Translate

Thursday, June 23, 2016

മദർ തെരേസായുടെ വിശുദ്ധിയും അധാർമ്മിക പ്രവൃത്തികളും
By ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും ആദരിക്കുന്ന മദർ തെരേസ 1910 ആഗസ്റ്റ് ഇരുപത്തിയാറാം തിയതി മാസിഡോണിയായിലെ സ്‌കോപ്പീ എന്ന സ്ഥലത്തു ജനിച്ചു. അടുത്ത ദിവസം തന്നെ മാമ്മോദീസ്സാ ലഭിക്കുകയും 'ആഗ്നസ്' എന്ന നാമം നൽകുകയും ചെയ്തു. അവരുടെ മാതാപിതാക്കൾ 'നിക്കോളാ ബൊജാക്സിനും' 'ഡ്രൻഡോഫിലെ 'യുമായിരുന്നു. പിതാവ്, നിക്കോളാ കെട്ടിട നിർമ്മാണ കോൺട്രാക്റ്ററും മെഡിസിനും വൈദ്യോപകരണങ്ങൾ വിൽക്കുന്ന ഒരു വ്യവസായിയുമായിരുന്നു. കുടുംബം മൊത്തമായും  അൽബേനിയൻ പാരമ്പര്യമുള്ള കത്തോലിക്കാ വിശ്വാസികളും പള്ളി പ്രവർത്തനങ്ങളിൽ തല്പരരുമായിരുന്നു. കുടുംബത്തിലെ നിത്യവുമുണ്ടായിരുന്ന ഭക്തി നിർഭരമായ പ്രാർത്ഥനാ ഗീതങ്ങൾ ബാലികയായിരുന്ന ആഗ്നസിന് ആത്മീയ വെളിച്ചം നൽകിക്കൊണ്ടിരുന്നു. ആഗ്നസിന്റെ പിതാവിന് പള്ളി പ്രവർത്തനം കൂടാതെ രാഷ്ട്രീയവുമുണ്ടായിരുന്നു.


1919-ൽ ആഗ്നസിനു എട്ടു വയസു പ്രായമുണ്ടായിരുന്നപ്പോൾ അവരുടെ പിതാവ്, നിക്കോളാ ഏതോ അസുഖം ബാധിച്ചു മരിച്ചു പോയി. മരണകാരണം എന്തെന്ന് ആർക്കും അറിഞ്ഞു കൂടായിരുന്നു. അദ്ദേഹത്തിന്റെ രാഷ്ട്രീയ ശത്രുക്കൾ വിഷം കൊടുത്തുവെന്നും പറയുന്നു. പിതാവിന്റെ മരണശേഷം ആഗ്നസ് അമ്മയുടെ (ഡ്രൻഡോഫിലെ) പരിലാളനയിൽ വളർന്നു. 'ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സ്വന്തം ജീവിതത്തിൽ മുൻഗണന നൽകണമെന്ന' അമ്മയുടെ ഉപദേശം ആഗ്നസിൽ പ്രത്യേകമായ ആവേശം പകർന്നിരുന്നു. സ്വന്തം അമ്മയുടെ വിശ്രമമില്ലാത്ത പരോപകാര പ്രവർത്തികൾ ആ ബാലികയുടെ  ജീവിതത്തിലെ വഴിത്തിരുവുകളായി മാറി.  അമ്മയെ എന്നും  സ്വന്തം ജീവിതത്തിൽ മാതൃകയാക്കുവാനും  ശ്രമിച്ചിരുന്നു.


കന്യാസ്ത്രികൾ നടത്തിയിരുന്ന ഒരു കോൺവെന്റ് സ്‌കൂളിലായിരുന്നു ;ആഗ്നസ്‌' പ്രൈമറി  വിദ്യാഭ്യാസം നടത്തിയിരുന്നത്. പിന്നീട് സെക്കണ്ടറി വിദ്യാഭ്യാസം സർക്കാർ സ്‌കൂളിലും.  കുഞ്ഞായിരുന്നപ്പോൾ മുതൽ സ്വരമാധുരിയിൽ പാടിക്കൊണ്ടിരുന്ന നല്ലയൊരു പാട്ടുകാരിയായിരുന്നു. ഒരു കുഞ്ഞു മാലാഖയെപ്പോലെ ആഗ്നസെന്ന കുട്ടി ദേവാലയത്തിലെ പ്രാർഥനാ ഗീതങ്ങൾക്ക് നേതൃത്വവും  കൊടുത്തിരുന്നു. 1928-ൽ പതിനെട്ടാം വയസിൽ കന്യാസ്ത്രി മഠത്തിൽ ചേർന്നു. മഠത്തിൽ ആതുരസേവനം ചെയ്യുന്ന ഒരു സഹോദരിയാകണമെന്ന അഭിലാഷമൊഴിച്ച് ജീവിതത്തിലെ മറ്റു തുറകളിൽ പ്രവർത്തിക്കാനുള്ള അതിമോഹങ്ങളൊന്നും ആ സഹോദരിയിലുണ്ടായിരുന്നില്ല. അയർലണ്ടിൽ ഡ്യുബ്ലിനിലുള്ള 'സ്റ്റേഴ്സ് ഓഫ് ലൊറേറ്റോ മഠത്തിൽ' അർത്ഥിനിയായി സന്യസ്ത ജീവിതമാരംഭിച്ചു. അവിടെ നിന്നായിരുന്നു സിസ്റ്റർ മേരി തെരേസായെന്ന പേര് സ്വീകരിച്ചത്.


മഠത്തിൽ ചേർന്ന് ഒരു വർഷത്തിനുശേഷം ഇൻഡ്യയിലുള്ള ഡാർജലിങ്ങിൽ നോവീഷ്യത്തിനായി താമസമാക്കി. പിന്നീട്  പ്രാഥമിക വൃത വാഗ്ദാനത്തിനു ശേഷം കൽക്കട്ടായിൽ വന്നു. അവിടെ സെന്റ് മേരീസ് ഹൈസ്‌കൂളിലെ പെൺക്കുട്ടികളെ പഠിപ്പിക്കുന്ന ജോലിയാരംഭിച്ചു. ബംഗാളി കുടുംബങ്ങളിലെ പാവപ്പെട്ട കുട്ടികളെ പഠിപ്പിക്കാനായി ലോറോട്ടോ സിസ്റ്റേഴ്സ്  ആ സ്‌കൂൾ നടത്തിയിരുന്നു. സിസ്റ്റർ തെരേസാ ഹിന്ദിയും ബംഗാളിയും നല്ലവണ്ണം പഠിച്ചു. ഭൂമിശാസ്ത്രവും ചരിത്രവും കുട്ടികളെ പഠിപ്പിച്ചിരുന്നു. 1937-ൽ അവസാനത്തെ വ്രതം പൂർത്തിയാക്കിയ ശേഷം മദർ തെരേസായെന്ന നാമം തെരഞ്ഞെടുത്തു. 1944 വരെ അവർ സെന്റ് മേരീസിൽ പഠിപ്പിച്ച ശേഷം ആ സ്‌കൂളിന്റെ പ്രിൻസിപ്പാളായി ചുമതലയെടുത്തു.


1950-ൽ കൽക്കട്ടായിൽ ആദ്യത്തെ മിഷ്യനറി ഓഫ് ചാരിറ്റീസ് ഭവനം സ്ഥാപിച്ചു. ജീവകാരുണ്യ പ്രവർത്തനമായിരുന്നു ഈ സംഘടനയുടെ മുഖ്യലക്ഷ്യം. അതിനുശേഷം നൂറു കണക്കിന് ശാഖകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിക്കുകയുണ്ടായി. മിഷ്യൻ പ്രവർത്തനം വിപുലമായപ്പോൾ കോടിക്കണക്കിന് വിദേശ ഡോളറുകൾ അവരുടെ സ്ഥാപനത്തിലേക്ക് ഒഴുകാൻ തുടങ്ങി. തത്ത്വത്തിൽ ഈ പണം മുഴുവൻ പാവങ്ങളെ സഹായിക്കുകയെന്നതല്ലായിരുന്നു.


മദർ തെരേസായെ ചരിത്രം വിശേഷിപ്പിച്ചിരിക്കുന്നത് നിസ്വാർത്ഥ സേവന നിരതയായിരുന്ന ഒരു സന്യാസിനിയെന്നാണ്. പരക്ഷേമകാംക്ഷയുടെ പ്രതിബിംബമായി അവരെ ചിത്രീകരിച്ചിരിക്കുന്നു.  ജീവിതകാലം മുഴുവൻ പാവങ്ങൾക്കായി പ്രവർത്തിച്ചുവെന്നു പുസ്തകത്താളുകൾ നിറയെ എഴുതിയും വെച്ചിട്ടുണ്ട്. മദർ തെരേസ എന്ന പേരിന്റെ ചുരുക്കം നന്മയുടെ ഉറവിടമെന്നാണ്. കരുണയും ഹൃദയ വിശാലതയും നിസ്വാർഥതയും ആ മഹനീയ നാമത്തിൽ അലിഞ്ഞു ചേർന്നിരിക്കുന്നതായി കാണാം. എന്നാൽ ദൗർഭാഗ്യവശാൽ യഥാർഥ മദർ തെരേസായ്ക്ക് മറ്റൊരു മുഖവുമുണ്ടായിരുന്നു.  ചിന്തകരുടെ ദൃഷ്ടിയിൽ അവരുടെ മനസ്‌ വക്രത നിറഞ്ഞതായിരുന്നു. സത്യത്തിനു വിരുദ്ധമായി മാനുഷിക മൂല്യങ്ങൾക്ക് വിലകല്പിക്കാത്ത തെരേസായെ സ്തുതി പാടുവാൻ ചുറ്റും നൂറു കണക്കിന് ജനവുമുണ്ടായിരുന്നു.


മദർ തെരേസായെ വിശുദ്ധയായി മാർപ്പാപ്പാ ഈ വരുന്ന 2016 സെപ്റ്റംബറിൽ ഉയർത്തുന്നതിൽ വിവാദങ്ങൾ ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും പൊന്തി വന്നിട്ടുണ്ട്. ഏറ്റവും ഒടുവിലായി ബ്രിട്ടനിൽ താമസിക്കുന്ന എഴുത്തുകാരനായ ഡോ.അരൂപ്  ചാറ്റർജി എഴുതിയ ഗ്രന്ഥത്തിൽ തെരേസായുടെ വിശുദ്ധ പദവിയേയും നോബൽ സമ്മാന പുരസ്‌ക്കാരത്തെയും ചോദ്യം ചെയ്തിരിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകമായ ''മദർ തെരേസ'യിൽ   മദർ തെരേസായെ വിമര്‍ശനവിഷയകമായി നിരൂപിച്ചിരിക്കുന്നതു കാണാം. പുസ്തകം ബെസ്റ്റ് സെല്ലറായി യൂറോപ്യൻ മാർക്കറ്റിൽ വിറ്റഴിക്കുന്നു. നോബൽ സമ്മാനം മദർ തെരസായ്ക്ക് കൊടുത്തതും സത്യത്തിൽ മായം കലർത്തിയാണെന്ന് ചാറ്റർജി പറയുന്നു. നോബൽ കമ്മറ്റിയിൽ സ്വാധീനത്തിന്റെ പുറത്താണ് അത്തരം ഒരു പുരസ്ക്കാരം നൽകിയത്. അർഹപ്പെട്ടവർ പലരും ഉണ്ടായിട്ടും നോബൽ കമ്മിറ്റി അവരുടെ പേരുകൾ പരിഗണിച്ചില്ലെന്നും വിവരിക്കുന്നുണ്ട്. മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനത്തെപ്പറ്റിയും പാവങ്ങളെ സഹായിക്കുന്നതിനെപ്പറ്റിയും ലോകത്തെ തെറ്റി ധരിപ്പിച്ചിരുന്ന വിവരങ്ങൾ ചാറ്റർജി പുസ്തകത്തിൽ വിവരിച്ചിട്ടുണ്ട്.


ഡോ.അരൂപ് ചാറ്റർജി മദർ തെരേസായുടെ ഭവനത്തിൽ കുറച്ചുകാലം താമസിച്ച് തെരേസായുടെ ഓർഡറിനെപ്പറ്റിയും തെരേസായുടെ നിയന്ത്രണത്തിലുള്ള സാമ്പത്തിക ക്രയവിക്രയങ്ങളെപ്പറ്റിയും നിരീക്ഷിച്ചിരുന്നു. 1994-ൽ പത്രപ്രവർത്തകരായ ക്രിസ്റ്റഫർ ഹിച്ചൻസും താരിക്ക്  ആലിയും പങ്കാളികളായിക്കൊണ്ട് ക്രിസ്റ്റഫർ ഹിച്ചെൻസെഴുതിയ  'ഹെല്സ് ഏഞ്ചൽസ്‌' ഒരു ഡോക്കുമെന്ററി ഫിലിമാക്കിയിരുന്നു. ബി.ബി.സിയിൽ അതു അവതരിപ്പിക്കുകയും ചെയ്തു. പിറ്റേ വർഷം ക്രിസ്റ്റഫർ ഹിച്ചൻസ് തെരേസായുടെ മിഷ്യനറി പ്രവർത്തനങ്ങളെ സമഗ്രമായി വിമർശിച്ചുകൊണ്ടു ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. ഈ പുസ്തകത്തിലെ ഉള്ളടക്കവും ബി.ബി.സി ഡോക്കുമെന്ററിൽ ദൃശ്യമായിരുന്ന തെരേസായെപ്പറ്റിയുള്ള കുറ്റാരോപണങ്ങളുടെ ആവർത്തനം തന്നെയായിരുന്നു. അങ്ങനെ തെരേസായുടെ പൊള്ളയായ പ്രവർത്തനങ്ങളെയും സാമ്പത്തിക ചൂഷണങ്ങളെയും ലോകത്തെയറിയിക്കാൻ ചാറ്റർജിയ്ക്കും ഹിച്ചിൻസിനും കഴിഞ്ഞു. അവരുടെ ബൗദ്ധിക കൃതികൾ അതിന് സഹായകമാവുകയും ചെയ്തു.


തെരേസായുടെ  ആതുര സേവനത്തിന്റെ ഗുണങ്ങൾ നൂറു കണക്കിന് ദരിദ്രർക്ക് ലഭിക്കുന്നുണ്ടെന്നതും ശരിതന്നെ.  1998-ൽ കൽക്കട്ടായിലെ  ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന ഇരുനൂറു സംഘടനകളുടെ സ്ഥിതി വിവര കണക്കുകൾ എടുത്തപ്പോൾ മദർ തെരേസായുടെ സംഘടന അതിൽ ഉൾപ്പെട്ടിട്ടില്ലായിരുന്നു. അവരുടെ മിഷ്യനറി ഓഫ് ചാരിറ്റി മുന്നൂറിൽപ്പരം ദരിദരർക്ക് ഭക്ഷണം നൽകുമ്പോൾ അസ്സംബ്ലി ഓഫ് ഗോഡ് ചാരിറ്റി അതേ സമയം ദിവസം 18000 ദരിദ്രർക്ക് ഭക്ഷണം കൊടുക്കുന്നുമുണ്ടായിരുന്നു. തെരേസായുടെ പ്രവർത്തനങ്ങൾ പൊലിപ്പിച്ചു കാണിച്ചുകൊണ്ട് ലോകത്തെ കബളിപ്പിക്കുകയായിരുന്നുവെന്നു ഇതിൽ നിന്നും വ്യക്തമാണ്.


മദർ തെരേസായോട് പ്രാർത്ഥിച്ചതിന്റെ ഫലമായി ഒരു  രോഗിയുടെ ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്നത് വത്തിക്കാൻ  സ്ഥിതികരിച്ചിരുന്നു. തെരേസായെ വിശുദ്ധഗണത്തിൽ ഉൾപ്പെടുത്താൻ  തീരുമാനിച്ചത്‌ ഈ അത്ഭുതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാൽ  അസുഖം ഭേദമായത് അത്ഭുതം കൊണ്ടല്ല മറിച്ച് മെഡിക്കൽ ചീകത്സ കൊണ്ടെന്ന് രോഗി അവകാശപ്പെട്ടു.  വിശുദ്ധ പദവിയിലെത്തുന്നതിനു മുമ്പ് ഒരാളിന്റെ അത്ഭുതം സ്ഥിതികരിച്ചശേഷം നിരസിക്കുന്ന വാർത്ത വത്തിക്കാന്റെ ചരിത്രത്തിൽ ആദ്യ സംഭവമായിരുന്നു. കൽക്കട്ടായിൽനിന്നു അഞ്ഞൂറു മൈലുകൾക്കപ്പുറമുള്ള ഒരു ഗ്രാമത്തിൽ താമസിക്കുന്ന 'മോനിക്കാ ബെസറാ' എന്ന സ്ത്രീയുടെ സാക്ഷി പത്രമനുസരിച്ചായിരുന്നു തെരേസായെ വിശുദ്ധയാക്കാൻ വത്തിക്കാൻ തീരുമാനിച്ചത്. 1998 സെപ്റ്റംബർ ആറാംതീയതി മദർ തെരേസായുടെ ചരമ വാർഷിക ദിനത്തിൽ രണ്ടു കന്യാസ്ത്രികളുടെ നിത്യേനയുള്ള പ്രാർത്ഥനാഫലമായി ബസ്റായുടെ പടർന്നു പിടിച്ചിരുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടുവെന്ന് ലോകത്തെ അറിയിച്ചു. മദറിന്റെ മരിച്ച ശരീരത്തിൽ സ്പർശിച്ച രണ്ടു കാശു രൂപങ്ങൾ രോഗിയിൽ അണിയിച്ചായിരുന്നു പ്രാർത്ഥനകൾ നടത്തിയിരുന്നത്. എന്നാൽ 2003 ഒക്ടോബർ പത്തൊമ്പതാം തിയതി തെരേസായെ  ദൈവദാസിയെന്ന് വിളിച്ചശേഷം തെരേസായുടെ അത്ഭുതത്തെ ബസറാ നിഷേധിച്ചു. രോഗം ഭേദപ്പെടാൻ മെഡിക്കൽ ശുശ്രുഷയാണ് കാരണമെന്ന് അവർ പ്രഖ്യാപിച്ചു. വത്തിക്കാന്റെ തെരേസായുടെ വിശുദ്ധയെന്ന സ്ഥിതികരണം പാളി പോയി. അത്തരം സാഹചര്യത്തിൽ തെരേസായുടെ മറ്റൊരു പുതിയ അത്ഭുദം കണ്ടു പിടിക്കുന്നതിനായി ശ്രമിക്കണമെന്ന്  വിശുദ്ധീകരണ ചുമതലകൾ വഹിക്കുന്ന  ഫാദർ  ബ്രയൻ കൊലോടിചുക് അഭിപ്രായപ്പെടുകയുണ്ടായി.


കൽക്കട്ടായിൽ നടന്ന അത്ഭുതമെന്നു പറയുന്ന ക്യാൻസർ രോഗം ഭേദപ്പെട്ടത് മെഡിക്കൽ ശുശ്രുഷകൾകൊണ്ടെന്ന് ഡോക്ടർമാരും ഹോസ്പിറ്റലും അവകാശപ്പെട്ടിട്ടും വകവെക്കാതെ തെരേസായെ പുണ്യവതിയാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണുണ്ടായത്. പിന്നീടുള്ള നടപടികൾ രഹസ്യമായിരുന്നു. മദർ തെരേസായെ 2016 സെപ്റ്റമ്പറിൽ വിശുദ്ധയെന്ന് വിളിക്കുമെന്ന് 2015 ഡിസംബറിൽ വത്തിക്കാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു. രണ്ടാമത്തെ അത്ഭുതവും തെളിഞ്ഞുവെന്നായിരുന്നു വാദം. ഒരു ബ്രസീലിയൻ മനുഷ്യന്റെ ക്യാൻസർ മദർ തെരേസായോട് അയാളുടെ ഭാര്യ പ്രാർതഥിച്ചതു കൊണ്ടു ഭേദമായിയെന്നായിരുന്നു രണ്ടാമത്തെ അത്ഭുതം.  2008-ൽ ക്യാൻസർ രോഗം ഭേദപ്പെട്ട വ്യക്തിയെപ്പറ്റിയുള്ള വിവരങ്ങൾ വിശുദ്ധയാകുന്ന അവസാന നിമിഷം വരെ ലോകത്തോട് പറയാതെ പരമരഹസ്യമായി വത്തിക്കാൻ  സൂക്ഷിക്കുന്നു. തെരേസായുടെ ആദ്യത്തെ അത്ഭുതത്തിൽ വന്നുപോയ പാളീച്ചകളും തെറ്റുകളും  ആവർത്തിക്കാൻ വത്തിക്കാൻ താല്പര്യപ്പെടുന്നില്ല.


ഒരുവന്റെ മതം നോക്കാതെ, ആഗ്രഹങ്ങൾ ചോദിക്കാതെ മദർ തെരേസായും സഹോദരികളും മരിക്കാൻ പോകുന്നവരെ രഹസ്യമായി ക്രിസ്ത്യാനികളായി മാമ്മോദീസാ  നല്കുമായിരുന്നുവെന്നു അവിടെ നിന്നു പിരിഞ്ഞുപോയ 'സൂസൻ ഷീൽഡേ'യെന്നു പേരുള്ള ഒരു കന്യാസ്ത്രി എഴുതിയ പുസ്തകത്തിലുണ്ട്. മരിക്കാൻ പോവുന്നവരോട് സ്വർഗത്തിൽ പോകാനുള്ള ടിക്കറ്റ് വേണമോയെന്നും അവിടുത്തെ കന്യാസ്ത്രികൾ ചോദിക്കുമായിരുന്നു. നിശബ്ദമായിരിക്കുന്നവരുടെ തലയിൽ വെള്ളമൊഴിച്ച് തല തോർത്തുന്നതായി കാഴ്ചക്കാർക്ക് തോന്നുമെങ്കിലും അവരെയവിടെ പ്രാർത്ഥനകൾ സഹിതം മാമ്മോദീസാ മുക്കി മത പരിവർത്തനം ചെയ്തിരുന്നുവെന്നും സൂസൻ ഷീൽഡേ എഴുതിയ പുസ്തകത്തിലുണ്ട്. ഹിന്ദുക്കളെയും മുസ്ലിമുകളെയും മാമ്മോദീസാ മുക്കിയെന്ന് പുറംലോകം അറിയുകയുമില്ലായിരുന്നു. രോഗികൾക്ക് മാമ്മോദീസാ എന്തെന്നുള്ള വിവരങ്ങളും നൽകിയിരുന്നില്ല. ക്രിസ്ത്യൻ ദൈവശാസ്ത്രത്തെപ്പറ്റി അവരെ ബോധവാന്മാരാക്കിയിരുന്നുമില്ല.


1981-ൽ തെരേസാ ഹെയ്റ്റിയിലെ പരമോന്നത അവാർഡായ ലീജിയൻ ഓഫ് ഹോണർ സ്വീകരിക്കാൻ ആ രാജ്യത്തു വന്നെത്തി. അക്കാലങ്ങളിൽ അവിടം ഭരിച്ചിരുന്നത് 'ജീൻ ക്ളോഡ് ഡുവാലിയർ'  എന്ന ക്രൂരനായ ഏകാധിപതിയായിരുന്നു. ദാരിദ്ര്യം പിടിച്ച ആ രാജ്യത്തുനിന്നും മില്യൻ  കണക്കിന് ഡോളർ മോഷ്ടിച്ചതിന് അയാളെ പിന്നീട് സ്ഥാനഭ്രഷ്ടനാക്കുകയായിരുന്നു. അയാളെ വാനോളം പുകഴ്ത്താനും തെരേസാ മറന്നില്ല. അസത്യത്തിനെതിരായ യേശുവിന്റെ മാനവിക തത്ത്വങ്ങളെ മാനിക്കാതെ തെരേസാ ഇത്തരം കള്ളനും കൊള്ളക്കാരനും ഏകാധിപതിയ്ക്കും കൂട്ടുനിന്നതും ക്രൈസ്തവ ധർമ്മമായിരുന്നില്ല. 1989 ആഗസ്റ്റിൽ അവർ അൽബേനിയ സന്ദർശിച്ചിരുന്നു. അന്നവരെ സ്വീകരിച്ചത് 'എൻവർ ഹോക്‌സാ'യുടെ വിധവ 'നെക്സ്മിജേയ്' ആയിരുന്നു. ആയിരക്കണക്കിന് ജനങ്ങളെ കൊന്ന ക്രൂരനായ കമ്മ്യൂണിസ്റ്റ് നേതാവ് ഹോക്‌സായുടെ ശവകുടീരത്തിൽ, തെരേസാ പുഷ്പങ്ങൾ അർപ്പിക്കുകയുമുണ്ടായി. കൊല ചെയ്യപ്പെട്ടവരിൽ  കന്യാസ്ത്രികളും പുരോഹിതരുമുണ്ടായിരുന്നു. മനുഷ്യാവകാശങ്ങളെപ്പറ്റിയോ കമ്മ്യുണിസ്റ്റ് ഭീകരതകളെ സംബന്ധിച്ചോ മതപീഡനങ്ങളെ വിലയിരുത്തിയോ തെരേസാ സംസാരിച്ചില്ല.


മിഷ്യണറിയെന്ന നിലയിൽ തെരേസാ അൽബേനിയായിലെ  ക്രൂരനായ കമ്മ്യൂണിസ്റ്റ് ഭരണാധികാരി 'എൻവർ ഹോക്‌സായെ'  പിന്താങ്ങിയത് ക്രിസ്റ്റഫർ ഹിച്ചിൻസ് എഴുതിയ പുസ്തകത്തിൽ വിമർശിക്കുന്നുണ്ട്. എന്നാലും ഓരോരുത്തരുടെയും വ്യക്തിപരമായ രാഷ്ട്രീയ അഭിപ്രായങ്ങൾ അതാതു  കാലത്തു ഭരിക്കുന്നവരുടെ വികാരങ്ങൾക്കനുസൃതമായി പ്രകടിപ്പിക്കുന്നതിൽ തെറ്റില്ലെന്നും തെരേസായെ അനുകൂലിക്കുന്നവർ അവകാശപ്പെടുന്നുണ്ട്. അവരുടെ മരണ സമയം മിക്ക കമ്മ്യൂണിസ്റ്റ് രാജ്യങ്ങളിലും മിഷണറി ഓഫ് ചാരിറ്റിയുടെ മഠങ്ങളും പ്രവർത്തനങ്ങളും ഉണ്ടായിരുന്നു. അവർ ബ്രിട്ടീഷ് പ്രസിദ്ധീകരണ പ്രസാധകനായിരുന്ന റോബർട്ട്  മാക്‌സ്‌വെല്ലിൽ നിന്നു പണം സ്വീകരിക്കുമായിരുന്നു. മാക്‌സ്‌വെൽ 450 മില്യൻ  ബ്രിട്ടീഷ് ഫൗണ്ട് തൊഴിലാളികളുടെ പെൻഷൻ ഫണ്ടിൽ നിന്നും അപഹരിച്ച് കുറ്റാരോപണ വിധേയനായി കുപ്രസിദ്ധനായിരുന്ന കാലവുമായിരുന്നു. ചാറൽസ് കെറ്റിങ്ങിൽനിന്നും അവർ പണം സ്വീകരിച്ചതിൽ വിമർശനങ്ങളുണ്ടായിരുന്നു. കേറ്റിങ് സാമ്പത്തിക ക്രമക്കേടുകളും അഴിമതികളും നടത്തി സ്വന്തം ബിസിനസ് സാമ്രാജ്യം വിപുലീകരിച്ച വ്യക്തിയാണ്. അയാൾ മില്യൻ  കണക്കിന് ഡോളർ മദർ തെരസായ്ക്ക് ഡൊണേറ്റ് ചെയ്തിട്ടുണ്ട്. മദർ തെരേസാ അമേരിക്കാ സന്ദർശിക്കുന്ന വേളകളിൽ അവർക്കു യാത്ര ചെയ്യാൻ കേറ്റിങ് തന്റെ പ്രൈവറ്റ് ജെറ്റ് വിമാനം കൊടുക്കുമായിരുന്നു. അഴിമതിക്കാരനായ കേറ്റിങ്ങിനെ പുകഴ്ത്താനും മദർ തെരേസാ താല്പര്യം കാണിച്ചിരുന്നു.


മദർ തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി വിവിധ രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഫണ്ടിൽ തൊണ്ണൂറു ശതമാനവും ചാരിറ്റിയ്ക്കു പകരം മിഷ്യനറി പ്രവർത്തനങ്ങൾക്കു മാത്രം ഉപയോഗിച്ചിരുന്നു.  ഗയാനായിൽ പ്രവർത്തിക്കുന്ന അവരുടെ സന്യാസിനി സമൂഹത്തിന്റെ പ്രധാന പ്രവർത്തനങ്ങൾ മതപരിവർത്തനം മാത്രമാണ്. ഫണ്ട് ലഭിക്കുന്നത് ചാരിറ്റിയുടെ പേരിലെന്ന വസ്തുതയും മറച്ചുവെച്ചിരുന്നു. മദർ തെരേസായുടെ സംഘടന ഒരു കൾട്ട് മാത്രമെന്ന് ക്രിസ്റ്റഫർ ഹിച്ചിൻസ് വിവരിച്ചിരിക്കുന്നു. തെരേസായുടെ സമൂഹം കൂടുതൽ ദാരിദ്ര്യം ആഗ്രഹിക്കുന്നതല്ലാതെ ദരിദരരെ സഹായിക്കാറില്ല. സഹനം ദൈവത്തിങ്കലേയ്ക്ക്  അടുപ്പുക്കുമെന്നു പറഞ്ഞുകൊണ്ട് ദുഃഖിതരും രോഗികളുമായവരെ കൂടുതൽ കഷ്ടപ്പാടുകളിലേയ്ക്ക് നയിക്കുമായിരുന്നു.  'പാവങ്ങളെ നിങ്ങൾ സഹനശക്തി പഠിപ്പിക്കുന്നുണ്ടോ'യെന്നുള്ള ഒരു വാർത്താ പ്രവർത്തകന്റെ ചോദ്യത്തിനുത്തരമായി അവർ പറഞ്ഞു, 'ക്രിസ്തുവിനെപ്പോലെ കഷ്ടാനുഭവങ്ങൾ അവർ സ്വീകരിക്കുമ്പോഴാണ് സഹനത്തിന്റെ മനോഹാരിത ദൃശ്യമാകുന്നത്. ദരിദ്രരുടെ ദുഃഖങ്ങളും സഹനങ്ങളും  ലോകത്തിനും ഗുണപ്രദമായിരിക്കും."


1993-ൽ അവർ രണ്ടരമില്യൻ ഡോളർ വത്തിക്കാനിലേയ്ക്ക് നിക്ഷേപിച്ചുവെന്നു അരൂപ്  ചാറ്റർജിയുടെ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നു. ഈ പണം ഡയാന രാജകുമാരിയിൽ നിന്നും റേഗൻ, ക്ലിന്റൺ, യാസർ അറാഫത് എന്നിവരിൽ നിന്നും ലഭിച്ചതായിരുന്നു. എന്തുകൊണ്ട് അവർ ജീവകാരുണ്യത്തിനായി ലഭിച്ച പണമുപയോഗിച്ച് ഇന്ത്യയിൽ  ആധുനിക രീതിയിലുള്ള ഒരു ഹോസ്പിറ്റൽ പടുത്തുയർത്തുവാൻ ശ്രമിച്ചില്ലായെന്നതും വിമർശകരുടെ ചിന്താഗതിയിലുണ്ട്.


1991-ൽബ്രിട്ടീഷ് മെഡിക്കൽ ജേർണൽ എഡിറ്ററായ റോബിൻ ഫോക്സ് മദർ തെരേസായുടെ കൽക്കട്ടായിലുള്ള രോഗികളുടെ ഭവനം സന്ദർശിച്ചു. രോഗികൾക്ക് കാര്യമായ മെഡിക്കൽ സൗകര്യങ്ങൾ അവിടെയുണ്ടായിരുന്നില്ല. അടുക്കും ചിട്ടയുമില്ലാത്ത, യാതൊരു വൃത്തിയുമില്ലാത്ത അന്തരീക്ഷത്തിൽ ജീവിക്കുന്ന ദരിദ്രരുടെ  സഹന പീഡനങ്ങളാണ് അവിടെ കണ്ടത്. തെരേസായോടൊപ്പം വസിക്കുന്ന സിസ്റ്റെഴ്‌സിനും വോളന്റീയഴ്സിനും മെഡിക്കൽ സംബന്ധമായി യാതൊരുവിധ അറിവുകളുമുണ്ടായിരുന്നില്ല. ഡോക്ടർമാരുടെ അഭാവത്തിൽ രോഗികളുടെ മെഡിക്കൽ തീരുമാനങ്ങൾ എടുത്തിരുന്നതും ഈ സിസ്റ്റേഴ്‌സായിരുന്നു. ശരിയായ ശുശ്രുഷ  ലഭിക്കാതെ അവിടെ രോഗികൾ മരിച്ചു വീഴുന്നുണ്ടായിരുന്നു. പലരും പകർച്ച വ്യാധി പിടിപെട്ടു മരണപ്പെട്ടിരുന്നു. വൃത്തിയില്ലായ്മയും മുറിവുകളും വ്രണവും, വേദന കൊണ്ടുള്ള രോഗികളുടെ ദീനരോദനങ്ങളും അവിടുത്തെ കാഴ്ചകളായിരുന്നു. ക്ഷയം ഉള്ള രോഗികളെ പ്രത്യേകമായി മാറ്റി പാർപ്പിച്ചിരുന്നില്ല. ശുശ്രുഷിക്കുന്നവരുടെ ഭവനത്തിനു പകരം മരിക്കുന്നവരുടെ ഭവനമെന്നായിരുന്നു മദർ തെരേസാ ആ ഭവനത്തെ വിളിച്ചിരുന്നത്. മിഷ്യനറിമാർ ശുശ്രുഷകൾക്കുപരി ഓരോ രോഗിയുടെയും സഹനത്തിനായിരുന്നു പ്രാധാന്യം കല്പിച്ചിരുന്നത്. ക്ഷയം ബാധിച്ചവരെയും മറ്റു പകർച്ചവ്യാധിയുള്ളവരെയും രോഗ ബാധിതരല്ലാത്തവർക്കൊപ്പം താമസിപ്പിച്ചിരുന്നു. വൃത്തികേടു നിറഞ്ഞ കാലഹരണപ്പെട്ട മെഡിക്കലുപകരണങ്ങളാണ് അവിടെ ഉപയോഗിക്കുന്നത്. എച്. ഐ. വി പകർന്ന നീഡിലുകൾ വരെ സ്റ്റെറിലൈസ് ചെയ്യാതെ വീണ്ടും വീണ്ടും രോഗികളിൽ ഉപയോഗിക്കുന്നു. ഉപയോഗിച്ച നീഡിലുകൾ പച്ചവെള്ളത്തിലാണ് കഴുകുന്നത്. ചോദ്യം ചെയ്യാൻ പാടില്ലാത്ത അനുസരണ ശീലത്തിന്റെ മറവിൽ എല്ലാം പുറംലോകമറിയാതെ രഹസ്യമായി സൂക്ഷിക്കുന്നു. വേദനയ്ക്കുള്ള മെഡിസിൻ കൊടുക്കാതെ ദൈവത്തിനു കാഴ്ച്ച വെച്ചു സഹിക്കാൻ പറയുമായിരുന്നു. സഹനം ദൈവത്തോട് കൂടുതൽ അടുപ്പിക്കുമെന്നും ദുരിതങ്ങളും കഷ്ടപ്പാടുകളും ദൈവത്തിനു കാഴ്ച വെയ്ക്കണമെന്നും‌ അവർ വിശ്വസിച്ചിരുന്നു.തെരേസായുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ലഭിക്കുന്ന ഡൊണേഷൻ മുഴുവനായി നല്ല കാര്യങ്ങൾക്കായി വിനിയോഗിച്ചിരുന്നെങ്കിൽ തീർച്ചയായും ഈ മിഷ്യണറി പ്രസ്ഥാനത്തെ അഭിനന്ദിക്കാമായിരുന്നു. എന്നാൽ അങ്ങനെയല്ല സംഭവിക്കുന്നത്. 'സ്‌റ്റേൺ' എന്ന ജർമ്മൻ മാസിക റിപ്പോർട്ട് ചെയ്തിരിക്കുന്നത് അവർക്കു ലഭിച്ചിരുന്ന ഡൊണേഷനുകളിൽ ഏഴു ശതമാനം പോലും ജീവകാരുണ്യത്തിനായി ഉപയോഗിക്കുന്നില്ലെന്നായിരുന്നു. കിട്ടുന്ന പണത്തിലേറെയും രഹസ്യ ബാങ്കുകളിൽ നിക്ഷേപിച്ചിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ലഭിച്ചിരുന്ന പണം കൂടുതൽ മിഷ്യണറി സ്ഥാപനങ്ങൾ വ്യാപിപ്പിക്കുന്നതിനു വിനിയോഗിച്ചിരുന്നു. തെരേസായുടെ ഭവനത്തിലുള്ളവർക്ക്‌ ഈ പണമുപയോഗിച്ചു ഭക്ഷണംപോലും വാങ്ങിക്കില്ലായിരുന്നുവെന്നും  റിപ്പോർട്ടുണ്ട്. പകരം ആരെങ്കിലും ഓരോ ദിവസവും ഭക്ഷണം അവിടെ ദാനം  ചെയ്യുകയാണ് പതിവ്.


ഒരു പക്ഷെ അവർ നേടിയ സൗഭാഗ്യവും കീർത്തി മുദ്രകളും അനേകം പേരെ നന്മയുടെ വഴിയേ തിരിച്ചേക്കാം. എന്നാൽ അവരുടെ പ്രവർത്തന മണ്ഡലങ്ങളിൽ നന്മകളധികം നിറഞ്ഞിട്ടുണ്ടായിരുന്നില്ല. ഒരു വർഷം അവരുടെ സ്ഥാപനങ്ങൾ നടത്തുന്നതിന് ഇരുപത്തൊമ്പതു മില്ലിൻ ഡോളർ ബഡ്‌ജറ്റ്‌ ഉണ്ട്. ഇന്ത്യയിൽ പലയിടത്തും വെള്ളപ്പൊക്കമുണ്ടായി നൂറു കണക്കിന് ജനം മരിച്ചു. മൂന്നു ലക്ഷം ജനങ്ങൾ ഭവന രഹിതരായി. അക്കാലങ്ങളിൽ അവർക്കു കിട്ടിയിരുന്ന പണം എവിടെ പോയി? പകരം ദുരിതമനുഭവിച്ചവർക്കു വേണ്ടിയുള്ള പ്രാർഥനകൾ മാത്രം വാഗ്ദാനം ചെയ്തു.


ജീവിച്ചിരിക്കുന്ന വിശുദ്ധയെന്ന വിശേഷണങ്ങളാണ് ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ മദർ തെരേസായെ വാഴ്ത്തിക്കൊണ്ടിരുന്നത്. എന്നാൽ സത്യം അങ്ങനെയല്ലായിരുന്നു.  തെരേസാ ഒരു ഏകാധിപതിയേപ്പോലെ ജീവകാരുണ്യ സ്ഥാപനം നടത്തി വന്നിരുന്നുവെന്ന് അവിടെ സേവനം ചെയ്തവരിൽ നിന്നും അറിയാൻ സാധിച്ചിട്ടുണ്ട്. കുട്ടികളെ ബെഡിൽ കെട്ടി തല്ലുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു.  ഒരു കൾട്ട് നേതാവിനെപ്പോലെ ക്രൂരതയുടെ മൂർത്തികരണ ഭാവമായി തെരേസായുടെ പ്രവർത്തനങ്ങൾ അവിടെ തുടർന്നു കൊണ്ടിരുന്നു.ഇംഗ്ളീഷിൽ ഒരു പഴഞ്ചൊല്ലിൽ പറയുംപോലെ ദരിദ്രരായവർക്ക് തെരേസായെപ്പോലെ ഒരു കൂട്ടുകാരിയുണ്ടെങ്കിൽ അവർക്ക് പിന്നീട് കൂടുതൽ ശത്രുക്കളെ ആവശ്യം വരില്ല.
7 comments:

 1. സത്യജ്വാലയിലുള്ള ശ്രീ ഇപ്പന്റെ ലേഖനത്തിലെ ഒരു ഉദ്ധരണിയിങ്ങനെ, "സെക്രട്ടറി കണ്ടത്തില്‍ ജോസ്‌ ചേട്ടൻ, ‍ക്രിസോസ്റ്റോം മെത്രാപ്പോലീത്താ സന്നിഹിതനായിരുന്ന വയോജനക്ലബ്ബ് വാര്‍ഷികം ഉദ്ഘാടനത്തിൽ പറഞ്ഞതു മനുഷ്യരെല്ലാം സഞ്ചരിക്കുന്ന സെപ്റ്റിക് ടാങ്കുകളാ'ണെന്നും 'അതുകൊണ്ടു താനാരെയും തിരുമേനീ എന്നു സംബോധന ചെയ്യില്ലെ'ന്നും"

  വായിച്ചപ്പോൾ തമാശയെങ്കിലും അതൊരു സത്യമെന്നു തോന്നി. അങ്ങനെയെങ്കിൽ ലോകത്തു ജീവിച്ച ഈ പുണ്യവാന്മാർ ആരും വിശുദ്ധരല്ലെന്നു വരുന്നു. വാസ്തവത്തിൽ മെത്രാനുൾപ്പടെയുള്ള മനുഷ്യരുടെ വിസർജനം വൃത്തിയാക്കിക്കൊണ്ടിരുന്ന പന്നികളെ പിശാചുക്കളായി പുരാണങ്ങളിലും ബൈബിളിലും ചിത്രീകരിച്ചിട്ടുണ്ട്. മെത്രാൻ വിശുദ്ധനും പിതാവും തിരുമേനിയുമായി. മരിച്ചു കഴിഞ്ഞു അല്മെനിയ്ക്കും വിശുദ്ധപദവിവരെയെത്താം. പക്ഷെ അവരുടെ സ്വർഗത്തിലേക്കുള്ള കവാടങ്ങൾ ഇടുങ്ങിയതാണെന്നു മാത്രം. മദർ തെരേസയും അല്ഫോൻസായും ചാവറയുമെല്ലാം ഒരിയ്ക്കൽ സഞ്ചരിച്ച സെപ്റ്റിക്ക് ടാങ്കുകളായിരുന്നു. പന്നികൾ ടാങ്കുകളിൽ മുത്തുന്നപോലെ വിശുദ്ധ പ്രതിമകളിൽ ബോധമുള്ള മനുഷ്യർ എന്തിനു മുത്തം കൊടുക്കണം. ആരാധിക്കണം. മദർ തെരേസാ ഒരു മനുഷ്യ സ്നേഹിയെന്ന നിലയിൽ ബഹുമാനമുണ്ട്. അവർ ഒരു കത്തോലിക്ക ആയതുകൊണ്ട് പള്ളിയിൽ ബിംബമായി മാറുന്നു. മനുഷ്യരെല്ലാം ഒന്നുപോലെയെന്നു മതവും വചനങ്ങളും പഠിപ്പിക്കുന്നു. എങ്കിലും മനുഷ്യർക്ക് ഉപകാരപ്രദമായ ശാസ്ത്രീയ നേട്ടങ്ങൾ കൊയ്ത ഐൻസ്റ്റിനും എഡിസനും വിശുദ്ധരാകില്ല. വിശുദ്ധരെക്കാൾ പരിപാവനമായി ജീവിച്ച ഗാന്ധിജി നരകത്തിൽ കത്തിയെരിയുന്ന. അല്ലെങ്കിൽ ഹൈന്ദവ വിശ്വാസപ്രകാരം പുനർജന്മത്തിലെ പന്നിയായി നമ്മുടെ തീൻ മേശയിലും. അന്ധവിശ്വാസങ്ങളോട് വിട പറയുന്ന ഒരു കാലം വരാൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

  ReplyDelete
 2. This comment has been removed by the author.

  ReplyDelete
 3. "അഴുക്കു ചാലാണെൻ മനം ,വിശുദ്ധനാം ഭവാനിതിൽ അണഞ്ഞാൽ തൃപ്പാതേ അഴുക്കണിയുകീലാ ; നീരിൽ വിരിയുന്നൊരാ രാജീവസൂനങ്ങളിൽ നീർമയം ലേശംപോലും അണിയില്ലല്ലോ !" എന്ന എന്റെ 'സാമാസംഗീത' ഗാനപല്ലവി പോലെ, "ചലിക്കുന്ന സെയ്ഫ്റ്റി ടാങ്ക്" എന്നു കാലം വിശേഷിപ്പിക്കുന്ന ഈ മെത്രാന്മാരുടെ മനവും അഴുക്കു ചാലുകൾ തന്നെയാണ്! അല്ലായിരുന്നെങ്കിൽ, തങ്ങൾക്കു ഒരു പരിചയവുമില്ലാത്ത ദൈവത്തെ വിറ്റു കാശാക്കി ,"കഴുതമേൽ ഏറിയോനെ കളിയാക്കാൻ മെഴ്സിഡീസിൽ ഇവർ ചെത്തിനടക്കുമോ ? ക്രിസ്തുവിനെ കൊല്ലിച്ച കയ്യാപ്പാവിന്റെ ളോഹ ഇവർ കോപ്പിയടിക്കുമോ? കാലിത്തൊഴുത്തിൽ പിറന്നവന്റെ എളിമയ്ക്കു പകരം അരമനകളിൽ ഇതുങ്ങൾ പള്ളിയുറങ്ങുമോ? മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിൽ ഇടമില്ലാതെയിരിക്കെ, നാടാകെ നാനൂറു പള്ളികളും പള്ളിമേടകളും ഇവറ്റകൾ പണിയിക്കുമോ? "ഭൂമിയിൽ ആരെയും നിങ്ങൾ 'പിതാവേ' എന്നു വിളിക്കരുതെന്ന " കുരിശിൽ മരിച്ചവന്റെ വചനത്തെ കാറ്റിൽ പറത്തിക്കൊണ്ട്, ഈ ചിന്നഭിന്ന വാകീറിക്കത്തനാരന്മാരെ 'അച്ചോ / പിതാവേ' എന്നു ആടുകളെക്കൊണ്ട് സഭ വിളിപ്പിക്കുമോ? കർത്താവിനും ഉത്തരം മുട്ടുന്ന ഈ ചോദ്യാവലി കാലത്തിനു മനനം ചെയ്യാൻ ഇവിടെ ഞാൻ കുറിക്കുന്നു !... "ഹൃദയസ്തനായ ഞങ്ങളുടെ പിതാവേ" എന്നു വിളിക്കുന്ന / ദൈവത്തെ 'അഹം ബോധ്യമായി' കാണുന്ന എല്ലാ ജീവനുകളും "വിശുദ്ധർ" തന്നെയാണ്! ഇഷ്ടമുള്ള ആളുകളെ വിശുദ്ധരാക്കാനുള്ള പ്രത്യേക അനുമതി കത്തോലിക്കാസഭയ്ക്കു ദൈവം കൊടുത്തതായി ചരിത്രം പറയുന്നില്ല ! പുതിയ പുതിയ രൂപക്കൂടുകളിൽ കയറ്റാൻ വീണ്ടുംവീണ്ടും വിശുദ്ധരെ വിരിയിക്കുന്ന മലര്വാടിയാണോ സഭകൾ? ശ്വാസം ഉള്ളവരെല്ലാം എന്നും വിശ്വാസികളായി കഴിയുമെന്നും കത്തനാർ വ്യാമോഹിക്കേണ്ടാ!അവിശ്വസിച്ചുകൊണ്ടു സത്യം ആരായുന്ന കുറേ മനസുകളും ഇവിടെ അവതരിക്കും ! "സംഭവാമി യുഗേ യുഗേ " ! അവരെ ജയിലിലടക്കാൻ തരംനോക്കുന്ന പാതിരീ, നിനക്കു തെറ്റു പറ്റി! സാമുവേൽ കൂടൽ .

  ReplyDelete
 4. EMalaayalee comments: Joseph Padannamakkel
  2016-06-24 06:48:14
  ക്രിസ്ത്യൻബ്രദ, ഇവിടെ ആശയങ്ങളെ വിമർശിക്കാൻ ശ്രമിച്ചിട്ടുണ്ട്. മറുപടി നീണ്ടുപോവുമെന്നുള്ളതുകൊണ്ടു അക്കാര്യങ്ങൾ ഇവിടെ എഴുതുന്നില്ല. കരിഷ്മാറ്റിക്ക്‌ പ്രാർഥനകളിൽ കലിപൂണ്ടു നടക്കുന്നവർക്ക് ഈ ലേഖനം ഇടർച്ച വരുത്താം. വാക്കുകളില്ലാതെ വരുമ്പോൾ വ്യക്തിപരമായും ലേഖകനെതിരെയും വിമർക്കുന്നവർക്കെതിരെയും അവരുടെ അമർഷങ്ങൾ രേഖപ്പെടുത്തും. മറിയാമ്മ എഴുതിയതുപോലെ എന്റെ ലേഖനത്തിൽ ലജ്ജിക്കേണ്ട ആവശ്യമില്ല. രാജാവ് നഗ്നനായി നടന്നാൽ നഗ്നനെന്നു വിളിച്ചു പറയാനും ധൈര്യമുണ്ടാകണം. മനുഷ്യരെല്ലാം ഒരു സെപ്റ്റി ടാങ്ക് പോലെയാണ്. ആരും വിശുദ്ധരോ തിരുമേനിമാരോ അല്ല.യേശു വന്നതും യേശു പ്രസംഗിച്ചതും പരീശരും പുരോഹിതർക്കുമെതിരെയായിരുന്നു. മദർ തെരേസാ മരിച്ചുപോയി. ഇനി ഉത്തരം പറയേണ്ടത് അവരുടെ പ്രേതമല്ല. അല്ലെങ്കിൽ ആത്മാവല്ല. മദർ തെരേസായെ വെച്ചു പണമുണ്ടാക്കുന്നവർ ജീവിച്ചിരിക്കുന്നവരാണ്. മരിച്ചുപോയ അവരെ വ്യവസായീവൽക്കരിക്കുന്നവർ അവരുടെ നല്ല വശം മാത്രം കണ്ടാൽ പോരാ. ഒരു ഉൽപ്പന്നം മാർക്കറ്റിൽ ഇറക്കുന്നതുപോലെയാണ് മദർ തെരേസായെപ്പറ്റിയുള്ള പ്രചരണങ്ങൾ. വ്യവസായ താല്പര്യമുള്ള മതമേധാവികൾ ഗുണങ്ങൾ പറയുന്നതിനൊപ്പം അവരുടെ ദോഷങ്ങളും പറയാൻ ധൈര്യപ്പെടണം. അത്ഭുതങ്ങൾ പറഞ്ഞുകൊണ്ടു ഭക്തർക്കു മയക്കുമരുന്നുകൊണ്ടുള്ള വെടി കൊടുക്കുന്നവർ മറുപടി പറയട്ടെ. വയലാർ പാടിയതുപോലെ മനുഷ്യൻ മതങ്ങൾ സൃഷ്ടിച്ചു. മതങ്ങൾ ദൈവത്തെ സൃഷ്ടിച്ചു. മനുഷ്യനെ മനുഷ്യൻ മതത്തിന്റെ പേരിൽ കൊന്നെടുക്കുന്നുവെങ്കിൽ ആ മതങ്ങളെ സൃഷ്ടിച്ചതും ദൈവങ്ങളാകാൻ സാധ്യതയില്ല.

  Ninan Mathullah
  2016-06-23 14:00:12
  Vested interests are here to talk about a person behind her back. Will Mother Theresa rise up from grave to answer these baseless allegations? Some people can't see anything good in another person of a different religion.

  Mariamma
  2016-06-22 18:40:29
  I am assuming this reporter is not a Catholic? Othwkerwise why are you are trying soo hard to undermine her good deeds? I can understand why mr.chatterjie being a hindu would do that but You should be ashamed!

  christian bro
  2016-06-22 15:33:42
  ചര്‍വിത ചര്‍വണം എന്നേ ഇതിനെ പറയാനകു. മദര്‍ തെരെസയെ ഇഷ്ടമില്ലാത്തവര്‍ ഉണ്ട്. ഗാന്ധിജി ഹിന്ദു മതത്തെ ദ്രൊഹിക്കുന്നു എന്നു പറഞ്ഞാണു ഗോഡ്‌സെ അദ്ധേഹഠെ കൊല്ലുന്നത്.
  പക്ഷെ വിമര്‍ശനം കൊണ്ടൊന്നും ഈ പ്രകാശങ്ങള്‍ക്ക് കോട്ടം വരില്ല. മരണാസന്നരായ രോഗികള്‍ക്ക് സമാശ്വാസം നല്‍കുന്നത്കുറ്റമാണോ? തെരുവില്‍ മരിക്കുന്ന അവര്‍ക്ക് മരിക്കാന്‍ ഒരിടം കൊടുത്തു. അവിടെ ചികിത്സിക്കാന്‍ എത്ര സൗകര്യമുണ്ടായിരുന്നുവെന്ന് വ്യ്ക്തമല്ല. നല്ല ചികിത്സ നല്‍കാനുള്ള കെല്പ് ഉണ്ടായിരുന്നോ?
  സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപ്ത്രി അവര്‍ പണിയാതിരുന്നത് കുറ്റമാണോ? നേഴ്‌സുമാര്‍ മാന്യമായ ശംബളം ചോദിച്ച്‌പ്പോള്‍ അടിച്ചൊതുക്കിയ കഥകളും നമുക്കറിയാം.
  ദുഷ്ടരില്‍ നിന്നും പീഡകരില്‍ നിന്നും ഒക്കെ അവര്‍ പണം വാങ്ങി. ആളുകലെ വിധിക്കുകയോ വിലയിരുത്തുകയോ ആയിരുന്നില്ല അവരുടെ ജോലി.
  അവരുടെ മഠങ്ങള്‍ മിഷനറി പ്രവര്‍ത്തനം നടത്തൂന്നു എന്നു പറയുന്നു. എന്നിട്ട് എത്ര പേര്‍ മതം മാറി?
  ഏറ്റവും തമാശ മരിക്കുന്നവരെ മാമോദീസ മുക്കി എന്നാണു. അതു കൊണ്ട് സഭക്കോ മദറിനോ എന്തെങ്കിലും പ്രയോജനമുണ്ടോ? മരിക്കുന്ന ആള്‍ക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോ?
  ഇനി അദ്ഭുതം ശരിയോ എന്നത് ചിന്തിക്കേണ്ട കാര്യമാണു. മദര്‍ തെരെസയെ ഇത്ര തിടുക്കപ്പെട്ട് വിശുദ്ധ ആക്കേണ്ട ഒരു കാര്യവുമില്ല. അത് അന്‍പതൊ നൂറോ വര്‍ഷം കഴിഞ്ഞ് ആയാലും ഒരു വ്യത്യാസവും വരില്ല. ഇക്കാര്യത്തില്‍ സഭ ധ്രുതി കാട്ടി.

  ReplyDelete
  Replies
  1. Sudhir Panikkaveetil
   2016-06-24 09:37:47
   George Emalayalee, Posted: ശ്രീ ജോസഫ് പടന്നമാക്കലിന് അഭിനന്ദനങ്ങൾ. വ്യത്യസ്തമായ വിഷയങ്ങളെപ്പറ്റി ഗവേഷണം നടത്തി താങ്കൾ എഴുതുന്ന ലേഖനങ്ങൾ വിജ്ഞാനപ്രദമാണ്, അതേക്കുറിച്ച് കൂടുതൽ അറിയാൻ താൽപ്പര്യമുള്ളവർക്ക്, ഉപകാരപ്രദമാണ്. ഗാന്ധി മഹാനാണെന്ന് കൊച്ചു ക്ലാസ്സു മുതൽ കുട്ടികൾ പഠിക്കുന്നു. അവർ വലുതാകുമ്പോൾ അവർക്കിഷ്ടമുള്ള വിഷയങ്ങൾ തിരഞ്ഞെടുത്തത് പഠിക്കുന്നു. എന്നാൽ ഗാന്ധിയെക്കുറിച്ച് കൂടുതൽ പഠിക്കയും ഗവേഷണം നടത്തുകയും ചെയ്യുന്ന വ്യക്തിക്ക് ഗാന്ധി അത്രക്കങ്ങട്. മഹാനല്ലെന്ന് തോന്നുന്നു. ഉദാഹരണസഹിതം അയാൾ അത് എഴുതുന്നു. എന്നാൽ ഭൂരിപക്ഷം അത് അംഗീകരിക്കയില്ല. അത് മനുഷ്യന്റെ ബലഹീനത. കാരണം ഗാന്ധിയെ ആരാധിക്കുന്ന മനുഷ്യന്റെ മനസ്സിലേക്ക് വിവരണങ്ങൾ കയറുകയില്ല. അതേപോലെ മദർ തെരേസ്സ നല്ല കാര്യങ്ങൾ ചെയ്തു. ആരും ഇല്ലെന്നു പറയുന്നില്ല. എന്നാൽ ചിലരുടെ കണ്ടെത്തലുകൾ മറ്റു ചിലത് കാണുന്നു,മനസ്സിലാക്കുന്നു. മതത്തിന്റെ, വ്യക്തികളുടെ ഒക്കെ കാലു നക്കികളാകുമ്പോൾ അസഹിഷ്‌ണത ഉണ്ടാകുന്നതും സ്വാഭാവികം. ജോസഫ്
   പടന്ന മാക്കിൽ എഴുതിയത് അദ്ദേഹത്തിന്റെ കണ്ടെത്തലുകളും അറിവുമാണ്. എന്തെങ്കിലും എഴുതുന്നവർ മഹാ ജ്ഞാനികളാണെന്നു അവർ അവകാശപ്പെടുന്നില്ല. പിന്നെ എന്താണ് പ്രശനം. ഗാന്ധി മഹാനാണ്, മദർ തെരേസ്സ വിശുദ്ധയാണ് അങ്ങനെ ഉരുവിട്ടവർ അത് തുടരട്ടെ , അങ്ങനെയല്ലെന്ന് കണ്ടുപിടിക്കുന്നവർ കണ്ടുപിടിക്കട്ടെ. സത്യം ആർക്കറിയാം. എല്ലാവരും ഓരോരുത്തർ പറയുന്നതും വായിക്കുന്നതും വിശ്വസിക്കുന്നു. പക്ഷെ അടിമത്വം,അല്ലെങ്കിൽ കാൽനക്കുക എന്ന ഒരു ബലഹീനത മനുഷ്യനുണ്ട് .അതില്ലാത്തവർ മുഴുവൻ കാര്യങ്ങൾ മനസ്സിലാക്കാനും, പഠിക്കാനും മുതിരും. ആരെങ്കിലും പറഞ്ഞതോ, എഴുതിയതോ മുഴുവനായി വിശ്വസിക്കാതെ. അവരെയും ബഹുമാനിക്കാൻ കഴിയണം.

   കീലേരി ഗോപാലന്‍
   2016-06-24 08:49:11
   മദര്‍ തെരേസ വിശുദ്ധയല്ലെന്ന് അഭിപ്രായമുള്ളവര്‍ പറയുന്നത് കല്‍ക്കട്ടയിലെ ധര്‍മ്മസ്ഥാപനത്തിന്‍റെ പേരില്‍ ലഭിച്ച സംഭാവനകളുടെ ഒരു ചെറിയ ശതമാനം ശതമാനം പണം മാത്രമേ പാവങ്ങള്‍ക്കുവേണ്ടി ചിലവഴിച്ചുള്ളന്ന്. പ്രസിദ്ധ യുക്തിവാദി ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് മദറിനെപ്പറ്റി 'ഹെല്‍സ് എല്‍ജല്‍' എന്നൊരു ഡോക്യുമെന്ററി ചെയ്തിട്ടുണ്ട്. സാമ്പത്തിക കാര്യങ്ങളില്‍ മദര്‍ തെരേസയുടെ ധര്‍മ്മ സംഘം അത്ര വിശുദ്ധമല്ല എന്നാണ് അതിനെപ്പറ്റി അന്വേഷിച്ചവരുടെ അഭിപ്രായം.

   Ninan Mathulla
   2016-06-24 08:24:34
   There is no reason for the writer to get emotional because his article is criticized. While Mother Theresa was alive I didn’t see such writing from anybody including this writer. They didn’t have the courage to write while she was alive? All people are not like septic tanks. There are good qualities and values in people, and we need to encourage such values. Mother Theresa was a symbol of such values when she was alive. If the criticism is against the church then why personally criticize Mother Theresa? We always remember with respect those who served the public just as we respect Gandhi. This is an encouragement for others to follow their footsteps. Declaring a person a saint is part of that formality. If you have anything to say against it you can present in the committee hearings of the church. They will investigate it before declaring saint. About religion different people have different understanding. Vayalar is not all knowing to be the last word on this. Atheists think what they believe is the only truth. This is just ignorance.

   Delete
 5. If the whole world respected Mother Theresa there is a reason for it. Her short comings and negative aspects may not have received wide publicity. The reason being most people liked rather adores her because of the enormous good deeds she and her order did for the humanity. Our attempts to unearth her mistakes will only further alienate Catholic faithful from Reform Movements such as our's.

  ReplyDelete
 6. If the whole world respected Mother Theresa there is a reason for it. Her short comings and negative aspects may not have received wide publicity. The reason being most people liked rather adores her because of the enormous good deeds she and her order did for the humanity. Our attempts to unearth her mistakes will only further alienate Catholic faithful from Reform Movements such as our's.

  ReplyDelete