Translate

Saturday, March 14, 2020

മെത്രാന്മാരെ പഴിക്കരുത്, സ്തുതിക്കണം


സെബാസ്റ്റിയന്‍ വട്ടമറ്റം

          തിരുപ്പിറവി ദിനത്തില്‍രാവിലെ ടിവിയില്‍ആദ്യം കേട്ടത് നമ്മുടെ ആലഞ്ചേരിപ്പിതാവിന്റെ പ്രസംഗമാണ്. നാട്ടിലാകെ നടക്കുന്ന ബാലപീഡനങ്ങളെ കുറിച്ചും സ്ത്രീപീഡനങ്ങളെ കുറിച്ചും തിരുമേനി ആകുലപ്പെടുന്നു. എന്നാലിതൊന്നും തന്റെ സഭയിലെ മെത്രാന്മാരോ പാതിരിമാരോ ചെയ്തുകൂട്ടുന്ന പീഡനങ്ങളെക്കുറിച്ചാകാനിടയില്ല.
          അതെന്താണെന്നോ? കഴിഞ്ഞ 17-ാം തിയതി (17-12-2019) ഞാന്‍കണ്ട ഒരു വാര്‍ത്തയുണ്ട്.  മാറ്റേഴ്‌സ് ഇന്‍ഡ്യാ1 എന്ന പ്രസിദ്ധീകരണത്തിലാണതു വന്നത്. പോപ്പ് ഫ്രാന്‍സിസ്  'പൊന്തിഫിക്കല്‍രഹസ്യത്തിന്റെ നിയമം' (The rule of pontifical secrecy) എടുത്തു കളഞ്ഞെന്ന്. പൊന്തിഫിക്കല്‍എന്നു കേള്‍ക്കുമ്പോള്‍ഏതു കുഞ്ഞാടിനും തോന്നുക വിശുദ്ധമെന്നോ ദൈവികമെന്നോമറ്റോ ആയിരിക്കും. അതുകൊണ്ടു നമുക്കതിനെ 'ദിവ്യരഹസ്യനിയമം' എന്നു വിളിക്കാം. എന്തു രഹസ്യമാണെന്നല്ലെ? പുരോഹിതന്മാരുടെ ലൈംഗികകുറ്റകൃത്യങ്ങളുടെ രഹസ്യം. അതെ, അത്തരം കുറ്റകൃത്യങ്ങള്‍ദിവ്യരഹസ്യങ്ങളെന്നവണ്ണം സംരക്ഷിക്കണമെന്നനുശാസിക്കുന്ന നിയമമാണ് പോപ്പ് റദ്ദാക്കിയിരിക്കുന്നത്.
          ഈ വാര്‍ത്തയൊന്നും പലതരം തിരക്കുകളില്‍പ്പെട്ടുഴലുന്ന നമ്മുടെ വലിയ തിരുമേനി അറിഞ്ഞു കാണില്ല. അതുകൊണ്ടാവണം 'ദിവ്യരഹസ്യനിയമം' അനുസരിച്ച്, മെത്രാന്‍-പാതിരിമാര്‍നടത്തുന്ന പീഡനങ്ങളെക്കുറിച്ചൊന്നും അദ്ദേഹം മിണ്ടാത്തത്.
          'ദിവ്യരഹസ്യനിയമം' എടുത്തുകളഞ്ഞതിലൂടെ സഭയുടെ അത്യുന്നതങ്ങളില്‍പോലും സുതാര്യത വന്നിരിക്കുന്നു എന്നാണേ്രത മാള്‍ട്ടയിലെ മെത്രാന്‍അഭിപ്രായപ്പെട്ടത്. എന്നാല്‍നമ്മുടെ മെത്രാന്‍സ് ഇതൊന്നുമറിഞ്ഞമട്ടില്ല.
          പോപ്പ് മറ്റൊരു കാര്യം കൂടി ചെയ്തിട്ടുണ്ട്. ബാലപീഡനങ്ങളില്‍ഇരയുടെ പ്രായപരിധി 14-ല്‍നിന്നു 18-ലേക്ക് ഉയര്‍ത്തിയിരിക്കുന്നു. 1999-ല്‍നമ്മുടെയൊരു സഭാകോടതി ഒരു റവ. ഫാ. ബാലപീഡകനെ കോടതിയില്‍നിന്നു രക്ഷിച്ചത് ഇരയാക്കപ്പെട്ട പെണ്‍കുട്ടിയുടെ പ്രായം പള്ളിരേഖയില്‍ തിരുത്തിയാണ്.  
          കോഴികട്ടവന്‍തലയില്‍തപ്പുമ്പോഴാണല്ലോ അവന്റെ കള്ളത്തരം മറ്റുള്ളോരറിയുന്നത്. അതുപോലാണു പോപ്പിന്റെ പ്രഖ്യാപനത്തിന്റെ കാര്യവും.  'ദിവ്യരഹസ്യനിയമം' മെത്രാന്മാരുടെ തലയില്‍നിന്നെടുത്തു മാറ്റുമ്പോഴാണ് ആ കൂമ്പന്‍തൊപ്പിക്കത്തു കള്ളവും ചതിയും ചെയ്തു സഭയുടെ മാനം കാക്കാനുള്ള ബാദ്ധ്യതയും ഉണ്ടെന്ന്, ഉണ്ടായിരുന്നെന്ന് മാലോകരറിയുന്നത്.
          എങ്കില്‍നമ്മുടെ നാട്ടില്‍സിസ്റ്റര്‍അഭയ മുതലിങ്ങോട്ടുള്ള പുരോഹിതകുറ്റവാളികളെ നമ്മുടെ തിരുമേനിമാര്‍ഇന്നോളം സംരക്ഷിച്ചുപോന്നത് അവരുടെ നെറികേടുകൊണ്ടല്ല, സഭാനിയപ്രകാരംതന്നെ ആയിരുന്നെന്നല്ലേ മനസ്സിലാക്കേണ്ടത്? ഇപ്പോള്‍പോപ്പ് ആ പപ്പങ്ങു തൂത്തുകളഞ്ഞസ്ഥിതിക്ക് ധൈര്യമായി സത്യങ്ങളൊക്കെ ആലഞ്ചേരിയടക്കമുള്ള നമ്മുടെ തിരുമേനിമാര്‍ക്ക് തുറന്നങ്ങു പറഞ്ഞുകൂടെ? വെറുതെയല്ല താന്‍സത്യം പറഞ്ഞാല്‍സഭ തകരുമെന്ന് വലിയ തിരുമേനി ഒരിക്കല്‍പറഞ്ഞത്. മെത്രാന്മാര്‍തന്നെ, അന്ന് അവര്‍ക്കു മാത്രമറിയാമായിരുന്ന, 'ദിവ്യരഹസ്യനിയമം'  ലംഘിച്ചു സത്യം പറഞ്ഞാലെങ്ങനെ സഭ തകരാതിരിക്കും? ആ തടസ്സമങ്ങു മാറിയ സ്ഥിതിക്കു നമ്മുടെ ഫ്രാങ്കോന്റെ കാര്യമിനി  കട്ടപ്പുക.
          രണ്ടാം വത്തിക്കാന്‍സൂനഹദോസില്‍ദൈവശാസ്ത്ര ഉപദേഷ്ടാവായിരുന്നു  ഹാന്‍സ് ക്യൂങ്. അദ്ദേഹമെഴുതിയ ഒരു പുസ്തകമുണ്ട് -  കത്തോലിക്കാസഭയെ നമുക്കു രക്ഷിക്കാന്‍കഴിയുമോ? (Can We Save the Catholic Church?). അതില്‍പറയുന്ന ഒരു സംഭവമുണ്ട്. 2001 മെയ് 18-ന് കാര്‍ഡിനല്‍റാറ്റ്‌സിങ്ങര്‍(പോപ്പ് ബെനഡിക്ട് 16-മന്‍) ലോകത്തുള്ള മെത്രാന്മാര്‍ക്കെല്ലാം ഔദ്യോഗികമായി ഒരു കത്തയച്ചു. അതില്‍കല്‍പിച്ചിരുന്നത് പുരോഹിതന്മാരുടെ ലൈംഗികകുറ്റകൃത്യങ്ങളെ സംബന്ധിച്ച പരാതികളെല്ലാം ദിവ്യരഹസ്യമായി (pontifical secret) കൈകാര്യം ചെയ്യണമെന്നായിരുന്നു. ഇതനുസരിക്കാത്തവര്‍ക്കു കര്‍ശനമായ ശിക്ഷാനടപടികള്‍നേരിടേണ്ടിവരുമെന്നും പറഞ്ഞിരുന്നു. ഇതേ റാറ്റ്‌സിങ്ങര്‍തന്നെ ഇരുനൂറോളം അന്ധരായ ആണ്‍കുട്ടികളെ പീഡിപ്പിച്ച ലോറന്‍സ് മര്‍ഫിയെന്ന പുരോഹിതനെതിരെ യാതൊരു നടപടിയുമെടുത്തില്ലെന്നുകൂടി ആ പുസ്തകത്തിലുണ്ട്.
          സത്യത്തില്‍ഇതു വായിച്ച് ഞാനദ്ദേഹത്തെ വെറുത്തുപോയി. ഈ കടുംകൈ ഒക്കെ ചെയ്തുകൂട്ടിയത് സഭാനിയമപ്രകാരമായിരുന്നല്ലോ. പാവം റാറ്റ്‌സിങ്ങര്‍. സഭയ്ക്കുവേണ്ടി സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കേണ്ടി വരുന്ന സകല തിരുമേനിമാരിലുമൊരാള്‍. ആ പാപഭാരം കൊണ്ടാവാം പോപ്പായശേഷം സഭയുടെ മഹാപരാധങ്ങളുടെയെല്ലാം പേരിലദ്ദേഹം പരസ്യകുമ്പസാരം നടത്തിയത്.
          ഓ സോറി. ഇത്രയും വിചാരപ്പെട്ടതിനു ശേഷമാണു ഞാന്‍മേല്‍പ്പറഞ്ഞ ദിവ്യരഹസ്യറിപ്പോര്‍ട്ടു താഴേക്കു വായിച്ചത്. കണ്ണുതള്ളിപ്പോയി. പുരോഹിതര്‍നടത്തുന്ന ബാലപീഡനങ്ങളുടെ കാര്യത്തില്‍മാത്രമേ ഇളവൊള്ളു. ബാക്കി കുറ്റവാളിപ്പാതിരിമാരെയെല്ലാം കര്‍ത്താവിന്റെ നാമത്തില്‍എന്തു വിലകൊടുത്തും ഇനിയും സംരക്ഷിക്കുകതന്നെ വേണം. 
          ഈ പന്നപ്പാതിരിമാരെയൊക്കെ സംരക്ഷിക്കുന്ന വൃത്തികെട്ട പണി ചെയ്യുന്ന നമ്മുടെ പാവം തിരുമേനിമാരെ നമ്മളെത്രമാത്രം തെറ്റിദ്ധരിച്ചിരിക്കുന്നു. ളോഹക്കുറ്റവാളികളെ രക്ഷിക്കാനവര്‍കള്ളം പറയുകയും നേര്‍ച്ചക്കാശു കൊള്ളയടിക്കുകയുമൊക്കെ ചെയ്തിട്ടുണ്ടാവും. എന്നാല്‍, ഇതൊക്കെ സഭാനിയമപ്രകാരം ഏകവും ശ്ലൈഹികവും സാര്‍വത്രികവുമായ സത്യസഭയ്ക്കു വേണ്ടിയായിരുന്നു എന്നല്ലേ പോപ്പിന്റെ നടപടി തെളിയിക്കുന്നത്. അവര്‍സ്വന്തം മനസ്സാക്ഷിയെ വഞ്ചിച്ചും വിശുദ്ധപാപികളെ സംരക്ഷിക്കുകയെന്ന സഭാനിയമം അക്ഷരംപ്രതി പാലിക്കുക മാത്രമേ ചെയ്തിട്ടുള്ളു. സത്യസഭയ്ക്കുവേണ്ടിയുള്ള ഈ മനസ്സാക്ഷിപീഡനം നമ്മുടെ തിരുമേനിമാരെ എത്രമാത്രം വേദനിപ്പിച്ചിച്ചുണ്ടാവും, ഇന്നും വേദനിപ്പിക്കുന്നുണ്ടാവും. കഴിയുമെങ്കില്‍അവരുടെ അടുത്തുതന്നെ പോയി നമുക്കു കുമ്പസാരിക്കാം, എന്താ?
          എന്നാലിനി ഇളവു കിട്ടിയ ബാലപീഡനക്കേസുകളിലെങ്കിലും മുന്‍കാല പ്രാബല്യത്തോടെ തിരുമേനിമാര്‍നേരു പറയണം. മേല്‍സൂചിപ്പിച്ച 1999-ലെ കേസെടുക്കാം. ചങ്ങനാശേരി അതിരൂപതയില്‍നിന്ന് എനിക്കൊരു രഹസ്യരേഖ ചോര്‍ന്നു കിട്ടി.  'പ്രത്യയശാസ്ത്രവും പ്രതീകവിപ്ലവവും' (എന്‍ബിഎസ്) എന്ന കൃതിയില്‍ഞാനതു വിവരിച്ചിട്ടുണ്ട്. അരമനക്കോടതി കൈകാര്യം ചെയ്ത ഒരു പീഡനകേസിന്റെ വിവരങ്ങളായിരുന്നു ആ രേഖയിലുണ്ടായിരുന്നത്. പ്രതിയായ പുരോഹിതന്‍പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി എന്നായിരുന്നു ആരോപണം. കുറ്റപത്രത്തിലും വിചാരണയിലും പുരോഹിതന്‍തന്റെ കന്യാത്വം ചോര്‍ത്തിക്കളഞ്ഞതു മാത്രമായി കുറ്റകൃത്യം ചുരുക്കപ്പെട്ടു, വളച്ചൊടിക്കപ്പെട്ടു. അതിനുള്ള പ്രായശ്ചിത്തക്രിയകളും വിധിക്കപ്പെട്ടു. ഇരയാക്കപ്പെട്ട പെണ്‍കുട്ടി വെറും തൊണ്ടിമുതലുമായി.
          പോപ്പിന്റെ പുതിയ വെളിപാടിന്റെ സ്പിരിറ്റ് ഉള്‍ക്കൊണ്ട് അതുപോലുള്ള ബാലപീഡകരായ വൈദികരെ സംരക്ഷിച്ചതിനു നമ്മുടെ തിരുമേനിമാര്‍പരസ്യമായി മാപ്പു പറയട്ടെ. എന്നിട്ട് അവര്‍സഹിച്ച മനസ്സാക്ഷി പീഡനത്തിന്റെ പേരില്‍അവരെയും നമുക്ക് ജീവിച്ചിരിക്കുന്ന സഹനദാസന്മാരായി വാഴിക്കാം.


1. http://mattersindia.com/2019/12/pope-lifts-pontifical-secret-rule-in-sex-abuse-cases/?fbclid=IwAR3kd7HBg1vXZHMnf8OizeDP-Igzy6nX4Fbge5rCypYpGRzkJjDzPsSPcbo. 

No comments:

Post a Comment