Translate

Friday, January 25, 2019

ഭാരത കത്തോലിക്കാസഭ - ഇനിയെങ്കിലും ഒരു വസന്തം വിശ്വാസികൾക്കും വേണ്ടേ?

ജോസഫ് ടി ജെ (ഫേസ് ബുക്കിൽനിന്ന് )

AD 37 ൽ യാക്കോബ് അപ്പോസ്തോലൻ സ്ഥാപിച്ച ജറുസലേം സഭ,
39 ൽ പത്രോസ് സ്ലീഹാ സ്ഥാപിച്ച അന്തിയോഖ്യസഭ,
37 ൽ മാർക്കോസ് സ്ലീഹാ സ്ഥാപിച്ച അലക്സാൻഡ്രിയൻ സഭ,
42 ൽ യോഹന്നാൻ സ്ലീഹാ സ്ഥാപിച്ച ഗ്രീക്കുസഭ,
44 ൽ പത്രോസിനാൽ തന്നെ സ്ഥാപിതമായ റോമിലെ സഭ,
52 ൽ തോമാസ്ലീഹായാൽ സ്ഥാപിതമായ ഇൻഡ്യയിലെ മാർതോമാ സഭ, (ഇതു മാത്രമേ, റോമൻ അധിനിവേശ പ്രദേശത്തിനു പുറമെ ഈ കൂട്ടത്തിൽ സ്ഥാപിതമായിട്ടുള്ളു),
അന്ത്രയോസ് സ്ലീഹായാൽ 55 ൽ സ്ഥാപിതമായ സ്കോട്ട്ലാന്റിലെ കെൽറ്റിക്ക് സഭ - ഇവയാണ് പ്രാചീനതയിൽ പ്രാമുഖ്യത്തോടെ നിന്നിരുന്നക്രൈസ്തവ സഭകൾ.
പിളർപ്പുകളും സംയോജനങ്ങളും പിന്നീടുണ്ടായിട്ടുണ്ട്. ചിലതുങ്ങളെ പാഷാണ്ഡതകൾ തട്ടിക്കൊണ്ടുപോയി, ചിലത് തിരിച്ചെത്തി....

രാജാധികാരവും മതാധികാരവും കെട്ടുപിണഞ്ഞു കിടന്ന
നൂറ്റാണ്ടുകളിൽ അക്കാലത്തറിയപ്പെട്ട ലോകത്തെ തന്നെ കുറുകെ മുറിച്ച് രണ്ടു വരുതികളിലാക്കാൻ വരെ,മതാധികാരത്തിനു കഴിഞ്ഞിരുന്നു. അതിനു വളരെ മുൻപു തന്നെ, പുകൾപെറ്റ റോമാ സാമ്രാജ്യം, ഭരണപരമായ സൗകര്യത്തിനു വേണ്ടി പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും രണ്ടായി പിരിഞ്ഞപ്പോൾ, രാജവാഴ്ചയുടെ തണലിൽ വളർന്ന ക്രൈസ്തവ സഭയും അങ്ങനെതന്നെയായി. പൗരസ്ത്യ റോമൻ സാമ്രാജ്യത്തിന്റെ വരുതിയിൽ വന്നിരുന്ന പ്രദേശങ്ങളിൽ വളർന്ന സഭകളെ പൗരസ്ത്യ സഭകൾ എന്ന പദപ്രയോഗം (Nomanclature) കൊണ്ട് വിശേഷിപ്പിച്ചു തുടങ്ങി.

നമുക്കറിയാം, ഭാരതീയനൊരു കാലത്തും കിഴക്കനോ പടിഞ്ഞാറനോ ആയ റോമാക്കാരന്റെ ഭരണ മേൽക്കോയ്മയുടെ ഏഴയൽവക്കത്തു കൂടിപ്പോലും കടന്നു പോയിട്ടില്ല. അപ്പോൾ പിന്നെ,CCEO (Codex Canonum EcclesiarumOrientalium - Code of Canons of the
Oriental Churches) എന്ന, പൗരസ്ത്യ സഭകൾക്കായുള്ളനിയമസംഹിത ഭാരതത്തിലെ കത്തോലിക്കാ സഭയ്ക്കെന്തിന് എന്ന യുക്തിപൂർവമായ ചോദ്യം ഭാരതത്തിലെ സഭാധികാരികൾ റോമിനു മുന്നിൽ വേണ്ട സമയത്ത് അവതരിപ്പിച്ചില്ല എന്ന സംശയം വളരെ ഗൗരവതരമാണ്.

നാം, പാവങ്ങൾ, അൽമേനികൾക്ക് എന്തറിയാം, പൗരസ്ത്യനു വേണ്ടി നിർമ്മാണം നടത്തിയ സംഗതി എഴുതിയുണ്ടാക്കിയതും ഒപ്പിട്ടതും ലത്തീനിൽ ! “Una Chiesa Orientale cattolica è una parte della Chiesa Universale che vive la fede in modo corrispondente ad una delle cinque grandi tradizioni orientali- Alessandrina, Antiochena, Costantinopolitina, Caldea, Armena- "
മുൻപെഴുതിയ വാചകമേളയുടെഏകദേശ ഇംഗ്ലീഷ് തർജ്ജിമ ഇങ്ങനെ:
"An Eastern Catholic Church is a part of the Universal Church in which lives the faith in a corresponding manner to one of the five great Eastern Traditions - Alexandria, Antioch, Constantinople, Chalcedon, Armenian -"
അപ്പോൾ മാർ തോമ്മയുടെ പ്രിയ മക്കളെ, ഉക്രയിൻ സഭ (സഭ റഷ്യയിലും, ആസ്ഥാനം അമേരിക്കയിലുമെന്നു കേൾക്കുന്നു, എണ്ണമെടുപ്പു ശരിയല്ലെന്നും വാർത്തയുണ്ട്)
കഴിഞ്ഞാൽ പിന്നെ, സഭാംഗങ്ങളുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന മാർ തോമയുടെ പേരു പേറുന്ന ഭാരതകത്തോലിക്കാ സഭയ്ക്ക്, മുൻപ് പറഞ്ഞ, നിലവിൽ തനത്അസ്തിത്വം ഉണ്ടോ എന്നു പോലും സംശയിക്കേണ്ട, ജോസഫ് പുലിക്കുന്നേലിന്റെ ഭാഷയിൽ, "ഈർക്കിൽ" എന്നു വിശേഷിപ്പിയ്ക്കേണ്ട ഏതെങ്കിലുമൊന്നിന്റെ സപത്നിപദമോ, പുത്രീ പദമോ മോഹിച്ച്, നമ്മുടെ തനിമ നശിപ്പിയ്ക്കേണ്ട കാര്യമെന്ത്?

16-ാം നൂറ്റാണ്ടുവരെ ഭരണത്തിന് ഏറെക്കുറെ ജനായത്ത സ്വഭാവമുള്ള ഒരു ഭരണവ്യവസ്ഥ നിലവിലിരുന്ന സഭയായിരുന്നു ഇതെന്നോർക്കണം. നമ്മുടെ ആ പൂർവ പാരമ്പര്യങ്ങളെ അടിസ്ഥാനമാക്കി, രാഷ്ട്ര ഭരണഘടനയുടെ വ്യവസ്ഥാപിത ചട്ടക്കൂടിനുള്ളിൽ നിൽക്കുന്ന നമ്മുടെ സ്വന്തം സഭയ്ക്കായുള്ള (കാനോൻ) നിയമത്തിനു രൂപംകൊടുത്തേ മതിയാവൂ.
മെത്രാൻ സ്ഥാനം നൽകുന്ന അധികാരവും രാജകീയ പരിവേഷവുംമത്തുപിടിപ്പിച്ചതുകൊണ്ട്, എഴുതിയതും പറഞ്ഞതുമൊന്നും, അത്ര പെട്ടെന്നൊന്നും ജലരേഖകളായി തീരുകയില്ലല്ലോ.
(നിങ്ങൾ, ജോസഫ് പുലിക്കുന്നേലിനെയോ സത്യജ്വാല മുതലായ സഭാ വിരുദ്ധ പ്രസിദ്ധീകരണങ്ങളിൽ വരുന്ന ലേഖനങ്ങളോ വായിക്കരുത്; നവീകരണപിശാചുക്കളെ പറമ്പിന്റെ അതിരിൽപ്പോലും കയറ്റരുത്.)
അശ്വ മുഖത്തു നിന്നു തന്നെ സത്യം തേടുകയാണുത്തമം. ചില റഫറൻസുകൾ തരാം.
(1) "ജീവിക്കുന്ന ദൈവശാസ്ത്ര"ത്തെക്കുറിച്ചും മറ്റും.... മറ്റും.....
'Acts of the Synod of Bishops of the Syro - Malabar
Church ' സീനഡിൽ ആർച്ചുബിഷപ്പ്പൗവ്വത്തിലിന്റെ പണ്ടത്തെ ഉജ്വല പ്രസംഗം .

(2) The Law of Thomas - Dr. Andrews Thazhath. ഇപ്പോൾ, മെത്രാപ്പോലീത്തയാണ്
കൂടാതെ, സേവ്യർ കൂടപ്പുഴയച്ചന്റെ ഭാരത സഭാ ചരിത്രവും, Oriental Churches-an introduction, മാത്യു വെള്ളാനിക്കൽ അച്ചന്റെ ' വ്യക്തിസഭകൾ' ഇങ്ങനെയും കുറെ വായിക്കാം, എന്നിട്ട്,സാദാപുരോഹിതനേയും, കന്യാസ്ത്രിയേയും, അൽമായനേയും കുരിശിൽ കയറ്റുന്ന,അവരെ വ്യക്തമായ അനീതിക്കെതിരെ ശബ്ദമുയർത്താൻ വേണ്ടി പൊതുനിരത്തിനരികെ നിരാഹാരമിരുത്താൻ നിർബന്ധിതരാക്കുന്ന, തന്നെ ചോദ്യം ചെയ്യാൻ റോമിലെ മാർപ്പാപ്പയ്ക്കു മാത്രമേ അവകാശമുള്ളു എന്നൊരു ഇൻഡ്യൻ പൗരനെക്കൊണ്ടു ഔദ്ധത്യത്തോടെപറയിക്കുവാൻ പ്രാപ്തനാക്കുന്ന ആ കാനോനെ എടുത്ത്, അതു കളയേണ്ടിടത്തു കളയണമോ എന്നു വിശ്വാസികൾക്കു തീരുമാനിക്കാം.
നമുക്കും വേണ്ടേ ഒരു മുല്ലപ്പൂ വസന്തം?

No comments:

Post a Comment