Translate

Tuesday, December 15, 2020

'ഏവരും സോദരര്‍' (Fratelli Tutti) - ഒരു ആസ്വാദനം; വിമര്‍ശനവും!

ജോര്‍ജ് മൂലേച്ചാലില്‍

(എഡിറ്റോറിയല്‍, സത്യജ്വാല മാസിക, 2020 ഡിസംബര്‍)

ലോകത്തിന്റെ പ്രശ്‌നങ്ങള്‍ ഏറെ സൂക്ഷ്മതയോടെ കാണാനും, അവയുടെ കാര്യ-കാരണബന്ധങ്ങളെ ബൈബിളധിഷ്ഠിതമായും യുക്തിഭദ്രമായും അപഗ്രഥിച്ച് കൃത്യമായ പരിഹാരനിര്‍ദ്ദേശങ്ങള്‍ ലോകരുടെമുമ്പില്‍ വയ്ക്കാനുമുള്ള ഫ്രാന്‍സീസ് മാര്‍പാപ്പായുടെ പ്രാഗല്ഭ്യം, 'ഏവരും സോദരര്‍' (Fratelli Tutti) എന്ന അദ്ദേഹത്തിന്റെ മൂന്നാമത്തെ ചാക്രികലേഖനം ഒരിക്കല്‍ക്കൂടി തെളിയിച്ചിരിക്കുന്നു. 'നമ്മുടെ പൊതുഭവനത്തിന്റെ സംരക്ഷണ'(On Care of Our Common Home)ത്തെക്കുറിച്ച് 'അങ്ങേക്ക് സ്തുതി' (Laudato Si) എന്ന പേരില്‍ 2015 മേയ് മാസത്തില്‍ അദ്ദേഹമെഴുതിയ ചാക്രികലേഖനം, ലോകം ഇന്ന് അഭിമുഖീകരിക്കുന്ന വിനാശകരമായ പാരിസ്ഥിതികപ്രതിസന്ധിയെക്കുറിച്ച് ആഴത്തില്‍ ഉള്‍ക്കാഴ്ച നല്‍കുന്നതും അതിനെതിരെ ജനങ്ങളുടെ ചിന്തയെ ഉദ്ദീപിപ്പിക്കാന്‍ പോന്നതുമായിരുന്നുവെങ്കില്‍, 'ഏവരും സോദരര്‍' എന്ന പുതിയ ചാക്രികലേഖനത്തില്‍ ലോകം ഇന്നു നേരിടുന്ന സാമ്പത്തിക-രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക-ആദ്ധ്യാത്മികതലങ്ങളിലെ ജീര്‍ണ്ണതകളെ ഇഴപിരിച്ച് അതിലെല്ലാം ഉള്‍ച്ചേര്‍ന്നിരിക്കുന്ന മനുഷ്യവിരുദ്ധതയെയും വീക്ഷണവൈകല്യങ്ങളെയും, ഒപ്പം രക്ഷാമാര്‍ഗ്ഗത്തെയും അങ്ങേയറ്റം തെളിമയോടെ കാട്ടിത്തരുന്നു. 'അങ്ങേക്കു സ്തുതി'-യില്‍, ഈ ഭൂമി സര്‍വ്വജീവജാലങ്ങളുടെയും പൊതുഭവനമായതിനാല്‍ മനുഷ്യര്‍മാത്രമല്ല, അവയും ഭൂമിക്കാരും പരസ്പരം സഹോദരരുമാണെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് പരിസ്ഥിതിസംരക്ഷണം മനുഷ്യന്റെ മാറ്റിവയ്ക്കാനാവാത്ത ഉത്തരവാദിത്വമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. 'ഏവരും സോദര'രിലാകട്ടെ, എല്ലാ മനുഷ്യരും ഭൂമിക്കാരായതിനാല്‍ പരസ്പരം സഹോദരരാണെന്ന വസ്തുതയ്ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയിരിക്കുന്നത്. ആ യുക്തിയില്‍ നിന്നുകൊണ്ട് ഓരോ മനുഷ്യന്റെയും ഓരോ ജനതയുടെയും തനിമയും അന്തസ്സും തുല്യതയും സ്വാതന്ത്ര്യവും ഉറപ്പുവരുത്തുന്ന ഒരു നവസമൂഹം സൃഷ്ടിക്കാനുള്ള മനുഷ്യന്റെ ഉത്തരവാദിത്വത്തിലേക്ക് വിരല്‍ചൂണ്ടുകയാണദ്ദേഹം. പുസ്തകത്തിന്റെ, 'അതിര്‍ത്തികളില്ലാതെ' (Without Borders) എന്ന ആമുഖത്തില്‍ അദ്ദേഹം പറയുന്നു, ''നമുക്ക് ഒരേ മാംസമുള്ള സഹയാത്രികരായി, നമ്മുടെയെല്ലാം പൊതുഭവനമായിരിക്കുന്ന ഈ ഒരേയൊരു ഭൂമിയുടെ മക്കളായി, ഓരോ സഹോദരനും സഹോദരിയുമായി, തനതു സ്വരങ്ങളില്‍ തങ്ങളുടെ വിശ്വാസങ്ങളുടെയും ബോധ്യങ്ങളുടെയും സമൃദ്ധികള്‍ പങ്കുവച്ച് ജീവിക്കാന്‍ കഴിയുന്ന ഒരു വിശ്വമാനവകുടുംബത്തെ സ്വപ്നം കാണാന്‍ കഴിയട്ടെ'' എന്ന്. തുടര്‍ന്നുള്ള എട്ട് അധ്യായങ്ങളിലായി ഈ സ്വപ്നം സാക്ഷാത്ക്കരിക്കുന്നതിന് തടസ്സം നില്‍ക്കുന്ന നിലവിലെ ലോകസാഹചര്യങ്ങളെയും അനുകൂലമായുള്ള സാധ്യതകളെയും വിശദമായി അവതരിപ്പിച്ചുകൊണ്ട് തന്റെ വിശ്വകുടുംബസങ്കല്പത്തിലേക്ക് പ്രത്യാശാഭരിതനായി വഴികാട്ടുകയാണദ്ദേഹം.

എല്ലാവരും ഭൂമിക്കാരാണെന്നതും, തന്മൂലം ഏവരും സോദരരാണെന്നതും അംഗീകരിക്കുന്നവര്‍പോലും അതിന്റെ സാക്ഷാത്ക്കാരമായ വിശ്വകുടുംബം എന്ന സങ്കല്പത്തെ, 'ഒരിക്കലും നടക്കാത്ത ഒരു നല്ലകാര്യം' എന്ന്, അഥവാ ഒരു ഉട്ടോപ്യന്‍ സങ്കല്പമെന്നു പറഞ്ഞ് തള്ളിക്കളയുകയാണ് പതിവ്. അങ്ങനെ തള്ളിക്കളയാന്‍ നൂറുനൂറു കാരണങ്ങളുണ്ട് എന്നതാണു വസ്തുതയും. അതായത്, മാത്സര്യത്തിലും ചൂഷണത്തിലും അടിസ്ഥാനമിട്ട് കെട്ടിപ്പൊക്കി വ്യവസ്ഥാപിതമാക്കിയിരിക്കുന്ന ഇന്നത്തെ ലോകകമ്പോളവ്യവസ്ഥിതിയില്‍ നിന്നുകൊണ്ട്, മാനവികതയിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ഒരു വിശ്വകുടുംബവ്യവസ്ഥിതി സാധ്യമാണെന്നംഗീകരിക്കുക പ്രായോഗികബുദ്ധിയുള്ള ആര്‍ക്കും എളുപ്പമല്ലതന്നെ. എന്നാല്‍, മനുഷ്യരില്‍ നിക്ഷേപിക്കപ്പെട്ടിട്ടുള്ള സ്‌നേഹോര്‍ജ്ജസംഭരണിയില്‍ ഉറച്ച വിശ്വാസവുമായി പ്രത്യാശ കൈവിടാതെ മുന്നോട്ടു നീങ്ങുന്ന ഫ്രാന്‍സീസ് മാര്‍പാപ്പ ഉയര്‍ന്നുനില്‍ക്കുന്ന തടസ്സങ്ങളുടെ മലനിരകള്‍ കാട്ടിക്കൊണ്ടുതന്നെയാണ് അവയെ മറികടക്കാന്‍ മനുഷ്യകുലത്തോട് ആഹ്വാനം ചെയ്യുന്നത്. അതുകൊണ്ടുതന്നെയാവാം, നിലവിലുള്ളത് ഒരു അടഞ്ഞ സമൂഹമാണെന്നും, ഇരുള്‍ പടര്‍ത്തുന്ന കാര്‍മേഘപടലങ്ങള്‍ അതിനുമേല്‍ ഉരുണ്ടുകൂടുകയാണെന്നും ധ്വനിപ്പിക്കുന്ന, 'അടഞ്ഞ ലോകത്തിനുമേല്‍ ഇരുണ്ട മേഘങ്ങള്‍' (Dark Clouds over a Closed World) എന്ന ശീര്‍ഷകമാണ് ആദ്യ അദ്ധ്യായത്തിന് അദ്ദേഹം നല്‍കിയിരിക്കുന്നത്.

ഈ അധ്യായത്തില്‍, ലോകത്തിന്റെ ഇന്നത്തെ അവസ്ഥയെ തലനാരിഴകീറി പരിശോധിക്കുന്നുണ്ട്, അദ്ദേഹം. ലോകം ഇന്ന് സ്വതന്ത്രമായി തുറന്നിട്ടിരിക്കുന്നത് വന്‍സാമ്പത്തികശക്തികള്‍ക്കുമുമ്പില്‍ മാത്രമാണെന്നും, അതിലൂടെ ഓരോ മനുഷ്യനും ഓരോ ജനതയും ഇന്നു സാമ്പത്തികമായി ചൂഷണം ചെയ്യപ്പെടുകയും സാംസ്‌കാരികമായി അന്യവത്ക്കരിക്കപ്പെടുകയുമാണെന്നും അദ്ദേഹം തുറന്നുകാട്ടുന്നു. ഈ ശക്തിരാഷ്ട്രീയം ഏകശിലാരൂപിയായ ഒരു സംസ്‌കാരത്തിലൂടെ ലോകത്തെ ഏകീകരിക്കുകയും, അതേസമയം വ്യക്തികളെയും രാജ്യങ്ങളെയും ഭിന്നിപ്പിക്കുകയുമാണ്; അത് സാഹോദര്യഭാവം നശിപ്പിച്ച് മനസ്സടുപ്പമില്ലാത്ത അയല്‍ക്കാരെയാണ് ഉണ്ടാക്കുന്നത്. അദ്ദേഹം പറയുന്നു: ''മറ്റുള്ളവരെ അനുകരിക്കാനുള്ള ആവേശംകൊണ്ടോ അക്രമത്തെ പ്രോത്സാഹിപ്പിക്കാന്‍ വേണ്ടിയോ അക്ഷന്തവ്യമായ ഉപേക്ഷകൊണ്ടോ അലംഭാവംകൊണ്ടോ ഒക്കെ തങ്ങളുടെ തനതു പാരമ്പര്യങ്ങള്‍ ഉപേക്ഷിക്കുന്നവര്‍, തങ്ങളുടെ ആത്മാവിനെത്തന്നെ കൊള്ളയടിക്കാന്‍ മറ്റുള്ളവരെ അനുവദിക്കുകയാണ് ചെയ്യുന്നത്. അത് കലാശിക്കുന്നത് അവരുടെ തനതു കൂട്ടായ്മാബോധത്തിന്റെ നഷ്ടത്തില്‍മാത്രമല്ല, അവരുടെ ധര്‍മ്മനിഷ്ഠയുടെയും ബൗദ്ധികവും സാമ്പത്തികവും രാഷ്ട്രീയവുമായ സ്വാതന്ത്ര്യത്തിന്റെകൂടി നഷ്ടത്തിലായിരിക്കും.... ഇക്കാലത്ത് ജനാധിപത്യം, സ്വാതന്ത്ര്യം, നീതി, ഐക്യം മുതലായ വാക്കുകള്‍ക്കുതന്നെ എന്തര്‍ത്ഥമാണ് യഥാര്‍ത്ഥത്തില്‍ ഉള്ളത്? ഏതൊരു പ്രവൃത്തിയെയും നീതീകരിക്കുന്നതിനായി മേല്‍ക്കോയ്മയുടെ കൈയില്‍ ഉപയോഗ്യമാകത്തക്കവിധം വളച്ചൊടിച്ച് രൂപപ്പെടുത്തിയ ഉപകരണങ്ങള്‍മാത്രമായിരിക്കുന്നു, അവ'' (ഖണ്ഡിക 14).

തുടര്‍ന്ന്, ഇന്നത്തെ പണാധിഷ്ഠിതസംസ്‌കാരം ജന്മംകൊടുത്തിട്ടുള്ള, പാവങ്ങളോടും വൃദ്ധരോടും കുട്ടികളോടുമുള്ള അവഗണന, മനുഷ്യാന്തസ്സിന്റെയും മനുഷ്യാവകാശങ്ങളുടെതന്നെയും നിരാകരണം, പുതിയതരം അടിമത്തം, വംശീയവും മതപരവുമായ തീവ്രവാദങ്ങള്‍, ഭീകരാക്രമണങ്ങള്‍, കൂട്ടപലായനങ്ങള്‍, അഭയാര്‍ത്ഥിപ്രവാഹങ്ങള്‍, സമൂഹത്തിന്റെ മാഫിയാവല്‍ക്കരണം എന്നിങ്ങനെ നിരവധിയായ ദൂഷ്യഫലങ്ങളെക്കുറിച്ച് വിശദമായിത്തന്നെ ചര്‍ച്ച ചെയ്യുന്നു, ഈ അധ്യായത്തില്‍. കൂടാതെ,  ഈ സാഹചര്യം ഓരോ മനുഷ്യനിലും സൃഷ്ടിക്കുന്ന ഏകാന്തതയും ഭയവും അരക്ഷിതബോധവുംചേര്‍ന്ന്, തനിക്കുചുറ്റും മതിലുകള്‍ ഉയര്‍ത്തി പുറംലോകവും ചക്രവാളവുമില്ലാത്ത സ്വയംസൃഷ്ട തടവറകളില്‍ ഒതുങ്ങാന്‍ ഓരോരുത്തരെയും പ്രേരിപ്പിക്കുന്ന ദൂഷിതവലയവും ഇതില്‍ ചര്‍ച്ചാവിഷയമാക്കുന്നു. ലോകത്തെ മുഴുവന്‍ ഗ്രസിച്ച കോവിഡ് 19 എന്ന മഹാപകര്‍ച്ചവ്യാധി അപ്രതീക്ഷിതമായി ലോകത്തിനു നല്‍കിയ പ്രഹരം, മനുഷ്യന്‍ ആഗോളതലത്തില്‍ ഒറ്റ സമൂഹമാണെന്നും, ഒറ്റയ്ക്കുനിന്ന് ആര്‍ക്കും രക്ഷപെടാനാവില്ലെന്നും, നാം ശരിയെന്ന മട്ടില്‍ അവലംബിച്ചുപോരുന്ന രീതികള്‍ പലതും തെറ്റും ഉപരിപ്ലവവുമായിരുന്നുവെന്നും, നമ്മുടെ ജീവിതശൈലിയെക്കുറിച്ചും മനുഷ്യബന്ധങ്ങളെക്കുറിച്ചും അടിയന്തിരമായി ഒരു പുനര്‍വിചിന്തനം ആവശ്യമാണെന്നുമൊക്കെയുള്ള  ഒരു അവബോധം ഉണരാന്‍ ഇടയാക്കിയിട്ടുണ്ട് എന്ന നിരീക്ഷണവും അദ്ദേഹം നടത്തുന്നു, ഇതില്‍.

ഇങ്ങനെ, മാനുഷികമായ ഒരു നവസമൂഹത്തെപ്പറ്റിയുള്ള ചിന്ത ഉട്ടോപ്യനാണ് എന്നു പറഞ്ഞുതള്ളുന്ന ആരെക്കാളും, അതിനു മുമ്പിലുള്ള തടസ്സങ്ങളെ തെളിഞ്ഞു കണ്ടുകൊണ്ടാണ് ഫ്രാന്‍സീസ് മാര്‍പാപ്പാ, പരസ്പരം ചിതറിയകന്നുകൊണ്ടിരിക്കുന്ന മനുഷ്യരെ ഒരു വിശ്വകുടുംബമാക്കേണ്ടതുണ്ട് എന്ന് ഉറച്ച ശബ്ദത്തില്‍ പറയുന്നത്.

'തെരുവില്‍ ഒരു അപരിചിതന്‍' (A Stranger on the Road) എന്ന രണ്ടാം അധ്യായമാണ് ഈ ചാക്രികലേഖനത്തിന്റെ മൂലക്കല്ല് എന്നു പറയാം. നല്ല സമരിയാക്കാരന്റെ ഉപമയുടെ ഓരോ അംശവുമെടുത്ത് ആധുനികലോകസാഹചര്യങ്ങളോടു ബന്ധപ്പെടുത്തി ഫ്രാന്‍സീസ് മാര്‍പാപ്പാ നടത്തുന്ന വ്യാഖ്യാനം ഇന്നു ലോകം നേരിടുന്ന മുഴുവന്‍ പ്രശ്‌നങ്ങളുടെയും പ്രതിസന്ധികളുടെയും അടിസ്ഥാനകാരണം വ്യക്തമാക്കാന്‍ പോരുന്നതാണ്. വഴിയില്‍ കവര്‍ച്ച ചെയ്യപ്പെട്ടു കിടക്കുന്ന മനുഷ്യനെ കണ്ടിട്ടും മറുവഴിയിലൂടെ കടന്നുപോയ പുരോഹിതനെയും ലേവ്യനെയുംപോലെ, കൊള്ളയടിക്കപ്പെട്ടും മുറിവേറ്റും കിടക്കുന്ന മനുഷ്യരെ കണ്ടില്ലെന്നു നടിക്കുന്ന, അപരനോട് നിസ്സംഗത പുലര്‍ത്തുന്ന, അവനവന്റെ കാര്യങ്ങളില്‍മാത്രം ശ്രദ്ധയൂന്നുന്ന മനുഷ്യന്റെ സ്വകാര്യമാത്രപര(individualistic)മായ മനോഭാവമാണ് ഇന്നിന്റെ മുഴുവന്‍ പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് ഈ അധ്യായം ആരെയും ബോധ്യപ്പെടുത്തും. അന്ത്യവിധിയിലെ, ''ഞാന്‍ പരദേശിയായിരുന്നു, നിങ്ങള്‍ എന്നെ സ്വാഗതം ചെയ്തു''(മത്താ. 25:35) എന്ന യേശുവചസ്സ്‌കൂടി വ്യാഖ്യാനിച്ച് അതദ്ദേഹം കൂടുതല്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. ആ അധ്യായം അവസാനിപ്പിക്കുന്നതിങ്ങനെയാണ്: ''മനുഷ്യാസ്തിത്വത്തിന്റെ സാമൂഹികമായ അര്‍ത്ഥമെന്തെന്ന്, ആത്മീയതയുടെ സാഹോദര്യമാനമെന്തെന്ന്, ഓരോ വ്യക്തിയുടെയും അവിച്ഛിന്നമായ മനുഷ്യാന്തസ്സ് സംബന്ധിച്ചുള്ള നമ്മുടെ ബോധ്യമെന്തെന്ന്, എല്ലാവരെയും സഹോദരീ-സഹോദരരായി സ്‌നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യേണ്ടതിന് നമുക്കുള്ള കാരണങ്ങളെന്തെന്ന് ഒക്കെ, നമ്മുടെ വേദപാഠ(Catechesis)പഠനങ്ങളിലും സഭാപ്രബോധനങ്ങളിലും പ്രകടമായും വ്യക്തമായും പറയേണ്ടത് ഏറ്റം പ്രധാനമായിരിക്കുന്നു'' (ഖണ്ഡിക 86).

'തുറന്ന ലോകത്തിന്റെ ദര്‍ശനവും ബീജാവാപവും' (Envisaging and Engendering an Open World) എന്ന മൂന്നാം അധ്യായം ഇങ്ങനെ തുടങ്ങുന്നു: ''മറ്റുള്ളവര്‍ക്ക് സ്വയം ദാനമാകാതെ ജീവിക്കാനോ സ്വയം വികാസം പ്രാപിക്കാനോ ജീവിതത്തില്‍ സാഫല്യം കണ്ടെത്താനോ സാധിക്കാത്ത വിധത്തിലാണ് മനുഷ്യജീവികള്‍ ഉണ്ടാക്കപ്പെട്ടിരിക്കുന്നത്'' (ഖണ്ഡിക 87). ഒരു സാമൂഹിക ജീവിയായിട്ടുതന്നെയാണ് മനുഷ്യന്‍ രൂപകല്പന ചെയ്യപ്പെട്ടിരിക്കുന്നത് എന്നു ചുരുക്കം. പിറന്നുവീഴുന്ന ഒരു ശിശുവിന് കുടുംബമെന്ന ചെറുസമൂഹമില്ലാതെ മുന്നോട്ടു ജീവിക്കാനാവില്ല എന്നതുതന്നെ ഇതിനു തെളിവാണല്ലോ. അതുകൊണ്ടുതന്നെ വ്യക്തിഗതമായ സ്വന്തം അതിര്‍ത്തികളെ അതിവര്‍ത്തിക്കാനുള്ള നൈസര്‍ഗ്ഗികത്വര, സഹജാവബോധം ഓരോ മനുഷ്യനിലുമുണ്ട്. ഈ സഹജാവബോധത്തെ സാമൂഹികമായി പ്രോത്സാഹിപ്പിച്ചാല്‍ അവനവനിലേക്ക്, സ്വകാര്യമാത്രപരതയിലേക്ക് ചുരുങ്ങിക്കൂടാന്‍ പ്രേരിപ്പിക്കുന്ന 'ഞാന്‍ഭാവ'(egotistic mentality)ത്തില്‍നിന്ന് മോചിതനായി, അപരനിലേക്ക് സ്വയം വിടരാനും സ്‌നേഹത്തിന്റെയും ബന്ധങ്ങളുടെയും മൂല്യം മനസ്സിലാക്കാനും സാര്‍വ്വത്രികസ്‌നേഹത്തിലേക്ക് നയിക്കപ്പെടാനും ഓരോ മനുഷ്യനും തീര്‍ച്ചയായും പ്രചോദിതനാകും. ഈ സാധ്യതയുടെ വിവിധ വശങ്ങള്‍ കാട്ടിത്തരുന്നുണ്ട്, ഫ്രാന്‍സീസ് മാര്‍പാപ്പാ ഈ അധ്യായത്തില്‍. അതിന്റെ ഭാഗമായി സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂല്യങ്ങളെക്കുറിച്ചും, സാര്‍വ്വത്രികസ്‌നേഹം എങ്ങനെയാണ് ഓരോ വ്യക്തിയുടെയും വ്യക്തിത്വവികാസത്തെ പ്രോത്സാഹിപ്പിക്കുന്നത് എന്നതിനെക്കുറിച്ചും, ഐക്യദാര്‍ഢ്യം എന്നാല്‍ എന്ത് എന്നതിനെക്കുറിച്ചും വിശദമായി ചര്‍ച്ചചെയ്യുന്നു. അദ്ദേഹം പറയുന്നു: ''ഐക്യദാര്‍ഢ്യമെന്നാല്‍ ഒറ്റതിരിഞ്ഞ ഔദാര്യപ്രവൃത്തികളില്‍ ഏര്‍പ്പെടുന്നതിനും അപ്പുറമാണ്. അതിനര്‍ത്ഥം, കൂട്ടായ്മയുടെ തലത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ്; ... ദാരിദ്ര്യം, അസമത്വം, തൊഴില്‍രാഹിത്യം, ഭൂമിയും വീടും ഇല്ലായ്മ, സാമൂഹികവും തൊഴില്‍പരവുമായ അവകാശങ്ങളുടെ നിഷേധം എന്നിവയുടെയെല്ലാം ഘടനാപരമായ കാരണങ്ങള്‍ക്കെതിരെ പോരാടുക എന്നും അത് അര്‍ത്ഥമാക്കുന്നു; സാമ്പത്തികസാമ്രാജ്യത്വത്തിന്റെ നശീകരണഫലങ്ങളെ തടയുക എന്നുകൂടി അതിനര്‍ത്ഥമുണ്ട്... ചരിത്രസൃഷ്ടിയിലേക്കുള്ള ഒരു വഴി എന്നതാണ് ഐക്യദാര്‍ഢ്യമെന്നതിന്റെ ഏറ്റവും മഹത്തായ അര്‍ത്ഥം. ജനകീയപ്രസ്ഥാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതും മറ്റൊന്നല്ല'' (ഖണ്ഡിക 116).

വിസ്തരഭയത്താല്‍ എല്ലാ അധ്യായങ്ങളെയും ഒന്ന് സ്പര്‍ശിച്ചുപോകാന്‍പോലും കഴിയുന്നില്ല. എങ്കിലും, ഹ്രസ്വമായ ഈ പരിചയപ്പെടുത്തല്‍കൊണ്ടുതന്നെ, മനുഷ്യന്റെ ഉള്ളിന്റെയുള്ളില്‍ എന്നുമുള്ളതും മഹാത്മാക്കള്‍ സഹസ്രാബ്ദങ്ങളായി ഊതിക്കത്തിച്ചുകൊണ്ടിരിക്കുന്നതുമായ, 'വിശ്വകുടുംബം' എന്ന, 'വസുധൈവകുടുംബകം' എന്ന, 'ദൈവരാജ്യം' എന്ന  സ്വപ്നത്തിന് പ്രായോഗികതയുടെ ചിറകുകള്‍ നല്കുന്നതില്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ കാണിക്കുന്ന സമര്‍പ്പണബുദ്ധി ആര്‍ക്കും ബോധ്യപ്പെടുമല്ലോ. 'മുഴുവന്‍ ലോകത്തേക്കും തുറക്കുന്ന ഒരു ഹൃദയം' (A Herat open to the Whole World) എന്ന നാലാം അധ്യായവും, 'ഒരു മികച്ച തരം രാഷ്ട്രീയം' (A Better kind of Politics) എന്ന അഞ്ചാം അധ്യായവും, 'സംവാദവും സൗഹൃദവും സമൂഹത്തില്‍'(Dialogue and Friendship in Society) എന്ന ആറാം അധ്യായവും, 'അഭിമുഖീകരിക്കലിന്റെ പുതുക്കിയ പാതകള്‍' (Paths of Renewed Encounter) എന്ന ഏഴാം അധ്യായവും ഇതേ സ്വപ്നപദ്ധതിയുടെ അതാതു തലങ്ങളില്‍ വരുന്ന നിരവധി വിഷയങ്ങളില്‍ ഉള്‍ക്കാഴ്ച പകര്‍ന്നു മുന്നേറുകയാണ്.

എട്ടാമത്തേതും അവസാനത്തേതുമായ അധ്യായം, 'മതങ്ങള്‍ നമ്മുടെ ലോകത്തിന്റെ സാഹോദര്യശുശ്രൂഷയില്‍' (Religions at Service of Fraternity in our World) എന്നതാണ്. ആത്മാര്‍ത്ഥമായി പറയട്ടെ, ഏഴ് അധ്യായങ്ങളിലായി ഫ്രാന്‍സീസ് പാപ്പാ പുലര്‍ത്തിയ ആശയവ്യക്തതയും കെട്ടുറപ്പും ഈ അധ്യായത്തില്‍ ഈ ലേഖകന് കാണാന്‍ കഴിഞ്ഞില്ല. പകരം, സങ്കീര്‍ണ്ണതകളും അവ്യക്തതകളും പരസ്പരവൈരുദ്ധ്യങ്ങള്‍തന്നെയും നിഴലിക്കുന്നതായി തോന്നുകയുംചെയ്തു. ഉദാഹരണത്തിന്, സഭയുടെ രാഷ്ട്രീയത്തിലുള്ള ഇടപെടലിനെക്കുറിച്ച് ഇങ്ങനെയെഴുതിയിരിക്കുന്നു: ''രാഷ്ട്രീയമേഖലയുടെ സ്വയാധികാരത്തെ സഭ മാനിക്കുമ്പോള്‍ത്തന്നെ, സഭയുടെ ദൗത്യം വ്യക്തിതലത്തില്‍മാത്രമായി സഭ ഒതുക്കിനിര്‍ത്തുന്നില്ല. ഒരു മികച്ച ലോകം കെട്ടിപ്പടുക്കുന്ന പ്രക്രിയയില്‍ വശങ്ങളിലേക്കു മാറി വെറുതെ നില്‍ക്കാന്‍ അവള്‍ക്കാവില്ല; അതു പാടില്ലാതാനും. മറിച്ചായാല്‍, ആധ്യാത്മിക ഊര്‍ജ്ജമുണര്‍ത്തി സമൂഹത്തിന്റെ നന്മയ്ക്കായി സംഭാവന ചെയ്യുന്നതിലുള്ള സഭയുടെ പരാജയമായിരിക്കും അത്. അത്മായരുടെ മേഖലയായ പാര്‍ട്ടിരാഷ്ട്രീയത്തില്‍ സഭാപുരോഹിതര്‍ ഇടപെടരുത് എന്നതു ശരിയാണെങ്കിലും, അവരുടെ ജീവിതത്തിന്റെ രാഷ്ട്രീയമാനം വേണ്ടെന്നുവയ്ക്കാന്‍ അവര്‍ക്കാവില്ല. കാരണം, പൊതുനന്മയിലും മനുഷ്യന്റെ സമഗ്രവികസനത്തിലും ഉണ്ടാവേണ്ട സ്ഥിരമായ ശ്രദ്ധയുമായി അതു ബന്ധപ്പെട്ടിരിക്കുന്നു''  (ഖണ്ഡിക 276). 

ഇവിടെ പല കാര്യങ്ങളും കുഴച്ചുമറിച്ച്, ആവശ്യാനുസരണം എങ്ങനെയും എടുക്കാവുന്ന രീതിയിലാണ് പറഞ്ഞിരിക്കുന്നത്. മനുഷ്യന്റെ ആധ്യാത്മിക ഊര്‍ജ്ജം ഉണര്‍ത്തിക്കൊണ്ടേയിരിക്കുകയെന്ന ഏറ്റം അടിസ്ഥാനപരമായ കാര്യത്തില്‍ നിരന്തരം  ദത്തശ്രദ്ധരായിരിക്കുക എന്നതുതന്നെയാണ്, ആധ്യാത്മികശുശ്രൂഷകരെന്ന നിലയില്‍ പുരോഹിതശ്രേണിയിലുള്ള സകലരും ചെയ്യേണ്ടത്. അങ്ങനെ ആത്മീയതയില്‍ ഉണര്‍ന്നവരുടെ സമൂഹമുണ്ടാവുകയും അവരുടെ നേതൃത്വത്തില്‍ മികച്ച രാഷ്ട്രീയപ്രവര്‍ത്തനം നടക്കുകയുമാണ് വേണ്ടത്. 12 അപ്പസ്‌തോലന്മാരും ഒരുമിച്ചുകൂടിയെടുത്ത വ്യക്തമായ തീരുമാന(അപ്പോ. പ്രവ. 6: 2-4)ത്തിലേക്ക് സഭയെ നയിക്കേണ്ടതിനുപകരം, അതില്‍ വെള്ളംചേര്‍ത്തിരിക്കുകയാണിവിടെ, മാര്‍പാപ്പ. മതങ്ങളുടെ സംഘടിതമായ എത്ര ചെറിയ രാഷ്ട്രീയ ഇടപെടലുകളും മതരാഷ്ട്രീയംതന്നെയാണെന്നും, അതിലെ മത്സരങ്ങളാണ് മതഭീകരവാദപ്രസ്ഥാനങ്ങള്‍ക്ക് രൂപംകൊടുക്കുന്നതെന്നുമുള്ള സൂക്ഷ്മമായ തിരിച്ചറിവ് ഇനിയും ഫ്രാന്‍സീസ് മാര്‍പാപ്പയ്ക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു എന്നു പറയാതെവയ്യ. ഈ തിരിച്ചറിവും സ്വയം തിരുത്താനുള്ള മനോഭാവവും ആര്‍ജ്ജിക്കാതെ, അദ്ദേഹം ഇതില്‍ മതത്തിന്റെ അടിസ്ഥാനത്തിലുള്ള ഭീകരപ്രവര്‍ത്തന(Terrorism)ങ്ങളെ ശക്തമായി അപലപിച്ചിരിക്കുന്നതിനെ (ഖണ്ഡികകള്‍ 281-284) ഒരു ഉപരിപ്ലവപ്രസ്താവനയെന്നുമാത്രമേ കണക്കാക്കാനാവൂ.

മനുഷ്യനിലെ സാഹോദര്യഭാവമുണര്‍ത്തി ഒരു വിശ്വകുടുംബം കെട്ടിപ്പടുക്കാനുള്ള കാഴ്ചപ്പാടുകള്‍കൊണ്ടും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍കൊണ്ടും അതിസമ്പന്നമായ ഈ ഗ്രന്ഥം അഭിസംബോധന ചെയ്യുന്നത് മുഖ്യമായും ആഗോളസമൂഹത്തെയാണ് എന്നത്, ഒരു ചാക്രികലേഖനം എന്ന നിലയില്‍ ഒരു കുറവുതന്നെ എന്നു പറയേണ്ടിയിരിക്കുന്നു. മാര്‍പാപ്പായെന്ന നിലയില്‍, കത്തോലിക്കാസമൂഹത്തോടായിരുന്നു അദ്ദേഹം പ്രധാനമായും ഇതെല്ലാം പറയേണ്ടിയിരുന്നത്. ഇതിലെ പ്രബോധനത്തിന്റെ വെളിച്ചത്തില്‍, 'ഏവരും സോദരര്‍' എന്ന അവസ്ഥ സഭയില്‍ സംജാതമാക്കാനുള്ള ക്രിയാത്മകനിര്‍ദ്ദേശങ്ങള്‍ മുന്നോട്ടുവച്ച് അതിനുവേണ്ടി അദ്ദേഹം ശ്രമിച്ചിരുന്നെങ്കില്‍, ആ മാതൃക മറ്റു മതങ്ങളും ലോകമാകെയും ശ്രദ്ധിക്കുകയും ആ ദിശയില്‍ അതാതു തലങ്ങളില്‍ മുന്‍കൈകളുണ്ടാവുകയും ചെയ്‌തേനെ. ഐക്യദാര്‍ഢ്യത്തെക്കുറിച്ചു പറഞ്ഞപ്പോള്‍,  ''... എന്നിവയുടെയെല്ലാം ഘടനാപരമായ കാരണങ്ങള്‍ക്കെതിരെ പോരാടുക എന്നും അര്‍ത്ഥമാക്കുന്നു'' എന്നു പറഞ്ഞ മാര്‍പാപ്പാ, കത്തോലിക്കാസഭയിലെ ശ്രേണീബദ്ധമായ (hierarchical) രാജകീയപുരോഹിതാധികാരഘടനയ്‌ക്കെതിരെകൂടി അതേ നിലപാടെടുക്കാന്‍ ബാദ്ധ്യസ്ഥനല്ലേ? 86-ാം ഖണ്ഡികയില്‍ ''...കാരണങ്ങളെന്തൊക്കെ എന്ന് വേദപാഠപഠനങ്ങളിലും സഭാപ്രബോധനങ്ങളിലും, പ്രകടമായും വ്യക്തമായും പറയേണ്ടത് ഏറ്റം പ്രധാനമായിരിക്കുന്നു'' എന്നു പ്രസ്താവിച്ച മാര്‍പാപ്പായ്ക്ക്, മനുഷ്യാന്തസ്സില്‍ ഏറ്റക്കുറച്ചിലുകള്‍ ആധികാരികമായി വ്യവസ്ഥാപിച്ച് സഭയില്‍ സമത്വവും സാഹോദര്യവും അസാധ്യമാക്കുന്ന കാനോന്‍നിയമവകുപ്പുകള്‍ തിരുത്തിയെഴുതേണ്ടത് ഏറ്റം പ്രധാനമായിരിക്കുന്നു' എന്നുകൂടി പറയാന്‍ കടമയില്ലേ? ഈ ലൈനില്‍ ചിന്തിച്ചു മുന്നോട്ടുപോയാല്‍, അദ്ദേഹം ഈ ചാക്രികലേഖനത്തില്‍ മുന്നോട്ടുവച്ചിട്ടുള്ള എല്ലാ ഉള്‍ക്കാഴ്ചകളോടുമനുബന്ധമായി പ്രസക്തമായ നിരവധി സമാനചോദ്യങ്ങള്‍ ഉയര്‍ന്നുവരും.... ഒരുപക്ഷേ അതുകൊണ്ടുതന്നെയാവാം, സഭയെ അഭിമുഖീകരിക്കാതെ അദ്ദേഹം ലോകസമൂഹത്തെ അഭിസംബോധന ചെയ്യാന്‍ തീരുമാനിച്ചത്.

എന്നാല്‍ കാര്യങ്ങളില്‍ ഇത്ര തെളിഞ്ഞ കാഴ്ചപ്പാടുള്ള ഫ്രാന്‍സീസ് മാര്‍പാപ്പാ സഭാസംബന്ധിയായ തന്റെ പ്രാഥമിക കര്‍ത്തവ്യനിര്‍വ്വഹണത്തില്‍നിന്ന് അങ്ങനെ ഒഴിഞ്ഞുമാറുന്നതിനെ നീതീകരിക്കാനാവില്ല. മാത്രമല്ല, അദ്ദേഹം വിമര്‍ശിക്കുന്ന സ്വകാര്യമാത്രപര(Individualistic)വും മത്സരാധിഷ്ഠിതവുമായ ഇന്നത്തെ ലോക കമ്പോളവ്യവസ്ഥയ്ക്ക് ബീജാവാപംചെയ്തു വളര്‍ത്തിയത്, സഭയുടെ ഒത്താശയോടുകൂടി, 'ക്രൈസ്തവ' രാജ്യങ്ങളായിരുന്നു എന്ന വസ്തുതകൂടി വച്ചുനോക്കിയാല്‍, ഇതില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തിരുത്തല്‍ പ്രക്രിയകള്‍ക്കെല്ലാം ക്ഷമാപണമനോഭാവത്തോടെ മുന്‍കൈ എടുക്കുകയെന്നത് കത്തോലിക്കാസഭയുടെ ഏറ്റവും അടിയന്തിര കര്‍ത്തവ്യമാണ് എന്നു കാണാം.

ഫ്രാന്‍സീസ് മാര്‍പാപ്പാ മുന്നോട്ടുവച്ചിരിക്കുന്ന വിശ്വകുടുംബവ്യവസ്ഥിതി സംബന്ധിച്ച മുഴുവന്‍ ആശയഗതികളും ലോകമാകെ ശ്രദ്ധിക്കേണ്ടതുതന്നെയാണ്. കാരണം, നിലവിലുള്ള പണാധിഷ്ഠിതമൂല്യങ്ങളാല്‍ വിനാശകരമായ ഒരു പതനത്തിലേക്ക് കൂപ്പുകുത്തുകയാണിന്ന്, ലോകസമൂഹമാകെത്തന്നെയും. ഭൂമിയെയും സകലജീവജാലങ്ങളെയും കാത്തുപരിപാലിക്കാനുള്ള കഴിവോടും കടമയോടുംകൂടി ഇവിടെ ആവിര്‍ഭവിച്ച മനുഷ്യവര്‍ഗ്ഗം, നല്‍കപ്പെട്ട സ്വാതന്ത്ര്യത്തെ ദുരുപയോഗിച്ച് അതെല്ലാം മറന്നും ഒറ്റയ്ക്കു വളരാമെന്ന മൂഢചിന്തയില്‍പ്പെട്ടും എല്ലാം ചൂഷണംചെയ്തും നശിപ്പിച്ചും മലിനപ്പെടുത്തിയും പൊതുഭവനമായ ഭൂമിയെ ഒന്നിനും ജീവിക്കാനാവാത്തവിധം താറുമാറാക്കിയിരിക്കുന്നു. ഇരിക്കുന്ന കമ്പ് ചുവടേ മുറിച്ച് മനുഷ്യന്‍ സ്വയം നാശത്തിന് അടുത്തെത്തിയിരിക്കുന്നു. പ്രതിവിധി കാണാന്‍ കഴിയാത്ത പുതുപുതുരോഗങ്ങളുടെ തുടരെത്തുടരെയുള്ള പൊട്ടിപ്പുറപ്പെടല്‍ വ്യക്തമായ അപായസൂചനതന്നെയാണ്. ഒരേ ഭൂമിയില്‍ ഒരേ ജീവന്‍ പങ്കിട്ടു ജീവിക്കുന്നവരെല്ലാം അക്കാരണത്താല്‍ത്തന്നെ സഹോദരീ-സഹോദരന്മാരാണെന്ന അവബോധം നേടി ഇനിയെങ്കിലും സ്‌നേഹത്തിലും പാരസ്പര്യത്തിലും അധിഷ്ഠിതമായ ഒരു ജീവിതവ്യവസ്ഥയ്ക്കു മനുഷ്യന്‍ തുടക്കം കുറിച്ചില്ലെങ്കില്‍, മനുഷ്യവര്‍ഗ്ഗം പ്രകൃതിനിയമത്താല്‍ത്തന്നെ ഭൂമിയില്‍നിന്നു തുടച്ചുനീക്കപ്പെടാനാണു സാധ്യത. അതുകൊണ്ട് ഇന്നത്തെ കച്ചവടമൂല്യങ്ങളില്‍നിന്ന് മാനുഷികമൂല്യങ്ങളിലേക്ക്, ചന്തസംസ്‌കാരത്തില്‍നിന്ന് കുടുംബസംസ്‌കാരത്തിലേക്ക് മനുഷ്യനെ പറിച്ചുനടേണ്ടതുണ്ട്. അത് കാലഘട്ടത്തിന്റെ ആവശ്യമാണ്. സാഹോദര്യഭാവത്തിനുമാത്രമേ 'ഏവരും സോദരര്‍' എന്ന നിലയിലേക്ക് മനുഷ്യരെ പരിവര്‍ത്തിപ്പിക്കാനാവൂ.

ഇവിടെ ഒരു മതസമൂഹത്തെ നയിക്കുന്ന ആധ്യാത്മികാചാര്യന്‍ എന്ന നിലയ്ക്ക് മാര്‍പാപ്പാ ഈ സാഹോദര്യം സ്വന്തം മതസമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാനുള്ള പ്രബോധനങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നടപടികളുമാണ് ആദ്യം സ്വീകരിക്കേണ്ടിയിരുന്നത് എന്നുമാത്രമേ വിമര്‍ശനമായി ചൂണ്ടിക്കാട്ടാനുള്ളൂ. ഇനിയെങ്കിലും അതിനദ്ദേഹം മുന്‍കൈയെടുക്കും എന്നു നമുക്കു പ്രത്യാശിക്കാം! ഒപ്പം, അദ്ദേഹം പൊതുവായി നല്‍കിയിരിക്കുന്ന കാഴ്ചപ്പാടുകള്‍വച്ച് സഭയില്‍ സമാനമായി വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിശ്വാസികളും ഒറ്റയ്ക്കും കൂട്ടായും ആലോചിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യട്ടെ!

No comments:

Post a Comment