്ട്. എന്നും വെച്ചു, മറുപടി പറയാൻ ആളില്ലാത്തതു കൊണ്ട് അവരെപ്പറ്റി എന്തും പറയാമെന്നു കരുതരുത്. സഭ എന്തും ചെയ്യട്ടെ; നാം അത്മായർ സത്യവും ധർമ്മവും ഒരിക്കലും കൈവിടരുത്. 

ഇപ്പോ ആലഞ്ചെരി അടിയന്തിര കമ്മറ്റി വിളിച്ചു കൂട്ടേണ്ടി വന്നില്ലേ, എറണാകുളത്ത്? കമ്മറ്റിയിൽ അംഗങ്ങൾ പരസ്പരം ചോദിച്ചത്, ഈ സഭയെ എങ്ങിനെ നേരെയാക്കാം എന്നാണെന്നും അതിനു ഒരു പത്തംഗ മത്തങ്ങാ കമ്മറ്റി ഉണ്ടാക്കിയെന്നും ബെന്നിച്ചൻ എന്നെ വിളിച്ചു പറഞ്ഞു. കൂടുതൽ വിവരങ്ങൾ കിട്ടുന്ന മുറക്കു പറയാമെന്നും ബെന്നിച്ചൻ ഉറപ്പു പറഞ്ഞിട്ടുണ്ട്. എടപ്പള്ളിയിലെ ലുലു പള്ളി ആദ്യം പൊളിക്കട്ടെ. യൂദാ തദേവൂസല്ല, സാക്ഷാൽ പത്രോസ് തന്നെ വന്നാലും അവിടുത്തെ ശരിയായ കണക്കു പുറത്തു വരാൻ പോകുന്നില്ല. 

കത്തൊലിക്കാ സഭ രണ്ടും കൽപ്പിച്ചു തന്നെ മുന്നോട്ടു പോകുന്നു; മൂന്നിരട്ടി വീഞ്ഞു വാറ്റാനുള്ള ലൈസൻസിനാണൂ ഇപ്രാവശ്യം ഏറനാകുളത്തെ പള്ളി വാറ്റുകാർ അപേക്ഷിച്ചിരിക്കുന്നത്. വെട്ടുകത്തി, വാക്കത്തി ഇവ പണിയാനും അവർ അപേക്ഷിച്ചിട്ടുണ്ടൊയെന്നു തിരക്കുന്നതു കൊള്ളാം. ഞള്ളാനി, ഇപ്പൻ, മൂലേച്ചാലിൽ സഹോദരന്മാർ തുടങ്ങിയവർ ഏതായാലും സൂക്ഷിക്കുക. അംഗസംഖ്യ കുത്തനെ കുറയുന്നു എന്നു ദേശീയ സർവ്വെയിൽ എടുത്തു പറയുന്ന നമ്മുടെ സഭയിൽ, കൂടുതൽ വീഞ്ഞ് ആവശ്യം വന്നുവെന്നു പിതാവു പറഞ്ഞാൽ അതുപയൊഗിക്കുന്നവർ വർദ്ധിച്ചു എന്നു നാം മനസ്സിലാക്കിയാൽ മതി. ഇപ്പോ ഒരു വികാരിയച്ചനെ മാത്രമെ പോലീസ് അന്വേഷിക്കുന്നുള്ളൂ. അടുത്ത വർഷം അതൊരു മെത്രാനെ തന്നെ ആയേക്കാം. 


No comments:

Post a Comment