Translate

Saturday, July 13, 2019

സർക്കുലറിന് ഒരു “ആത്മീയ വിശദീകരണം”


https://www.facebook.com/groups/1086105081531421/?multi_permalinks=1556701597805098&notif_id=1562939971350437&notif_t=group_activity&ref=notif 


ഷൈജു ആന്റണി


വന്ദ്യ പിതാവേ,
അങ്ങയുടെ സർക്കുലറിൽ പറയുന്നതുപോലെ 2019 ജൂൺ 27 നു സംഭവിച്ച ദുരന്തത്തെക്കുറിച്ചു ഞങ്ങൾക്ക് അറിവുണ്ട്. എന്നാൽ 2017 മുതൽ ഈ അതിരൂപതയിൽ സംഭവിച്ചുകൊണ്ടിരിക്കുന്നതിനെക്കുറിച്ചു കൂടുതൽ അറിവ് ഞങ്ങൾക്കുണ്ട്. പരിശുദ്ധ സിംഹാസനത്തിൽ നിന്നും ലഭിച്ച വിവരമല്ല 2017 മുതൽ ഞങ്ങൾ കേൾക്കുന്നത്. ക്രിസ്തീയ ചൈതന്യത്തിനു നിരക്കാത്തതും സഭയുടെ നിയമങ്ങൾക്കും അച്ചടക്കത്തിനും നിരക്കാത്തതുമായ കാര്യങ്ങളാണ് അങ്ങയുടെ ഭാഗത്തുനിന്നും ഭൂമി വിവാദത്തിലൂടെ ഉണ്ടായതെന്നും ഞങ്ങൾക്കറിയാം. ക്രിസ്തു ശിഷ്യരായ ഞങ്ങൾക്ക് നേതൃത്വം നൽകേണ്ട താങ്കൾ തന്നെ പ്രശ്നങ്ങൾ സൃഷിക്കുകയും വിഭാഗീയത വളർത്തുകയും ചെയ്തു. 2017 ൽ തന്നെ ബസ്ലിക്ക ഇടവകയിൽ പെട്ട ചിലരെ വിളിച്ചു അവരെ ബ്രെയിൻ വാഷ് ചെയ്തു അതിരൂപതയിൽ വിഭജനത്തിൻറെ വിത്ത് പാകിയതിനു തെളിവ് ലഭിച്ചിട്ടുണ്ട്.
2017 മുതൽ ഈ അതിരൂപതയിലെ വൈദീകർ എത്ര പ്രാവശ്യം അങ്ങയുടെ അടുത്ത് അനുരജ്ഞനത്തിനും പ്രശ്ന പരിഹാരത്തിനുമായി വന്നു. അന്നൊന്നുമില്ലാതിരുന്ന തുറന്ന മനോഭാവം എപ്പോൾ പെട്ടന്ന് എങ്ങനെ ഉണ്ടായി. വൈദികരുടെയും അത്മായരുടെയും കമ്മിറ്റിയെ വച്ചിട്ട് ആ റിപ്പോർട്ടിൻറെ വെളിച്ചത്തിൽ ഒരു ചർച്ചക്കുപോലും തയ്യാറാകാതെ 2018 ജനുവരിയിൽ അങ്ങ് ബന്ദി നാടകം കളിച്ചതു വലിയ തുറന്ന മനോഭാവം ഉണ്ടായിട്ടാണോ. ആരെയാണ് അങ്ങ് ഭയപ്പെടുന്നത്. ആരെയാണ് താങ്കൾ കളിപ്പിക്കാൻ നോക്കുന്നത്.
മാർ സെബാസ്റ്യൻ എടയന്ത്രത്തിനു അധികാരം ഏൽപിച്ചു എന്ന് പറഞ്ഞിട്ട് അദ്ദേഹം പരിഹരിക്കാൻ ശ്രമിച്ച പ്രശനങ്ങളില്ലെല്ലാം പുറമെനിന്ന് ഇടപെട്ടു ഇടവകയിൽ വിഭാഗിയത വളർത്താൻ ആളെ പറഞ്ഞു വിട്ടത് അങ്ങയുടെ അറിവോടെയല്ലായെന്നു പറയാൻ പറ്റുമോ. മാർ മാനത്തോടത്തിൻറെ നേതൃത്വത്തിലുള്ള കമ്മീഷനോട് അങ്ങ് സഹകരിച്ചു എന്നാണല്ലോ അവകാശപ്പെടുന്നത്. എന്നാൽ ആ റിപ്പോർട്ടു പ്രസിദ്ധീകരിക്കാൻ താങ്കൾ മുൻകൈ എടുക്കുക. അതിലെ കണ്ടെത്തലുകൾ ഞങ്ങൾ അറിയട്ടെ. അതും മാർപ്പാപ്പ നിയമിച്ച ആളു തന്നെയാണല്ലോ. ഭൂമി ഇടപാടിൽ അതിരൂപതക്ക് നഷ്ടം ഉണ്ടാക്കുന്ന ഒരു നടപടിയും അങ്ങ് സ്വീകരിച്ചിട്ടില്ലായെന്നു പറയുന്നുണ്ടല്ലോ. ചിലർക്ക് ലാഭമുണ്ടാക്കുന്ന നടപടിയാണ് എടുത്തതല്ലേ. അങ്ങയുടെ മനസാക്ഷിയുടെ കാര്യം ഒന്നും പറയണ്ട. അങ്ങയുടെ സാമ്പത്തിക കാര്യസമിതിയുടെ റിപ്പോർട്ടു അങ്ങ് ഒന്ന് കൂടി വായിച്ചു നോക്കുക. അങ്ങ് ഒപ്പിട്ട റിപ്പോർട്ടാണല്ലോ. ഭൂമി വി റ്റിട്ടു 26 കോടി രൂപ കിട്ടി എന്ന് അങ്ങ് നിയമിച്ച പ്രൊക്യൂറേറ്റർ അച്ചൻ പറഞ്ഞത് അവിടെ എഴുതിയിട്ടുണ്ടല്ലോ. എന്നിട്ടു ആ പണം എവിടെ പോയി. എന്താണ് രേഖയിൽ 13.5 കോടി രൂപ മാത്രം കാണിച്ചിരിക്കുന്നത്. അതുകൊണ്ടു അങ്ങേക്ക് എല്ലാം വിശദീകരിക്കാൻ സാധിക്കില്ല. അങ്ങയുടെ ഉത്തരവിദിത്വം റിയൽ എസ്റ്റേറ്റ് നടത്തുകയല്ലല്ലോ. അങ്ങ് വീണ്ടും സർക്കുലർ എഴുതി എല്ലാവരെയും വിഡ്ഡികളാക്കാമെന്നു കരുതുകയാണോ.
വിഭാഗീയത സൃഷ്ടിക്കാനും ആളുകളുടെയിടയിൽ ഭിന്നിപ്പുണ്ടാക്കാനും അങ്ങ് പ്രോത്സാഹനം കൊടുത്തിട്ടു പ്രശ്നങ്ങൾക്കും വിഭാഗീയതക്കും കാരണക്കാർ കൊച്ചുപിതാക്കന്മാർ എന്ന് വളരെ കൗശലപൂർവ്വം സർക്കുലറിൽ പറഞ്ഞു വച്ച് പീലാത്തോസിനെ പോലെ കൈ കഴുകി മിടുക്കാനാകാൻ ശ്രമിക്കുകയാണല്ലേ. ഞങ്ങൾക്കും ബുദ്ധിയും ബോധവും ഉണ്ടെന്നു മനസിലാക്കുന്നത് നല്ലതു. അങ്ങയുടെ ബുദ്ധിസാമർത്ഥ്യത്തിൻറെ വിഡ്ഢിത്വമാണ് ഈ അതിരൂപതയെ ഈ അവസ്ഥയിൽ എത്തിച്ചത്. കൊച്ചു പിതാക്കന്മാരെ ബലിയാടാക്കി നല്ല പുള്ള ചമയാനുള്ള ഈ സർക്കുലർ വിവേകമുള്ളവർ തള്ളി ക്കളയും മനഃസാക്ഷിയുള്ള വൈദീകർ വായിക്കുകയുമില്ല.
പരിശുദ്ധ പിതാവിൻറെ തീരുമാനങ്ങൾ എന്ന് പറഞ്ഞു തെറ്റിദ്ധാരണ പരത്തിയത് താങ്കളുടെ പിണിയാളായ മീഡിയ കമ്മീഷൻ ചെയർമാൻ ഉണ്ടല്ലോ. അയാൾക്കു ഒരു ഉപദേശം കൊടുക്കുന്നത് നല്ലതാണ്.
സഭയിലെ അഭിഷിക്തരായ വൈദീകരെ കുറിച്ച് പറയാൻ അങ്ങേക്ക് എന്തു ധാർമ്മിക അധികാരമാണുള്ളത്. ഉദാത്തമായ എന്ത് ക്രിസ്തീയ മാതൃകയാണ് താങ്കൾ കേരള സഭക്ക് നൽകിയിട്ടുള്ളത്. ഫോട്ടോ ഗ്രാഫറെ ഏർപ്പാടു ചെയ്തു ഓട്ടോ റിക്ഷയിൽ സഞ്ചരിച്ചു ഫോട്ടോ എടുത്തു ദീപിക പത്രത്തിൽ ഇട്ടതോ. അങ്ങേക്ക് നൽകപ്പെട്ടിരിക്കുന്ന അജപാലന അധികാരം രാഷ്ട്രീയ അധികാരം പോലെ ഉപയോഗിച്ച് ഏതു വൃത്തികെട്ടവനെയും കൂട്ട് പിടിച്ചു കാര്യം നേടുവാൻ ഒരു മടിയുമില്ലാത്ത അങ്ങയുടെ വൈദീകർക്കുള്ള ഉപദേശവും ഉഗ്രനായിരിക്കുന്നു.
അങ്ങയുടെ കുശാഗ്ര ബുദ്ധിയും യാതൊരു മടിയുമില്ലാതെ നുണ പറയാനുള്ള പാടവവും അഭിനയിക്കാനുള്ള കഴിവും സമ്മതിക്കുന്നു. എന്നാൽ ക്രിസ്തുവിൻറെ അനുയായികൾക്ക് ഇത് മനസിലാകും.
ഫൊറോനാ വികാരികമാരുടെ യോഗത്തിൽ അവരുടെ അഭിപ്രായം ആരാഞ്ഞപ്പോൾ ആഗസ്റ്റിലെ സിനഡിനുശേഷം സർക്കുലർ ഇറക്കിയാൽ മതി എന്ന് അവർ പറഞ്ഞപ്പോൾ അത് സമ്മതിച്ച അങ്ങ് ഇപ്പോൾ കാണിച്ചിരിക്കുന്നത് വിശ്വാസ വഞ്ചനയാണ്. ഇതിനെയാണ് രാഷ്ട്രീയ കളി എന്ന് ഞങ്ങൾ പറയുന്നത്. അങ്ങയുടെ നേതൃത്വത്തിൽ സീറോ മലബാർ സഭക്ക് ഒരു ഭാവിയും ഞങ്ങൾ കാണുന്നില്ല. അങ്ങ് രാജി വച്ച് നല്ല ക്രിസ്തീയ മാതൃക കാണിക്കുക എന്നതാണ് ഈ കാലഘട്ടത്തിൽ ഏറ്റവും അഭികാമ്യമായത്. അതിനായി ഞങ്ങൾ പ്രാർത്ഥിക്കാം . അങ്ങേക്ക് നല്ല ബുദ്ധി തോന്നട്ടെ. വല്ലപ്പോഴും ദിവ്യകാരുണ്യത്തിൻറെ മുൻപിൽ ഇരുന്നു അൽപ സമയം പ്രാർത്ഥിക്കുക. അങ്ങേക്ക് മാനസാന്തരം ആവശ്യമാണ്. ദൈവം അനുഗ്രഹിക്കട്ടെ.

No comments:

Post a Comment