Translate

Monday, May 25, 2015

മറ്റൊരു ജോവാൻ ഓഫ് ആർക്ക്?

ഞാറയ്ക്കൽ സംഭവത്തിൽനിന്ന് 
മറ്റൊരു ജോവാൻ ഓഫ് ആർക്ക്?
ജോവാൻ ഓഫ് ആർക്ക് - ദുർമന്ത്രവാദിയെന്നു മുദ്രകുത്തി കത്തോലിക്കാസഭ ചുട്ടുകൊല്ലുകയും പിന്നീട് അതേ സഭതന്നെ സി. അൽഫോൻസയെപ്പോലെ വിശുദ്ധ ആക്കിയാക്കിയതുവഴി കാശുണ്ടാക്കാൻ സഭയെ സഹായിക്കുകയും ചെയ്ത ഫ്രാൻസിലെ ധീരവനിത! സാഹചര്യം വ്യത്യസ്തമാണെങ്കിലും തന്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് ഏതാണ്ട് അതേ നിലവാരത്തിൽ അനീതിക്കും അക്രമത്തിനുമെതിരെ പോരാടുകയും മാറ്റൊരു അഭയയാവാതെ അത്ഭുതകരമായി രക്ഷപെടുകയും ചെയ്ത സന്യാസിനിയാണ് സി. ടീന സി.എം.സി. അവരും ഞാറയ്ക്കൽ പ്രശ്നവുമായുള്ള ബന്ധം വ്യക്തമാക്കുന്നതിനു മുൻപ് അവരെ ഒന്നു പരിചയപ്പെടുത്താം.
ചേടത്തിയും അനിയത്തിയും മഠത്തിൽ ചേരാൻ വാശിപിടിച്ച് ആദ്യം അനിയത്തിയും പിന്നീട് ചേടത്തിയും ഒരേ സന്യാസസഭയിൽ അംഗമായതിൽ അനിയത്തിയാണ് സി.. ടീന. ജ്യേഷ്ഠസഹോദരിയാണ് സി. ആനി ജെയ്സ്. സന്യാസിനിയായ ശേഷം കുട്ടികൾക്ക് കരിയർ ഗൈഡൻസും പരിശീലനവും നൽകുന്ന സെന്റ് മേരീസ് വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചുമതല ആയിരുന്നു സി. ടീനയ്ക്ക്- 1988 മുതൽ. പിന്നീട് അതിന്റെ കീഴിൽത്തന്നെയുള്ള സെന്റ് മേരീസ് പ്രസിന്റെ ചുമതലകൂടി കിട്ടി. കൂടാതെ സെന്റ് അഗസ്റ്റിൻസ് അനാഥാലയത്തിന്റെ ചാർജും; ഒപ്പം അതിന്റെതന്നെ കീഴിലുള്ള എസ്റ്റേറ്റിന്റെ ചുമതലയും. ചേച്ചിയാകട്ടെ അവിടെത്തന്നെയുള്ള സെന്റ് മേരീസ് ടെക്നിക്കൽ സ്കൂളിലെ അധ്യാപിക. ഈ സ്കൂളിന്റെ ഭാഗം തന്നെയാണ് വൊക്കേഷണൽ ട്രെയിനിങ് ഇൻസ്റ്റിസ്റ്റ്യൂട്ട്.
അങ്ങനെയിരിക്കെ 1992ൽ ഒരു സംഭവമുണ്ടായി. 17 വയസുകാരിയായ ഒരു ഹിന്ദുപെൺകുട്ടി വീട്ടിൽ നിന്നും ഒളിച്ചോടി എറണാകുളത്തെത്തി. അവിടെവെച്ച് ഒരു മുസ്ലിം യുവാവുമായി പരിചയപ്പെടുകയും അവനും കൂട്ടുകാരനുംകൂടി തേവര കോളെജിലെ അധ്യാപകനായ ഫാ.. തൂണേലി സി.എം.ഐ. വഴി ടി കുട്ടിയെ സെന്റ് അഗസ്റ്റ്യൻസ് അനാഥാലയത്തിൽ എത്തിക്കുകയും ചെയ്തു. ദിവസങ്ങൾ കടന്നു പോകവെ പെൺകുട്ടിക്ക് അസ്വസ്ഥത. ചുമതലക്കാരിയായ സി. ടീന കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംശയം നിശ്ചയമായി - കുട്ടി ഗർഭിണിയാണ്! കോളെജിൽ പഠിക്കുന്ന കൂട്ടുകാരനെ ബന്ധപ്പെട്ട് മുതലു കൈപ്പറ്റാൻ ആവശ്യപ്പെട്ടു. പയ്യൻ കരഞ്ഞു കാലുപിടിച്ചുപറഞ്ഞു – തനിക്കു യാതൊരു മനസറിവുമില്ല. എങ്കിൽ മറ്റവനെ കണ്ടുപിടിക്കാൻ സഹായിക്കണമെന്നു ടീന നിർദ്ദേശിക്കുകയും അവനതു കൃത്യമായിത്തന്നെ ചെയ്യുകയും ചെയ്തു. വളരെ തന്ത്രപൂർവം കരുക്കൾ നീക്കി ഉത്തരവാദിയെ പിടികൂടി. അവനോടു ലോഹ്യത്തിൽ പറഞ്ഞുനോക്കി, പയ്യൻ വഴങ്ങുന്നില്ല. പെൺകുട്ടിയും കഴിഞ്ഞതൊക്കെ ഓർമ്മിപ്പിച്ചു. പയ്യൻ അടുക്കുന്നില്ല. ശബ്ദമുയർന്നു. നാട്ടുകാരറിഞ്ഞു. ആളുകൂടി. പൊലീസെത്തി. സ്റ്റേഷനിലെത്തി. ഇരുവീട്ടുകാരെയും വിളിച്ചുവരുത്തി. കാര്യം സാധിക്കാൻ മതം തടസമായില്ലെങ്കിലും അന്യമതത്തിൽപ്പെട്ട പെൺകുട്ടിയെ സ്വീകരിക്കാൻ പയ്യനൊ വീട്ടുകാരൊ തയ്യാറായില്ലത്രെ! ഒടുവിൽ പണം കൊടുത്ത് അമ്മയുടെകൂടെ പെൺകുട്ടിയെ പൊലീസ് പറഞ്ഞുവിട്ടു! മുൻപരിചയത്താൽ അമ്മ വഴിതെറ്റാതെ ആശുപത്രിയിലെത്തി പ്രശ്നപരിഹാരം നടത്തി.
പിന്നീടാണു കഥയുടെ സസ്പെൻസ്... പെൺകുട്ടിക്ക് സി. ടീനയെ മതി!. പൊലിസതാ പെൺകുട്ടിയുമായി വീണ്ടും അനാഥാലയത്തിൽ! അല്ലെങ്കിൽ അവൾ വണ്ടിയിൽനിന്നു ചാടി ചാവുമത്രെ! പക്ഷെ, അവളെ അനാഥാലയത്തിലെടുക്കാൻ മറ്റു സിസ്റ്റേഴ്സ് സമ്മതിക്കുന്നില്ല. ഗത്യന്തരമില്ലാതെ ടീന അവളെ മദർ തെരേസാ കോൺവെന്റിൽ ഏൽപ്പിച്ചു. പിന്നീട് കോടതിയിൽ നിന്ന് കടലാസെത്തുകയും പെൺകുട്ടിയെ കോടതിയിലെത്തിക്കേണ്ട ചുമതല വന്നുകൂടുകയും ചെയ്തപ്പോഴാണു താനൊരു ഊരാക്കുടുക്കിലാണ് അകപ്പെട്ടിരിക്കുന്നതെന്ന് സി. ടീന തിരിച്ചറിഞ്ഞത്. പൊലീസിന്റെ പക്ഷപാതവും നിരുത്തരവാദിത്തവും കേസിന്റെ നൂലാമാലയും സി. ടീനയെ ഒരു തീരുമാനത്തിലെത്തിച്ചു- നിയമം പഠിക്കണം. അങ്ങനെ 1998ൽ 47മത്തെ വയസിൽ സി. ടീന നിയമപഠനത്തിനു ചേർന്നു.
2002ൽ പാസായി പുറത്തുവന്നപ്പോഴാണു അടുത്ത പാര! സന്നത്തെടുക്കുന്നതിന്റെ തലേന്നു വൈകിട്ട് 5 മണിക്ക് അതിൽനിന്നു ബാർ കൗൺസിൽ സി. ടീനയെ വിലക്കിക്കൊണ്ടുള്ള കത്തു നൽകി. കാരണം, സന്യാസം ഒരു തൊഴിലാണ്. ഒരു തൊഴിലിൽ ഏർപ്പെട്ടിരിക്കുന്നവർ വക്കീൽ പ്രക്ടീസ് ചെയ്യാൻ പാടില്ല. കേസായി.... ടീന കേസ് ജയിക്കുകതന്നെ ചെയ്തു – 2006 മെയ് 26നു പ്രാക്റ്റീസാരംഭിച്ചു. (ഈ വിധിവഴി 6 പുരോഹിതർകൂടി രക്ഷപെട്ടു. ഈ കേസിന്റെ ക്രെഡിറ്റ് അതിലെ തോമസ് പുതുശേരി എന്ന ‘മിടുക്കൻ പുരോഹിതൻ തട്ടിയെടുത്തു എന്നതു വിധിവൈപിരിത്യം) അതേ വർഷമാണല്ലോ ഞാറയ്ക്കലിൽ സഭയുടെ വിമോചകൻ ഫാ. ആന്റണി ചിറപ്പണത്തിന്റെ രണ്ടാം വരവും സംഘർഷങ്ങളും; ഒടുവിൽ ചിറപ്പണത്തെ ഇടവകക്കാർ ഓടിക്കുന്നതും! ഇതിനിടയിൽ ചേച്ചി സി. ആനി ജെയ്സ് റിട്ടയർ ആയി. അവരെ ഞാറക്കൽ ഇംഗ്ലിഷ് മീഡിയം സ്കൂളിന്റെ പ്രിൻസിപ്പലായി സി.എം.സി. സഭ നിയമിച്ചു. തുടർന്ന് അവതീർണനായ ഫാ. കരിയാറ്റിയാണല്ലൊ സംഘർഷം മഠത്തിനുള്ളിലെത്തിച്ചത്. (കരിയാറ്റിക്ക് മഠത്തിന്റെ ശാപം ഏറ്റു. രോഗം ബാധിച്ച് ഫാ. കരിയാറ്റി മൂന്നു മാസത്തിനുള്ളിൽ മരണമടഞ്ഞു.)
2009 ആഗസ്റ്റ് 25ലെ കോൺവെന്റ് ആക്രമണത്തിൽ സി. റെയ്സിക്ക് ഗുരുതരമായി പരിക്കേറ്റ വിവരമറിഞ്ഞ് എറണാകുളം പ്രൊവിൻസിന്റെ എഡ്യുക്കേഷൻ കൗൺസിലറായ സി.നീനപോൾ ആവശ്യപ്പെട്ടതനുസരിച്ച് സി. ടീന എറണാകുളം ജനറൽ ആശുപത്രിയിൽ എത്തി സി. റെയ്സിയോട് വിവരങ്ങൾ മനസിലാക്കി. തന്റെ നിയമപരിജ്ഞാനം ഉപയോഗപ്പെടുത്തി, സ്വന്തം സഹോദരിമാർക്കു വേണ്ടി പൊരുതാൻ ടീന നിശ്ചയിച്ചു. പക്ഷേ, അതൊരു വലിയ തെറ്റാണെന്നും തന്റെ ജീവിതവും ജീവനുംവരെ വിലയായി നൽകേണ്ടിവരുമെന്നും അവർ, വഴിയേ അനുഭവിച്ചറിഞ്ഞു. കേസിൽ നിന്നു പിന്മാറണം എന്നാവശ്യപ്പെട്ട് മദർ ജനറൽ മുതൽ മെത്രാൻവരെ വെറുതെ പറയുക മാത്രമല്ല, ഭീഷണിപ്പെടുത്തുകതന്നെ ചെയ്തു..
അതേക്കുറിച്ച് ടീന പറയുന്നു - ‘രാപകൽ സമ്മർദ്ദവും ഭീഷണിയും... മദർ ജനറൽ സി. എഡ്വേർഡ് ഒരു ദിവസം വൈകീട്ട് ആറരമണിക്ക് തുടങ്ങിയ ചർച്ച അർദ്ധരാത്രിയും കഴിഞ്ഞ് വെളുപ്പിനു 3 മണിയായതോടെ എനിക്ക് തലചുറ്റൽ വന്നു... ഛർദ്ദിക്കാൻ വരുന്നു... ഞാൻ പ്രൊവിഷ്യാളമ്മയോടു പറഞ്ഞു, എന്റെയമ്മേ, എനിക്കു വയ്യ, ഞാൻ ഒരിത്തിരി നേരം കിടക്കട്ടെ... ദിവസങ്ങളോളം ഞാൻ ഉറക്കമില്ലാതെ കിടന്നിട്ടുണ്ട്...’ സഭാധിക്കൃതർക്ക് ഒന്നേ പറയാനുള്ളു. ‘ഞാറക്കൽ സിസ്റ്റേഴ്സിനോട് കേസിൽ നിന്നു പിന്മാറാൻ പറയൂ.... സ്കൂൾ നമുക്കു വേണ്ട. അതു വിട്ടുകൊടുക്കാൻ പറയൂ. ടീന പറഞ്ഞാലേ അവർ കേൾക്കു... ടീനയ്ക്ക് വേണ്ടതെന്താന്നു വെച്ചാൽ ചോദിച്ചോ... മോൾക്കു ഞങ്ങൾ തരാം...’ എന്നാൽ, സ്വന്തം സഹോദരങ്ങളെ വഞ്ചിക്കാൻ ടീന തയാറായില്ല.
3 ദിവസങ്ങൾക്കു ശേഷം 2009 ജൂൺ 3നു എറണാകുളം റാണിമാതാ കോൺവെന്റിലെ അംഗമായ സി. ടീന കൂനമ്മാവിൽനിന്നും എറണാകുളത്തേക്ക് കെഎസ്.ആർ.ടി.സി ബസിൽ യാത്ര ചെയ്യുകയായിരുന്നു. ബസ് 2 കി.മീ. പിന്നിട്ടപ്പോൾ സി. ടീന ബസിൽ നിന്നും തെറിച്ച് റോഡിൽ വീണു?! മഠത്തിലും മെത്രാസനത്തിലും വിവരം അറിയിച്ചു.. മറുപടി ക്രൂരമായിരുന്നു... അവരുടെ കാര്യത്തിൽ ഞങ്ങൾ ഇടപെടുകയില്ല. അവരെ സഹായിക്കാൻ വേറെ ആളുകളുണ്ട്!! ആരൊക്കെയോ ചേർന്ന് സി. ടീനയെ ലിസ്സി ആശുപത്രിയിൽ എത്തിച്ചു... വലതുകാലിൽ രണ്ടൊടിവ്, തോളെല്ലു തകർന്നു, വലതുവശത്തെ വാരിയെല്ലുകൾ നാലെണ്ണം ഒടിഞ്ഞു. തലയിൽ പതിനെട്ടു കുത്തിക്കെട്ട്...!!! എട്ടു ദിവസം അബോധാവസ്ഥയിൽ...! ബോധം തെളിഞ്ഞപ്പോഴോ... ശരീരം മുഴുവൻ പ്ലാസ്റ്ററിട്ട് പരസഹായമില്ലാതെ അനങ്ങാൻകൂടി കഴിയാത്ത അവസ്ഥ...
ഈ അവസ്ഥയിൽ കഴിയുന്ന ആളോടു ചെയ്യേണ്ടതുതന്നെ സഭാധികാരികൾ ചെയ്തു-ഒരു ‘ഫത്വാ’ പുറപ്പെടുവിച്ചു -‌ ‘കോൺവെന്റിലുള്ള ആരും ടീനയെ കാണുകയോ ടീനയോടു മിണ്ടുകയോ അവരുടെ കാര്യത്തിൽ ഇടപെടുകയൊ ചെയ്യാൻ പാടില്ല...’ ടീനയെ ആശുപത്രിയിൽനിന്നു ഡിസ്ചാർജ് ചെയ്യിക്കുന്നതിന്റെ തലേദിവസം - ജൂൺ 26 - അന്നത്തെ ദീപികപ്പത്രത്തിൽ എറണാകുളം ബിഷപ്പ് തോമസ് ചക്യത്തിന്റെ കുബുദ്ധിയിൽ വിരിഞ്ഞ ആ അപൂർവമായ പരസ്യം സി. ടീനയുടെ ചിത്രം സഹിതം വന്നു... ‘സി.. ടീനയെ സഭാവിരുദ്ധപ്രവർത്തനങ്ങളുടെ പേരിൽ സി.എം.സി. സഭയിൽ നിന്നും പുറത്താക്കിയിരിക്കുന്നു...’ പുറത്താക്കപ്പെട്ടയാളിന്റെ അറിവിലേക്കായി ദീപികയുടെ ഒരു പ്രതി ടീന കിടന്നിരുന്ന മുറിയുടെ കതകിനടിയിലൂടെ തള്ളിവെച്ചിരുന്നു! അങ്ങനെ ചരിത്രത്തിൽ കേട്ടുകേൾവിപോലുമില്ലാത്ത ഒരു പുതുചരിതം സഭാധികാരികൾ സഭയിൽ എഴുതിച്ചേർത്തു - പത്രപ്പരസ്യം നൽകി ഒരു സന്യാസിനിയെ സഭയിൽനിന്നു പുറത്താക്കി....! കാരണം, ടീനയ്ക്കു  ബോധം തെളിഞ്ഞതോടുകൂടി അധികാരികൾക്കും ബോധം തെളിഞ്ഞു, പണി പാളിയെന്നും; പുറത്താക്കാതെ ഇതു ഒഴിവാകില്ലെന്നും! അപകടത്തിൽ അധികാരികളുടെ പങ്കു വെളിച്ചത്തുവരുമെന്നു ഭയന്നിട്ടാകണം ഇന്നും ആ എം.ആർ.സി.റ്റി. കേസ് കൊടുക്കാനോ നഷ്ടപരിഹാരം നേടാനോ ശ്രമിക്കാത്തതും അതിനു വേണ്ടിയുള്ള ടീനയുടെ നിരന്തരമായ അഭ്യർഥന ചെവിക്കൊള്ളാത്തതും!
പുറത്താക്കിയ വിവരം വീട്ടിൽ അറിയിച്ചെങ്കിലും വീട്ടുകാർ ടിനയെ ഏറ്റെടുക്കില്ലെന്നു വ്യക്തമാക്കി. മഠാധികാരികളുടെ നടപടിയെ സാമൂഹ്യപ്രവർത്തകർ എതിർത്തു... നുൺഷ്യോക്ക് പരാതി അയച്ചു. റോമിലെ മുഖ്യകാര്യാലയത്തിൽ നിന്നു മറുപടി ലഭിക്കുംവരെ നടപടി എടുക്കരുതെന്നു കാണിച്ചുള്ള നുൻഷ്യോയുടെ മറുപടി കിട്ടി. അതോടെ കിട്ടാനിരിക്കുന്ന മറുപടി വരാതിരിക്കാനും നടപടി ത്വരിതപ്പെടുത്താനുമായി മേജർ ആർച്ച് ബിഷപ്പ് വർക്കി വിതയത്തിൽ വിമാനത്തിൽ പോയി മഠാധികാരികൾക്ക് അനുകൂലമായ കത്ത് കയ്യിൽ വാങ്ങി പറന്നെത്തി! നോക്കണേ കാര്യക്ഷമത!! ജെ.സി.സി നേതാക്കളായ ടീനയുടെ സഹോദരൻ ജെറിയും പുല്ലൂടനും വെളിവിലുമൊക്കെ ചേർന്ന് അഡ്വ. വർഗീസ് പറമ്പിൽ വഴി കോടതിയെ സമീപിച്ച് മഠാധികൃതരുടെ നടപടി സ്റ്റേ ചെയ്തു... കോടതി വിധിയൊന്നും തങ്ങൾക്കു ബാധകമല്ലെന്നു പറഞ്ഞ സി.എം.സി. നേതൃത്വം, ടിനയെ ആശുപത്രിയിൽനിന്നു ജൂൺ 27നു ബലമായി ഡിസ്ചാർജ് ചെയ്യിച്ചെങ്കിലും മഠത്തിലെടുക്കാതെ ആശുപത്രിയിൽത്തന്നെ ഉപേക്ഷിച്ചു. ഇതറിഞ്ഞ സാമൂഹ്യപ്രവർത്തകർ ഇടപെട്ട് പ്രതിഷേധിച്ചു. ഫാ. പോൾ തേലക്കാട്ടും ലിസ്സി ആശുപത്രി ഡയറക്ടർ ഫാ. മാത്യു മുട്ടംതോട്ടിലുമൊക്കെ ഇടപെട്ട് മഠാധികാരികളുമായി നടത്തിയ ചർച്ചയെത്തുടർന്ന് ജൂലൈ 13നു ടീനയെ നായരമ്പലത്തെ സി.എം.സി. മഠത്തോടനുബന്ധമായി ഡോ. സിസ്റ്റർ ഐഡയുടെ ‘ഉദയഭവൻ ക്ലിനിക്കിലെ’ ഒരു മുറിയിൽ ഏകാന്തതടവുപുള്ളിയെപ്പോലെ മാറ്റിപ്പാർപ്പിച്ചു... ഒരു ശുശ്രൂഷകയായി മേരിയെന്ന ഒരു സ്ത്രീയെ ഏർപ്പെടുത്താനുള്ള ഔദാര്യം സഭാധികാരികൾ കാണിച്ചു. ആ മേരിയുടെ സേവനത്തെ മധുരമായ ഒരോർമ്മയായി ഇന്നും ടീന താലോലിക്കുന്നുണ്ട്.. റാണിമാതായിലേക്കെന്നല്ല, കോൺവെന്റിലേക്ക് ഇനി പ്രവേശിപ്പിക്കില്ലെന്നു അധികാരികൾ തീർത്തു പറഞ്ഞു. (ടീനയെ ശുശ്രുഷിച്ചതോടെ വർഷങ്ങളോളം പാവങ്ങൾക്ക് സൗജന്യചികിൽസ നൽകിയിരുന്ന ഉദയഭവൻ അസ്തമിച്ചു - ഡോ. ഐഡയെ അവിടെ നിന്നും ട്രാൻസ്ഫർ നൽകി ഓടിച്ചു! ക്ലിനിക് പൂട്ടിച്ചു.) മുകളിൽ മഠവും താഴെ ക്ലിനിക്കും ആയിരുന്നെങ്കിലും ടീനയ്ക്ക് മഠത്തിൽ പ്രവേശനമില്ലായിരുന്നു. മഠത്തിൽക്കയറിയുള്ള ആക്രമണത്തിൽ പരിക്കേറ്റ സി. റെയ്സിയെ ആശുപത്രിയിൽ നിന്നു ഡിസ്ചാർജ് ചെയ്തശേഷം റാണിമാതാ മഠത്തിൽ നിർത്തിയായിരുന്നു ശുശ്രൂഷിച്ചിരുന്നത്. അന്ന് അവർ മഠാധികൃതർക്ക് വേണ്ടപ്പെട്ടവരായിരുന്നുവല്ലോ!   
ഇതുകൊണ്ടൊന്നും അധികാരികളുടെ പ്രതികാരദാഹം അടങ്ങിയിരുന്നില്ല... അവർ ഒറ്റുകാരെ തിരഞ്ഞുകൊണ്ടിരുന്നു, ടീനയെ മഠത്തിൽ നിന്നും പുറത്താക്കാൻ... ഒടുവിൽ അന്നത്തെ പ്രൊവിൻഷ്യാൾ ഒരാളെക്കണ്ടെത്തി - അമൽ... പുതിയ ശുശ്രൂഷക ഏലിക്കുട്ടി വഴി ആവശ്യം ടീനയുടെ അടുത്തെത്തി. - അയാൾക്കു സിസ്റ്റർ ടീനയെ കല്യാണം കഴിക്കണം... ടീന അതിനു വഴങ്ങണം.... ഇതായി അധികാരികളുടെ ഡിമാന്റ്. സർവാംഗം പ്ലാസ്റ്ററിട്ടു കിടക്കുന്ന സിസ്റ്ററെക്കെട്ടാനും ആളുണ്ടായി! തന്റെ ഒടിഞ്ഞ കാലുകൊണ്ടായാലും തൊഴിച്ച് അവനെ ഓടിക്കുമെന്നു പറഞ്ഞ് ടീന അതു തള്ളിക്കളഞ്ഞു.. (അവനൊരു അലവലാതി ആയിരുന്നെന്നു പിന്നീടറിഞ്ഞത്രെ! സഭാധികാരികൾക്ക് അങ്ങനെയുള്ളവരെയും കൊള്ളാമെന്നു ചുരുക്കം) അതോടെ ആ കാവൽക്കാരിയുടെ പണി പോയി; പകരം പുതിയ കുട്ടി വന്നു.
വർഷം ഒന്നു കഴിഞ്ഞിട്ടും, സ്വന്തം കാര്യങ്ങൾ സ്വയംചെയ്യാൻ പ്രാപ്തിയുണ്ടായിട്ടും സിസ്റ്ററെ ശുശ്രൂഷിക്കുന്ന പെൺകുട്ടിയെ മാറ്റാനൊ സിസ്റ്ററെ മഠത്തിൽ പ്രവേശിപ്പിച്ച് ഭക്ഷണം നൽകാനൊ പോലും മഠംകാർ തയ്യാറയില്ല. ടീന കാവൽക്കാരിയെ മറ്റാൻ ആവശ്യപ്പെട്ടു. ചെലവു ചുരുക്കാം, ആ കുട്ടിക്കും സിസ്റ്റർക്കും മോചനവും കിട്ടുമല്ലോ! പക്ഷെ, മൂന്നു മാസം കഴിഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. അവർ  മദറിനോടു കാരണം തിരക്കി. മദർ സമ്മതിച്ചെങ്കിലും അനുമതിക്കായി ജനറാളെ ബന്ധപ്പെട്ടപ്പോൾ ജനറാൾ തടഞ്ഞു - കുട്ടിയെ മാറ്റാൻ പാടില്ല. ഇതേത്തുടർന്ന് 2010 സെപ്റ്റംബർ 20നു ടീന ജനറാളിനെ നേരിൽക്കാണാനായി ആലുവ ജനറലേറ്റിലെത്തി. കാര്യങ്ങൾ പറഞ്ഞു. തനിക്ക് അനുകൂലമായി കോടതി വിധിയുണ്ടായിട്ടും തന്നെ എന്തുകൊണ്ടു മഠത്തിൽ പ്രവേശിപ്പിക്കുന്നില്ലെന്ന ടീനയുടെ ചോദ്യത്തിനു മറുപടിയായി ജനറാൾ നയം വ്യക്തമാക്കി - കോടതിവിധി സഭയ്ക്കു ബാധകമല്ല!
സിസ്റ്റർ ടീന വജ്രായുധം തന്നെ പ്രയോഗിച്ചു - മഠത്തിനുള്ളിൽ നിരാഹാരസത്യഗ്രഹം ആരംഭിച്ചു.... അധികാരികൾ വഴങ്ങിയില്ല... സാധാരണപോലെ ക്ഷേമാന്വേഷണത്തിനെത്തിയ സഹോദരൻ ജെറി വിവരം മനസിലാക്കിയപ്പോഴേക്കും 7 ദിവസം പിന്നിട്ടിരുന്നു... സംഭവം പുറത്തായി കാട്ടുതീപോലെ പരന്നു... ആർ.ഡി..ഒ., തഹസിൽദാർ മുതലായവർ ഇടപെട്ടു. ടീനയുടെ ആവശ്യങ്ങൾ ന്യായമാണെന്നു ഉദ്യോഗസ്ഥരെല്ലാം അംഗീകരിച്ചു. പക്ഷെ, നിയമത്തിനതീതരാണല്ലൊ സഭാധികാരികൾ! അതുകൊണ്ടുതന്നെ അവർ വഴങ്ങിയില്ല. ഇതേത്തുടർന്ന് സെപ്റ്റംബർ 30നു രാവിലെ 10 മുതൽ ഞങ്ങളുൾപ്പെടെയുള്ള ജെ.സി.സി പ്രവർത്തകർ ആലുവാ സി.എം.സി. ജനറലേറ്റിനു മുൻപിൽ ഐക്യദാർഡ്യസത്യാഗ്രഹം ആരംഭിച്ചു. പ്രതിഷേധം രണ്ടു മണിക്കൂർ പിന്നിട്ടതോടെ ടീനയുടെ എല്ലാ ഡിമന്റുകളും അംഗീകരിച്ച് അവരെ റാണിമാതാ കോൺവെന്റിൽ തിരിച്ചെടുത്തു...
എന്നാൽ, സഭയ്ക്കു വേണ്ടാത്തവളായി, ആരും മിണ്ടാത്ത, ആരും തിരിഞ്ഞു നോക്കാത്ത അധഃകൃതയും ബഹിഷ്കൃതയുമായ ഒരു അംഗമായി, തന്റെ വക്കീൽ പണിയുമായി അവർ അവിടെ കഴിഞ്ഞുകൂടുന്നു എന്നതാണു സത്യം. പണ്ട് കൊക്കിനോടു ചെന്നായ പറഞ്ഞതുപോലെ ‘തല തിരികെത്തന്നു എന്നുള്ളതു തന്നെ ഒരു വലിയ ഔദാര്യം’ എന്നതാണ് സഭയുടെ നിലപാട്! ഇവരൊക്കെയാണ് സ്വർഗരാജ്യത്തിന്റെ കുത്തക സ്റ്റോക്കിസ്റ്റുകളും വിതരണക്കാരും! തെരുവു വേശ്യകളും അവിടെ അടിപിടികൂടുന്ന മദ്യപാനികളും ഇവരെ അപേക്ഷിച്ച് എത്രയോ ഭേദം!
ഗുണപാഠം: പുരോഹിതശാപം അഥവാ മെത്രാൻശാപം എന്നത് കെട്ടുകഥയല്ലെന്നു ഇനിയെങ്കിലും മനസിലാക്കുക, അതു വരുന്ന വഴികളും അജ്ഞാതമായിരിക്കും.
K. George Joseph. 9496313963 

1 comment:

  1. തന്റെ പന്ത്രണ്ടു ശിഷ്യന്മാരിൽ പത്രോച്ചനോട് മാത്രമേ കര്ത്താവ് "സാത്താനെ എന്നെ വിട്ടുപോകാ" എന്നും, "ഈ രാത്രി കോഴികൂകുംമുൻപേ നീ മൂന്നുവട്ടം എന്നെ തള്ളിപ്പറയും" എന്നുമൊക്കെ വളരെ നികൃഷ്ടമായി സംസാരിച്ചിട്ടുള്ളൂ ! അങ്ങനെയുള്ളവന്റെ കയ്യിൽ തന്നെ തനിക്കു യാതൊരു പിടിപാടും ഇല്ലാത്ത സ്വര്ഗരാജ്യത്തിന്റെ (സെബതിയുടെ ഭാര്യയുടെ ആവശ്യം കൈമലർത്തികാണിച്ചു തെന്നിമാറിയത്‌) ഇല്ലാത്ത താക്കോൽ കൊടുത്തു എന്നും, തന്നെ വളരെ നീചമായി ലോകത്തോട്‌ തന്റെ മരണസമയത്തും തള്ളിപ്പറയുന്നവന്റെ (പാറ) മുകളിൽ തന്നെ, താൻ ഒരിക്കലും സ്വപ്നത്തിൽപോലും കണ്ടിട്ടില്ലാത്ത , ഒരിക്കലും ആരും ഉണ്ടാക്കേണ്ടാത്ത ഈ "സഭയെ പണിയു"മെന്നുമൊക്കെ ബൈബിളിൽ എഴുതിപ്പിടിപ്പിച്ച കുതന്ത്രമേ നിന്റെ പേര് "പുരോഹിതൻ/ പാതിരി" എന്നാരു തന്നു ?! പത്രോച്ചനാകുന്ന വിശ്വാസത്തിന്റെ "പാറ "എന്നതിനെ ഇന്ന് കത്തനാർ വിശ്വാസികല്ക്ക് "പാര" ആയി, ആ സഭയെ കാലാന്തരത്തിൽ മാറ്റുക എന്നതിൽ എന്താന്ത്ഭുതം ? കുറ്റമില്ലാത്തവ്നെ കുരിശിക്കാൻ കത്തനാരോളം കരിമ്പാറമാനസു (കയ്യാപ്പ)മറ്റേതു നികൃഷ്ട ജീവിക്കാണിപ്രപന്ച്ചത്തിലുള്ളത്? കൂദാശപ്പണി ചെയ്തും, കുര്ബാനക്കച്ചവടത്തിലും ഉണ്ടാക്കിയ ചിക്കിലി ഉപയോഗിച്ചു ആരെയും ഒതുക്കാനും ഇല്ലാതാക്കാനും ഇവര്ക്ക് "കാര്യംനിസാരം"! ഇവരെ എതിർത്താൽ കർത്താവുൽപ്പാടെ ആര്ക്കും "പ്രശ്നം ഗുരുതര"വുമാകും !

    ReplyDelete