Translate

Wednesday, January 25, 2017

ഞാറക്കൽ പ്രശ്നങ്ങളും കന്യാസ്ത്രികളും സിസ്റ്റർ ടീനയുടെ പോരാട്ടങ്ങളും

ജോസഫ് പടന്നമാക്കൽ 

ലോകമെമ്പാടും പ്രത്യേകിച്ച് പരിഷ്കൃത രാജ്യങ്ങളിലും അടിമ സമ്പ്രദായം  അവസാനിച്ചുവെന്നാണ് വെപ്പ്. എന്നാൽ, സീറോ മലബാർ സഭയിൽ അടിമപ്പണിക്കു തുല്യമായി ജോലിചെയ്യുന്ന കർത്താവിന്റെ മണവാട്ടികളിൽ   വലിയൊരു സമൂഹമുണ്ട്. പെണ്മക്കളെ കെട്ടിച്ചുവിടാൻ നിവൃത്തിയില്ലാത്ത പാവപ്പെട്ട കുടുംബങ്ങളിൽനിന്നും വന്നെത്തിയവരാണ് ഇവരിൽ ഭൂരിഭാഗവും. അത്തരം വീടുകളിൽ കന്യാസ്ത്രികളിലെ പ്രമാണിമാർ സന്ദർശിക്കുകയും പാകത വരാത്ത പ്രായത്തിൽ  കൊച്ചുപെൺകുട്ടികളെ മഠത്തിൽ ചേർക്കാൻ ചാക്കിട്ടുപിടിക്കുകയും ചെയ്യും. അറവു ശാലകളിൽ കന്നുകാലികൾ വന്നെത്തുമ്പോലേയാണ് പറക്ക പറ്റാത്ത ഈ കുട്ടികൾ കന്യാസ്ത്രി മഠത്തിലും വന്നെത്തുന്നത്. പുതിയ ആകാശം, പുതിയ ഭൂമി , പുതിയ ലോകം, പിന്നീടവർക്ക് ഒന്ന് കരയാൻ പോലും അവകാശം കാണില്ല. ഏതു നിമിഷവും കഴുത്തിനു കത്തി വരുന്ന നാൽക്കാലി മൃഗങ്ങളെപ്പോലെയാണ് അവരുടെ ജീവിതവും. അനിശ്ചിതത്വത്തിന്റെ വേലിയേറ്റത്തിൽ ഒരു ആയുസു മുഴുവൻ സമർപ്പിക്കാമെന്ന് പ്രതിജ്ഞ ചെയ്യുന്ന അവർക്ക് എപ്പോൾ വേണമെങ്കിലും എന്തും   സംഭവിക്കാം. ഒരിക്കൽ അവരുടെ തടവറയിൽ അകപ്പെട്ടാൽ അവിടെനിന്നു കുരുക്കുകളഴിച്ചു രക്ഷപെടുകയെന്നത് എളുപ്പവുമല്ല. പീഡനങ്ങൾ സഹിക്കവയ്യാതെ മഠം മതിൽക്കെട്ടിനുള്ളിൽനിന്നും രക്ഷപെട്ട   മേരി ചാണ്ടിയുടെയും ജെസ്മിയുടെയും  മേരി സെബാസ്റ്റിൻറെയും, സിസ്റ്റർ അനിറ്റയുടെയും കഥകൾ അതിനുദാഹരണങ്ങളാണ്‌.

സിസ്റ്റർ ജെസ്മിയുടെ പുസ്തകത്തിൽ പുരോഹിതർ അവർക്കു കൊടുത്ത പീഡനങ്ങളെ വിവരിച്ചിട്ടുണ്ട്. പ്രേമാഭ്യർഥനയുമായി വന്ന ഒരു ബിഷപ്പുവരെ അവരെ സമീപിച്ചെന്ന കഥ വായിച്ചപ്പോൾ  സഭ എത്രമാത്രം അധഃപതിച്ചുവെന്നും മനസിലാക്കാം. ഒരിക്കൽ, സിസ്റ്റർ  മേരി ചാണ്ടി   ഒരു പുരോഹിതന്  മഠത്തിലെ തീന്മേശയിൽ പ്രഭാത ഭക്ഷണം വിളമ്പവേ അയാൾ അവരെ ബലാൽസംഗം ചെയ്യാൻ മുറിയിൽ കുറ്റിയിടുകയും മല്പിടുത്തത്തിനിടയിൽ രക്ഷപെടാൻ അവർ  പുരോഹിതന്റെ തലക്കിട്ടു സ്റ്റൂളുകൊണ്ടു അടിക്കുകയും ചെയ്തു. എന്നിട്ടും സഭയും പുരോഹിതരും മറ്റു കന്യാസ്ത്രികളും പീഡിപ്പിച്ചവനൊപ്പമായിരുന്നു. കഴിഞ്ഞ വർഷം സിസ്റ്റർ അനിതയെന്ന യുവ കന്യാസ്ത്രിയെ ഒരു പുരോഹിതൻ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ അവർ സമ്മതിച്ചില്ല. സഭാധികാരികൾ അവരെ ദ്രോഹിക്കാവുന്നതിൽ പരമാവധി ദ്രോഹിച്ചു. ഇറ്റലിയിലെ മഠത്തിലേക്ക് സ്ഥലമാറ്റം കൊടുത്തു. ഒടുവിൽ ഇറ്റാലിയൻ തെരുവിൽ യുവതിയും സുന്ദരിയുമായ ആ കന്യാസ്ത്രിയെ നടുപാതിരായ്ക്ക് ഇറക്കിവിട്ടു. അവർ നാട്ടിലെത്തിയത് ചില മലയാളി സംഘടനകളുടെ സഹായത്തോടെയായിരുന്നു. ഇതെല്ലാം പഴങ്കാല കഥകളല്ല, സഭാമാതാവിന്റെ നെഞ്ചത്തു ചവിട്ടിക്കൊണ്ട് വർത്തമാന കാലത്തിൽ സംഭവിക്കുന്നതും ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നതുമാണ്.

പീഡനങ്ങൾക്ക് സമ്മതിക്കാതെയോ, അധികാരികൾക്ക് വഴങ്ങാതെയോ ഏതെങ്കിലും കന്യാസ്ത്രി പ്രവർത്തിച്ചാൽ പിന്നീടവരെ കൂട്ടത്തോടെ പൈശാചിക സ്വഭാവമുള്ള മറ്റു കന്യാസ്ത്രികൾ അപമാനിക്കാനും മാനസികമായി തകർക്കാനും സ്വയം സഭയിൽനിന്നും പിരിഞ്ഞുപോകാനുള്ള സമ്മർദ്ദങ്ങളും പീഡനങ്ങളും കൊടുക്കാനും ശ്രമിക്കും. അന്ധകാരമായ മുറികളിൽ അടച്ചുപൂട്ടി ഭക്ഷണവും കൊടുക്കാതെ ബാഹ്യ ലോകവുമായുള്ള ബന്ധവും വേർപെടുത്താൻ ശ്രമിക്കും. സാമൂഹിക പ്രവർത്തകരോ, വനിതാ സംഘടനകളോ ഇവരുടെ ദീനരോദനം കേൾക്കില്ല. അടച്ചുപൂട്ടിയ വാതിലിനുള്ളിൽ അവിടെ നടക്കുന്ന സംഭവങ്ങളെന്തെന്നു ഒരിക്കലും പുറം ലോകവുമറിയില്ല. ഭീകരവും ഭീഭത്സവും ജനിപ്പിക്കുന്ന ഇത്തരം കഥകളുമായി ജീവിക്കുന്ന പെൺകുട്ടികൾ ശവക്കല്ലറകളിൽ അടക്കിയതിനു തുല്യമെന്ന് ജനിപ്പിച്ച അവരുടെ മാതാപിതാക്കളും അറിയുന്നില്ല.

അടുത്തയിടെ പത്രങ്ങളിൽക്കൂടിയും സോഷ്യൽ മീഡിയാകൾ വഴിയും 'സിസ്റ്റർ ടീന' യെന്ന   ഒരു വക്കീൽ കന്യാസ്ത്രീയുടെ ഹൃദയാദ്രമായ ജീവിതകഥ വായിക്കാനിടയായി. എറണാകുളം റാണിമാതാ കോൺവെന്റിലെ കർമ്മലീത്താ സഹോദരിയാണവർ. നാൽപ്പതിൽപ്പരം വർഷങ്ങൾ  സഭയ്ക്കും സമൂഹത്തിനും വേണ്ടി സേവനം ചെയ്തിരുന്നു. സഭയ്ക്കുള്ളിൽ നടക്കുന്ന ക്രൂരവും നിന്ദ്യവുമായ അനീതികൾക്കെതിരെ 2015-ൽ ഈ സഹോദരിക്ക് നിയമപരമായിത്തന്നെ പ്രതികരിക്കേണ്ടി വന്നു. അതിൽ കലിപൂണ്ട വൈദികരും സഹകന്യാസ്ത്രികളും അവർക്കെതിരെ ദയനീയമായ പീഡനങ്ങൾ അഴിച്ചുവിട്ടു. അവരെയിന്നു ഏകാന്ത തടവുകാരിയെപ്പോലെ ഭക്ഷണവും കൊടുക്കാതെ സഹകന്യാസ്ത്രികൾ പീഡിപ്പിക്കുന്ന കഥകൾ പുറംലോകം അറിഞ്ഞുകഴിഞ്ഞിരിക്കുന്നു. അതിന്റെ പേരിൽ അവർ ദിവസങ്ങളോളം നിരാഹാര സത്യാഗ്രഹമനുഷ്ടിച്ചതായ വാർത്തകൾ മാധ്യമങ്ങൾ വലിയ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനിടയിൽ നടന്നുപോവുന്ന സമയത്ത്  എതിരെ വന്ന വാഹനം മുട്ടി അവർക്കപകടമുണ്ടായി. അതിൽ മഠത്തിന്റെ പ്രതികാര നടപടികളുടെ ദുരൂഹതയുണ്ടെന്നും പറയുന്നു. ദിവസങ്ങളോളം ഹോസ്പിറ്റലിൽ കിടന്ന ബില്ലിന്റെ പണമടയ്ക്കാൻ തയാറാകാഞ്ഞ മഠത്തിനെതിരെ കേസുകൊടുത്ത് പണം ഈടാക്കേണ്ടി വന്നു. 

1953 ഒക്ടോബർ പതിനാലാം തിയതി ചമ്പക്കരയിൽ പുതുശേരി ജോസഫിന്റെയും ഏലിക്കുട്ടിയുടെയും ഏഴുമക്കളിൽ അഞ്ചാമതായിട്ടാണ് സിസ്റ്റർ ടീന  ജനിച്ചത്.  അവരുടെ മാതാപിതാക്കൾ നൽകിയ പേര്  'മേരി ട്രീസാ'യെന്നായിരുന്നു. മറ്റുള്ള കന്യാസ്ത്രികളിൽനിന്നും വ്യത്യസ്തമായി സാമാന്യം ഭേദപ്പെട്ട ഒരു കുടുംബത്തിലായിരുന്നു അവർ ജനിച്ചത്.കുട്ടിക്കാലം മുതൽ സൊഡാലിറ്റികളിലും പള്ളിപ്രവത്തനങ്ങളിലും അതീവ താല്പര്യമുണ്ടായിരുന്ന അവരുടെ മോഹങ്ങൾ ഒരു കന്യാസ്ത്രിയാകണമെന്നുള്ളതായിരുന്നു. ചെറുപ്പകാലങ്ങളിൽ മനസ്സിൽ ദൈവിക വേലകൾക്കായി പ്രചോദനമുണ്ടാകാൻ കാരണവും വേദപാഠം പഠിപ്പിച്ചിരുന്ന കന്യാസ്ത്രികളും പള്ളിയിലെ പുരോഹിതരുമായിരുന്നു. അവരുടെ ഭാവനയിൽ ലോകത്തിലെ ഏറ്റവും മഹനീയമായ ജീവിതം കർത്താവിന്റെ മണവാട്ടിയായി ഒരു കന്യാസ്ത്രിയാവുകയെന്നായിരുന്നു. സമൂഹത്തിനുവേണ്ടി നന്മയുടെ പാതകളൊരുക്കാൻ, സേവനനിരതയാകാൻ, ഒരു കന്യാസ്ത്രിയാകുന്നത് ഉത്തമമെന്നു അക്കാലങ്ങളിൽ അവർ വിചാരിച്ചിരുന്നു. തീവ്രമായ അവരുടെ ഉറച്ച തീരുമാനത്തിൽനിന്നു മാതാപിതാക്കൾക്കോ ബന്ധുജനങ്ങൾക്കോ സുഹൃത്തുക്കൾക്കോ അവരെ തടയാൻ സാധിക്കില്ലായിരുന്നു. നാലു പതിറ്റാണ്ടോളം സ്തുത്യർഹമായ സേവനമാണ് അവർ സഭയ്ക്കും കന്യാസ്ത്രി മഠത്തിനും സമൂഹത്തിനുമായി കാഴ്ച വെച്ചത്.

പ്രാഥമിക വിദ്യാഭ്യാസം ചമ്പക്കരയിലും അതിനുശേഷം പൊന്നുരുന്നി സെന്റ്. ജോർജ് ഹൈസ്‌കൂളിലുമായിരുന്നു. 1972-ൽ എസ്.എസ്.എൽ.സി. പാസായ ശേഷം മഠത്തിൽ ചേരാൻ തന്നെ തീരുമാനിച്ചു. പക്ഷെ അടുത്ത രണ്ടു വർഷങ്ങൾ അവരുടെ മോഹങ്ങൾ നടന്നില്ല. സ്വന്തം പിതാവിന്റെ ശക്തിയായ എതിർപ്പും കടുംപിടുത്തവുമായിരുന്നു കാരണം. അപ്പന്റെ ഉപദേശമനുസരിച്ച് മുമ്പോട്ട് പഠിക്കാനും ട്രീസാ തയ്യാറായിരുന്നില്ല. മക്കളും മാതാപിതാക്കളുമടങ്ങിയ സന്തുഷ്ടമായ കുടുംബത്തിൽ അവർ കന്യാസ്ത്രിയാകാൻ തീരുമാനമെടുത്തപ്പോൾ മാതാപിതാക്കളും സഹോദരങ്ങളും അസന്തുഷ്ടി പ്രകടിപ്പിച്ചത് അവരെ നിരാശയാക്കിയിരുന്നു. പഠനശേഷം വിവാഹം കഴിപ്പിച്ചു വിടണമെന്നായിരുന്നു അപ്പന്റെ ആഗ്രഹം.

അങ്ങനെ രണ്ടു വർഷം കൂടി കടന്നുപോയി. ഒടുവിൽ മകളുടെ ആഗ്രഹത്തിനു കീഴ്വഴങ്ങി അവരുടെ അപ്പൻ അവരെ മഠത്തിൽ ചേരാൻ സമ്മതിക്കുകയുമുണ്ടായി. ചേരാനുള്ള അപേക്ഷയും അയച്ചു. മഠത്തിൽനിന്നും നോവിഷ്യറ്റിനു ക്ഷണം കിട്ടിയപ്പോൾ ട്രീസായുടെ മൂത്ത സഹോദരൻ കുപിതനായി പൊട്ടിത്തെറിക്കുകയാണുണ്ടായത്. 'നീയുമായി ഒരു ബന്ധവുമില്ലെന്നും നീ മരിച്ചുപോയതായി കരുതുമെന്നും അവരുടെ സഹോദരൻ താക്കീതും കൊടുത്തു. വീട്ടിലെ എതിർപ്പുകളൊന്നും ട്രീസായെ മഠത്തിൽ പോവുന്നതിൽനിന്നു പിൻതിരിപ്പിച്ചില്ല.  തന്റെ സ്വപ്നക്കൂടുകളിൽ നിറഞ്ഞിരുന്ന  അദ്ധ്യാത്മികതയിലെ തിരുവസ്ത്രത്തെ  മാറോടണിയിക്കാൻ അവർ ആവേശഭരിതയായിരുന്നു.

1976 ഡിസംബർ ഏഴാം തിയതി അവർ സിസ്റ്റർ  ടീനയെന്ന പേരിൽ തിരുവസ്ത്രമണിഞ്ഞു.1977 ജനുവരി മൂന്നിന് ആലങ്ങാട്ടുളള മഠത്തിൽ സേവനത്തിനായി അയച്ചു. പിന്നീട് ആ വർഷം കാക്കനാട് കാർമ്മൽ ഹൈസ്‌കൂളിൽ ക്ലർക്കായി ജോലി തുടങ്ങി. ഒരു വർഷം അവിടെ ജോലി ചെയ്ത ശേഷം കുമ്പളം സെന്റ് മേരീസ് നഴ്‌സറിയിൽ പഠിപ്പിക്കാൻ ആരംഭിച്ചു. പിന്നീട് എറണാകുളം സെന്റ് ജോസഫ്സ് സ്‌കൂളിൽ ക്ലർക്കായി സേവനമാരംഭിച്ചു. രണ്ടു വർഷം അവിടെ ജോലി തുടർന്നു. ഉന്നത വിദ്യാഭ്യാസം ചെയ്യണമെന്നുള്ള മോഹം അക്കാലത്തുണ്ടായി. അക്കാര്യം അധികാരികളെ അറിയിക്കുകയും ചെയ്തു. അധികാരികളുടെ സമ്മത പ്രകാരം ഭോപാൽ യൂണിവേഴ്സിറ്റിയിൽ ഇന്റർമീഡിയറ്റിനു ചേർന്ന് പാസ്സായി. പിന്നീട് മദ്രാസിലുള്ള സ്റ്റെല്ലാ മേരിസ് കോളേജിൽനിന്ന് കമ്യൂണിറ്റി ഡവലപ്പ്മെന്റ് ആൻഡ് ചൈൽഡ് വെൽഫെയർ ഡിപ്ലോമാ നേടി. 1894-ൽ ദൈവശാസ്ത്രം പഠനം പൂർത്തികരിച്ചു. ബിരുദങ്ങളും നിയമത്തിൽ ബിരുദാനന്ത ബിരുദങ്ങളും ചുരുങ്ങിയ കാലത്തിനുള്ളിൽ നേടി.

യുവ കന്യാസ്ത്രിയായിരുന്ന കാലങ്ങളിൽ സിസ്റ്റർ ടീന മറ്റുള്ള സഹകന്യാസ്ത്രികളുടെയും മേലധികാരികളുടെയും പ്രിയപ്പെട്ടവളായിരുന്നു. വലിയ പ്രശ്നങ്ങളും അല്ലലുമില്ലാതെ മണവാട്ടിയുടെ പരിമള വേഷത്തിൽ ആശ്രമജീവിതം തുടർന്നുകൊണ്ടിരുന്നു.  മുതിർന്ന കന്യാസ്ത്രികൾ എന്തുപറഞ്ഞാലും ക്ഷമയോടെയും മറുത്തുപറയാതെയും അനുസരിച്ചുകൊണ്ടുമിരുന്നു. സാമ്പത്തികമായി മെച്ചമായ വീട്ടിൽ നിന്നു വന്നതുകൊണ്ടു മറ്റു കന്യാസ്ത്രികളുടെയിടയിൽ അവർക്ക് കൂടുതൽ പരിഗണയും ലഭിച്ചിരുന്നു. അതേ സമയം പാവപ്പെട്ട വീടുകളിൽ നിന്നു വരുന്ന കന്യാസ്ത്രികൾക്ക് അടുക്കളപ്പണി, റബറുവെട്ടു, വസ്ത്രങ്ങൾ കഴുകുക മുതലായ ജോലികളായിരുന്നു നിശ്ചയിച്ചിരുന്നത്. ജോലിയും വരുമാനവുമുള്ള കന്യാസ്ത്രികളും പള്ളി വികാരിയും ആദ്യം തീന്മേശയിൽ ഇരുന്നു ഭക്ഷണം കഴിക്കും. അവർ കഴിക്കുന്ന ഉച്ഛിഷ്ടവും ഭക്ഷിച്ചു ശാന്തമായി മഠം മതിൽക്കൂട്ടിൽ കഴിയുന്നവരാണവർ. സിസ്റ്റർ ടീനയെ സംബന്ധിച്ച് അത്തരം വിവേചനങ്ങളൊന്നും മുതിർന്ന കന്യാസ്ത്രികളിൽനിന്നും ലഭിച്ചിരുന്നില്ല. പഠിക്കാൻ മിടുക്കിയായിരുന്നതു മൂലം മഠം അതിനുള്ള അവസരങ്ങളും കൊടുത്തുകൊണ്ടിരുന്നു.

കേരളത്തിലെ കന്യാസ്ത്രീകളുടെയിടയിൽനിന്നും ആദ്യമായി നിയമ ബിരുദം നേടിയതും അവരായിരുന്നു. 2008 ജനുവരിയിൽ അവർ ജില്ലാകോടതിയിൽ അഭിഭാഷികയായി ജോലി തുടങ്ങി. ഇങ്ങനെയെല്ലാം സഭയുടെ ഇഷ്ടതോഴിയായി സേവനം ചെയ്ത കാലത്താണ് ഞാറക്കൽ സംഭവം ഉണ്ടായതും സിസ്റ്റേഴ്‍സിന് അതിൽ ഇടപെടേണ്ടി വന്നതും.  പള്ളിയ്ക്കും വികാരിക്കും സഭാധികാരികൾക്കുമെതിരെ അവർക്ക് ധീരമായി പോരാടേണ്ടി വന്നു. അന്നുമുതൽ അവർ സഭാധികാരികളുടെ കണ്ണിലെ കരടായി തീരുകയും ചെയ്തു.

സിസ്റ്റർ റ്റീനായുടെ സഹോദരി സിസ്റ്റർ ആനി ജെയിൻസിനെ ഞാറക്കൽ സെന്റ് ജോസഫ്സ് സ്‌കൂളിന്റെ പ്രിൻസിപ്പലായി നിയമിച്ചപ്പോൾ മുതലാണ് മെത്രാനും പള്ളിവികാരിയുമൊത്ത് കന്യാസ്ത്രികൾക്കെതിരെ ശണ്ഠകളാരംഭിച്ചത്. ഞാറക്കൽ പള്ളിയും ലിറ്റിൽ ഫ്ലവർ സ്‌കൂളും തമ്മിൽ ഉടമസ്ഥാവകാശം സംബന്ധിച്ച് തർക്കങ്ങൾക്കു തുടക്കമിട്ടു. ഈ രണ്ടു സ്‌കൂളുകളും അടുത്തടുത്തായിരുന്നു നിലകൊണ്ടിരുന്നത്. അക്കാലത്താണ് അരമനയിൽ നിന്ന് ബിഷപ്പിന്റെ ഒരു കത്തു ലഭിച്ചത്. ഞാറയ്ക്കൽ സെന്റ് ജോസഫ്സ് സ്‌കൂളും അതിനോടനുബന്ധിച്ചുള്ള മഠവും അവിടെനിന്നു മാറ്റണമെന്നും ലിറ്റിൽ ഫ്ലവർ ഇംഗ്ളീഷ് സ്‌കൂളിന്റെ പ്രവർത്തനത്തിന് മഠം വക സെന്റ്. ജോസഫ്സ് സ്‌കൂൾ തടസം വരുന്നുവെന്നുമായിരുന്നു കത്തിന്റെ ഉള്ളടക്കവും.

കള്ള പ്രമാണങ്ങൾ ചമച്ചു പള്ളിയധികാരികൾ കന്യാസ്ത്രി മഠവും സ്‌കൂളും വളരെ വർഷങ്ങൾക്കു മുമ്പ് കൈവശപ്പെടുത്തിയ വിവരം ബിഷപ്പിന്റെ കത്തു കിട്ടിയപ്പോഴാണ് കന്യാസ്ത്രികൾ അറിയുന്നത്.  അത് അവരെ സംബന്ധിച്ച് ഒരു കോളിളക്കം തന്നെയുണ്ടാക്കിയിരുന്നു. നാല്പതുകളിൽ കന്യാസ്ത്രികൾ പിടിയരി മേടിച്ചും യാചിച്ചും സമാഹരിച്ച പണംകൊണ്ട് സ്ഥാപിച്ച മഠവും സ്വത്തുക്കളുമായിരുന്നു   അത്. കാര്യങ്ങൾ ബോധിപ്പിക്കാൻ കന്യാസ്ത്രികൾ ബിഷപ്പ് ചാക്യത്തിനെ കണ്ടെങ്കിലും ബിഷപ്പും അരമനയും പുരോഹിതരും കന്യാസ്ത്രികൾക്കെതിരായിരുന്നു. കന്യാസ്ത്രികൾ പള്ളിയുടെ ഗൂഢതന്ത്രങ്ങൾ അംഗീകരിക്കാതെ വന്നപ്പോൾ അധികാരസ്ഥാനങ്ങളിൽ നിന്ന് ഭീഷണികളും വരാൻ തുടങ്ങി.

1923-ലാണ് ഞാറക്കൽ പള്ളി സ്ഥാപിച്ചത്. അതിനോടനുബന്ധിച്ചു പള്ളിവക സെന്റ് മേരിസ് സ്‌കൂളുമുണ്ടായിരുന്നു. ഇടവക വികാരി സ്‌കൂളിന്റെ മാനേജരുമായിരുന്നു. പള്ളിയ്ക്ക് തെക്കു പടിഞ്ഞാറായി അര കിലോമീറ്ററകലെ 1926-ൽ മഠം സ്ഥാപിക്കാനായി കർമ്മലീത്താ കന്യാസ്ത്രികൾ സ്ഥലം മേടിച്ചു. 1939-ൽ അതിനോടനുബന്ധിച്ചു കോൺവെന്റും പണി കഴിപ്പിച്ചു.1944-ൽ ഇടവക ജനങ്ങളുടെ താല്പര്യം അനുസരിച്ചു കോൺവെൻറ് പുതുക്കി പണിയുകയും  കെട്ടിടങ്ങൾ നവീകരിക്കുകയും ചെയ്തു. 1945-ൽ ലിറ്റിൽ ഫ്ലവർ സ്‌കൂൾ ആരംഭിച്ചു. 1945 മുതൽ ഇടവക വികാരിയെ സ്‌കൂളിന്റെ മാനേജരായി തീരുമാനിക്കുകയും ചെയ്തു. അത് മദർ സുപ്പീരിയറിന്റെ   പുരോഹിതരോടുള്ള വിശ്വാസത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. 2001-ൽ കോൺവെന്റിന്റ മേൽനോട്ടത്തിൽ സെന്റ് ജോസഫ്'സ് സി.ബി.എസ്‌.സി. സിലബസ്സിൽ സ്‌കൂളും ആരംഭിച്ചു.

മെത്രാന്റെയും പുരോഹിതരുടെയും അവകാശവാദങ്ങൾ കന്യാസ്ത്രികൾ നിരസിക്കുകയും വിദ്യാഭ്യാസ ഡിപ്പാർട്മെന്റിന് ഒരു പരാതി അയക്കുകയും ചെയ്തു. ഞാറക്കൽ, മൂന്നേക്കർ സ്ഥലത്ത് കന്യാസ്ത്രികൾ രണ്ടു സ്‌കൂളുകളും ദരിദ്രർക്കുള്ള ഒരു ഭവനവും നടത്തുന്നുണ്ടായിരുന്നു. 1930 മുതൽ അവിടെ വന്നും പോയും കൊണ്ടിരുന്ന പുരോഹിതർ സ്‌കൂളിന്റെ പ്രവർത്തനത്തിനായി സഹായിക്കുന്നുണ്ടായിരുന്നു. കീഴ്വഴക്കപ്രകാരം സ്‌കൂളിലെ മാനേജർമാരെല്ലാം പുരോഹിതരായിരുന്നു. അവർ കുട്ടികളിൽനിന്നു സ്‌കൂളിൽ പ്രവേശനത്തിനായും അദ്ധ്യാപക നിയമനത്തിനും കോഴ മേടിച്ചുകൊണ്ടിരുന്നു. അപ്പോഴെല്ലാം കന്യാസ്ത്രികൾ നിശ്ശബ്ദരായിരുന്നു. നൂറു ലക്ഷം രൂപയെങ്കിലും സമ്പാദിച്ചിട്ടുണ്ടെന്നാണ് കണക്ക്. അദ്ധ്യാപക നിയമനത്തിന് കന്യാസ്ത്രികളിൽ നിന്നും കോഴപ്പണം മേടിക്കാൻ സാധിക്കാത്തതുകൊണ്ടു അവരെ നിയമിക്കില്ലായിരുന്നു. ആദ്യകാലങ്ങളിൽ സ്‌കൂളിൽ അദ്ധ്യാപികകളായി 36 കന്യാസ്ത്രികളുണ്ടായിരുന്ന സ്ഥാനത്ത് അവരുടെ എണ്ണം ആറായി കുറഞ്ഞിരുന്നു.

കാനൻ നിയമവും കത്തോലിക്ക സഭയും പറയുന്നത് ധർമ്മം സ്വീകരിച്ച ഒരു കത്തോലിക്കാ വിശ്വസിയ്ക്ക്  സഭയ്‌ക്കെതിരെ യാതൊരു കാരണവശാലും കേസുകൊടുക്കാൻ അവകാശമില്ലെന്നാണ്. എന്നാൽ എറണാകുളത്തെ ഞാറയ്ക്കലുള്ള ചെറുപുഷ്പം മഠത്തിലെ സിസ്റ്റർ ടീനയുടെ നേതൃത്വത്തിലുള്ള ആറു ധീരകളായ   കന്യാസ്ത്രീകൾ കാനൻ നിയമങ്ങളുടെ പാരമ്പര്യം തെറ്റാണെന്നു തെളിയിച്ചു കൊണ്ട് സഭയ്‌ക്കെതിരെ കേസുകളുമായി മുമ്പോട്ട് പോവുകയാണുണ്ടായത്. സാധാരണ ഗതിയിൽ കേസുകൾ വരുമ്പോൾ സഭാസംബന്ധമായ വിഷയങ്ങൾ പുരോഹതരാണ്‌ കൈകാര്യം ചെയ്യുന്നത്. അത്തരം കാര്യങ്ങൾക്കു തീർപ്പു കല്പിക്കാനും പ്രശ്നങ്ങൾക്കു പരിഹാരം കാണാനും പ്രത്യേക അപേക്ഷാ പേപ്പറിൽ  പൂരിപ്പിച്ചപേക്ഷിക്കേണ്ടതായുണ്ട്. സഭാധികാരികളെ മാനിക്കണമെന്നും അവർ പറയുന്നത് ശ്രദ്ധിക്കണമെന്നും അനുസരണ ശീലം വേണമെന്നും വ്രതവാഗ്ദാനത്തിന്റെ ഭാഗങ്ങളായുള്ളതാണ്.

കന്യാസ്ത്രികൾ കൊടുത്ത പരാതിയിന്മേൽ വിദ്യാഭ്യാസ ഡിപ്പാർമെൻറ് മെത്രാനും വികാരിയ്ക്കുമെതിരെ തീരുമാനമെടുക്കുകയും സ്‌കൂൾ കന്യാസ്ത്രീകളുടെ നിയന്ത്രണത്തിൽ കൊടുക്കുകയും ചെയ്തു. ഈ പ്രശ്നത്തിൽ മെത്രാനും പള്ളിവികാരിക്കും കന്യാസ്ത്രികളോട് അടങ്ങാത്ത കോപവും പ്രതികാരവുമുണ്ടായി.  തുടർന്ന് പുരോഹിതൻ തെരുവ് പോക്രികളെ കൊണ്ട് കന്യാസ്ത്രീകളെ ശല്യപ്പെടുത്താനും എല്ലാ വിധ പീഡനങ്ങളും കൊടുക്കാൻ തുടങ്ങി. കന്യാസ്ത്രികളോട് പള്ളിയിൽ വരാൻ പാടില്ലാന്നു കൽപ്പിച്ചു. അവിടെയങ്ങനെ പുരോഹിത നേതൃത്വത്തിൽ അശാന്തി സൃഷ്ടിച്ചുകൊണ്ടിരുന്നു. ഒരിക്കൽ കന്യാസ്ത്രീകളെ നൂറു കണക്കിനുള്ള പുരോഹിത ഗുണ്ടാകൾ വഴിയിൽ തടഞ്ഞു നിർത്തി.  ഗുണ്ടകൾ നിത്യം പീഡിപ്പിക്കലും അസഭ്യ വാക്കുകൾ പറയുകയും പതിവായി തീർന്നു. സിസ്റ്റേഴ്‍സിന് കൂടുതൽ സഹിക്കാൻ സാധിക്കില്ലായിരുന്നു. അവർ സ്‌കൂളിന്റെ നിയന്ത്രണത്തിനായി പള്ളിയ്‌ക്കെതിരെ കേസ് കൊടുത്തു. കീഴ്‌ക്കോടതി അവർക്കനുകൂലമായി വിധിച്ചു.

അഴിമതികൊണ്ടു കൊഴുത്ത പുരോഹിതനെ മാറ്റാനുള്ള ശ്രമങ്ങളുമുണ്ടായി. സ്‌കൂൾ മാനേജർ സ്ഥാനത്തുനിന്ന് പള്ളിവികാരിയെ മാറ്റണമെന്ന പേപ്പറുകൾ തയാറാക്കിയത് അന്ന് പ്രിൻസിപ്പാളായിരുന്ന സിസ്റ്റർ ആനി ജെയിൻസിയായിരുന്നു.  വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം സമർപ്പിച്ചുകൊണ്ട് സ്‌കൂൾ നിയമപരമായി അവർ മഠത്തിന്റെ കീഴിലാക്കി. മാനേജരെ മാറ്റാനുള്ള ഓർഡർ സമ്പാദിച്ചതും അതിനായി പ്രയത്നിച്ചതും  സിസ്റ്റർ ടീനയായിരുന്നു. ഇക്കാര്യത്തിൽ പള്ളിവികാരി കലിപൂണ്ടുകൊണ്ട് പ്രതികാരങ്ങളും ആരംഭിച്ചു.

സഭയും സ്ഥാപനവും രമ്യതയിലാക്കി സമാധാനം സ്ഥാപിക്കാൻ ശ്രമിച്ച മദർ ജനറലിനെ വികാരിയും കിങ്കരന്മാരും പള്ളിയ്ക്കകത്തു ഒരിക്കൽ പൂട്ടിയിട്ടു. ജീവനു ഭീഷണി നൽകി മഠം വക സ്വത്തുക്കളെല്ലാം പള്ളിയ്ക്കു നൽകിക്കൊണ്ട് ബലമായി പ്രമാണങ്ങളിൽ ഒപ്പുവെപ്പിച്ചു. പിറ്റേ ദിവസം ആ പ്രമാണം നിയമപരമായി സിസ്റ്റർ ടീന ഇടപെട്ടു റദ്ദാക്കുകയും ചെയ്തു. അതിൽ പ്രതികാരം മൂത്തു പള്ളി വികാരിയുടെ ഗുണ്ടകൾ മാരകായുധങ്ങളുമായി വന്നു കന്യാസ്ത്രീകളെ ആക്രമിച്ചു. സിസ്റ്റർ റെയ്സിയെന്ന ഒരു കന്യാസ്ത്രിയെയും മറ്റൊരു അന്തേവാസിയായ മറിയക്കുട്ടിയെയും മാരകമായി മുറിവേൽപ്പിച്ചു. സിസ്റ്റർ ടീന  മുറിവേറ്റു കിടക്കുന്ന റെയ്‌സിയെ ഹോസ്പിറ്റലിൽ ചെന്നു കണ്ടു. ഗുണ്ടായിസത്തിൽ പ്രതികരിച്ചുകൊണ്ട് സിസ്റ്റർ ടീന  അച്ചന്മാർക്കും സഭാധികാരികൾക്കും എതിരെ കേസ് കൊടുപ്പിച്ചു.

വൈദിക പ്രമാണികളടങ്ങിയ ഒരു സംഘം ഗുണ്ടകൾ ഞാറക്കലുള്ള ലിറ്റിൽ ഫ്ലവർ കോൺവെന്റിൽ കയ്യേറിയ സംഭവം സാസ്‌കാരിക കേരളത്തിനും കേരള ക്രിസ്ത്യൻ സമുദായത്തിനും അപമാനകരമായിരുന്നു.  അതുമൂലം മെത്രാനെയും മൂന്നു വൈദികരെയും പ്രതികളാക്കിക്കൊണ്ടായിരുന്നു കന്യാസ്ത്രികൾ അന്ന് കേസ് ഫയൽ ചെയ്തത്.മർദ്ദനമേറ്റ സിസ്റ്റർ റോസി റെയിന്റെ പരാതിയിൽ അങ്കമാലി സഹായ മെത്രാൻ തോമസ് ചക്കിയത്തിനെയും പ്രതി ചേർത്തിരുന്നു. ബിഷപ്പിന്റെ സമ്മതത്തോടെയാണ് ഈ അക്രമം ഉണ്ടായതെന്ന് അവർ വിശ്വസിച്ചിരുന്നു.  രമ്യമായി പരിഹരിക്കാവുന്ന ഈ പ്രശ്‍നം ഇത്രയും വഷളാക്കിയത് മെത്രാനും പുരോഹിതരുമാണ്. തങ്ങളുടെ അധികാര പരിധിയിൽ ചൊൽപ്പടിക്ക് നിൽക്കണമെന്നാണ് ഓരോ മെത്രാനും കരുതിയിരിക്കുന്നത്. പണത്തിന്റെ ദുരാഗ്രഹവും  മെത്രാന്റെ തലയ്ക്ക് മത്തു പിടിപ്പിച്ചിരുന്നു.

കാലക്രമേണ ബിഷപ്പും പുരോഹിതരും സഭയിലുണ്ടായിരുന്ന മറ്റു കന്യാസ്ത്രികളെ  അവരുടെ നിയന്ത്രണത്തിലാക്കി.  ഞാറക്കൽ പ്രശ്നങ്ങൾക്കു കാരണം സിസ്റ്റർ ടീനയെന്നു പറഞ്ഞു കന്യാസ്ത്രികൾ അവർക്കെതിരായി പ്രവർത്തിക്കാനും തുടങ്ങി. നീണ്ട വർഷങ്ങളോളം താൻ ആത്മാർഥമായി പ്രവർത്തിച്ച മഠവും അവിടുത്തെ അധികാരികളും അവർക്കെതിരായി ഗൂഢാലോചനകളും  പ്രവർത്തനങ്ങളും  തുടങ്ങിയപ്പോൾ അവരുടെ മനസു തകർന്നിരുന്നു. ഒത്തൊരുമിച്ചു പ്രവർത്തിച്ചവരെല്ലാം അവരുടെ ശത്രുപാളയങ്ങളിലാണ്. അതിനു പിന്നിൽ ബിഷപ്പ് ചാക്യയത്തിന്റെ കറുത്ത കൈകളുമുണ്ട്.

കന്യാസ്ത്രി മഠത്തിൽനിന്നു സിസ്റ്റർ ടീനയെ പുറത്താക്കാൻ സർവ്വവിധ ശത്രുനയങ്ങളും അവരോടൊപ്പമുളള മറ്റു കന്യാസ്ത്രികൾ അനുവർത്തിച്ചു വരുന്നു. സന്യാസിനി രജിസ്ട്രാറിലെ അവരുടെ പേര് നീക്കം ചെയ്തു. അവരോടു ആരും സംസാരിക്കാൻ പാടില്ലാന്നും അധികാരികൾ നിയമമുണ്ടാക്കി. സംസാരിക്കുന്നവരെ സ്ഥലം മാറ്റി നടപടികളുമെടുക്കുന്നു. വിശന്നാൽ ഭക്ഷണം കൊടുക്കാതെ പഞ്ഞം കെടത്തും. ചെരുപ്പുകളും സോപ്പുകൾ വാങ്ങിക്കുന്നതിനുപോലുമുള്ള അലവൻസുകൾ മഠം നിർത്തൽ ചെയ്തു. അടുക്കളയിൽ ചെന്ന് ഭക്ഷിക്കാൻ ചെന്നാലും അടുക്കളയുടെ ചുമതലയുള്ളവർ നിരസിക്കും. വക്കീൽ പണിയ്ക്ക് കിട്ടുന്ന നിസാര തുകകൾ കൊണ്ട് കഷ്ടിച്ച് ജീവിക്കുന്നു.ബന്ധുജനങ്ങൾ ചെന്നാൽ, കന്യാസ്ത്രികൾ കാണാൻ അനുവദിക്കുകയോ പുറത്തു വരുകയോ ഇല്ല.   കുർബാന സമയം മറ്റുള്ള കന്യാസ്ത്രികൾക്ക് കസേര കൊടുക്കുമ്പോൾ അവർക്കു മാത്രം കൊടുക്കില്ല. മഠത്തിന്റെ പരിസരത്ത് ഒരു ചെടി നട്ടാൽ അത് മറ്റുള്ള കന്യാസ്ത്രികൾ പറിച്ചുകളയും. സ്നേഹിക്കാൻ പഠിപ്പിച്ച സ്നേഹസ്വരൂപനായ യേശുവിന്റെ സ്ഥാനത്തു ക്രൂരതയുടെ പിശാചുക്കളായ സഹ കന്യാസ്ത്രീകളാണ് അവിടെ ഭരണം നടത്തുന്നത്. മനുഷ്യത്വം മരവിച്ചുപോയ തലമുണ്ടും കുപ്പായവുമണിഞ്ഞ രാക്ഷസി സമൂഹങ്ങളുടെ കൈകളിലാണ് ഇന്നവിടെ  അധികാരത്തിന്റെ താക്കോൽ സൂക്ഷിച്ചിരിക്കുന്നത്.

ബിഷപ്പുമാർക്കും പുരോഹിതർക്കും സ്‌കൂളും പരിസരങ്ങളും പള്ളിയ്ക്ക് വിട്ടുകൊടുക്കണമെന്നുള്ള ഒരു ആവശ്യമേയുണ്ടായിരുന്നുള്ളൂ. സിസ്റ്റർ ടീന ഇത് നിരസിക്കുകയും ചെയ്തു. ബിഷപ്പുമാരുടെയും പുരോഹിതരുടെയും തോന്ന്യാസങ്ങൾക്ക് കൂട്ടു നിൽകാഞ്ഞതായിരുന്നു അവർ ചെയ്ത തെറ്റ്. അതിനവർ വലിയ വില കൊടുക്കേണ്ടി വന്നു. സഭയിൽനിന്ന് പുറത്താക്കാനുള്ള സകല തന്ത്രങ്ങളും കന്യാസ്ത്രികൾ മെനയുന്നുണ്ടെങ്കിലും കാനോൻ നിയമം അനുസരിച്ചു അവരുടെ സമ്മതമുണ്ടെങ്കിലേ അതിനു സാധിക്കുള്ളൂ. പുറത്തുപോകാൻ സകലവിധ സമ്മർദങ്ങളും അവരുടെമേലുണ്ട്. ഒരിക്കൽ തിരുവസ്ത്രമണിഞ്ഞുകൊണ്ടു സഭയ്ക്കായി സേവനം ഉഴിഞ്ഞുവെച്ച അവർ ഇനി പുറകോട്ടില്ലെന്നുള്ള തീരുമാനത്തിലാണ്. ചിലപ്പോഴെല്ലാം മനസുപതറിയപ്പോൾ സ്വന്തം തീരുമാനത്തിന് മാറ്റം വരുത്താനും തോന്നിയിട്ടുണ്ട്.

കേരളസഭയിൽ രണ്ടു കർദ്ദിനാൾമാരുണ്ട്. മുത്തുക്കുടകളുടെ കീഴിൽ കുഞ്ഞാടുകളുടെ നടുവിൽക്കൂടി നടക്കുന്ന ഭാഗ്യവാന്മാരായവർക്ക് വേദനിക്കുന്നവരുടെ കണ്ണുനീരിന്റെ കഥകൾ അറിയേണ്ട ആവശ്യമില്ല.
ഏതെങ്കിലും മാനുഷ്യക പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നേതൃത്വം കൊടുത്തതായും അറിവില്ല. അങ്ങനെയിരിക്കുമ്പോൾ ചില മണ്ടൻ പ്രസ്താവനകളുമായി ഇടയലേഖനങ്ങളും ഇറക്കും. 'സോഷ്യൽ മീഡിയാവഴി ദൈവവിളി കുറയുന്നു, കൂടുതൽ കുഞ്ഞുങ്ങളെ ഉത്ഭാദിപ്പിക്കാൻ കുടുംബങ്ങൾ ശ്രമിക്കണം, വിവാഹം പുരുഷനും സ്ത്രീയും ഇരുപത്തിമൂന്നു വയസ്സിനുള്ളിൽ കഴിക്കണം....'എന്നിങ്ങനെ പ്രസ്താവനകളുമായി വിശ്വാസി ലോകത്തെ ചിന്താകുഴപ്പത്തിലാക്കുകയും ചെയ്യും. ഇവരുടെ പഞ്ചാര വാക്കുകൾ ശ്രവിച്ചു മഠത്തിൽ വന്നെത്തുന്ന സഹോദരിമാരുടെ കരളലിയിക്കുന്ന കഥകൾ ശ്രവിക്കാൻ, അതിനു പരിഹാരങ്ങൾ കാണാൻ ഒരു അഭിഷിക്തനും മുമ്പോട്ട് വരില്ല. മനുഷ്യത്വത്തെ സ്നേഹിക്കാതെ സ്ത്രീത്വത്തെ ചവുട്ടി മെതിക്കുന്ന പാരമ്പര്യമാണ് സഭയുടെ ചരിത്രത്തിലുടനീളമുള്ളത്. സഹനത്തിൽക്കൂടി, അനുസരണയിൽക്കൂടി, പാവം കന്യാസ്ത്രീകളെ അടിച്ചമർത്തി കൊല്ലാകൊല ചെയ്തശേഷം മരിച്ചുകഴിയുമ്പോൾ അവരെ വിശുദ്ധരാക്കി പണം വാരാനുള്ള തന്ത്രങ്ങളും സഭ മെനഞ്ഞെടുക്കും.

ഞാറക്കൽ സിസ്റ്റേഴ്‌സിന്റെ ദുരവസ്ഥയ്ക്കും പരാജയത്തിനും കാരണം കൂടെ നിന്നവർ കാലുമാറുകയും അവരെ നയിച്ചവർ ചതിക്കുകയും ചെയ്തതുകൊണ്ടായിരുന്നു. സിസ്റ്റേഴ്‍സിന് എല്ലാവിധ പിന്തുണകളും നൽകി നേതൃത്വം നല്കിക്കൊണ്ടിരുന്ന  'സിസ്റ്റർ വിമല പോൾ' പെട്ടെന്ന് കാലു മാറി ബിഷപ്പിനൊപ്പം ചേർന്നത്  ഐക്യം തകരാൻ കാരണമായി.  പിന്നീടുള്ള കഥകളിൽ സമരത്തിൽ പങ്കെടുത്തവർക്ക്  അധികാരികളുടെ നിന്ദകളും പീഡനങ്ങളും ഏൽക്കേണ്ടി വന്നു. കുതികാൽ വെട്ടുമൂലം സിസ്റ്റർ ടീന ഉൾപ്പടെയുള്ളവർ സത്യത്തിന്റെ ബലിയാടുകളുമായി.

സിസ്റ്റർ ടീന, സ്വന്തം മഠത്തിനോടുള്ള അഗാധമായ സ്നേഹവും വിശ്വാസവും മൂലം   ധർമ്മത്തിനായി പൊരുതി. അഴിമതികളെയും അനീതികളെയും അംഗീകരിക്കാൻ  ടീനയ്ക്കു സാധിച്ചില്ല. അവർക്കു കിട്ടിയ പ്രതിഫലം പീഡനവും മഠത്തിൽനിന്നു പുറത്താക്കുമെന്ന ഭീഷണികളുമായിരുന്നു. ധീരതയോടെ എല്ലാ സഹനങ്ങളും താൻ വിശ്വസിക്കുന്നതായ  ദൈവത്തിൽ സമർപ്പിച്ചു. ഞാറക്കൽ കന്യാസ്ത്രീകളുടെ പ്രവർത്തികൾ വ്രതവാഗ്ദാനത്തിലെ അനുസരണക്കേടെങ്കിൽ അതേ കുറ്റങ്ങൾ തന്നെ ക്രിസ്തുവിലും പഴിചാരാൻ സാധിക്കും. അനുസരണക്കേടെന്ന പേരിൽ ശിക്ഷിക്കാൻ പുറപ്പെടുന്ന പൈശാചിക സ്ത്രീകൾ ഇന്ന് ഞാറയ്ക്കൽ മഠം കൈവശപ്പെടുത്തി കഴിഞ്ഞു. മതം പഠിപ്പിക്കുന്നത് ദൈവത്തിൽ വിശ്വാസം അർപ്പിക്കാനാണ്. തിന്മയുടെ കാവൽക്കാരായി പിശാചുക്കളെ വന്ദിക്കാൻ യേശു പഠിപ്പിച്ചിട്ടില്ല.  ആദ്ധ്യാത്മികതയുടെ വഴി തെരഞ്ഞെടുത്ത ഗാന്ധിജിയും സത്യത്തിനു നിരക്കാത്ത പൊതു നിയമങ്ങളെ ലംഘിച്ചിരുന്നു. അധർമ്മത്തെ വെല്ലുവിളിച്ചുകൊണ്ട് സത്യം നിലനിർത്താൻ സിസ്റ്റർ ടീനയും അതേ വഴിയേ തന്നെ പൊരുതി. സഭയ്ക്ക് ഈ സഹോദരിയുടെ പോരാട്ടം സ്വീകാര്യമല്ലെങ്കിലും അവർ സമൂഹ മനസാക്ഷിയുടെ കാവൽക്കാരിയായി മാറിക്കഴിഞ്ഞു. അനീതിയും അധർമ്മവും നിലനിൽക്കുന്നിടത്തു ത്യാഗത്തിന്റെ വില മനസിലാവില്ല. സത്യത്തെയും ധർമ്മത്തെയും വിലയിരുത്തുന്നവരുടെ മനഃസാക്ഷിയിൽ സിസ്റ്റർ ടീന  നിത്യവും ഒരു നിഴലുപോലെ കാണും.

Cover Page: EMalayalee

3 comments:

  1. dr skylark
    2017-01-27 08:22:24
    EMalayalee
    ശ്രി ജോസഫ് പടന്നമാക്കൽ എഴുതുന്ന ലേഖനങ്ങൾ എല്ലാം ഞാൻ വളരെ താല്പര്യത്തോടെ വായിക്കാറുണ്ട്. ഞാൻ അദ്ദേഹത്തിന്റെ ഒരു ഫാൻ ആണെന്ന് വേണമെങ്കിൽ പറയാം. അദ്ദേഹം മുൻപു St Francis Xavier നെ കുറിച്ചെഴുതിയ ലേഖനം മറ്റു പലരെയും പോലെ ഞാനും എതിർത്തിരുന്നു. ആ ലേഖനം പിന്നീട് അപ്രത്യക്ഷമായി എന്നാണ് അറിയാൻ കഴിഞ്ഞത്. ഇനി കാര്യത്തിലേക്കു കടക്കാം.

    ഇതിൽ ബിഷപ് ചാക്യത്തിനെ പറ്റി പറയുന്ന കാര്യങ്ങൾ എനിക്ക് ഗ്രഹിക്കാൻ ബുദ്ധിമുട്ടുണ്ട്. അദ്ദേഹം പണത്തിനു വേണ്ടി നില കൊണ്ടു എന്ന കാര്യം. അദ്ദേഹത്തെ എനിക്ക് പരിചയം ഇല്ല. എങ്കിലും ഞാൻ ഒരിക്കൽ അദ്ദേഹത്തെ എന്റെ ഒരു personal കാര്യത്തിന് സമീപിച്ചപ്പോൾ അദ്ദേഹം വളരെ അൽമാർത്ഥമായി സഹായിച്ചു. പണം കൊടുക്കാൻ ഞാൻ തയാറായെങ്കിലും അദേഹം ആ രീതിയിൽ ഒരു സൂചന പോലും തന്നില്ല. ഇപ്പോൾ റിട്ടയർ ചെയ്തു വിശ്രമ ജീവിതം നയിക്കുന്ന അദ്ദേഹത്തെ പറ്റി മറ്റു പലരിൽ നിന്നും കേട്ട അനുഭവങ്ങളും എന്റെ വ്യക്തിപരമായ അഭിപ്രായവും അദ്ദേഹം പണത്തിനു വേണ്ടി പ്രവർത്തിക്കുന്ന ആളല്ല എന്നാണ്. ബിഷപ് എന്ന രീതിയിൽ ഉള്ള യാതൊരു ആഡംബരവും ഇല്ലാതെ ജീവിച്ച അദ്ദേഹത്തെ പറ്റി താങ്കൾ പറയുന്ന കാര്യങ്ങൾ എനിക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് . അദ്ദേഹം ഇതിൽ എന്ത് നിലപാട് എടുത്താലും ആ നിലപാടാണ് ശെരിയെന്നു എനിക്ക് തോന്നുന്നു. ഒരു ബിഷപ് ആയി ജോലി ചെയ്യുമ്പോൾ സഭയുടെ മൊത്തം താല്പര്യങ്ങൾ അദ്ദേഹം സംരക്ഷിക്കേണ്ടെ? അല്ലാതെ ഒരാളുടെ ego ആണോ അദ്ദേഹം സംരക്ഷിക്കേണ്ടത്?

    പിന്നെ ഇതിൽ പറയുന്ന കന്യാസ്ത്രീയുടെ കാര്യം. അവർ കന്യാസ്ത്രീ അല്ല സാധാരണ ഒരു വ്യക്തി ആണ്, ഇതിൽ പറയുന്ന സ്ഥലം അവരുടെ വ്യക്തിപരമായ സ്ഥലം ആണ് എങ്കിൽ താങ്കൾ പറയുന്നതിൽ സ്വല്പം കാര്യം കണ്ടേക്കാം. പക്ഷെ അവർ സ്വന്തം ഇഷ്ടം അനുസരിച്ചു self വെടിഞ്ഞു അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വൃതങ്ങൾ ദൈവ തിരുമുൻപിൽ എടുത്തിട്ട് ആ വൃതങ്ങൾക്കു എതിരായി പ്രവർത്തിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിൽ ആണ്? വൃതം എടുക്കുന്നത് ശെരിയോ തെറ്റോ എന്നതല്ല ഇവിടെ ഇപ്പോൾ പ്രതിപാദിക്കുന്നത്. വൃതത്തിന് അനുസരിച്ചു ജീവിച്ചോ ഇല്ലയോ എന്നതാണ്. law പഠിച്ച അവർക്കും ഇതെഴുതിയ ആൾക്കും അതിന്റെ ഗൗരവം മനസിലാകും. ഞാറക്കൽ പ്രശ്നത്തിൽ ആ കന്യാസ്ത്രീക്കു യാതൊരു നേട്ടവും വ്യക്തിപരമായി ഇല്ല. അത് നശിച്ചാലും ഇല്ലെങ്കിലും സഭയുടെ സ്വത്തു. ആ കന്യാസ്ത്രീ തന്റെ superiors പറയുന്നതിന് വിരുദ്ധമായി പ്രവർത്തിച്ചിട്ടു superiors അവരെ സംരക്ഷിക്കണം എന്ന് പറയുന്നതിൽ എന്ത് യുക്തി? ഏതൊരു സ്ഥാപനത്തിൽ ജോലി ചെയ്താലും സ്ഥാപനത്തിനു എതിരെ കേസ് നടത്തി ആളാകാൻ നോക്കിയിട്ടു പിന്നീട് ഉണ്ടാകുന്ന ഭവിഷ്യത്തുക്കൾക്കു സ്ഥാപനത്തെ കുറ്റം പറയുന്നത് ശെരിയാണോ? സർക്കാർ സർവീസിൽ ജോലി ചെയ്യുന്നവർക്ക് പോലും എന്തെല്ലാം നിയന്ത്രണങ്ങൾ ഉള്ള നാടാണ് ഇത്? അവരുടെ law യിൽ ഉള്ള അറിവ് അവരെ പഠിപ്പിച്ചു advocate ആക്കിയ സഭക്ക് വേണ്ടി ഉപയോഗിക്കണം. അല്ലാതെ സഭക്ക് എതിരായല്ല വേണ്ടത്.

    സാന്ദർഭികമായി ഒരു കാര്യം കൂടെ പറയട്ടെ. മതപരമായ ഒരു വിശ്വാസവും കോടതികളിൽ തെളിയിക്കാൻ പറ്റില്ല. വിശുദ്ധ കുർബാന സമയത്തു തിരു ഓസ്തിയിൽ യേശു ആഗതൻ ആകുന്നു എന്ന കാര്യം ഏതു കോടതിയിൽ തെളിയിക്കാൻ പറ്റും? കന്യാസ്ത്രീകൾ യേശുവിന്റെ മണവാട്ടികളോ? അത് പോലെ എന്തെല്ലാം കാര്യങ്ങൾ.

    ReplyDelete
    Replies
    1. 'ഡോക്ടർ സ്‌കൈലാർക്ക്' പല പേരുകളിൽ എഴുതുന്ന സന്ദേശങ്ങൾ ഞാനും വായിക്കാറുണ്ട്. ഒരു പക്ഷെ അദ്ദേഹത്തിൻറെ ക്രിയാത്മകമായ വിമർശനങ്ങളാണ് എന്നെ കൂടുതലെഴുതിക്കാൻ പ്രേരിപ്പിക്കുന്നതെന്നും തോന്നാറുണ്ട്. നാലഞ്ചു വർഷങ്ങളായി എന്നെ പുറകെ നടന്നു വിമർശിക്കുന്നുണ്ടെങ്കിലും ഇതുവരെയും എനിയ്ക്കു പിടികിട്ടാത്ത വ്യക്തിത്വമാണദ്ദേഹം. ഞങ്ങൾ തമ്മിൽ അഭിപ്രായങ്ങളിൽ ഒരിക്കലും ചേർന്നിട്ടില്ലെങ്കിലും അദ്ദേഹത്തിന്റെ കഴിവിനെ ഞാൻ പലപ്പോഴും മാനിച്ചിട്ടുണ്ട്. തമിഴും ജർമ്മനിയുമൊക്കെ നല്ലവണ്ണം അറിയാമെന്നതുകൊണ്ടു ഇദ്ദേഹം ഒരു പുരോഹിതനെന്നും സംശയം തോന്നിയിട്ടുണ്ട്. അല്ലെന്നു അവകാശപ്പെടുന്നു. കുർബാനയിൽ ദൈവമുണ്ടെന്നുള്ള പേഗൻ വിശ്വാസം മാറ്റേണ്ട കാലം വന്നുവെന്ന് ഞാൻ പറഞ്ഞാലും അദ്ദേഹമൊട്ടു സമ്മതിക്കുകയുമില്ല. കോൺസ്റ്റാന്റിന്റെ കാലം വരെ സഭയിൽ ആ വിശ്വാസം ഉണ്ടായിരുന്നില്ല.

      ഒരു കത്തോലിക്ക കുടുംബത്തിൽ ജനിച്ച എനിക്ക് സാംസ്‌കാരികമായി അതിൽ അഭിമാനമുണ്ട്. ഞാൻ വളർന്ന സഭയല്ല ഇന്നുള്ളത്. കേരള കത്തോലിക്കസഭ പണംകൊണ്ടും അസന്മാർഗം കൊണ്ടും കൊഴുത്തു കഴിഞ്ഞു. മതത്തിലെ തിന്മകളെ കണ്ടാൽ പ്രതികരിക്കാതിരിക്കാനും സാധിക്കില്ല. ആദ്യകാലത്തു ഞാൻ എഴുതിയത് അതുപോലെ ഫ്രാൻസിസ് മാർപ്പാപ്പാ പറയുമ്പോൾ സന്തോഷവുമുണ്ടായിട്ടുണ്ട്. മാർപ്പാപ്പാ പറയുന്നത് കേരളത്തിലെ മെത്രാന്മാർ പുല്ലുവിലയും കൽപ്പിക്കുന്നു.

      ഞാറക്കൽ പ്രശ്നത്തിൽ അനീതിയുണ്ട്. കള്ളപ്രമാണം വെച്ച് വികാരിയും കൂട്ടരും വസ്തു തട്ടിയെടുത്ത വിവരം കോടതിയിൽ തെളിയിക്കുകയും ചെയ്തു. അതിനെ ചോദ്യം ചെയ്തുകൊണ്ട് സഭ ഉയർന്ന കോടതികളിൽ പിന്നീടു പോയുമില്ല. വികാരിയെ പേടിച്ചു മെത്രാൻ നിശബ്ദനായി അഭിപ്രായം പറഞ്ഞില്ലായിരിക്കാം. അദ്ദേഹം നിഷ്കളങ്കനായിരിക്കാം. ധീരമായ ഒരു നിലപാടെടുക്കാൻ മെത്രാനു സാധിച്ചില്ലെന്ന് വേണം കരുതാൻ.

      അതുപോലെ സിസ്റ്റർ ടിനയ്ക്ക് കടപ്പാടുള്ളത് അവരെ പഠിപ്പിച്ച മഠത്തിനോടാണ്. വികാരിയോടോ മെത്രാനോടോ ആയിരുന്നില്ല. സമരം തുടങ്ങിയപ്പോൾ എല്ലാ കന്യാസ്ത്രികളും അവരോടൊപ്പമായിരുന്നു. അവർ ഉണ്ട ചോറിനു നന്ദി കാണിച്ചത് തെറ്റോ? സത്യം ടീനായോടു കൂടിയല്ലേ? അവർ കന്യാസ്ത്രിയല്ലെങ്കിൽ പിന്നെ എങ്ങനെ അവർ മഠത്തിനുള്ളിൽ താമസിക്കുന്നു. കാനൻ നിയമം അനുസരിച്ചു അവരെ പുറത്താക്കാൻ അവരുടെ സമ്മതപത്രം വേണമെന്നു അവർ പറയുന്നു. അങ്ങനെയൊന്ന് അവർ ഒപ്പിട്ടില്ലെന്നും അവകാശപ്പെടുന്നു.

      Delete
  2. dr skylark എഴുതിയ കമെൻറിൽ "പക്ഷെ അവർ സ്വന്തം ഇഷ്ടം അനുസരിച്ചു self വെടിഞ്ഞു അനുസരണം, ദാരിദ്ര്യം, ബ്രഹ്മചര്യം എന്നീ വൃത്തങ്ങൾ ദൈവതിരുമുന്പിൽ എടുത്തിട്ട് ആ വ്രതങ്ങൾക്ക് എതിരായി പ്രവർത്തിക്കുന്നത് എന്തിൻറെ അടിസ്ഥാനത്തിലാണ്?" സിസ്റ്റർ ടീന ഏതു വ്രതമാണ് തെറ്റിച്ചതെന്ന് മനസ്സിലാകുന്നില്ല. എല്ലാ വ്രതവും തെറ്റിച്ചോ? ഇനി അനുസരണവ്രതമാണ് ഉദ്ദേശിക്കുന്നതെങ്കിൽ dr skylark ആ വ്രതത്തെപ്പറ്റി കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു. ഒരു കന്യാസ്ത്രിയും അമേരിക്കയിലെ അറിയപ്പെടുന്ന ദൈവശാസ്ത്രജ്ഞയുമായ Dr. Sandra M. Schneiders -ൻറെ Prophets in their own Country Women Religious Bearing Witness to the Gospel in a Troubled Church എന്ന പുസ്തകം വായിക്കുക. അനുസരണവ്രതത്തെ സമ്പന്ധിച്ചുള്ള കുറെ അറിവുകൾ അതിൽനിന്നു ലഭിക്കും.

    പൗരോഹിത്യ പുരുഷ മേധാവിത്വത്തിൻറെ കറതീർന്ന ഉദാഹരണമാണ് ഞാറക്കൽ സംഭവം. അത് സ്ത്രീവിദ്വേഷത്തിൻറെ ഞരമ്പുരോഗത്തിൽനിന്നുണ്ടായ പിരിമുറുക്കമാണ്. അധർമ്മത്തിന് മൗനം പാലിക്കുകയോ കൂട്ടുനിൽക്കുകയോ ചെയ്യുന്ന മെത്രാൻ സ്വധർമ്മം ചെയ്യാൻ മടിച്ച തെറ്റുകാരനാണ്. അന്യായം കാണിച്ച വികാരിയെ നിലയ്ക്ക് നിർത്താൻ കടപ്പെട്ട മെത്രാൻ പാവം കന്യാസ്‌ത്രികളുടെ മേലെ കുതിരകേറാൻ അനുവദിച്ചത് ആർക്ക് ന്യായീകരിക്കാൻ സാധിക്കും.

    പുരുഷന്മാരായ പുരോഹിതർക്ക് കീഴ്പ്പെട്ട് സ്ത്രീകളായ കന്യാസ്ത്രികൾ അടിമവേല ചെയ്യണമെന്നാണ് അവരുടെ ഭാവം. ഈ രോഗം സഭയിൽ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. കന്യാസ്ത്രികൾ എന്ന മാലാഖാമാർ ഇല്ലാതാകുമ്പോഴെ ഹയരാർക്കി പഠിക്കൂ. അതിന് ഇനി അധിക താമസവുമില്ല.

    ReplyDelete