Translate

Thursday, May 26, 2016

ലാൽ സലാം !


കഴിഞ്ഞ ഇലക്ഷനു മുമ്പ് ഞാൻ കുറെ നല്ല കാര്യങ്ങൾ പറഞ്ഞാരുന്നു. മതാധികാരികളുടെ മനകളിൽ പോയി അനുഗ്രഹവും ഇരന്നു വാങ്ങി തെരുവിലേക്കിറങ്ങുന്നവർ രക്ഷപെടാൻ സാദ്ധ്യതയില്ലെന്നത് അതിലൊന്ന് - അതേകദേശം അങ്ങിനെ തന്നെ സംഭവിച്ചു. മാത്രമല്ല, അവർക്കു നേരെ രണ്ടു നല്ല വർത്തമാനം പറയുന്നവർ ജയിക്കുമെന്നും ഉറപ്പായി വരുന്നു. ഇതു സത്യമാണെന്നു വെള്ളാപ്പള്ളിയും സാക്ഷ്യപ്പെടുത്തിയേക്കാം. അവർക്കു കുറെ വോട്ടു കാണും, അതു കൊണ്ടു പോയി അവർ പുഴുങ്ങിത്തിന്നട്ടെ. ഞാൻ പറഞ്ഞ രണ്ടാമത്തെ കാര്യം, പള്ളിയേയും മെത്രാന്മാരെയും നമ്പരുതെന്നാണ്. അധികാരം ഉപേക്ഷിച്ചു പുതുപ്പള്ളിക്കു മടങ്ങാൻ തായ്യാറെടുക്കുന്നതിനു മുമ്പ് വേദനയോടെ ഉമ്മൻ ചാണ്ടി ഒരു കാര്യം പറഞ്ഞു - മദ്യ നിരോധനത്തിന് വേണ്ടി വാദിച്ചവരും നിർബന്ധിച്ചവരും തങ്ങളെ തുണച്ചില്ലെന്ന്. പള്ളിയും പട്ടക്കാരെയും നമ്പിയിട്ടു രക്ഷപ്പെടാം എന്നു സാക്ഷ്യപ്പെടുത്താൻ അധികമാരും കേരളത്തിൽ കാണില്ല (ഒരു ഷെവലിയർ കണ്ടാലായി ഇല്ലെങ്കിലായി). പള്ളി ചുമ്മാ പണിതു കൊടുത്തവരും കാര്യം വരുമ്പോൾ കാനോനിൽ കുടുങ്ങും. ഉമ്മൻ ചാണ്ടി എന്താ പാലാക്കാരനെപ്പോലെ സംസാരിച്ചതെന്ന് എനിക്കു മനസ്സിലായില്ല. അമിതപ്രതീക്ഷ അസ്ഥാനത്തു വെക്കുന്നതിലും ചിന്താശേഷി ഉപയോഗിക്കാതിരിക്കുന്നതിലും മിടുക്കർ പണ്ടു ചിറക്കടവുകാരായിരുന്നു, ഇപ്പോൾ അത് പാലാക്കാരാണെന്നു കേൾക്കുന്നു. ഇവിടെ പിണറായിയുടെ സ്വന്തം ആളാണെന്നു പറഞ്ഞ് ഒരു മെത്രാൻ വരാൻ സാദ്ധ്യതയുണ്ടെന്നു കണ്ടിട്ടാണോ ആവോ, 'എന്റെ നാമത്തിൽ പലരും വരും സൂക്ഷിക്കുക' യെന്നു സത്യപ്രതിജ്ഞയുടെ അന്നുതന്നെ പിണറായി പറഞ്ഞത്? നികൃഷ്ട ജീവിയെ വറുത്തു തിന്നാൽ ശ്രമിച്ചതിന്റെ ഫലം പിണറായിയും അനുഭവിച്ചു കാണും. 

കത്തോലിക്കാ സഭയിൽ ഇനി സംഭവിക്കാൻ പോകുന്ന കാര്യങ്ങൾ അത്ര സുഖകരമല്ലെന്നാണ് സൂചനകൾ. ചർച്ച് ആക്റ് വരാതിരിക്കണമെങ്കിൽ പല പടിക്കലും മുത്തേണ്ടി വരുമെന്നതു സത്യം; ഏകീകൃത സിവിൽ നിയമം വരുന്നുവെന്ന് വിണ്ടും വീണ്ടും കേൾക്കുകയും ചെയ്യുന്നു. ഇടുക്കിയിലെ റോഷി പറയുന്നത് കമ്മ്യൂണിസ്റ്റുകാരെ കയറൂരി വിട്ടിരിക്കുകയാണെന്നാ; കയറൂരിനടക്കുന്ന മെത്രാന്മാരുടെ കാര്യം കൂടി പറ റോഷീ. കമ്മ്യുണിസ്റ്റുകാർ ആത്മാവിനെ കൊല്ലുന്നില്ലല്ലോ, പിന്നെന്താ അവരെ ഇത്ര പേടി? പെൻഷൻ പ്രായം അറുപതാക്കണമെന്നു പറയുന്ന പി സി ജോർജ്ജ്, മെത്രാന്മാർക്കും ഈ പ്രായം റിട്ടയർമെന്റിന് ബാധകമാക്കണമെന്ന് പറയണം.
  
അച്ചന്മാർക്കൊഴിച്ചു മറ്റാർക്കും വാറ്റു ലൈസൻസ് കൊടുക്കരുതെന്ന സഭയുടെ പിടിവാശി ഇനി എവിടെക്കൊണ്ടുപോയി ദഹിപ്പിക്കുമോ? ഉമ്മൻ ചാണ്ടിയെ എന്നും ഞോണ്ടിക്കൊണ്ടിരുന്ന മെത്രാന്മാരുടെ വായിലിപ്പോൾ കമ്പിട്ടു കിള്ളി നോക്കണം നാക്കുണ്ടോന്നു കാണാൻ. കടപ്പാ ബിഷപ്പിന്റെ കാര്യം ഏതെങ്കിലും മെത്രാനോടു ചോദിക്കുന്നവരും ഈ പരീക്ഷണം ആവർത്തിക്കുന്നു.  അ... നു ..... ഭ ...... വി...... ക്ക ...... ട്ടെ! മദ്യനയം മാറാൻ പോകുന്നുവെന്നു കാനം രാജേന്ദ്രൻ പ്രഖ്യാപിച്ചു കഴിഞ്ഞല്ലോ. ഫിലിപ്പൈൻസിന്റെ പുതിയ പ്രസിഡണ്ട്‌ Mayor Rodrigo Duterte പറഞ്ഞത് സാധാരണക്കാർ മരുന്ന് വാങ്ങാൻ പോലും പണമില്ലാതെ വിഷമിക്കുമ്പോൾ പൊതുപ്പണം തിന്നു മദിക്കുന്നവരാണു റോമൻ കത്തോലിക്കാ മെത്രാന്മാർ എന്നാണ്. ഈ പ്രസ്താവന 'ദി ഹിന്ദു'വിൽ വന്നിരുന്നു. ഇവിടേയും ഒരു വ്യത്യാസവുമില്ല മേയറെ. എത്ര കിട്ടിയാലും തികയില്ല. ഏതായാലും, 25 വർഷങ്ങൾക്കുള്ളിൽ ഈ കേരളത്തിൽ ഒരിരുപത്തഞ്ചു വിശുദ്ധരെങ്കിലും കൂടി ഉണ്ടാവും. ഒത്തിരി ധന്യന്മാരുടേയും ദാസന്മാരുടേയും പേരിൽ നോവേനകൾ തുടങ്ങിക്കഴിഞ്ഞു. ഒരു സഹനദാസൻ മാത്രമേ ഔട്ടായിട്ടുള്ളൂ. ടോമച്ചനെ തീവ്രവാദികൾ വിട്ടാലും വിട്ടില്ലെങ്കിലും സഭ വിടാൻ പോകുന്നില്ലെന്നും കേൾക്കുന്നു. കോഹ്ലിയെ കൊണ്ടുവന്നിരുന്നെങ്കിൽ എല്ലാം അടിച്ചു നിരത്തിയേനെ. നമമുടെ മെത്രാന്മാരെപ്പറ്റി ഒത്തിരി നല്ല കാര്യങ്ങൾ പറയാൻ ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അവർ ദീപിക ഇ പേപ്പർ വായിച്ചു പഠിക്കുക - 28 പേജ് തികക്കാൻ ഒരു വാർത്ത മൂന്നും നാലും പ്രാവശ്യം പല പേജുകളിലായി അവരിടും. 

മാമ്മൊദീസാ, എഴുത്തിനിരുത്ത്, ആദ്യകുർബാന, സ്ഥൈര്യലേപനം, വിവാഹം, ജൂബിലി, ശവസംസ്കാരം ഇതെല്ലാം വല്യ ചടങ്ങുകളായിരിക്കുന്നു കത്തോലിക്കാ സഭയിൽ. ഓരോന്നിനും പ്രാർത്ഥനകൾക്കായി പ്രത്യേകം പ്രത്യേകം പുസ്തകങ്ങളുമുണ്ട്; ഓരോന്നിനും പ്രത്യേകം കോഴ്സുകളുമുണ്ട്. ഇതൊക്കെ എവിടുന്നു വന്ന പാരമ്പര്യമാണെന്നൊന്നും ചോദിക്കരുത്. പണ്ടു മലബാറിൽ കുടിയേറിയ കോട്ടയംകാർ മരിച്ചാൽ അച്ചനില്ലാതിരുന്നതു കൊണ്ട് അടക്കാതിരുന്നിട്ടില്ല - അവരാരും നരകത്തിൽ പോയതായി ആരും പറഞ്ഞും കേട്ടിട്ടില്ല. ഇന്നാ പിന്നെ പ്രസവവും കൂടി ഒരാഘോഷമാക്കിയാലോയെന്നു നാളെ സഭ ചിന്തിച്ചു തുടങ്ങിയേക്കാം. പ്രസവസമയത്ത് അച്ചനും കപ്യാരും ലേബർ റൂമിൽ കയറി പ്രാർത്ഥിച്ചു കുഞ്ഞിനെ ഈ ലോകത്തിലേക്കു സ്വീകരിക്കുന്നതു നന്നായിരിക്കും. തുടർന്ന് ഒരു സദ്യയും ആകാം.  ഇപ്പോ കല്യാണത്തിന്റെ തലേന്ന് അച്ചൻ വന്നു വധുവിനെയും വരനെയും അനുഗ്രഹിച്ചു വീട്ടുകാരുടെ അനുഗ്രഹവും വാങ്ങി പോകുന്ന ഒരു പതിവുണ്ടല്ലോ. അതു പോലെ പ്രസവത്തിനു ആശുപത്രിയിൽ പോകുന്നതിനു മുമ്പ് അച്ചനെ കൊണ്ടുവന്നു പ്രാർത്ഥിക്കുന്ന ഒരാചാരവും തുടങ്ങി വെയ്കാം. എന്തിനാ അതായിട്ടു വേണ്ടാന്നു വെയ്കുന്നത്?

'മോഡി കഴിവുറ്റ പ്രധാനമന്ത്രി', 'ഉമ്മൻ ചാണ്ടി കേരളം കണ്ട അപൂർവ്വ വ്യക്തിത്വം', 'അച്ചുതാനന്ദനേക്കാൾ യോഗ്യൻ പിണറായി', 'കുമ്മനം എത്ര നല്ലവൻ' - ഇതെല്ലാം ഒറ്റവായിൽ പറയുന്ന ആരെയെങ്കിലും നിങ്ങൾ വഴിയിൽ കണ്ടാൽ മനോനില തെറ്റിയവരെന്നു കണ്ടു മുഖം മറയ്കരുത്. ചോദിച്ചു പറഞ്ഞു വരുമ്പോൾ വളരെ ബഹുമാന്യരായിരിക്കാം അവർ. 

No comments:

Post a Comment