Translate

Friday, January 18, 2019

KCRMNA പതിമൂന്നാമത് ടെലികോൺഫെറൻസ് റിപ്പോർട്ട് ചാക്കോ കളരിക്കൽ

 

ചാക്കോ കളരിക്കൽ

KCRM North America-യുടെ പതിമൂന്നാമത് ടെലികോൺഫെറൻസ് ജനുവരി 09, 2018 ബുധനാഴ്ച വൈകിട്ട് ഒമ്പതുമണിക്ക് (EST) നടത്തുകയുണ്ടായി. രണ്ടരമണിക്കൂർ നീണ്ടുനിന്നതും ഹ്യുസ്റ്റനിൽനിന്ന് ശ്രീ എ സി ജോർജ് മോഡറേറ്റ് ചെയ്തതുമായ ആ ടെലികോൺഫെറൻസിൽ അമേരിക്കയിലെയും കാനഡയിലെയും വിവിധ ഭാഗങ്ങളിൽനിന്നുമായി അറുപതോളം ആൾക്കാർ പങ്കെടുക്കുകയുണ്ടായി. അതിൽ ഇരുപതോളം ആൾക്കാർ ജിവമായി സംവാദത്തിൽ പങ്കെടുക്കുകയും ശേഷിച്ചവർ കേഴ്വിക്കാരുമായിരുന്നു.  റവ. ഡോ. ജയിംസ് ഗുരുദാസ്, സി. എം. ഐ. ആയിരുന്നു ഇപ്രാവശ്യം വിഷയം അവതരിപ്പിച്ചത്. കെ സി ആർ എം നോർത് അമേരിക്കയുടെ ജനറൽ കോർഡിനേറ്റർ ശ്രീ ചാക്കോ കളരിക്കൽ ഗുരുദാസച്ചനെ ടെലികോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും പരിചയപ്പെടുത്തി. ജർമനിയിലെ ബോഹും (Bochum) യൂണിവേഴ്‌സിറ്റിയിൽ ക്രിസ്തുശാസ്ത്രത്തിൽ (Christology) ഉപരിപഠനം നടത്തി ഡോക്‌ടറേറ്റ് നേടിയിട്ടുള്ള അദ്ദേഹം അവതരിപ്പിച്ച വിഷയം അദ്ദേഹത്തിൻറെതന്നെ സ്പെഷ്യാലിറ്റിയായ "യേശു എന്ന മനുഷ്യൻ" ആയിരുന്നു. ഗുരുദാസച്ചൻ അവതരിപ്പിച്ച പ്രധാന ആശയങ്ങൾ വായനക്കാർക്കായി ഞാനിവിടെ പങ്കുവെയ്ക്കുന്നു. 

കാലികമായിട്ടും സ്ഥാലികമായിട്ടുമുള്ള ഒരു അകൽച്ച ഗുരുദാസച്ചനും ടെലികോൺഫെറൻസിൽ സംബന്ധിക്കുന്നവരും തമ്മിൽ ഉണ്ടെങ്കിലും എല്ലാവരും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടെന്നുള്ള അഭിപ്രായ പ്രകടനത്തോടെയും സർവകാരുണികനായ ദൈവത്തിനും കോൺഫെറൻസിൽ സംബന്ധിക്കുന്ന എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ടുമാണ് അദ്ദേഹം തൻറെ വിഷയത്തിലേയ്ക്ക് കടന്നത്. യേശുവിനോടുള്ള ഭക്തി യുക്തിയോടുള്ള സ്നേഹമായിരിക്കണമെന്നും യുക്തിയില്ലാത്ത ഭക്തി ബുദ്ധിയുള്ള മനുഷ്യർക്ക്‌ ചേർന്നതല്ലെന്നും യേശുവിൻറെ ഭക്തരായ ചിന്തിക്കുന്ന മനുഷ്യർ യുക്തിയോടെ ശാസ്ത്രീയമായിട്ട് യേശുവിനെ വിശകലനം ചെയ്യേണ്ടതാണെന്നും  അദ്ദേഹം കോൺഫെറൻസിൻറെ  ആരംഭത്തിലെ പറഞ്ഞുവെച്ചു. യേശുവിനോടുള്ള ഇന്നത്തെ ഭക്തി ആടുകളുടെ ഭക്തിപോലെയാണ്. ഇടയനും ആടും പോലെയുള്ള ബന്ധമാണ് ഇന്ന് പുരോഹിതരും ആടുകളും തമ്മിലുള്ള ബന്ധം. ഇടയനേ ചിന്താശക്തിയുള്ളൂ; ആടുകൾക്ക് ചിന്താശക്തിയില്ല. ഇടയൻ തീരുമാനമെടുക്കുന്നു; ആടുകൾ അതനുസരിക്കുന്നു. ഇടയൻ നയിക്കുന്നു; ആടുകൾ നയിക്കപ്പെടുന്നു. ചിന്തിക്കുന്ന മനുഷ്യന് ഈ അവസ്ഥ ചേർന്നതല്ല. ഭക്തിയുടെ യുക്തി ആലോചിക്കുന്ന ശാസ്ത്രമായിരിക്കണം ദൈവശാസത്രം. അതുകൊണ്ട് യേശുവിനോടുള്ള ഭക്തിയെ സംബന്ധിച്ച് പഠിച്ചതിൻറെ അടിസ്ഥാനത്തിൽ യുക്തികൊണ്ട് വിശകലനം ചെയ്യുകയാണ് അദ്ദേഹം ചെയ്തത്. 

പ്രഭാഷണരീതി വേണ്ടെന്നുവെച്ച് പ്രബോധനരീതി സ്വീകരിച്ചുകൊണ്ട് യേശു നമുക്കാരാണ് എന്ന ചോദ്യത്തിനുള്ള ഉത്തരത്തിലേയ്ക്ക് ഗുരുദാസച്ചൻ കടന്നു. യേശു നമുക്ക് ഗുരുവാണ്. പിന്നീട്, യേശുവിൻറെ പേര്, യേശു  എവിടെയാണ് ജനിച്ചത്, ആരിൽനിന്നാണ് ജനിച്ചത് തുടങ്ങിയ വിഷയങ്ങളുടെ ചരിത്ര പശ്ചാത്തലം വിശകലനം ചെയ്തു. യൗസേപ്പും മേരിയും യേശുവിൻറെ യഥാർത്ഥ മാതാപിതാക്കളാണ് (biological parents). എന്നാൽ കന്യകാജനന സിദ്ധാന്തം അർത്ഥവും പ്രസക്തിയുമുള്ള ഒന്നാണ്. ഒരിക്കലും മാറ്റിമറിക്കാൻ സാധിക്കാത്ത ഒരു വിശ്വാസസത്യമാണത്. അതിൻറെ അടിസ്ഥാനം, യേശു മഹാനായ ഒരു വ്യക്തിയാണെന്നും അത്തരം വ്യക്തികൾ ദൈവത്തിനിന്നും ജനിച്ചവനും ദൈവപുത്രനുമാണെന്ന് സ്ഥാപിക്കലാണ്. ആ കാരണത്താലാണ് യേശുവിൻറെ കന്യാജനനത്തെ സഭ അതിൻറെ പ്രധാന സിദ്ധാന്തങ്ങളിൽ ഒന്നാക്കിയിരിക്കുന്നത്. ആ സിദ്ധാന്തത്തിൻറെ തെളിവിലേയ്ക്കായി അലക്‌സാണ്ടർ ചക്രവർത്തി, ദാർശനികരായ അരിസ്റ്റോട്ടൽ, പ്ലേറ്റോ, റോമൻ ചക്രവർത്തി ജൂലിയസ് സീസർ തുടങ്ങിയ മഹാന്മാരുടെ ജനനകഥകളോട് താരതമ്യം ചെയ്യുകയുണ്ടായി. ചുരുക്കി പറഞ്ഞാൽ, യേശുജനനത്തെ സംബന്ധിച്ചുള്ള സുവിശേഷ വിശദീകരണം ദൈവശാസ്ത്രപരമായ ഒന്നാണ്. അത് ജീവശാസ്ത്രപരമായ ഒന്നല്ല. 

ഇനി യേശുവിൻറെ സാമൂഹ്യജീവിത പശ്ചാത്തലം എന്തായിരുന്നുയെന്നുനോക്കാം. അന്നത്തെ പലസ്തീനാക്കാരെ  രണ്ടായി തിരിച്ചാൽ ഒരുകൂട്ടർ വന്ദിതരും മറ്റൊരുകൂട്ടർ നിന്ദിതരും ആയിരുന്നു. സദൂക്യർ, പുരോഹിതർ, പ്രീശന്മാർ, വേദപണ്ഡിതർ, നിയമജ്ഞർ, എസ്സിൻകാർ തുടങ്ങിയവർ വന്ദിതഗണത്തിൽ പെട്ടിരുന്നു. പാപികൾ (ഭൃഷ്ടര്), ചുങ്കക്കാർ, സ്ത്രീകൾ, കുഷ്ഠരോഗികൾ (തൊക്കുരോഗികൾ), ജാതിദുഷിച്ച ശമറായർ തുടങ്ങിയവർ നിന്ദിതഗണത്തിൽ പെട്ടിരുന്നു. വന്ദിത കൂട്ടരുടെ ഫരിസേയമതത്തെ തള്ളി സ്നേഹമെന്ന ഒരേയൊരു നിയമത്തിൽ ബന്ധിതമായ സമൂഹത്തെ കെട്ടിപ്പടുക്കുക എന്നതായിരുന്നു യേശുവിൻറെ ജീവിത ലക്ഷ്യം. യേശു പൗരോഹിത്യത്തെ എതിർത്തു. സ്ത്രീകളെ ഉദ്ധരിച്ച് സ്ത്രീവിമോചകനായി. പാപികളെ അന്വഷിച്ചു വന്നവനായി. രോഗികൾക്കാണ് വൈദ്യനെക്കൊണ്ടാവശ്യമെന്നും പാപമില്ലാത്തവർ അവളെ കല്ലെറിയട്ടെയെന്നും നിങ്ങളെ സ്നേഹിക്കുന്നവരെ നിങ്ങൾ സ്നേഹിച്ചാൽ അതിലെന്ത് സവിശേഷത എന്നുതുടങ്ങിയ വന്ദിതഗണത്തിന് സ്വീകരിക്കാൻ സാധിക്കാത്ത അനേക വിപ്ലവആശയങ്ങൾ യേശു പ്രസംഗിക്കുകയും ജീവിതത്തിൽ കാണിച്ചുകൊടുക്കുകയും ചെയ്തു. 

മാധ്യമമില്ലാത്ത (നിയമം, അനുഷ്ഠാനം, പുരോഹിതർ ഇല്ലാത്ത) മതാത്മകതയും (non-mediated relationship to God) മതിലുകളില്ലാത്ത മനുഷ്യത്വവുമായിരുന്നു യേശുവിൻറെ ജീവിത സന്ദേശം. യേശു ദൈവത്തെ പിതാവായിക്കണ്ട് ആബായെന്ന് വിളിക്കാൻ ശിഷ്യരെ പഠിപ്പിച്ചു. യേശുവിൻറെ ദൈവാനുഭവമായിരുന്നത്.  ആ ദൈവം പിതാവും മാതാവുമാണ്. അപ്പോൾ എല്ലാവരും സഹോദരരാണ്. സ്വയം പൂജ (egoism ) പാടില്ല. ശത്രുക്കളെപ്പോലും സ്നേഹിക്കുക. അത് യുക്തിക്ക് ചേർന്നതുതന്നെയാണ്. യേശു സംഘടിതസഭ സ്ഥാപിച്ചിട്ടില്ല. ആദിമസഭ ഒരു കൂട്ടായ്‌മ ആയിരുന്നു, അവർ വചനം ശ്രവിച്ച് കൂട്ടായ്‌മയിൽ ജീവിച്ച് ഒരുമിച്ച് പ്രാർത്ഥിച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ച് ജീവിച്ചു. തന്നെ മുഴുവനായി സമർപ്പിച്ച യേശുവിൻറെ ജീവിതാനുസ്‌മരണമായിരുന്നു ഒരുമിച്ചുള്ള അപ്പം മുറിക്കൽ. ആദിസഭയിലെ കുടുംബകൂട്ടായ്‌മകളിൽ നടന്നിരുന്ന സ്നേഹവിരുന്നിനെ, സഭ പിൻകാലത്ത് ഒരു പ്രസ്ഥാനമായി മാറിയപ്പോൾ, യേശുവിൻറെ ഓർമ്മയാചരണ അനുഷ്ഠാനമാക്കി (Eucharist) മാറ്റി. സാധാരണ വിശ്വാസികളെ ഭയപ്പെടുത്തി നന്മചെയ്യാൻ പ്രേരിപ്പിക്കുന്ന സഭയുടെ അധമമായ ചിന്തയിൽ ഉദിച്ചതാണ് സ്വർഗം, നരകം, ശുദ്ധീകരണസ്ഥലം എന്ന മൂന്ന് തട്ടുകൾ. യേശുപഠനത്തിൽ സ്വർഗ്ഗമല്ല; മറിച്ച്, മോക്ഷമാണുള്ളത്-എല്ലാ സൃഷ്ടികളും സൃഷ്ടാവിൽ ലയിക്കുന്ന അവസ്ഥ; ഉണ്മയുടെ ആകെത്തുകയായ ദൈവത്തിൽ ലയിക്കുന്ന അവസ്ഥ. 

അപ്പോൾ, മാധ്യമമില്ലാത്ത മതാത്മകതയും മതിലുകളില്ലാത്ത മനുഷ്യത്വവുമായി ജീവിക്കാൻ പഠിപ്പിച്ച ലോക ഗുരുവിൻറെ ശിഷ്യർ ഒരു വിശ്വാസം, ഒരു നിയമം (പരസ്‌പരം സ്നേഹിക്കുക), ദൈവമക്കൾ അർഹിക്കുന്ന സ്വാതന്ത്ര്യം (one Faith, one Law, and one Right) ഇതു മൂന്നും മനസ്സിൽവച്ച് ജീവിക്കുക. 

ടെലികോൺഫെറൻസിൽ സംബന്ധിച്ചവരുടെ ചോദ്യങ്ങൾക്ക് ഗുരുദാസച്ചൻ വ്യക്തമായ മറുപടി നൽകിയെങ്കിലും പഴയ ബോധ്യങ്ങളെ പൊളിച്ചെഴുതാൻ ചിലർക്ക് പ്രയാസമുണ്ടായി എന്ന് തോന്നുന്നു. ചെറുപ്പം മുതൽ ഉൾക്കൊണ്ടിരിക്കുന്ന സഭാപ്രബോധനങ്ങളെ വേറൊരു വീക്ഷണത്തിലൂടെ നോക്കിക്കാണുക ദുഷ്ക്കരം തന്നെ. യുക്തിഭദ്രമായ  ഭക്തിയുടെ പ്രസക്തിയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. 

ലൂസി കളപ്പുരക്കൽ സിസ്റ്ററിനും അഗസ്റ്റിൻ വട്ടോളിയച്ചനും ഇപ്പോൾ നേരിടുന്ന സഭാപരമായ അച്ചടക്ക നടപടിയ്‌ക്കെതിരെ സഭാധികാരികൾക്ക് മെമ്മോറാണ്ടം അയക്കാനും 2019 ഓഗസ്റ്റ് 10 ശനിയാഴ്ച്ച ഷിക്കാഗോയിൽവെച്ച് കെ സി ആർ എം നോർത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ഒരു ഏകദിന സെമിനാർ സംഘടിപ്പിക്കാനും തീരുമാനിച്ചു. 

മോഡറേറ്റർ ശ്രീ എ സി ജോർജ് കോൺഫെറൻസിൽ സംബന്ധിച്ച എല്ലാവർക്കും പ്രത്യേകിച്ച് വിഷയാവതാരകനായ ബഹു. ഗുരുദാസച്ചനും നന്ദിപറഞ്ഞ് യോഗം അവസാനിപ്പിച്ചു.

No comments:

Post a Comment