Translate

Friday, July 26, 2019

ഞങ്ങളെക്കൊണ്ട് കുരിശെടുപ്പിക്കാതെ നിങ്ങള്‍ സ്വയം കുരിശെടുത്തത് ഒരു മാറ്റത്തിന്റെ തുടക്കം;

എറണാകുളത്തെ വൈദികരുടെ സമരത്തെ പിന്തുണച്ച് സി.അനുപമയുടെ പിതാവ്

''രാജാവ് നഗ്നാണെന്ന് വിളിച്ചുപറയുന്ന കുട്ടിയുടെ ആര്‍ജ്ജവമെങ്കിലും, മെത്രാന്മാരേ,  നിങ്ങള്‍ക്കില്ലെങ്കില്‍, അതു വിശ്വാസസമൂഹത്തിനു നിങ്ങളോടുള്ള സ്‌നേഹവും വിശ്വാസവും നഷ്ടമാക്കും.''
കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികര്‍ പ്രതിഷേധ ഉപവാസ സത്യാഗ്രഹം നടത്തിയതിനെ പിന്തുണച്ച് സി.അനുപമ എം.ജെയുടെ പിതാവ് കെ.എം വര്‍ഗീസ്. ഞങ്ങളെക്കൊണ്ട് കുരിശെടുപ്പിക്കാതെ നിങ്ങള്‍ സ്വയം കുരിശെടുത്തത് ഒരു മാറ്റത്തിനുള്ള തുടക്കമാണെന്ന് വര്‍ഗീസ് പറയുന്നു. 

ഇത് കേരള സഭയിലും ഭാരതസഭയിലും ഒരു മാറ്റത്തിന്റെ തുടക്കംമാത്രമായി കണക്കാക്കിയാല്‍ മതി. കഴിഞ്ഞ വര്‍ഷം നടന്ന കന്യാസ്ത്രീകളുടെ സമരത്തിനു ഉത്തരവാദികള്‍ സഭാനേതൃത്വം തന്നെയല്ലേ? ഈ സമരം കൊണ്ട് കന്യാസ്ത്രീകളോടുള്ള സമീപനത്തില്‍ വൈദീകര്‍ക്കും മെത്രാന്മാര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.

കെ.എം വര്‍ഗീസ് 'മംഗളം ഓണ്‍ലൈന്' അയച്ച കത്തിലാണ് വൈദിക സമരത്തെ പിന്തുണക്കുകയും ഒപ്പം സഭാനേതൃത്വത്തിനു പറ്റിയ പിഴവുകള്‍ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നത്. കത്തിന്റെ പൂര്‍ണ്ണരൂപം:
വൈദികരുടെ പ്രതിഷേധം ഒരു മാറ്റത്തിന്റെ തുടക്കം
എറണാകുളം അങ്കമാലി അതിരൂപത എന്നു പറയുന്നത് ഒരു വലിയ കുടുംബം ആണ്. അതിന്റെ കാരണവരാണ് കര്‍ദിനാള്‍ ആലഞ്ചേരി തിരുമേനി. അദ്ദേഹത്തിന്റെ സുഹൃത്തുക്കളുടെ ഉപദേശംകേട്ട്, തന്നിഷ്ടപ്രകാരം കാട്ടുകൂട്ടിയ ചില ക്രയവിക്രയങ്ങളും തിരിമറികളും ആണ് മക്കള്‍ ചോദ്യം ചെയ്തതും പ്രതിഷേധിച്ചതും. അമ്മയെ തല്ലിയാലും രണ്ടുപക്ഷം കാണുമല്ലോ? അത് ഇവിടെയുമുണ്ട്. വൈദികര്‍ നടത്തിയ പ്രതിഷേധം കേരളസഭയിലും ഭാരതസഭയിലും ഒരു മാറ്റത്തിന്റെ തുടക്കം മാത്രമായി കണക്കാക്കിയാല്‍ മതി. കഴിഞ്ഞ വര്‍ഷം നടന്ന കന്യാസ്ത്രീ സമരത്തിനു ഉത്തരവാദികള്‍ സഭാനേതൃത്വം തന്നെയല്ലേ? പ്രസ്തുത സമരംമൂലം കന്യാസ്ത്രീകളുള്ള സമരത്തില്‍ വൈദികര്‍ക്കും മെത്രാന്മാര്‍ക്കും വലിയ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണല്ലോ.
കര്‍ദിനാള്‍പക്ഷം, നുണപ്രചാരണം നടത്തിയും പുലഭ്യം വിളിച്ചും വൈദികരെയും വിശ്വാസികളെയും അപകീര്‍ത്തിപ്പെടുത്തുവാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്നും സ്‌നേഹബുദ്ധ്യ പിന്‍തിരിയുകയാണ് അഭികാമ്യം. പ്രിയ വൈദികരെ, സത്യത്തിനും നീതിക്കും വേണ്ടിയുള്ള ഈ ധര്‍മ്മസമരത്തില്‍, ഞാന്‍ ഉള്‍പ്പെടെയുള്ള നീതിബോധവും അര്‍പ്പണ മനോഭാവവുമുള്ള വിശ്വാസികള്‍ നിങ്ങളോടൊപ്പം ഉണ്ട്. ഞങ്ങനെക്കൊണ്ട് കുരിശ് എടുപ്പിക്കാതെ, നിങ്ങള്‍ സ്വയം കുരിടെുത്ത് മാറ്റത്തിനായി തുടക്കംകുറിക്കുമ്പോള്‍ ഞങ്ങളും നിങ്ങളുടെ പിന്നാലെയുണ്ട്.
സുദീര്‍ഘമായ ചരിത്രം ഉറങ്ങുന്ന എറണാകുളം അങ്കമാലി അതിരൂപതയില്‍ ഫാ.ജോസഫ് പാറേക്കാട്ടില്‍ അനുഷ്ഠിച്ച സമരം, കര്‍ദിനാളിനെതിരെയല്ല, മറിച്ച് കര്‍ദിനാള്‍ ആലഞ്ചേരിയെ പോലെയുള്ള നിരവധിപേരുടെ തെറ്റായ ചെയ്തികള്‍ക്കും പ്രവണതകള്‍ക്കും എതിരെയാണ് എന്നാണ് മനസ്സിലാക്കുന്നത്. ക്രിസ്തീയ വിശ്വാസത്തേയും സനാതന മൂല്യങ്ങളെയും ധാര്‍മ്മിക അടിത്തറയേയും തകര്‍ക്കുന്ന പ്രവണതകളാണ് സഭയുടെ തലപ്പത്തിരിക്കുന്ന ചിലര്‍ കുറെ നാളുകളായി ചെയ്തുകൊണ്ടിരിക്കുന്നത്. സഭയിലെ ദീര്‍ഘദര്‍ശികളായവര്‍ തുടങ്ങിവച്ച ദിനപത്രത്തെ നശിപ്പിച്ചതില്‍ തലപ്പത്തിരിക്കുന്ന മെത്രാന്മാരുടെ പങ്ക് നിര്‍ണായകമാണ്. ആ പത്രത്തിന്റെ തലപ്പത്തിരുന്ന ഒരു കത്തനാരച്ചന്‍ ആണല്ലോ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് ഗര്‍ഭം സമ്മാനിച്ചിട്ട് അവളുടെ അപ്പന്റെ തലയില്‍ അത് വെച്ചുകെട്ടിയത്. അതോടൊപ്പം വിലമതിക്കാനാവാത്ത സാമ്പത്തികവും. എന്നാല്‍ ഈ രാജ്യത്തെ നിയമവ്യവസ്ഥകള്‍ അത്ര എളുപ്പത്തില്‍ മറികടക്കാനാവാത്തതിനാല്‍, പോക്‌സോ നിയമപ്രകാരം ആ വൈദികന്‍ ജയിലിലായി. അയാളെ അത്തരക്കാരനായി വളര്‍ത്തിയ മെത്രാന്മാര്‍ സുരക്ഷിതമായ വിശുദ്ധ കുപ്പായത്തില്‍ വിലസുന്നു. ഇത്തരം പ്രവണതകള്‍ മാറിയേ പറ്റൂ.
സഭയില്‍ ക്രയവിക്രയങ്ങള്‍ സുതാര്യമായിരിക്കണമെന്ന് നിഷ്‌കര്‍ഷിച്ച മഹാരഥന്മാര്‍ ഉണ്ടായിരുന്ന അതിരൂപതയാണ് എറണാകുളം-അങ്കമാലി. ളൂയിസ് പഴേപറമ്പില്‍, കണ്ടത്തില്‍ മാര്‍ അഗസ്റ്റിന്‍, കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടില്‍, കര്‍ദിനാള്‍ ആന്റണി പടിയറ, കര്‍ദിനാള്‍ വര്‍ക്കി വിതയത്തില്‍ എന്നിവര്‍ ഇരുന്നിരുന്ന കസേരയില്‍ കയറിക്കൂടിയിട്ടാണ് ജോര്‍ജ് ആലഞ്ചേരി ത്രൊപ്പോലീത്ത 'കര്‍ദിനാള്‍' പദവിയില്‍ എത്തിയത്. പരിപാവനവും വിശുദ്ധവുമായ ആ കസേരയില്‍ ഇരുന്നുകൊണ്ടാണ് സുതാര്യമല്ലാത്ത ക്രയവിക്രയങ്ങള്‍ അദ്ദേഹവും ഉപജാപക സംഘവും കൂടി നടത്തിയത്. അമിതമായ സമുദായ സ്‌നേഹം പ്രകടിപ്പിച്ച അദ്ദേഹം ഈ കച്ചവടത്തില്‍ മാത്രം അത് കാണിച്ചില്ലെന്നുള്ളത്, വളരെയേറെ ദുരൂഹതകള്‍ സൃഷ്ടിച്ചു.
സഭാ വസ്തുക്കളുടെ നടത്തിപ്പുകാരായി ഒരു വൈദികനോ, അല്‍മായനോ ഉണ്ടാകണമെന്നാണ് സഭാനിയമം എന്നു മനസ്സിലാക്കുന്നു. വൈദീകര്‍ക്ക് സ്വീകാര്യനായ കഴിവുറ്റ സത്യസന്ധനായ നീതിബോധമുള്ള ഒരു വ്യക്തിയെ ആ സ്ഥാനത്തുവച്ച് നീതിപൂര്‍വ്വവും സുതാര്യവുമായി നടത്തേണ്ടിയിരുന്ന ഇടപാടുകള്‍ തനിക്ക് പ്രിയങ്കരനായ ഫാ.ജോഷി പുതുവയെ തന്നിഷ്ടപ്രകാരം നിയമിച്ചു അദ്ദേഹം നടത്തിയത്. ഇത്തരത്തിലുള്ള ഏകാധിപത്യ പ്രവണതകള്‍ സഭയില്‍ നിന്നും തുടച്ചുനീക്കേണ്ടതാണ്. ബഹുമാനപ്പെട്ട വൈദികര്‍ നടത്തിയ പ്രതിഷേധ സമരം ഇത്തരമൊരു കാലത്തിനു കൂടിയാകട്ടെ എന്ന് പ്രത്യാശിക്കുന്നു.
പീഡനത്തിന് വിധേയയായ കന്യാസ്ത്രീ, അഭയം തേടിയെത്തിയിട്ട്, നീതി നടത്തിത്തെരാമെന്ന് പറഞ്ഞ് അവരെ മടക്കി അയക്കുകയും പിന്നീട് അവരെ അവഹേളിക്കുന്ന സമീപനമല്ലേ അദ്ദേഹം മാധ്യമങ്ങള്‍ക്കു മുന്നില്‍ നടത്തിയത്. ഭാരത കത്തോലിക്കാസഭയുടെ തലവന്‍ എന്നു കരുതി, ഞങ്ങള്‍ മഹാവന്ദ്യ ദിവ്യശ്രീ അത്യുന്നത കര്‍ദ്ദിനാള്‍ തിരുമനസ്സേ! വലിയ പിതാവേ! എന്നു വിളിച്ച അദ്ദേഹം ആ പദവിക്ക് അര്‍ഹനല്ലെന്ന് തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളിലും പെരുമാറ്റത്തിലും കാണുകയും കേള്‍ക്കുകയും ചെയ്തതില്‍ അതിയായ വിഷമം ഉണ്ട്.
സഭയുമായും അതോടൊപ്പം രാഷ്ട്രത്തിന്റെയും നിയമം പാലിക്കാന്‍ കടപ്പെട്ടവരാണ് ക്രൈസ്തവര്‍ എന്ന് ഞങ്ങളെ പഠിപ്പിച്ച മഹാരഥന്മാര്‍ ഇരുന്ന കസേരയില്‍ ഇരുന്നുകൊണ്ടാണ് താന്‍, രാഷ്ട്രത്തിന്റെ നിയമം പാലിക്കേണ്ടതില്ലെന്ന് അദ്ദേഹം പറയുന്നത് എന്നു കേള്‍ക്കേണ്ടിവന്നതിലുള്ള അതീവദുഃഖം രേഖപ്പെടുത്തുന്നു. പണത്തിന്റെ ശക്തിയും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് തനിക്കെതിരെ അല്‍മായര്‍ നല്‍കിയ കേസുകള്‍ ഇല്ലാതാക്കുകയും തന്റെ ചെയ്തികള്‍ക്ക് എതിരുനില്‍ക്കുന്നവരെ കള്ളക്കേസുകളില്‍ കുരുക്കുകയും ചെയ്യുന്ന പ്രവണത ഇനിയെങ്കിലും ഒരു മെത്രാന്റെ ഭാഗത്തുനിന്നും ഉണ്ടാകരുത്. കര്‍ദിനാള്‍ ആലഞ്ചേരിയുമായി ബന്ധപ്പെട്ടതെന്ന് കരുതുന്ന ചില രേഖകള്‍, വ്യാജരേഖകള്‍ എന്ന പേരില്‍ നടക്കുന്ന അന്വേഷണം ബഹുമാനപ്പെട്ട സര്‍ക്കാരും പോലീസും അത്മായരും പ്രലോഭനങ്ങളില്‍ പെടാതെ വലയില്‍ വീഴാതെ സത്യസന്ധമായി നടത്തണം. വിശ്വാസികള്‍ക്ക് സത്യാവസ്ഥ ബോധ്യപ്പെടണം. അന്വേഷണത്തില്‍ വെള്ളം ചേര്‍ത്താല്‍ സത്യം ഒരിക്കലും പുറത്തുവരുകയോ തട്ടിപ്പുകാര്‍ കുടുങ്ങുമെന്നോ കരുതാനാവില്ല.
ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പിനാരായണന്റെ പേരിലുള്ള ചാരക്കേസ് അന്വേഷണ ഉദ്യോഗസ്ഥര്‍ ആര്‍ക്കൊക്കെയോ വേണ്ടി തിരിമറി നടത്തി നമ്പി നാരായണനെ മൃഗീയമായി മര്‍ദ്ദിച്ച് ജയിലില്‍ അടച്ചു. കാല്‍ നൂറ്റാണ്ടിനു ശേഷം അത്യുന്നത നീതിപീഠം നമ്പിനാരായണനെ കുറ്റവിമുക്തനാക്കി. വൈദികര്‍ നടത്തിയ പ്രതിഷേധ സമരം ഇത്തരം പ്രവണതകള്‍ക്ക് എതിരാണെന്ന് മനസ്സിലാക്കുന്നു. അതിനാല്‍ വൈദികരെ പിന്തുണയ്ക്കുന്നു.
കേരളത്തിലെ മെത്രാന്‍ സമൂഹത്തോട് ഞങ്ങള്‍ക്കൊരപേക്ഷയുണ്ട്. ഞങ്ങളോട് ക്രൈസ്തവ ധര്‍മ്മത്തെകുറിച്ചും സത്യത്തെ കുറിച്ചും നീതിയെയും സ്‌നേഹത്തെയുംകുറിച്ചും സര്‍ക്കുലര്‍ വഴിയും അല്ലാതെയും പറയുന്ന നിങ്ങള്‍ പരിശുദ്ധ ഫ്രാന്‍സിസ് പാപ്പായെ പോലെ ജീവിച്ചുകാണിക്കുക. സത്യവും നീതിയും ധര്‍മ്മവും കൈവിടാതെ പ്രവര്‍ത്തിച്ചു മാതൃക കാണിക്കുക. ഇത്രയുമൊക്കെ ആയിട്ടും കര്‍ദിനാള്‍ ആലഞ്ചേരിയോടും ഫ്രാങ്കോ മെത്രാനോടും നിങ്ങള്‍ കാണിക്കുന്ന വിധേയത്വം നിന്ദ്യമാണ്. നീചമാണ്. രാജാവ് നഗ്നാണെന്ന് വിളിച്ചുപറയുന്ന കുട്ടിയുടെ ആര്‍ജ്ജവമെങ്കിലും നിങ്ങള്‍ക്കില്ലെങ്കില്‍, അതു വിശ്വാസ സമൂഹത്തിനു നിങ്ങളോടുള്ള സ്‌നേഹവും വിശ്വാസവും നഷ്ടമാകും. വൈദികരുടെ പ്രതിഷേധ സമരം നിങ്ങളുടെയെല്ലാം കണ്ണ് തുറപ്പിക്കട്ടെ.
പ്രാര്‍ത്ഥന ആശംസകളോടെ കെ.എം വര്‍ഗീസ്.

No comments:

Post a Comment