Translate

Thursday, January 31, 2019

സഭാസ്വത്തുക്കള്‍ തിന്നുകൊഴുത്ത ഇടയന്മാര്‍ കുഞ്ഞാടുകളുടെ ചോരയ്ക്കായി കച്ചമുറുക്കുന്നു


സന്തോഷ് ജേക്കബ്  ഫോണ്‍:  9447297554



(JCC നിര്‍വ്വാഹക സമിതിയംഗം)

ഏതൊരു വ്യക്തിയോ  പ്രസ്ഥാനമോ ആകട്ടെ,  അല്ലെങ്കില്‍ സ്ഥാപനമോ രാജ്യംതന്നെയോ ആകട്ടെ, അതിന്റെ ആരോഗ്യകരമായ നിലനില്പിന് സാമ്പത്തികവും സാംസ്‌കാരികവുമായ  അച്ചടക്കം അനിവാര്യമാണ്. അതിനുവേണ്ടിയാണ് മനുഷ്യസമൂഹം സാമൂഹിക-സാമ്പത്തികസുരക്ഷാനിയമങ്ങള്‍ പാസ്സാക്കി നടപ്പിലാക്കി പ്പോരുന്നത് . പഴയനിയമത്തില്‍  പറയുന്ന ബാബിലോണിന്റെ ചരിത്രം പരിശോധിച്ചാല്‍,  ആ പ്രദേശത്തെ മനുഷ്യരുടെ സാമ്പത്തിക-സാംസ്‌കാരിക അരാജകത്വംമൂലമായിരുന്നു, അത്രയും ഉന്നതിയില്‍ നിന്നിരുന്ന നഗരം തകര്‍ന്നുതരിപ്പണമായതെന്നു കാണാനാവും. പുതിയനിയമത്തില്‍, ദേവാലയങ്ങളില്‍ നടന്നിരുന്ന പുരോഹിതരുടെയും ഫരിസേയരുടെയും സാമ്പത്തികചൂഷണവും അരാജകത്വവും ചോദ്യംചെയ്തുകൊണ്ടാണ് യേശു തന്റെ പരസ്യജീവിതം തുടങ്ങുന്നതുതന്നെ. ഇതില്‍നിന്നെല്ലാം നാം മനസ്സിലാക്കേണ്ടത്, പുരോഹിതരുടെയും ഭരണാധികാരികളുടെയും ചൂഷണങ്ങളും അധീശത്വവും ചോദ്യംചെയ്യപ്പെടേണ്ടതുണ്ടെന്നും അതിനു ക്രിസ്തുവിശ്വാസികളായ നാമോരോരുത്തര്‍ക്കും ഉത്തരവാദിത്വമുണ്ടെന്നുമാണ്.
പുരോഹിതര്‍ സഭയുടെ  തിരുക്കര്‍മ്മങ്ങള്‍ക്കു നേതൃത്വംനല്‍കേണ്ടവരാണ് എന്നതില്‍ ആര്‍ക്കും തര്‍ക്കമില്ല. എന്നാല്‍ അവര്‍ ആ സ്ഥാനം ദുരുപയോഗംചെയ്തു സര്‍ക്കാരിനെയും സഭാമക്കളെയും ചൂഷണംചെയ്യുന്ന കാഴ്ച ക്രൈസ്തവമൂല്യങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വിശ്വാസിക്കും  വെറുതെ നോക്കിയിരിക്കാന്‍ കഴിയില്ല. കാരണം, ഇത് അനുവദിച്ചാല്‍ നാളെ അവര്‍ നമ്മുടെ ദേവാലയംതന്നെ തകര്‍ത്തു നമ്മേ ചിതറിക്കും.  ഇതിനുള്ള മുന്നറിയിപ്പ് ജെറൂശലേം ദേവാലയത്തെ പരാമര്‍ശിച്ചുകൊണ്ട് യേശു നമുക്കു നല്‍കുന്നുണ്ട്.  പൗരോഹിത്യത്തിന്റെ പൊതു സ്വഭാവത്തെയും സമീപനത്തെയുംകുറിച്ച്  യേശു നമുക്കു നല്‍കിയിട്ടുള്ള പാഠങ്ങള്‍ നാമിവിടെ ഓര്‍ക്കുന്നത് ഉചിതമാണ്:
'അവര്‍ ഭാരമുള്ള ചുമടുകള്‍ മനുഷ്യരുടെ ചുമലുകളില്‍ വച്ചുകൊടുക്കുന്നു, സഹായിക്കാന്‍ ചെറുവിരല്‍ അനക്കാന്‍പോലും തയ്യാറാകുന്നുമില്ല'; 'മറ്റുള്ളവര്‍ കാണുന്നതിനുവേണ്ടിയാണ് അവര്‍ തങ്ങളുടെ പ്രവൃത്തികളെല്ലാം ചെയ്യുന്നത്'; 'അവര്‍ തങ്ങളുടെ നെറ്റിപ്പട്ടങ്ങള്‍ക്കു വീതിയും വസ്ത്രത്തിന്റെ തൊങ്ങലുകള്‍ക്കു നീളവും കൂട്ടുന്നു'; 'വിരുന്നുകളില്‍ പ്രമുഖസ്ഥാനവും സിനഗോഗുകളില്‍ പ്രധാന പീഠവും നഗരവീഥികളില്‍ അഭിവാദനവും മനുഷ്യരില്‍നിന്ന് 'ഗുരോ' എന്ന സംബോധനയും മോഹിക്കുന്നു.' തുടര്‍ന്ന് യേശു കല്പിക്കുന്നു:  ''എന്നാല്‍ നിങ്ങള്‍ 'ഗുരു' എന്നു വിളിക്കപ്പെടരുത്. എന്തെന്നാല്‍ നിങ്ങള്‍ക്ക് ഒരു ഗുരുവേയുള്ളു. നിങ്ങളെല്ലാം സഹോദരന്മാര്‍ ആണ്. ഭൂമിയില്‍ നിങ്ങള്‍ ആരെയും 'പിതാവേ' എന്നു വിളിക്കരുത്. എന്തെന്നാല്‍  നിങ്ങള്‍ക്ക്  ഒരു പിതാവേയുള്ളൂ, സ്വര്‍ഗ്ഗസ്ഥനായ പിതാവ്. നിങ്ങള്‍ നേതാക്കന്മാര്‍ എന്നും വിളിക്കപ്പെടരുത്; എന്തെന്നാല്‍, ക്രിസ്തുവാണ് നിങ്ങളുടെ ഏക നേതാവ്. നിങ്ങളില്‍ ഏറ്റവും വലിയവന്‍ നിങ്ങളുടെ ശുശ്രൂഷകന്‍ ആയിരിക്കണം'' (മത്താ. 23:4-11).
പുരോഹിതവര്‍ഗത്തിന്റെ അധികാരദുര്‍മ്മോഹങ്ങളെക്കുറിച്ചും, അവരെ നിയന്ത്രിച്ചുകൊണ്ടുപോകേണ്ടത് സഭയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം ആണെന്നതിനെക്കുറിച്ചും, അതെങ്ങനെ എന്നതിനെക്കുറിച്ചും വ്യക്തത ലഭിക്കാന്‍ നാം വേറെ എവിടെയും പോകേണ്ടതില്ല; മുകളില്‍ സൂചിപ്പിച്ച ബൈബിള്‍ വചനങ്ങള്‍മാത്രം മതിയാകും.
അഭിവന്ദ്യ  ഫ്രാന്‍സീസ് മാര്‍പാപ്പ ഈ അടുത്ത കാലത്തായി ധാരാളം ഏറ്റുപറച്ചിലുകള്‍ നടത്തുന്നുണ്ട്.  അതെല്ലാം, പുരോഹിതന്മാരില്‍നിന്നും ബിഷപ്പുമാരില്‍നിന്നുമെല്ലാം ഉണ്ടാകുന്ന  ക്രൂരവും നിന്ദ്യവുമായ പ്രവൃത്തികളില്‍ മനംനൊന്ത് നടത്തിയവയായിരുന്നു. ആധുനികസഭ ക്രൈസ്തവമൂല്യങ്ങളനുസരിച്ചു  പ്രവര്‍ത്തിച്ച് ലോകത്തിനു മാതൃകയായിത്തീരണം  എന്നതാണ് ഫ്രാന്‍സീസ് പാപ്പയുടെ  ഓരോ  സന്ദേശത്തിന്റെയും ലക്ഷ്യം.
ഈ വസ്തുതകളെല്ലാം നിലനില്‍ക്കുമ്പോഴാണ്,  വരാപ്പുഴ അതിരൂപതയുടെ കീഴിലുള്ള കൊങ്ങോര്‍പ്പിള്ളി സെന്റ്ആന്റ്റണീസ് ദൈവാലയത്തില്‍  അംഗങ്ങളായിട്ടുള്ള കുടുംബങ്ങള്‍ക്ക്  പുതുതായി തയ്യാറാക്കി നല്‍കിയിരി ക്കുന്ന 'കുടുംബ രജിസ്റ്റര്‍' എന്ന ഫത്വയിലൂടെ, ബൈബിളിള്‍ വചനങ്ങള്‍ക്കും രാജ്യത്തെ പൗരാവകാശങ്ങള്‍ക്കും,  കത്തോലിക്കാസഭയുടെ ചട്ടങ്ങളും നിയമങ്ങളും ഉള്‍ക്കൊള്ളുന്ന കാനോന്‍ നിയമത്തിനുതന്നെയും  കടകവിരുദ്ധമായ ശാസനകള്‍ പുറത്തുവരുന്നത്! ഇത് വിശ്വാസിസമൂഹം ചര്‍ച്ചചെയ്യേണ്ടിയിരിക്കുന്നു.
ഒരു വ്യക്തി കത്തോലിക്കാസഭയില്‍ അംഗമാകുമ്പോള്‍മുതല്‍ അവന്റെ  മരണംവരെ ഓരോ ഘട്ടത്തിലും പല കൂദാശകളിലൂടെയും  കടന്നുപോകണം. അതിനെല്ലാം സഭ പല വിധത്തിലുള്ള നിരക്കുകളിലൂടെ കപ്പം പിരിച്ച് വരുന്നു. 'പസവാരം' എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്.  എന്നാല്‍ ഇതിനു ചില  മാനദണ്ഡങ്ങള്‍ കാനോന്‍ നിയമത്തില്‍ പറയുന്നുണ്ട്. കാനോന്‍ 848: 'കൂദാശകളുടെ ശുശ്രൂഷ ദാരിദ്ര്യംമൂലം നിഷേധിക്കരുത്' എന്നു പറയുന്നതിനോടൊപ്പം, കൂദാശകളുടെ പരികര്‍മത്തിന് ചുമതലപ്പെട്ട അധികാരി നിശ്ചയിക്കുന്ന കാണിക്കയില്‍ കൂടുതല്‍ കാര്‍മ്മികന്‍ ആവശ്യപ്പെടരുത് എന്നും പറയുന്നു. എന്നാല്‍ വരാപ്പുഴ അതിരൂപത വിശ്വാസികള്‍ക്കായി ഇറക്കിയിരിക്കുന്ന ശാസനയില്‍ പറയുന്നത് 'മനസ്സമ്മതത്തിനു വരുമ്പോള്‍ വിവാഹ സംഭാവനയും കുറിപ്പണവും കരുതിയിരിക്കണം' എന്നാണ്! മനസ്സമ്മതമെന്നത് ഒരു കൂദാശ  അല്ലാതിരുന്നിട്ടുകൂടി ഇത്രയ്ക്കു ധാര്‍ഷ്ട്യത്തോടെ ഒരു തുക (എത്രയെന്നത് രാജാവ് തീരുമാനിക്കും!) നല്‍കണമെന്ന് ഒരു രേഖയിലൂടെ കല്‍പിക്കുമ്പോള്‍, പുരോഹിതരുടെ വിശ്വാസികളോടുള്ള സമീപനം എന്തെന്ന് വ്യക്തമാകുകയാണ്. ഇതിലൂടെ സഭാംഗങ്ങളെ വ്യക്തിപരമായി തേജോവധംചെയ്യുവാനും പരമാവധി ചൂഷണംചെയ്യുവാനും വഴിതുറക്കുകയാണ്. ഇതംഗീകരിച്ചുകൊടുത്താല്‍ നാളെമുതല്‍ അവര്‍ സര്‍ക്കാരുകളെപ്പോലെ  നികുതി പിരിവ് തുടങ്ങില്ല എന്ന് ആര്‍ക്കു പറയാനാവും?
തീര്‍ച്ചയായും സഭയുടെ നിലനില്‍പ്പിന് സമ്പത്തു അത്യന്താപേഷിതം ആണ്. എന്നാല്‍ സഭയുടെ സമ്പത്ത് നാട്ടിലെ നിയമസംഹിത കണക്കിലെടുത്തുകൊണ്ടോ, കുറഞ്ഞപക്ഷം കാനോന്‍ നിഷ്‌കര്‍ഷിക്കുന്നതുപോലെ യെങ്കിലുമോ ആണോ കൈകാര്യം ചെയ്യുന്നതെന്ന് പൊതുസമൂഹത്തെ ബോധ്യപ്പെടുത്താന്‍ സഭാധികാരികള്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സഭയുടെ സകല മേഖലകളിലും സമ്പത്ത് കൈകാര്യം ചെയ്യപ്പെടുന്നത് തീര്‍ത്തും കുത്തഴിഞ്ഞ വിധത്തിലാണെന്നത്, വിവിധ രൂപതകള്‍ക്കു വിദേശസഹായം ലഭിച്ചതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മനസ്സിലാകും. സഭാപൗരോഹിത്യം ഒരു വശത്ത് സ്ത്രീകളെയും കുട്ടികളെയും ലൈംഗികമായി  ചൂഷണംചെയ്യുമ്പോള്‍,  ഭൂമികച്ചവടം മുതല്‍ വൈരക്കല്ല് തട്ടിപ്പുവരെ മറുവശത്ത് അരങ്ങേറുന്നു! ഇതില്‍നിന്നെല്ലാം വെളിവാകുന്നത,  പുരോഹിതര്‍  ക്രൈസ്തവമൂല്യങ്ങളില്‍നിന്നും സാമാന്യ മര്യാദയില്‍നിന്നുപോലും, എത്രകണ്ട് അകന്നുപോയി എന്നതാണ.് ഇത് തീര്‍ത്തും അപകടകരമായ അവസ്ഥയാണ്.
സാമ്പത്തിക അച്ചടക്കം എല്ലാ സംവിധാനങ്ങള്‍ക്കും ഒഴിച്ചുകൂടാന്‍ വയ്യാത്തതാണ്.  പക്ഷേ  ഭാരതകത്തോലിക്കാസഭയില്‍ അങ്ങനെ ഒരു സംവിധാനം കാണാന്‍ കഴിയില്ല . നമുക്ക് ആസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെ പള്ളികളിലെ കണക്കുകള്‍ (കാനോന്‍ നിയമവും അതാതു രാജ്യത്തെ നിയമങ്ങളും അന്താരാഷ്ട്ര അക്കൗണ്ടിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സും അനുസരിച്ചു തയ്യാറാക്കിയിട്ടുള്ള കണക്കുകള്‍) ഇന്റര്‍നെറ്റില്‍ പരതിയാല്‍, ഓഡിറ്ററുടെ സര്‍ട്ടിഫിക്കറ്റ് സഹിതം കാണാം. എന്നാല്‍, നമ്മുടെ കണ്മുന്നില്‍ കാണുന്ന സ്വന്തം ഇടവകപ്പള്ളിയുടെ കണക്കുകള്‍ ഒരു കാരണവശാലും കാണാന്‍ കിട്ടുകയില്ല. എന്നുമാത്രമല്ല,  അത് ആരെങ്കിലും ചോദിച്ചാല്‍ അവനെ പള്ളിവിരുദ്ധനായി ഒറ്റപ്പെടുത്തുകയുംചെയ്യും!
ക്രിസ്തുവിനെ നിഷേധിച്ചുപറഞ്ഞാല്‍ ജീവന്‍ നിലനിര്‍ത്താമായിരുന്നിട്ടും അതിനു തയ്യാറാകാതെ, പതിനായിരക്കണക്കിനു വിശുദ്ധര്‍ ജീവന്‍ വെടിഞ്ഞു! ജറുശലേമില്‍ മുഴങ്ങിയ പത്രോസിന്റെ വാക്കുകളെ മുദ്രാവാക്യമാക്കിയ വിശുദ്ധരും സഭാപിതാക്കന്മാരും ഒഴുക്കിയ ചോരച്ചാലിലാണ് കത്തോലിക്കാസഭ വളര്‍ന്നുവന്നത്. ഭാരതകത്തോലിക്കാസഭ വിദ്യാഭ്യാസ-ആതുരശുശ്രൂഷാമേഖലകളില്‍ നല്കിയ സംഭാവനകള്‍ ഒരാള്‍ക്കും വിസ്മരിക്കാന്‍ കഴിയില്ല. എന്നാല്‍, ഇന്നത്തെ സഭ ഇതില്‍നിന്നെല്ലാം എത്രകണ്ട് വ്യതിചലിച്ചു എന്ന് ആത്മപരിശോധന നടത്തുവാന്‍ വിശ്വാസികളുടെ ഇടപെടലുകള്‍ അനിവാര്യമായി വന്നിരിക്കുന്നു.
അതിപുരാതന പള്ളികള്‍ സഭാധികാരികള്‍ നിര്‍ദ്ദയം പൊളിച്ചുകളയുന്ന കാഴ്ച ഇന്ന് സര്‍വസാധാരണം ആയിക്കൊണ്ടിരിക്കുന്നു. സഭ പൊളിച്ചുകളഞ്ഞ ശില്‍പഭംഗിയും ചരിത്രപ്രാധാന്യവുമുള്ള അനേകം പുരാതനദേവാലയങ്ങളുടെ നിരയിലേക്ക് ഇപ്പോഴിതാ, മൂഴിക്കുളം പള്ളികൂടി എണ്ണപ്പെട്ടിരിക്കുന്നു. പഴയ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ചരിത്രത്തില്‍നിന്നു മാറ്റിനിര്‍ത്താനാവാത്ത സ്ഥാനംവഹിക്കുന്ന പുരാതനദൈവാലയങ്ങളിലൊന്നാണ് മൂഴിക്കുളം സെന്റ് മേരീസ് ഫൊറോനാ പള്ളി. എറണാകുളം-അങ്കമാലി അതിരൂപതയിലാണ് ഈ ദൈവാലയം ഇന്ന് സ്ഥിതി ചെയ്യുന്നത്. രൂപതാ രേഖകളനുസരിച്ച്, മിശിഹാക്കാലം 601-ല്‍ സ്ഥാപിതമായി എന്ന് കാണുന്നു. അതിനും ഒരു നൂറ്റാണ്ടു മുന്‍പേ ക്രൈസ്തവര്‍ കൊടുങ്ങല്ലൂരില്‍ നിന്ന് ഇവിടേയ്ക്ക് കുടിയേറി എന്ന് കരുതപ്പെടുന്നു. അന്ന് അങ്കമാലിയിലെ പടിഞ്ഞാറേ പള്ളിമാത്രമാണ് അടുത്തായി ഉണ്ടായിരുന്നത്. അതിനാല്‍ ഇവിടെ ഒരു ദേവാലയം  സ്ഥാപിക്കുക എന്നത് പൂര്‍വികരുടെ ആവശ്യംകൂടിയായിരുന്നു. ബര്‍ണാഡ് തൊമ്മ അദ്ദേഹത്തിന്റെ 'മാര്‍ത്തോമ്മാ ക്രിസ്ത്യാനികള്‍' എന്ന പുസ്തകത്തില്‍ ഈ ദൈവാലയത്തെകുറിച്ചു പ്രതിപാദിച്ചിട്ടുണ്ടെന്നും രേഖകള്‍ പറയുന്നു. 
എല്ലാ നിയമങ്ങളെയും കാറ്റില്‍പ്പറത്തിയാണ് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഈ പൗരാണികപള്ളി പൊളിച്ചുനീക്കിയത്. വിശ്വാസിസമൂഹത്തെ ചിതറിച്ച് അവരുടെ പ്രതികരണശേഷി നശിപ്പിച്ചതിനുശേഷമായിരുന്നു, നടപടി. പൗലോസ്ശ്ലീഹാ പറഞ്ഞിരിക്കുന്നത്, 'നിങ്ങളെ പടുത്തുയര്‍ത്താനാണ്, നശിപ്പി ക്കാനല്ല യേശു  ഞങ്ങള്‍ക്ക് അധികാരം നല്കിയിരിക്കുന്നത്'(2 കോറി. 10: 8) എന്നാണ്. വിശ്വാസികളുടെമേല്‍ സഭാശുശ്രൂഷകര്‍ക്കുള്ള അധികാരത്തിന്റെ സ്വഭാവവും പരിധിയും ഇവിടെ വ്യക്തമാണ്. ഇതിനപ്പുറമായ അധികാരമൊന്നും വിശ്വാസികളുടെമേല്‍ പ്രയോഗിക്കാന്‍ ആരെയും യേശു ചുമതലപ്പെടുത്തിയിട്ടില്ല. അതുകൊണ്ടുതന്നെ, വിശ്വാസിസമൂഹത്തിനുമേല്‍ സഭാധികാരികള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കെതിരെ  വിശ്വാസികള്‍തന്നെ മുന്നോട്ട് വന്നില്ലെങ്കില്‍, കത്തോലിക്കാസഭ പുരോഹിതരുടെ ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി ആയി മാറുകയും, വിശ്വാസികള്‍ മറ്റ് പ്രാര്‍ത്ഥനാവേദികള്‍  തേടിപ്പോകേണ്ട അവസ്ഥ ഉണ്ടാകുകയുംചെയ്യും.
ഇതിനൊരു പ്രതിവിധി ആയാണ്  നിര്‍ദ്ദിഷ്ട ചര്‍ച്ച് ട്രസ്റ്റ് ബില്‍ കേരള-ഗവണ്‍മെന്റിനു സമര്‍പ്പിക്കപ്പെട്ടിട്ടുള്ളത്.  ഇത് നിയമമാക്കുവാനുള്ള പരിശ്രമത്തില്‍ വിശ്വാസികള്‍ മുന്നിട്ടിറങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

No comments:

Post a Comment