Translate

Thursday, March 19, 2020

അമ്പല പറമ്പിലെ കാള


ചാക്കോ കളരിക്കൽ

കൗമാരപ്രായക്കാരനായ ഒരാൾ സ്വയം കൊന്നതിനാൽ അയാൾക്ക് സ്വർഗത്തിലേക്കുള്ള പ്രവേശനം നിഷേധിക്കപ്പെട്ടേക്കാം എന്ന് ശവസംസ്ക്കാര ശുശ്രൂഷയിലെ പ്രസംഗത്തിൽ ഒരു വൈദികൻ പറഞ്ഞാൽ മരിച്ചയാളിൻറെ മാതാപിതാക്കൾ പരിഭ്രാന്തരാകും. ആ പ്രസംഗത്തിൽത്തന്നെ പലപ്രാവശ്യം ആത്മഹത്യയെക്കുറിച്ച് പരാമർശിച്ചാൽ ആ മാതാപിതാക്കൾക്കുണ്ടാകാവുന്ന വേദനയെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കുക. മരിച്ചടക്ക് ശുശ്രൂഷ മരിച്ചയാളിൻറെ ജീവിതം ആഘോഷിക്കലാണെന്ന കാര്യംതന്നെ ആ മണ്ടൻ പാതിരി മറന്നുപോകുന്നു. അത്തരം വൈദികർ സാധാരണമല്ല. പക്ഷെ അവർ പ്രത്യക്ഷപ്പെടുമ്പോൾ അവർക്ക് നാശം വിതയ്ക്കാൻ കഴിയും. നല്ല ഒരു വൈദികൻ വർഷങ്ങൾ പരിശ്രമിച്ച് ഒരു ഇടവകയെ കെട്ടിപ്പടുക്കുന്നു. എന്നാൽ പുതിയ ഒരു വികാരിക്ക് ചുരുങ്ങിയ ആഴ്ചകൾകൊണ്ട് എല്ലാം നശിപ്പിക്കാൻ കഴിയും.

ഒരു മോശം പുരോഹിതനെക്കാൾ വേഗത്തിൽ ഒരാളെ കത്തോലിക്ക സഭയിൽനിന്നും അകറ്റുന്നതൊന്നുമില്ല. പുരോഹിതൻ ഒരു ബാലപീഡകനോ സ്ത്രീപീഡകനോ ആകണമെന്നില്ല. അയാൾ അഹങ്കാരിയായ പുരുഷാധിപത്യക്കാരനോ വിവേകസൂന്യനോ പൊട്ടനോ ആകാം. കൂടുതൽ ജനങ്ങൾ സഭ വിട്ടുപോകുന്നത് സിദ്ധാന്തത്തിൽമേലുള്ള അഭിപ്രായവ്യത്യാസങ്ങൾ കൊണ്ടല്ല; മറിച്ച്, മോശം പുരോഹിതർ കാരണമാണ്.

ഒരു സ്ത്രീ ദിവ്യബലി അർപ്പിച്ചാൽ അവൾ അതിനാൽത്തന്നെ സഭയ്ക്ക് പുറത്താക്കപ്പെടും. എന്നാൽ ഒരു പുരോഹിതൻ പതിനാറുകാരിയെ ഗർഭിണിയാക്കി കുട്ടിയുടെ അപ്പനായാലും ഒരു മെത്രാൻ കന്ന്യാസ്‌ത്രിയെ ലൈംഗികമായി പീഡിപ്പിച്ചാലും അവർക്ക് പുരോഹിതരായി സഭയിൽ തുടരാം.

ഇത്രയും ആമുഖമായി എഴുതാൻ കാരണം സീറോ മലബാർ സഭയുടെ ആധുനിക ദുരന്തമായ നോബിൾ തോമസ് പാറക്കൽ എന്ന മാന്തവാടി രൂപതയിലെ പിആർഒയെപ്പറ്റി പറയാനാണ്. ഫ്രാൻസിസ് പാപ്പ ആവശ്യപ്പെടുന്നതുപോലെ സെമിനാരി റെക്ടറോ പട്ടം കൊടുത്ത മെത്രാനോ നോബിളിനെ മനഃശാസ്ത്രപരമായ വിലയിരുത്തലിന് വിധേയമാക്കിയിട്ടില്ലെന്ന് തോന്നും, ഇയാളുടെ പ്രവർത്തികൾ കണ്ടാൽ.

പ്രശസ്ത മാധ്യമ പ്രവർത്തകനായ ശ്രീ റോയ് മാത്യു പണിയില്ലാത്തവനാണെന്നും ഏഷ്യ നെറ്റ് ന്യൂസിലെ സിന്ധു സൂര്യകുമാർ മണ്ടത്തരം പറയുന്നവളാണെന്നും ഹൈ കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനായ അഡ്വ ജയശങ്കർ വിദ്യാഭ്യാസപരമായി അയോഗ്യനാണെന്നും മറ്റും വിളമ്പുന്ന ഈ പാതിരി നാണംകെട്ട അലവലാതിയായി അധഃപ്പധിച്ചിരിക്കുകയാണ്. എല്ലാ മതാചാരങ്ങളും വേണ്ടെന്നുവെയ്ക്കാനും നിയന്ത്രിക്കാനും മനുഷർക്ക് കഴിഞ്ഞു. അതുകൊണ്ട് ഇവിടെ എന്തെങ്കിലും സംഭവിച്ചോ? ഒരു ചുക്കും സംഭവിച്ചില്ല എന്ന് 'സിന്ധു ചേച്ചി' പറഞ്ഞെന്നും ആ യുക്തികൊണ്ടുതന്നെ സ്കൂളുകളും കോളേജുകളും അടച്ചാൽ ഒരു ചുക്കും സംഭവിക്കില്ലായെന്നു പറയാൻ കഴിയുമോ എന്നുമാണ് പിആർറോയുടെ വാദം. ഹാലോ പാറകൽ, സ്കൂൾ-കോളേജ് വിദ്യാഭ്യാസങ്ങൾ മതാചാരങ്ങൾ പോലെയല്ലെന്ന് സാമാന്യബുദ്ധിയുള്ളവർക്കെല്ലാം അറിയാം. മതാചാരങ്ങളും മനുഷ്യൻറെ മറ്റു പ്രവർത്തികളുമായി തുലനം ചെയ്യുന്നതിലെ വിഡ്ഡിത്തം ഈയാളെ ആര് പറഞ്ഞു മനസ്സിലാക്കും? ഇയാളുടെ യുക്തി കടലും കടലാടിയും തമ്മിലുള്ള ബന്ധംപോലെയെ ഉള്ളൂ. 'കുർബാന തൊഴിലാളി' ആയതിനാൽ പാറക്കന് ആ തൊഴിലുചെയ്യാനേ വിവരമുള്ളൂ എന്നു തോന്നുന്നു. യഥാർത്ഥത്തിൽ ഇയാൾ സഭയ്ക്കുതന്നെ നാണക്കേടാണ്, ഒരു ദുരന്തമാണ്, ഒരു ഭാരമാണ്.

ആല്പബുദ്ധിയെ മുതലെടുത്തുകൊണ്ട് യുക്തിവാദവും നിരീശ്വരവാദവും പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയായിൽക്കൂടി സഭാവിരുദ്ധർ അഴിങ്ങാടുകയാണ് എന്നാണ് ഇയാളുടെ പുതിയ കണ്ടുപിടുത്തം.

ലൂസി കളപ്പുര സിസ്റ്ററെ 'മുൻ കന്ന്യാസ്ത്രി', 'കുമാരി' എന്നെല്ലാം അഭിസംബോധനചെയ്ത് ആക്ഷേപിച്ചു. അവർ എഴുതി പ്രസിദ്ധീകരിച്ച പുസ്തകം 'അശ്ലീല സാധനം' ആണെന്നും ആ പുസ്തകം ഹൈ കോടതി കണ്ടുകെട്ടിയെന്ന കള്ളപ്രചാരണവും നടത്തി നുണപ്രവാചകനുമായി. സ്ത്രീത്വത്തെ അപമാനിക്കുന്ന വിഷയത്തിൽ ഡോക്ടറേറ്റിന് ഇയാൾ അർഹനാണ്. ചണ്ഡൻ, മുണ്ടൻ എന്നീ അസുരന്മാരെ നിഗ്രഹിക്കാൻ അവതരിച്ച ചാമുണ്ഡിയുടെ രൗദ്രഭാവം ഈ താടിക്കാരനിൽ പ്രകടമാണ്. ഈ വൈദികൻറെ എഴുത്തിലും സംസാരത്തിലും മൊത്തം പരിഹാസം, ഗർവ്, ശത്രുഭാവമെല്ലാമാണ്. കായേൻറെ ചോരമണം.

പരീക്ഷയ്ക്ക് മാർക്ക് കൂട്ടിക്കിട്ടാൻ പ്രാർത്ഥിച്ചും പെൻസിൽ വെഞ്ചരിച്ചുകൊടുത്തും  അത്ഭുതപ്രവർത്തനം നടത്തുന്ന സേവ്യർ ഖാൻ വട്ടായി, 'പ്രണയിക്കുന്നവർ വ്യഭിചാരികൾ', ‘ഓട്ടിസം ബാധിച്ച കുട്ടികളുടെ മാതാപിതാക്കൾ പാപികൾ' ന്ന് ഉത്ഘോഷിച്ച ഡൊമിനിക് വളംനാൽ, ലൈംഗിക കേസിൽ പ്രതിയായി ജയിലിൽ കിടന്ന ഫ്രാങ്കോയ്ക്ക് രക്തസാക്ഷിപ്പട്ടം കൊടുത്ത മാത്യു നായ്ക്കംപമ്പിൽ, സഭയിലെ നാറ്റക്കേസുകൾ പുതപ്പിട്ടുമൂടുന്ന ഡാനിയേൽ പൂവനത്തിൽ, 'കൃപാസനം' പത്രക്കാരൻ ജോസഫ് വല്യവീട്ടിൽ തുടങ്ങിയ ആത്മീയ കച്ചവടക്കാരെപ്പറ്റി ഈ പാറക്കന്  ഒന്നും പറയാനില്ല. ഫ്രാങ്കോ, റോബിൻ, എഡ്വിൻ, സോണി, കൊക്കൻ തുടങ്ങിയ പ്രശസ്ത വ്യക്തികളെപ്പറ്റിയും ഈ ന്യൂ ജെൻ പുരോഹിതൻ മൗനിയാണ്.

ജിമുക്കി കമ്മൽ ലുങ്കി ഡാൻസ് കളിക്കുന്ന കന്ന്യാസ്ത്രികളെ വിമർശിക്കാൻ സമയം കിട്ടാത്ത അച്ചൻ ലൂസി കളപ്പുര സിസ്റ്റർ ചൂരിദാറിട്ടതിനെപ്പറ്റി ഘോരഘോരം പ്രസംഗിക്കും. അയാൾക്ക് ഏതുവേഷത്തിലും പ്രത്യക്ഷപ്പെടാം. പുരോഹിതൻറെ വേഷംകെട്ടിയ ഒരു നടൻ. ഞങ്ങളെ ഉപദേശിക്കുന്നത് കണ്ണിലെ തടി എടുക്കാനല്ലേ? സ്വന്തം കണ്ണിലേയ്ക്കും ഇടയ്‌ക്കൊന്ന് നോക്കണം, തല്ലുകൊള്ളി. 

കോമാളി വേഷം കെട്ടുന്ന ഈ പാതിരിക്ക് ലവ് ജിഹാദിനെപ്പറ്റി നല്ലപോലെ സംസാരിക്കാനറിയാം. തിന്മയ്ക്ക് വളക്കൂറുള്ള മണ്ണായി സഭയെ വളർത്താൻ ഇദ്ദേഹം കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്. ഈ മനുഷ്യൻറെ പിആർഒ ഓഫീസ് ഒരു വന്യജീവി സങ്കേതം പോലെയായിരിക്കും. കപടനാട്യക്കാരായ നിയമജ്‌ഞരേ, ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം!

ആഭാസ പ്രകടനങ്ങളിൽകൂടി  അയാൾക്ക് നൈമിഷിക ഉല്മാദങ്ങൾ ഉണ്ടായേക്കാം. എന്നാൽ അയാൾ സഭയ്ക്ക് അപശകുനമാണ്. സഭാതലത്തിൽ ഈ പുരോഹിതനെ കൃത്യമായി നിരീക്ഷിക്കുകയും നിയന്ത്രിക്കുകയും  ചെയ്യേണ്ടതാണ്. ഈ വൈദികൻറെ വിഷയത്തിൽ സഭാംഗങ്ങൾ നിസ്സംഗതരോ സഹിഷ്ണത ഉള്ളവരോ ആയിരിക്കാൻ പാടില്ല. ജാഗ്രതയോടെ ഇദ്ദേഹത്തെ തിരുത്തിയെ പറ്റൂ.

വിലക്കപ്പെട്ട കനിയുടെ മോഹ വലയത്തിൽപ്പെട്ട അടുത്ത നാറ്റക്കേസ് എവിടെനിന്ന് വരുമെന്ന ഭയത്തോടെ സഭാംഗങ്ങൾ കഴിയുമ്പോളാണ് മാധ്യമങ്ങൾ പുതിയ വാർത്തയുമായി രംഗത്തെത്തുന്നത്. സഭാപൗരർ ലജ്ജകൊണ്ട് തല താഴ്ത്തുമ്പോൾ നോബിളിന് മാധ്യമങ്ങളിൽമേൽ കുരുപൊട്ടലാണ്. ക്രൈസ്തവ സഭയേയും പൗരോഹിത്യത്തേയും അപമാനത്തിൻറെ പടുകുഴിയിലേക്ക് തള്ളിവിടുന്ന പൗരോഹിത്യ ലൈംഗിക പീഡനകഥകൾ മാധ്യമങ്ങൾ പുതപ്പിട്ട് മൂടണംപോലും! ആരോപണ വിധേയരായ മെത്രാന്മാരും വൈദികരും അവരുടെ നിരപരാദിത്വം ജനത്തിന് ബോധ്യപ്പെടുംവരെ അവരെ ചുമതലകളിൽനിന്ന് മാറ്റി നിർത്താത്തതിൽ കുമാരന് പ്രശ്നമില്ല. 

അധികാരം, മോഹം. ആഡംബരഭ്രമം, സമ്പത്തിനോടുള്ള ആർത്തി, വിലക്കപ്പെട്ട കനി വേണ്ടുവോളും ശാപ്പിടുക, വിനയവും വിവേകവുമില്ലാതെ പെരുമാറുക, ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയും ഇല്ലാതെ ജീവിക്കുക എല്ലാം ചെയ്യുന്ന വൈദികർ സഭയുടെ വൃത്തികെട്ട പുഴുക്കുത്തുകളാണ്. അവരെ പൊറത്താക്കിയേ പറ്റു. അനുദിനം വൈദികരുടെ ഇടയിൽ മൂല്യച്യുതി സംഭവിക്കിന്ന ഈ കാലഘട്ടത്തിലും ആഭിജാത്യം, ബഹുമാന്യത, കാരുണ്യം, മര്യാദ, ജീവിത വിശുദ്ധി എല്ലാമുള്ള തങ്കപ്പെട്ട വൈദികരും സഭയിൽ ധാരാളമുണ്ടെന്നുള്ളത് ആശ്വാസകരമാണ്. ഫാ ഡൊമിനിക് പത്യാലയെപ്പോലെയും ഫാ ഡേവിസ് ചിറമേലിനെപ്പോലെയും ഉള്ള വൈദികർ സഭയ്ക്ക് മുതൽക്കൂട്ടും ദൈവജനത്തിന് അഭിമാനവുമാണ്.

മാനന്തവാടി മെത്രാൻ ജോസ് പൊരുന്നേടത്തിനോട്, താങ്കളുടെ പിആർഒ നോബിൾ പാറക്കൽ എന്ന പുരോഹിതനെ അമ്പലപ്പറമ്പിലെ കാളയെപോലെ മൂക്കുകയറില്ലാതെ സർവസ്വാതന്ത്ര്യത്തോടെ അഴിച്ചുവിടെരുതെന്ന് അഭ്യർത്ഥിക്കുന്നു.

No comments:

Post a Comment