Translate

Friday, December 29, 2017

ജോസഫ് പുലിക്കുന്നേലിന്റെ ഒസ്യത്ത്


ഓശാനസ്ഥാപനങ്ങളും മാസികയും മലയാളം ബൈബിളും വഴി കേരള കത്തോലിക്കാസഭയില്‍ നവീകരണപ്രസ്ഥാനങ്ങള്‍ക്കെല്ലാം മാര്‍ഗദര്‍ശിയായി പ്രവര്‍ത്തിച്ചിരുന്ന ജോസഫ് പുലിക്കുന്നേലിന്റെ മൃതദേഹം ഇന്നു രാവിലെ പതിനൊന്നുമണിക്ക് ഓശാനമൗണ്ടില്‍ ദഹിപ്പിക്കുന്നതാണ്.


കേരള ക്രൈസ്തവസഭയുടെ മഹത്തായ പാരമ്പര്യമായ മാര്‍ത്തോമ്മായുടെ മാര്‍ഗവും വഴിപാടും പുനഃസ്ഥാപിക്കുന്നതിന് സഹായകമായവിധം ജസ്റ്റീസ് വി. ആര്‍ കൃഷ്ണയ്യര്‍ കേരളസര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള  കേരള ക്രിസ്ത്യന്‍ ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ട്രസ്റ്റ് ബില്‍ നടപ്പിലാക്കുന്നതിനു വേണ്ടി പ്രവര്‍ത്തിക്കുക എന്നതായിരിക്കും അദ്ദേഹത്തിനുവേണ്ടി നല്കാവുന്ന സമുചിതമായ അന്തിമോപചാരം. 

രണ്ടായിരത്തിയെട്ട് നവംബര്‍ മാസം 18ാം തീയതി എഴുതിവച്ച അദ്ദേഹത്തിന്റെ മരണപത്രത്തില്‍നിന്നുള്ള ശ്രദ്ധേയമായ ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു. 

77 വയസ്സാകുന്ന ഞാന്‍ മരണത്തിന്റെ ചിറകടി അങ്ങകലെനിന്നും ഇങ്ങടുത്തുനിന്നും കേള്‍ക്കുന്നുണ്ട്.

ഞാന്‍ എന്റെ ജീവിതകാലത്ത് എന്റെ പിതൃആര്‍ജ്ജിതസമ്പത്ത് കാത്തുസൂക്ഷിക്കുകയും എന്റെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും അവര്‍ക്ക് ജീവിതസുരക്ഷ സൃഷ്ടിക്കുന്നതിനുംവേണ്ടി വിനിയോഗിച്ചു. ആശയതലത്തില്‍ കത്തോലിക്കാസമുദായത്തിനുള്ളില്‍ നവീകരണത്തിന്റെ ശംഖൊലിയായി ഓശാന മാസിക ആരംഭിച്ചു. ആ മാസിക സമൂഹത്തിന് എന്തു ഗുണം ചെയ്തു എന്ന് ചരിത്രം സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് എനിക്കുറപ്പുണ്ട്. അതുപോലെതന്നെ പൊതുസമൂഹത്തെ ജാതി-മത ഭേദമില്ലാതെ സേവിക്കുന്നതിന് ഓശാനമൗണ്ട് സ്ഥാപനങ്ങളും ഞാന്‍ സ്ഥാപിക്കുകയുണ്ടായി. എന്റെ മരണശേഷം ഇവയെക്കുറിച്ചുള്ള എന്റെ ദര്‍ശനങ്ങള്‍ പൊതുജനസമക്ഷം അവതരിപ്പിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിക്കുന്നു.

1) എന്റെ സ്വത്തിനെ സംബന്ധിച്ചുള്ള മരണപത്രം

രണ്ടായിരത്തിയെട്ട് നവംബര്‍ മാസം 18ാം തീയതി ചൊവ്വാഴ്ച കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ഇടമറ്റം കരയില്‍ പുലിക്കുന്നേല്‍ മൂന്നുപീടിക വീട്ടില്‍ താമസിക്കുന്ന, പുലിക്കുന്നേല്‍ മിഖായേല്‍ സ്‌കറിയായുടെയും എലിസബത്തിന്റെയും മകനായ 76 വയസ്സുള്ള ജോസഫ് പുലിക്കുന്നേല്‍ എന്നു വിളിപ്പേരുള്ള സ്‌കറിയാ ജോസഫ് എന്ന ഞാന്‍, എന്റെ ഉടമസ്ഥതയിലും കൈവശാവകാശത്തിലും ഇരിക്കുന്നതുമായ എല്ലാ സ്ഥാവര ജംഗമവസ്തുക്കളെക്കുറിച്ചും, എന്റെ മരണശേഷം എങ്ങനെ വിനിയോഗിക്കണമെന്ന് എഴുതിവച്ച മരണപത്രം.

എന്റെ ഭാര്യ കൊച്ചുറാണി 2008 ഫെബ്രുവരി 22-ാം തീയതി ഇഹലോകവാസം വെടിഞ്ഞു. എനിക്ക് 76 വയസ് കഴിഞ്ഞു. ഇത്രയുംകാലം ആരോഗ്യത്തോടുകൂടി എന്റെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കാന്‍ കഴിഞ്ഞതില്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ ഭൗതികസമ്പത്തിനെ സംബന്ധിച്ച് ഒരു മരണപത്രം(ംശഹഹ) എഴുതിവെയ്‌ക്കേണ്ടതാണെന്ന് എനിക്കു തോന്നുന്നു.

എന്റെ ഭാര്യ ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ ഇത്തരം ഒരു മരണപത്രത്തെക്കുറിച്ച് ഞങ്ങള്‍ തമ്മില്‍ സംസാരിച്ചിട്ടുണ്ട്. ഈ മരണപത്രത്തില്‍ എന്റെ സാമൂഹ്യവീക്ഷണത്തെ പ്രതിഫലിപ്പിക്കുന്നു.

എന്റെ പേരില്‍ കോട്ടയം ജില്ലയില്‍ മീനച്ചില്‍ താലൂക്കില്‍ പൂവരണി വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 42-ല്‍ താഴെ പറയുംപ്രകാരം ഭൂസ്വത്തുണ്ട്. 

            1)         61/1      2.40 ആര്‍                      5.90 സെന്റ്

            2)         61/2      2 ഹെക്ടര്‍ 20.40 ആര്‍     5 ഏക്കര്‍ 44 സെന്റ്

            3)         61/7      1.90 ആര്‍                      4.70 സെന്റ്

            4)         61/4      0.95 ആര്‍                      2.30 സെന്റ്

            5)         61/4      3.64 ആര്‍                      9 സെന്റ്

            6)         61/4      36.83 ആര്‍                    91 സെന്റ്

                        ആകെ                           6 ഏക്കര്‍ 57 സെന്റ്

ടി സ്ഥലത്ത് എന്റെ പിതാവ് നിര്‍മ്മിച്ച മൂന്നുപീടികയില്‍ വീടും ഞാന്‍ നിര്‍മ്മിച്ച പുലിക്കുന്നേല്‍ ഓഡിറ്റോറിയവും ഞാനിപ്പോള്‍ താമസിക്കുന്ന നാലാം വീടും ഒരു പശുത്തൊഴുത്തും ജംഗമവസ്തുക്കളും ഉണ്ട്. എന്റെ ജനനകാലത്ത് (1932) എന്റെ പിതാവ് നിര്‍മ്മിച്ച മൂന്നുപീടികയില്‍ ഭവനം പൂര്‍ണമായും തടിയില്‍ നിര്‍മ്മിച്ചിട്ടുള്ളതും കേരളശില്പകലയ്ക്ക് ഒരു അപൂര്‍വമാതൃകയുമാണ്.

കഴിഞ്ഞ 34 കൊല്ലക്കാലമായി എന്റെ കഴിവനുസരിച്ച് ഞാന്‍ ജീവിക്കുന്ന സമൂഹത്തിന് നന്മ ചെയ്യുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ക്രൈസ്തവസമൂഹത്തില്‍ ഞാന്‍ കണ്ട ജീര്‍ണതയ്‌ക്കെതിരെയും ഞാന്‍ പോരാടി. എന്റെ ഈ പ്രവര്‍ത്തനങ്ങള്‍ എന്റെ മരണശേഷവും തുടരണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഈ രണ്ടു ലക്ഷ്യങ്ങളോടുംകൂടിയാണ് ഈ മരണപത്രം ഞാന്‍ തയാറാക്കിയിരിക്കുന്നത്.

എന്റെ മരണശേഷം എന്റെ പേരിലുള്ള എല്ലാ സ്ഥാവരജംഗമ വസ്തുക്കളും ഞാന്‍ സ്ഥാപിച്ച പുലിക്കുന്നേല്‍ ഫൗണ്ടേഷന് നല്‍കുന്നു.

ഫൗണ്ടേഷന്റെ ചെലവുകളും കഴിഞ്ഞ് ബാക്കി തുക എന്റെ തീരുമാനമനുസരിച്ച് (a) പുലിക്കുന്നേല്‍ കുടുംബങ്ങളില്‍ വിദ്യാഭ്യാസത്തിനോ രോഗശുശ്രൂഷയ്‌ക്കോ ബുദ്ധിമുട്ടുന്ന വ്യക്തികള്‍ക്കും (b) മീനച്ചില്‍, തിടനാട്, ഭരണങ്ങാനം പഞ്ചായത്തിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിനും രോഗശുശ്രൂഷയ്ക്കുമായും ചെലവാക്കുന്നതിനും (c) സാഹിത്യം, പ്രസിദ്ധീകരണം, വിദ്യാഭ്യാസം, കല എന്നിവയുടെ വികസനത്തിനും (d) ആയുര്‍വേദം, പ്രകൃതിചികിത്സ എന്നിവയുടെ വളര്‍ച്ചയ്ക്കും വ്യാപനത്തിനുമായിരിക്കണം ചെലവഴിക്കേണ്ടത്.

അറ്റ വരുമാനത്തില്‍ 20 % തുക ഞാന്‍ സ്ഥാപിച്ച ഇഞഘട  എന്ന സംഘടനയുടെ കീഴിലുള്ള 'ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ക്രിസ്ത്യന്‍ സ്റ്റഡീസ്' എന്ന സ്ഥാപനത്തിനും ഞാന്‍ സ്ഥാപിച്ച 'ഗുഡ് സമരിറ്റന്‍ പ്രോജക്ട് ഇന്ത്യ' എന്ന സംഘടനയ്ക്കും നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.


ഇപ്പോഴത്തെ സാഹചര്യത്തില്‍ വസ്തുവില്‍നിന്നുള്ള വരുമാനം, സേവനപ്രവര്‍ത്തനത്തിനായി മിച്ചംവയ്ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഫൗണ്ടേഷന് സ്വീകരിക്കാവുന്നതാണ്.

ട്രസ്റ്റ് സ്വത്തുക്കള്‍, ലക്ഷ്യസാക്ഷാത്ക്കാരത്തിനായി ട്രസ്റ്റിന് വില്‍ക്കാവുന്നതാണ്. വിറ്റു കിട്ടുന്ന തുക ദേശസാല്‍കൃത ബാങ്കിലോ റിസര്‍വ് ബാങ്കിലോ നിക്ഷേപിക്കാവുന്നതും പലിശകൊണ്ട് ഈ മരണപത്രത്തില്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യേണ്ടതുമാണ്.

ഈ മരണപത്രത്തില്‍ അനുശാസിക്കുന്ന കാര്യങ്ങള്‍ തര്‍ക്കമില്ലാതെ നടപ്പാക്കേണ്ടതാണ്.

എന്റെ ഈ മരണപത്രത്തിനു പിന്നിലെ സാമൂഹികപ്രേരണ

എനിക്ക് വിവാഹിതരായ 3 പെണ്‍മക്കളും ഒരു മകനുമാണുള്ളത്. ഈശ്വരാനുഗ്രഹത്താല്‍ അവരുടെ സാമ്പത്തികനില ഭദ്രമാണ്. അതിന് ഞാന്‍ ദൈവത്തിന് നന്ദി പറയുന്നു. എന്റെ മകന്‍ രാജു ബാംഗ്ലൂരില്‍ സ്വന്തമായി ബിസിനസ്സ് ചെയ്യുന്നു. ബിസിനസില്‍ നല്ല വരുമാനമുണ്ട്. അവന്‍ കുടുംബസമേതം വീടുവെച്ച് അവിടെത്തന്നെ താമസിക്കുന്നു. തന്മൂലം അവന് എന്റെ ഭൂസ്വത്തും അതില്‍നിന്നുള്ള ആദായവും ജീവസന്ധാരണത്തിന് ആവശ്യവുമില്ല.

ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥ

ഞാന്‍ ജനിച്ചതും എന്റെ ബാല്യം പിന്നിട്ടതും ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയുടെ കാലത്തായിരുന്നു. അന്ന് കൃഷിയായിരുന്നു പ്രധാനമായ ജീവസന്ധാരണമാര്‍ഗ്ഗം. എന്നാല്‍ ഇന്ന് ജീവസന്ധാരണമാര്‍ഗ്ഗങ്ങളില്‍ വൈവിധ്യം വന്നുചേര്‍ന്നിരിക്കുന്നു. ഫ്യൂഡല്‍ കാര്‍ഷികവ്യവസ്ഥയില്‍ പിതാവിന്റെ സ്വത്ത് മക്കള്‍ക്കുള്ളതാണ് എന്ന പാരമ്പര്യമായ കാഴ്ചപ്പാടാണ് ഉണ്ടായിരുന്നത്. പിതാവ് മക്കള്‍ക്കുവേണ്ടിയായിരുന്നു ഭൂമി സമ്പാദിച്ചിരുന്നത്. മക്കള്‍ക്ക് മറ്റു ജീവിതമാര്‍ഗ്ഗങ്ങള്‍ അക്കാലത്ത് വളരെ വിരളമായിരുന്നു. സമ്പത്തുള്ളവരുടെ മക്കള്‍ അദ്ധ്വാനിക്കാതെ പൂര്‍വികരുടെ അദ്ധ്വാനഫലം ആശ്രയിച്ചു ജീവിക്കുകയും പിന്‍തലമുറക്കുവേണ്ടി സമ്പത്ത് സമ്പാദിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു കുടുംബത്തില്‍ ശക്തമായി നിലനിന്നിരുന്ന പ്രേരണ. സമ്പന്നനായ പിതാവിന്റെ മക്കള്‍ അദ്ദേഹത്തിന്റെ സമ്പത്തിന്റെ ഗുണഭോക്താക്കളാകും എന്ന ഇന്നത്തെ ധാരണ പലപ്പോഴും നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിക്കാതെ പിതാക്കന്മാരുടെ നെറ്റിയിലെ വിയര്‍പ്പിനെ ആശ്രയിച്ച് ജീവിക്കാന്‍ മക്കളെ പ്രേരിപ്പിച്ചു.  മക്കള്‍ ഇതരജീവിതമാര്‍ഗ്ഗങ്ങളില്‍ പ്രവേശിച്ച് ക്രമമായ വരുമാനമുള്ളവരാണെങ്കില്‍പ്പോലും ആ വരുമാനത്തിനുപുറമെ പിതാക്കന്മാരുടെ കൃഷിഭൂമികള്‍ സ്വന്തമായി വെക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. ഇങ്ങനെ ഒരേ അവസരത്തില്‍ രണ്ടു സ്രോതസ്സുകളിലുള്ള വരുമാനം സ്വന്തമാക്കിവെക്കുന്ന ഒരു സമൂഹവ്യവസ്ഥ വ്യക്തിയില്‍ സമ്പത്ത് കുന്നുകൂടുന്നതിന് സഹായകമായിത്തീരും. മാത്രമല്ല, കൃഷിഭൂമി കൃഷിക്കാരില്‍നിന്നും മാറ്റി ഉദ്യോഗസ്ഥന്മാരിലേക്കോ ബിസിനസ്സുകാരിലേക്കോ എത്തിപ്പെടുകയും തന്മൂലം യഥാര്‍ത്ഥ കൃഷിക്കാരന് കൃഷിഭൂമി ലഭ്യമാകാതെ വരികയും ചെയ്യുന്നു. ഇത് പാടില്ലെന്നാണ് എന്റെ വിനീതമായ സാമൂഹികാഭിപ്രായം. സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന മക്കള്‍ക്ക് പൂര്‍വ്വാര്‍ജ്ജിതകൃഷിഭൂമി നല്‍കുന്നത് സാമ്പത്തികസമതുലിതാവസ്ഥക്കും കൃഷിക്കും വിനയായിത്തീരും. ഇത്തരം അവസരങ്ങളില്‍ സ്വന്തമായി ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവര്‍ പൂര്‍വാര്‍ജിതസ്വത്ത് സമൂഹത്തിന്റെ പൊതുനന്മയ്ക്കായി വിട്ടുകൊടുക്കണം എന്നാണ് എന്റെ എളിയ ആഗ്രഹം. എന്റെ മക്കളെല്ലാവരും സ്വന്തമായി അധ്വാനിച്ച് ജീവിക്കുന്നവരാണ്. അവരൊന്നുംതന്നെ കാര്‍ഷികവൃദ്ധിയില്‍നിന്നും ജീവിതസന്ധാരണം കണ്ടെത്തേണ്ടതില്ല. ആ സാഹചര്യത്തില്‍ എന്റെ ഭൂസ്വത്തുകൂടി അവരുടെ സമ്പത്തിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഉപയോഗിക്കുന്നത് എന്റെ സാമൂഹികവീക്ഷണത്തില്‍ ശരിയാണെന്ന് തോന്നുന്നില്ല. എന്റെ പേരില്‍ ഇന്ന് 6 ഏക്കര്‍ 57 സെന്റ് സ്ഥലവും എന്റെ തറവാട് പുരയും കൂടാതെ പുലിക്കുന്നേല്‍ ഓഡിറ്റോറിയവും സ്വന്തമായിട്ടുണ്ട്.

മുന്‍കാലങ്ങളില്‍ പ്രമുഖ ക്രൈസ്തവ കുടുംബങ്ങളുടെ മരണപത്രത്തില്‍ പൊതുജനങ്ങള്‍ക്കായി കുറെ വസ്തുവകകള്‍ നീക്കിവെക്കുന്ന സമ്പ്രദായം നിലവിലുണ്ടായിരുന്നു. അത് പലപ്പോഴും പള്ളികള്‍ക്കാണ് നല്‍കിപ്പോന്നത്. ഒരു ഫൗണ്ടേഷന്‍ എന്ന നിലയില്‍ പള്ളികള്‍ ദാതാവിന്റെ ഇഷ്ടപ്രകാരം പ്രവര്‍ത്തിക്കും എന്ന പ്രതീക്ഷ പണ്ടുകാലത്തുണ്ടായിരുന്നു. എന്നാല്‍ ഇന്ന് പള്ളികള്‍ക്കോ പള്ളിവക സ്ഥാപനങ്ങള്‍ക്കോ നല്‍കുന്ന ഇഷ്ടദാനങ്ങളൊന്നും അതിന്റെ ലക്ഷ്യത്തില്‍ പ്രവര്‍ത്തിക്കാറില്ല. തന്മൂലം ഓരോ കുടുംബങ്ങളും പൊതുജന സഹായത്തിനായി കുടുംബഫൗണ്ടേഷനുകള്‍ സ്ഥാപിക്കുന്നത് നന്നായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.

എന്റെ മരണശേഷം നിയമപരമായി ഈ വസ്തുക്കള്‍ കൈവശം വെക്കുകയും എന്റെ താല്പര്യമനുസരിച്ച് നടപ്പിലാക്കുകയും ചെയ്യുന്നതിന് പുലിക്കുന്നേല്‍ ഫൗണ്ടേഷനെ ഞാന്‍ ചുമതലപ്പെടുത്തുന്നു.  എന്റെ മരണശേഷം ഉടനടി പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ എന്റെ സ്ഥാവരജംഗമവസ്തുക്കളുടെ ഉടമസ്ഥാവകാശം ഏറ്റെടുക്കേണ്ടതാണ്.

2002 ഏപ്രില്‍ 14-ാം തീയതി ഞാന്‍ എഴുതി പ്രസിദ്ധീകരിച്ച 'എന്റെ ശേഷക്രിയകള്‍' എന്ന ലഘുലേഖയില്‍ 7-ാം ഖണ്ഡിക ഞാന്‍ തിരുത്തുന്നു. എന്റെ മൃതദേഹസംസ്‌കാരം പുലിക്കുന്നേല്‍ ഫൗണ്ടേഷന്‍ അംഗങ്ങളുടെ മേല്‍വിചാരത്തില്‍ വേണം നടത്താന്‍. മൃതദേഹ സംസ്‌കാരത്തിനുള്ള സ്ഥലം തെരഞ്ഞെടുക്കേണ്ടത് ഫൗണ്ടേഷന്‍ അംഗങ്ങളാണ്. അതിനുള്ള ചെലവ് ഞാന്‍ അവരെ ഏല്പിച്ചിട്ടുണ്ട്. പ്രസ്തുത ലഘുലേഖയില്‍ 11-ാം ഖണ്ഡിക ഇങ്ങനെ ഞാന്‍ തിരുത്തുന്നു. മൃതദേഹം വെയ്ക്കാനുള്ള പെട്ടി ഞാന്‍ പണിതു വെച്ചിട്ടുണ്ട്. മറ്റെല്ലാ നിര്‍ദ്ദേശങ്ങളും നിലനിര്‍ത്തുന്നു.

ഞങ്ങള്‍, ഞങ്ങളുടെ കുടുംബപ്രാര്‍ത്ഥനയില്‍ നിത്യം ചൊല്ലിവന്നിരുന്ന പ്രാര്‍ത്ഥനയിലെ ഈ ഭാഗം പ്രത്യേകം ഓര്‍ക്കുക. ''കൊടുക്കുമ്പോഴാണ് നമുക്ക് ലഭിക്കുന്നത്.''

എന്റെ മരണശേഷം ഈ മരണപത്രം അച്ചടിച്ച് ജനങ്ങള്‍ക്ക് നല്‍കേണ്ടതാണ്.

ഇടമറ്റം                                                  ജോസഫ് പുലിക്കുന്നേല്‍

18-11-2008                                             (സ്‌കറിയാ ജോസഫ്)
 NB
ഓശാനമൗണ്ട് സ്ഥാപനങ്ങളെ സംബന്ധിച്ച്, ഓശാനയെപ്പറ്റി എന്നീ ഭാഗങ്ങള്‍ അടുത്ത ദിവസങ്ങളില്‍

1 comment:

  1. http://epaper.manoramaonline.com/edaily/FlashClient/Show_Story_IPad.aspx?storySrc=http://static-editions.manoramaonline.com/EDaily_Data/MMDaily/Kottayam/2017/12/29/F/MMDaily_Kottayam_2017_12_29_F_ED_010_PR.jpg&uname=&top=559&left=192&currpage=010&pageurl=http://epaper.manoramaonline.com/edaily/FlashClient/Show_Story_IPad.aspx?storySrc=http://static-editions.manoramaonline.com/EDaily_Data/MMDaily/Kottayam/2017/12/29/F/MMDaily_Kottayam_2017_12_29_F_ED_

    ReplyDelete