Translate

Monday, April 8, 2019

സമ്പത്തും ദശാംശവും യോഗയും യേശുവും


യോഗാചാര്യ എന്‍ പി ആന്റണി എഴുതിയ യേശുസൂക്തങ്ങളും യോഗസൂത്രങ്ങളും എന്ന പുസ്തകത്തില്‍നിന്ന്

''തന്റെ സമ്പത്തില്‍നിന്ന് ഈശ്വരനു ദശാംശം അര്‍പ്പിക്കണം എന്ന് പറയുന്നുണ്ടല്ലോ? ഇതിനെക്കുറിച്ച് എന്ത് പറയുന്നു?''

ഇത് വളരെ ശരിയാണ്.  നമ്മുടെ സമ്പത്തിന്റെ ദശാംശം ഈശ്വരന് നല്‍കണം. ദശാംശം നല്‍കുന്നതിനു മുമ്പ് നമ്മുടെ സമ്പത്ത് എന്താണെന്ന് അറിഞ്ഞിട്ടുവേണമെന്നുമാത്രം.


''നമ്മുടെ സമ്പത്ത് എന്നത് സ്വത്തും പണവുമല്ലേ?''

സമ്പത്ത് സ്വത്തും പണവുമാണെങ്കില്‍ എല്ലാറ്റിന്റെയും അധികാരിയായിരിക്കുന്ന ഈശ്വരനെന്തിനാണ് നമ്മുടെ സ്വത്തും പണവും?


''മാഷ് പറഞ്ഞ കാര്യങ്ങള്‍ എല്ലാംതന്നെ ശരിയാണ്. എന്നാല്‍ അത്ഭുതപ്പെടുത്തുന്നവയുമാണ്. യേശുവിന്റെ കാഴ്ചപ്പാടില്‍ സമ്പത്ത് എന്താണെന്ന് അറിയാന്‍ എനിക്ക് ആകാംക്ഷ തോന്നുന്നു.''

പൊതുവെ ജീവിക്കാന്‍ പണം വേണമെന്ന് നാം പറയും. പണത്തിന് പണ്ടുള്ളവര്‍ ചക്രം  എന്നു പറഞ്ഞിരുന്നു. ചക്രം എന്നാല്‍ ചലിപ്പിച്ചുകൊണ്ടിരിക്കുന്നത് എന്നര്‍ഥം.

നമ്മെ ചലിപ്പിച്ചുകൊണ്ടിരിക്കുന്ന ചക്രം (സമ്പത്ത്) നാം ഉരുവായപ്പോള്‍ നമ്മില്‍ ഈശ്വരന്‍ നിക്ഷേപിച്ച ജീവശക്തിയായ ശ്വാസമാണ് (പ്രാണന്‍). ഈ ശ്വാസമാണ് ഒരു വ്യക്തിയുടെ യഥാര്‍ഥ സമ്പത്ത്. അതുകൊണ്ടാണ് 'ശ്വാസം പൊയ്ക്കഴിയുമ്പോള്‍ അവന്റെ പ്രതീക്ഷകളെല്ലാം മണ്ണടിയും' എന്ന് ബൈബിള്‍ പറയുന്നത്. അതായത് ശ്വാസമാകുന്ന സമ്പത്ത് തീര്‍ന്ന് വ്യക്തി പാപ്പരാകും.  ശ്വാസമാകുന്ന സമ്പത്തു കൊണ്ടാണ് പ്രതീക്ഷകള്‍ക്കൊത്ത് നാം എല്ലാ പ്രവൃത്തികളും ചെയ്യുന്നത്.  യന്ത്രവും പെട്രോളും ഒക്കെ ഉണ്ടെങ്കിലും ടയറിലെ കാറ്റുപോയാല്‍ വാഹനം ചലിക്കില്ല. ശ്വാസമാകുന്ന സമ്പത്തില്ലായെങ്കില്‍ ബാഹ്യമായ സമ്പത്തു പ്രയോജനം ചെയ്യുകയില്ല.  അവ പിണമായി (ശവമായി) മാറും. അതുകൊണ്ടാണ് പണമില്ലാത്തവന്‍ പിണം എന്നു പറയുന്നത്. യഥാര്‍ഥ  പണം ശ്വാസമാണ്. ശ്വാസമില്ലെങ്കില്‍ ശവമാണ്.  

''ഭൗതികസമ്പത്തുള്ളവന് തന്റെ ഭൗതികസമ്പത്ത് ഉപയോഗിച്ച് വെന്റിലേറ്റര്‍ പിടിപ്പിച്ച് ശ്വാസം നിലനിര്‍ത്താന്‍ കഴിയുമല്ലോ.''
എത്ര ദിവസം? എന്തായാലും ഈശ്വരന്‍ നമുക്ക് നല്‍കിയിരിക്കുന്ന പരമമായ സമ്പത്തായി ശ്വാസത്തെ നാം ആദ്യം തിരിച്ചറിയണം.

''മാഷേ, നമ്മുടെ പരമമായ സമ്പത്ത് ശ്വാസംതന്നെയാണ് എന്ന് മനസ്സിലായി. ഇതെനിക്കൊരു പുതിയ തിരിച്ചറിവാണ്. ദൈവത്തിന് ദശാംശം കൊടുക്കുന്നതിനെപ്പറ്റിയാണല്ലോ പറഞ്ഞുവന്നത്. ശ്വാസത്തിന്റെ ദശാംശം നാം ദൈവത്തിന് എങ്ങനെ നല്‍കും?''
ഈ ശ്വാസം നാം ഒരു ദിവസം എത്ര തവണ ശ്വസിക്കുന്നു എന്ന് നിങ്ങള്‍ക്ക് അറിയാമോ?

''എന്റെ മാഷേ! ഒരിക്കലും ഇതൊന്നും എന്റെ ജീവിതത്തില്‍ ഇതുവരെ ചിന്തിച്ചിട്ടുപോലുമില്ല.  വല്ലപ്പോഴും മൂക്കടപ്പ് വരുമ്പോഴാണ് ശ്വാസത്തെക്കുറിച്ചുപോലും ചിന്തിക്കുന്നത്.''
അതായത് അവനവനെക്കുറിച്ച് നാം ചിന്തിക്കുന്നില്ല എന്നല്ലേ ഇതിനര്‍ഥം?

''സത്യമായും അതേ.''

നിങ്ങള്‍ പറഞ്ഞത് ശരിയാണ്. നമ്മില്‍ ഭൂരിപക്ഷവും നമ്മെക്കുറിച്ച് അറിയാതെ ജീവിച്ച് അവസാനം ചത്തുപോകുന്നു. എന്നാല്‍ യോഗ നമ്മെക്കുറിച്ച് അറിയാനാണ് ആവശ്യപ്പെടുന്നത്.

തന്നെക്കറിച്ച് താന്‍ തന്നെ അറിയുക അത്ര എളുപ്പമല്ല.  തന്നെക്കുറിച്ച് അറിയുന്നവന്‍ ഈ പ്രപഞ്ച രഹസ്യങ്ങള്‍ എല്ലാം അറിയും.  അതിനാലാണ് 'തന്നില്‍ നിന്നന്യമായി ഒന്നും ഇല്ല' എന്ന് വേദങ്ങള്‍ പറയുന്നത്. ~

ഒരു ദിവസം, ഇരുപത്തിനാല് മണിക്കൂറില്‍, 21600 തവണ ഒരാള്‍ ശ്വസിക്കും.  ഈ ശ്വാസത്തിന്റെ പത്തില്‍ ഒന്ന്അതായത് 2160 തവണഒരു ദിവസത്തെ സമ്പത്തായ 21600 തവണയുടെ പത്തിലൊന്നായ 2160 തവണ, നാം ഒരു ദിവസം ഈശ്വരനു നല്‍കണം.  ശ്വാസമാകുന്ന സമ്പത്ത് ഈശ്വരന്റേതാണ്.

''ഇതെങ്ങനെ നല്‍കും?''
21600 തവണ ശ്വസിക്കുന്നു എന്നു പറഞ്ഞപ്പോളാണ് നാം ശ്വാസത്തെക്കുറിച്ച് ചിന്തിച്ചത്.  കാരണം, നാം അറിയാതെതന്നെ നടക്കുന്ന പ്രതിഭാസമാണത്.

ശ്വസിക്കാന്‍ വേണ്ടി നാം ഒന്നുംതന്നെ ചെയ്യുന്നില്ല.  അത് സ്വയം നടക്കുന്നു.  നമ്മുടെ സമ്പത്താകുന്ന ശ്വാസത്തെ നാം പലപ്പോഴും ഉപയോഗിക്കുന്നത്  അനീതിക്കും അക്രമത്തിനും സ്വാര്‍ഥതയ്ക്കും കാമപൂരണത്തിനും മല്‍സരത്തിനും പണസമ്പാദനത്തിനും മറ്റുള്ളവരെ ഉപദ്രവിക്കുന്നതിനും വേണ്ടിയല്ലേനമുക്കു വേണ്ടി നാം എത്ര സമയം ഉപയോഗിക്കുന്നു? കൂടുതല്‍ സമയവും തിന്മയ്ക്കല്ലേ നാം നല്‍കുന്നത്?

എന്നാല്‍ 2160 തവണ ശ്വസിക്കുന്ന സമയം, നാം അത് ഈശ്വരാര്‍പ്പണമായി ചെയ്യുക.  അതായത് നമ്മില്‍ സ്ഥിതി ചെയ്യുന്ന ശ്വാസം അജപാഗായത്രിയായി, യേശുശബ്ദമായി നാം മനസ്സിരുത്തി ശീലിക്കണം.  ഇതാണ് ഈശ്വരന് നമുക്ക് നല്‍കാവുന്ന ദശാംശം. എല്ലാ ചിന്തകളില്‍നിന്നും മനസ്സിനെ വിടുവിച്ച് ചിത്തവൃത്തികളെ നിരോധിച്ച്, 2160 തവണ നാം ശ്വസിക്കുന്ന സമയമത്രയും നമുക്ക് ചെലവഴിക്കാന്‍ കഴിഞ്ഞാല്‍ ഈശ്വരന് നല്‍കേണ്ട ദശാംശമായി. 

''മറ്റുള്ളവരെ സഹായിക്കാന്‍ ഭൗതികസമ്പത്തുതന്നെ വേണ്ടേ? അതിനും പത്തുശതമാനം നോക്കേണ്ടതുണ്ടോ?''
നിങ്ങളുടെ മനോഭാവം അനുസരിച്ച് ദാനധര്‍മങ്ങള്‍ ചെയ്യാം. അതെങ്ങനെ എന്ന് ബൈബിള്‍ പറയുന്നുണ്ട്.  നിങ്ങളുടെ വലതുകൈ ചെയ്യുന്നതെന്തെന്ന് ഇടതുകൈ അറിയരുത് എന്നാണ് യേശു പറയുന്നത്.  അതായത് ദാനധര്‍മങ്ങള്‍ രഹസ്യമായിരിക്കണം.  എന്നാല്‍ നമ്മുടെ ദാനധര്‍മങ്ങള്‍ രഹസ്യമാണോ?

പത്രത്തില്‍ ഫോട്ടോ വന്നാല്‍ കേമം.  എന്തായാലും നാല്‍ക്കവലകളില്‍ ഫ്‌ളക്‌സ് വേണം.  നോട്ടീസ് ഏറ്റവും കൂടുതല്‍ വേണം.  ഇങ്ങിനെ ഒക്കെയല്ലേ നാം ദാനധര്‍മങ്ങള്‍ ചെയ്യുന്നത്.  ഇതിന്റെ ഫലത്തെക്കുറിച്ചും യേശു ഉത്തരം നല്‍കുന്നുണ്ട്.  പിന്നെ നിങ്ങളുടെ ഭൗതിക ദശാംശസമ്പത്ത് ആവശ്യപ്പെടുന്നത് ചൂഷകവര്‍ഗ്ഗമാണ്.  നിങ്ങള്‍ സത്യം അറിഞ്ഞാല്‍ നിങ്ങള്‍ സ്വതന്ത്രനാകും.  അത് അവരെ സംബന്ധിച്ചിടത്തോളം അപകടകരമായ അവസ്ഥയാണ്. സത്യം അറിഞ്ഞാല്‍കൂടി നിങ്ങള്‍ തഴക്കദോഷത്തില്‍പ്പെട്ടു കിടക്കുന്നതിനാല്‍ അതില്‍നിന്നും പിന്‍മാറാന്‍ ബുദ്ധിമുട്ടാണ്.  അതാണ് മറ്റൊരു സത്യം.

''ധ്യാനകേന്ദ്രങ്ങളും പ്രാര്‍ഥനകളും വേണ്ടെന്നാണോ പറയുന്നത്?''
അവയൊന്നും വേണ്ടെന്നു പറയുന്നില്ല. യഥാര്‍ഥസത്യം അറിഞ്ഞുള്ള പ്രാര്‍ഥനയും ധ്യാനവുമാണ് ആവശ്യം. 'കര്‍ത്താവേ കര്‍ത്താവേ എന്ന് വിളിച്ചപേക്ഷിക്കുന്നവനല്ല എന്റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിന്റെ ഇഷ്ടം നിറവേറ്റുന്നവനാണ് സ്വര്‍ഗ്ഗരാജ്യത്തിനര്‍ഹര്‍' എന്നാണല്ലോ യേശു പറഞ്ഞിട്ടുള്ളത്.....
പുസ്തകം ആവശ്യമുള്ളവര്‍ ഗ്രന്ഥകര്‍ത്താവിനെ വിളിക്കുക:
മൊബൈല്‍: 9207138729

No comments:

Post a Comment