Translate

Saturday, December 12, 2020

ചര്‍ച്ച് ആക്ടും രാഷ്ട്രീയ നെറികേടുകളും!

അഡ്വ. സന്തോഷ് കണ്ടംചിറ, ഫോണ്‍: 7025771133

*

ഭാരിച്ച സമ്പത്തും പ്രതാപവും യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക്

അയോഗ്യതയാണ്. ആഡംബരം പാപമാണ്. ഭൗതികസ്വത്തുക്കളും

ലോകത്തിന്റെ മോഹങ്ങളുമല്ല ക്രിസ്ത്യാനി ലക്ഷ്യമാക്കേണ്ടത്. ''എന്റെ രാജ്യം ഐഹികമല്ല'' എന്നും ''ബലിയിലല്ല കരുണയിലാണ് ഞാന്‍ പ്രസാദിക്കുന്ന''തെന്നും അരുളിച്ചെയ്ത യേശു ഇന്നത്തെ സഭകള്‍ക്ക് തികച്ചും അന്യനായിരിക്കുന്നു.

*

ക്രിസ്തീയത എന്തെന്നു ബോധ്യപ്പെട്ട വിശ്വാസിസമൂഹം മുഴുവന്‍ ആവശ്യപ്പെടുന്ന കാര്യമാണ് ചര്‍ച്ച് ആക്ട് വേണമെന്നത്.

*

ക്രിസ്ത്യാനികളുടെ സമുദായസ്വത്തുക്കളുടെ ആര്‍ജനം, പരിപാലനം, വിനിയോഗം എന്നിവ സംബന്ധിച്ച് ഒരു നിയമനിര്‍മ്മാണത്തിനുവേണ്ടി യഥാര്‍ത്ഥ വിശ്വാസിസമൂഹം നിരന്തരമായ സമരപോരാട്ടത്തിലാണ്. ഭാരതത്തിലെ മറ്റെല്ലാ മതവിഭാഗങ്ങള്‍ക്കും അവരവരുടെ സമുദായസ്വത്തുക്കള്‍ ഭരിക്കാന്‍ വ്യക്തമായ നിയമം നിലവിലുണ്ട്. എന്നാല്‍ ക്രിസ്ത്യാനികളെ സംബന്ധിച്ചുമാത്രം അത്തരമൊരു നിയമമില്ലാത്തത് അവരോടു പ്രകടമായുള്ള വിവേചനമാണ്. ഇത്തരം വിവേചനം മുമ്പ് ഇന്ത്യന്‍ പിന്തുടര്‍ച്ചാവകാശനിയമത്തിലും നിലനിന്നിരുന്നു. ക്രിസ്ത്യാനി എഴുതിവയ്ക്കുന്ന ഒസ്യത്ത് അഥവാ വില്പത്രം പ്രൊബേറ്റ് ചെയ്യപ്പെട്ടാല്‍മാത്രമേ അതിനു നിയമസാധുത വരികയുള്ളൂ എന്നതായിരുന്നു അത്. 1997-ലെ നിയമഭേദഗതിയോടെ ഈ വിവേചനം അവസാനിച്ചു.
കാലവും സാഹചര്യവും മാറുന്നതിനനുസരിച്ച് മാറ്റപ്പെടേണ്ടവയാണ് നിയമങ്ങളും. അങ്ങനെ കാലത്തിനും സാഹചര്യത്തിനും യോജിച്ച നിയമനിര്‍മ്മാണം നടത്തുന്നതിനല്ലെങ്കില്‍ പിന്നെയെന്തിനാണ് നിയമനിര്‍മ്മാണസഭയും നിയമസഭാസാമാജികരും?
ഭാരതത്തിന്റെ ഭരണഘടനയുടെ 14-ാം അനുച്ഛേദപ്രകാരം നിയമത്തിനുമുന്നിലെ തുല്യതയും തുല്യനിയമസംരക്ഷണവും ഓരോ പൗരന്റെയും ജന്മാവകാശമാണ്. അതുപോലെതന്നെ പ്രധാനമാണ്, ഇന്ത്യന്‍ ഭരണഘടനയുടെ ജീവശ്വാസമെന്നു പറയാവുന്ന പത്തൊമ്പതാം അനുച്ഛേദം പൗരനു നല്‍കുന്ന, മനുഷ്യാന്തസോടുകൂടി ജീവിക്കുവാനുള്ള അവകാശം. മറ്റൊരു സുപ്രധാന അവകാശമാണ്, ഭരണഘടനയുടെ 25-ാം അനുച്ഛേദം ഉറപ്പുതരുന്ന മതസ്വാതന്ത്ര്യം. ഇതനുസരിച്ച് ഏതൊരു മതത്തിലും വിശ്വസിക്കുവാനും അതു പ്രചരിപ്പിക്കുവാനും അനുവര്‍ത്തിക്കുവാനും ഉള്ള സ്വാതന്ത്ര്യം പൗരനു നല്‍കപ്പെട്ടിരിക്കുന്നു. ഇതിനുപുറമേ 26-ാം അനുച്ഛേദപ്രകാരം മതങ്ങള്‍ക്ക് സ്വത്തുക്കള്‍ ആര്‍ജിക്കുന്നതിനും പരിപാലിക്കുന്നതിനും കൈകാര്യം ചെയ്യുന്നതിനും അവകാശമുണ്ട്. ഇതേ അനുച്ഛേദത്തിന്റെ (ഡി) ഉപവകുപ്പുപ്രകാരം, ഇത്തരം മത-സമുദായ സ്വത്തുക്കള്‍ പൊതുനന്മ, ആരോഗ്യം സന്മാര്‍ഗം എന്നീ മാനദണ്ഡങ്ങള്‍ക്കു വിധേയമായി നിയമാനുസൃതം ഭരിക്കുന്നതിനുള്ള അവകാശം നമുക്കു ലഭിച്ചിരിക്കുന്നു. 'മതസ്വത്തുഭരണം നിയമാനുസൃതമായിരിക്കണം' എന്ന മേല്പ്പറഞ്ഞ നിയമവ്യവസ്ഥയെ മറികടക്കുന്നതിനുവേണ്ടി, സമുദായസ്വത്തുക്കള്‍ സ്വേച്ഛാപരമായി തിന്നുമുടിച്ചുകൊണ്ടിരിക്കുന്ന സ്ഥാപിതതാല്പര്യക്കാര്‍ ഉയര്‍ത്തുന്ന മറുവാദം, തങ്ങളുടെ സമുദായസ്വത്തുക്കള്‍ ഭരിക്കപ്പെടുന്നതിന് തങ്ങളുടേതായ കാനോന്‍ നിയമം, 1934-ലെ ഭരണഘടന മുതലായ ഭരണക്രമങ്ങളുണ്ട് എന്നതാണ്!
എന്നാല്‍, ഭരണഘടനയുടെ 26(d) അനുച്ഛേദത്തില്‍ ഉദ്ദേശിച്ചിരിക്കുന്നതും അര്‍ത്ഥമാക്കുന്നതും ഇത്തരം ബാഹ്യനിയമങ്ങളെയല്ല; മറിച്ച്, ഇന്ത്യന്‍ പാര്‍ലിമെന്റോ സംസ്ഥാനനിയമസഭകളോ നിയമക്രമങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്ന ഇന്ത്യന്‍ നിയമമാണ്. അതാണ് ഈ നാട്ടിലെ നിയമം, അതാണ് ഇവിടെ പാലിക്കപ്പെടേണ്ടത്.
ഇത്തരമൊരു നിയമം നിലവില്‍ വരുന്നതിനെ ഭയപ്പെടുകയും പല്ലും നഖവുമുപയോഗിച്ച് എതിര്‍ക്കുകയും ചെയ്യുന്നവര്‍ ദശലക്ഷക്കണക്കിനുകോടി രൂപയുടെ ഈ വമ്പിച്ച സമ്പത്തിന്റെ ഗുണഭോക്താക്കളായ പുരോഹിതരും മെത്രാന്മാരും അവരുടെ പാദസേവകരുംമാത്രമാണ്. ഈ നിയമത്തെയോ അതു തങ്ങള്‍ക്കു നല്‍കുന്ന സ്വാതന്ത്ര്യത്തെയോകുറിച്ച് മതിയായ അറിവില്ലാത്ത സാധുക്കളായ വിശ്വാസിസമൂഹത്തോട്, ഇത്തരമൊരു നിയമം വന്നാല്‍ സമുദായസ്വത്തുക്കള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാകുമെന്നും, പിന്നെ പാര്‍ട്ടി സെക്രട്ടറിയാകും കാര്യങ്ങള്‍ തീരുമാനിക്കുക എന്നുംമറ്റുമുള്ള നുണകള്‍ സൃഷ്ടിച്ച് കുപ്രചരണം നടത്തി അവരെ ഭയപ്പെടുത്തി കൂടെ നിര്‍ത്തുവാന്‍ പരിശ്രമിക്കുകയാണ് പൗരോഹിത്യം.
സത്യത്തിന്റെ വെളിച്ചത്തെ മറച്ചുപിടിക്കുന്ന ഇത്തരം മെത്രാന്‍മാരും പുരോഹിതരും വിശ്വാസികളെ അറിവില്ലായ്മയുടെ അന്ധകാരത്തില്‍ നിര്‍ത്തുകയാണ്. എങ്കില്‍മാത്രമേ, വിശ്വാസികളില്‍നിന്ന് വിശ്വാസികള്‍ക്കുവേണ്ടി, വിധവയുടെ ചില്ലിക്കാശുള്‍പ്പെടെ സമ്പാദിച്ചുകൂട്ടിയിരിക്കുന്ന വമ്പിച്ച സഭാസമ്പത്തുകൊണ്ട് ആഡംബരകാറുകളില്‍ പറന്നുനടക്കാനും പളുപളുത്ത കുപ്പായത്തില്‍കയറി രാജകീയഭോജനങ്ങള്‍ ആസ്വദിച്ച് മദ്യവും മദിരാക്ഷിയുംമറ്റുമായി ആര്‍മാദിച്ച് ജീവിക്കുവാനും തങ്ങള്‍ക്ക് കഴിയൂ എന്ന് ഈ കശ്മലന്മാര്‍ക്കറിയാം. അതുകൊണ്ട് ഈ നിയമം വരുന്നതിനെ അവര്‍ സര്‍വശക്തിയുമുപയോഗിച്ച് എതിര്‍ത്തില്ലെങ്കിലേ അത്ഭുതമുള്ളൂ.
ഭാരിച്ച സമ്പത്തും പ്രതാപവും യഥാര്‍ത്ഥ ക്രിസ്ത്യാനിക്ക് അയോഗ്യതയാണ്. ആഡംബരം പാപമാണ്. ഭൗതികസ്വത്തുക്കളും ലോകത്തിന്റെ മോഹങ്ങളുമല്ല ക്രിസ്ത്യാനി ലക്ഷ്യമാക്കേണ്ടത്. ''എന്റെ രാജ്യം ഐഹികമല്ല'' എന്നും ''ബലിയിലല്ല കരുണയിലാണ് ഞാന്‍ പ്രസാദിക്കുന്ന''തെന്നും അരുളിച്ചെയ്ത യേശു ഇന്നത്തെ സഭകള്‍ക്ക് തികച്ചും അന്യനായിരിക്കുന്നു. 2000 വര്‍ഷം മുമ്പ് പൗരോഹിത്യത്തിന്റെ തിന്മകള്‍ക്കെതിരെ പ്രതികരിക്കുകയും വിശുദ്ധ സ്ഥലത്തുനിന്ന് കച്ചവടക്കാരെ തല്ലിയോടിക്കുകയും ചെയ്ത്, അദ്ധ്വാനിക്കുന്നവര്‍ക്കും ഭാരം ചുമക്കുന്നവര്‍ക്കും അത്താണിയായി, പാവപ്പെട്ടവന്റെയും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവന്റെയും അധഃസ്ഥിതന്റെയും വീണ്ടെടുപ്പുകാരനായിത്തീര്‍ന്നു, യേശു.  ആ യേശുവിനെ തങ്ങളുടെ മതസ്വാധീനത്തില്‍, റോമന്‍ ഭരണാധികാരികളുടെ സ്വാധീനമുപയോഗിച്ച് കുരിശില്‍ തറച്ചുകൊന്ന അതേ യഹൂദപൗരോഹിത്യത്തിന്റെ പിന്‍മുറക്കാര്‍തന്നെയാണ് തങ്ങളെന്ന് വെളിപ്പെടുത്തുന്നു, ഇന്നത്തെ സഭാധികാരികളും.
ലോകചരിത്രത്തിന്റെ ആരംഭംമുതലേതന്നെ ഭരണകൂടനിര്‍മ്മിതി നടത്തിവന്നിരുന്നത്, പൗരോഹിത്യമായിരുന്നു. പുരോഹിതര്‍ ദൈവത്തിന്റെ പ്രതിനിധികളാണെന്ന ഒരു തെറ്റിദ്ധാരണ ജനത്തില്‍ വേരോടിക്കുകയും, ഭരണാധികാരികളെ അവര്‍ നിയന്ത്രിച്ചുവരികയും ചെയ്തുപോന്നു. ജനങ്ങള്‍ തങ്ങളോടൊപ്പമാണെന്ന് ഭരണാധികാരികളെ സമര്‍ത്ഥമായി തെറ്റിധരിപ്പിക്കുന്നതില്‍ അവര്‍ വിജയിക്കുകയും ചെയ്തിരുന്നു. ആ തെറ്റിദ്ധാരണ ഇന്നും ഭരണാധികാരികളെ പൗരോഹിത്യത്തോട് വിധേയരാക്കി നിലനിര്‍ത്തുകയാണ്. എന്നാല്‍ ഇത്തരം സ്വാധീനസമ്മര്‍ദ്ദങ്ങളൊന്നും ക്രൈസ്തവമല്ല. അത് കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ സാമ്രാജ്യത്വസംസ്‌കാരത്തിന്റെ തുടര്‍ച്ച മാത്രമാണ്. റോമന്‍ സാമ്രാജ്യത്തിലെ ഭരണകര്‍ത്താക്കളുടെ പിന്‍മുറക്കാര്‍ തന്നെയാണ് ഇന്നത്തെ സഭാനേതൃത്വം. അതുകൊണ്ടാണ്, ഇവരിലൊരാള്‍ ഈയിടെ ''ഞാന്‍ മലങ്കര മുഖ്യമന്ത്രിയാണ്'' എന്നും, വേറൊരുവന്‍ ജസ്റ്റീസ് കമാല്‍പാഷയോട് 'അതെ, ഞാന്‍ രാജാവാണ്'' എന്നും പറയാനിടയായത്.
ക്രിസ്തീയത എന്തെന്നു ബോധ്യപ്പെട്ട വിശ്വാസിസമൂഹം മുഴുവന്‍ ആവശ്യപ്പെടുന്ന കാര്യമാണ് ചര്‍ച്ച് ആക്ട് വേണമെന്നത്. മുമ്പ് പറഞ്ഞ രീതിയില്‍ മെത്രാന്‍വിധേയരായ രാഷ്ട്രീയനേതൃത്വങ്ങള്‍ ചര്‍ച്ച് ആക്ടിനുവേണ്ടി മുറവിളികൂട്ടുന്ന വിശ്വാസികളോട് ''ഇപ്പ ശരിയാക്കിത്തരാം'' എന്നു പറഞ്ഞ് കോഴിമുലയൂട്ടല്‍ തുടങ്ങിയിട്ടു കാലമേറെയായി. രാഷ്ട്രീയക്കാരുടെ വഞ്ചനാപരമായ ഈ സമീപനത്തിനുകാരണം സഭയെന്നാല്‍, മെത്രാനാണെന്ന തെറ്റിധാരണയാണ്. കൂടാതെ, അന്യന്‍ വിയര്‍ക്കുന്ന പണത്തിന്റെ അധിപന്മാരായി വിലസുന്ന സഭാനേതൃത്വങ്ങളില്‍നിന്നു രാഷ്ട്രീയക്കാര്‍ക്കു ലഭിച്ചുപോരുന്ന കോടികള്‍ ഇനി ലഭിക്കാതെവരും എന്ന ആശങ്കയും ഇത്തരം ഒരു നിയമനിര്‍മ്മാണത്തില്‍നിന്ന് അവരെ തടയുന്നു.
ഇനി നമുക്ക് പാഴാക്കാന്‍ സമയമില്ല. ഇനി നാം ചെയ്യേണ്ടതായ കാര്യം, കേരളത്തിലെ മൂന്നു പ്രബലമുന്നണികളുടെയും നേതൃത്വങ്ങളോട്, ക്രിസ്ത്യന്‍ സഭകളില്‍ ജനാധിപത്യസംസ്ഥാപനത്തിനും സഭാസ്വത്തുക്കളുടെ സംരക്ഷണം, പരിപാലനം എന്നിവ സുതാര്യമാക്കുന്നതിനും വ്യവസ്ഥ ചെയ്യുന്ന, 2009-ല്‍ ജസ്റ്റീസ് കൃഷ്ണയ്യര്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുള്ള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ബില്‍ നിയമമാക്കുന്നതിനെ അനുകൂലിക്കുന്നുണ്ടോ എന്നും അധികാരത്തില്‍ വന്നാല്‍ അതു നടപ്പാക്കുമോ എന്നും നിലപാടു വ്യക്തമാക്കുവാന്‍ ആവശ്യപ്പെടുക എന്നതാണ്. ഏതെങ്കിലുമൊരു മുന്നണി അതു നടപ്പാക്കുമെന്ന ഉറപ്പു നല്‍കുന്നപക്ഷം അവരെ പിന്തുണയ്ക്കണം. ആരും അത്തരമൊരു ഉറപ്പു തരാത്തപക്ഷം അടുത്ത തിരഞ്ഞെടുപ്പില്‍ (പഞ്ചായത്തുതലം മുതല്‍) ഓരോ നിയോജകമണ്ഡലത്തിലും, ചര്‍ച്ച് ആക്ട് നടപ്പാക്കുവാന്‍ സഹായിക്കുന്ന പൊതുസമ്മതനായ സ്ഥാനാര്‍ത്ഥികളെ സ്വതന്ത്രമായോ, രാഷ്ട്രീയപ്പാര്‍ട്ടി രൂപീകരിച്ചോ തിരഞ്ഞെടുപ്പില്‍ നിര്‍ത്തി മത്സരിപ്പിക്കണം. ജയിച്ചില്ലെങ്കിലും ജയിക്കാന്‍ കാത്തിരിക്കുന്നവരെ തോല്പിക്കാന്‍ വിശ്വാസിസമൂഹത്തിനു കഴിയും എന്ന് അവര്‍ അപ്പോള്‍ അറിയും; മെത്രാന് ഒരു വോട്ടേ ഉള്ളൂവെന്നും.
ചുരുങ്ങിയ വോട്ടുമാര്‍ജിനില്‍ ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന കേരളത്തില്‍ ഈ നീക്കം അത്ഭുതാവഹമായ മാറ്റങ്ങള്‍ക്കിടയാക്കും. ജനനേതാക്കള്‍ അറിയട്ടെ, ജനങ്ങളുടെ ശക്തി.


No comments:

Post a Comment