Translate

Sunday, August 7, 2016

സിസ്റ്റർ മേരി സെബാസ്റ്റ്യനും മഠത്തിൽ കൊല്ലപ്പെടുമോ?

 
കോട്ടയം ജില്ലയിലെ പാലാ ചേർപ്പുങ്കൽ നസ്രേത്ത് ഭവൻ കോൺവെന്റിലെ സിസ്റ്റർ മേരി സെബാസ്റ്റ്യനാണ് ജീവനു ഭീഷണി നേരിട്ടിരിക്കുന്നത്. മഠത്തിലെ കള്ളത്തരങ്ങൾക്കും അരുതായികകൾക്കുമെതിരെ  പ്രതികരിച്ചതിനും കൂട്ടുനിൽക്കാത്തതിനും താൻ നിരന്തരം മാനസ്സികമായും ശാരിരികമായും പീഡിപ്പിക്കപ്പെടുകയായിരുന്നുവെന്ന് സിസ്റ്റർ പറഞ്ഞു. ഇതു സംബന്ധിച്ച് സിസ്റ്റർ പരാതി നൽകിയിട്ടുണ്ട്. കത്തോലിക്കാ സഭാധികാരികളുടെ ക്രൂരമായ നിലപാടുകളിൽ മാനസ്സികമായി തകർന്നിരിക്കുകയാണ് സിസ്റ്റർ . മേലധികാരികളുടെ ഭീക്ഷണിയെത്തുടർന്ന് മഠത്തിൽനിന്നും വിട്ടുപോകുവാൻ തയ്യാറാണെന്ന് എഴുതിനൽകേണ്ടി വന്നു ഈ പാവത്തിന്. ഈ അവസരത്തിൽ മതിയായ ജീവനാംശം നൽകാമെന്നും ഉറപ്പുലഭിച്ചിരുന്നു. എന്നാൽ ഒരു രൂപ പോലും നൽകാതെ സിസ്റ്ററെ  നടു റോഡിലേയ്ക്ക് ഇറക്കി വിടുകയാണ്. കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് അസോസിയേഷനും . കെ .സി. ആർ. എം -ഉം സിസ്റ്റർക്ക് ശക്തമായ പിൻതുണയുമായി രംഗത്തുവന്ന,് പത്ര, ദൃശ്യ മാധ്യമങ്ങളിലുടെ ഈ സംഭവം പുറത്തറിയിച്ചതിലൂടെ സമുഹ മധ്യത്തിൽ വലിയ ചർച്ചയായിരിക്കുകയാണിത് .കെ. സി. ആർ. എം .നേതാക്കളായ കെ. ജോർജ്ജ് ജോസഫ് ,കെ.കെ .ജോസ,് കണ്ടത്തിൽ സി.വി.സെബാസ്റ്റ്യൻ മ്ലാട്ടുശ്ശേരി തുടങ്ങിയവർ സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്ത് ഇടപെട്ടുവരുന്നു. ഒരു പുരോഹിതന്റെ ലെംഗീക പീഢനത്തിനെതിരെ ചെറുത്തുനിന്നതിന് ആലുവ മഠത്തിലെ ഒരു കന്യാസ്ത്രീയെ പൊരിവെയിലത്ത് നട്ടുച്ചക്ക് നടുറോഡിലിറക്കിവിട്ട സംഭവത്തിൽ ഈ സംഘടനകളും  ശ്രീ. ജോസ് മാവേലിയുമാണ്  സിസ്റ്ററുടെ രക്ഷക്കെത്തിയതും അഭയം നൽകിയതും .ഈ സംഭവത്തിൽ കന്യാസ്ത്രീക്ക് 12 ലക്ഷം നൽകി സഭ തലയൂരുകയായിരുന്നു.  പാലായിലെയും അടുത്തകാലത്ത് വാഗമണ്ണിൽ മരിച്ച സിസ്റ്ററുടേതുമുൾപ്പെടെ 19- കന്യാസ്ത്രീകളാണ് അടുത്തകാലത്ത് ദൂരൂഹ സാഹചര്യത്തിൽ മരിച്ചത്. ഫാ. എഡ്വിൻ ഭിഗെറി, ഫാ. രാജു കൊക്കൻ തുടങ്ങിയ നിരവധി വൈദികർ അടുത്തയിടെ പീഢനക്കേസ്സുകളിൽ പിടിക്കപ്പെടുന്നു. ഇതിനിടയിൽ  മറിയക്കുട്ടിക്കൊലക്കേസിലെ പുരോഹിതനെ വിശുദ്ധനായി  പ്രഖ്യാപിക്കുന്നതിനൊരുങ്ങുകയാണ് സഭ. ശ്രേയയെന്ന പിഞ്ചു കുഞ്ഞിനെ കൊലചെയ്ത സംഭവത്തിൽ പ്രതികൾ രക്ഷപെടുന്നു. പിറവത്ത് ഒരു കന്യാസ്ത്രീയെ മറ്റുകന്യാസ്ത്രീകൾ കത്തിച്ച് കൊലപ്പെടുത്തുവാൻ ശ്രമിച്ചു .ഇങ്ങനെ എണ്ണിയാൽ തീരാത്തവിധം കത്തോലിക്കാ പുരോഹിതർക്കിടയിലും കന്യാസ്ത്രീകൾക്കിടയിലും മഠങ്ങളിലും ഭയാനകവും അതിക്രൂരവുമായ സംഭവങ്ങളാണ് നിത്യവും അരങ്ങേറിക്കൊണ്ടിരിക്കുന്നത്. 
അഭയക്കേസുപോലുള്ള കേസ്സുകളിൽ വിശ്വാസികളുടെ  കോടിക്കണക്കിനു രൂപയാണ് സഭ ചിലവിടുന്നത്. കേരളാ സഭയുടെ ഭാഗമായ ചിക്കാഗോരൂപതയിൽ കഴിഞ്ഞയിടെ പതിനെട്ടുവയസ്സായ പെൺകുട്ടിയെ പീഡിപ്പിച്ചതിന് ഒരു പുരോഹിതന് കോടതി വിധിച്ചത് 30 കോടിയാണെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരുന്നു.  സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്നതും ഭയാനകവും ക്രൂരവും പൈശാചികവുമായ സംഭവങ്ങളും കുറ്റകൃത്യങ്ങളുമാണ് കത്തോലിക്കാ പുരോഹിതർക്കിടയിലും മഠങ്ങളിലും തുടർച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്നത് . വിശ്വാസസമൂഹത്തിനും നാണക്കേടാണ്.  ആത്മീയതയുടെ മറവിൽ നടക്കുന്ന ഇത്തരം ക്രൂരതകൾക്ക് മറപിടിക്കുന്നതിനും സംരക്ഷിക്കുന്നതിനും ഒരുകൂട്ടം ഉദ്യോഗസ്ഥരും രാഷ്ടിയക്കാരും  ചില മാധ്യമങ്ങളും ഉണ്ടെന്നുള്ള സത്യം സമൂഹം തിരിച്ചറിയണം. ഇവരേയും ബഹിഷ്‌കരിക്കുവാൻ സമൂഹംതയ്യാറാവണം. 
ശാരിരികശുദ്ധിയും ആത്മീയശുദ്ധിയുമുള്ള വൈദികരെയും കന്യാസ്ത്രീകളെയും പിൻതുണക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് സമുഹത്തിന്റെയും സംഘടനകളുടെയും കടമയാണ്. സിസ്റ്റർ മേരിയുടെ ജീവൻ സംരക്ഷിക്കുവാനുള്ള പോരാട്ടത്തിൽ നാടൊന്നായി കൈകോർക്കണമെന്ന് അഭ്യർത്ഥിക്കുകയാണ്.

റെജി ഞള്ളാനി 
ദേശീയ ചെയർമാൻ 
കാത്തലിക് പ്രീസ്റ്റ് & എക്‌സ് പ്രീസ്റ്റ് നൺസ് 
അസോസിയെഷൻ
9447105070.

2 comments:

 1. സിസ്റ്റർ മേരി സെബാസ്റ്റ്യന്റെ കഥ മാതൃഭൂമി, കേരളകൗമുദി മുതലായ പ്രധാന പത്രങ്ങളിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിലെ സീറോ മലബാർ സഭ ലോകം മുഴുവൻ നാറ്റക്കഥകൾ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നതും ഖേദകരമാണ്. ഇങ്ങനെയുള്ള പ്രശ്നങ്ങൾ തീർക്കാൻ ബാധ്യപ്പെട്ട ബിഷപ്പുമാരും കർദ്ദിനാള്മാരും എവിടെ പോയി. കർദ്ദിനാൾ ആലഞ്ചേരി ഇപ്പോൾ അമേരിക്കയിലുണ്ട്. എല്ലാ രാജ്യങ്ങളിലും അദ്ദേഹത്തെ സ്വീകരിക്കാൻ ഭക്ത മണ്ടൂസ്സുകൾ ലിമോസിയനുമായി എയർ പോർട്ടിൽ കാത്തിരുന്നുകൊള്ളും. നരേന്ദ്ര മോഡി കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ ബഹിരാകാശി സഞ്ചാരിയാണദ്ദേഹം. കഴുത്തിൽ സ്വർണ്ണ കുരിശുകളും അലംകൃതമായ കുപ്പായങ്ങളും ധരിച്ചു ലോകം മുഴുവൻ കറങ്ങുന്ന സമയത്ത് അദ്ദേഹത്തിന് ഇത്തരം പ്രശ്നങ്ങൾ പരിഹരിച്ചുകൂടെ. കോതമംഗലം ബിഷപ്പിന്റെ മൗനാനുവാദത്തോടെ ശ്രീ ജോസഫ് സാറിനു സംഭവിച്ച ദുരന്ത കഥകൾ ആവർത്തിക്കാതിരിക്കാൻ പാലാ ബിഷപ്പ് ശ്രമിക്കുമെന്ന് വിചാരിക്കുന്നു. സഭയെ നാറിക്കരുതെന്നും പാലാ ബിഷപ്പിനോട് ഒരു അഭ്യര്ഥനയുണ്ട്. ഇത്തരം കുപ്രസിദ്ധ കഥകൾ സഭ താല്പര്യപെടുന്നുവെന്നും അറിയില്ല. കൂദാശകൾ ആവശ്യപ്പെടുമ്പോഴും ശവമടക്കിനും സമയത്താണ് ഇവരുടെ അധികാരം സാധാരണ ഉപയോഗിക്കാറുള്ളത്. മാന്യമായി സിസ്റ്റർ മേരി സെബാസ്റ്റ്യനു കൊടുക്കാനുള്ള നഷ്ടപരിഹാരം കൊടുക്കുമെന്ന് വിചാരിക്കുന്നു. മനുഷ്യത്വം ഈ കന്യാസ്ത്രികളിലും പുരോഹിതരരിലും പൊതുവെ നശിച്ചിരിക്കുകയാണ്.

  ReplyDelete
 2. from facebook Babu KP, Paul Varghese എന്നയാൾക്കും മറ്റ് 7 പേർക്കും ഒപ്പം‍.

  സഭാവസ്ത്രം ഉപേക്ഷിക്കാന്‍ ഒരുങ്ങിയ കന്യാസ്ത്രീക്കെതിരെ മഠം മോഷണക്കേസ് ചുമത്തി.!
  ------------------------
  പാലാ നസ്രേത്ത് ഭവന്‍ കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സെബാസ്റ്റ്യനാണ് പരാതിയുമായി രംഗത്ത് എത്തിയതെന്ന് മാതൃഭൂമി ദിനപത്രം റിപ്പോര്‍ട്ട്.!
  കൊഴുവനാല്‍ സെന്റ് ജോണ്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികകൂടിയായ സിസ്റ്റര്‍ മേരി അപവാദപ്രചാരണവും മാനസികപീഡനവും സഹിക്കാനാവാതെയാണ് സഭാവസ്ത്രം ഉപേക്ഷിക്കാനായി അപേക്ഷ നല്‍കിയത്.!
  ബഹിര്‍വാസത്തിന് അപേക്ഷ നല്‍കിയപ്പോള്‍ മോഷണം ആരോപിച്ച് മഠം പാലാ പോലീസില്‍ കേസുകൊടുത്തതായി സിസ്റ്റര്‍ മേരി പറഞ്ഞു. സഭാവസ്ത്രം ഉപേക്ഷിക്കാന്‍ അനുമതി തേടിയപ്പോള്‍, ബാലികാസദനത്തിലെ കുട്ടികളെ ഉപദ്രവിച്ചെന്നുകാണിച്ച് മഠം അധികാരികള്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കും പരാതി നല്‍കി.!
  സഭാധികാരികളുടെയും സഹവാസികളുടെയും അവഹേളനവും അവഗണനയും പീഡനവും മടുെത്തന്നും കള്ളത്തരങ്ങള്‍ക്കു കൂട്ടുനില്‍ക്കാന്‍ കഴിയില്ലെന്നും സിസ്റ്റര്‍ മേരി വ്യക്തമാക്കി. മാനസികരോഗിയായി ചിത്രീകരിക്കാന്‍ ശ്രമിച്ചതോടെയാണ് കഴിഞ്ഞ ജനുവരി നാലാംതിയതി ബഹിര്‍വാസത്തിന് അപേക്ഷ സമര്‍പ്പിച്ചത്. സഭാവസ്ത്രം ഉപേക്ഷിച്ച് സന്ന്യസ്തജീവിതം നയിക്കാനുള്ള അനുമതിയാണ് ബഹിര്‍വാസം.അതോടെ പാലാ പ്രോവിന്‍ഷ്യല്‍ ഹൗസിലേക്ക് സ്ഥലംമാറ്റം നല്‍കി.
  മാനസികവും ശാരീരികവുമായ പീഡനം തുടരുമെന്നു മനസിലാക്കിയതിനാല്‍ അങ്ങോട്ടു മാറാന്‍ തയ്യാറായില്ല. തുടര്‍ന്നു നടത്തിയ ചര്‍ച്ചകളില്‍ സഭ വിടാന്‍ അപേക്ഷ സമര്‍പ്പിക്കാനും തുടര്‍ജീവിതത്തിനാവശ്യമായ പണം നല്‍കാമെന്നും പ്രൊവിന്‍ഷ്യാളും കൂട്ടരും ഉറപ്പു നല്‍കി. തുടര്‍ന്ന് മെയ് 23ന് സഭയില്‍നിന്നു പുറത്തുപോകാന്‍ അനുവദിക്കണമെന്നു കാണിച്ച് അപേക്ഷ നല്‍കി.
  30 ലക്ഷം രൂപയാണ് സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മഠം അധികാരികളോട് ആവശ്യപ്പെട്ടത്. ശിഷ്ടജീവിതം സുരക്ഷിതമാക്കാനാണ് തുക ആവശ്യപ്പെട്ടത്. തുക നിരാകരിച്ചതോടെ ജീവനാംശം ആവശ്യപ്പെട്ട് മഠം അധികാരികള്‍ക്ക് വക്കീല്‍നോട്ടീസയച്ചു.
  ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍, മഠത്തില്‍ മോഷണം നടത്തിയെന്നാരോപിച്ച് പോലീസ് അന്വേഷിച്ചെത്തി. മഠം അധികാരികളുടെ സാന്നിധ്യത്തില്‍ പാലാ സി.ഐ.യും എസ്.ഐ.യും രണ്ടുമണിക്കൂര്‍ ചോദ്യംചൈയ്തന്നും സിസ്റ്റര്‍ വിശദീകരിച്ചു. സിസ്റ്റര്‍ വാടകയ്‌ക്കെടുത്ത മേവടയിലെ ഫ്‌ളാറ്റിലേക്ക് മഠത്തിലെ സാധനങ്ങള്‍ മാറ്റിയെന്നായിരുന്നു കേസ്.!
  നസ്രത്ത് ഭവന്‍ മഠത്തോടുചേര്‍ന്നുളള ബാലികാഭവനിലെ കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നു കാണിച്ച് സിസ്റ്റര്‍െക്കതിരെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്കു പരാതി നല്‍കി. കമ്മിറ്റിയില്‍നിന്നുളള മൂന്നംഗങ്ങള്‍ ബാലികാഭവനിലെത്തി തെളിവെടുത്തു.വെള്ളിയാഴ്ച ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിമുമ്പാകെ ഹാജരായി സിസ്റ്റര്‍ മേരി സെബാസ്റ്റ്യന്‍ മൊഴി നല്‍കി. ജീവനു ഭീഷണിയുണ്ടെന്നു കാണിച്ച് അവര്‍ വനിതാ കമ്മിഷനിലും മനുഷ്യാവകാശ കമ്മിഷനിലും പരാതി നല്‍കിയിട്ടുണ്ട്..!

  ReplyDelete