Translate

Tuesday, May 24, 2016

ആക്രമികൾ തട്ടിക്കൊണ്ടു പോയ ബിഷപ്പ് ഗല്ലേലായും സഭയുടെ നിശബ്ദതയും


By ജോസഫ് പടന്നമാക്കൽ 

ഉത്തരേന്ത്യയിലെ  മത മൗലിക വാദികൾ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നുവെന്ന വാർത്തകൾ മുഖ്യ  പ്രാധാന്യത്തോടെ ഇന്ത്യയിലും ലോക മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കാറുണ്ട്. ചെറിയ സംഭവങ്ങളാണെങ്കിലും പൊലിപ്പിച്ചു കാണിക്കാനും മാദ്ധ്യമങ്ങൾ മത്സരത്തിലായിരിക്കും. വാർത്തകളുടെ വെളിച്ചത്തിന്മേൽ നാടു മുഴുവൻ കോളിളക്കം സൃഷ്ടിക്കുകയും അരമനകളിലേയ്ക്കും പള്ളിമേടകളിലേയ്ക്കും വിദേശപ്പണം ഒഴുകുകയും ചെയ്യും. ഇന്ത്യാ മുഴുവൻ   മത പീഡനമെന്നു പറഞ്ഞ് ഡസൻ കണക്കിന് മെത്രാന്മാരും നൂറു കണക്കിന് പുരോഹിതരും കന്യാസ്ത്രികളും മുൻനിരയിലായി മെഴുകുതിരി കത്തിച്ചുകൊണ്ടുള്ള പ്രകടനങ്ങളും മുദ്രാവാക്യങ്ങളുമായി തെരുവുകളിലുമുണ്ടാവും. 2013 മാർച്ച് മുപ്പത്തിയൊന്നാം തിയതി കൊച്ചുപുരയ്ക്കൽ ഫാദർ കെ.ജെ. തോമസെന്ന മലയാളി വൈദികൻ, ബാംഗളൂർ നഗരത്തിൽ കൊല ചെയ്യപ്പെട്ടു. കുറ്റാരോപിതരായ ഗുൽബെർഗിലെ കെങ്കേരി ഇടവക ഫാദർ  ഏലിയാസ്, അദ്ദേഹത്തിൻറെ അൾത്താര സഹായി പീറ്റർ, മറ്റൊരു പുരോഹിതൻ ഫാദർ വില്ല്യം പാട്രിക്ക് എന്നിവരെ ബാംഗ്ലൂർ പോലീസ് അറസ്റ്റു  ചെയ്യുകയും ചെയ്തു.  ഈ വാർത്തകളൊന്നും മാദ്ധ്യമങ്ങൾ അമിതപ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചുമില്ല.   കൊലയ്ക്കു കാരണം ധനപരമായ കാരണങ്ങളായിരുന്നു. ഏതാണ്ട് അതേ കാരണങ്ങൾ കൊണ്ട് ആന്ധ്രായിൽ ബിഷപ്പ്  പ്രസാദ്  ഗല്ലേലയെ മൃഗീയമായി രണ്ടു പുരോഹിതരും അവരുടെ സഹായികളും കൂടി തട്ടിക്കൊണ്ടു പോയി ഒരു രാത്രി മുഴുവൻ മർദ്ദിക്കുകയുണ്ടായി. രണ്ടു കേസിലും കുറ്റവാളികൾ പുരോഹിതരായതുകൊണ്ടാണ് സഭ മൌനം പാലിക്കുന്നത്. ബിഷപ്പ് പ്രസാദ് ദളിതനും കൂടിയായിരുന്നു. കുറ്റവാളികൾ  റെഢി സമുദായത്തിൽപ്പെട്ട പുരോഹിതരായതുകൊണ്ട് സഭ വർണ്ണ വ്യവസ്ഥയെ മുറുകെപ്പിടിക്കുന്നു. കുറ്റം ചുമത്തപ്പെട്ട പുരോഹിതരെയും കൂട്ടാളികളെയും നിയമത്തിന്റെ മുമ്പിൽ കൊണ്ടുവന്നിട്ടും സഭ നിശബ്ദത പാലിക്കുന്നതിൽ ദളിത ലോകം മുഴുവനും അസ്വസ്ഥരാണ്.


യമനിൽ ഇസ്ലാമിക ഭീകരർ  ചതിവിൽക്കൂടി 'ടോം ഉഴുന്നാലി'ലെന്ന മലയാളീ പുരോഹിതനെ ബലം പ്രയോഗിച്ച് തട്ടിക്കൊണ്ടു പോയിരുന്നു. അദ്ദേഹത്തെ മോചിപ്പിക്കാൻ ഇന്ത്യയിലെ എല്ലാ കൃസ്ത്യൻ സംഘടനകളും ശ്രമിക്കുന്നുണ്ട്. 'കത്തോലിക്ക ബിഷപ്പ് കോൺഫ്രെൻസ്'  ഇന്ത്യാ സർക്കാരിന്റെ സഹായത്തോടെ ഫാദർ ടോമിനെ വിമോചിതനാക്കാൻ ഭീകരരുടെ പ്രഭാവമുള്ള രാജ്യങ്ങളെ  സ്വാധീനിക്കുന്നുമുണ്ട്. ഫാദർ ടോമിനുവേണ്ടി നാടാകെ പ്രാർത്ഥനകളും  പ്രതിക്ഷേധ റാലികളും ഇന്നും തുടരുന്നു. ആഗോള ഭീകരതയിൽ പുരോഹിതനെ തട്ടിക്കൊണ്ടു പോയതു കാരണം ഇന്ത്യൻ ബിഷപ്പുമാർ  ഒന്നടങ്കം സഹാനുഭാവം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ ആ ഏകമതീഭാവം ദളിതനായ ബിഷപ്പ് പ്രസാദിന്റെ കാര്യത്തിൽ കാണിക്കുന്നുമില്ല. ധനവും രാഷ്ട്രീയ സ്വാധീനവും വർഷിക്കുന്ന മേച്ചിൽ സ്ഥലങ്ങൾ തേടി അഭിഷിക്തർ എവിടെയും പാഞ്ഞു നടക്കും. ദുഃഖിതരുടെയും പീഡിതരുടേയും സമരിയാക്കാരത്തിയുടെയും വേദനകൾ അവരുടെ സവർണ്ണ ഹൃദയങ്ങളിൽ സ്പന്ദിക്കുകയുമില്ല.


ബിഷപ്പ് പ്രസാദ്  ഗല്ലേലയെ  തട്ടിക്കൊണ്ടുപോയി മാരകമായി ഉപദ്രവിച്ച വാർത്ത ക്രിസ്ത്യൻ ജനതയെ  ഞെട്ടിപ്പിക്കുന്ന ഒന്നായിരുന്നു. മണിക്കൂറുകളോളം കാറിനുള്ളിൽ വെച്ചും ഏകാന്തമായി മുറിയിലടച്ചിട്ടും തല്ലുകയും ഇടിക്കുകയും ദേഹമാസകലം മുറിവുകളും പാടുകളും നല്കിക്കൊണ്ടുമായിരുന്നു അക്രമികൾ അദ്ദേഹത്തെ ഉപദ്രവിച്ചത്. ബിഷപ്പിന്റെയും ഡ്രൈവറിന്റെയും കണ്ണുകളും മൂടപ്പെട്ടിരുന്നു. അദ്ദേഹത്തെ ബന്ധിയിലാക്കിയ സൂത്രധാരകർ ഏതാനും കത്തോലിക്കരായ പുരോഹിതരാണെന്നറിയുമ്പോൾ ആത്മാഭിമാനമുള്ള ഏതൊരു കത്തോലിക്കനും ലജ്ജയോടെ തലകുനിക്കും.  തെക്കേ ഇന്ത്യയിൽ സംഭവിച്ച വേദനാജനകമായ ഈ സംഭവത്തിൽ സഭ നിശബ്ദത പാലിക്കുന്നത് ഇതിലെ കുറ്റവാളികൾ പുരോഹിതരായതുകൊണ്ടും ബിഷപ്പ് ദളിത സമൂഹത്തിൽപ്പെട്ട ഒരു ആത്മീയ ഗുരുവായതുകൊണ്ടെന്നും സംശയിക്കേണ്ടിയിരിക്കുന്നു.


കുറ്റവാളികളായ രണ്ടു പുരോഹിതരും ഉയർന്ന ജാതിയിലുള്ള റെഢി സമുദായത്തിൽപ്പെട്ടവരാണ്. ഈ പുരോഹിതരുടെ മേൽ കർശനമായ നടപടികളെടുക്കുന്നതിനു പകരം ചില പൊള്ളയായ വാഗ്ദാനങ്ങളും പ്രാർഥിക്കാനും പറഞ്ഞ് കേസിനെ മൂടി വെയ്ക്കാനാണ് സഭ ശ്രമിക്കുന്നത്. കത്തോലിക്കാ കോൺഫറൻസിന്റെ പ്രസിഡണ്ടായ കർദ്ദിനാൾ ബസലീയോസ് ക്ലീമീസ്  അതി കഠോരമായ ഈ സംഭവത്തെപ്പറ്റി ഒന്നും സംസാരിക്കാതെ യാതൊന്നും പ്രതികരിക്കാത്തതും വിസ്മയമുളവാക്കുന്നു.  സഭ ആരെയോ ഭയപ്പെടുകയോ അല്ലെങ്കിൽ ഇക്കാര്യത്തിൽ ഇടപെടെണ്ടായെന്നു തീരുമാനിക്കുകയോ ചെയ്തിരിക്കാം. വർഗ വ്യത്യാസം പരിഗണിച്ച് റെഢി സമൂഹത്തെ ഭയപ്പെടുന്നുമുണ്ടാകാം. ബിഷപ്പ് ദളിതനായതു കൊണ്ട് സഭ ഇത്തരം നിർദയമായ ഒരു സംഭവത്തിൽ ഇടപെടാൻ കഴിയാത്തതുകൊണ്ട് ഒഴിഞ്ഞു നില്ക്കുന്നതുമാവാം.  


കഴിഞ്ഞ മെയ് പതിനാറാം തിയതി ആന്ധ്രായിൽ ബിഷപ്പിന്റെ ആസ്ഥാനമായ കടപ്പായിൽ ബിഷപ്പിന് ആത്മീയബലം നല്കിക്കൊണ്ട് ഒരു ഐക്യദാര്‍ഢ്യറാലിയുണ്ടായിരുന്നു.   പത്തു പുരോഹിതരും എട്ടു കന്യാസ്ത്രികളും ആയിരത്തിയഞ്ഞൂറിൽപ്പരം ജനവും അതിൽ പങ്കെടുത്തിരുന്നു. ദളിത ക്രിസ്ത്യാനികളുടെ അനേക നേതാക്കന്മാരും രാജ്യത്തിന്റെ നാനാ ഭാഗത്തുനിന്നും ഈ പ്രതിഷേധ റാലിയിലുണ്ടായിരുന്നു. കടപ്പായിൽ സംഘടിപ്പിച്ച റാലിയിൽ വിജയവാഡാ, കുർനൂൾ , നെല്ലൂർ, കമ്മം, ഗുണ്ടർ, എന്നീ വിവിധ സ്ഥലങ്ങളിൽ നിന്നും ബിഷപ്പിനെ പിന്തുണയ്ക്കാൻ പ്രമുഖരായ ദളിതരും എത്തിയിരുന്നു. ദളിതരായ ക്രിസ്ത്യാനികളുടെ പ്രതിഷേധ  സമാപന സമ്മേളനത്തിൽ സി.എസ് ഐ ബിഷപ്പ് വേദിയിൽ പ്രസംഗ പീഠത്തിലുണ്ടായിരുന്നു. തികച്ചും നികൃഷ്ടമായ ഈ ക്രൂര പ്രവർത്തികൾ ചെയ്തവർക്കെതിരെ അനുചിതമായ നടപടികളെടുക്കാൻ കത്തോലിക്കാ സഭയ്ക്ക്  പൂർണ്ണ പിന്തുണ നല്കുകയും കുറ്റവാളികളുടെ ഹീനമായ ഈ പ്രവർത്തികളിൽ അപലപിക്കുകയും ചെയ്തു. അവിടെ സമ്മേളിച്ച വിവിധ ജാതി മതസ്ഥരും സഭയോട് അന്ന് ഐക്യമത്യം പ്രഖ്യാപിക്കുകയും നീതിയും സത്യവും കണ്ടെത്തുവാനുള്ള എല്ലാ സഹകരണങ്ങളും വാഗ്ദാനം ചെയ്യുകയുമുണ്ടായി. യേശുവിന്റെ ഒറ്റുകാരനായ യൂദായെ അനുഗമിച്ച കുറ്റവാളികളായ പുരോഹിതരെ നിയമത്തിന്റെ പരമാവധി ശിക്ഷ മേടിച്ചു കൊടുക്കണമെന്നും ആവശ്യപ്പെട്ടു. അവർ സഭയേയും സമൂഹങ്ങളെയും ചതിക്കുകയായിരുന്നുവെന്നും പ്രകടനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.


ഏപ്രിൽ ഇരുപത്തിയഞ്ചാം തിയതി പകൽ പതിനൊന്നു മണിയ്ക്കാണ് ബിഷപ്പ് ഗല്ലേലയെ തട്ടിക്കൊണ്ടു പോയത്. മരിയാ കപ്പേളയിൽ അന്ന് കുർബാനയർപ്പിച്ച ശേഷം മടങ്ങി പോവുന്ന വഴിയായിരുന്നു ആക്രമണമുണ്ടായത്. അതേ രൂപതയിലുണ്ടായിരുന്ന  പുരോഹിതർ വാടക ഗുണ്ടാകളെ ഏർപ്പെടുത്തി ബിഷപ്പിനെ മൃഗീയമായി തട്ടിക്കൊണ്ടു പോയി മർദ്ദിക്കുകയായിരുന്നുണ്ടായത്. സംഭവത്തിനുശേഷം ഏതാനും ദിവസങ്ങൾ കഴിഞ്ഞാണ്  വിവരങ്ങൾ പൊതു ജനത്തിനു വെളിപ്പെട്ടത്. ഈ ഭീകര ഗുണ്ടകൾ ബിഷപ്പിന്റെയും വണ്ടി ഓടിച്ച ഡ്രൈവറിന്റെയും കണ്ണുകൾ കെട്ടിയതിനു ശേഷമായിരുന്നു ബന്ധിച്ചത്. അതിനു ശേഷം അജ്ഞാത സ്ഥലത്തു കൊണ്ടുപോവുകയും അതി ഭീകരമായി മർദ്ദിക്കുകയുമായിരുന്നു. ഏകദേശം രാവിലെ രണ്ടു മണിയായപ്പോൾ ബിഷപ്പിനെയും ഡ്രൈവറെയും തിരികെ അരമനയിൽ നിന്നും അമ്പത് മൈലുകൾക്കകലെ   വിജനമായ പൊതു വഴിയിൽ ഉപേക്ഷിക്കുകയാണുണ്ടായത്.


2015 മാർച്ചിൽ ഒരു കന്യാസ്ത്രി കല്ക്കട്ടായിൽ പീഡിതയായപ്പോൾ സഭയൊന്നാകെ വികാരഭരിതമായി പ്രതിഷേധിച്ചിരുന്നു. മെഴുകുതിരി കത്തിച്ചുള്ള പ്രകടനവും, ആഗോള വാർത്താ മീഡിയാകളുടെ  തിക്കും തിരക്കും ജാഥാകളും പ്രതിഷേധങ്ങളും സഭയുടെ നേതൃത്വത്തിലുണ്ടായിരുന്നു. അതിന്റെ ഉച്ചത്തിലുള്ള അലയൊഴുക്കുകൾ കേരളത്തിലെ ക്രിസ്ത്യൻ ദിനപത്രങ്ങളിലും പ്രവഹിച്ചിരുന്നു. ഒരു കന്യാസ്ത്രിയ്ക്ക് അപകടം വന്നപ്പോൾ കാത്തലിക്ക് ബിഷപ്പ് കോൺഫ്രെൻസ് ഓഫ് ഇന്ത്യ, നാഷണൽ അസോസിയേഷൻ ഓഫ് കാത്തലിക്ക് മുതലായ സംഘടനകൾ രംഗത്ത് വന്ന് ശക്തിയായി പ്രതിഷേധിച്ചിരുന്നു.  എന്നാൽ ആ നീതി ദളിതനായ ബിഷപ്പിന് കൊടുത്തില്ല. തെലുങ്കു കാത്തലിക്ക് ബിഷപ്പ് കൌൺസിൽ പോലും പ്രതിഷേധ ശബ്ദം പുറപ്പെടുവിച്ചില്ല. ഇത്തരം വിവേചനം തികച്ചും അനീതിയായി സഭയിലെ ദളിതർ കരുതുന്നു.  ദളിതരുടെ ചിന്താഗതി എന്താണെന്നറിയാനുള്ള മനസ്തിതിപോലും സഭയ്ക്കില്ലാതെ പോയി. ദളിതരുടെ  റാലിയിൽ പങ്കെടുത്തവർ  കുപിതരായി സഭയുടെ നിശബ്ദ നിലപാടിനെ കുറ്റപ്പെടുത്തുന്നുണ്ടായിരുന്നു. "സഭയ്ക്കുള്ളിൽ വർഗ വിവേചനം ഉണ്ടെന്നു നമുക്കറിയാം. അത് ഭാരതീയ ക്രിസ്ത്യൻ സമൂഹത്തെ സംബന്ധിച്ച് ഒരു വെല്ലുവിളിയാണ്. യേശു ഇന്ന് ഭൂമുഖത്ത് ഉണ്ടായിരുന്നെങ്കിൽ എന്തായിരിക്കും സംഭവിക്കുകയെന്നും" ദളിതരുടെ ചോദ്യങ്ങളിലുണ്ടായിരുന്നു.


ദളിതർക്കുവേണ്ടി സംസാരിക്കുന്ന ഒരു വക്താവും സാമൂഹിക പ്രവർത്തകനുമായ  ഫാദർ ബോസ്ക്കോ പ്രകടനത്തിൽ പങ്കുചേർന്നിരുന്നു. ഇത്രമാത്രം ഗുരുതരമായ സംഭവമുണ്ടായിട്ടും ദളിതരുടെ പ്രശ്നത്തിൽ സഭയിടപെടാത്തതിൽ അദ്ദേഹം സഭാനേതൃത്വത്തിന്റെ നയങ്ങളെ അപലപിച്ചു. സഭയിലെ പുരോഹിതരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു,  'സഭയുടെ നേതാക്കൾ വർണ്ണ വിവേചനമെന്ന പൈശാചിക ശക്തിയെ ഭയപ്പെടുന്നു. അവരിലെ ഭയം ദൂരീകരിക്കുന്ന കാലവും ദളിതർ സ്വപ്നം കാണുന്നു. യേശുവിന്റെ അടിസ്ഥാന തത്ത്വങ്ങളെ പാടെ തിരസ്ക്കരിച്ചുകൊണ്ട് സഭ അനീതിയുടെ വഴിയെ സഞ്ചരിക്കുന്നു. ദരിദ്രരോടും പീഡിതരോടുമൊത്തു സഞ്ചരിച്ചിരുന്ന യേശു മലമുകളിൽനിന്നും മുഴക്കിയിരുന്നതു  കാരുണ്യത്തിന്റെയും, സ്നേഹത്തിന്റെയും സമത്വത്തിന്റെയും നീതിയുടെയും കാഹള ധ്വനിയായിരുന്നു .'


ബിഷപ്പിന്റെ നേരെയുള്ള അതി ഗുരുതരമായ ആക്രമ സംഭവ വികാസങ്ങൾ കണക്കാക്കിയെങ്കിലും സഭയും ഇന്നു  നിലവിലുള്ള ഇന്ത്യയിലെ രൂപതകളും പുരോഹിതരും അല്മേനികളും ഒത്തൊരുമിച്ച് സഭയിലെ വർണ്ണ വ്യവസ്ഥയെന്ന പ്രശ്നം പരിഹരിക്കേണ്ടതാണ്. പൊതുവായ ആത്മീയ വളർച്ചയ്ക്ക്  അത്തരം നീക്കം ഉത്തേജനമാകും.  'ഇന്ന്  സഭയിലെ നേതൃത്വം അത്തരം പുരോഗമനപരമായ ചിന്താഗതികൾക്ക് തയാറാകുന്നില്ലെങ്കിൽ സഭയുടെ ദൈവ വിളിയെന്ന അർത്ഥമെന്താണെന്നും' ഫാദർ ബോസ്ക്കോ ചോദിക്കുന്നു. 'ദളിത നേതാക്കന്മാർ ഈ പ്രശ്നം പരിഹരിക്കാനായി സഭയുമായി പങ്കാളികളായുള്ള സജീവപ്രവർത്തനങ്ങൾക്കു  തയാറാണെന്നും' അദ്ദേഹം അറിയിച്ചു. സഭയും അതിൽ പങ്കാളിയാകുന്നുവെങ്കിൽ സഭയെന്നുള്ളത് സ്നേഹത്തിന്റെയും നീതിയുടെയും പ്രതീകമാകുമെന്നതിൽ സംശയമില്ല. സഭയ്ക്കുള്ളിൽ വർണ്ണ വിവേചനമുണ്ടെന്നു നമുക്കെല്ലാം അറിയാവുന്ന ഒരു സത്യമാണ്. കൃസ്ത്യൻ സമൂഹത്തെ സംബന്ധിച്ചു അതൊരു വെല്ലുവിളിയുമാണ്. യേശു ജീവിച്ചിരുന്നെങ്കിൽ അവിടുന്നു  എന്തു ചെയ്യുമായിരുന്നുവെന്ന ചോദ്യവും ഇവിടെ പ്രസക്തമാണ്.'


ബിഷപ്പ് പ്രസാദ്  ഗലേലായെ  തട്ടിക്കൊണ്ടു പോയ കേസ്സിലെ പ്രതിയായ രാജാ റെഢിയെന്ന പുരോഹിതൻ  കോർക്കിലെ സ്കൂളിനോടനുബന്ധിച്ചുള്ള കെട്ടിടത്തിൽ സാധുക്കളെ സഹായിക്കാനായി ഒരു ധർമ്മ സ്ഥാപന ഷോപ്പ് നടത്തുന്നുണ്ടായിരുന്നു. ഉദാരമതികളായ നാട്ടുകാരിൽ നിന്നും പിരിവെടുത്താണ്  സാമൂഹിക ക്ഷേമത്തിനായുള്ള ധർമ്മ സ്ഥാപനം സ്ഥാപിച്ചത്. ഈ ഷോപ്പ് നടത്തുന്ന രാജയും പതിനാലു കൂട്ടാളികളും ഒത്തുകൂടി അസൂത്രണം ചെയ്താണ് ബിഷപ്പിനെ തട്ടിക്കൊണ്ടു പോയത്. കേസിനോടനുബന്ധിച്ചുള്ള അന്വേഷണം നടക്കുന്നതിനാൽ ഫാദർ രാജയുടെ മേല്നോട്ടത്തിൽ നടത്തിവന്നിരുന്ന ഷോപ്പ് കഴിഞ്ഞ ദിവസം നിർത്തൽ ചെയ്തു.


അമ്പത്തിനാലുകാരനായ ബിഷപ്പിനെ  അക്രമികൾ മർദ്ദിച്ചുകൊണ്ട് അമ്പതു  ലക്ഷം രൂപ ആവശ്യപ്പെട്ടു. ഇരുപതു ലക്ഷം രൂപാ കൊടുത്തശേഷം മർദ്ദനം കൊണ്ടവശനായ ബിഷപ്പിനെ ക്രൂരരായ അവർ മോചിപ്പിച്ചു. മോചനം ലഭിച്ച് മടങ്ങി വന്നയുടൻ ബിഷപ്പ് പോലീസ്സിൽ പരാതിപ്പെട്ടു. കുറ്റവാളികളെ പോലീസ് തിരിച്ചറിഞ്ഞതനുസരിച്ച് ഏപ്രിൽ 26-ന് അക്രമികൾക്ക് നിർദേശം കൊടുത്ത ഫാദർ രാജാ റെഢിയെ അറസ്റ്റ് ചെയ്തു. പുരോഹിതനായ ഇയാൾ 'മൈ ഡാഡി ഹോം' എന്ന പേരിൽ ഇന്ത്യയിൽ നിരവധി സ്ഥാപനങ്ങൾ നടത്തുന്നുമുണ്ട്. ബിഷപ്പിന്റെ സുഹൃത്തായിരുന്ന രാജാ റെഢിയ്ക്ക് സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്ന അതിരൂപതയുടെ പ്രധാന നേതൃത്വത്തിലെത്താനുള്ള മോഹവുമുണ്ടായിരുന്നു. രൂപതയുടെ പ്രൊക്കുറേറ്റർ സ്ഥാനം ഇയാൾക്കു നൽകാത്തതിലും ബിഷപ്പിനോട് അമർഷമുണ്ടായിരുന്നു


ഫാദർ രാജാറെഡിയ്ക്ക് അധികാരവും പണവുമായിരുന്നു വേണ്ടിയിരുന്നത്. അത് ലഭിക്കാനും കൂടിയായിരുന്നു അയാളെ ബിഷപ്പിനെ തട്ടിക്കൊണ്ടു പോകുവാൻ പ്രേരിപ്പിച്ചത്. ഇതിനു മുമ്പ് നാലു പ്രാവശ്യം ബിഷപ്പ് പ്രസാദിനെ തട്ടിക്കൊണ്ടു പോകാൻ ഇവർ ശ്രമം നടത്തിയെങ്കിലും വിജയിച്ചിരുന്നില്ല. അറസ്റ്റിലായവർ വൈദികരായ രാജ റെഢി (48) മോഹൻ റെഢി (45) എന്നിവരാണ്. ഏപ്രിൽ ആറിനും പതിനഞ്ചിനുമിടയിലായിരുന്നു തട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടത്തിയത്. പണം കൊടുക്കാമെന്നു സമ്മതിച്ചതിനു ശേഷം മെത്രാനെയും ഡ്രൈവറെയും പെരുവഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. ഇവരുടെ കൈവശമുണ്ടായിരുന്ന എ ടി.എം കാർഡുകളും അക്രമികൾ തട്ടിയെടുത്തിരുന്നു.


ആന്ധ്രാ പ്രദേശിലുള്ള ഒരു അദ്ധ്യാപക കുടുംബത്തിൽ ഏറ്റവും ഇളയതും നാലാമത്തെ സന്താനവുമായി പ്രസാദ് ജനിച്ചു. ശ്രീമതി മറിയാമ്മയും ശ്രീ ജോജപ്പായുമായിരുന്നു മാതാപിതാക്കൾ.  1962- ഏപ്രിൽ ഏഴാംതിയതി ജനിച്ച ബിഷപ്പ് ജി പ്രസാദ് ആന്ധ്രാ സംസ്ഥാനത്തുള്ള ചുടാഫാ രൂപതയുടെ നാലാമത്തെ ബിഷപ്പാണ്. ബിഷപ്പിന്റെ അരമന സ്ഥിതി ചെയ്യുന്നത് കടപ്പായിലുള്ള  ഗോതിക്ക് സ്റ്റൈലിൽ നിർമ്മിച്ച സെന്റ് മേരീസ് കത്തീദ്രലിനു സമീപമാണ്. ഈ അരമന 1934-ൽ നിർമ്മിച്ചു. ബിഷപ്പ് പ്രസാദ് തെലുങ്കിലും ഇംഗ്ലീഷിലും ലാറ്റിനിലും പണ്ഡിതനാണ്.ഭാഷകൾ കൈകാര്യം ചെയ്യാൻ  നല്ല പ്രാവിണ്യവുമുണ്ട്.


സ്വന്തം ഗ്രാമത്തിലുള്ള സ്കൂൾ പഠനത്തിനു ശേഷം അദ്ദേഹം കുർണൂലിലുള്ള പയസ് സെമിനാരിയിൽ ഒരു വർഷം ദൈവ ശാസത്രം പഠിച്ചു.  തുടർന്നുള്ള പഠനത്തിനായി  സെന്റ്‌ ജോർജ് റീജിനൽ സെമിനാരിയിൽ  ചേർന്നു. അവിടുത്തെ  പഠനം പൂർത്തിയാക്കിയ ശേഷം  ഹൈദ്രബാദിലുള്ള സെൻറ് ജോൺ റീജിനൽ സെമിനാരിയിൽ വൈദിക പഠനത്തിനായി പഠിച്ചു. 1989 മാർച്ച്‌ ഒന്നാം തിയതി പുരോഹിതനായി പട്ടമേറ്റു.അദ്ദേഹം വൈദിക പട്ടം ലഭിച്ച ശേഷം  കുർണൂൾ രൂപതയിൽ വളരെക്കാലം വികാരിയായി സേവനം ചെയ്തു.


1989 മുതൽ 1991 വരെ യുവ ജന സഖ്യത്തിന്റെ ഡിറക്റ്ററായിരുന്നു.1995 മുതൽ 1999 വരെ റോമിൽ ഉന്നത പഠനത്തിനു പോയി. പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ്  ബിരുദം ലഭിച്ചു. മദർ തെരസായുടെ ധർമ്മ സ്ഥാപനങ്ങളെയും സേവനങ്ങളെപ്പറ്റിയുമായിരുന്നു തിസീസ് തയാറാക്കിയത്‌. 1999-ൽ പോസ്റ്റ്‌ ഡോക്ടറൽ ഡിഗ്രീയായ ഡി. റ്റിഎച്ച് കരസ്ഥമാക്കി.


1999-ൽ അദ്ദേഹം റോമിൽ നിന്ന് മടങ്ങി വന്നു കഴിഞ്ഞ് ഉപ്പലഡാദിയ എന്ന സ്ഥലത്തുള്ള സെന്റ്‌ ജോൺ പള്ളിയുടെ വികാരിയായിരുന്നു. അതിനുശേഷം ടെക്സാസിൽ സാൻ ആഞ്ചലോ രൂപതയിൽ പൌരാഹിത്യ ചുമതലകൾ വഹിച്ചിരുന്നു.  2004-ൽ ഇന്ത്യയിൽ വീണ്ടും മടങ്ങി വന്നു. വിശാഖ പട്ടണത്തിലുള്ള സെന്റ്‌ ജോൺ റീജിണൽ സെമിനാരിയുടെ പ്രൊഫസറായി ചുമതലയേറ്റെടുത്തു. അവിടുത്തെ ആത്മീയ ഡിറക്റ്ററുമായിരുന്നു.  2008- ജനുവരി മുതൽ ബനഡിക്റ്റ്  പതിനാറാമൻ  മാർപ്പാപ്പാ അദ്ദേഹത്തെ കുടാഫയുടെ ബിഷപ്പായി നിയമിച്ചു. അദ്ദേഹത്തിന്റെ സ്ഥാനാരോഹണ വേളയിൽ ആന്ധ്രാ പ്രദേശിലെ മിക്ക ബിഷപ്പുമാരും സംബന്ധിച്ചിരുന്നു.      


തട്ടിക്കൊണ്ടു പോയ ബിഷപ്പ് പ്രസാദിന്റെ ഡ്രൈവർ വിജയ കുമാറിനെ മറ്റൊരു കാറിൽ കൊണ്ടുപോയി അടിക്കുകയും ഏ.റ്റി.എം കാർഡും അതിൽനിന്നു അമ്പതിനായിരം രൂപയും അപഹരിക്കുകയും ചെയ്തു.   പോലീസുകാർ അഞ്ചു കാറും നാലു ഏ.റ്റി.എം കാർഡുകളും കാർഡിൽനിന്നു പിൻവലിച്ച അമ്പതിനായിരം രൂപയും പതിനാലു സെൽഫോണും പെൻ ഡ്രൈവും .വീഡിയോയും കണ്ടെടുത്തിട്ടുണ്ട്. അറസ്റ്റിനു മുമ്പ് ചില മീഡിയാകളും നിരീക്ഷകരും മത മൗലിക വാദികളുടെ   ക്രിസ്ത്യൻ പീഡനമായി ഈ ആക്രമണത്തെ ചിത്രീകരിച്ചിരുന്നു.  അത്തരം ഒരു സാഹചര്യമായിരുന്നെങ്കിൽ വർഗീയ കലാപം പൊട്ടിപ്പുറപ്പെടാൻ സാധ്യതയുമുണ്ടായിരുന്നു. എങ്കിൽ ലോകവാർത്തകളിൽ ഈ സംഭവം നിറഞ്ഞു നിൽക്കുമായിരുന്നു. കൂടാതെ മോഡിയുടെ നേതൃത്വത്തിലുള്ള ദേശീയ സർക്കാരിനെതിരെ എതിർ രാഷ്ട്രീയ കക്ഷികൾ രാഷ്ട്രീയ മുതലെടുപ്പുകളും നടത്തുമായിരുന്നു.


മൃഗീയമായ ബിഷപ്പിന്റെ നേരെയുള്ള ആക്രമണത്തെ അപലപിച്ചുകൊണ്ട് ഹൈദരാബാദ് ആർച്ച് ബിഷപ്പ്  'തുമ്മ ബാലാ'  പറഞ്ഞത് " ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു മത നേതാവിന്റെ നേരെയുള്ള ക്രൂരത വിശ്വസിക്കാൻ സാധിക്കുന്നില്ല. പാവങ്ങൾക്കു വേണ്ടി ജീവിക്കുന്ന പാവങ്ങളുടെ മെത്രാനാണദ്ദേഹം. നിയമത്തിന്റെ മുമ്പിൽ പ്രതികളെ കൊണ്ടുവരാൻ അധികാരികൾ അന്വേഷണം ത്വരിതപ്പെടുത്തണം. പ്രസാദ് ഗലേലാ എക്കാലവും ദൈവഭക്തിയിൽ ജീവിക്കുന്ന ഒരു മാലാഖയെപ്പോലെയാണ്. പാവങ്ങളെ സഹായിച്ചും ആവശ്യക്കാർക്ക് വേണ്ട സഹായം എത്തിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഒരു കർമ്മ യോഗിയാണദ്ദേഹം."


പ്രസാദ് ഗലേലായുടെ രൂപതയിൽ ഏകദേശം 85000 കത്തോലിക്കരുണ്ട്. അവരിൽ തൊണ്ണൂറ്റിയഞ്ചു ശതമാനവും ഭൂമിയില്ലാത്ത കൃഷിക്കാരും തൊഴിലാളികളുമാണ്. എല്ലാവരും തൊട്ടുകൂടാ ജാതികളെന്നു  വിധി കല്പ്പിച്ചിരിക്കുന്ന ദളിതരാണ്. അവിടെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും പ്രത്യേകിച്ചു കൃഷിത്തൊഴിലാളികളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കുവാൻ രൂപത ശ്രമിക്കുന്നു.  തട്ടി കൊണ്ടു പോയവരോട് ബിഷപ്പ് 'നിങ്ങൾ ആരെന്നു' ചോദിച്ചപ്പോൾ പോലീസെന്നു മറുപടി പറഞ്ഞു. പോലീസുകാർ ഈ വിധം പെരുമാറില്ലെന്ന് അദ്ദേഹം അവരോടു പറയുകയുമുണ്ടായി. ബിഷപ്പ് പറഞ്ഞു, അവരെന്നെ അടിക്കുകയും ഇടിക്കുകയും ചെയ്തു. എന്റെ ദേഹം മുഴുവനും മുറിവുകളുണ്ടാക്കി. ഞാൻ തിരിഞ്ഞു പ്രതികരിച്ചില്ല." കടപ്പാ എസ്പി നവീൻ ഗുലാത്തി പതിനാലു കുറ്റവാളികളെയും വാർത്താ മീഡിയാകളുടെ മുമ്പിൽ പ്രദർശിപ്പിച്ചിരുന്നു.


ഭാരത മണ്ണിൽ ഇന്നും ദളിത പീഡനങ്ങളുടെ ചരിത്രം ആവർത്തിച്ചുകൊണ്ടിരിക്കുന്നു. ബിഷപ്പ് പ്രസാദ് അതിലൊരു ബലിയാടുമാത്രം.  തമിഴ് നാട്ടിലെ ക്രിസ്ത്യൻ ശ്മശാന ഭൂമിയിൽ ദളിതരെയടക്കാൻ പതിറ്റാണ്ടുകളായി പ്രത്യേക ചുമരുകൾ തരം തിരിച്ചിട്ടുണ്ട്. ഇത് ഭരണഘടനാ ലംഘനമാണ്. മനുഷ്യത്വമില്ലായ്മയാണ്.  മാനുഷിക മൂല്യങ്ങളെ ലജ്ജിപ്പിക്കുന്നതുമാണ്. ബർലിൻ വാൾ തകർത്തതുപോലെ ആ ചുമരുകളെയും ഇടിച്ചു താഴെയിടണം. അത് ചെയ്യുന്നില്ലായെങ്കിൽ ഭാവി തലമുറകളും വർണ്ണ വ്യവസ്ഥ വിവേചന ഭാവം പുലർത്തിക്കൊണ്ടിരിക്കും. തൊട്ടുകൂടായ്മ നിരോധിച്ചെന്ന് ഇന്ത്യൻ ഭരണഘടന പറയുന്നു. എന്നാൽ ആ ദുർഭൂതം ഇന്ത്യയിലെവിടെയുമുണ്ട്. അതുപോലെ കത്തോലിക്കാ സഭയിൽ വർണ്ണ വിവേചനമില്ലെന്നു പറയുന്നു.  ഇന്ത്യയിൽ വർണ്ണ വിവേചനത്തെ ഇല്ലാതാക്കാൻ ക്രിസ്തുവിന്റെ സഭയ്ക്ക് സാധിക്കുന്നില്ല. പൂർവിക തലമുറകൾ മുതൽ സവർണ്ണരായവർ കൃസ്തുമതം സ്വീകരിച്ചതും സങ്കുചിത മനസുകളുമായിട്ടായിരുന്നു. കാല ഭേദങ്ങളെ ഭേദിച്ച് മനുഷ്യമനസുകൾ തമ്മിലുള്ള വിടവുകൾ നികത്തി അതിനിടയിലെ ചുമരുകൾ പൊളിച്ചു കളഞ്ഞാലെ മനുഷ്യത്വ പരമായ ഒരു സമീപനം സഭയ്ക്കു  നേടാൻ സാധിക്കൂ. ബിഷപ്പ് പ്രസാദെന്ന സാത്വികൻ ദളിതരുടെയും വർണ്ണരായവരുടെയും മദ്ധ്യേയുള്ള പ്രതീകമായി കണ്ട്  അതിനായി ശ്രമിച്ചാൽ ക്രിസ്തുവിന്റെ സഭയിൽ സാഹോദര്യത്തെ വീണ്ടെടുക്കാമെന്നും പ്രതീക്ഷിക്കാം.

Kadappaa SP Navin Gulati presenting the arrested persons before the media. 


2 comments:

 1. Please accept my heartfelt congrats and appreciation. Joseph Padannamakkel is living in New York studied the subject in detail and gave an elaborate report which none of the Catholic Media in India dared to give, except IC Delhi.
  The most atrocious, scandalous and criminal incident in this whole episode is the deadly, stony, heartless silence of the Chairman of the CBCI, Cardinal Baselius Cleemis of Trivandrum (Bombay Cardinal condemned it briefly but instantly) even one month after the Kidnap. One wonders if he is a civilized human being, let alone a Christian and follower of Jesus. With such people at the helm of affairs how can there be a Church of Jesus in India? There is none, make no doubt about it.
  All thinking Christians are leaving this church infested with Caste system, Class system, but all united in Caste-cover-ups and cultivating "Pure blood marriage (endogamy) in Kottayam" and enthroning only the "blue blood" high caste, Brahmanic, Reddy people generally as bishops in Andhra and Tamilnadu.

  How many Dalit bishops from Pulaya and Paraya community are among priests and bishops even in Kerala? The first thing one should do to bear witness to Jesus the friend of dalits, Samaritans. Drunkards, prostitutes and downtrodden is to quit this church. Declaring oneself to be a member of this church will amount to a public counter-witnessing to Christ.
  I will send this article in Malayalam to all Kerala Bishops. Of course they will not reply. But it would make it impossible for them to say they didn’t know facts in detail. May the Lord give you the strength to be in the forefront to fight for the rights of the Dalits in India?

  ReplyDelete
 2. Dr. Kottoor you wait and see Cardinal Cleemis will get a promotion to Rome pretty soon. That's the way the Church works.

  ReplyDelete