Translate

Sunday, July 14, 2019

സീറോമലബാർ സഭയും അത്മായ ശാക്തീകരണവും

സിറിയക് സെബാസ്റ്റ്യൻ

കളമശേരി : സീറോമലബാർ സഭയിൽ അടുത്തിടെയുണ്ടായ ഏതാനും സംഭവവികാസങ്ങളെ രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയുടെ അത്മായ പ്രേഷിതത്വം എന്ന ഡിക്രിയുമായി എത്രമാത്രം ഒത്തുപോകുന്നുവെന്ന് ഇത്തരുണത്തിൽ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നുന്നു .
എറണാകുളം -അങ്കമാലി അതിരൂപതയിലെ കോന്തുരുത്തി ഇടവകയിലെ മതാധ്യാപകൻ കൂടിയായ ആദിത്യ സക്കറിയ വളവി എന്ന യുവാവിന്റെ കസ്റ്റഡി പീഡനവുമായി ബന്ധപ്പെട്ട എറണാകുളം വഞ്ചി സ്‌ക്വയറിലെ സമര സമാപിച്ചിട്ട് ഒരു മണിക്കൂർ പോലും ആകുന്നില്ല .
കൂടാതെ ഇക്കഴിഞ്ഞ ജൂലൈ ഏഴിന് എറണാകുളം കലൂർ റിന്യൂവൽ സെന്ററിൽ നടന്ന അത്മായ സംഗമമാണ് അടുത്തകാലത്ത് സീറോമലബാർ സഭയിൽ അധികാര കേന്ദ്രങ്ങൾക്കെതിരെ നടന്ന ഏറ്റവും വലിയ സമരവും .
ഈ രണ്ടു സമരങ്ങളും തികച്ചും ഗാന്ധിയൻ സമരരീതിയിലാണ് നടന്നത് എന്നതും ശ്രദ്ധേയമാണ് .
ഇന്നലെ തന്റെ അഭിഭാഷകൻ വഴി മൂവാറ്റുപുഴ കോടതിയിൽ മാർ ജോർജ് ആലഞ്ചേരി നൽകിയ സത്യവാങ്മൂലവും അത്മായ ശാക്തീകരണവുമായി കൂട്ടിവായിക്കാനും ലേഖകൻ താത്പര്യപ്പെടുന്നു.സത്യവാങ്മൂലത്തിന്റെ രത്നച്ചുരുക്കം ഇതാണ് " സഭയുടെ സ്വത്തിന്റെ അവകാശി മെത്രാനാണ്,അതിന്റെ ക്രയവിക്രയങ്ങളെപ്പറ്റി ചോദ്യം ചെയ്യാൻ അത്മായന് അവകാശമില്ല".
തുടർന്ന് ഫേസ്ബുക്കിൽ ഒരു വ്യക്തി കുറിക്കുന്നു "മെത്രാന്മാരും വൈദികരും കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്തിൽ അത്മായന് എന്തവകാശം ?" .അതായത് സഭാഭരണത്തിൽ മുന്തിയ ശ്രേണിയിലുള്ളവർ പറയുന്നതെന്തും വെള്ളം തൊടാതെ വിഴുങ്ങുന്ന ഒരു വിശ്വാസിസമൂഹമാണ് കേരളത്തിലുള്ളതെന്ന് ചുരുക്കം .
1962 ഒക്ടോബർ 11 മുതൽ 1965 ഡിസംബർ 8 വരെ വത്തിക്കാനിൽ നടന്ന കത്തോലിക്കാ സഭയിലെ ഏറ്റവും ബൃഹത്തായ ആധുനിക സിനഡായിരുന്നു രണ്ടാം വത്തിക്കാൻ കൗൺസിൽ .സഭാ ഭരണത്തിലേക്ക് അത്മായർ കടന്നുവരണമെന്നും വൈദികരും മെത്രാന്മാരും അതിന് വഴിയൊരുക്കണമെന്നും ഉത്‌ഘോഷിക്കുന്ന സിനഡിന്റെ പ്രമാണ രേഖയാണ് "അത്മായ പ്രേഷിതത്വം ".
പക്ഷേ രണ്ടാം വത്തിക്കാൻ കൗൺസിൽ കഴിഞ്ഞിട്ട് കൃത്യം 54 വർഷങ്ങളായി .കത്തോലിക്കാ സഭയിൽ ,വിശിഷ്യാ കേരള കത്തോലിക്കാ സഭയിൽ ഭരണകാര്യത്തിൽ മെത്രാന്മാരും വൈദികരും " സഭയുടെ സ്വത്തിന്റെ അവകാശി മെത്രാനാണ്,അതിന്റെ ക്രയവിക്രയങ്ങളെപ്പറ്റി ചോദ്യം ചെയ്യാൻ അത്മായന് അവകാശമില്ല" എന്നു പറയുന്ന കുറെ ഏറാൻ മൂളികളെ പാസ്റ്ററൽ കൗൺസിലുകളിലും ഇടവക ട്രസ്റ്റുകളിലും തിരുകിക്കയറ്റുന്നതൊഴികെ സഭാഭരണത്തിൽ അത്മായരുടെ റോൾ കടലും കടലാടിയും തമ്മിലുള്ള ബന്ധമേയുള്ളൂ.
സീറോമലബാർ സഭയിൽ ഉദയംപേരൂർ സൂനഹദോസിന് മുമ്പുള്ള പാരമ്പര്യം തിരികെക്കൊണ്ടുവരണം എന്ന് ഉറക്കെയുറക്കെ എഴുതിയ, പ്രസംഗിച്ച ചില അഭിവന്ദ്യർ സഭയിലുണ്ട് .പക്ഷേ സഭാ കാനൻ എഴുതിയുണ്ടാക്കിയപ്പോൾ അവർ സ്വീകരിച്ചതാകട്ടെ മെത്രാന്മാർക്കും വൈദികർക്കും പൂർണ്ണ മേൽക്കോയ്മ നൽകുന്ന ലത്തീൻ കാനനുകളും.അതായത് ഇരട്ടത്താപ്പ് വ്യക്തമാണെന്ന് ചുരുക്കം.
ഇനി റിന്യൂവൽ സെന്ററിലെ ജൂലൈ ഏഴിലെ സമ്മേളനവും ഇന്നത്തെ വഞ്ചി സ്‌ക്വയറിലെ സമരവും ഒന്നു പ്രതിപാദിക്കാം .രണ്ടും അത്മായ മുന്നേറ്റങ്ങളാണ്.ഒന്ന് തങ്ങളുടെ രൂപതയുടെ സ്വത്ത് വിറ്റതിലുള്ള പ്രതിഷേധമാണെങ്കിൽ അടുത്തത് തങ്ങളിലൊരാളെ ബലിയടാക്കിയതിനെതിരേയുള്ള പ്രതിഷേധമാണ്. അധികാരത്തിന്റെ അപ്പക്കഷണം ഭുജിക്കുന്നവർ പ്രതിഷേധിക്കുന്ന വിശ്വാസികൾക്ക് നൽകിയ ഓമനപ്പേരാണ് -"വിമതർ ".
ഒരു പടികൂടിക്കടന്ന് പ്രതിഷേധികൾക്ക് മറ്റു രൂപതയിലെ വൈദികരും അവരുടെ സ്തുതിപാഠകരും നൽകുന്ന പേര് സഭാവിരുദ്ധർ ,സാത്താൻ സേവകർ എന്നൊക്കെയാണ് .സത്യത്തിൽ ക്രിസ്‌തുവിന്റെ സഭയിലെ സഭാവിരുദ്ധർ,സാത്താൻസേവകർ ബാലപീഡകനായ റോബിന് ക്യാനഡക്കുള്ള വിസയൊരുക്കിയ സഭാനേതൃത്വവും കന്യാസ്ത്രീ പീഡകനായ ഫ്രാങ്കോയ്ക്ക് ഊട്ടുമേശ ഒരുക്കുന്ന മെത്രാൻമാരും വൈദികരും അവരുടെ പിണിയാളുകളും തന്നെയല്ലേ ?.ഉത്തരം നൽകേണ്ടത് സമൂഹ മനഃസാക്ഷിയാണ് .സാക്ഷാൽ ക്രിസ്‌തു തന്നെയാണ്.
ഇന്നലെ മൂവാറ്റുപുഴ കോടതിയിൽ സമർപ്പിക്കപ്പെട്ട സത്യവാങ്മൂലത്തോടെ സഭാഭരണത്തിൽ അത്മായനു ഒരു സ്ഥാനവുമില്ല എന്ന് അസന്നിഗ്ദ്ധമായി സഭാതലവൻ തന്നെ പറഞ്ഞു കഴിഞ്ഞു.ഇതിനെല്ലാം സ്തുതിപാടാനായി ,ഹല്ലേലൂയ്യ -ഓശാന സ്തുതികളുമായി, ആമേനുകളുമായി ഒരുപറ്റം വിശ്വാസികൾ കൂടെയുള്ളതുതന്നെയാണ് അഴിമതിയിൽ മുങ്ങിക്കുളിച്ച നേതൃനിരയുടെ ബലവും.
( )

No comments:

Post a Comment