Translate

Friday, November 24, 2017

മാറൻ മാർ ജോർജ്ജ് ആലഞ്ചേരി അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലും





ചാക്കോ കളരിക്കൽ

മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻറെ മെത്രാൻപട്ടാഭിഷേകത്തോടനുബന്ധിച്ച് വാട്സാപ്പിൽ (WhatsApp) -ൽ പ്രചരിച്ച ഫോട്ടോയാണ് മുകളിൽ കൊടുത്തിരിക്കുന്നത്. ഒരു സുഹൃത്ത് "അങ്കിളേ, ഈ 'മാറൻ മാർ', ‘വാതിൽ’ എല്ലാം എന്താണ് എന്ന് ടെലിഫോൺ ചെയ്‌ത്‌ എന്നോട് ചോദിക്കുകയുണ്ടായി. അമേരിക്കൻ പ്രസിഡൻറ്റിനെവരെ മിസ്റ്റർ പ്രസിഡൻറ്റ് എന്ന് അഭിസംബോധനചെയ്യുന്ന ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ കാലഹരണപ്പെട്ട പഴഞ്ചൻ പ്രയോഗങ്ങളിൽ സഭാധികാരം മാത്രമെ തൂങ്ങിക്കിടക്കുകയൊള്ളൂ. ആറാംനൂറ്റാണ്ടിലോമറ്റോ ആണെന്നുതോന്നുന്നു, റോമൻ പൗരസ്ത്യസഭയിലെ പാത്രിയാക്കാമാർ യഹൂദപാരമ്പര്യത്തിൻറെ ചുവടുപിടിച്ച് 'മാറൻ മാർ' (Maran Mar) എന്ന് അവരുടെ പേരുകൾക്കുമുമ്പ് ബഹുമാന സൂചകമായി കൂട്ടിച്ചേർത്തിരുന്നു. മാറൻ എന്ന സുറിയാനി പദത്തിനർത്ഥം നമ്മുടെ നാഥൻ (Our Lord) എന്നും മാർ എന്ന പദത്തിനർത്ഥം എൻറെ നാഥൻ (My Lord) എന്നുമാണ്. മാർ പാപ്പ -യെ മലയാളത്തിൽ നാം മാർപാപ്പ എന്നെഴുതുന്നുണ്ട്. മാർപാപ്പയുടെ കാര്യത്തിൽ മാർ-നു മുമ്പ് മാറൻ കൂടി ചേർത്തുകാണുന്നില്ല.

സഭാധികാരത്തിൻറെ ചിന്താഗതിയിൽ ആലഞ്ചേരി മെത്രാപ്പോലിത്തയുടെ പേര് മൊത്തമായി എഴുതിയാൽ His Beatitude Maran Mar Major Archbishop George Cardinal Alancherry, Metropolitan and Gate of all India എന്നായിരിക്കും. ഇതുകേട്ടാരും ഞെട്ടരുത്; ബോധംകെട്ട് വീഴരുത്. സീറോ-മലങ്കര സഭാധ്യക്ഷൻ ബസേലിയോസ് കാർദിനാൾ ക്ലിമ്മീസ് റോം നൽകാതെതന്നെ കാതോലിക്കോസ് അഥവാ കത്തോലിക്കാ ബാവ എന്ന സ്ഥാനനാമംകൂടി ഉപയോഗിക്കുന്നുയെന്നതും ഗൗരവതരമായ തമാശയല്ലേ? അവരെയെല്ലാം ഏല്പിച്ചിരിക്കുന്ന ഒരേയൊരു പണി ദൈവജനശുശ്രൂഷ (Pastoral care of the faithful) മാത്രമാണ്. എങ്കിലും അവരുടെ പേരിനോടു ചേർക്കുന്ന അധികാര/ബഹുമാനസൂചക പദങ്ങൾ അവർക്ക് വലിയ കാര്യമാണ്. അത് ഒരു സാധാരണ വിശ്വാസിയെ വിസ്മയിപ്പിക്കാതിരിക്കില്ല. മാറൻ ഈശോ മിശിഹാ (Our Lord Jesus Christ) എന്നുനാം കേട്ടിട്ടുണ്ട്. അപ്പോൾ അവരും ഈശോയുടെ സ്ഥാനത്തുതന്നെ! എൻറെ കർത്താവായ ദൈവമെ, അഹങ്കാരികളും അധികാരപ്രേമികളുമായ അവരോട് ക്ഷമിക്കണമേ.

ഇനി എന്താണ് അഖിലേന്ത്യായുടെ മെത്രാപ്പോലീത്തയും വാതിലും? അതിനൊരു ചരിത്രമുണ്ട്. വിദേശ വൈദിക മേധാവിത്വത്തിനെതിരെയുള്ള നസ്രാണികളുടെ പേരുകേട്ട കലാപമായ കൂനൻ കുരിശുസത്യത്തെ തുടർന്ന് സുറിയാനി ക്രിസ്ത്യാനികളിൽ ബഹുഭൂരിപക്ഷവും റോമൻ നേതൃത്വവുമായി വിഘടിച്ചുനിന്ന കാലത്തും പശ്ചാത്തലത്തിലും മുട്ടുച്ചിറക്കാരനായ പറമ്പിൽ (പള്ളിവീട്ടിൽ) ചാണ്ടിക്കത്തനാരെ അന്ന് നസ്രാണികളുടെ മെത്രാനായിരുന്ന ഇറ്റലിക്കാരൻ ജോസഫ് സെബാസ്ത്യാനി മെത്രാനായി വാഴിച്ച് റോമിന് കീഴ്പ്പെട്ടുനിന്നവരുടെ മേല്പട്ടക്കാരനായി നിയമിച്ചു (1663 - 1687). യൂറോപ്യൻ രേഖകളിൽ അദ്ദേഹത്തെ പരാമർശിക്കുന്നത് അലക്‌സാണ്ടർ ഡി കാമ്പോ എന്ന പേരിലാണ്. ആ നിയമനം തന്ത്രപരമായ ഒരു നീക്കമായിരുന്നു. വിഘടിച്ചുനിന്ന അനേകം പള്ളിക്കാരും പള്ളികളും പുത്തൻകൂർ വിഭാഗത്തിൽനിന്നും കത്തോലിക്കാസഭയുമായി രമ്യതയിലായി. 1663 -ൽ ലന്തക്കാർ കൊച്ചി പിടിച്ചടക്കിയതിനെ തുടർന്ന് സെബാസ്ത്യാനി മെത്രാനു കേരളം വിട്ട് പോകേണ്ടിയും വന്നു. ചരിത്രപരമായി ചിന്തിക്കുമ്പോൾ ആ പറമ്പിൽ ചാണ്ടിമെത്രാനാണ് "ഇന്ത്യ മുഴുവന്റെയും മെത്രാപ്പോലീത്തയും കവാടവും" എന്ന സ്ഥാനനാമം അവസാനമായി ഉപയോഗിച്ചത്.

ഇവിടെ നാം ചില കാര്യങ്ങൾ സ്മരിക്കേണ്ടതായിട്ടുണ്ട്. ഫ്രാൻസിസ് പാപ്പ ഒക്ടോബർ 09, 2017 -ൽ ഇന്ത്യയിലെ മെത്രാന്മാർക്ക് ഒരു കത്തയയ്ക്കുകയുണ്ടായി. ആ കത്തിൽ ഇന്ത്യ മുഴുവനിലുമുള്ള സീറോ-മലബാർ വിശ്വാസികളുടെ പാസ്റ്ററൽ കെയർ ശ്രേഷ്ഠമെത്രാപ്പോലീത്തയായ മാർ ആലഞ്ചേരിയേയും സിറോ-മലബാർ സഭയുടെ മെത്രാൻ സംഘത്തെയും ചുമതലപ്പെടുത്തുന്നുണ്ട്. അതിലെ പ്രസക്ത ഭാഗം ഇവിടെ ഉദ്ധരിക്കുന്നു. "I decree also that the new circumscriptions, as with those already in existence, be entrusted to the pastoral care of the Major Archbishop of Ernakulam-Angamaly and the Synod of Bishops of the Syro-Malabar Church, according to the norms of the Code of the Canons of the Eastern Churches." 

(http://chackokalarickal.blogspot.com/2017/11/letter-of-holy-father-pope-francis-to.html)

ദൈവജന ശുശ്രൂഷയ്ക്ക് ശ്രേഷ്ഠമെത്രാപ്പോലീത്തയെ ഭരമേല്പിക്കുന്നതല്ലാതെ അദ്ദേഹത്തിന് 'അഖിലേന്ത്യയുടെ മെത്രാപ്പോലീത്തയും വാതിലു' മായിട്ടുള്ള സ്ഥാനം നൽകുന്നതായി ആ കത്തിൽ ഒരിടത്തും സൂചിപ്പിക്കുകപോലും ചെയ്തിട്ടില്ല. പഴയ സംജ്ഞ ആ കത്തിലൂടെ പതിച്ചുകൊടുക്കുന്നുമില്ല. തന്നെയുമല്ല, ആ അജപാലനദൗത്യത്തെ അധികാരത്തിൻറെയോ ആധിപത്യത്തിൻറെയോ ആയി ("no way be perceived as a growth in power and domination") കാണരുതെന്ന് മാർപാപ്പ ആ കത്തിൽ എടുത്തു പറയുന്നുമുണ്ട്. എങ്കിലും ഇന്നത്തെ ഇടയന്മാർക്ക് അജപാലനത്തെക്കാൾ ഇഷ്ടം സ്ഥാനമാനങ്ങളിലും അധികാരത്തിലുമാണ്.

വേറൊരുകാര്യംകൂടി ഇവിടെ എടുത്തുപറയാൻ ഞാൻ ആഗ്രഹിക്കുന്നു. 400 വർഷത്തിനുമേൽ ഉണ്ടായിരുന്നു എന്നവകാശപ്പെടുന്ന അഖിലേന്ത്യയുടെ മെത്രാപ്പോലീത്താസ്ഥാനം കൊച്ചുകുട്ടികളെപ്പോലെ ഇപ്പം വേണം എന്ന് വാശിപിടിക്കുന്ന സഭാധികാരത്തോട് ഞാനൊന്നു ചോദിക്കട്ടെ: റോമൻ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്ത, മാർത്തോമ്മാ അപ്പോസ്തലനാൽ ഒന്നാം നൂറ്റാണ്ടിൽത്തന്നെ സ്ഥാപിതമായ നസ്രാണിസഭയെ നിങ്ങൾ പൗരസ്ത്യസംഘത്തിന് അടിയറവുവെച്ച് കൽദായ സഭയുടെ ഭാഗമാക്കാൻ കൂട്ടുനിന്നില്ലേ? പൗരസ്ത്യവും പാശ്ചാത്യവുമായ ആരാധനക്രമപാരമ്പര്യമുള്ള നമ്മുടെ സഭയ്ക്ക് ഭാരതീയ സംസ്കാരത്തെയും ഉൾക്കൊണ്ടുകൊണ്ട് പുതിയ സജീവമായ ഒരു ആരാധനക്രമത്തെ വികസിപ്പിച്ചെടുക്കാൻ നിങ്ങൾ തടസമായി നിൽക്കുകയല്ലേ ചെയ്തത്? നമ്മുടെ കർത്താവിൻറെ തൂങ്ങപ്പെട്ടരൂപം എടുത്തുമാറ്റി മണ്ണിൽകിടന്ന മാനിക്കേയൻ പാഷണ്ഡകുരിശിനെ വണങ്ങാൻ നിങ്ങൾ അൾത്താരയിൽ സ്ഥാപിച്ചില്ലേ? മാർത്തോമ്മാ ക്രിസ്ത്യാനികളുടെ 2000 വർഷത്തെ പാരമ്പര്യമുള്ള നസ്രാണി മഹായോഗത്തെ (സിറോ-മലബാർ സഭാ സിനഡ്), സ്വയംഭരണാധികാരം 25 വർഷം മുമ്പ് റോമിൽനിന്നു ലഭിച്ചിട്ടും, നിങ്ങൾ പുനഃസ്ഥാപിച്ചോ? സിറോ-മലബാർ മെത്രാൻ സിനഡു സ്ഥാപിച്ച് അതിനെ സഭാസിനഡ് എന്നുവിളിച്ച് നിങ്ങൾ വിശ്വാസികളെ പറ്റിക്കുകയും ആക്ഷേപിക്കുകയുമല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്? വികാരിയെ ഉപദേശിക്കാൻ മാത്രം അവകാശമുള്ള പള്ളിസമതിയായി മാർത്തോമ്മാ ക്രിസ്ത്യാനികളുടെ എല്ലാമായിരുന്ന പള്ളിയോഗത്തെ നിങ്ങൾ തരം താഴ്ത്തിയില്ലേ? മലങ്കരയിലെ മാർത്തോമ്മാ ക്രിസ്ത്യാനികൾ തങ്ങളുടെ സഭാഭരണം നടത്തിയിരുന്നത് പള്ളിയോഗ തീരുമാനപ്രകാരമായിരുന്നു എന്ന് ആർക്കാണ് അറിയാൻപാടില്ലാത്തത്? മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഇടവക പള്ളികൾ ഇടവകക്കാരുടേതായിരുന്നത് നിങ്ങൾ ബലമായി പിടിച്ചെടുത്തില്ലേ? സ്വന്തം ചെല്ലത്തിൽനിന്നെടുത്ത് ചിലവാക്കുന്നതുപോലെ ആരോടും ചോദിക്കാതെ പള്ളിസ്വത്തുക്കൾ തോന്നുന്നവിധത്തിൽ ചിലവാക്കുകയല്ലേ ഇപ്പോൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നത്? നിങ്ങൾക്ക് ആരെയും കണക്കും ബോധിപ്പിക്കണ്ടതില്ലല്ലോ. സഭാധികാരത്തിനു വേണ്ടത് ലോകം മുഴുവൻ ഭരിക്കാനുള്ള അധികാരമാണ്. അതിനുള്ള സർവ്വ കുതന്ത്രങ്ങളും രാപകലില്ലാതെ അവർ മെനഞ്ഞുകൊണ്ടിരിക്കുന്നു. ലോകം മുഴുവൻ രൂപതകൾ സ്ഥാപിക്കുന്നു. മെത്രാന്മാരെ സൃഷ്ടിക്കുന്നു. അവരെ തീറ്റിപ്പോറ്റാനും വിശ്വാസി അധ്വാനിക്കണം. അന്ധവിശ്വാസത്തെ പരിപോഷിപ്പിച്ച് വിശ്വാസികളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്നു. സീറോ-മലബാർ സഭ അങ്ങനെ തടിച്ചുകൊഴുത്ത് ‘വളരുന്നു’.

കർത്താവ് കപടനാട്യക്കാരായ നിയമജ്ഞരോടും ഫരിസേയരോടും പറഞ്ഞത് സഭാധികാരത്തിനും ചേർന്നതുതന്നെ: "അവർ തങ്ങളുടെ നെറ്റിപ്പട്ടങ്ങൾക്കു വീതിയും വസ്ത്രത്തിൻറെ തൊങ്ങലുകൾക്കു നീളവും കൂട്ടുന്നു; വിരുന്നുകളിൽ പ്രമുഖസ്ഥാനവും സിനഗോഗുകളിൽ പ്രധാനപീഠവും നഗരവീഥികളിൽ അഭിവാദനവും ഇഷ്ട്ടപ്പെടുന്നു. റബ്ബീ എന്നു സംബോധന ചെയ്യപ്പെടാനും ഇഷ്ട്ടപ്പെടുന്നു........കപടനാട്യക്കാരായ നിയമജ്ഞരേ, ഫരിസേയരേ, നിങ്ങൾക്കു ദുരിതം! നിങ്ങൾ വെള്ളയടിച്ച കുഴിമാടങ്ങൾക്കു സദൃശരാണ്. അവ പുറമേ മനോഹരമായി കാണപ്പെടുന്നെങ്കിലും അവയ്ക്കുള്ളിൽ മരിച്ചവരുടെ അസ്ഥികളും സർവ്വവിധ മാലിന്യങ്ങളും നിറഞ്ഞുകിടക്കുന്നു. അതുപോലെ, ബാഹ്യമായി മനുഷ്യർക്കു നല്ലവരായി കാണപ്പെടുന്ന നിങ്ങൾ ഉള്ളിൽ കാപട്യവും അനീതിയും നിറഞ്ഞവരാണ് (മത്താ. 23: 5-7; 27-29).

LETTER OF THE HOLY FATHER POPE FRANCIS TO THE BISHOPS OF INDIA

No comments:

Post a Comment