Translate

Monday, November 6, 2017

കത്തോലിക്കാ സഭയും മതാധിപത്യവും




അഗസ്റ്റിന്‍ ജോസഫ്        04868 283121


            ഈ അടുത്ത കാലത്ത് വായിക്കാനിടയായ ഒരു ആത്മകഥയില്‍ (ഒരു വൈദികന്റെ ഹൃദയമിതാ.. ഷിബു കെ.പി.) കേരള സഭയെയും ഭാരതസഭയെയും ഒരുപോലെ അലോസരപ്പെടുത്തുന്ന അനുഭവസാക്ഷ്യങ്ങളാണ് രചയിതാവ് വെളിപ്പെടുത്തുന്നത്. ചെറുപ്പകാലത്ത് ഭക്താനുഷ്ടാനങ്ങളില്‍ വളര്‍ന്ന ഒരു വ്യക്തി സന്ന്യാസജീവിതത്തിലും സെമിനാരിപരിശീലനഘട്ടത്തിലും പൗരോഹിത്യസേവനത്തിലും നേരിട്ട അവിശ്വസനീയമായി തോന്നാവുന്ന അതിക്രൂരമായ അനുഭവങ്ങളാണ് ആത്മകഥയിലുള്ളത്.
            യേശുക്രിസ്തുവിന്റെ സഹനബലിയിലൂടെ സ്ഥാപിതമായ കത്തോലിക്കാസഭയുടെ ചരിത്രം വളരെ സങ്കീര്‍ണ്ണമായ ഒരു സംഭവപരമ്പരയാണ്. ക്രിസ്തുവിന്റെ സുവിശേഷം ലോകമെങ്ങും പ്രചരിപ്പിക്കുവാന്‍ ക്രിസ്തു ശിഷ്യന്മാര്‍ ക്രൂരപീഡനങ്ങള്‍ സഹിക്കുകയും ജീവത്യാഗം ചെയ്യുകയും ഉണ്ടായി എന്ന സത്യത്തെ തമസ്‌കരിക്കുന്നതാണ് സഭയുടെ സമീപകാലചരിത്രം.
            കത്തോലിക്കാസഭയുടെ ആരംഭം മുതലുള്ള ചരിത്രവുമായി ബന്ധപ്പെട്ടതാണ് ആധുനിക റോമന്‍ കലണ്ടര്‍. സഭയുടെ ശക്തികേന്ദ്രമായ യൂറോപ്പിലെ എ.ഡി കാലഘട്ടത്തിലെ ചരിത്രം ലജ്ജാവഹവും പരിഹാസ്യവുമായ സംഭവ പരമ്പരകളാല്‍ സമൃദ്ധമാണ്. ആദ്യ നൂറ്റാണ്ടിലെ ക്രിസ്തീയ സമൂഹങ്ങള്‍ യേശുവിന്റെ പഠനങ്ങളില്‍ നിന്ന് അകന്നു പോകുന്നതിനെക്കുറിച്ച് ശ്ലീഹന്മാരുടെ ലേഖനങ്ങളില്‍ പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ യേശു ശിഷ്യന്‍മാരായ അനേകം വിശ്വാസികള്‍ രക്തസാക്ഷിത്വം വരിച്ചത് യേശുവിന്റെ സുവിശേഷത്തിന്റെ മഹത്വം വെളുപ്പെടുത്തുന്നതാണ്. മാതൃകാപരമായി ജീവിച്ച് പീഡനങ്ങളുടെ നടുവില്‍ ജീവത്യാഗം ചെയ്ത അനേകം വിശുദ്ധര്‍ സഭയില്‍ വണക്കത്തിന് യോഗ്യരായിട്ടുണ്ട്.
            റോമന്‍ സാമ്രാജ്യം കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ ഭരണ കാലത്ത് ക്രിസ്തീയ വിശ്വാസത്തിലേയ്ക്ക് നയിക്കപ്പെടുകയുണ്ടായി. ആ കാലഘട്ടത്തിലെ ക്രിസ്തീയ സഭ യൂറോപ്യന്‍ ഭൂഖണ്ഡത്തിനും അപ്പുറമായിരുന്നു. എന്നാല്‍ ചരിത്രകാരന്മാര്‍ ആ കാലഘട്ടത്തെ 'ഇരുണ്ടയുഗ' മെന്നാണ് വിശേഷിപ്പിക്കുന്നത്. പിന്നീടുണ്ടായ ഇസ്ലാം മതവ്യാപനവും കുരിശു യുദ്ധങ്ങളും ക്രിസ്തീയ സഭയുടെ യശസിനും യേശുവിന്റെ സുവിശേഷത്തിനും അപമാനമായിരുന്നു.സഭയിലെ പിളര്‍പ്പുകളും വിവാദങ്ങളും മാര്‍ട്ടിന്‍ ലൂധറുടെ കാലത്തെ സംഭവവികാസങ്ങളും ചരിത്രത്തില്‍ സഭ നേരിട്ട തിരിച്ചടികളായിരുന്നു. കത്തോലിക്കാ സഭയിലെ പൗരോഹിത്യത്തിന്റെ തകര്‍ച്ചയുടെ ഫലമായിട്ടായിരുന്നു പ്രോട്ടസ്റ്റന്റിസം ഉടലെടുക്കുന്നത്. മധ്യശതകത്തില്‍ സഭ നേരിട്ട വെല്ലുവിളികളെ മതനവീകരണ പ്രക്രിയയിലൂടെ കത്തോലിക്കസഭയ്ക്ക് അതിജീവിക്കാന്‍ സാധിച്ചുവെന്നതാണ് സഭക്കുണ്ടായ ഏറ്റവും പ്രധാന നേട്ടം.
            രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കത്തോലിക്കാ സഭ രാഷ്ട്രീയ അധികാരം നഷ്ടപ്പെട്ട് വത്തിക്കാനില്‍ സഭാ ആസ്ഥാനമുള്ള മതസംഘടനയായി മാറി. ലോകത്തിലെ തന്നെ ഏറ്റവും ബൃഹത്തായ മതസമൂഹം എന്ന നിലയില്‍ ലോകമെമ്പാടും വലിയ സ്വാധീനമുറപ്പിക്കാന്‍ കത്തോലിക്കാ സഭയ്ക്കും സഭാ തലവനായ പോപ്പിനും സാധിച്ചു. ഈ ആധുനിക കാലഘട്ടത്തില്‍ കേരളത്തിലും ഭാരതത്തിലും സഭയ്ക്കുണ്ടായ ആത്മീയവും ഭൗതികവുമായ വളര്‍ച്ച അത്ഭുതാവഹമാണ്.
            രണ്ടാം വത്തിക്കാന്‍ സൂനഹദോസ് വലിയ ഒരു ചരിത്ര സംഭവമായി മാറുകയും തത്ഫലമായി ഭാരതസഭയ്ക്ക് പുത്തനുണര്‍വ്വ് അനുഭവപ്പെടുകയും ചെയ്തു. 20-ാം നൂറ്റാണ്ടിലെ സഭയുടെ വളര്‍ച്ചയുടെയും 21-ാം നൂറ്റാണ്ടിലെ സഭയുടെ വികസന പ്രവര്‍ത്തനങ്ങളിലൂടെയും ലോകശ്രദ്ധപിടിച്ചു പറ്റിയ കത്തോലിക്കാസഭയുടെ വികൃതമുഖം വരച്ചുകാട്ടുന്ന പല അനുഭവങ്ങളും തന്റെ ആത്മകഥയിലൂടെ ഷിബു കെ.പി വെളിപ്പെടുത്തുന്നുണ്ട്. പുരോഹിത പദവിയിലേക്കും സന്ന്യാസജീവിതത്തിലേക്കും ഉള്ള തന്റെ യാത്രയില്‍ ഒരു വ്യക്തിക്കുണ്ടായ തിക്താനുഭവങ്ങള്‍ സത്യസന്ധമായി ലോകത്തോടു വെളിപ്പെടുത്തുന്ന ഒരു തുറന്ന സമീപനം അദ്ദേഹം പ്രകടിപ്പിച്ചിരിക്കുകയാണ്.
            വിശദാംശങ്ങളിലേക്ക് കടക്കുന്നില്ലെങ്കിലും ഒരു സന്ന്യാസസഭയില്‍ ആത്മാര്‍ത്ഥ സേവനത്തിന് ആരംഭം കുറിച്ച ഒരാള്‍ക്ക് സന്ന്യാസപരിശീലനം, സെമിനാരി പഠനം, പുരോഹിതസേവനം എന്നീ ഘട്ടങ്ങളില്‍ നേരിടേണ്ടി വന്നത് ക്രൂരമായ പീഡനങ്ങളും അവഗണനയും മനുഷ്യത്വരഹിതമായ അനുഭവങ്ങളുമാണെന്ന് വ്യക്തമായും പ്രതിപാദിക്കുന്നു.
            സഭാ പ്രവര്‍ത്തനങ്ങളില്‍ ഇക്കാലത്ത് ഉണ്ടായിക്കൊണ്ടിരിക്കുന്ന വലിയ പരാജയവും പാളിച്ചകളും വളരെ വിദഗ്ധമായി സഭാധികാരികള്‍ മൂടിവയ്ക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ആധുനികമാധ്യമങ്ങള്‍ സഭയുടെ ജീര്‍ണ്ണതയും പൗരോഹിത്യത്തിന്റെയും സന്യാസ ജീവിതത്തിന്റെയും കാപട്യവും വെളിപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
            മതാനുഷ്ടാനങ്ങളിലും വിദ്യാഭ്യാസ സാമൂഹ്യ മേഖലകളിലും വലിയ സ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുന്നതിലെ കാപട്യവും വഞ്ചനയും പൊതുജനമധ്യത്തില്‍ പ്രചരിക്കുന്നത് ജനാധിപത്യ സാമൂഹ്യ ക്രമത്തിന്റെ ശ്രദ്ധേയമായ പ്രതിഫലനമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ആതുരശുശ്രൂഷാരംഗത്തെയും വലിയ അഴിമതികളില്‍നിന്നും ജനവഞ്ചനയില്‍ നിന്നും സഭാഅധികാരികള്‍ക്ക് ഒഴിഞ്ഞുമാറുക അസാധ്യമായിരിക്കുന്നു.
            സഭയുടെ അകത്തളങ്ങളിലെ മ്ലേച്ഛതകള്‍ പുറത്തു വരാതിരിക്കാന്‍ കൊലപാതകങ്ങള്‍ വരെ ആസൂത്രണം ചെയ്യുമ്പോള്‍ ചുരുക്കം ചില പീഡനകഥകള്‍ മാത്രമാണ് പോലീസിന്റെയും കോടതികളുടെയും മുന്നിലെത്തുന്നത്. മതസംഘടനകളും മതസ്ഥാപനങ്ങളും നിരന്തരമായി അഴിമതി, അനീതി, ബാലപീഡനം, സ്ത്രീപീഡനം സാമ്പത്തിക കുറ്റങ്ങള്‍ എന്നിവയ്ക്ക് എല്ലാവിധ ഒത്താശയും ചെയ്തുകൊടുക്കുകയാണ്. രാഷ്ട്രീയവും ഭരണപരവുമായ കുറ്റകൃത്യങ്ങള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയാക്കുകയും അവനിയമനടപടികള്‍ക്ക് വിധേയമാക്കപ്പെടുകയും ചെയ്യുമ്പോള്‍ മതസംഘടനകളുടെയും സ്ഥാപനങ്ങളുടെയും ഹീനകുറ്റകൃത്യങ്ങള്‍ പലപ്പോഴും തന്ത്രപൂര്‍വ്വം നിയമനടപടികളില്‍ നിന്നും ഒഴിവാക്കപ്പെടുന്നത് ഭാരതജനാധിപത്യത്തിനും പാരമ്പര്യത്തിനും കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തില്‍ സഭാവിശ്വാസികള്‍ ജാഗരൂകരായിരിക്കേണ്ടതുണ്ട്.

No comments:

Post a Comment