Translate

Sunday, December 31, 2017

2018 - ൻറെ പുതുവത്സരാശംസകൾ

ചാക്കോ കളരിക്കൽ
2017 - ൻറെ പുതുവത്സരാശംസകൾ അയച്ചപ്പോൾ ഞാനായിരിക്കുന്ന കത്തോലിക്കാ സഭയിലെ  ചില വിഴിപ്പുകൾ എടുത്തുപറയുകയുണ്ടായി. 2017 അവസാനം എർണാകുളം-അങ്കമാലി അതിരൂപതയിൽനിന്ന് നാറുന്ന ചില സാമ്പത്തിക കാര്യങ്ങൾ മാധ്യമങ്ങളിൽകൂടി നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. ഈ ഡിസംബർ 28-ന് സഭാനവീകരണ പ്രസ്ഥാനത്തിൻറെ പിതാവും ഗുരുവുമായ ശ്രീ ജോസഫ് പുലിക്കുന്നേൽ എന്നന്നേയ്ക്കുമായി നമ്മോട് വിടപറഞ്ഞു. ഇതെല്ലാംവെച്ച് കൂട്ടിവായിച്ചപ്പോൾ 2016 അവസാനം ഞാൻ നിങ്ങൾക്കയച്ച സന്ദേശം ഇന്നത് കൂടുതൽ പ്രസക്തമായി എനിക്കു തോന്നുന്നു. ആയതിനാൽ 2017 - ൻറെ അവസാനവും ഞാൻ ആ സന്ദേശം തന്നെ നിങ്ങൾക്ക് അയക്കുന്നു.

2017 കടന്നുപോകുന്നതിന് മുൻപായി ഒരു കാര്യം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവരുവാൻ ഞാൻ ആഗ്രഹിക്കുന്നു. എൻറെ പൂർവീകരിലൊരാളായ ചുമ്മാർ 1800-കളുടെ ആദ്യപകുതിയിൽ പന്തത്തല (മുത്തോലി) നിന്നും ഉരുളികുന്നത്തേയ്ക്ക് കുടിയേറിയതാണ്. കച്ചക്കുറിയതും കൗപീനവും നാരായപിച്ചാത്തിയും തൊപ്പിപ്പാളയുമായി 85 വർഷത്തോളം ജീവിച്ച ആ ചുമ്മാരിൻറെ മതപരമായ ജീവിതരീതി അഥവാ വിശ്വാസ പൈതൃകത്തിൻറെ കലവറയാണ് 'മാർതോമായുടെ മാർഗവും വഴിപാടും'. കേരളത്തിലെ ആയിരക്കണക്കിനുള്ള നസ്രാണി കുടുംബങ്ങളുടെ കഥയും ഇതുതന്നെ. പിൻതലമുറകളായ നമ്മളിലേയ്ക്ക് പൈതൃകമായി അത് കൈമാറ്റപ്പെട്ടു. നമ്മുടെ തനതായ ആ പൈതൃകത്തെ കാത്തുസൂക്ഷിക്കാൻ നമ്മുടെ പൂർവീകരും പ്രത്യേകിച്ച് നസ്രാണി സഭാ നേതാക്കളായ കാരിയാറ്റി ഔസേപ് മല്‌പാനും പാറേമ്മാക്കൽ തോമാകത്തനാരും പാലാക്കുന്നേൽ വല്യച്ചനും നിധിരിക്കൽ മാണികത്തനാരുമെല്ലാം 2016 അവസാനം ഞാനെൻറെ സുഹൃത്തുക്കൾക്ക് പുതുവത്സരാശംസകൾ അതീവ ശുഷ്കാന്തി കാണിച്ചിരുന്നു. എന്നാൽ കഴിഞ്ഞ 35 വർഷംകൊണ്ട് നമ്മുടെ വിലപിടിച്ച ആ പാരമ്പര്യ പൈതൃകങ്ങളെ നാട്ടുമെത്രാന്മാർ യാതൊരു അറപ്പും കൂടാതെ അട്ടിമറിച്ച് ഓരോ വിശ്വാസിയേയും അവരുടെ അടിമകളാക്കി എന്ന സത്യം നാം മനസ്സിലാക്കണം. അതൊരിക്കലും നാം മറക്കാൻ പാടില്ല.
ചങ്ങനാശ്ശേരിയിലെ മാർ പൗവ്വത്തിലും ത്രിശൂരിലെ മാർ താഴത്തും മാർതോമാ പൈതൃകത്തെപ്പറ്റി ഘോരഘോരം പ്രസംഗക്കുകയും പുസ്തകങ്ങൾ എഴുതിക്കൂട്ടുകയും ചെയ്തിട്ടുണ്ട്. എന്നാൽ  സ്വന്തം മനഃസാക്ഷിയെ വഞ്ചിച്ച് നമ്മുടെ പൈതൃകത്തെ നിർദാക്ഷിണ്യം അവരും മറ്റു മെത്രാന്മാരുംകൂടി പിച്ചിച്ചീന്തി. ജലം വറ്റിയ ജലാശയത്തിലെ മൽസ്യങ്ങൾപോലെ അല്മേനികൾ ഒടുങ്ങുമെന്നവർക്കറിയാം. എൻറെ പൂർവീകനായ ചുമ്മാരുപോലും മണ്ണിനടിയിൽ കിടന്ന് വിലപിക്കുന്നുണ്ടായിരിക്കും. കണ്ണിൽ ചോരയില്ലാത്ത തൻകാര്യക്കാരും വിശ്വാസവഞ്ചകരും അധികാരദുർമോഹികളും പണക്കൊതിയന്മാരും അവിശുദ്ധരുമായ ഇതുപോലൊരു മെത്രാൻപറ്റം വേറെ ഭൂമുഖത്തൊരിടത്തും കാണുകയില്ല. "ഓരോ സഭയുടെയും പാരമ്പര്യങ്ങളെ പൂർണമായും അഭംഗമായും സംരക്ഷിക്കണം എന്നതാണ് കത്തോലിക്കാസഭയുടെ പ്രബോധനം" (രണ്ടാം വത്തിക്കാൻ കൗൺസിൽ, പൗരസ്ത്യ സഭകൾ-2) എന്ന കൗൺസിൽ പിതാക്കന്മാരുടെ പ്രബോധനത്തിന് അധികാര ദുർമോഹികളായ സീറോ-മലബാർ മെത്രാന്മാർ പുല്ലുവിലപോലും നൽകിയില്ല. 'സിമ്പിളും ഓർഡിനറി' യുമായ അല്മായൻറെ മുതുകത്ത് കുതിരകയറാനുള്ള തന്ത്രങ്ങൾ മെനയാനായിരുന്നു അവരുടെ കുബുദ്ധി പ്രവർത്തിച്ചത്. നമ്മുടെ പാരമ്പര്യത്തെ നശിപ്പിക്കുന്നതിന് കൂട്ടുനിന്ന മെത്രാന്മാർ അധർമികളാണ്. അവരുടെ കല്പ്പനകളെ നിർവിശ്ശങ്കം പ്രവർത്തിക്കുന്ന ഒരു പുതുതലമുറയെ വാർത്തെടുക്കാൻ രാവും പകലും അവർ പരിശ്രമിക്കുന്നു. ഈ സാഹചര്യത്തിൽ കോപത്താൽ നാമെല്ലാവരും തിളച്ചുമറിയണം; കൈതിരുമ്മി, പല്ലിറുമ്മി പിന്നെ സങ്കടത്തോടെ വെറിപൂണ്ട് നെടുവീർപ്പിടണം. ഒരിടവകയിൽ ഒരല്‌മേനിക്ക് അന്തസ്സായി ജീവിക്കാൻ പറ്റിയ യോഗ്യനായ ഒരു വികാരിയില്ല. ഒരു രൂപതയിൽ ഒരല്‌മേനിക്ക് അന്തസ്സായി ജീവിക്കാൻ പറ്റിയ യോഗ്യനായ ഒരു മെത്രാനില്ല. അല്‌മേനിയുടെ ആ ഗതികേടിനെപ്പറ്റി നിങ്ങൾ ഒന്നു ചിന്തിച്ചുനോക്കുവിൻ!
പ്രിയരേ, 2018-ൽ പണ്ഡിതന്മാരെപ്പോലെ നിങ്ങൾ ചിന്തിച്ച് തീരുമാനമെടുക്കുവിൻ. പള്ളിയെ വെറും പണപ്പിരിവുസംഘമായി നാം കാണണം. ഒരു നയാപൈസപോലും ഈ പള്ളിക്ക് നാം കൊടുക്കരുത്. ദൈവത്തിന് പൈസയുടെ ആവശ്യമില്ല. കോളണീകരണത്തിൻറെ ഭാഗമായി കടന്നുവന്ന അതികേന്ദ്രീകൃത ഏകാധിപത്യ പള്ളിഭരണ സംവിധാനത്തിനെതിരായി നാം ശബ്ധിക്കണം. പഠിപ്പും പണവും പദവിയുമുള്ള നിങ്ങൾ വെറും സിമ്പിളും ഓർഡിനറിയുമല്ലെന്ന് മൂപ്പന്മാരെ അറിയിക്കുവിൻ. ആടുകളെ തിരിച്ചറിയാൻ സാധിക്കാത്ത, കൂട്ടാക്കാത്ത ഇടയൻറെ പിന്നാലെ ഗമിക്കുന്നതിൽ അർത്ഥമില്ല. പള്ളിപെരുന്നാളുകളിലോ ധ്യാനാരവങ്ങളിലോ രോഗശാന്തിശുശൂഷകളിലോ ഭക്താഭ്യാസങ്ങളിലോ വക്രമായ അനുഷ്‌ഠാനങ്ങളിലോ ഒന്നും നാം ദൈവത്തെ കാണുകയില്ല. നമ്മളുടെ ഉള്ളിൽത്തന്നെയാണ് ആ പരംപൊരുൾ വസിക്കുന്നത്.
2018-ലേയ്ക്ക് നാം പ്രവേശിക്കുമ്പോൾ ഈ ചിന്തകൾ നമ്മെ മദിക്കട്ടെ. പുതുവത്സരാശംസകൾ!


No comments:

Post a Comment