Translate

Tuesday, December 22, 2020

'ആത്മീയയാത്ര' നോട്ടുകെട്ടുകൾക്കുവേണ്ടി!

സിസ്റ്റർ ലൂസി കളപ്പുര

അടുക്കിയടുക്കിവച്ച നോട്ടുകെട്ടുകളുടെ ചിത്രങ്ങൾകൊണ്ട് നിറഞ്ഞ ഒരു പത്രത്താളിലൂടെയാണ്  ആത്മീയയാത്രാ നേതാവ് കെ പി യോഹന്നാന്റെ കോടികളുടെ തട്ടിപ്പിന്റെ പിന്നാമ്പുറ കഥകൾ അറിയുന്നത്. ഇവിടെ ജനങ്ങൾ കോവിഡ് 19 എന്ന മഹാമാരിയുടെ ഭീഷണിയിലും സാമ്പത്തികമായ വളരെയധികം ബുദ്ധിമുട്ടുകളിലുംകൂടി കടന്നുപൊയ്ക്കൊണ്ടിരിക്കുകയാണ്. കുഞ്ഞുങ്ങൾ പട്ടിണിമരണത്തിന് ഇരകളാകുന്ന ഒരു രാജ്യത്ത്  കോടികളുടെ കള്ളപ്പണം സമ്പാദിക്കുന്ന ഇടയന്മാരെക്കുറിച്ചുള്ള വിവരം നമ്മെ ഞെട്ടിക്കുന്നു. ഒട്ടിയ വയറുമായി കരയുന്ന കുഞ്ഞുങ്ങൾക്കും പാവങ്ങൾക്കുമായി എന്ന് തെറ്റിദ്ധരിപ്പിച്ച് കൈവശപ്പെടുത്തുന്ന കോടികൾ സ്വന്തം ധനമാക്കി മാറ്റിയിരിക്കുന്ന കെ പി യോഹന്നാൻമാർ നാടിന് ശാപമാണ്. കോവിഡിന്റെ പോർക്കളത്തിൽ ഒത്തിരിപ്പേരുടെ ജോലികൾ നഷ്ടപ്പെട്ടിരിക്കുന്നു. ഇനി എങ്ങനെ മുന്നോട്ടു ജീവിക്കും എന്ന ആകുലതയിലും വ്യാകുലതയിലും ജനം തേങ്ങുന്നു. അതിനിടയിൽപ്പോലും യാതൊരു ജാള്യതയുമില്ലാതെ കോടിക്കണക്കിന് പണം പിരിച്ചെടുത്ത് രഹസ്യഅറകളിൽ സൂക്ഷിച്ച് ക്രയവിക്രയംചെയ്യാൻ കെ പി യോഹന്നാനും കൂട്ടരും കാണിച്ച ആർത്തി എല്ലാ അതിരുകളും കവിഞ്ഞുപോയി.

'ആത്മീയയാത്ര' എന്ന പേരിൽ ചതിക്കപ്പെട്ട വിശ്വാസിസമൂഹത്തിന്റെ ദയനീയ മുഖങ്ങളും, ആത്മീയയാത്രാ നേതാവിന്റെ കോടികളുടെ തട്ടിപ്പും കണ്ട് ലോകം മുഴുവൻ ഞെട്ടിയിരിക്കുന്നു! കണ്ണടച്ച്, ഉദാരമായി, ഇത്തരം കള്ളനാണയങ്ങൾക്ക് വകതിരിവില്ലാതെ പണം കൊടുക്കുന്നതിലൂടെയാണ് തട്ടിപ്പിന്റെ രുചി കയറി ആർത്തിയോടെ കൈയിട്ടുവാരാൻ അവർ തുടങ്ങുന്നത്. കെ പി യോഹന്നാൻ സ്വയം രൂപീകരിച്ചെടുത്ത സഭ തട്ടിപ്പിനുള്ള സഭയാണെന്ന് തിരിച്ചറിയാൻ കടുത്ത വിശ്വാസികൾക്ക് ഇനിയും കഴിയുമെന്ന് തോന്നുന്നില്ല. ഇവിടെ ക്രിസ്തു എവിടെയാണ് പ്രസംഗിക്കപ്പെടുന്നത്? ഇവരെങ്ങനെയാണ് ക്രിസ്തുവിനെ ജീവിക്കുന്നത്? കാലിത്തൊഴുത്തിൽ ചാണകമണത്തിനിടയിൽ ജനിച്ചുവീണ, ഒരു മുഴം തുണി ചുറ്റി ചോരചിന്തി കുരിശിൽ തുങ്ങിമരിച്ച ക്രിസ്തുവിനെയാണോ, അതോ മുപ്പതു വെള്ളിക്കാശിനായി യേശുവിനെ ഒറ്റിക്കൊടുത്ത യൂദാസിനെയാണോ, ഇവർ പ്രസംഗിക്കുന്നത്?

കണക്കില്ലാത്ത കള്ളപ്പണത്തിനും അഴിമതിക്കും ലൈംഗികചൂഷണങ്ങൾക്കുമിടയിൽ ക്രിസ്തു ഓരോ ദിവസവും വീണ്ടും വീണ്ടും ക്രൂശിക്കപ്പെടുന്നു! ഇപ്രകാരം ക്രിസ്തുവിനെ കൊല്ലുന്നവർതന്നെ, ക്രിസ്തു എന്നിലും നിന്നിലും ഉയിർക്കണം എന്ന് വാശിപിടിച്ച്, പാവങ്ങളുടെ വിയർപ്പിന്റെ രുചി പുരണ്ട അപ്പക്കഷ്ണത്തിനായി രാജ്യരാജ്യാന്തരം ചുറ്റിക്കറങ്ങി സമൂഹത്തെയും നാടിനെയും വഞ്ചിക്കുന്നു. കണ്ണ് തുറന്നാൽ നാം കാണുന്നത് ആത്മീയ അന്തപ്പുരങ്ങളിലെ ഇത്തരം തട്ടിപ്പുകളും ചതികളുംമാത്രമാണ്.

ബിലീവേഴ്സ്  ചർച്ചിലെ അതികായകൻ കെ പി യോഹന്നാൻവരെ എത്തിയിരിക്കുന്ന അന്വേഷണം ഒരു അന്വേഷണപരമ്പരയായി മാറേണ്ടിയിരിക്കുന്നു. എല്ലാ സഭകളിലെയും എല്ലാ മെത്രാന്മാരുടെയും ആത്മീയ കോട്ടകൊത്തളങ്ങളും അന്തപ്പുരങ്ങളും അന്വേഷണവിധേയമാക്കേണ്ടിയിരിക്കുന്നു. പല മെത്രാന്മാർക്കുമെതിരെയുള്ള ഭൂമികുംഭകോണക്കേസുകളും സാമ്പത്തിക അഴിമതിക്കേസുകളും ഇന്നും ഇഴഞ്ഞുനീങ്ങുകയാണ്. ലൈംഗികചൂഷണ കേസുകളിൽ പണം മുടക്കി വഴിമുടക്കുകയാണ്. സാമ്പത്തിക-ലൈംഗിക 'ആത്മീയ യാത്രകൾ' എങ്ങോട്ടാണ് എന്നോർത്ത് സാധാരണ വിശ്വാസികൾപോലും ഭയപ്പെടുകയാണിന്ന്.

ഇവിടെയാണ് ചർച്ച് ആക്ട് ബിൽ നടപ്പിലാകേണ്ടതിന്റെ ആവശ്യകത. സഭാനേതൃത്വങ്ങൾക്കിടയിലെ അനധികൃതമായ സ്വത്തുസമ്പാദനവും സാമ്പത്തികഅഴിമതിയും ഒരു പരിധിവരെയെങ്കിലും തടയാൻ ചർച്ച് ആക്ട് വന്നേ തീരൂ.  ക്രിസ്തുവിന്റെ നാമത്തിൽ സ്ഥാപിതമായ സഭകളെ കഴുകി ശുദ്ധിചെയ്തെടുക്കാനുള്ള  സമയം അതിക്രമിച്ചിരിക്കുന്നു. അരമനകളുടെ അകത്തളങ്ങളിൽ പലയിടങ്ങളിലും ചെറുതും വലുതുമായ ഇത്തരം  ആത്മീയയാത്രാ നേതാക്കന്മാർ പതുങ്ങിയിരിക്കുന്നുണ്ട്. അവരെ ധീരതയോടെ  നിയമത്തിനുമുമ്പിലേക്ക് കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നമുക്കെല്ലാവർക്കുമുണ്ട്.

രാപകൽ അധ്വാനിച്ച് കഷ്ടപ്പെട്ട് കുടുംബത്തെ സംരക്ഷിക്കുന്ന സാധാരണക്കാരായ ജനങ്ങളാണ് യഥാർത്ഥ ആത്മീയയാത്രയുടെ നേതാക്കന്മാർ എന്ന് തിരിച്ചറിയുക. അവർതന്നെയാണ് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടവർ എന്നും അംഗീകരിക്കുക. അല്ലാത്തവർ കള്ളന്മാരും കവർച്ചക്കാരുമാണെന്ന് അവർതന്നെ ഓരോ ദിവസവും തെളിയിച്ചുകൊണ്ടിരിക്കുന്നു. സ്വദേശത്തും വിദേശത്തും ജോലിചെയ്ത് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന ഓരോരുത്തരോടും സ്നേഹത്തോടെ പറയുകയാണ്, നിങ്ങളുടെ അധ്വാനത്തിന്റെ മൂല്യം കള്ളന്മാരുടെ കൈകളിൽ എത്തരുത്. പാവങ്ങൾക്കാണ്, പള്ളിക്കാണ്, പുണ്യവാളനാണ് എന്നൊക്കെ പറഞ്ഞു കൈനീട്ടുന്ന ആത്മീയ കള്ളനാണയങ്ങളെ  തിരിച്ചറിയുക. നിങ്ങളാണ് നിങ്ങളുടെ ആത്മീയനേതാവ്. കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും ദയയുടെയും പങ്കുവയ്ക്കലിന്റെയും നേതാവും നീതന്നെ!

ദൈവത്തിനും നിങ്ങൾക്കുമിടയിൽ ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല.

No comments:

Post a Comment