Translate

Tuesday, December 12, 2017

പരിണാമസിദ്ധാന്തം സത്യമോ?



ജോസഫ് മറ്റപ്പള്ളി ഫോണ്‍: 9495875338

ബൈബിളിലെ കണക്കുപ്രകാരം ആദം മുതല്‍ വംശാവലി യേശുവിലെത്തുമ്പോള്‍, 77-ഓളം തലമുറകളാകും. ഒരു തലമുറയ്ക്കു വേണ്ട (22-32) വര്‍ഷങ്ങള്‍ എന്നതിനെ ഈ 77 കൊണ്ടു ഗുണിച്ചാല്‍ (77 × 32) 2464 എന്നു കിട്ടും. യേശുമുതല്‍ ഇന്നുവരെയുള്ള 2017 വര്‍ഷങ്ങള്‍കൂടി ഇതിന്റെ കൂടെക്കൂട്ടിയാല്‍ 4481 എന്നു കിട്ടും. ഒപ്പം, ഒരു ഇളവായി (Grace/Tollerance) 2000 കൂടി കൂട്ടിയേക്കുക  = 6481. ഇത്രയും കാലമേ ആയിട്ടുള്ളോ ഭൂമിയില്‍ മനുഷ്യനുണ്ടായിട്ട്? എവിടെയോ പിശകുണ്ട്, ഉറപ്പ്!
ഇതുപോലത്തെ ഗുരുതരമായ പിശകുകള്‍ പഴയനിയമത്തിലെ മിക്കവാറും കഥകളിലുമുണ്ട്. ഈജിപ്തിന്റെ അടിമത്തത്തില്‍നിന്ന് ഇസ്രായേല്‍ ജനതയുടെ പുറപ്പാടിന്റെ കഥ മറ്റൊരുദാഹാരണം (ഈ കഥ ഒന്നിലേറെപ്പേര്‍ എഴുതിയതാണെന്നൊരു വ്യാഖ്യാനമുണ്ട്; ആഇ 5-6 നൂറ്റാണ്ടുകളിലാണത് രൂപപ്പെട്ടതെന്നും കരുതപ്പെടുന്നു). പത്തു ലക്ഷത്തിലേറെപ്പേരെ ഈജിപ്തില്‍നിന്നിറക്കി ദൈവം എന്തുമാത്രം പീഡിപ്പിച്ചു! ദൈവത്തോടരിശം തോന്നാതെ അതു വായിച്ചുതീര്‍ക്കുക വയ്യ.  മരുഭൂമിയില്‍ നാല്‍പ്പതു വര്‍ഷം! ദിവസം വെറും ഒരു ലിറ്റര്‍ വെള്ളംമാത്രമേ അവര്‍ ഉപയോഗിച്ചിരുന്നുള്ളുവെങ്കില്‍പ്പോലും, എന്തുമാത്രം വെള്ളം അവര്‍ക്കു വേണ്ടിയിരുന്നു! എല്ലാം മിഥ്യയാണെന്നോ സത്യമാണെന്നോ പറയാന്‍ ഞാനാളല്ല. വലിയ തത്ത്വങ്ങളുടെ ഈറ്റില്ലമായി പഴയനിയമത്തെ എടുക്കുകയും, അതിലെ ഉദാത്തമായ സാരാംശങ്ങള്‍ ഗ്രഹിക്കാന്‍ നാം തയ്യാറാവുകയും ചെയ്താല്‍ സംഗതി പക്ഷേ എളുപ്പമായി. അങ്ങനെയൊരു വിട്ടുവീഴ്ചയ്ക്കു നാം തയ്യാറല്ല - അവിടെയാണ് പ്രശ്‌നം! ശിക്ഷിക്കുന്ന ദൈവത്തെ കാണിച്ചു ഭയപ്പെടുത്തണമെങ്കില്‍ പഴയനിയമം വേണ്ടേ?
ഇതുപോലെതന്നെ കുഴക്കുന്നതാണ് ഉല്‍പ്പത്തിയുടെ പുസ്തകത്തിലുള്ള ദിവസക്കണക്കും. സ്രഷ്ടാവിന്റെ ഒരു ദിവസമെന്നത് വെറും 24 മണിക്കൂറായാണ് പല വൈദികരും എടുത്തിരിക്കുന്നത്. മനുഷ്യന്‍ പരിണാമപ്പെടുകയായിരുന്നുവെന്ന ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പ്രഖ്യാപനം ആര്‍ക്കും മനസ്സിലാകാതെ പോയതും അതുകൊണ്ടാണ്. ഭാരതീയ കാലഗണനം അനുസരിച്ച് ഒരു മനുഷ്യവര്‍ഷം = ഒരു ദേവദിവസം, 360 ദേവദിവസം = ഒരു ദേവവര്‍ഷം, 4800 ദേവവര്‍ഷം = കൃതായുഗം, 3600 ദേവവര്‍ഷം = ത്രേതായുഗം, 2400 ദേവവര്‍ഷം = ദ്വാപരയുഗം, 1200 ദേവവര്‍ഷം = കലിയുഗം, നാലു യുഗങ്ങള്‍ ചേര്‍ന്നത് മഹായുഗം, 2000 മഹായുഗങ്ങള്‍ = ഒരു ബ്രഹ്മദിനം, 360 ബ്രഹ്മദിനം = ഒരു ബ്രഹ്മവര്‍ഷം, 1000 ബ്രഹ്മവര്‍ഷം = ബ്രഹ്മാവിന്റെ ആയുസ്സ്.
ഈ കാലക്കണക്ക് അവിടെ നില്‍ക്കട്ടെ, നമുക്കു വേറൊരു ചിന്തയിലേക്കു പോകാം. ചലനമില്ലാതെ യാതൊന്നിനും ഇവിടെ ആയിരിക്കാനാവില്ല. ഭൂമിക്കു സ്വയം ഒന്നു കറങ്ങാന്‍ 24 മണിക്കൂര്‍ വേണം - അതാണ് ഭൂമിയുടെ ഒരു ദിവസം. പ്രപഞ്ചത്തില്‍ 24 മണിക്കൂര്‍ ഒരു ദിവസമായിട്ടുള്ളത് ഭൂമിയെന്ന ഗ്രഹത്തിനു മാത്രമാകാം. സൂര്യന് സ്വന്തം അച്ചുതണ്ടില്‍ ഒന്നു കറങ്ങാന്‍ 22.5 കോടി വര്‍ഷം വേണം, സൗരയൂഥവും കറങ്ങുന്നുണ്ട്, ക്ഷീരപഥവും കറങ്ങുന്നുണ്ട് - അതിനാല്‍ത്തന്നെ അവക്കെല്ലാം വ്യത്യസ്ത അളവുകളുള്ള ദിവസങ്ങളുമുണ്ട്. എത്രയോ സഹസ്രാബ്ദങ്ങള്‍ ചേരുന്നതാവണം ക്ഷീരപഥത്തിന്റെ ഒരു ദിവസം. അതിരുകളില്ലാത്ത പ്രപഞ്ചത്തിന്റെയെല്ലാം അധിപനായിരിക്കുന്ന ദൈവത്തിന്റെ ഒരു ദിവസമെന്നത് ബ്രഹ്മാവിന്റെ ഒരു വര്‍ഷമായി എടുത്തുകൂടേ? അത്രയും കാലം പോരേ, മാര്‍പാപ്പാ പറഞ്ഞതുപോലെ മനുഷ്യനു പരിണാമപ്പെടാന്‍? ശാസ്ത്രം തെളിയിച്ച പരിണാമസിദ്ധാന്തത്തോട് മല്ലിടുകയല്ല, പകരം പഴയനിയമകഥകളെ താത്വികമായി മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്. പരിണാമസിദ്ധാന്തം സത്യമോയെന്നതിനെപ്പറ്റി പലയിടത്തും ചര്‍ച്ചനടക്കുന്നതുകൊണ്ടാണ് എന്റെ എളിയ ചിന്ത ഞാനിവിടെ പങ്കുവയ്ക്കുന്നത്, അവിടെയെല്ലാം സമയത്തെപ്പറ്റിയും പരാമര്‍ശമുണ്ടാകുന്നുണ്ട്.
സമയമെന്നതിനൊരു നിര്‍വ്വചനമുണ്ട് - 'Space between two experiences'. മതവും ശാസ്ത്രവും ഒന്നാണ്, രണ്ടിനെയും മനസ്സിലാക്കാന്‍ കഴിയാത്തവര്‍ സമാന്തരമായും സഞ്ചരിക്കുന്നു. അവര്‍ അനേകരെ ആ വഴി നയിക്കുകയും ചെയ്യുന്നു - ഈ കാലഘട്ടത്തിന്റെ ഏറ്റവും വലിയ ദുരന്തം അതുതന്നെയാണ്.

No comments:

Post a Comment