Translate

Monday, May 30, 2016

ചര്‍ച്ച് ആക്ട് നടപ്പിലാക്കണം - ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍




കൊച്ചി: ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അധ്യക്ഷനായിരുന്ന നിയമ പരിഷ്‌കരണ കമ്മീഷന്‍ സര്‍ക്കാരിന് ശുപാര്‍ശ ചെയ്ത 'കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ 2009' നിയമമാക്കണമെന്ന് ഇന്ന് എറണാകുളം ഐഎംഎ ഹാളില്‍ കൂടിയ ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ വാര്‍ഷീക ജനറല്‍ ബോഡി യോഗം സര്‍ക്കരിനോട് ആവശ്യപ്പെട്ടു. 2009 ജനുവരിയില്‍ വി.എസ്. സര്‍ക്കാരിന്റെ കാലത്താണ് പ്രസ്തുത കരട് ബില്‍ ശുപാര്‍ശചെയ്യപ്പെട്ടത്. ഈ ബില്ല് കാബിനറ്റ് സബ്ബ് കമ്മിറ്റി പരിഗണിക്കുകയും, വിശദമായ പഠനത്തിന് മാറ്റി വെക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് അധികാത്തില്‍ വന്ന യുഡിഎഫ് സര്‍ക്കാര്‍ ഈ ബില്‍ നിയമമാക്കുന്നതിന് കാര്യമായി ഒന്നും തന്നെ ചെയ്തില്ല. ഇപ്പോള്‍ പൊതുഭരണ (മൈനോറിറ്റി വെല്‍ഫയര്‍) വകുപ്പിന്റെ പരിഗണയിലാണ് മേല്‍പറഞ്ഞ കരട് ബില്‍ ഇരിക്കുന്നത്. ഇന്ത്യയില്‍ ക്രൈസ്തവരൊഴികെ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരുടെ സമൂഹസമ്പത്ത് ഭരിക്കുന്നതിന് നിയമത്തിന്റെ പരിരക്ഷയുണ്ട്. അതുപോലെ ഒരു നിയമം ക്രൈസ്തവര്‍ക്കും വേണമെന്ന് യോഗം അഭിപ്രയപ്പെട്ടു.
            പൂര്‍ണ്ണ മദ്യനിരോധനം വേണമെന്ന കത്തോലിക്കാസഭയുടെ നിലപാടില്‍ യോഗം വിയോജിപ്പ് പ്രകടിപ്പിച്ചു. മദ്യനിരോധനം പ്രായോഗികമല്ലെന്നും, അത് പല സംസ്ഥാനങ്ങളിലും പരീക്ഷിച്ച് പരാജയപ്പെട്ടീട്ടുള്ളതാണെന്നും യോഗം വിലയിരുത്തി. മദ്യനിരോധനമല്ല മദ്യവര്‍ജ്ജനമാണ് വേണ്ടത്. അത് ഘട്ടംഘട്ടമായി ബോധവല്‍ക്കരണത്തിലൂടെ മാത്രമേ നടപ്പാക്കാവു എന്നും യോഗത്തില്‍ അഭിപ്രയമുണ്ടായി. കുര്‍ബ്ബാനക്കാവശ്യമുള്ള വീഞ്ഞിന്റെ പേരില്‍ കത്തോലിക്കാസഭ കരസ്ഥമാക്കിയിട്ടുള്ള അബ്ബ്ക്കാരി ലൈസന്‍സിനെ കുറിച്ചും വിമര്‍ശനമുണ്ടായി. വീര്യം കൂടിയ വീഞ്ഞുല്‍പാദനം സഭ നിറുത്തിവെക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
            ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലിന്റെ പ്രസിഡണ്ട് ലാലന്‍ തരകന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി അഡ്വ. വര്‍ഗ്ഗീസ് പറമ്പില്‍ വാര്‍ഷീക റിപ്പോര്‍ട്ടും, ട്രഷറര്‍ ജെറോം പുതുശ്ശേരി വരവുചിലവു കണക്കുകളും അവതരിപ്പിച്ചു. ജോസഫ് വെളിവില്‍, ജോര്‍ജ്ജ് ജോസഫ്, ആന്റോ കോക്കാട്ട്, തോമാസ് പ്ലാശ്ശേരി, അഡ്വ. ഹോര്‍മിസ് തരകന്‍, വി.കെ. ജോയ് എന്നിവര്‍ പ്രസംഗിച്ചു.  
            തുടര്‍ന്ന് അടുത്ത വര്‍ഷത്തേക്കുള്ള ഭാവാഹികളായി ജോസഫ് വെളിവില്‍ (പ്രസിഡണ്ട്), വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി), ടി.ഒ. ജോസഫ്, ചേര്‍ത്തല, ജോര്‍ജ്ജ് ജോസഫ്, കോട്ടയം, അമലദാസ് പെരേര, തിരുവനന്തപുരം, ആന്റോ കോക്കാട്ട്, തൃശ്ശൂര്‍ എന്നിവരെ വൈസ് പ്രസിഡണ്ടുമാരായും, സി.എ. ജോസഫ്, കോട്ടപ്പടി, സ്റ്റാന്‍ലി പൗലോസ്, എറണാകുളം, അഡ്വ. ഗാസ്പര്‍ കളത്തുങ്കല്‍, എറണാകുളം, ജോഷി ആന്റണി, പാലക്കാട് എന്നിവരെ സെക്രട്ടറിമാരായും, ലോനന്‍ ജോയിയെ ട്രഷററായും  ഐകകണ്‍ഠ്യേന തെരഞ്ഞെടുത്തു.

ഫോണ്‍. ജോസഫ് വെളിവില്‍ (പ്രസിഡണ്ട്) 9895420830,
വി.കെ. ജോയ് (ജനറല്‍ സെക്രട്ടറി) 9447037725

No comments:

Post a Comment