Translate

Friday, June 17, 2016

പള്ളിക്കകത്ത് അമ്പലം; താമസിയാതെ മുസ്ലിംപള്ളിയും പ്രതീക്ഷിക്കാം.By ജോസഫ് പെരുമാലി

(അല്മായശബ്ദം ബ്ലോഗിൽ പ്രസിദ്ധീകരിക്കാനായി ശ്രീ ജോസഫ് പെരുമാലി എനിക്കയച്ചുതന്ന ലേഖനമാണ് താഴെ കൊടുത്തിരിക്കുന്നത്.)


ജന്മംകൊണ്ട് ഞാനൊരു കത്തോലിക്കനാണ്. പൈതൃകമായി എനിക്കു ലഭിച്ച കത്തോലിക്കാവിശ്വാസം മരണംവരെ കാത്തുസൂക്ഷിക്കണമെന്ന് എനിക്കാഗ്രഹമുണ്ട്. ഞാനിപ്പോൾ പ്രവാസിയായി അമേരിക്കയിലാണ് താമസിക്കുന്നത്.

ഏതാനും ആഴ്ചകൾക്കുമുമ്പ് ഞാനും എൻറെ കുടുംബവും ഒരു വിവാഹചടങ്ങിൽ സംബന്ധിക്കുവാനിടയായി. ചടങ്ങിൽ മുഴുവൻ ഞങ്ങൾ പങ്കുചേർന്നില്ല. അതിൻറെ കാരണമാണ് ഞാൻ എഴുതിവരുന്നത്. വരൻറെ മാതാപിതാക്കളാണ് ഞങ്ങളെ ക്ഷണിച്ചത്. വരൻ കത്തോലിക്കനും വധു ഹിന്ദു സമുദായത്തിൽ പട്ടേൽ വിഭാഗത്തിൽ പെട്ടവളുമാണ്. അക്കാരണത്താൽ ക്രൈസ്തവ ആചാരപ്രകാരമുള്ള വിവാഹവും ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹവും ഉണ്ടാകുമെന്ന് വരൻറെ മാതാപിതാക്കൾ ഞങ്ങളെ നേരത്തെ അറിയിച്ചിരുന്നു.

വരൻ പിച്ച്ഡി-കാരനും വധു മെഡിക്കൽ ഡോക്ടറുമാണ്. രണ്ടുപേരുടെയും മാതാപിതാക്കൾ ഡോക്ടർമാരും എൻജിനിയർമാരുമൊക്കെയാണ്. എല്ലാവരും പ്രൊഫഷണൽസും ആവശ്യത്തിലേറിയ വിദ്യാഭ്യാസമുള്ളവരുമാണന്നും കാണിക്കാൻവേണ്ടി മാത്രമാണ് അവരുടെ ഡിഗ്രികൾ പ്രത്യേകം ഇവിടെ എടുത്തെഴുതേണ്ടിവന്നത്.

ഇനി ഞാൻ കാര്യത്തിലേക്ക് കടക്കട്ടെ. കെന്റക്കി സ്റ്റേറ്റിലുള്ള (Kentucky State) ഓവസ്ബറൊ (Owensboro) രൂപതയുടെ കത്തീഡ്രൽ പള്ളിയിലാണ് വിവാഹചടങ്ങ് നടക്കുന്നത്. ഞാനും എൻറെ കുടുംബവും വിവാഹ ക്ഷണക്കുറിയിൽ കാണിച്ചിരുന്ന സമയത്തുതന്നെ പള്ളിയിലെത്തി വധുവരന്മാരെ പ്രതീക്ഷിച്ച് പള്ളിക്കകത്തിരുന്നു. എന്നാൽ വരൻ വധുവില്ലാതെ പള്ളിയിലെത്തി. കത്തീഡ്രൽ പള്ളിവികാരി വെള്ളക്കാരനച്ചൻ ലത്തിൻ റീത്തിലുള്ള ദിവ്യബലി പ്രസംഗം ഒഴിവാക്കി ഓടിച്ചു ചൊല്ലിതീർത്തു. അങ്ങനെ വധുവില്ലാത്ത ഒരു കല്യാണ കുർബ്ബാനയും ജീവിതത്തിൽ ആദ്യമായി കുടി. ദിവ്യബലി സമാപിച്ച ഉടൻ പള്ളിയിൽനിന്നെല്ലാവരും പുറത്തേയ്ക്കിറങ്ങണമെന്ന് അറിയിപ്പുണ്ടായി. ഞങ്ങളെല്ലാവരും പുറത്തേയ്ക്കുവരുമ്പോൾ ചെണ്ടയും കുരവയും ഉച്ചഭാഷിണിയിൽകൂടിയുള്ള സംഗീതവുമൊക്കെയായി വരനും അവനോടൊപ്പം കുറെ കുട്ടികുരങ്ങന്മാരും പള്ളിമുറ്റത്ത് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഉച്ചയുറക്കം നടത്തിക്കൊണ്ടിരുന്ന വൃദ്ധരായ വെള്ളക്കാർ ഈ ബഹളം കേട്ട് വീടുകളിൽനിന്നും പുറത്തിറങ്ങി അന്തംവിട്ട് ഞങ്ങളെ നോക്കിനിന്നു. ആരുമറിയാതെ ഞാനും എൻറെ കുടുംബവും പള്ളിക്കകത്തുകയറി അവിടെ ഇരുന്നു. പള്ളിമുറ്റത്തുനടക്കുന്ന കൂത്തിനിടെ ഹിന്ദു പൂജാരി ഹിന്ദുവിവാഹ ചടങ്ങിനുള്ള സാമഗ്രികളുമായി പള്ളിക്കകത്തേയ്ക്ക് കടന്നുവന്നു. ആദ്യം ഞങ്ങൾക്കൊന്നും മനസ്സിലായില്ല. അദ്ദേഹം മദുബഹായിൽ കയറി വിശുദ്ധപീഠത്തിനുമേൽ തൻറെ പൂജാസാമഗ്രികൾ നിറഞ്ഞ ഭാണ്ഡക്കെട്ട് വച്ചപ്പോൾ യഥാർത്ഥത്തിൽ എൻറെ ഹൃദയത്തിൽ ഒരു ഇടിവാളുവെട്ടുന്നതുപോലെ എനിക്ക് അനുഭവപ്പെട്ടു. അൾത്താരയുടെ മുമ്പിൽവെച്ചുതന്നെ ഹൈന്ദവരീതിയിലുള്ള വിവാഹച്ചടങ്ങും നടക്കുവാൻ പൊകുകയാണന്ന് അടുത്തിരുന്ന ആളിൽനിന്ന് ഞാൻ മനസ്സിലാക്കി.

ദിവ്യബലി അർപ്പിക്കുന്ന വിശുദ്ധബലിപീഠം കത്തോലിക്കാ വിശ്വാസമനുസരിച്ച് എന്തുമാത്രം പരിപാവനമാണന്ന് ഞാൻ പറയാതെ നിങ്ങൾക്കെല്ലാം അറിയാവുന്ന കാര്യമാണല്ലോ. ആ പരിശുദ്ധ ബലിപീഠത്തിൻറെ മുകളിൽ, അപ്പവും വീഞ്ഞും യേശുവിൻറെ തിരുശരീരവും തിരുരക്തവുമായി കൂദാശാവചനത്താൽ രൂപാന്തരപ്പെടുന്ന പൂജ്യസ്ഥലത്താണ് പൂജാരിയുടെ പൂജാസഞ്ചി വച്ചിരിക്കുന്നത്! നാട്ടിൽവച്ച് ഹൈസ്കൂൾവരെ അൽത്താരബാലനായി ശുശ്രൂഷചെയ്യാൻ ഭാഗ്യം ലഭിച്ചിട്ടുള്ള ഞാൻ അനാവശ്യമായി ആ ബലിപീഠത്തിൽ ഒന്നു തൊട്ടിട്ടുപോലുമില്ല. ഇപ്പോഴും സാധാരണ വിശ്വാസികൾ അത്യാവശ്യമില്ലാതെ മദുബഹായിൽ കയറാറില്ലല്ലോ. കാസയും പീലാസയും വെറും കൈകൊണ്ട് അന്ന് പിടിച്ചിരുന്നില്ല. ഇപ്പോൾ അത്തരം കാര്യങ്ങളിൽ അയവു വരുത്തിയിട്ടുണ്ടെങ്കിലും നമ്മുടെ സഭയിൽ ഇപ്പോഴും മദുബഹാ തിരശീലയിട്ട് മറയ്ക്കാറുണ്ട്. ഹൈന്ദവവിവാഹചടങ്ങും മദുബഹായിൽവച്ചു നടത്തുന്നു എന്നറിഞ്ഞപ്പോൾ അവരുടെ ചടങ്ങുകൾക്കു നില്ക്കാതെ ഞാനും എൻറെ കുടുംബവും പള്ളിയിൽനിന്നിറങ്ങി നേരെ വീട്ടിലേയ്ക്കുപോയി. രണ്ടാചാരപ്രകാരമുള്ള വിവാഹങ്ങൾ മദുബഹായിൽ സൃഷ്ടിച്ച മണ്ഡപത്തിൽവച്ചുതന്നെ നടന്നെന്നാണ് ഞാൻ പിന്നീടറിഞ്ഞത്.

ഞാൻ ഒരു മതത്തിനും എതിരല്ല. ഓരോരുത്തർക്കും അവരവരുടെ മതവും അതിലെ ആചാരങ്ങളും പരമപ്രധാനമാണ്. ക്രൈസ്തവ/ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹങ്ങൾ നടത്തിയതിലും എനിക്കെതിരില്ല. പക്ഷെ ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹം കത്തോലിക്കാപള്ളിയുടെ മദുബഹായിൽതന്നെ വച്ചു നടത്തണോ? ഏതെങ്കിലും ഒരു അമ്പലത്തിൻറെ ശ്രീകോവിലിലോ മുസ്ലിംപള്ളിയിലോ ക്രിസ്തീയരീതിയിലുള്ള വിവാഹച്ചടങ്ങ് നടത്താൻ നമ്മുടെ പുരോഹിതരെ ആ മതക്കാർ സമ്മതിക്കുമോ? എങ്കിൽ അവിടെ കൂട്ട ബഹളവും പൊട്ടിത്തെറിയുമുണ്ടാകും. തിരശീല തൂക്കാൻ നമ്മുടെ അച്ചന്മാർ ഇന്ന് പെടാപ്പാടുപെടുന്നുണ്ട്. പക്ഷെ ഇത്തരം ആഭാസങ്ങൾ നമ്മുടെ പള്ളികളിൽ നടക്കാതിരിക്കാൻ മദുബഹാ ഷട്ടർ ഇട്ട് പൂട്ടണമെന്നാണെൻറെ അഭിപ്രായം.

ഈ വിഷയത്തിൽ പല വില്ലന്മാരുമുണ്ട്. അതിലെ മുഖ്യർ വരൻറെ മാതാപിതാക്കളാണ്. കാരണം അവർ ഈ വൃത്തികേടിന് ഒരിക്കലും സമ്മതിക്കാൻ പാടില്ലായിരുന്നു. അവരോടൊപ്പം ഈ കൂത്തുകളിയ്ക്ക് കൂട്ടുനിന്നതുകൊണ്ട് വരനും മാതാപിതാക്കളും കവിളം മടലുകൊണ്ട് പൊതിരെ തല്ലുമേടിക്കാൻ അർഹരാണ്. അവരും കൂടിയുൾപ്പെട്ട മഹത്തായ ഒരു സമുദായത്തെയാണ്  അവിവേകികളായ അവർ അപമാനിച്ചത്. ഈ സമുദായ ദ്രോഹികളെ മുക്കാലിയിൽ കെട്ടിയിട്ടടിച്ചാലും തെറ്റില്ല. രണ്ടാമത്തെ വില്ലൻ കത്തീഡ്രൽപള്ളി വികാരി വെള്ളക്കാരൻ പാതിരിയാണ്. ഹൈന്ദവ ആചാരപ്രകാരമുള്ള വിവാഹച്ചടങ്ങ് മദുബഹായിൽ വെച്ചു നടത്തുന്നതിനുള്ള അനുവാദം അദ്ദേഹം നല്കാൻ പാടില്ലായിരുന്നു. ബലിപീഠത്തിന്റെ പവിത്രതയെ അപമാനിച്ച വിവേകമില്ലാത്ത ഈ പാതിരി സഭയ്ക്കു അപമാനമാണ്. ആ പള്ളിയിലെ വികാരിയുടെ സഹായി ഒരു മലയാളി കൊച്ചച്ചനാണ്. ഞാൻ അദ്ദേഹത്തോട് ഈ കാണിക്കുന്നത് തെറ്റല്ലെയെന്ന് ചോദിച്ചപ്പോൾ വികാരി അനുവദിച്ചതുകൊണ്ട് എനിക്കതിൽ ഇടപെടാൻ സാധിക്കയില്ലയെന്നുപറഞ്ഞ് പീലാത്തോസു കൈ കഴുകുന്നപോലെ ഒഴിഞ്ഞു മാറുകയാണ് ചെയ്തത്. നമ്മുടെ ചില മലയാളി പുരോഹിതരും വെറും ഷണ്ഡന്മാരായി പോയല്ലോ എന്നോർത്ത് ഖേദിക്കാനെ പറ്റൂ. അടുത്ത വില്ലന്മാർ വധുവിന്റെ മാതാപിതാക്കളാണ്. ഹൈന്ദവവിവാഹം ക്രിസ്ത്യൻ പള്ളിയിൽവച്ചു നടത്താൻ അവർ കൂട്ടുനിൽക്കരുതായിരുന്നു. ആ പള്ളിയുടെതന്നെ ഹാളിൽ മണ്ഡപംകെട്ടി ഹൈന്ദവ ചടങ്ങ് നടത്തിയിരുന്നെങ്കിൽ അവർ ഈ കഥയിലെ ഹിറോ ആകുമായിരുന്നില്ലേ.

വഷളത്തരം ഇവിടംകൊണ്ടും തിർന്നില്ല. ആ രൂപതയിലെ മെത്രാൻ കയറിയിരിക്കേണ്ട കസേരയിൽ (Cathedra) പൂജാരിയെ കയറ്റിയിരുത്തി. അവസാനം വികാരിവക ഒരു വിടവാങ്ങൽ ആശീർ'വാദവും! എന്താ പോരെ പൂരം!!

ഹൈന്ദവവിവാഹച്ചടങ്ങ് നമ്മുടെ മദുബഹായിൽ വച്ചു നടത്താൻ വൈദികരും മാതാപിതാക്കളും കൂട്ടുനില്ക്കരുത് എന്നഭ്യർത്ഥിക്കാനാണ് ഞാനിതെഴുതുന്നത്. അതല്ലായെങ്കിൽ നമ്മുടെ ഈശോനാഥനോടുചെയ്യുന്ന ക്രൂരവിനോദമായിരിക്കുമത്. ഇവിടെയാണ് സിവിൽ മാരിജിൻറെ പ്രസക്തി. കത്തോലിക്കാ വിശ്വാസമനുസരിച്ചുള്ള വരപ്രസാദത്തിന്റെ ഒഴുക്കൊന്നും ഇത്തരം വിവാഹത്തിലില്ല; ഉണ്ടെന്നു വിളംബരം ചെയ്താലും. ഭദ്രദീപത്തിനുചുറ്റും ഏഴുപ്രാവശ്യം നടക്കേണ്ടത് മദുബഹായിലല്ല. വധുവരന്മാർ ഇത്തരം ആചാരകൊപ്രായങ്ങൾക്ക് ഇട കൊടുക്കാതിരിക്കുകയും സിവിൽ കരാറുവഴി വിവാഹിതരാകാനുള്ള വിവേകം കാണിക്കുകയും വേണം. കാരണം സിവിൽ വിവാഹത്തിനെ ആധികാരികതയുള്ളു. മതപരമായ ചടങ്ങ് അതിന് കീഴ്പെട്ടതാണ്. ഇനി മനുഷരെ ബോധിപ്പിക്കാൻ മതപരമായ വിവാഹച്ചടങ്ങ് കൂടിയേ തീരൂവെങ്കിൽ ആ ചടങ്ങുകൾ മുറപ്രകാരമുള്ള സ്ഥലങ്ങളിൽ വച്ചു നടത്താനുള്ള വിവേകമെങ്കിലും അവർ കാണിക്കണം.

ഈ വിഷയത്തിലുള്ള വായനക്കാരുടെ അഭിപ്രായമറിയാൻ ആഗ്രഹമുണ്ട്.4 comments:

 1. "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു "എന്ന ഗുരുഭാവന സത്യമാകണമെങ്കിൽ ,[ഒരുവായു ഒരുജലം ഒരുഭൂമി ഒരുസൂര്യൻ ഒരാകാശം ] എന്നതുപോലെ നമുക്ക് ഒരു ദേവാലയം ഒരു സെമിത്തേരി എന്നതിൽ കൂടി 'ഒരുമ' ആവശ്യമാണ് ! ഈ 'ഒരുമ' സ്ഥാപിതതാല്പര്യങ്ങല്ക്കായി ചിന്നഭിന്നമാക്കിയ പൌരോഹിത്യംതന്നെ ഇവിടെയിന്നു ഒരുമിച്ചത് നല്ലകാലത്തിന്റെ വരവിന്റെ സൂചനയായേ എനിക്ക് കാണാനാകൂ.. "ചിക്കെൻ ഹാർട്ടഡ് ഫെല്ലോസ് " ആകാതെ, ആകാശം പോലെ വിശാലമാകട്ടെ മാനവഹൃദയാകാശവും ! എങ്കിലേ "ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യനു " എന്ന സ്വര്ഗീയഭാവന മനുഷ്യനും സാധ്യമാകൂ ! മാലാഖമാരുടെ മനസുള്ളവർക്കേ ഇതിൽ സുഖം രുചിക്കാനാകൂ ..ഏദനിലെ പാമ്പായ സാത്താന്റെ കുബുദ്ധികൾക്കിതു തികച്ചും അരോചകവും അവിവേകവും ആയി തോന്നിയേക്കാം ! അവർ കവടംമാടല്കൊണ്ട് സ്വയം അടിച്ചു, നന്മ ശീലിപ്പിക്കട്ടെ സ്വമനസിനെ ; എന്നല്ലാതെ എന്ത് പറയാൻ ?അല്ത്താരയിൽ ബോയ്‌ ആയിരുന്നകാലം വിവേകത്തോടെ, അവിടെ ഒന്നാമതായി കുര്ബാനയ്ക്ക് വിരിക്കുന്ന വിരിപ്പിൽ പുരോഹിതർ കുത്തിവച്ചിരിക്കുന്ന വിശുദ്ധി മനസിലാക്കെണ്ടിയിരുന്ന ! 'തബലയ്ത്ത' എന്നോ മറ്റോ ആണാവിരിക്കു കത്തനാർ കൊടുത്ത ചെല്ലപ്പേര് ! അതിന്റെ മുകളിലാണ് കുര്ബാനയുടെ കാസാ/പീലാസാ ഒക്കെ സെറ്റ് ചെയ്യുന്നത് ! കര്ത്താവ് നമ്മോടൊരോരുത്തരോടും "സ്വയം ചെയ്യുവീൻ" എന്ന് പറഞ്ഞ "കുര്ബാന/ത്യാഗം " പള്ളിയിൽ ചൊല്ലി തീര്ക്കാൻ കത്തനാര് കണ്ടുപിടിച്ച [കർത്താവറീയാത്ത] സെറ്റപ്പിന്റെ ഭാഗമാണീ തബലയ്ത്താ! അത് വിരിച്ചു അതിന്റെ മുകളിൽ എവിടെവച്ചും കത്തനാര്ക്ക് കുര്ബാന കാച്ചാനുള്ള അനുമതി കാനോൻ കൊടുത്തിട്ടുണ്ടുപോലും! ഈ മിശ്രവിവാഹം മൂലം ഒരു പുതിയ തലമുറ സംഭവിക്കുന്നു! ഇവര്ക്കുണ്ടാകാൻ പോകുന്ന മക്കൾക്ക്‌ മാമോദീസാ വേണ്ട !.അവരുടെ വിവാഹം സര്ക്കാര് സാക്ഷി നടന്നോളും /പിന്നെ ശവദാഹം എതോ ഇലക്ട്രിക്‌ സെമിത്തേരിയിലും! അങ്ങിനെ കൂദാശത്തൊഴിലാളി വഴിയാധാരമാകും ! ഫലം ക്രിസ്തു ജയിക്കും! കത്തനാര് തോല്ക്കും! ആടുകൾ മനുഷ്യരാകും ! "സ്വര്ഗസ്തനായ , അല്ല ഹൃദയസ്തനായ പിതാവേ" എന്ന് ഓരോ മനവും മൌനത്തിൽ ദൈവത്തെ വിളിച്ചു സുഖിച്ചു വാഴും! കപട പൌരോഹിത്യത്തിന്റെ മുടിവിന്റെ തുടക്കം ഇവിടെ കുറിക്കുന്നു! നാടാകെയെന്തിനു തമ്മിലടിക്കുന്ന നാനൂറു പള്ളീ ? ശുഭം!

  ReplyDelete
 2. "നമ്മുടെ ഈശോനാഥനോടുചെയ്യുന്ന ക്രൂരവിനോദമായിരിക്കുമത്"-
  ആണോ? ഇത്തരം സംഭവത്തിൽ ഈശോനാഥാന്റെ പ്രതികരണം എന്തായിരിക്കും. ഒന്നു നന്നായി ചിരിക്കും.
  ആചാരങ്ങളുടെ നിരർത്ഥത എല്ലാവരെയും ഓര്മിപ്പിക്കുന്നതാകയാൽ ഇത്തരം സംഭവങ്ങൾ നല്ലതാ...

  ReplyDelete
 3. This is what western christianity is now promoting to others! Shameless priest and family who belittles the faith of the community!

  ReplyDelete
 4. Protect the Christianity and believe the in Jesus .....

  ReplyDelete