Translate

Saturday, June 25, 2016

തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ അഡ്വ. ഇന്ദുലേഖയ്‌ക്കൊപ്പം

ഷാജു ജോസ് തറപ്പേല്‍[തിരഞ്ഞെടുപ്പു പ്രചാരണത്തില്‍ അഡ്വ. ഇന്ദുലേഖയ്‌ക്കൊപ്പം മുഴുവന്‍സമയവും പങ്കെടുത്ത ലേഖകന്‍ KCRM നിര്‍വ്വാഹകസമിതിയംഗം]


അങ്ങനെ ഒരു തെരഞ്ഞെടുപ്പുംകൂടി അവസാനിച്ചു. നാട്ടില്‍ പണത്തിന്റെയും മദ്യത്തിന്റെയും കുത്തൊഴുക്കില്‍പ്പെട്ടു നട്ടംതിരിഞ്ഞ ജനം എന്തു ചെയ്യണമെന്നറിയാതെ എവിടെയൊക്കെയോ വോട്ടുകുത്തി. ആരൊക്കെയോ ജയിച്ചു. ഈ ആരവത്തിനിടയിലും, പണം ധൂര്‍ത്തടിക്കാതെ, എന്നാല്‍ ന്യായമായ പ്രചരണം നടത്തിക്കൊണ്ട്, നിയോജകമണ്ഡലത്തിന്റെ ഓരോ കോണിലുമെത്തി ഒരു സംശുദ്ധരാഷ്ട്രീയത്തിന്റെ സന്ദേശവാഹക എന്ന നിലയില്‍ തന്റെ സാന്നിദ്ധ്യം അറിയിച്ചുകൊണ്ട് പ്രവര്‍ത്തിക്കാന്‍ അഡ്വ. ഇന്ദുലേഖാ ജോസഫിനു സാധിച്ചു. വളരെ കുറഞ്ഞ ചെലവില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിക്കൊണ്ട് ഒരു സ്ഥാനാര്‍ത്ഥിക്ക് നിയോജകമണ്ഡലത്തിലെ ഓരോ സമ്മതിദായകന്റെയും മനസ്സില്‍ ഇടംനേടാനാകും എന്ന് അഡ്വ. ഇന്ദുലേഖ തെളിയിച്ചു.
ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളമൊട്ടാകെ ശ്രദ്ധിക്കപ്പെട്ട ഒരു നിയോജകമണ്ഡലമായിരുന്നു, പൂഞ്ഞാര്‍. കൂടുതല്‍ സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച മണ്ഡലം, ചതുഷ്‌കോണമത്സരം നടന്ന മണ്ഡലം, അതിനെല്ലാമുപരി നൂതനമായ ആശയങ്ങള്‍ ജനമനസ്സില്‍ ചര്‍ച്ചയ്ക്കായി അവതരിപ്പിച്ചുകൊണ്ട് മത്സരിച്ച ഇന്ദുലേഖയുടെ സാന്നിദ്ധ്യം. അവസാന സമയത്ത് ഇന്ദുലേഖയെക്കാളും ശ്രദ്ധിക്കപ്പെട്ടത് അവരുടെ ചിഹ്നമായ പച്ചമുളകായിരുന്നു.
പൂഞ്ഞാര്‍ നിയോജകമണ്ഡലം 9 പഞ്ചായത്തുകളും ഒരു മുനിസിപ്പാലിറ്റിയും ഉള്‍ക്കൊള്ളുന്ന ഒരു പ്രദേശമാണ്. മലകളും കുന്നുകളുമൊക്കെ അടങ്ങിയ ഒരു ഭൂപ്രദേശം. കാര്‍ഷികമേഖലയിലുള്ള സാധാരണക്കാരായ മനുഷ്യരാണ് മഹാഭൂരിപക്ഷവും. വിവിധ രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെട്ടവരും വിവിധ മതങ്ങളില്‍ വിശ്വസിക്കുന്നവരും രാഷ്ട്രീയമില്ലാത്തവരുമായ ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു പ്രദേശം. ഇതിന്റെ ഓരോ മുക്കിലും മൂലയിലും എത്തുക എന്നുള്ളത് വളരെ ശ്രമകരമാണ്. എങ്കിലും കഴിയുന്നത്ര എല്ലാ പ്രദേശങ്ങളിലും എത്താനും നൂതനമായ തന്റെ രാഷ്ട്രീയ ആശയങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും ഇന്ദുലേഖയ്ക്കു സാധിച്ചു. എല്ലാ പ്രദേശങ്ങളിലും ഇന്ദുലേഖയെ ശ്രവിക്കുവാന്‍ ജനങ്ങള്‍ തടിച്ചുകൂടിയിരുന്നു. ഇന്ദുലേഖ മുന്നോട്ട് വച്ച ആശയങ്ങളോട് അഭിപ്രായവ്യത്യാസമുള്ള ആരെയും ഒരു സ്ഥലത്തും കാണാന്‍ സാധിച്ചില്ല. പൂര്‍ണ്ണമായും സ്വീകരിക്കാവുന്ന കാര്യങ്ങളാണ് എന്നാണ് എല്ലാവരും അഭിപ്രായപ്പെട്ടത്.
അഡ്വ. ഇന്ദുലേഖയുടെ ഇലക്ഷന്‍ പ്രചാരണപര്യടനം, ഒരു രാഷ്ട്രീയവിദ്യാഭ്യാസപര്യടനം കൂടിയായിരുന്നു എന്നു പറയേണ്ടിയിരിക്കുന്നു. ഇലക്ഷന്‍ അനൗണ്‍സ്‌മെന്റിനെക്കുറിച്ചും അതുതന്നെ പറയാനാകും. എല്ലാ മുന്നണികളിലെയും സ്ഥാനാര്‍ത്ഥികള്‍, ബാലിശമായ പാരഡിഗാനങ്ങളുടെ അകമ്പടിയോടെ എതിര്‍മുന്നണികളെയും സ്ഥാനാര്‍ത്ഥികളെയും വിമര്‍ശിച്ചുകൊണ്ടുള്ള വിലകുറഞ്ഞ അനൗണ്‍ സ്‌മെന്റ് രീതി അവലംബിച്ചപ്പോള്‍, ഇന്ദുലേഖയുടെ അനൗണ്‍സമെന്റ്, അവരുടെ പ്രസംഗംപോലെതന്നെ, കേരളരാഷ്ട്രീയരംഗത്ത് ആവശ്യം വരുത്തേണ്ട മാറ്റങ്ങളെ വളരെ ആകര്‍ഷകമായി എണ്ണിയെണ്ണി പറഞ്ഞുള്ള ഒരുതരം രാഷ്ട്രീയബോധനമായിരുന്നു. ഇന്ദുലേഖയുടെ അനുജത്തി കുമാരി ചിത്രലേഖയുടെ സ്ഫുടവും സുന്ദരവുമായ ശബ്ദത്തിലുള്ള ഈ അനൗണ്‍സ്‌മെന്റുകള്‍ രാവിലെ 10 മണിമുതല്‍ രാത്രി 9 മണിവരെ എല്ലാ ദിവസവും പൂഞ്ഞാര്‍ നിയോജകമണ്ഡലമാകെ അലയടിച്ചിരുന്നു. (റിക്കോര്‍ഡു ചെയ്ത ഈ അനൗണ്‍സമെന്റ് കേള്‍ക്കാന്‍, മെയ് 11-ലെ 'അല്‍മായശബ്ദം' ബ്ലോഗ് സന്ദര്‍ശിക്കുക.) 
കൂട്ടിക്കല്‍ പഞ്ചായത്തിലാണ് ഇന്ദുലേഖയ്ക്ക് ഏറ്റവും ആവേശോജ്വലമായ സ്വീകരണം ലഭിച്ചത്. ഏന്തയാര്‍, ഇളംകാട്, കൂട്ടിക്കല്‍ എന്നീ ഗ്രാമപ്രദേശങ്ങളില്‍ വന്‍ ജനക്കൂട്ടമാണ്, പ്രസംഗം കേള്‍ക്കാന്‍ ഉണ്ടായിരുന്നത്. കൂട്ടിക്കല്‍ ടൗണില്‍ പ്രസംഗം നടന്നുകൊണ്ടിരിക്കെ, ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ യോഗം ആരംഭിക്കേണ്ട സമയം ആയതുകൊണ്ട് പെട്ടെന്ന് അവസാനിപ്പിക്കേണ്ടിവന്നു. എന്നാല്‍ നാട്ടുകാര്‍ ആവശ്യപ്പെടുന്നതുപ്രകാരം, വീണ്ടും ഒരു ദിവസംകൂടി കൂട്ടിക്കലില്‍ എത്തി ഇന്ദുലേഖ തന്റെ രാഷ്ട്രീയം വിശദീകരിക്കുകയുണ്ടായി. എരുമേലി, മുണ്ടക്കയം, കോരുത്തോട്, പുഞ്ചവയല്‍, പമ്പാവാലി, മുട്ടപ്പള്ളി, മുക്കൂട്ടുതറ എന്നീ പ്രദേശങ്ങളിലെല്ലാം ഇന്ദുലേഖയെ കേള്‍ക്കാന്‍ വന്‍ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പ്രചാരണയാത്രാമധ്യേ, പല സ്ഥലങ്ങളിലും ജനങ്ങള്‍ വാഹനം കൈകാട്ടി നിര്‍ത്തിച്ച്, ഒരു പ്രസംഗം നടത്തിയിട്ടേ പോകാവൂ എന്നഭ്യര്‍ത്ഥിച്ച ഹൃദ്യമായ അനുഭവങ്ങളുമുണ്ടായി. അവിടെയെല്ലാം ഇന്ദുലേഖ അവരോടു സംസാരിക്കുകയും ചെയ്തു. അങ്ങനെ നല്ല ആശയങ്ങള്‍ കേള്‍ക്കുന്നതിന് ഇന്നാട്ടിലെ ജനങ്ങള്‍ സന്നദ്ധരാണ് എന്നു തെളിയിക്കാന്‍ കഴിഞ്ഞു. തെരഞ്ഞെടുപ്പിനു 3 ദിവസംമുന്‍പ് മെയ് 13-ാം തീയതി വൈകുന്നേരം ഗഇഞങ ഇലക്ഷന്‍ കമ്മിറ്റി കണ്‍വീനര്‍ ശ്രീ മാത്യു എം. തറക്കുന്നേലിന്റെ അദ്ധ്യക്ഷതയിലും KCRM-ന്റെയും JCC-യുടെയും സമുന്നതനേതാക്കളുടെ പങ്കാളിത്തത്തിലും ഈരാറ്റുപേട്ടയില്‍ നടത്തിയ പൊതുസമ്മേളനത്തില്‍ പങ്കെടുത്ത വന്‍ ജനാവലിയുടെ സാന്നിദ്ധ്യം മാത്രംമതി, നവീനവും സ്വതന്ത്രവുമായ ആശയങ്ങള്‍ ശ്രവിക്കുവാനുള്ള ജനങ്ങളുടെ അഭിവാഞ്ഛ മനസ്സിലാക്കുവാന്‍ (ഈ യോഗത്തില്‍ ഇന്ദുലേഖ നടത്തിയ പ്രസംഗത്തിന്റെ വീഡിയോ കാണാന്‍ മെയ് 21-ലെ 'അല്‍മായശബ്ദം' ബ്ലോഗ് സന്ദര്‍ശിക്കുക).
തെരഞ്ഞെടുപ്പില്‍ ഇന്ദുലേഖയ്ക്കു കിട്ടിയ വോട്ട് 397 ആണ്. വോട്ടിന്റെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം പരിശോധിച്ചാല്‍ ഇന്ദുലേഖയുടെ ഈ രാഷ്ട്രീയ ഇടപെടല്‍ ഒരു വന്‍ പരാജയമാണ് എന്നു സമ്മതിക്കേണ്ടിവരും. എന്നാല്‍ ഒരു നവരാഷ്ട്രീയത്തിന്റെ തുടക്കമെന്ന നിലയില്‍ ഇന്ദുലേഖയുടെ മത്സരവും തെരഞ്ഞെടുപ്പു പ്രചാരണവും വിജയകരമായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍. അങ്ങനെ ഒരു അനുമാനത്തിലെത്താന്‍ താഴെ സൂചിപ്പിക്കുന്ന കാര്യങ്ങളാണ് എനിക്കു പറയാനുള്ളത്:
1.       മുന്നണി സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പിനുവേണ്ടി ചെലവാക്കുന്ന പണം ധൂര്‍ത്താണ്. 28,00,000 രൂപയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഒരു സ്ഥാനാര്‍ത്ഥിക്ക് അനുവദിച്ചിരിക്കുന്നത്. അതിന്റെ ഒരു 20% കൊണ്ട് ആവശ്യമായ പ്രചരണംനടത്താന്‍ സാധിക്കുമെന്ന് തെളിഞ്ഞു.
2.       ആശയപ്രചരണത്തിന് ഏറ്റവും യോജിച്ച അവസരം തെരഞ്ഞെടുപ്പാണ്. ജനങ്ങളുടെ മുമ്പില്‍ നമുക്ക് വയ്ക്കാനുള്ള ആശയങ്ങള്‍ സ്വതന്ത്രമായി അവതരിപ്പിക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരം. മാത്രമല്ല, ജനങ്ങള്‍ അത് കേള്‍ക്കാന്‍ തയ്യാറാവുകയും ചെയ്യും. പ്രചരണത്തിലാകമാനം അതു ബോധ്യപ്പെടുകയുണ്ടായി. ഇന്ദുലേഖ മുന്നോട്ട് വയ്ക്കുന്ന ആശയങ്ങള്‍ കേള്‍ക്കാന്‍ ജനം തയ്യാറായിരുന്നു. രാഷ്ട്രീയപാര്‍ട്ടികളിലുള്ള വിശ്വാസം, സാമ്പത്തികനേട്ടം, പിന്നെ ഏതെങ്കിലും പ്രമുഖ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താന്‍ വിജയസാധ്യതയുള്ള മറ്റു മുന്നണിസ്ഥാനാര്‍ത്ഥിക്കു വോട്ടു ചെയ്‌തേ ഒക്കൂ എന്ന ചിന്ത... ഇതെല്ലാംകൊണ്ട് അതെല്ലാം വോട്ടായി മാറിയില്ല എന്നേ കരുതാനുള്ളൂ. അഡ്വ. ഇന്ദുലേഖ വിതച്ച നവരാഷ്ട്രീയസങ്കല്പം വേരെടുത്തു ഫലമണിയാന്‍ കുറെക്കൂടി സമയമെടുത്തേക്കാം.
3.       ഇങ്ങനെ ചിന്തിക്കുമ്പോള്‍, ഈ നവരാഷ്ട്രീയവുമായി ബന്ധപ്പെട്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനു വിപുലമായ സാധ്യതകളാണുള്ളത് എന്നു തോന്നുന്നു. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ മാത്രമല്ല, വിദേശമലയാളികള്‍വരെ, ഒരു അഴിമതിവിരുദ്ധരാഷ്ട്രീയ പ്രസ്ഥാനം ഉദയംകൊള്ളുമെങ്കില്‍ അതില്‍ പങ്കാളികളാകുവാന്‍ തയ്യാറാണെന്ന് മനസ്സിലാക്കുവാന്‍ സാധിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ വളരെ വിജയകരമായിരുന്നു, ഇന്ദുലേഖയുടെ ഈ രാഷ്ട്രീയഇടപെടലും തെരഞ്ഞെടുപ്പിലുള്ള മത്സരവും പ്രചാരണവുമെന്നു പറയാന്‍ സാധിക്കും.
KCRM നേതാക്കളും പ്രവര്‍ത്തകരുമായ മാത്യു എം. തറക്കുന്നേല്‍, കെ.കെ. ജോസ് കണ്ടത്തില്‍, പ്രൊഫ. പി.സി. ദേവസ്യാ, സ്റ്റീഫന്‍ മാത്യു വെള്ളാന്തടം, ജോര്‍ജ് മൂലേച്ചാലില്‍ എന്നിവരും, ഈ ലേഖകനു പുറമെ, ഇലക്ഷന്‍ യോഗങ്ങളില്‍ പങ്കെടുത്തു സംസാരിക്കുകയുണ്ടായി. ഓണ്‍ലൈന്‍ പ്രചാരണത്തിന് ശ്രീ ജോസാന്റണി നേതൃത്വം കൊടുത്തു. 'സത്യജ്വാല'യുടെ ഇലക്ഷന്‍ സ്‌പെഷ്യല്‍ പതിപ്പ് (ഏപ്രില്‍ ലക്കം) യോഗസ്ഥലങ്ങളില്‍ വിതരണം ചെയ്യുകയുണ്ടായി.
ഒരു പുതിയ രാഷ്ട്രീയം ലക്ഷ്യംവച്ചുള്ള ഈ പ്രവര്‍ത്തനങ്ങള്‍ ഇവിടംകൊണ്ട് അവസാനിപ്പിച്ചുകൂടാ എന്നാണ് ഈ ലേഖകനു പറയാനുള്ളത്. ഇതിനു തുടര്‍ച്ച ഉണ്ടാകണം. മറ്റൊരു വിധത്തില്‍പ്പറഞ്ഞാല്‍, കേരളത്തില്‍ ഒരു 'ആം ആദ്മി' പ്രസ്ഥാനം കെട്ടിപ്പടുക്കാനുള്ള പ്രവര്‍ത്തനം നടക്കണം. അതിനു നേതൃത്വം കൊടുക്കുവാനുള്ള കഴിവും കരുത്തും കാഴ്ചപ്പാടും അഡ്വ: ഇന്ദുലേഖാ ജോസഫിനുണ്ട് എന്നാണ് ഈ ലേഖകന്റെ വിലയിരുത്തല്‍.

ഫോണ്‍: 9496540448

അഡ്വ. ഇന്ദുലേഖയുടെയും KCRM-ന്റെയും 

ഇലക്ഷന്‍ഇടപെടല്‍ - അവലോകനം

2016 ജൂണ്‍ 25, ശനിയാഴ്ച 2 pm മുതല്‍, പാലാ ടോംസ് ചേമ്പര്‍ ഹാളില്‍
അദ്ധ്യക്ഷന്‍ : കെ. ജോര്‍ജ് ജോസഫ് 
(KCRM സംസ്ഥാന പ്രസിഡന്റ്)
ഇന്ദുലേഖയ്ക്ക് KCRM-ന്റെ പിന്തുണ - ഒരു വിലയിരുത്തല്‍ : മാത്യു എം. തറക്കുന്നേല്‍ 
(കണ്‍വീനര്‍, KCRM ഇലക്ഷന്‍ കമ്മിറ്റി)
അഡ്വ. ഇന്ദുലേഖയുടെ ഇലക്ഷന്‍
പ്രചാരണം-ഒരു വിലയിരുത്തല്‍ : ഷാജു ജോസ് തറപ്പേല്‍ (പ്രചാരണത്തില്‍ ഉടനീളം പങ്കെടുത്ത KCRM നിര്‍വ്വാഹകസമിതിയംഗം)
ഇലക്ഷന്‍ ഫലം - 
സ്ഥാനാര്‍ത്ഥിയുടെ കാഴ്ചപ്പാടില്‍ : അഡ്വ. ഇന്ദുലേഖ

പൂഞ്ഞാറിലെ ജനവിധി : ജോസഫ് വെളിവില്‍ (JCC സംസ്ഥാന പ്രസിഡന്റ്)
-വിലയിരുത്തലുകള്‍ : അഡ്വ. വര്‍ഗ്ഗീസ് പറമ്പില്‍ 
(JCC മുന്‍ സംസ്ഥാന ജന. സെക്രട്ടറി)
: െ്രക.കെ. ജോസ് കണ്ടത്തില്‍ 
(KCRM സംസ്ഥാന ജന. സെക്രട്ടറി)
: റെജി ഞള്ളാനി (KCRM സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറി)
: അഡ്വ. ഡോ. ചെറിയാന്‍ ഗൂഡല്ലൂര്‍
പൊതുചര്‍ച്ച :
കേരളത്തില്‍ ഒരു നവരാഷ്ട്രീയത്തിനു തുടക്കംകുറിക്കുക എന്ന ലക്ഷ്യത്തോടെ, ഒരു KCRM കുടുംബാംഗമായ അഡ്വ. ഇന്ദുലേഖ നടത്തിയ ഇലക്ഷന്‍ ഇടപെടലിനെക്കുറിച്ചു നടത്തുന്ന ഗൗരവപൂര്‍ണ്ണമായ ഈ വിലയിരുത്തല്‍ പരിപാടിയില്‍ സംബന്ധിക്കാനും ഇടപെട്ടു സംസാരിക്കാനും എല്ലാവരെയും ഹാര്‍ദ്ദമായി ക്ഷണിക്കുന്നു.
കെ.കെ. ജോസ് കണ്ടത്തില്‍ (8547573730)
(KCRM സംസ്ഥാന ജന. സെക്രട്ടറി)

No comments:

Post a Comment