Translate

Tuesday, May 10, 2016

ക്രിസ്ത്യാനികൾക്ക് ആന പെരുന്നാൾ ഇല്ലാത്തത് നമ്മുടെയൊക്കെ ഭാഗ്യം ..By സെബാസ്റ്റ്യൻ ജോർജ്, പേരാവൂർ- 25.4.2016

ഞാൻ കൂടെക്കൂടെ വിചിത്രമായി ഇങ്ങനെയൊക്കെ എഴുതുന്നതുകൊണ്ട് മാന്യ വായനക്കാർ തെറ്റിധരിക്കില്ലെന്നു വിശ്വസിക്കട്ടെ. കത്തോലിക്കാ സഭയെ നവീകരിക്കുവാനുള്ള മാർപ്പാപ്പയുടെ ശ്രമങ്ങൾക്കു പിന്തുണ നൽകുന്ന ഒരു എളിയവനായ ക്രിസ്ത്യാനിയാണു ഞാൻ. ചിരിക്കുവാനും ചിന്തിക്കുവാനുമുള്ള കാര്യങ്ങളാണ് ഞാനിവിടെ വിശദീകരിക്കുന്നത്. പാവപ്പെട്ട ജനങ്ങളുടെ വിശ്വാസത്തെയും ഭക്തിയേയും ചൂഷണം ചെയ്യുന്നതു കാണുമ്പോൾ മൌനം പാലിക്കാനും കഴിയുന്നില്ല. മാർപ്പാപ്പയുടെ ബൌദ്ധികമായ നിലവാരമൊന്നും വെറും ഗ്രാമീണവാസിയായ എനിക്കില്ല. ഞാനിവിടെ കുറിക്കുന്നത് ആരും ഗൌനിക്കില്ലാന്നുമറിയാം. കാരണം സ്വന്തമായി എനിക്കൊരു  മേൽവിലാസമില്ല. ഭാവിയിൽ ഞാൻ വല്ല വാഴ്ത്തപ്പെട്ടവനോ, മഹാനോ ഒക്കെ ആയിതീരുമ്പോൾ ഒരുപാട് 'ലൈക്' ഒക്കെ കിട്ടിയെന്നിരിക്കും. പേരാവൂരിലെ 'ചിരിപ്പിക്കുന്ന തിരുമേനി ക്രിസൊസ്റ്റം' എന്നൊക്കെ പറയുവാനും ആളുകൾ ഉണ്ടായെന്നു വരാം ….

ഇന്നലെ നാട്ടിലുള്ള എന്റെ ഇടവക പള്ളിയിൽ പോയപ്പോൾ കേട്ട ഒരു കാര്യമാണ് ഇതെഴുതുവാൻ എന്നെ പ്രേരിപ്പിച്ചത്. അടുത്തയാഴ്ച്ച  കോഴി പെരുന്നാളാണ്. അതായത് ഗീവർഗീസ് പുണ്യവാളന്റെ തിരുനാൾ. പണ്ടൊക്കെ ഗീവറീച്ചന്റെ തിരുനാളിന് എല്ലാ വീട്ടുകാരും ഓരോ കോഴിയെ പള്ളിയ്ക്ക് കൊടുക്കുമായിരുന്നു. അതിനെ ലേലം ചെയ്തു കിട്ടുന്ന പൈസ പള്ളിച്ചിലവിനാണ് ഉപയോഗിച്ചിരുന്നത്. ഇന്ന് കാലം മാറി. ആളുകളുടെ ജീവിതനിലവാരം ഉയർന്നതുകൊണ്ടും വിദേശ മലയാളികളുടെ വരവും കിട്ടുന്ന വിലയ്ക്ക് കോഴിയെ മേടിക്കലും കോഴിയിറച്ചി തീറ്റിക്കാരുടെ എണ്ണം വർദ്ധിച്ചതുകൊണ്ടും പേരാവൂർ പള്ളിയിടവകയിൽ പഴയതുപോലെ കോഴികൾ ഒന്നും ഇല്ലാതായി. അതുകൊണ്ട് ഒരു കോഴിയുടെ മതിപ്പുവിലയായ 500 രൂപ എല്ലാ വീട്ടുകാരും അടുത്ത ഞായറാഴ്ച കൊണ്ടുവരണമെന്നാണ് വികാരിയച്ചന്റെ കൽപ്പന. ഇതു കേട്ടപ്പോൾ പള്ളിയാണെന്നോർക്കാതെ ഞാനൊന്ന് അറിയാതെ ഊറിയൊന്നു ചിരിച്ചു. എന്നാൽ എന്റെ ഇരുവശത്തും ഇരുന്ന രണ്ടു ചേട്ടൻമാരും പരസ്പരം നോക്കി ചിരിക്കുന്നതും കണ്ടു. കുർബാന കഴിഞ്ഞപ്പോൾ അവരെന്നോട് കാര്യം പറഞ്ഞു. പതിനേഴാം തിയതി ഞായറാഴ്ചയായിരുന്നു പള്ളിയുടെ വാർഷിക പൊതുയോഗം നടന്നത്. പ്ലസ് ടൂ പഠിക്കുന്നവർക്കായി  കെട്ടിടം പണിതപ്പോൾ 15 ടൺ കമ്പി അധികം വാങ്ങിയ വകയിൽ 7 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി ആരോപണമുണ്ടായിരുന്നു. എന്തു ചെയ്യാം, അത് സിവിലെഞ്ചിനീയറിംഗ് പഠിച്ചവർക്ക് വന്ന തെറ്റ്. 1400 വീട്ടുകാർ 500 രൂപ വെച്ച് കോഴി പിരിവു കൊടുക്കുമ്പോൾ 7 ലക്ഷം രൂപ ലാഭം. അത് സെമിനാരി എഞ്ചിനീയറിംഗ്പിള്ളേരുടെ ബുദ്ധിയായും കണക്കാക്കാം. പേരാവൂരിൽ കോഴികളുടെയെണ്ണം കുറഞ്ഞുവെങ്കിലും അവിടെയും  ഇവിടെയും ചില വിരുതരായ കുറുക്കന്മാരുണ്ട്. അവർ മോഷ്ടിക്കുന്നത് കോഴിയെ അല്ല, കമ്പിയും, പൂഴിയും ഒക്കെയാണെന്ന് മാത്രം. ഇതുകേട്ട് ഞാനും ചിരിച്ചു. എന്നാൽ എനിക്ക് ചിരി വന്നത് വേറൊരു കാര്യമോർത്തിട്ടായിരുന്നു. ക്രിസ്ത്യാനികൾക്ക് ആന പെരുന്നാൾ ഇല്ലാതെ പോയത് എന്ത് ഭാഗ്യം. ഇല്ലെങ്കിൽ ഒരു ആനയുടെ മതിപ്പുവില പിരിവായി നൽകണമെന്ന് വികാരിയച്ചൻ കല്പന കൊടുത്തേനെ. അങ്ങനെ സംഭവിക്കാഞ്ഞത് ഭാഗ്യം തന്നെ. അത് കുടിശിഖയായി ബുക്കിൽ ചേർത്താൽ എന്താകുമായിരുന്നു  സ്ഥിതിയെന്നും ഓർക്കുക. പഴയ ലത്തീൻ രൂപത തന്നെ മതിയായിരുന്നുവെന്ന് ആളുകൾ പറഞ്ഞേനെ (പിരിവും, ധാർഷ്യതയും ഒക്കെ കണ്ടു ഇപ്പോൾ തന്നെ പറഞ്ഞു തുടങ്ങിയിട്ടുണ്ട്)

ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് കമ്പിയും, സിമന്റും, പൂഴിയും ഒക്കെ മോഷ്ടിക്കുന്ന കുറുക്കന്മാരെ കുടുക്കുവാൻ കഴിയുമെന്ന കാര്യം പല ഇടവകകളിലും ഞെട്ടലുണ്ടാക്കിയിട്ടുള്ളതായിട്ടാണ്, പിന്നാമ്പുറ സംസാരം. പലരും ചിലവുകൾ വക മാറ്റി എഴുതുവാനുള്ള തന്ത്രപ്പാടിലാണ്. ഓഡിറ്റ് ചെയ്ത കണക്കുകളുടെ കോപ്പി പള്ളിയുടെ നോട്ടീസ് ബോർഡിൽ പ്രസിദ്ധീകരിക്കുവാനൊ, ആവശ്യക്കാർക്ക് കോപ്പി നൽകുവാനോ തയ്യാറാവാത്തത് എന്തുകൊണ്ടാണെന്ന് പൊതുയോഗത്തിനു  മനസ്സിലായില്ലെങ്കിലും, പൊതുജനത്തിനു മനസ്സിലായി. പൊതുജനം കഴുതയെന്നു നടിക്കുന്നുവെന്നു മാത്രം. കെണിയിൽപെട്ട കുറുക്കന്മാർ ഓരിയിട്ടു തുടങ്ങി. പള്ളിയെയും പട്ടക്കാരെയും അക്ഷേപിക്കുകയാണ്. അച്ചന്മാരുടെ ശാപമേറ്റാൽ കുടുംബം മുടിഞ്ഞു പോകും എന്നൊക്കെ. ഇടവകയെയും  കത്തോലിക്കാ സഭയെയും ശുദ്ധീകരിക്കുക എന്ന പദ്ധതിയുമായി ദൈവം ചിലരെ ഈ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. അതിൽ ഒരാളാണ് മഹാനായ ഫ്രാൻസിസ് പാപ്പ. പാപ്പയ്ക്ക് പിന്തുണ നൽകുവാനാണ്' മ്മളെയൊക്കെ അയച്ചിട്ടുള്ളത്. ഇതൊന്നും മനസ്സിലാക്കാതെ വായും പൊളിച്ചു നോക്കി നിൽക്കുകയാണ് പലരും.

1928-ൽ ആണ് പേരാവൂരിൽ കുടിയേറ്റം ആരംഭിച്ചത്. ആദ്യകാല കുടിയേറ്റക്കാരുടെ വിയർപ്പുകൊണ്ട് കഷ്ടപ്പെട്ടുണ്ടാക്കിയതാണ് പള്ളിയും സ്കൂളുമൊക്കെ. അതൊക്കെ കാര്യക്ഷമമായും, സുതാര്യമായും പ്രവർത്തിക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്തുവാൻ രൂപതയ്ക്ക് കഴിവില്ലെങ്കിൽ ഭരണം ഇടവകക്കാർ തന്നെ ഏറ്റെടുക്കേണ്ടി വരും . ക്രിസ്മസ് കരോളിനു ലഭിച്ച 2 ലക്ഷത്തിൽപ്പരം രൂപ പൊതുയോഗത്തിൽ വന്നപ്പോൾ 85000 രൂപയായി കുറഞ്ഞു. വകമാറ്റിയതാണെന്ന് വിശദീകരണം. പാവം ഉണ്ണീശോവരെ ഞെട്ടിയിട്ടുണ്ടാകും. ഉണ്ണി ഈശോയുടെ പുഞ്ചിരിക്കുന്ന മുഖം കാണുമ്പോൾ എല്ലാവരും പിരിവു കൊടുക്കും. ഇതുപോലെ എന്തൊക്കെ വകമാറ്റിയിട്ടുണ്ടെന്നു ദൈവത്തിനു മാത്രം അറിയാം.

പേരാവൂർ ഇടവക സാമ്പത്തിക പ്രശ്നംമൂലം വലിയ പ്രതിസന്ധിയിലാണ്. കഴിഞ്ഞ 8 പതിറ്റാണ്ടിനിടയിൽ ഇടവകക്കാർ കോടികൾ പിരിവു നൽകിയിട്ടുണ്ടാകും. ഒരു പൈസ മിച്ചം ഇല്ല. ഒരു പള്ളിയും മൂന്നു സ്കൂളുകളും ഉണ്ട്. പിന്നെ കുറെ പീടിക മുറികളും. ഞായറാഴ്ചകളിൽ ലഭിക്കുന്ന പിരിവുകളും പീടികമുറിയിൽ നിന്നും ലഭിക്കുന്ന വാടകയും കൊണ്ട് ദൈനംദിന ചിലവുകൾ നടത്തുവാൻ കഴിയുന്നില്ല. തൊടുന്നതൊക്കെ നഷ്ടം. നാലേക്കർ പുരയിടത്തിൽ കുറച്ചു തെങ്ങും റബറും ഉണ്ട്. കൃഷി ചെയ്തപ്പോൾ 2 ലക്ഷത്തിൽപ്പരം രൂപ വരവും 5 ലക്ഷത്തിൽപ്പരം രൂപ ചിലവും. ഏക്കറിന് 65000 രൂപയിൽ കൂടുതൽ നഷ്ടം. കെട്ടിടം പണിതപ്പോൾ 7 ലക്ഷം രൂപയുടെ കമ്പി ആരോ അടിച്ചുകൊണ്ടുപോയി. വേറെ എന്തൊക്കെ പോയിട്ടുണ്ടെന്ന് റീ-ഓഡിറ്റിംഗ് വരുമ്പോഴേ അറിയൂ. പ്ലസ് ടൂ കെട്ടിടം പണിത വകയിൽ 30 ലക്ഷം രൂപയുടെ ബാധ്യതയും. 1978-ൽ പണിത പള്ളി പൊളിക്കാറായി, നല്ലൊരു പാരിഷ് ഹാൾ ഇല്ല, പേരാവൂർകാർക്ക് നാണക്കേടാണെന്ന് അച്ചൻ ഇടയ്ക്കിടെ പറയും. എന്താണ് വഴിയെന്ന് ആലോചിച്ചു.  ധനതത്ത്വ ശാസ്ത്രം ഐച്ഛിക വിഷയങ്ങളായി പഠിച്ച ഞാൻ തലയിൽ കയ്യും കൊടുത്ത് ഏകാന്തതയിൽ ധ്യാനനിരതനായി ഇരിക്കുമ്പോഴാണ് ഗീവർഗീസ് പുണ്യവാളന്റെ വെളിപാട് ഉണ്ടാകുന്നത്. മകനെ നീ ദുഖിക്കേണ്ട, ശാന്തമാകൂ, വഴിയുണ്ട്. ആ വഴി എന്താണെന്ന് അറിയുമ്പോൾ എല്ലാവരും ആദ്യം ചിരിക്കും. പിന്നെ ചിന്തിക്കും ..

ഗീവർഗീസ് പുണ്യവാളൻ പറഞ്ഞു തന്ന ആ വഴി എന്താണ് ?....

ഇത്തവണ കോഴിപെരുന്നാളിന് 500 രൂപയ്ക്കു പകരം ഓരോ വീട്ടുകാരും 10 കോഴി കുഞ്ഞുങ്ങളെ വീതം പള്ളിക്ക് നൽകുക. ഒരു മുട്ടയ്ക്ക് 5 രൂപ വെച്ച് കൂട്ടുമ്പോൾ 50 രൂപ ചെലവ്. 450 രൂപ ലാഭം . 1400 വീട്ടുകാർ 10 കോഴി കുഞ്ഞുങ്ങളെ വീതം നൽകുമ്പോൾ ഇടവകയ്ക്ക് ലഭിക്കുന്നത് 14000 കോഴി കുഞ്ഞുങ്ങൾ. ഒരു വർഷം കഴിയുമ്പോൾ ഇതിന്റെ മതിപ്പ് വില 70 ലക്ഷം (14000x 500) . രണ്ടച്ചന്മാർക്ക് ഭക്ഷണം ഉണ്ടാക്കുവാനായി ഇടവകക്കാർ ചിലവും കൊടുത്തു രണ്ടുപേരെ നിർത്തിയിട്ടുള്ളതായി അറിയുന്നു. അതുകൊണ്ട് കോഴിക്ക് തീറ്റയിട്ടു കൊടുക്കുവാൻ മറ്റാരെയും നിയമിക്കേണ്ട ആവശ്യം ഇല്ല. ഒരു പതിനായിരം കോഴികൾ മുട്ട ഇടുന്നതാണെങ്കിൽ ഒരു ദിവസം 50000 രൂപയുടെ മുട്ട. കൂടാതെ കോഴിക്കാട്ടം നല്ല ജൈവ വളമാണ്. പള്ളിയുടെ കൃഷി ചെലവ് കുറയും. കാർഷിക വരുമാനം വർദ്ധിക്കുകയും ചെയ്യും. മിച്ചമുള്ള ജൈവ വളം വിറ്റു പണമാക്കാം. അതുകൊണ്ട് കോഴി തീറ്റയുടെ ചെലവ് ഈ വിധത്തിൽ അഡ്ജെസ്റ്റു  ചെയ്യാം. ഇനി ഞായറാഴ്ച വരുമ്പോൾ കുറച്ചു കോഴി തീറ്റകൂടി കൊണ്ടുവരണമെന്നു പറഞ്ഞാൽ ഇടവകക്കാർ സഹകരിക്കും .
ഇനി ഇത് എങ്ങിനെ ചിലവുകൾക്ക് ഉപയോഗിക്കും എന്നതാണ് പ്രശ്നം. കിട്ടുന്നതിന്റെ 10-12 % രൂപതയ്ക്ക് നൽകണമെന്നാണു നിയമം. 1500 കോഴി രൂപതയ്ക്ക്- മതിപ്പ് വില 7.50 ലക്ഷം. കഴിഞ്ഞ വർഷം രൂപതയ്ക്ക് നൽകിയത് 2,50,000. ഇപ്പോൾ ലഭിക്കുന്നത് അതിന്റെ മൂന്നിരട്ടി. കോഴി ആയതു കൊണ്ട് വികാരിയച്ചന്മാർ വക മാറ്റി വരവ് വെക്കുകയില്ല എന്ന ഗുണവും. ബാക്കി കോഴി 12500.

ഇനി ഒരു 500 കോഴി വിശുദ്ധ നാടുകളുടെ സംരക്ഷണത്തിന്. മതിപ്പു വില 2,50,000. ബാക്കി കോഴി 12000. 

ലോകമെമ്പാടും ഉള്ള ഇടവകകളിൽ നിന്നും ഇങ്ങിനെ എത്ര ആയിരം കോടി ലഭിക്കുന്നുണ്ടെന്ന് ഞാൻ പുണ്യവാളനോട് ചോദിച്ചു. പുണ്യവാളൻ കണ്ണിറുക്കി കാണിച്ചു. വികാരിയച്ചന്മാർ വക മാറ്റി ബിഷപ്പിനെ പറ്റിക്കും. ബിഷപ്പുമാർ വകമാറ്റി ആർച്ച് ബിഷപ്പിനെ പറ്റിക്കും. ആർച്ച് ബിഷപ്പുമാർ വകമാറ്റി കർദ്ദിനാളിനെ പറ്റിക്കും. കർദ്ദിനാളന്മാർ വക മാറ്റി മാർപ്പാപ്പയെ പറ്റിക്കും. ഇതൊക്കെ കണ്ടു സഹികെട്ടപ്പോഴാണ് പാപ്പ പറഞ്ഞത്; 'സ്വർഗ്ഗരാജ്യത്തിൽ സ്ഥാനം ലഭിക്കുവാൻ ഒരാൾ ക്രിസ്ത്യാനി ആയിരിക്കണ'മെന്നില്ല എന്ന്. മണ്ടന്മാരായ ക്രിസ്ത്യാനികൾ ഇപ്പോഴും പിരിവു നൽകിക്കൊണ്ടിരിക്കുന്നു.

ഇനി ഒരു 1000 കോഴിയെ പള്ളിയുടെ ചിലവിനു മാറ്റിവെക്കാം. മതിപ്പു വില 5 ലക്ഷം. 2 അച്ചന്മാർക്കും, കപ്യാർക്കും അലവൻസ് നൽകുവാനും, കറന്റ് ബില്ലും, ഫോൺ ബില്ലും അടയ്ക്കുവാനും മറ്റു വട്ടച്ചിലവിനുമായി അതു  മതിയാകും. ബാക്കി കോഴി 11000.

ഇനി ഒരു 250 കോഴി വിൻസന്റ് ഡി പോൾകാർക്ക്. മതിപ്പ് വില 1,25, 000. എന്തെങ്കിലും ഒക്കെ ചാരിറ്റി ചെയ്യുന്നതും, കണക്കുകൾ കൃത്യമായി ജനങ്ങളെ അറിയിക്കുന്നതും അവരാണ്. അത് നമ്മൾ അംഗീകരിക്കണം .ബാക്കി കോഴി 10750.

ഇടയ്ക്കിടെ പള്ളി പണി എന്നും പറഞ്ഞു വേറെ സ്ഥലത്ത് നിന്നും അച്ചന്മാർ പിരിവിനു വരാറുണ്ട്. അതുകൊണ്ട് ഒരു 200 കോഴി അതിനു വേണ്ടി മാറ്റിവെക്കാം. മതിപ്പ് വില ഒരു ലക്ഷം. ബാക്കി കോഴി 10550.

ഇടയ്ക്കൊക്കെ നാട്ടിൽ ധ്യാനം നടത്താറുണ്ട്. ധ്യാന ഗുരുക്കന്മാർ പറഞ്ഞ സുവിശേഷ വചനങ്ങൾ ആരും ഓർക്കുന്നുണ്ടാവുകയില്ല. പക്ഷെ ഒരു കാര്യം എല്ലാവരും ഓർക്കുന്നുണ്ടാകും. "ബക്കറ്റും കൊണ്ട് ആൾ വരുന്നുണ്ടേ സ്തോത്ര കാഴ്ച. മറക്കല്ലേ മറക്കല്ലേ ... ഇങ്ങിനെ തൊണ്ട പൊട്ടിക്കുന്നത് കേട്ടു എനിക്കും വിഷമം തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഒരു 100 കോഴി ധ്യാനക്കാർക്ക്. മതിപ്പ് വില 50000. ബാക്കി 10450.

ഒരു 100 കോഴി പുരോഹിതരുടെ ക്ഷേമനിധിയിലേക്ക്. മതിപ്പ് വില 50000. കഴിഞ്ഞ വർഷം ക്ഷേമനിധിയിലേക്ക് 30000 രൂപ നൽകിയതായിട്ടാണ് കണക്കു വായിച്ചത്. കുർബാനയും, ഒപ്പീസും ഒക്കെ ചൊല്ലി കിട്ടുന്ന പൈസയും ക്ഷേമനിധിയിലേക്ക് പോകുന്നുണ്ടെന്ന് കരുതാം. ബാക്കി കോഴി 10350.

വാർഷിക കണക്കുകൾ വായിച്ചപ്പോൾ ആരോ ചോദിച്ചു ഇതിൽ ഏതാണ് ചാരിറ്റിക്കുവേണ്ടി ചിലവഴിച്ചത് എന്ന്. കെട്ടിടം പണി, സ്കൂൾ നടത്തിപ്പ്, വെടിക്കെട്ട്, നാടകം, പെരുന്നാൾ ഇതൊക്കെയാണ് ചാരിറ്റി എന്ന മറുപടി. സ്പോർട്സ് പ്രൊമോഷൻ ഒരു ചാരിറ്റി ആയിട്ടാണ് ഞാൻ കാണുന്നത്. പല ജീവിത ശൈലീ രോഗങ്ങളും വലിയൊരു പരിധിവരെ തടയുവാൻ കഴിയുന്ന ഒന്നാണ് സ്പോർട്സ്.  കായിക രംഗത്ത് സൗജന്യമായി പഠിക്കുവാനുള്ള അവസരങ്ങളുണ്ട്. വളരെയധികം ജോലി സാധ്യതകളുമുണ്ട്. കാർഷിക മേഖലയിലെ തകർച്ചയും  ഉയർന്ന വിദ്യാഭ്യാസ ചിലവും സാധാരണക്കാർക്ക് താങ്ങാൻ പറ്റാത്ത ഒന്നാണ്. പാവപ്പെട്ട ധാരാളം കുടുംബങ്ങൾക്ക് രക്ഷ പെടുവാനുള്ള അവസരമാണ് സ്പോർട്സ് പ്രൊമോഷൻ വഴി സാധ്യമാവുന്നത്. എന്നാൽ 1400 കുടുംബങ്ങൾ ഉള്ള ഇടവകക്ക് 10 പൈസയുടെ സ്പോർട്സ് ഫണ്ട് ഇല്ല. ഒരു ഞായറാഴ്ച പിരിവു അല്ലെങ്കിൽ ഒരു കുടുംബം ഒരു വർഷം 10 രൂപ സ്പോർട്സ് ഫണ്ടിലേക്ക് നൽകണമെന്നു പറഞ്ഞാൽ പലർക്കും ദഹിക്കുകയില്ല. പ്ലസ്‌ ടൂ കെട്ടിടം പണിക്കു 7 ലക്ഷം രൂപയുടെ കമ്പി കൂടുതൽ വാങ്ങി നഷ്ടം ഉണ്ടായതിനെക്കുറിച്ച് ആർക്കും പരാതിയില്ല.

പ്ലസ് ടൂ മേടിച്ചെടുത്തത് എങ്ങിനെയെന്നും ഇടവകക്കാർ അറിയണം. ഒരു പഞ്ചായത്തിൽ ഒരു പ്ലസ് ടൂ സ്കൂൾ എന്നാണു സർക്കാർ നയം. പേരാവൂർ പഞ്ചായത്തിലെ മണത്തനയിൽ ഉള്ള സർക്കാർ സ്കൂളിൽ പ്ലസ് ടൂ ഉണ്ട്. പിന്നെ പ്രത്യേക പരിഗണന ലഭിക്കണമെങ്കിൽ തക്കതായ കാരണം വേണം. അതിനുവേണ്ടി പേരാവൂരിന്റെ കായിക നേട്ടങ്ങളാണ് ഉയർത്തിക്കാട്ടിയത്. ജിമ്മി ജോർജ് പഠിച്ച സ്കൂളിനു സമീപം ജിമ്മി ജോർജ് സ്റേഡിയവും, അനുബന്ധ സൌകര്യങ്ങളും വന്നു കഴിയുമ്പോൾ സ്പോർട്സ് ഹോസ്റലിനുള്ള സാധ്യതകളും വരും. 2012 ൽ സർക്കാരിൽ സമർപ്പിച്ച പ്രൊജക്റ്റ് റിപ്പോർട്ടിൽ 400 മീറ്റർ സ്റേഡിയത്തോടൊപ്പം, സ്പോർട്സ് ഹോസ്റ്റലും, മിനി ഇൻഡോർ സ്റേഡിയവും ആവശ്യപ്പെട്ടിരുന്നു. ഇതൊക്കെ പരിഗണിച്ചാണ് 2014 ൽ പേരാവൂർ ഹൈസ്കൂളിൽ പ്ലസ് ടൂ അനുവദിച്ചത്. എന്നാൽ കിട്ടി കഴിഞ്ഞപ്പോൾ കഥ മാറി. എന്ത് സ്പോട്സ്, ഏതു ജിമ്മി ജോർജ്, സ്പോർട്സ് നാടു നശിപ്പിക്കും എന്നായി പള്ളി കമ്മിറ്റിക്കാർ. പാലം കടക്കുവോളം നാരായണ, പാലം കടന്നു കഴിയുമ്പോൾ കൂരായണ .... ഇതിന്റെ പേരിൽ ഞാനും ആക്ഷേപം കേൾക്കേണ്ടി വന്നു. അത് പിന്നീട് പറയാം. ഇടവകക്കാർക്ക് താല്പര്യം കെട്ടിടം പണിയും, കമ്പി മോഷണവും ആയിരിക്കും. ഞാൻ പക്ഷെ 100 കോഴിയെ സ്പോർട്സ് ഫണ്ടിലേക്ക് മാറ്റി വെക്കുന്നു. മതിപ്പ് വില 50000.  ബാക്കി 10250.

ഇടവകയിൽ കെ സി വൈ എം ഉണ്ട്. ഇപ്പോൾ പല സത്യങ്ങളും അവർ മനസ്സിലാക്കി തുടങ്ങിയെന്നു തോന്നുന്നു. അതുകൊണ്ട് ഒരു 50 കോഴി കെ സി വൈ എം കാർക്ക്.  മതിപ്പ് വില 25000. പക്ഷെ അഴിമതിക്കും അനീതിക്കും എതിരെ പ്രതികരിക്കുവാനുള്ള നട്ടെല്ലും ഉണ്ടാകണം. ബാക്കി 10200.

ഒരു 50 കോഴി മിഷൻ ലീഗിലെ പിള്ളേർക്ക്. വെയിലും കൊണ്ട് പാവം പിള്ളേർ പിരിവു കുറ്റിയുമായി നടക്കുന്നത് കാണുമ്പോൾ സഹതാപം തോന്നാറുണ്ട്. പിള്ളേർക്ക് പൈസ തരുന്നത് വെറുതെ അല്ല. മുട്ട പെറുക്കി കൂട്ടുവാൻ സഹായിക്കണം. ഇടയ്ക്ക് കുറച്ചു അടിച്ചു മാറ്റിയാലും കുഴപ്പമില്ല. അച്ചൻ ചോദിക്കുമ്പോൾ വക മാറ്റിയതാണെന്ന് പറഞ്ഞാൽ മതി. ഇനിയുള്ളത് 10150 കോഴി.

എന്തൊക്കെ ചെയ്താലും അവസാനം കൈക്കാരന്മാർ ബില്ലുമായി വരും. കോഴിക്ക് ബിസ്കറ്റ് വാങ്ങി, മിനറൽ വാട്ടർ കൊടുത്തു, അണ്ടി പരിപ്പും, ബദാമും കൊടുത്തു, റോബിൻസ് ഹോട്ടലിൽ നിന്നും പൊറോട്ടയും, പത്തിരിയും, മട്ടൻ ചാപ്സും വാങ്ങി കൊടുത്തു എന്നൊക്കെയാവും ബിൽ. ഇതൊക്കെ കോഴി തിന്നതാണോ എന്ന് ചോദിച്ചാൽ പ്രശ്നം ആവും. പലതും കേൾക്കേണ്ടി വരും. അതുകൊണ്ട് ഒരു 50 കോഴി അതിനു വേണ്ടി മാറ്റി വെക്കാം. മതിപ്പ് വില 25000. ബാക്കി 10100 .

14000 കോഴിയെ വളർത്തിയിട്ട് രുചി നോക്കുവാൻ പോലും ഒന്നിനെ അച്ചന്മാർക്ക് കൊടുത്തില്ലെന്ന് പറഞ്ഞാൽ ഗിവർഗീസ് പുണ്യവാളൻ കോപിക്കും. 365 ദിവസത്തിൽ വലിയ നോയമ്പും, ചെറിയ നോയമ്പും കൂടെ കൂട്ടുമ്പോൾ 75 ദിവസം. ബാക്കി 290 ദിവസം. ഒരു വർഷം കല്യാണവും, മാമോദീസയും ഒക്കെ ആയി 50 എണ്ണം കാണും. അന്ന് കോഴി വേണ്ട. പിന്നെയുള്ളത് 240 ദിവസം. ഒരു ദിവസം 2 അച്ചന്മാരും കൂടി 500 രൂപയുടെ കോഴിയെ തിന്നും എന്ന് പറഞ്ഞാൽ കുരിശു പള്ളിക്കവലയിലും, ഓട്ടോ റിക്ഷ സ്റാണ്ടിലും ഒക്കെ അത് ചർച്ചാവിഷയം ആകും. പിതാവിന് പലരും ഊമക്കത്തുകൾ അയക്കും. അതുകൊണ്ട് ഒരു 100 കോഴിയെ പള്ളി മുറിയിലേക്ക് മാറ്റി വെക്കുന്നു. മതിപ്പ് വില 50000. ഇടയ്ക്ക് ചില അതിഥികൾ വരുന്ന കാര്യവും പരിഗണിക്കേണ്ടതുണ്ട്. ബാക്കി കോഴി 10000.

നാട്ടിലും ഉണ്ട് എ. കെ. സി. സി. അഴിമതിക്കെതിരെ ബാനറും പിടിച്ചു വല്ലപ്പോഴും റാലി നടത്തുന്നതല്ലാതെ ഇന്നേവരെ ഒരു അഴിമതിക്കെതിരെയും അവർ പ്രതികരിച്ചു കണ്ടിട്ടില്ല. അതുകൊണ്ട് അവർക്ക് ഒന്നും കൊടുക്കേണ്ടതില്ല. ഇല്ലെങ്കിൽ കമ്പി കട്ട കുറുക്കന്മാർക്കെതിരെ പ്രതികരിക്കട്ടെ. അന്നേരം ആലോചിക്കാം.10000 കോഴിയുടെ മതിപ്പ് വില 50 ലക്ഷം. കെട്ടിടം പണിയുടെ ബാധ്യത തീർക്കുവാൻ അത് ധാരാളം. ഇതുപോലെ ഓരോ പിരിവുകൾ വരുമ്പോഴും 10 കോഴികുഞ്ഞുങ്ങളെ നൽകുക. നാട്ടിൽ പല പുണ്യ പ്രവർത്തികളും ചെയ്യുവാൻ സാധിക്കും. 2028 ആകുമ്പോൾ കുടിയേറ്റത്തിന്റെ ശതാബ്ദി ആണ്. അന്ന് ഇടപ്പള്ളി പള്ളിയെയും കടത്തി വെട്ടുന്ന ഒരു പള്ളിയും പാരിഷ് ഹാളും പണിയുവാൻ ഒരു ബുദ്ധി മുട്ടും ഉണ്ടാവുകയില്ല.

ഇതറിയുമ്പോൾ മാർപ്പാപ്പയും, ബിഷപ്പുമാരും ഒക്കെ ചിരിക്കും. ഈ ബുദ്ധി എന്തെ നേരത്തെ തോന്നിയില്ല ദാസാ ...

കത്തോലിക്കാ സഭയിൽ 10000 പുണ്യവാളന്മാർ ഉണ്ട്. ഈ ബുദ്ധി പറഞ്ഞു തന്ന എന്നെയും ഒരു വാഴ്തപ്പെട്ടവനാക്കണം. എങ്കിലെ എന്റെ വാക്കുകൾക്കു ആളുകൾ വില കൽപ്പിക്കുകയുള്ളൂ. ഒരു നേർച്ചപ്പെട്ടിയുമായി ഇടപ്പള്ളിയിൽ ഗിവർഗീസ് പുണ്യവാന്റെ അടുത്തെങ്ങാനും ഞാൻ ഇരുന്നു കൊള്ളാം. അവിടെ ആകുമ്പോൾ നല്ല പിരിവു കിട്ടും. പേരാവൂരുകാരുടെ ആക്ഷേപം ഒന്നും കേൾക്കുകയും വേണ്ട. ഇടയലേഖനം ഒക്കെ കേട്ട് ടൈറ്റാനിയം അഴിമതിക്കെതിരെ കേസ് കൊടുത്ത വകയിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായിട്ടുണ്ട്. അതൊക്കെ നികത്തുവാൻ ഇതേ ഒരു മാർഗം ഉള്ളു. എല്ലാവരും ഒന്ന് ലൈക് അടിച്ചു സഹകരിക്കണം. വത്തിക്കാനിലേക്കൊരു മാസ് പെറ്റീഷനും ...

St.Joseph's Church, Peravoor

5 comments:

 1. ചാക്കോ പുണ്യാളനു ആദ്യത്തെ നേര്ച്ച എന്റെ വക...

  ReplyDelete
 2. A really good satire, bit longer but presented very convincingly. Keep writing my friend.

  ReplyDelete
 3. കോഴി മിനെരൽ വാട്ടർ കുടിയ്ക്കുമല്ലോ ,അണ്ടിപ്പരിപ്പും ബദാമും ഹോർലിക്ക്സും പത്തിരിയുമെല്ലാം കോഴി തിന്നും മിസ്റ്റർ സെബാസ്റ്റ്യൻ ,ഇതൊക്കെ കോഴിക്ക് കൊടുത്തുനോക്കണം .
  ദൈവരാജ്യത്തിന് വേണ്ടി എല്ലാം ഉപേക്ഷിച്ചവർക്ക് എല്ലാം പത്തും നൂറും ഇരട്ടി കിട്ടുമെന്ന് ബൈബിൾ പറയുന്നു പിന്നെ താൻ പാതി ദൈവം പാതി എന്നാണല്ലോ അവർക്കുള്ള വീതം ദൈവം നേരിട്ട് കൊടുക്കാത്തതിനാൽ മുതുകള്ളന്മാരായ കണക്കന്മാരും കൈക്കാരന്മാരും കുർബ്ബാന തൊഴിലാളികളും കൂടി കയ്യിട്ടുവാരി നക്കും .എതിർക്കുന്നവനെ ഒറ്റപ്പെടുത്തും അപമാനിയ്ക്കും

  കൂദാശകൾ മനുഷ്യന് ആവശ്യമെന്ന് കരുതുന്ന പാവം ജനം സത്യം അറിഞ്ഞാലും വായ തുറക്കില്ല ."എന്റെ അഭിഷിക്തനെ തൊട്ടു പോകരുത് " എന്നാണല്ലോ
  നിങ്ങളെപ്പോലെ ഒരാൾ എല്ലാ ഇടവകകളിലും ഉണ്ടായിരുന്നു എങ്കിൽ എന്ന് ആശിച്ചുപോകുന്നു

  ReplyDelete
 4. പണം ആവിയാക്കി മാറ്റുന്ന നമ്മുടെ കത്തോലിക്കാ അച്ചന്മാരുടെ വിരുത് ഇത്ര നന്നായി എഴുതി കണ്ടിട്ടില്ല. ഈ സഭയിൽ നിന്നാണോ വിശുദ്ധന്മാർ ഉണ്ടാകുന്നത് എന്ന് ആശ്ചര്യപ്പെടുകയാണ്.ക. സഭ ഒരു സംഭവം തന്നെയാണേ!

  ReplyDelete
 5. "പള്ളി ഒരു സംഭവംതന്നെ '' പള്ളിപ്പിരിവിന്റെ 'ടെക്നോളജി' ഒന്ന് വേറെതന്നെയാണ്‌ ! "പള്ളി ഒരു സംഭവംതന്നെ '' എന്നാരും പറഞ്ഞുപോകും ! ഞങ്ങളുടെ ഇടവകപള്ളിയിൽ കഴിഞ്ഞയിടെ കയറിക്കൂടിയ ഒരു മഹാദിനമാണൂ "ഷീറ്റ് ഡേ " ! അന്നേദിവസം റബ്ബർ കൃഷിയുള്ള സകലമോന്മാരും സോറി, ആടുകളും റബ്ബർ ഷീറ്റുകൾ പള്ളിയിൽ കൊടുക്കണം പോലും ! പ്രവാസിയായിരുന്ന ഞാൻ 30 കൊല്ലം കഴിഞ്ഞു നാട്ടിൽ വന്നപ്പോൾ , എന്റെ കുട്ടിക്കാലത്തില്ലാത്ത ഈ "ഷീറ്റ് ഡേ " എങ്ങിനെ പള്ളിയിൽ കയറിക്കൂടി എന്നതിന് വ്യക്തമായ വ്യാകരണം തിരക്കിയപ്പോൾ , ഒറ്റ മുട്ടനാടിനും പെണ്ണ് ആടിനും കുഞ്ഞാടിനും അറിയില്ലതന്നെ! പക്ഷെ ഷീറ്റ് കളക്ഷൻ എന്നപേരിൽ ഒരു ജീപ്പ് വാടകയ്ക്ക് പിടിച്ചു, 'വികാരിയും' മറ്റുവികാരമുള്ള പള്ളിപരീശരും കൂടി വീട് വീടാന്തരം കയറിയിറങ്ങി ഷീറ്റ് വാങ്ങുന്ന ആചാരമായി അത് മാറിയിരിക്കുന്നു ! കലഞ്ഞൂർ മഹാദേവക്ഷേത്രത്തിലെ രോഹിണിമഹോത്സവം പ്രമാണിച്ചു ശാന്തിക്കാരനും , ആനപ്പുറത്തു ഭഗവാനും, 'പറയിടീലിനു' വീടുതോറും നടക്കുന്ന ആചാരം നമ്മളും അങ്ങിനെ കടമെടുത്തു ! എന്റെ വീട്ടിലുംവന്നു ! ഞാൻ അമ്പരന്നു ചോദിച്ചു ,"ഈസ്റെർ ഡേ, ക്രിസ്തുമസ് ഡേ, എന്നപോലെ ഈ 'ഷീറ്റ് ഡേ ' ആരുണ്ടാക്കി /എന്നുണ്ടാക്കി/ ഏതു മെത്രാൻ കല്പ്പിച്ച്ചീ ചെറ്റത്തരത്തിനു"എന്ന് ! "ചക്ക ഡേ ,മാങ്ങാ ഡേ, അണ്ടി ഡേ നെല്ല് ഡേ എന്ന് വിളിക്കാതെ 'ഹാർവസ്റ്റ് ഡേ' എന്നൊരോനമ പ്പേരിട്ടാൽ പോരെ" എന്നും ചോദിച്ചു! ഫലം സ്വാഹാ.. എന്നാൽ റബ്ബറിന് വില കുറഞ്ഞപ്പോൾ പള്ളിക്കും ഒരു പട്ടിക്കും റബ്ബർ വേണ്ടാതെയുമായി ! 1969 ഇൽ എന്റെ വിവാഹത്തിനു സ്റ്റിൽ ക്യാമറ ഉപയോഗിച്ചതിനു പള്ളി പ്രത്യേകിച്ചു കാശീടാക്കിയില്ല , എന്നാൽ എന്റെ മക്കളുടെ വിവാഹത്തിനു ക്യാമറാ / വീഡിയോ എന്നിവയ്ക്ക് എണ്ണിയെണ്ണീ കൊള്ളക്കാശു പിടുങ്ങി! "പ്രാർഥിക്കാൻ പള്ളിയിൽ പോകരുതേ "എന്ന് വിലക്കിയ ക്രിസ്തു സിന്ദാബാദ് ! samuelkoodal ,

  ReplyDelete