മാണി വന്നതില്പിന്നെയാ പാലാക്ക് പേരുണ്ടായതെന്നു പൊതുവേ ഒരു ധാരണയുണ്ട്. അതു ശരിയല്ല, മാണി വന്നതിൽപ്പിന്നെ ഉള്ളതു പോവുകയായിരുന്നെന്നാ എന്നോട് ഒരു പാലാക്കാരൻ വല്യപ്പൻ പറഞ്ഞത്. (വല്യപ്പൻ, മകന്റെ കൂടെ കൂടാൻ ഇടക്കിടെ അബുദാബിയിൽ വരും; ആ വഴിയാണ് പാലാക്കാരെ ഞാൻ നന്നായി പരിചയപ്പെടുന്നത്). തച്ചോളി ഒതേനന്റെ കുലത്തിൽ ആകെ ഉണ്ടായിരുന്നതിനേക്കാൾ പോരാളികൾ പാലായിലുണ്ടായിരുന്നുവെന്ന് അപ്പാപ്പൻ പറയുന്നതു വളരെ അഭിമാനത്തോടെ. (ഇതു മണിക്കൂറിൽ ഒന്നു വെച്ച് അപ്പാപ്പനെക്കൊണ്ട് പറയിച്ചിരുന്നെങ്കിൽ അപ്പാപ്പന്റെ കൂനു തീർത്തു മാറിയേനെയെന്നുവരെ എനിക്കു തോന്നിയിട്ടുണ്ട്). അപ്പാപ്പൻ അഭിമാനത്തൊടെ പറഞ്ഞത്, നോബിൾ എന്നൊരു ഗുണ്ടായായിരുന്നു ഒരു കാലത്തു പാലാ ഭരിച്ചിരുന്നതെന്നാണ് (ഇപ്പോൾ നീളനുടുപ്പിട്ട നോബിൾ ഗുണ്ടകൾ കേരളമാകെ ഭരിക്കുന്നു, എന്ന വ്യത്യാസമേയുള്ളപ്പാപ്പാ! ഞാറക്കൽ കന്യാസ്ത്രികളുടെ നേരെ, കോതമംഗലത്ത് പ്രൊഫസ്സറുടെ നേരെ, ത്രിശ്ശൂരിൽ കുട്ടികളുടെ നേരെ, പാലായിൽ ദളിതന്റെ നേരെ, ചങ്ങനാശ്ശേരിയിൽ കെ സി ആർ എം ന്റെ നേരെ, കാഞ്ഞിരപ്പള്ളിയിൽ മോനിക്കായുടെ നേരെ... എറണാകുളത്ത് സ്വന്തം മഠാംഗത്തിനു നേരെ, തലോറിൽ ഡേവീസ് അച്ചന്റെ നേരെ, ഇടുക്കിയിൽ പി റ്റി തോമസിന്റെ നേരെ... ).
ഒളിമ്പിക്സിന്റെ ചിഹ്നം അഞ്ചു വളയങ്ങൾ ആണെങ്കിൽ പാലായുടെ ചിഹ്നം അക്കാലത്തു മൂന്നു 'ക' ആയിരുന്നുവെന്നും അപ്പാപ്പൻ പറഞ്ഞു. കത്തി, കപ്പ, കള്ള് ഇവയായിരുന്നത്രെ ആ മൂന്നു 'കാ'കൾ. രാമപുരത്തു പോലീസ് സ്റ്റെഷൻ വേണമെന്നു സർക്കാരിനു നിവേദനം അയച്ചപ്പോൾ, വേണ്ടത്ര കേസുണ്ടാക്കിക്കൊള്ളാമെന്നു വാക്കു കൊടുത്ത പാരമ്പര്യമാ തൊട്ടടുത്തുള്ള രാമപുരത്തിനുള്ളതെന്നും അപ്പാപ്പൻ പറഞ്ഞു. പാലാക്കാരുടെ ധീരതക്കുദാഹരണമായി അപ്പാപ്പൻ ചോദിക്കുന്നത്, ഒരു പറമ്പിൽ രണ്ട് ഇടവകപ്പള്ളിയും, ഒരു കി. മീറ്ററിനുള്ളിൽ ഏഴു പള്ളികളും ജെറൂസലേമിൽ പോലും ഉണ്ടോന്നാണ്. (ഇതൊക്കെ പുളുവാണോന്ന്, ഏതെങ്കിലും പാലാക്കാരെ കണ്ടാൽ തരം പോലെ ചോദിക്കണം).
പറഞ്ഞുവരുന്നത് അതല്ല; അപ്പാപ്പന്റെ അഭിപ്രായത്തിൽ, പാലാക്കു പേരുണ്ടാക്കിയത് ഇവരൊന്നുമല്ല, അതിന്റെ ക്രെഡിറ്റ് പാലാ സെന്റ്രൽ ബാങ്കിനാണത്രെ (ഞാൻ കേട്ടിട്ടില്ല). എട്ടു നിലയിൽ പൊട്ടിയ ആ ബാങ്ക്, ഒരുപാട് അച്ചന്മാരുടെ പണവും കൊണ്ടുപോയിയെന്നും അപ്പാപ്പൻ പറഞ്ഞു. ഇക്കാര്യം ഓർക്കാൻ കാരണം, പാലാക്കാര് രൂപതയുടെ ആഭിമുഖ്യത്തിൽ ഒരു കാർഷിക ബാങ്ക് തുടങ്ങാൻ പോകുന്നു എന്നു കേട്ടതുകൊണ്ടാണ്. വല്ല ബാങ്കിലും കൊണ്ടുപോയി അച്ചന്മാരുടെ കാശെന്തിനാ കളയുന്നതെന്ന് ഒത്തിരിക്കാലായി രൂപത ചിന്തിച്ചു തുടങ്ങിയതായിരിക്കണം. സത്യത്തിൽ കെ എം മാണി കൈക്കൂലി വാങ്ങിയോ ഇല്ലയോന്നുള്ള എന്റെ സംശയവും, രൂപത കടത്തിലാണോയെന്നുള്ള എന്റെ സംശയവും ഒറ്റയടിക്കു തീർത്തു തന്നു അപ്പാപ്പൻ. കാഞ്ഞിരപ്പള്ളിയിലെ ബാങ്കിന്റെ പേരു സഹ്യാദ്രി എന്നാണല്ലൊ; പാലാ ബാങ്കിനു പേരു നിശ്ചയിച്ചില്ലെങ്കിൽ 'അത്യാർഥി' എന്നതു പരിഗണിക്കുക. ഇതിന്റെ പരസ്യവാചകം, 'ഒരിക്കലും അഴിയാത്ത ബന്ധം!' എന്നാക്കാം. ഒരിക്കൽ ലോൺ എടുത്താൽ എന്നെങ്കിലും അടച്ചു തീരുമോ? സർക്കാർ ബാങ്കിലാണെങ്കിൽ ചിലപ്പോൾ കടം എഴുതി തള്ളിയെന്നിരിക്കുമല്ലൊ. ഒന്നാം ഇൻഫാം കർഷക സംരക്ഷണ യുദ്ധത്തിൽ പങ്കെടുത്തു പണം പോയ നിരവധിപ്പേർ വീരചരമം പ്രാപിച്ച കഥകൾ, ഒർമ്മയുള്ളവർ മറ്റാരോടും പറയരുതെന്നു അപേക്ഷ. ഇതിന്റെ അടയാള ചിഹ്നം നേർച്ചക്കുറ്റി തന്നെ ആയിക്കോട്ടെ. അത്മായർക്കു കവല തോറും 'പേ ആന്റ് യൂസ് കമ്ഫോർട്ട് സ്റ്റേഷൻ' പോലുള്ള ലാഭകരമായ പദ്ധതികൾ തുടങ്ങാൻ ലോൺ കൊടുക്കാം. അന്താരാഷ്ട്ര തലത്തിൽ സഭയുടെ സേവനം പ്രകീർത്തീക്കപ്പെടുകയും ചെയ്യും. ഒരു പക്ഷേ, രൂപതക്കൊന്ന് എന്ന നിലയിൽ ബാങ്ക് വേണ്ടി വന്നേക്കാം. പിരിവായിട്ടും സ്ംഭാവനയായും എത്തുന്ന ബഹുകോടികൾ കറക്കാൻ ഒരു ചക്കു വേണ്ടേ? ഒരു സുപ്രഭാതത്തിൽ, എന്നാലീ സംസ്ഥാനം കൂടെ ഭരിച്ചോന്ന് ഉമ്മൻ ചാണ്ടി ആലഞ്ചേരി പിതാവിനോട് പറഞ്ഞാലും നാം കരുതിയിരിക്കണ്ടേ?
കരുണയുള്ളവർ ഭാഗ്യവാന്മാർ എന്നല്ലേ കർത്താവു പറഞ്ഞത്. കരുണ കാണിക്കാൻ സ്വന്തം ബാങ്ക്, സ്വന്തം കോടതി ഇവയൊക്കെ വേണ്ടേ? ജെറൂസലേം ദേവാലയത്തിൽ നാണയമാറ്റക്കാരുണ്ടായിരുന്നല്ലൊ ! കർത്താവ് മരിച്ചതിനു ശേഷം ശിക്ഷ്യന്മാർ ആദ്യം തുടങ്ങിയതും ബാങ്കായിരുന്നല്ലൊ. വി. പൗലോസ് 4 കോറി.10 ൽ പറഞ്ഞിട്ടില്ലേ, ദൈവത്തിന്റെ നാമത്തിൽ നാം വിഡ്ഡികളായിരിക്കേണ്ടതുണ്ടെന്ന് ? കാഞ്ഞിരപ്പള്ളീയിൽ ബാങ്ക് തുടങ്ങി എത്രയോ വിശ്വാസികൾ കര കയറി! മുത്തൂറ്റുകാർക്കല്ലേ ക്ഷീണം വന്നുള്ളൂ.
വള്ളിച്ചെരിപ്പും ഇട്ടുകൊണ്ട് മര്യാദക്കു നടന്നിരുന്ന മുരിക്കനച്ചനെ മെത്രാനാക്കി നശിപ്പിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ! എനിക്കറിയത്തില്ല, മെത്രാനായാൽ ഒരോരുത്തരുടെയും സ്വഭാവം വല്ലാണ്ട് മാറുന്നു. ആയ കാലത്ത് ഒരുറുമ്പിനേപ്പോലും കൊന്നിട്ടില്ലാത്ത പവ്വം മെത്രാനായപ്പോൾ ഒരു സമുദായത്തെ മൊത്തമല്ലേ കൊലക്കു കൊടുത്തത്? (അദ്ദേഹം മുൻകൈ എടുത്തു നടപ്പാക്കിയ മാർത്തൊമ്മാ സംസ്കാരത്തിന്റെ ഫലത്തിൽ നിന്നു സഭയെ എങ്ങിനെ രക്ഷപ്പെടുത്താമെന്നു പഠിക്കാനുള്ള മത്തങ്ങാ കമ്മറ്റി അദ്ദേഹം മരിക്കുന്നതിനു മൂൻപ് ഉണ്ടായല്ലൊ! എനിക്കു തൃപ്തിയായി). ഈ മത്തങ്ങാ കമ്മറ്റി ഏതെങ്കിലും മെത്രാനു പറ്റിയ അമളി പുറത്തു പറയുകയോ, എന്തെങ്കിലും തിരുത്താൻ ഏതെങ്കിലും മെത്രാനോട് പറയുകയൊ ചെയ്യുമോ? ഒരു മെത്രാനിഷ്ടപ്പെട്ടവൻ അടുത്ത മെത്രാനായി വരുന്നു. തന്നെ ദശലക്ഷാപതി ആക്കിയവനോട് നന്ദിയോടെ അടുത്തയാൾ കഴിയുന്നു. പവ്വം കിരീടം വെച്ചു കൊടുത്തവരുടെ പിടിയിൽ നിന്നു സഭ മാറിയാലല്ലേ മത്തങ്ങാ കമ്മറ്റി പ്രയോജനപ്പെടൂ. പ്രൊഫ. ജോസഫിനെ പുറത്താക്കിയ പഴയ മെത്രാനെ സുഖിപ്പിക്കാൻ പോയതല്ലേ, കോതമംഗലത്തെ പുതിയ മെത്രാന് സലോമിയുടെ ശാപവും ഇത്ര പ്രശസ്തിയും എളുപ്പത്തിൽ ഫ്രീയായി കിട്ടാൻ കാരണം. ചിലർ മെത്രാനെ സുഖിപ്പിച്ചും കാര്യം നേടുന്നുണ്ടായിരിക്കാം. ഇപ്പോഴത്തെ താമരശ്ശേരി മെത്രാൻ റെമീജിയൂസ്, അഭയഗിരി പള്ളിയിൽ വരുന്നതിനു മുമ്പേ തന്നെ രൂപതയിലെ അല്ലറ ചില്ലറ പണികളൂമായി കൂടുതൽ കറങ്ങുമായിരുന്നെന്ന് ഒരു വളയംകാരൻ പണ്ടു പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ പരദൂഷണത്തിന്റെ ലിസ്റ്റിൽ പെടുത്തിയാൽ മതി. വന്യജീവികളോടു പോലും സഹഭാവത്തോടെ പെരുമാറുകയും പിണറായിയെപ്പോലും സത്ക്കരിക്കുകയും ചെയ്യുന്ന അദ്ദേഹം ആരെയെങ്കിലും മണിയടിച്ചാണ് മെത്രാനായതെന്നു ഞാൻ വിശ്വസിക്കുന്നില്ല. ഇത്തിരി പൊതുവിജ്ഞാനം (പ്രത്യേകിച്ചും ജാലിയൻവാലാബാഗ് കണ്വെൻഷനേപ്പറ്റിയൊക്കെയുള്ള കാര്യങ്ങളിൽ) അദ്ദേഹത്തിനു കുറവുണ്ടായിരിക്കാം, എന്നല്ലേയുള്ളൂ? കഴിവിനെന്താ കുറവ്? മലയാറ്റൂർ വരെ നടന്നു പോകാൻ മറ്റൊരു മെത്രാനു കഴിഞ്ഞിട്ടുണ്ടോ? എന്തായാലും മെത്രാൻ ആകുന്നതിനു മുമ്പും പിമ്പും ഈ പാവങ്ങളുടെ ബുദ്ധിനിലവാരം ആരെങ്കിലും ഒന്നു നോക്കിയാൽ നന്നായിരുന്നു.
താമസിയാതെ, പള്ളിപിരിവുകളെല്ലാം ATM കാർഡ് ഉപയോഗിച്ചായിരിക്കാം ഇനി നടക്കാൻ പോകുന്നത്. ഇനി പള്ളി ബാങ്ക് നടപ്പാക്കാൻ പോകുന്ന ജപ്തിപ്രകാരം, കുടിശ്ശിഖ വരുത്തുന്നവന്റെ പറമ്പിൽ അടയാളമായി കുരിശ്ശൂപള്ളികൾ ഉയരും. ഇതിനൊരു നല്ല വശമുണ്ട്; കുരിശൂ വരുമെന്നറിഞ്ഞാൽ നാട്ടുകാർ പിരിവെടുത്തു ബാദ്ധ്യത അടച്ചുകൊള്ളും. ലോകമാസകലമുള്ള പുണ്യവാന്മാർക്കുള്ള നേർച്ച കാഴ്ചകൾ ബാങ്കിന്റെ ഏതു ശാഖകളിലും അടക്കാൻ കഴിയും, ഒരു കണക്കും സർക്കാർ നോക്കാൻ വരുകയുമില്ലല്ലൊ! ജനങ്ങൾ പ്രശ്നമുണ്ടാക്കിയാൽ (വിദ്യാഭ്യാസ ലോൺ കിട്ടിയില്ല, വല്യ-കുടുംബ-അലവൻസ് കിട്ടിയില്ല എന്നൊക്കെ പറഞ്ഞ്) ചിക്കാഗോയിലേതുപോലെ ചർച്ച ചെയ്തു പരിഹരിക്കാം. പണ്ട് ചിക്കാഗോ പുത്തൻ കത്തീദ്രൽ പള്ളീൽ കർട്ടൻ ഇടുകയും അതു കീറുകയും ഒക്കെ ചെയ്ത ഒരു സംഭവം ഉണ്ടായല്ലൊ. അതു പരിഹരിച്ച രീതി പറഞ്ഞു കേട്ടപ്പോൾ ഞാനൊത്തിരി ചിരിച്ചതാ. "പ്രധാന അൾത്താരക്കു മുമ്പിൽ കർട്ടൻ പാടില്ല," ജനങ്ങൾ.
"കർട്ടനില്ലാതെ പള്ളിവെഞ്ചരിക്കില്ല," മെത്രാൻ.
അവസാനം രണ്ടു കൂട്ടരും ജയിച്ചു. കർട്ടൻ അൾത്താരക്കു പിന്നിൽ ഘടിപ്പിച്ചു; അതിന്റെ പിന്നിൽ സക്രാരിയും വെച്ചു. അച്ചന്മാരോർക്കും അവർക്കാ ബുദ്ധീന്ന്. അമേരിക്കയിൽ വേദപാഠത്തിന് രജിസ്റ്റർ ചെയ്യാൻ പ്രജകൾ ക്രെഡിറ്റ് കാർഡ് കൊടുക്കും. രജിസ്റ്റ്രേഷൻ കഴിഞ്ഞാൽ പ്രജ നേരെ ബാങ്കിൽ വിളിച്ചു പറയും ക്രെഡിറ്റ് കാർഡ്, അറിയാതെ കൊടുത്തതാ ക്യാൻസൽ ചെയ്യണമെന്ന്. തട്ടിപ്പു നടത്താൻ പ്രജകളും പഠിച്ചു എന്നു പറഞ്ഞാൽ മതിയല്ലൊ....തള്ളു തള്ള്...തല്ലിപ്പൊളി വണ്ടീ...
ഏഷ്യയിലെ ഏറ്റവും വലിയ കുരിശ് ഇസ്ലാമാബാദിൽ ഒരു വ്യവസായി പണിതതാണെന്ന് അടുത്തിടെ വായിക്കാൻ ഇടയായി. ആ വ്യവസായിയെ ആരെങ്കിലും കേരളം വരെ ഒന്നു കൊണ്ടുവരുമോ പ്ലീസ്; സൂപ്പർ ഡിനോസർ ഇനത്തിൽ പെട്ട കുരിശുകൾ എത്ര വേണമെങ്കിലും കാണിച്ചു തരാം, കോട്ടയം ജില്ലയിൽ നിന്നു തന്നെ.
അച്ചായാ കലക്കുന്നുണ്ട് ലക്ഷം ലക്ഷം പിന്നാലെ.
ReplyDeleteരോഷന്മോനെ,കൈക്കൊരുമ്മ ! ഉഗ്രന്‍ പ്രയോഗങ്ങള്‍ ! സമകാലീനസംഭവങ്ങളുടെ ഹാസ്യവല്‍ക്കരിച്ച അച്ചായ സുവിശേഷം ! അക്ഷരമാറിയാവുന്ന അച്ചായന്മാര്‍ ഇതൊരു തൊടുകറിപോലെ കൂടെക്കൂടെ വായിക്കണേ ..മനസിനും മനനങ്ങള്‍ക്കും രുചിയേറിയ ഭോജനമാകും ഇന്നത്തെ പൊട്ടന്‍ മതവിശ്വാസം !
ReplyDeleteറോഷന്റെ കുറിപ്പുകൾ എല്ലാം കൂടെ ഓരോ വാർഷികപ്പതിപ്പായി അച്ചടിച്ച് ഉയർന്ന വേദപാഠക്ലാസുകളിലെ ടെക്സ്റ്റ് ബുക്കാക്കണം. കേരള സീറോമലബാർ സഭാചരിത്രം നന്നായി പഠിച്ച വിശ്വാസികളായിരിക്കും, അടുത്ത തലമുറ.
ReplyDelete